അവിവാഹിതയായ അനിയത്തി ഗർഭിണിയാണെന്ന് കേൾക്കുമ്പോൾ ഒരു ചേട്ടൻ എങ്ങനെയാണു പ്രതികരിക്കേണ്ടത്?

മുഖംമൂടികൾ
(രചന: സൃഷ്ടി)

” മോനെ ഹർഷാ.. നീ.. നീയെന്താ ഒന്നും പറയാത്തത്?? “അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഹർഷൻ മുഖമുയർത്തി. അവന്റെ രണ്ടു കണ്ണുകളും കലങ്ങി ചുവന്നിരുന്നു.

” മോനെ.. ഹീരയുടെ ഭാവി ഇനി നിന്റെ തീരുമാനം പോലെയാണ്. ശരിയാണ്.. അവൾ കാണിച്ചത് തെറ്റാണ്.. എന്നുവെച്ചു അവളെ നമുക്കു കൈവിടാൻ പറ്റുമോടാ? നമ്മുടെ കുഞ്ഞല്ലേ? ഈ കല്യാണം നടന്നില്ലെങ്കിൽ ജീവിതം അവസാനിപ്പിച്ചു കളയുമെന്നാണ് അവൾ പറയുന്നത് മോനെ ”

ഹർഷൻ ഒന്നും മിണ്ടിയില്ല.. അല്ലെങ്കിലും എന്ത് പറയാനാണ്? അവിവാഹിതയായ അനിയത്തി ഗർഭിണിയാണെന്ന് കേൾക്കുമ്പോൾ ഒരു ചേട്ടൻ എങ്ങനെയാണു പ്രതികരിക്കേണ്ടത്? അവനത് അറിയുമായിരുന്നില്ല. അവൾക്ക് ഒരു പ്രണയമുണ്ടെന്നു പോലും അറിഞ്ഞിരുന്നില്ല..

താൻ പ്ലസ് ടു കഴിഞ്ഞു നിൽക്കുമ്പോളാണ് അച്ഛന്റെ മരണം. അച്ഛന്റെ മരണശേഷം അവൾക്ക് താൻ അച്ഛനും കൂടി ആയിരുന്നു. കുട്ടികൾക്ക് ട്യൂഷൻ എടുത്തും കിട്ടിയ പണികൾക്കൊക്കെ പോയിട്ടുമാണ് വീട് നോക്കിയത്. എന്നിട്ടും അവൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല. അത്രയും വാത്സല്യവും സ്നേഹവും കൊടുത്തിട്ടും.. ഹർഷൻ കണ്ണുകൾ തുടച്ചു..

ആളൊരു രാഹുൽ ആണ്. അവളുടെ സീനിയർ ആയി പഠിച്ച ഒരുവനാണത്രെ.. ആദ്യം കേട്ടപ്പോൾ ഒരു തരിപ്പ് തോന്നിയെങ്കിലും അമ്മാവനെയും കൂട്ടി അവനെ ചെന്നു കണ്ടു. അച്ഛന്റെ മരണശേഷം ബന്ധുക്കൾ ഒക്കെയും കയ്യൊഴിഞ്ഞപ്പോൾ ആകെ തണലായി നിന്നത് അമ്മാവനാണ്.

അവന്റെ വീട്ടിൽ തന്നെയാണ് ചെന്നത്. രാഹുലിന്റെ മാതാപിതാക്കളെ കണ്ടു. അവളെ ഉടനെ വിവാഹം ചെയ്യാൻ അവർക്കൊക്കെ സമ്മതമാണെന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു തണുപ്പ് തോന്നി. പക്ഷേ അടുത്ത നിമിഷം അവരുടെ കണ്ടിഷൻ കേട്ടപ്പോൾ ആ തണുപ്പ് മരവിപ്പായി മാറി..

അവൻ, രാഹുൽ, ഹീരയെ വിവാഹം ചെയ്യണമെങ്കിൽ അവന്റെ മൂത്ത സഹോദരി രേഷ്മ തന്റെ വധുവാകണം എന്ന്.. എന്തോ ജാതകദോഷം കൊണ്ട് വിവാഹം വൈകിയ ആ കുട്ടിയുടെ വിവാഹം കഴിയാതെ രാഹുലിന്റെ വിവാഹത്തെ പറ്റി ആലോചിക്കാൻ സാധിക്കില്ല എന്ന് അവന്റെ അച്ഛൻ തീർത്തും പറഞ്ഞു..

വിവാഹപ്രായമെത്തിയ മകൾ അവിവാഹിതയായി തുടരുമ്പോൾ അവളെക്കാൾ ഇളയ മകനെ വിവാഹം കഴിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രയാസം മനസ്സിലാക്കാൻ എളുപ്പമായിരുന്നു.

” ഹർഷേട്ടാ… ഹീരയെ എനിക്കിഷ്ടമാണ്. പക്ഷേ ചേച്ചിയുടെ വിവാഹം കഴിയാതെ അച്ഛൻ സമ്മതിക്കില്ല . ചേട്ടൻ ഇതിനു സമ്മതിക്കണം.. ഞങ്ങൾ. ഞങ്ങൾ അത്ര ഇഷ്ടപ്പെട്ടു.. ഞങ്ങളുടെ കുഞ്ഞിനെ ഓർത്തെങ്കിലും.. ”

രാഹുൽ അങ്ങനെ പറഞ്ഞപ്പോൾ മറുപടി പോലും പറയാൻ സാധിക്കാതെ ഇറങ്ങി പോന്നു. ഒപ്പമുണ്ടായിരുന്ന അമ്മാവന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും സാധിച്ചില്ല. കാരണം ആ മനസ്സും വേവുന്നുണ്ടാകും എന്ന് ഉറപ്പായിരുന്നു. അമ്മാവന്റെ വീട്ടിലുമുണ്ടല്ലോ ഒരുവൾ. തന്റെ പ്രാണനായവൾ. ഒരു പാവം മിണ്ടാപ്രാണി.. മീനാക്ഷി

കുട്ടിക്കാലം തൊട്ടേ മനസ്സ് നിറയെ അവളാണ് ഓർമ വെച്ച കാലം തൊട്ട് ഹർഷന്റെ മീനാക്ഷി.. മീനാക്ഷിയുടെ ഹർഷൻ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ജന്മനാ മൂകയായ അവളുടെ ശബ്ദം തന്നെ താനാണ്.

അവളുടെ ഓരോ ചലനങ്ങളും കണ്ണുകളുടെ ചലനം പോലും തനിക്ക് പരിചിതമാണ്. ഹീരയെ മാന്യമായി വിവാഹം കഴിപ്പിച്ച ശേഷം അവളുടെ കൈ പിടിക്കാനാണ് അവളും താനും കാത്തിരിക്കുന്നത്. അപ്പോളാണ് ഈ സംഭവങ്ങള്.. ഇതൊക്കെ അറിഞ്ഞാൽ ഒന്നും മിണ്ടാതെ മൂകമായി കരയാനേ അവൾക്ക് പറ്റുള്ളൂ

” ഹർഷാ.. നീ ഒന്നുകൂടി ആലോചിക്ക്. കോളേജിൽ മാഷായ നിനക്ക് ചേരുന്ന നല്ലൊരു ബന്ധം തന്നെയാണ് രേഷ്മയുടെ. ആ പ്രായം കുറച്ചു കൂടുതലാണ്. പക്ഷേ ഡോക്ടർ അല്ലേ? പോരാത്തതിന് നല്ല സ്ത്രീധനവും കിട്ടും.. ആ മിണ്ടാൻ വയ്യാത്ത മീനാക്ഷിയെ കെട്ടണോ അതോ ഈ ബന്ധം വേണോ എന്ന് ഒന്നിരുത്തി ആലോചിക്ക്.. എല്ലാം ഒരു നിമിത്തമാവും..

ഹർഷൻ അമ്മയെ തുറിച്ചു നോക്കി. ആ അമ്മയയേ അവന് ഒട്ടും പരിചയം ഇല്ലായിരുന്നു. മറ്റെന്തോ പറയാൻ തുടങ്ങിയ ഹർഷന്റെ അമ്മ പെട്ടെന്ന് വാതിൽക്കൽ തന്റെ ചേട്ടനെ കണ്ട് വിളറിപ്പോയി.

” നന്നായി ഭാനൂ.. ഇതുപറയാൻ തന്നെയാ ഞാൻ വന്നത്.. മിണ്ടാപ്രാണിയായ എന്റെ മീനൂട്ടിയേക്കാളും ഹർഷന്‌ ചേരുക ആ ഡോക്ടർ കുട്ടി തന്നെയാവും. അങ്ങനെയാവട്ടെ കാര്യങ്ങൾ ”

ആ മനുഷ്യൻ നുറുങ്ങിയ മനസ്സോടെ പോകാനിറങ്ങിയതും ഹർഷൻ അദ്ദേഹത്തെ തടഞ്ഞു.

” ഒന്ന് നിൽക്ക് അമ്മാവാ.. അമ്മേ.. ഹീരയെ ഇങ്ങോട്ട് വിളിക്കൂ. ചില കാര്യങ്ങളിൽ ഇപ്പൊ തന്നെ തീരുമാനങ്ങൾ ഉണ്ടാക്കാൻ

ആരും ആരോടും ഒന്നും സംസാരിച്ചില്ല. ഹീര വന്നു.. അവൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചതിന്റെ വലിയ കൂസലൊന്നും ഇല്ല എന്നുള്ളത് അവനെ അത്ഭുതപ്പെടുത്തി.

” ഹീരെ, നിന്റെ കാമുകൻ പറഞ്ഞതൊക്കെ നീയും അറിഞ്ഞു കാണുമല്ലോ.. എന്താണ് നിനക്ക് പറയാനുള്ളത്? ”

ഹർഷൻ നേരിട്ട് ചോദിച്ചപ്പോൾ അവളൊന്നു പതറി.” അത്.. ഹർഷേട്ടനല്ലേ ഒരു തീരുമാനം പറയേണ്ടത്? രാഹുലിന്റെ അച്ഛൻ വലിയ കർക്കശക്കാരനാണ്. രാഹുൽ പറഞ്ഞ കാര്യം സമ്മതിച്ചിരുന്നെങ്കിൽ.. മാറ്റക്കല്യാണത്തിന് ഏട്ടൻ സമ്മതിക്കുമെന്നാണ് എന്റെ പ്രതീക്ഷ അല്ലാതെ… ”

എന്തോ.. അമ്മാവൻ ഇരിക്കുമ്പോൾ ആ വാചകം പൂർത്തിയാക്കാൻ അവൾക്ക് സാധിച്ചില്ല

” ഹ്മ്മ്.. ഹീരെ.. നിനക്ക് രണ്ട് ഓപ്ഷൻസ് ഞാൻ തരാം.. ഒന്ന് നിനക്ക് നിന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിക്കാം.. ആ കുഞ്ഞിനെ വളർത്താൻ വേണ്ടി എല്ലാ സഹായത്തിനും ഞാനുണ്ടാകും. അത് എന്റെ വാക്കാണ്.

അതല്ല എങ്കിൽ ഉടനെ ഇത് അബോർഷൻ ചെയ്തു കളഞ്ഞു നീ നിന്റെ പഠനം തുടരുക.. സ്വന്തം കാലിൽ നിന്ന് ഇനിയൊരു പങ്കാളി വേണമെന്ന് തോന്നുമ്പോൾ അതേപ്പറ്റി ആലോചിക്കാം. അതിനും ഞാൻ കൂടെ ഉണ്ടാകും.. ”

ഹർഷൻ പറഞ്ഞതു കേട്ട് ബാക്കി മൂന്ന് പേരും തറഞ്ഞു നിന്നു..” കുഞ്ഞിനെ കളയാനാണോടാ പറയുന്നത്?? “അമ്മ ചീറിയപ്പോൾ ഹർഷൻപുച്ഛത്തോടെ ചിരിച്ചു.

” കുഞ്ഞോ? അമ്മേ.. അച്ഛനും അമ്മയും ആഗ്രഹത്തോടെ കാത്തിരുന്നു ജനിക്കുന്നതാണ് കുഞ്ഞ്. അല്ലാതെ പലർക്കും പല കാര്യങ്ങളും സാധിക്കാൻ വേണ്ടിയുള്ള ഉപധിയല്ല കുഞ്ഞ്.. ഇതിനു അബദ്ധം എന്നാണ് പറയുക. അത് തിരുത്താനാണു ഞാൻ പറയുന്നത്. ”

” അപ്പൊ ഏട്ടന് എന്റെ ജീവിതത്തേക്കാൾ വലുത് ഏട്ടന്റെ പ്രേമവും മീനാക്ഷിയും ആണല്ലേ.. ഏട്ടൻ ഇത്ര സ്വാർത്ഥനായി മാറുമെന്ന് ഞാൻ കരുതിയില്ല “ഹീര കരഞ്ഞു കൊണ്ട് പറഞ്ഞു..

” മോളേ ഹീരെ.. എനിക്ക് വേണമെങ്കിൽ നിന്റെ രാഹുലിന്റെ പെങ്ങളെ കെട്ടി നിന്റെ കല്യാണവും നടത്തി സുഖമായിരിക്കാം. അതിനെ ചോദ്യം ചെയ്യാൻ എന്റെ മീനാക്ഷിയോ ഈ അമ്മാവനോ ഒന്നും വരാൻ പോണില്ല.

പക്ഷേ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന ചതി ആണെടീ.. അവസരങ്ങൾ പലതും ഉണ്ടായിട്ടും മീനാക്ഷിയും ഞാനും ഇന്നേ വരെ മാംസം കൊണ്ട് പ്രേമിച്ചിട്ടില്ല.

നീയും രാഹുലും കൂടി ഉണ്ടായിരുന്നത് അത്ര ആത്മാർത്ഥ പ്രണയം ആയിരുന്നേൽ സ്വാന്തം കാലിൽ നിൽക്കാൻ ആകുന്ന വരേ, നിന്നെ കൂടെ കൂട്ടാൻ പറ്റുന്ന സമയം വരേ നിങ്ങള് കാത്തിരുന്നേനെ.. അപ്പോ ഞാനത് അംഗീകരിച്ചേനെ.. പക്ഷേ, ഇപ്പൊ നിങ്ങള് പറയുന്ന പോലെ ഞാൻ ചെയ്താലേ അത് കാമത്തിന് മുന്നിൽ പ്രണയം തോറ്റ പോലെയാവും ”

ഹർഷൻ നിന്ന് കിതച്ചു.. ഹീരയ്ക്കോ അമ്മയ്‌ക്കൊ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.

” ഹീരെ.. നിനക്ക് നാളെ രാവിലെ വരേ സമയമുണ്ട്. വേണമെങ്കിൽ അവസാനമായി ഒരിക്കൽക്കൂടി രാഹുലിനെ വിളിച്ചു സംസാരിച്ചോ.. എന്നിട്ട് നാളെ വിവരം പറയണം.. ”

അവൻ അവസാന വാക്ക് എന്നത് പോലെ പറഞ്ഞതും ഹീര ദേഷ്യത്തോടെ തിരിഞ്ഞു നടന്നു..

” പിന്നെ ആത്മഹത്യ ഭീഷണി ഇനി വേണ്ട.. അങ്ങനെ രേഷ്മയെ കല്യാണം കഴിക്കേണ്ടി വന്നാൽ ഞാൻ എന്റെ ജീവൻ അങ്ങോട്ട് കളയും.. മീനാക്ഷിയെ ചതിച്ചു കൊണ്ട് എനിക്ക് ജീവിക്കണ്ട ”

ആ വാക്കുകൾ കേട്ടതും അമ്മാവന്റെ കണ്ണുകൾ നിറഞ്ഞു..ഹീര ദേഷ്യത്തോടെ അകത്തേയ്ക്ക് പോയപ്പോൾ അമ്മയും അവളെ അനുഗമിച്ചു..

” ഇനിയെന്ത് ചെയ്യും മോളേ.. അവനിങ്ങനെ പറയുമെന്ന് കരുതിയില്ലല്ലോ.. “അകത്തെത്തിയ ഭാനു മകളോട് പറഞ്ഞു.

” ശരിയാ.. ഏട്ടൻ ഇങ്ങനെ പറയുമെന്ന് ഓർത്തില്ല.. എന്ത് ചെയ്യാനാ.. അമ്മയ്ക്ക് നല്ല സ്ത്രീധനം വാങ്ങി ഡോക്ടർ മരുമോളെ കൈ പിടിച്ചു കയറ്റാൻ യോഗമില്ല.. അതുതന്നെ.. ഞാൻ രാഹുലിനെ വിളിച്ചു പറയട്ടെ. പ്ലാനൊക്കെ പൊളിഞ്ഞു എന്ന് ”

ഹീര ഫോണുമായി പോയപ്പോൾ ഭാനു നിരാശയോടെ നിന്നു..അമ്മാവനേ ആശ്വസിപ്പിച്ചു യാത്രയക്കുമ്പോൾ ഹർഷന് സ്വയം പുച്ഛം തോന്നി. ഇത്രനാളും കൂടെയുണ്ടായിരുന്ന അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വൈകിയതിൽ. അമ്മയുടെ സഹായമില്ലാതെ ഈ ഒരു പ്രണയം ഇങ്ങനെ വളരില്ല എന്നുറപ്പായിരുന്നു.

പക്ഷേ അതിനുള്ളിൽ ഇങ്ങനെയൊക്കെ അജണ്ട ഉണ്ടായിരുന്നു എന്നുള്ളത് തലേന്ന് രാത്രിയാണ് മനസ്സിലായത്. ഉറക്കമില്ലാതിരുന്ന തലേന്ന് രാത്രിയിൽ വെള്ളമെടുക്കാൻ ചെന്നപ്പോളാണ് ഹീരയുടെ മുറിയിൽ നിന്ന് അടക്കിപ്പിടിച്ച ചർച്ച കേട്ടത്.

കിട്ടിയ അവസരം മുതലാക്കി കുറെ സമ്പാദിക്കാനുള്ള അവരുടെ വ്യഗ്രത കണ്ടപ്പോൾ ഇത്രനാൾ കഷ്ടപ്പെട്ട് ഒരു കുറവും വരുത്താതെ അവരേ നോക്കിയത് എന്തിനെന്നു തോന്നിപ്പോയി.. എങ്കിലും ഒന്നും ഭാവിച്ചില്ല. അവരേ പോലെ താനും അഭിനയിച്ചു തകർത്തു. ഹർഷൻ ആത്മനിന്ദയോടെ വീട്ടിലേയ്ക്ക് കയറി.

അന്ന് രാത്രിയിൽ തന്നെ ചേച്ചിയ്ക്ക് മറ്റൊരു വിവാഹം ശരിയായെന്നും ഉടനെ രണ്ടു വിവാഹങ്ങളും നടത്താമെന്നും രാഹുൽ വിളിച്ചു പറഞ്ഞപ്പോൾ ചിരി വന്നുപോയി ഹർഷന്.. എല്ലാംകലങ്ങി തെളിഞ്ഞെന്നുള്ള അമ്മയുടെയും അനിയത്തിയുടെയും പ്രകടനങ്ങൾ ഹർഷൻ നന്നായി ആസ്വദിച്ചു കണ്ടു..

ദിവസങ്ങൾക്കു ശേഷം ഹീരയുടെ കഴുത്തിൽ രാഹുലും, അതേ ദിവസം തന്നെ രേഷ്മയുടെ കഴുത്തിൽ അവളുടെ സഹ പ്രവർത്തകനായ ഗിരീഷും താലി ചാർത്തി. അമ്മയുടെ മുഖത്ത് ഇടയ്ക്കിടെ തെളിയുന്ന നിരാശ കണ്ടപ്പോൾ ഹർഷന് അവരോട് അവജ്ഞ തോന്നി..

മനുഷ്യർ അണിഞ്ഞ മുഖംമൂടികൾ..
ഹരഷൻ മെല്ലേ ചിരിച്ചു.. പിന്നെ പ്രിയപ്പെട്ട ഒരുവളെ കണ്ണുകളാൽ തിരഞ്ഞു.. കൂടെ നിർത്താൻ..

Leave a Reply

Your email address will not be published. Required fields are marked *