(രചന: അംബിക ശിവശങ്കരൻ)
ഓഫീസിൽ ഇരിക്കുന്ന നേരം അത്രയും വിഷ്ണുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. രാവിലെ ഇറങ്ങാൻ നേരം വന്ന അപരിചിതമായ ആ ഫോൺകോളിലൂടെ കേട്ട ശബ്ദം….
വർഷങ്ങൾക്ക് ശേഷം ആ പേര് വീണ്ടും കേട്ടപ്പോൾ എന്താ മറുപടി പറയേണ്ടതെന്ന് പോലും അറിയാതെ പകച്ചു നിൽക്കേണ്ടി വന്നു.
പുറകിൽ നിന്ന് ഭാര്യ അമൃത ആരാണെന്ന് ചോദിച്ചപ്പോഴും റോങ്ങ് നമ്പർ ആണെന്ന് മനപ്പൂർവം കള്ളം പറയേണ്ടി വന്നു അതാണ് ഇപ്പോൾ ഏറെ മനസ്സിനെ അലട്ടുന്നത്.പാവം അവൾ എന്തു പിഴച്ചു?
“എന്താ വിഷ്ണു വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണല്ലോ ആകെ ഒരു മൂഡ് ഓഫ് എന്താ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?എന്നും കാണാറുള്ള എനർജി നഷ്ടപ്പെട്ടത് പോലെ”
തിരക്കൊഴിഞ്ഞ നേരം സുഹൃത്തും സഹപ്രവർത്തകനുമായ വിനയേട്ടൻ വന്ന് കാര്യം തിരക്കിയപ്പോൾ നല്ല സുഖമില്ലെന്ന് പറഞ്ഞുകൊണ്ട് അവൻ അയാളെ ഒഴിവാക്കി.
ശരിയാണ് അത്രയേറെ ഉത്സാഹത്തോടെയാണ് താനെന്നും ഓഫീസിലേക്ക് വന്നിരുന്നത് ആരും ഇന്നേവരെ തന്നെ ഇങ്ങനെ കണ്ടിട്ടുണ്ടാകില്ല..പക്ഷേ ഒന്ന് ചിരിക്കാൻ ശ്രമിച്ചിട്ട് പോലും തനിക്ക് അതിന് കഴിയുന്നില്ലെന്ന സത്യം അവൻ വേദനയോടെ മനസ്സിലാക്കി.
പോക്കറ്റിൽ കിടന്ന ഫോൺ എടുത്ത് വേഗം രാവിലെ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയായിരുന്നു ലഭിച്ചത് അത് വീണ്ടും അവനെ നിരാശപ്പെടുത്തി. തല ചുറ്റുന്നത് പോലെ തോന്നിയപ്പോൾ അവൻ തന്റെ ടേബിളിലേക്ക് തലചായ്ച്ചു കിടന്നു.
“വിഷ്ണു സുഖമില്ലെങ്കിൽ താൻ ഹാഫ് ഡേ ലീവ് എഴുതി കൊടുത്തിട്ട് വീട്ടിൽ പോയി റസ്റ്റ് എടുക്ക്. വയ്യാതെ ഇവിടെ ഇങ്ങനെ ഇരുന്നിട്ട് എന്താ കാര്യം?”
വിനയേട്ടൻ വീണ്ടും വന്ന് പറഞ്ഞപ്പോൾ അത് തന്നെയാണ് നല്ലതെന്ന് അവനും തോന്നി. ഇവിടെ ഇരുന്നാൽ ഭ്രാന്ത് പിടിക്കും എന്ന് തോന്നിയപ്പോൾ അവൻ അപ്പോൾ തന്നെ ലീവ് എഴുതിക്കൊടുത്ത് അവിടെ നിന്നും പുറപ്പെട്ടു.
ബസ്സിൽ ഇരുന്നു രണ്ടുമൂന്നു വട്ടം വീണ്ടും ആ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് എന്ന് തന്നെയായിരുന്നു മറുപടി.
” ദൈവമേ എന്തിനായിരിക്കും അവൾ വീണ്ടും വിളിച്ചത്? “ഉത്തരം കിട്ടാത്ത ചോദ്യവും മനസ്സിൽ പേറി അവൻ സീറ്റിലേക്ക് തലചായ്ച്ചിരുന്നു.
“മരിയ….. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പേരാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ താൻ അത്രയേറെ സ്നേഹിച്ചവൾ…ഒന്നുമല്ലാതിരുന്ന തനിക്ക് അത്രയേറെ വില തന്നവൾ.
ആ നാട്ടിലെ ഏറ്റവും വലിയ പണച്ചാക്കായ ഫ്രാൻസിസ് മുതലാളിയുടെ മകൾ ആണ് അവൾ എന്നറിഞ്ഞിട്ടും സ്നേഹിച്ചത് അവളുടെ കളങ്കമില്ലാത്ത സ്നേഹം കണ്ടിട്ടായിരുന്നു.
മകൾ ഒരു ഗതിയില്ലാത്ത പയ്യന്റെ കൂടെ നടക്കുന്നതും മിണ്ടുന്നതും എല്ലാം അത്രയേറെ സ്വാധീന വലയങ്ങൾ ഉള്ള അയാളുടെ ചെവിയിൽ എത്താൻ വളരെ കുറച്ചു സമയം മാത്രമേ വേണ്ടിയിരുന്നുള്ളൂ.
എന്നും കാണുന്ന വഴികളിൽ അവളെ കാണാതായപ്പോൾ മുതൽ നെഞ്ച് പിടഞ്ഞു തുടങ്ങി എന്തൊക്കെയോ അപകടം മണത്തു തുടങ്ങി. ആരോടാണ് അവളെ പറ്റി അന്വേഷിക്കേണ്ടത്? അങ്ങനെ അവളുമായി ബന്ധപ്പെട്ട ആരോടും തന്നെ തനിക്ക് ബന്ധമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
രണ്ടുമൂന്നു ദിവസം അവളുടെ വിവരം അറിയാതെ എങ്ങനെയോ പിടിച്ചുനിന്നു. പിറ്റേന്ന് സകല നിയന്ത്രണവും കൈവിട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല സർവ്വധൈര്യവും സംഭരിച്ച് നേരെ കയറി ചെന്നത് കൊട്ടാരം പോലെയുള്ള അവളുടെ വീട്ടിലേക്കാണ്.
തന്നെ കണ്ടതും തടിമാടന്മാരായ രണ്ട് പണിക്കാർ വന്ന് തടഞ്ഞുനിർത്തിയെങ്കിലും സിംഹാസനം പോലൊരു ചാരുകസേരയിൽ പ്രൗഢിയോടെ കാലിന്മേൽ കാൽ കയറ്റിയിരിക്കുന്ന അവളുടെ പപ്പ തന്നെ കടത്തിവിടാൻ ആവശ്യപ്പെട്ടു.
വിറച്ചു വിറച്ചാണ് ആ മുറ്റത്തേക്ക് ചെന്നത്.”ഉം എന്തുവേണം?”ഘനഗംഭീര്യമുള്ള ശബ്ദത്തോടെ അയാൾ അത് ചോദിച്ചപ്പോൾ ശബ്ദം പോലും പുറത്തെടുക്കാൻ നന്നേ പ്രയാസപ്പെട്ടിരുന്നു.
“എനിക്ക്… എനിക്ക് മരിയയെ കാണണം അവൾ എവിടെ?”സർവ്വധൈര്യവും സംഭരിച്ച് ഉത്തരം പറഞ്ഞു.
“എന്റെ മകൾ മരിയയെ ആണ് ചോദിച്ചതെന്ന് മനസ്സിലായി അവളെ ഈ മുറ്റത്ത് വന്ന് തിരക്കാൻ മാത്രം നീയും അവളും ആയുള്ള ബന്ധം?”
എല്ലാം അറിഞ്ഞിട്ടും മുള്ള് വെച്ചുള്ള അയാളുടെ ചോദ്യം അന്ന് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
“മരിയയും ഞാനും ഇഷ്ടത്തിലാണ്.”അത് കേട്ടതും ഒരു രാക്ഷസനെ പോലെ അയാൾ ആർത്തു ചിരിച്ചു.
“എടാ കൊച്ചനെ… അവൾ എന്റെ മോള…. ബുദ്ധിയുള്ളവൾ…നിന്നെപ്പോലെ ഒരു ഗതിയില്ലാത്തവനെ കെട്ടി ജീവിതം തുലയ്ക്കാൻ അവൾ മുതിരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ??? മോൻ സമയം കളയാതെ ചെന്നാട്ടെ…”
അയാൾ പുച്ഛത്തോടെ പറഞ്ഞു.”അത് അവൾ പറയട്ടെ അവൾ ഒരിക്കലും അങ്ങനെയൊന്നും പറയില്ല എനിക്ക് അത് ഉറപ്പാ.”
അയാൾ അവനെ രൂക്ഷമായി നോക്കി ശേഷം ജോലിക്കാരിയോട് അവളെ വിളിക്കാൻ ആവശ്യപ്പെട്ടു.
കരഞ്ഞു തളർന്ന മുഖവുമായി അവൾ അവിടേക്ക് വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു തോന്നിയത്.ആ നിമിഷം തന്നെ അവളെ വിളിച്ചു ഇറക്കി കൊണ്ടു പോയി താലികെട്ടി സ്വന്തമാക്കാൻ ആണ് മനസ്സ് കൊതിച്ചത്.”മരിയ….”
അത്രയേറെ സ്നേഹത്തോടെ താൻ അവളെ വിളിച്ചപ്പോഴും നിർവികാരമായ ഒരു നോട്ടം മാത്രം നോക്കിക്കൊണ്ട് അവൾ തന്റെ പപ്പയെ നോക്കി.” പറയാനുള്ളതൊക്കെ പറഞ്ഞിട്ട് എന്റെ മോള് അകത്തു പോയിക്കോ. ”
” പപ്പ പറഞ്ഞതാണ് ശരി.ഞാനും വിഷ്ണുവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.വിഷ്ണുവിന്റെ കൂടെ വന്നാൽ ഈ ജന്മം മുഴുവൻ ഞാൻ നരകിക്കേണ്ടിവരും പപ്പ പറയുന്ന ഒരാളെ മാത്രമേ ഞാൻ വിവാഹം കഴിക്കുകയുള്ളൂ വിഷ്ണു പൊയ്ക്കോളൂ ഇനി എന്നെ കാണാൻ മുതിരരുത്.. ”
അതും പറഞ്ഞ് അകത്തേക്ക് നടക്കുമ്പോൾ ഒരുവട്ടം ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല എന്നത് അന്ന് തന്റെ നെഞ്ചിനെ ഏറെ വ്രണപ്പെടുത്തി.
“കേട്ടല്ലോ ഇതിൽ കൂടുതൽ ഇനി വേറെ ഒന്നും വേണ്ടല്ലോ? തടി കേടാകുന്നതിനു മുന്നേ മോൻ പോകാൻ നോക്ക് ഇനി എന്റെ മോളുടെ പുറകെ നടന്നാൽ ഈ ഫ്രാൻസിസ് ആരാണെന്ന് നീ അറിയും കേട്ടോടാ…”
അപമാനിതനായി അവിടെനിന്ന് പടിയിറങ്ങുമ്പോൾ ആദ്യമായി മരിയയോട് ദേഷ്യവും വെറുപ്പും തോന്നി.
സർവ്വതും നഷ്ടപ്പെട്ടവനെ പോലെ അവിടെനിന്നും പടിയിറങ്ങുമ്പോൾ ഒന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ സ്വന്തം മരണത്തിലൂടെ എങ്കിലും അവളോട് പകരം ചോദിക്കണമെന്ന്.
ജീവിതത്തിൽ അന്നേവരെ അറിഞ്ഞിട്ടില്ലാത്ത മദ്യത്തിന്റെ കയ്പ്പും നുണഞ്ഞ് നേരെ ചെന്ന് കയറിയത് വീടിനെ കുറച്ചു മാറിയുള്ള പാലത്തിനു മുകളിലേക്കാണ്.
പ്രേമ നൈരാശ ത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നവരോട് പുച്ഛം ആയിരുന്നു എന്നാൽ ഇനിയുള്ള ലോകം തന്നെ നോക്കി പുച്ഛിക്കട്ടെ പ്രേമത്തിന്റെ പേരിൽ ജീവനൊടുക്കിയ വിഡ്ഢി എന്ന് മുദ്രകുത്തട്ടെ…
അച്ഛന്റെയും അമ്മയുടെയും അനിയത്തി ചിന്നുവിന്റെയും മുഖം മനസ്സിൽ മിന്നിമായാൻ തുടങ്ങിയതും ആ നിമിഷം തന്നെ ആ ആഴത്തിലേക്ക് താനെടുത്തു ചാടി.
ശ്വാസം കിട്ടാതെ ആ ആഴത്തിൽ കുറച്ചുസമയം പിടഞ്ഞത് മാത്രം ഓർമ്മയുണ്ട് പിന്നെ കണ്ണ് തുറന്നു നോക്കുമ്പോൾ അമ്മയും ചിന്നുവും അരികത്തിരുന്ന് കരയുന്നതാണ് കണ്ടത്.
“എന്നാലും നീ ഇത് ചെയ്തല്ലോ മോനെ ഒരുവട്ടമെങ്കിലും നീ ഞങ്ങളെ ഒന്ന് ഓർത്തില്ലല്ലോ?”
അമ്മയുടെ കരച്ചിലിനേക്കാൾ അപ്പോൾ മനസ്സിനെ വേദനിപ്പിച്ചത് അച്ഛന്റെ മൗനമാണ്.ഉള്ളിൽ സകല നോവും അടക്കിപ്പിടിച്ച് തന്നെ നോക്കുകയല്ലാതെ അച്ഛൻ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല. ആ നിമിഷം മനസ്സിൽ ഉറപ്പിച്ചതാണ് ഇനി ഒന്നിനുവേണ്ടിയും ആത്മഹത്യ ചെയ്യില്ലെന്ന്.
പിന്നീട് ഒരാഴ്ച കാലത്തോളം കോഴിക്കുഞ്ഞിന് അടയിരിക്കുന്നത് പോലെയാണ് അമ്മ എന്നെ നോക്കിയത്.
“ആ ചേച്ചി പോയെങ്കിൽ പോട്ടെ ചേട്ടൻ പഠിച്ചു നല്ലൊരു ജോലി വാങ്ങ് എന്നിട്ട് അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചുകൊടുക്ക്..”
ചിന്നുവിന്റെ ഉപദേശം നിരന്തരം തുടർന്നുകൊണ്ടിരുന്നു.പ്രായത്തിന് ഇളയതാണെങ്കിലും അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നി എങ്കിലും മനസ്സ് മരവിച്ചിരിക്കുന്നു.
വീട്ടിലിരുന്ന് മടുപ്പ് തോന്നിയപ്പോഴാണ് പുറത്തു പോകാൻ ആവശ്യം പ്രകടിപ്പിച്ചത് അവിവേകം ഒന്നും ചെയ്യില്ലെന്ന് പലവട്ടം അമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്യിച്ചാണ് പുറത്തേക്ക് വിട്ടത്.
അവിടെ നിന്ന് നേരെ ചെന്നത് അമ്പലത്തിലെ ആൽത്തറയിലേക്കാണ് എത്ര അശാന്തമായ മനസ്സിനെയും ശാന്തമാക്കാൻ അവിടുത്തെ അന്തരീക്ഷത്തിന് ശക്തിയുണ്ടെന്ന് എനിക്ക് പലകുറി തോന്നിയിട്ടുണ്ട്.
ആലിലകളിലൂടെ പുൽകി പോകുന്ന കാറ്റേറ്റ് ഓരോന്ന് ചിന്തിച്ച് കിടക്കുമ്പോഴാണ് ഒരു കാർ സമീപം വന്നു നിന്നത്.
എഴുന്നേറ്റ് ആരാണെന്ന് നോക്കിയപ്പോഴാണ് തനിക്ക് ഏറ്റവും വെറുപ്പ് തോന്നിയ ആ മനുഷ്യൻ കാറിൽ നിന്നിറങ്ങി വന്നത് മരിയയുടെ പപ്പ.
“ഹഹ…നീയപ്പോ ചത്തില്ലായിരുന്നോ?അല്ലേലും ആർക്കും വേണ്ടാത്ത ഗതിയില്ലാത്തവൻമാർക്കൊക്കെ ദൈവം ഒടുക്കത്തെ ആയുസ്സ് കൊടുക്കും… ആഹ് പിന്നെ നിന്നെ കണ്ട് ഒരു സന്തോഷവർത്തമാനം പറയാനാ ഈ തിരക്കിനിടയിലും കാർ നിർത്തിയത്.
ഇന്നെന്റെ മോളുടെ മിന്നു കേട്ടായിരുന്നു രാവിലെ മിന്നുകെട്ടും കഴിഞ്ഞ് ഉച്ചക്കേലത്തെ ഫ്ലൈറ്റിന് അവൾ കെട്ടിയോന്റെ കൂടെ ഇംഗ്ലണ്ടിലേക്ക് പോയി…. ഹാ ഇത്രയൊക്കെ ഉള്ളൂ മനുഷ്യന്മാരുടെ മനസ്സ് മാറാൻ.”
പരിഹസിച്ചുകൊണ്ട് അയാൾ കാറിൽ കയറുമ്പോൾ മരിയയോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. തന്റെ ജീവിതം നശിപ്പിച്ചിട്ട് അവൾ മറ്റൊരുത്തന്റെ കൂടെ ജീവിക്കാൻ പോയിരിക്കുന്നു..
നേരെ വീട്ടിലേക്ക് ഓടിയ താൻ അച്ഛനും അമ്മയ്ക്കും വാക്ക് കൊടുത്തു ഇനി അവർ കണ്ടെത്തുന്ന പെണ്ണിനെ മാത്രമേ വിവാഹം കഴിക്കുള്ളൂ എന്ന്…
എത്ര കഷ്ടപ്പെട്ട് ആയാലും ഒരു നല്ല ജോലി വാങ്ങി എടുക്കും എന്ന് അമ്മാളുവിനും വാക്ക് നൽകി.. മനസ്സ് മുഴുവൻ ഒരുതരം വാശിയായിരുന്നു മരിയയുടെയും അവളുടെ പപ്പയുടെയും മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം എന്ന്.
പിന്നീടുള്ള നാളുകൾ പ്രയത്നത്തിന്റേതായിരുന്നു ഊണും ഉറക്കവും ഉപേക്ഷിച്ച് പഠിച്ചു. അമ്മ മുടക്കം ഇല്ലാതെ അമ്പലങ്ങളിൽ വഴിപാടുകൾ നേർന്നുകൊണ്ടിരുന്നു തന്റെ കഷ്ടപ്പാടിന്റെ ഫലമോ അമ്മയുടെ പ്രാർത്ഥനയുടെ ഫലമോ എന്നറിയില്ല ഒരു വർഷത്തിനുള്ളിൽ തന്നെ ജോലി കിട്ടി.
ജോലി കിട്ടാൻ വേണ്ടി കാത്തിരുന്നോണം അച്ഛനും അമ്മയും കല്യാണം ആലോചനകൾ തുടങ്ങി. മറുത്തൊന്നും തന്നെ പറഞ്ഞില്ല. എല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടു.
അന്വേഷിച്ചു അവർ തനിക്കായി കണ്ടെത്തിയതാണ് അമൃതയെ. വളരെ നല്ലൊരു കുട്ടി. ആദ്യത്തെ നോട്ടത്തിൽ തന്നെ അവളുടെ മുഖം തന്റെ മനസ്സിൽ തറച്ചു. മറുതൊന്നും പറയാതെ വിവാഹത്തിന് സമ്മതിച്ചു.
പിന്നീട് കല്യാണം അടുക്കുംതോറും വീട്ടിൽ ഒരു ആഘോഷമായിരുന്നു കല്യാണത്തലേന്ന് തിരക്കെല്ലാം ഒഴിഞ്ഞ് അമൃതയോട് സംസാരിച്ചു കഴിഞ്ഞ നേരമാണ് തുടരെത്തുടരെ ഒരു നമ്പറിൽ
നിന്ന് കോൾ വന്നത് ആരെങ്കിലും ആശംസകൾ അറിയിക്കാനാകും എന്ന് കരുതി കോൾ എടുത്തതും മറു തലക്കൽ നിന്ന് കേട്ട ശബ്ദം കേട്ട് താനൊന്നു പതറി.
“ഹലോ വിഷ്ണു ഞാൻ മരിയയാണ്.””പറയൂ മരിയ സുഖമാണോ ഭർത്താവ് എന്ത് പറയുന്നു?”ഒട്ടും പതറാത്ത മട്ടിൽ താൻ ചോദിച്ചു.
“ഭർത്താവോ വിഷ്ണു എന്നെ കളിയാക്കുകയാണോ?”അവളുടെ ഉത്തരത്തിൽ നിന്ന് എവിടെയോ പിഴച്ചിട്ടുണ്ടെന്ന് വ്യക്തമായി.
“മരിയയുടെ പപ്പ പറഞ്ഞു നിന്റെ മിന്നുകെട്ട് കഴിഞ്ഞ് നിങ്ങൾ ഇംഗ്ലണ്ടിലേക്ക് പോയെന്ന്.”
“അങ്ങനെ ഞാൻ വിഷ്ണുവിനെ മറന്ന് മറ്റൊരാളുടെ മുന്നിൽ കഴുത്ത് നീട്ടി കൊടുക്കുമെന്ന് വിഷ്ണുവിന് തോന്നുന്നുണ്ടോ? വിഷ്ണുവിനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട ഞാൻ അന്ന് വിഷ്ണുവിനെ തള്ളിപ്പറഞ്ഞത്.
വിഷ്ണു തിരിഞ്ഞു നടക്കുമ്പോൾ ജനാലക്കരികിൽ നിന്ന് ഒന്ന് തിരിഞ്ഞു നോക്കാൻ ഞാൻ എത്ര പ്രാർത്ഥിച്ചു എന്നറിയോ?
എന്നെ പപ്പ കുറെയടിച്ചു. ഫോൺ
എറിഞ്ഞു പൊട്ടിച്ചു. ഒരാഴ്ചയോളം പൂട്ടിയിട്ടു. പിന്നെ ഇത്രയും നാൾ ബാംഗ്ലൂർ ഉള്ള മമ്മിയുടെ അനുജത്തിയുടെ വീട്ടിലായിരുന്നു.
വിഷ്ണുവിനെ ഒന്ന് വിളിക്കാൻ പോലും ആരും എന്നെ അനുവദിച്ചില്ല.പിന്നെ വർഷങ്ങൾ മിണ്ടാതെ ഇരുന്നാലും വിഷ്ണു എനിക്കായി കാത്തിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.
ഇന്ന് രാവിലെയാ പപ്പ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്.വൈകിട്ട് എനിക്ക് പുതിയ ഫോണും തന്നു.പാവം പപ്പയുടെ മനസ്സ് അലിഞ്ഞു കാണും.എനിക്ക് വിഷ്ണുവിനെ കാണണം എത്ര നാളത്തെ കാര്യങ്ങളാണ് പരസ്പരം പറഞ്ഞു തീർക്കാനുള്ളത് എപ്പോഴാ വിഷ്ണു നമ്മൾ കാണുക?”
നെഞ്ച് പിളരുന്നത് പോലെയാണ് അന്നേരം തോന്നിയത്. ഇത്രയും നാൾ ഒന്നുമറിയാതെയാണ് പാവത്തിനെ കുറ്റപ്പെടുത്തിയത്.
ഒരു ഭാഗത്ത് ഒന്നും അറിയാതെ ഒരു ജീവിതം കാത്തിരിക്കുന്ന അമൃത. മറുഭാഗത്ത് തനിക്ക് മാത്രം കാത്തിരിക്കുന്ന മരിയ.ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിക്കേണ്ട ദിവസത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയാതെ ഞാൻ പകച്ചുനിന്നു.
“ഹലോ വിഷ്ണു എന്താ ഒന്നും പറയാത്തത്?””നാളെ കൃത്യം പത്ത് മണിക്ക് മരിയ മുത്താരം കാവ് ഭഗവതിയുടെ അമ്പലത്തിൽ വരണം ബാക്കി നമുക്ക് നാളെ സംസാരിക്കാം.”
അതും പറഞ്ഞ് ഫോൺ കട്ടാക്കി. ഓരോ മണിക്കൂറുകൾ കഴിയുംതോറും നെഞ്ചിടിപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു. മുഹൂർത്തത്തിന്റെ സമയം സർവ്വാഭരണ വിഭൂഷിതയായി അമൃത വന്നു നിന്നപ്പോഴും തന്റെ കണ്ണ് തിരഞ്ഞത് മരിയയെ മാത്രമാണ്. ഒടുക്കം താലി ചാർത്തിയ നേരം ആൾക്കൂട്ടത്തിനിടയിൽ നിറഞ്ഞൊഴുകുന്ന രണ്ട് കണ്ണുകൾ കണ്ടു.
അവളുടെ മുന്നിൽ ചതിയനായി സ്വയം ചിത്രീകരിക്കപ്പെടാൻ ആ ഒരു മുഹൂർത്തം തന്നെ മതിയായിരുന്നു. അമൃതയോട് മരിയയെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും മുഴുവൻ കാര്യങ്ങളും അവൾക്കറിയില്ല.ആ ദിവസത്തിന് ശേഷം ഇന്നാണ് അവളുടെ ശബ്ദം വീണ്ടും കേൾക്കുന്നത്.
” ആലത്തൂർ…ആലത്തൂർ”ബസ് നിർത്തിയതും ചിന്തകൾ അവസാനിപ്പിച്ച് അവൻ ചാടി എഴുന്നേറ്റു.എന്താ വിഷ്ണുവേട്ടാ നേരത്തെ?”
അവനെ കണ്ടതും അമൃത ഓടിവന്നു.”നല്ല സുഖം തോന്നുന്നില്ല താനൊരു ചായ എടുക്ക്”അതും പറഞ്ഞ് സോഫയിലേക്ക് ചാരി ഇരിക്കുന്ന നേരമാണ് രാവിലെ വന്ന നമ്പറിൽ നിന്നും വീണ്ടും കോൾ വന്നത് അവൻ വേഗം മുറിയിലേക്ക് ചെന്ന് അമൃത ഇല്ലെന്ന് ഉറപ്പാക്കി ഫോൺ എടുത്തു.
” ഹലോ വിഷ്ണു ഞാൻ മരിയയാണ്. “”മനസ്സിലായി മരിയ… രാവിലെ വിളിച്ചപ്പോൾ എടുക്കാൻ കഴിഞ്ഞില്ല എവിടെയാണ് ഇപ്പോൾ?എന്താ വിശേഷം ഒക്കെ?”
“ഞാനിപ്പോൾ എറണാകുളത്ത് ഉണ്ട് വിഷ്ണു…ചെറിയൊരു വിശേഷം അറിയിക്കാനാ ഞാൻ വിളിച്ചത് ഈ വരുന്ന പതിനാറാം തീയതി എന്റെ വിവാഹമാണ് വിഷ്ണുവരണം ഭാര്യയും കൊണ്ടുവരണം.”
അത് കേട്ടതും ഒരു കുളിർതെന്നൽ വീശിയത് പോലെ അവന് തോന്നി. താൻ കാരണം ഒറ്റയ്ക്കായെന്ന് തോന്നിയ മരിയയ്ക്ക് കൂട്ടായി ഒരാൾ വരാൻ പോകുന്നു. ഇതിൽപരം ഇനി എന്താണ് സന്തോഷിക്കാൻ വേണ്ടത്?
“ഞങ്ങൾ വരും മരിയ തീർച്ചയായും ഞങ്ങൾ വരും എല്ലാവിധ മംഗളങ്ങളും നേരുന്നു”
അതും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് തിരിയുമ്പോൾ പുറകിൽ ചായയുമായി അമൃത നിൽപ്പുണ്ടായിരുന്നു.”ആരായിരുന്നു വിഷ്ണുവേട്ടാ?’
“ഓഫീസിൽനിന്ന് വിനയേട്ടൻ വിളിച്ചതാ തലവേദന കുറവുണ്ടോ എന്ന് അറിയാൻ.””അവൻ പിന്നെയും പരുങ്ങി.”
അവൾ അവന്റെ ചാരയായി വന്നിരുന്നു അവനെ തന്നെ അൽപനേരം നോക്കിയിരുന്നു.
“നമ്മൾ തമ്മിൽ ഒന്നും മറച്ചു വയ്ക്കാറില്ല എന്നാണ് എന്റെ വിശ്വാസം മരിയയാണ് വിളിച്ചതെന്ന് പറയാൻ പിന്നെ എന്തിനാണ് വിഷ്ണു ഏട്ടൻ മടിക്കുന്നത്?”
അത് കേട്ടതും ഒരു നിമിഷം അവൻ നടുങ്ങി.” രാവിലെ വിളിച്ചതും മരിയയാണെന്ന് എനിക്കറിയാം ഞാനാണ് വിഷ്ണുവേട്ടനെ വിളിക്കാൻ അവളോട് പറഞ്ഞത്. “അത് കേട്ടതും അമൃത പറയുന്നത് വിശ്വസിക്കാനാകാതെ വിഷ്ണു ഇരുന്നു.
“വിഷ്ണുവേട്ടൻ പറയാത്തതൊക്കെയും എന്നോട് ചിന്നു പറഞ്ഞിട്ടുണ്ട്. വിവാഹ ദിവസം മരിയ വന്നു പോയത് വരെ… അതിൽ നിന്നും എനിക്ക് മനസ്സിലായി രണ്ടാളും നിരപരാധികൾ ആണെന്ന്. വിഷ്ണുവേട്ടൻ അങ്ങനെ ഒരു ചതിയന്റെ വേഷം അണിഞ്ഞു നിൽക്കുന്നത് എനിക്ക് താങ്ങാൻ ആകുമായിരുന്നില്ല.
മരിയയുടെ നമ്പർ ചിന്നു എനിക്ക് സംഘടിപ്പിച്ചു തന്നു. ഞാൻ അവളെ വിളിച്ചു സംസാരിച്ചു. ഞാൻ എല്ലാം അവളോട് തുറന്നു പറഞ്ഞു ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. ഞാൻ നിർബന്ധിച്ചിട്ടാണ് അവളിപ്പോൾ വിവാഹത്തിന് തയ്യാറാകുന്നത്.”
“എന്റെ സുഹൃത്ത് നിഖിൽ സക്കറിയയെ തന്നെ ഞാൻ അവൾക്ക് വേണ്ടി കണ്ടെത്തി ആദ്യമൊന്നും അവൾ സമ്മതിച്ചില്ല പിന്നെ കുറ്റബോധം കൊണ്ട് വിഷ്ണുവേട്ടൻ നീറി കഴിയുകയാണെന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി.
ഒടുക്കം അവൾ സമ്മതിച്ചു അവൾ ഒരു പാവമാണ്. അതിലേറെ പാവമാണ് എന്റെ വിഷ്ണുവേട്ടനും പക്ഷേ എന്നോട് ഇതെല്ലാം തുറന്നു പറയുമെന്ന് ഞാൻ കരുതി.”കണ്ണുനീർ ഇറ്റിറ്റു വീഴാൻ തുടങ്ങിയപ്പോൾ അവൻ അവളെ ചേർത്തുപിടിച്ചു.
“നിനക്ക് കൂടുതൽ വിഷമം ആയാലോ എന്ന് കരുതിയാ ഞാൻ എല്ലാം നിന്നോട് മറച്ചത്.നീ തന്നെ എന്റെ എല്ലാ സങ്കടവും തീർത്തു തന്നു. എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യമാണ് നീ.സോറി അമ്മു…’
അതും പറഞ്ഞ് അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.ചിലത് നഷ്ടമാകുന്നത് അതിലും മികച്ചതൊന്നു വന്നുചേരാൻ ആകുമത്രേ….