സുമിത്രയുടെ സന്തോഷങ്ങൾ
രചന: Jayaraj Vasu
കോളിംഗ് ബെൽ മുഴങ്ങുന്നതു കേട്ട് സുമിത്ര അടുക്കളക്കയിൽ നിന്നും പുറത്തു ചാടി, ചില്ലിട്ട ഓട്ടയിലൂടെ നോക്കി. ‘തോമസ്സാണ്’ വാതിൽ തുറന്നു. പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന അയാൾക്കൊപ്പം ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.
ഇതാരാ പുതിയ കക്ഷി അവരെ അകത്തേക്കു ക്ഷണിച്ചു കൊണ്ടവൾ ചോദിച്ചു. സുമിത്രയുടെ കണ്ണുകൾ അവളിലായിരുന്നു, ഉദ്ദേശം ഇരുപതു വയസ്സു പ്രായം തോന്നിക്കുന്ന അവൾക്ക് ചുരുണ്ട മുടികളും തിളങ്ങുന്ന കണ്ണുകളുമായിരുന്നു.
വിജയൻ വിളിച്ചില്ലേ..? അവനെ വിളിച്ച് ഞാൻ വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു.
അയ്യോ..! ചിലപ്പൊ വിളിച്ചിട്ടുണ്ടാകും, ഞാൻ കുറച്ചു ജോലിയിലായിരുന്നു.ഇവൾ വൈഫിന്റെ ബന്ധുവാണ് നാട്ടിൽ നിന്നും വിസിറ്റിംഗ് വിസയിൽ വന്നതാണ് കുവൈറ്റ് മിനിസ്ട്രി നഴ്സിംഗ് ടെസ്റ്റ് എഴുതുവാൻ വേണ്ടി.
വിഷയമതല്ല ഞാൻ ഇന്നുച്ച കഴിഞ്ഞ് നാട്ടിലേക്കു തിരിക്കും അപ്പന്റെ സഹോദരൻ പെട്ടന്നാണ് മരണപ്പെട്ടത്, അടുത്താഴ്ച എക്സാം ആയതിനാൽ ഇവളെ കൂടെ കൂട്ടാനും പറ്റില്ല. എനിക്കു വിശ്വസിച്ചു കുറച്ചു ദിവസം ഇവളെ നിർത്താൻ ഇവിടം മാത്രമല്ലേയുള്ളൂ..!
അതിനെന്താ സുമിത്ര സസന്തോഷം സ്വാഗതം ചെയ്തു. ധൈര്യമായി പൊയ്ക്കൊളൂ, സ്വന്തം വീടു പോലെ ഇവൾക്കിവിടെ നിൽക്കാം, എനിക്കൊരു കൂട്ടുമാകും.
യാത്രക്കുള്ള ഒരുക്കങ്ങളുമായി യാത്രപറഞ്ഞയാൾ പെട്ടന്നു തിരികെ പോയി.
വീടാകെ വീക്ഷിക്കുകയായിരുന്നു അവൾ, ‘Nice home ഇടയ്ക്കവൾ പറയുന്നതു കേട്ടു. വരൂ.. സുമിത്ര അവൾക്ക് മുറി കാട്ടി കൊടുത്തു.
ഇതാരുടെ മുറിയാ ആന്റീ..?
മക്കളുടെയാ രണ്ടു പേരും നാട്ടിൽ
എൻജിനീയറിംഗിനു പഠിക്കുന്നു. വെക്കേഷനു ഇവിടെ വരാറുണ്ട്. മോളു നഴ്സാണല്ലേ..?
അതേയെന്നവൾ തലയാട്ടി
അവർ കുറച്ചുനേരം സംസാരിച്ചു.
നല്ല കേൾവിക്കാരിയായ അവളെ സുമിത്രയ്ക്ക് ബോധിച്ചു. അവൾ വലിയൊരു കൂട്ടുകുടുംബത്തിലെ അംഗമാണത്രെ.. മോളു വിശ്രമിച്ചോളൂ വിജയേട്ടൻ വരുമ്പൊ ഞാൻ വിളിക്കാം. സുമിത്ര ഒഴിഞ്ഞു കൊടുത്തു.
ശരിയാണ് മൊബൈലിൽ രണ്ടു മിസ്കാളുണ്ടായിരുന്നു. സുമിത്ര വിജയനെ വിളിച്ച് വിശദീകരിച്ചു. ശരി തിരക്കിലാണ് വൈകിട്ടു കാണാമെന്നു പറഞ്ഞയാൾ തിരക്കിലലിഞ്ഞു.
പ്രഫഷനിൽ നൂറു ശതമാനം അർപ്പിക്കുന്നയാളാണ് വിജയൻ. ഇന്നയാൾ കുവൈറ്റ് സിറ്റി ബാങ്കിലെ സീനിയർ മാനേജരാണ്, സുമിത്ര അഭിമാനം കൊണ്ടു. എത്ര തിരക്കിലും തോമസിന്റെ ഒരു കാര്യത്തിലും അയാൾ അലംഭാവം കാണിക്കാറില്ല.
തങ്ങളുടെ പ്രവാസ ജീവിതത്തിലെ വെറുമൊരു കുടുംബ സുഹൃത്തു മാത്രമല്ല തോമസ്സ്, വിജയേട്ടനുമായി തന്നെക്കാളും പഴയ ബന്ധമാണ് ഒരുമിച്ചു വളർന്നവർ.
പതിനെട്ടാം വയസ്സിൽ പ്രവസിയായ തോമസ് സ്വന്തമായി ഒരു സ്റ്റേഷനറിക്കട നടത്തുന്നു. ആ നല്ല മനുഷ്യൻ മുഖാന്തിരമാണ് വിജയേട്ടൻ ഇവിടെ എത്തിപ്പെട്ടതു തന്നെ, സുമിത്ര നന്ദിയോടെ ഓർമ്മിച്ചു.
നാലുമണിക്ക് സുമിത്ര ചായയിട്ടു. അവൾ ഉണർന്നിരിക്കുകയായിരുന്നു. മോളുറങ്ങിയില്ലേ..
ഇല്ലാന്റീ പകലുറങ്ങുന്ന പതിവില്ല.
ഇത്രയും നമ്മൾ സംസാരിച്ചിട്ടും മോളുടെ പേരു ചോദിക്കാൻ മറന്നു, തെല്ലു ജാള്യതയോടെ അവളെ നോക്കി.
‘ക്രിസ്റ്റീന’ അടുപ്പമുളളവർ റ്റീനയെന്നു വിളിക്കും. അവൾ മന്ദഹസിച്ചു.
എന്തു ഭംഗിയാണ് നിന്റെ ചിരിക്ക് വാ.. അവളുടെ കയ്യും പിടിച്ച് ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിജയേട്ടനും ഞാനും ഇവിടെയിരുന്നാണ് ചായ കുടിക്കാറ്.. ചൂടു ചായ മൊത്തിക്കുടിച്ചു കൊണ്ട് കാഴ്ചകൾ കാണുകയായിരുന്നു അവൾ.
ആന്റിക്കിവിടെ സുഹൃത്തുക്കളില്ലേ..?
ഉണ്ടല്ലോ..! വളരെ കുറച്ച് ഏറ്റവും അടുപ്പമുള്ളത് ലീനയാണ് ഇവിടുന്ന് പത്തു മിനിറ്റേയുള്ളൂ. ഇടയ്ക്കവൾ വരാറുണ്ട് ഒരുമിച്ച് ഷോപ്പിംഗിനും മറ്റും പോവാറുണ്ട്.
അഞ്ചു മണി കഴിഞ്ഞപ്പോൾ വിജയനെത്തി. അവളെ ചേർത്തു നിർത്തി തോളിൽ കയ്യിട്ടു കൊണ്ടാണ് സുമിത്ര അവളെ പരിചയപ്പെടുത്തിയത്, പരീക്ഷക്ക് നന്നായി തയ്യാറെടുക്കണമെന്നു
അവളെയും അവൾക്കു പഠിക്കുവാനുള്ള സമയം കെടുക്കണമെന്ന് സുമിത്രമേയും അയാളോർമ്മപ്പെടുത്തി. അവർ തമ്മിൽ പെട്ടന്നുണ്ടായ അടുപ്പത്തിൽ അയാൾ അത്ഭുതപെടുകയും ചെയ്തു.
പുതിയ കൂട്ട് സുമിത്ര ആഘോഷിക്കുകയായിരുന്നു. വിജയേട്ടൻ ഓഫീസിൽ പോയി കഴിഞ്ഞാലുള്ള വിരസമായ മടുപ്പുളവാക്കുന്ന അവസ്ഥയിൽ നിന്നുള്ള മോചനം വലിയ ആശ്വാസമായി തോന്നി.
അവളുടെ ശീലങ്ങളും ചിട്ടകളും സുമിത്രയെ ആകർഷിച്ചു. അത്താഴത്തിനു വിളിക്കാൻ മുറിയിലെത്തിയ സുമിത്ര ഞെട്ടി, മുറി മൊത്തത്തിൽ വൃത്തിയായിരിക്കുന്നു യേശുക്രിസ്തുവിന്റെ തേജസ്സുറ്റ ചിത്രം മേശപ്പുറത്തു സ്ഥാനം പിടിച്ചിരിക്കുന്നു.
ആഹാരം കഴിച്ച ശേഷം സ്വയം പാത്രങ്ങൾ കഴുകി വെക്കണമെന്നവൾക്ക് നിർബന്ധമായിരുന്നു. ഇരുപതുകാരിയുടെ പക്വതയല്ല അവൾക്കുള്ളത്, സുമിത്രയ്ക്ക് അവളോടുള്ള ഇഷ്ടം കൂടുകയായിരുന്നു.
വിജയേട്ടനുള്ള പ്രഭാത ഭക്ഷണം തയ്യാറാക്കാനായി അതിരാവിലെ സുമിത്ര എഴുന്നേറ്റു. ബാൽക്കണിയിൽ ചായയും കുടിച്ച് റ്റീന നിൽക്കുന്നുണ്ടായിരുന്നു.
മോളു രാവിലെ എണീറ്റോ..?
ഉവ്വാന്റീ.. കാലത്തെയുള്ള ഉണർച്ചയും പ്രാർത്ഥനയും പഠനവുമൊക്കെ ശീലമാണ്.
ഇന്നത്തെ കാലത്ത് ഇങ്ങനെയും കുട്ടികളോ സുമിത്ര അത്ഭുദപ്പെട്ടു. വിജയൻ പോയശേഷം ഒന്നുരണ്ട്
പരിചയക്കാരുടെ ഫ്ളാറ്റുകളിൽ സുമിത്ര അവളേയും കൂട്ടി പോയി. ശേഷം താഴത്തെ ചെറിയ പാർക്കിൽ നടക്കാനും. സ്വാതന്ത്ര്യത്തിന്റെ പുതു വെളിച്ചം സുമിത്രയിൽ ആനന്ദമായി പെയ്തിറങ്ങി.
പുതിയ സന്തോഷങ്ങൾക്ക് ഒരു ഫോൺ കോളിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ, ലീന വിളിച്ചപ്പോൾ സുമിത്ര കാര്യങ്ങൾ വിശദീകരിച്ചു ഒരുപദേശമാണ് അവൾ തിരികെ നൽകിയത്,
‘കാലം മോശമാണ് ഒരു പെൺകുട്ടിയെ വീട്ടിൽ നിർത്തുന്നതൊക്കെ സൂക്ഷിച്ചു വേണം. ഏതു തരക്കാരിയാണെന്നു നമുക്കറിയില്ല ഏതായാലും നോക്കിയും കണ്ടും നിന്നാൽ മതി’
ലീനയോടു ദേഷ്യമാണ് തോന്നിയത്.
പിന്നെ അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നി. ഉപകാരങ്ങൾ എപ്പോഴാണ് ബൂമറാങ്ങായി തിരികെ വരുന്നതെന്നറിയില്ല. ഒന്നുറപ്പാണ് ഒഴിവാക്കാനാവില്ല, സഹായം ചോദിച്ചിരിക്കുന്നത് തോമസാണ്.
അയാളുടെ ബന്ധുവെന്നു പറയുമ്പോൾ മോശമാവാനും വഴിയില്ല, സുമിത്ര സ്വയം സമാധാനിച്ചു. ഏതായാലും നിശ്ചിത അകലം പാലിക്കുവാൻ തീരുമാനിച്ചു. അവൾ ദീർഘമായി നിശ്വസിച്ചു.
അകലം പാലിക്കണമെന്ന ആഗ്രഹം സ്വപ്നം മാത്രമായി അവശേഷിച്ചു. സുമിത്രക്കതിനു കഴിയുമായിരുന്നില്ല. ചുറ്റുമുള്ളവരെ തന്നിലേക്കു വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് ആ പെൺകുട്ടിയിലുണ്ടായിരുന്നു. രണ്ടു മൂന്നു ദിവസം സന്തോഷകരമായി കടന്നുപോയി.
അന്നൊരു അവധി ദിവസമായിരുന്നു. ഉച്ചയുറക്കത്തിന്റെ ആലസ്യമൊഴിയാതെ സുമിത്ര ചായയിട്ടു. മൂവർക്കുമുള്ള ചായയുമായി ബാൽക്കണിയിലേക്കു നടന്നു. ഇരുവരും അവിടെ നിൽക്കുന്നതവൾ കണ്ടിരുന്നു. പൊടുന്നനെ സുമിത്ര നിന്നു.
അവൾ വിജയേട്ടന്റെ കാലിൽ തൊട്ടു വന്നിക്കുന്ന കാഴ്ച കണ്ടായിരുന്നു അത്. ഇരുവരും കർട്ടന് അപ്പുറം നിൽക്കുന്നത് അവ്യക്തമായി കാണാം അയാൾ അവളെ ചേർത്തു നിർത്തി മൂർദ്ധാവിൽ ചുംബിക്കുന്നതു കണ്ട സുമിത്ര അമ്പരന്നു കുറച്ചു സമയം നിന്നു.
സമനില വീണ്ടെടുത്ത സുമിത്ര ഏറിയ നെഞ്ചിടിപ്പോടെ വിജയേട്ടാ എന്നും വിളിച്ച് നടന്നടുത്തു. ചായ നീട്ടുമ്പോൾ ഇരുവരുടെയും മുഖഭാവം ശ്രദ്ധിച്ചു. ചായയുമെടുത്ത് നടന്നു നീങ്ങിയ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നില്ലേ..!
അകലങ്ങളിലേക്ക് കണ്ണോടിച്ചു നിൽക്കുകയായിരുന്നു അയാൾ..!
എന്തായിരുന്നു ഡിസ്കഷൻ..? സുമിത്ര വളരെ സ്വാഭാവികമായി ചോദിച്ചു.
“പരീക്ഷക്കു തയ്യാറെടുക്കുന്ന അവൾക്ക് എന്റെ അനുഗ്രഹവും പ്രാർത്ഥനയും വേണമെന്നു പറഞ്ഞു. സ്വന്തം മോളെ പോലെ ഞാൻ അവളെ അനുഗ്രഹിച്ചു”
അയാളുടെ വാക്കുകളിൽ തെറ്റു കണ്ടുപിടിക്കുവാൻ സുമിത്രക്ക് കഴിഞ്ഞില്ലെങ്കിലും ശബ്ദത്തിലെ ഗൗരവം ശ്രദ്ധിക്കാതിരുന്നില്ല.
ആ സംഭവത്തിനു ശേഷം സുമിത്രയുടെ മനസ്സാകെ കലങ്ങിയിരുന്നു. ഒഴുക്കോടെ വീട്ടുകാര്യങ്ങൾ നോക്കിയിരുന്ന അവളുടെ താളമാകെ തെറ്റി ചിന്തകൾ കുമിഞ്ഞു കൂടുകയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുകയും ചെയ്തു. പിന്നീട് സ്വാഭാവികമായി റ്റീനയോടിഴപഴകാൻ അവൾക്കു സാധിച്ചില്ല.
ഇന്നു നമ്മൾ പുറത്തു പോയില്ലല്ലോ ആന്റീ..? ഇനിയും ഒത്തിരി സ്ഥലങ്ങൾ നമുക്ക് കാണാനുണ്ട്..! പുഞ്ചിരിച്ചു കൊണ്ടാണവൾ ചോദിച്ചത്
കുട്ടിക്കു പഠിക്കുവാനൊന്നുമില്ലേ..? കറങ്ങി നടക്കാതെ നന്നായി തയ്യാറെടുക്കൂ..! സുമിത്ര അവളിൽ നിന്നും ഒഴിഞ്ഞു മാറുവാൻ തുടങ്ങി.
ടേബിളിൽ തല ചായ്ച് ഇരിക്കുകയായിരുന്ന സുമിത്രയുടെ തോളിലൂടെ കയ്യിട്ടു കൊണ്ടവൾ ചോദിച്ചു, എന്തുപറ്റി ആന്റീ..?
തലവേദന..! ഒറ്റവാക്കിലായിരുന്നു ഉത്തരം.ഞാനൊരു ചെറിയ ഡോക്ടറാണ് ഒരു മെഡിസിൻ തരട്ടെ..? ഉടനെയെത്തി അടുത്ത ചോദ്യം.
വേണ്ട..! ഞങ്ങളാരും നഴ്സിനെ കണ്ടു മരുന്നു വാങ്ങാറില്ല. ആവശ്യമുണ്ടെങ്കിൽ ശരിക്കുള്ള ഡോക്ടറെ കണ്ടു വാങ്ങി കൊള്ളാം.. നീരസവും പരിഹാസവുമുണ്ടായിരുന്നു സുമിത്രയുടെ വാക്കുകളിൽ. അതു കേട്ടിട്ടും പുഞ്ചിരിയോടെയാണവൾ നടന്നു നീങ്ങിയത് എന്നത് സുമിത്രയിൽ ഈർഷ്യയുണ്ടാക്കി.
ലീനയെ വിളിച്ചു സംസാരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അവളുടെ കോൾ വന്നതും ഒരുമിച്ചാണ്. ആ പെൺകുട്ടി വീട്ടിലുണ്ടോ..? ലീനയുടെ ആദ്യ ചോദ്യമിതായിരുന്നു.
എന്താ കാര്യം..? സുമിത്ര പതർച്ചയോടെ തിരക്കി, ലീന തുടർന്നു, ഞാൻ പറയുന്നത് ശ്രദധിച്ചു കേൾക്കണം “തോമസ് നാട്ടിൽ പോയെന്നു പറഞ്ഞത് കള്ളമാണ്..!
ഞാനിന്നയാളെ കണ്ടു അയാളുടെ കടയിൽ തന്നെ. പിന്നെ MOH ലെ നഴ്സസ് എക്സാം കഴിഞ്ഞ മാസമായിരുന്നു. ഉടനെയൊന്നും ഇനി കാണുകയുമില്ല. നമ്മളറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ പിറകിലുണ്ട്. നീ വിഷമിക്കണ്ട സാവധാനം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കൂ..!
കൗണ്ടറിൽ ഇരിക്കുകയായിരുന്ന തോമസ് തലയുയർത്തിയപ്പോൾ കണ്ടത് മുന്നിൽ നിൽക്കുന്ന സുമിത്രയെയാണ്. എനിക്കൊന്നു സംസാരിക്കണം ഇപ്പോൾ തന്നെ.. സുമിത്രയുടെ സ്വരം കനത്തിരുന്നു.
” സുമിത്ര വരൂ ആയാൾ കാബിനിലേക്കു നടന്നു
സുമിത്ര ചോദിക്കൂ.. അവൾക്കഭിമുഖമായിരുന്ന് അയാൾ പതിയെ പറഞ്ഞു.
” ആരാണ് ക്രിസ്റ്റീന?? വിജയേട്ടന്റെ മകളാണോ..?
ഞാനറിയാത്ത വിജയേട്ടന്റെ മകൾ..??
അല്ല..!! ഒട്ടും പതറാതെയായിരുന്നു തോമസ് പ്രതികരിച്ചത്, അവൾ ക്രിസ്തുവിന്റെ മകളാണ്. നാട്ടിൽ ഒരു ഓർഫണേജിലാണ് അവൾ വളർന്നത്. അവളെ പഠിപ്പിക്കുന്നതും പണം മുടക്കുന്നതുമെല്ലാം വിജയനാണ്. ഗാർഡിയന്റെ സ്ഥാനത്തു ഞാനും.
അവൾ നേഴ്സല്ല, ഡോക്ടറാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്നു. പഠിക്കാൻ മിടുക്കിയാണവൾ, ഓവെയ്ൽ ഫൗണ്ടേഷന്റെ സ്കോളർഷിപ്പോടു കൂടി ഓസ്ട്രേലിയയിൽ ഉപരിപഠനത്തിനവൾക്ക് സെലക്ഷൻ ആയിട്ടുണ്ട്.
വിജയനെക്കുറിച്ച് ഒന്നുമവൾക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ മാസം നാട്ടിൽ വെച്ച് എന്നെ കെട്ടിപ്പിടിച്ചവൾ കരഞ്ഞപ്പോൾ എന്റെ അനുഗ്രഹം തേടിയപ്പോൾ, എനിക്കവനെക്കുറിച്ച് പറയാതിരിക്കാൻ കഴിഞ്ഞില്ല..!
വിദേശത്തു പോകും മുൻപ് വിജയനെ കാണണമെന്നും അനുഗ്രഹം മേടിക്കണമെന്നും അവൾ പറഞ്ഞപ്പോൾ എതിർക്കാനും കഴിഞ്ഞില്ല.
വിജയേട്ടൻ എങ്ങനെയാണവളെ കണ്ടുമുട്ടിയത്..? വലിയൊരു ആശ്വാസത്തോടെ സുമിത്ര തിരക്കി..?
കൃത്യമായി പറഞ്ഞാൽ വിജയന്റേയും സുമിത്രയുടേയും കല്യാണത്തിന് നാട്ടിൽ വന്ന സമയത്ത്.
ഒരു സുപ്രഭാതത്തിൽ അനാഥയായ നാലു വയസ്സുകാരിയുടെ ചിത്രം പത്രങ്ങളിലൊക്കെ വാർത്തയായിരുന്നു. അവളെത്തിപ്പെട്ട അനാഥാലയത്തിലെത്തി അവളെ ആദ്യമായി കണ്ടത് ഞങ്ങളൊരുമിച്ചാണ്. അവളുടെ പഠനവും കല്യാണം വരെയുള്ള ചിലവുകൾ വിജയൻ അവിടുത്തെ അമ്മയ്ക്ക് വാക്കു നൽകിയിരുന്നു.
ഇപ്പോഴും എനിക്കറിയാത്ത കാര്യം എന്നോടിതെന്തിനു മറച്ചുവെച്ചു എന്നുള്ളതാണ്, ഞാനെതിർക്കുമെന്നു തോമസിനു തോന്നുന്നുണ്ടോ..??
അത്തരത്തിലുള്ള പെണ്ണാണോ ഞാൻ..??
സുമിത്ര വികാരാധീനയായി
സുമിത്രേ, ഇന്നത്തെ കാലത്ത് ഒരാളെ പഠിപ്പിക്കുന്നതും കല്യാണം വരെയുള്ള കാര്യങ്ങൾ നോക്കുന്നതും ചെറിയ കാര്യമല്ല! പിന്നീട് ഒരു തർക്കം ഒഴിവാക്കാമെന്നു വിജയനു തോന്നിക്കാണും.
ഇപ്പോഴും ചിലത് ചേരാത്ത കണ്ണികൾ പോലെ മനസ്സിലുടക്കി നിൽക്കുന്നു, തിരികെ കാറിലിരിക്കുന്ന സമയം അതായിരുന്നു സുമിത്രയുടെ ചിന്ത. തോമസ് പറഞ്ഞ കാര്യങ്ങൾ സാധൂകരിക്കുന്നതായിരുന്നു തന്റെ അനുഭവങ്ങളെന്ന് സുമിത്ര ഓർമ്മിച്ചു. വലിയൊരു കൂട്ടുകുടുംബത്തിലെ അംഗമാണവൾ എന്നു പറഞ്ഞതിന്റെ അർത്ഥം ഇപ്പോൾ മനസ്സിലാകുന്നു.
അലാറം പോലും വെക്കാതെ കൃത്യസമയത്തുള്ള ഉണർച്ചയും ചിട്ടകളും അവൾ വളർന്ന സാഹചര്യത്തിൽ നിന്നും കിട്ടിയതാവണം. താനൊരു ഡോക്ടറാണെന്നവൾ കളി പറഞ്ഞപ്പോൾ പരിഹസിച്ചത് ഉള്ളിൽ കൊളുത്തി വലിക്കുന്നൊരു വേദനയായി.
ഓഫീസ് ബാഗ് സോഫയിൽ കിടക്കുന്നുണ്ട്, വിജയൻ എത്തിയെന്നു സുമിത്രക്കു മനസ്സിലായി. ബെഡ് റൂമിലെ അരണ്ട വെളിച്ചത്തിൽ ചാരു കസേരയിൽ ചാഞ്ഞു കിടക്കുന്ന വിജയനെ കണ്ടു.
തോമസിനെ കണ്ടിരുന്നു അല്ലേ..??!! പതിഞ്ഞ ശബ്ദത്തിൽ അയാൾ ചോദിച്ചു.
ഉവ്വ്.. സുമിത്ര അയാളുടെ കാൽക്കൽ നിലത്തിരുന്നു. അയാളിൽ നിന്നും എന്തൊക്കെയോ കേൾക്കാൻ ആഗഹിച്ചു കൊണ്ട്.
അൽപ നേരത്തെ മൗനത്തിനു ശേഷം വിജയൻ പറഞ്ഞു തുടങ്ങി. നീ അറിയാത്ത ഒരു സത്യമുണ്ട്, തോമസ് പറയാനിടയില്ലാത്തത്, ഞാൻ കാരണം അനാഥയായ പെൺകുട്ടിയാണവൾ. എന്റെ വണ്ടിയിടിച്ചാണ് അവളുടെ അച്ഛനും അമ്മയും മരിച്ചത്.
അയാളുടെ ശബ്ദമിടറി
രാത്രി വൈകി വീട്ടിലേക്കു പൊയ്ക്കൊണ്ടിരുന്ന എന്റെ കാർ അപ്രതീക്ഷിതമായി ഇടറോഡിൽ നിന്നും കയറി വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപ്പോഴത്തെ വെപ്രാളത്തിൽ വണ്ടി നിർത്താതെ പോരുകയായിരുന്നു ഞാൻ. നമ്മുടെ കല്യാണം മുടങ്ങുമോയെന്ന ഭയം.
കേസു വന്നാൽ ഗൾഫിലെ ജോലി നഷ്ടമാകുമോ എന്നതൊക്കെയാണ് അന്നേരം ചിന്തിച്ചത്. ഗുരുതരമായ കുറ്റമാണ് ഞാൻ ചെയ്തതെന്ന് പിന്നീടു മനസ്സിലായി, റോടിൽ വീണു കിടന്നിരുന്ന അവരെ ഞാൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ഇന്നവൾ അനാഥയാവില്ലായിരുന്നു. വിജയൻ കിതച്ചു.. നിശബ്ദമായി കരയുകയായിരുന്നു അയാൾ..
അയാളെ നെഞ്ചോടു ചേർത്ത് പിടിച്ച് സുമിത്ര ആശ്വസിപ്പിച്ചു. എന്നോടു പറയാമായിരുന്നില്ലേ ഏട്ടാ..! ഈ ഭാരം ഇത്രയും നാൾ ഈ നെഞ്ചിലിട്ടു നടന്നില്ലേ..!! അവൾക്കിതെന്തെങ്കിലും അറിയാമോ..?? ഇല്ലന്നെയാൾ തലയാട്ടി..
വേണ്ട..!! അറിയണ്ട.. അവൾ നമ്മുടെ മകളാണ്, അറിയാതെ പറ്റിയൊരു അബദ്ധമായി കരുതി മറന്നു കളയണം. ഇനി നമുക്കതേ ചെയ്യാനുള്ളൂ..
മുറിയിൽ നിന്നും പുറത്തു കടന്ന സുമിത്ര ഒരു നിമിഷം സ്തംഭിച്ചു നിന്നു, റ്റീന അവിടെ നിൽക്കുന്നുണ്ടായിരുന്നു കയ്യിൽ അവർക്കുള്ള ചായയുമായി. സുമിത്രയുടെ നെഞ്ചിടിപ്പു കൂടി. ഈശ്വരാ..!! ഒന്നുമവൾ കേട്ടിട്ടുണ്ടാവരുതേ, അറിയാതെ പ്രാർത്ഥിച്ചു പോയി..
അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ..?? അവളുടെ മുഖത്തു നോക്കാൻ ശക്തിയില്ലാതെ സുമിത്ര നടന്നുനീങ്ങി..
കോളിംഗ് ബെൽ മുഴങ്ങുന്നുണ്ട്. സുമിത്ര വാതിൽ തുറന്നു..
പ്രതീക്ഷിച്ചു പോലെ തോമസാണ്..
ഞാൻ റ്റീനയെ കൂട്ടാൻ വന്നതാണ്, തിരികെ പോകാനുള്ള സമയമടുക്കുന്നു. അങ്കിളേയെന്നു വിളിച്ച് റ്റീന ഓടിയെത്തി..
ഇല്ല തോമസ് ഇവളെ ഇപ്പോൾ വിടുന്നില്ല.. അവളെ ചേർത്തു പിടിച്ചു കൊണ്ടാണ് സുമിത്രയതു പറഞ്ഞത്.. ഇവൾ ഞങ്ങളുടെ മകളാണ്. ഞങ്ങളുടെ സന്തോഷം ഇപ്പോൾ ഇവളാണ്. ഇനിയുമൊത്തിരി സ്ഥലങ്ങൾ ഞങ്ങൾക്കിവളെ കാണിക്കുവാനുണ്ട്, സമയമാകുമ്പോൾ ഞങ്ങൾ തന്നെ കൊണ്ടു വിടാം..എന്നത്തേക്കാളും തിളക്കമുണ്ടായിരുന്നു ക്രിസ്റ്റീനയുടെ കണ്ണുകളിലപ്പോൾ….