ഒറ്റ മോളാണെന്ന് കരുതി ഒരുപാടങ്ങ് കൊഞ്ചിച്ച് വഷളാക്കി വയ്ക്കരുതെന്ന്.. ഇപ്പോൾ എന്തായി ഞാൻ പറയാറുള്ളത് സത്യം ആയില്ലേ

(രചന: അംബിക ശിവശങ്കരൻ)

“അംബികേ കൃഷി ഓഫീസിൽ നിന്നും വിളിച്ചിരുന്നു. തെങ്ങിൻതൈ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പോയി അത് എടുത്തിട്ട് വരാം..”

അവിയലിനുള്ള പച്ചക്കറികൾ നുറുക്കി അടുപ്പത്തെ ഉരുളിയിലേക്കിട്ട് ഉപ്പും മഞ്ഞളും പാകത്തിന് വെള്ളവും ചേർത്ത് തട്ടിക്കൂട്ടി മൂടിവെച്ച് അവർ തന്റെ ഭർത്താവിനെ തുറിച്ചു നോക്കി.

“കൃഷ്ണേട്ടാ.. നിങ്ങൾ ഇങ്ങനെ തെങ്ങിൻ തൈ വാഴ തൈ എന്നൊക്കെ പറഞ്ഞു നടന്നോ..നിങ്ങൾ ഉണ്ടാക്കിയ ഒരു തൈയുടെ കാര്യം ഓർത്തുള്ള ആദിയിലാണ് ഞാൻ.
അവർ വേവലാതി കണക്കെ പറഞ്ഞു.

” നമ്മുടെ മോളുടെ കാര്യമാണോ നീ പറയുന്നത്? ” അയാൾ തന്റെ ഭാര്യയെ നോക്കി സംശയത്തോടെ ചോദിച്ചു.

“അപ്പോൾ കൃഷ്ണേട്ടന് മനസ്സിലായി. അന്നേ ഞാൻ പറയാറുണ്ട് ഒറ്റ മോളാണെന്ന് കരുതി ഒരുപാടങ്ങ് കൊഞ്ചിച്ച് വഷളാക്കി വയ്ക്കരുതെന്ന്.. ഇപ്പോൾ എന്തായി ഞാൻ പറയാറുള്ളത് സത്യം ആയില്ലേ?കാർന്നവന്മാർ പറയുന്നത് എത്ര ശരിയാണ്. ഒന്നേയുള്ളൂ എങ്കിലും ഉലക്ക കൊണ്ട് അടിച്ചു വളർത്തണമെന്ന്.

ഇവിടെ സ്വന്തം അച്ഛനോടും അമ്മയോടും കാണിച്ചുകൂട്ടുന്ന വാശി കേറി ചെല്ലുന്നിടത്ത് കാണിക്കാൻ ഒക്കുവോ? എനിക്കാണെങ്കിൽ അവളുടെ കാര്യം ആലോചിച്ചിട്ട് യാതൊരു സമാധാനവുമില്ല. അവളുടെ വിളി വരുമ്പോൾ തന്നെ

പേടിയാണ് എന്തെങ്കിലും ഒപ്പിച്ചു വെച്ചു കൊണ്ടുള്ള വിളിയാണോ എന്നോർത്ത്.” അവർ തലയ്ക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു. അത് കേട്ടതും അയാൾ അല്പം നേരം മൗനമായി നിന്നു.

അംബിക പറയുന്നതിലും തെറ്റ് പറയാൻ ഒക്കില്ല. അളവിൽ കവിഞ്ഞ വാത്സല്യം നൽകിയാണ് താൻ അവളെ വളർത്തി വലുതാക്കിയത്. പലപ്പോഴും അത് അവൾക്ക് തന്നെ ദോഷമായി മാറുന്നുണ്ടോ എന്ന് തോന്നിയിട്ടുണ്ട്.

“എന്താ കൃഷ്ണേട്ടാ നിങ്ങൾ ഈ ചിന്തിച്ചു നില്കുന്നത്?” അവർ അയാളെ തട്ടി വിളിച്ചു.”മനു വിളിച്ചിരുന്നു..”അയാൾ എന്തോ ഓർത്തെടുക്കും മട്ടിൽ പറഞ്ഞു.

” എന്നിട്ട്..? എന്നിട്ട് നിങ്ങൾ എന്താ കൃഷ്ണേട്ട എന്നോട് പറയാതിരുന്നത്? എന്നിട്ട് മനു എന്താ പറഞ്ഞത്? അവൾ എന്തെങ്കിലും കുഴപ്പം ഒപ്പിച്ചു വെച്ചോ അവിടെ? ” ഒറ്റ ശ്വാസത്തിൽ അവർ ചോദിച്ചു.

“എന്റെ അംബികേ.. നീ ഈ പോലീസുകാര് ചോദ്യം ചോദിക്കുന്നതുപോലെ ചോദിച്ചാൽ എങ്ങനെ ആണ് ഞാൻ മറുപടി പറയുക?ഇതാണ് ഞാൻ നിന്നോട് പറയാൻ മടിച്ചത്.”പിന്നെ കുറച്ചു നിമിഷത്തേക്ക് അവർ മൗനം പാലിച്ചു. അയാൾ തുടർന്നു.

“ആവലാതിപ്പെടാൻ ഒന്നുമില്ല.എല്ലാ സുഖ സൗകര്യങ്ങളും അറിഞ്ഞു വളർന്ന കുട്ടിയല്ലേ നമ്മുടെ മോൾ. പെട്ടെന്ന് ഒരു ദിവസം മറ്റൊരു വീട്ടിലേക്ക് പറിച്ചു നട്ടപ്പോൾ ഉള്ള ബുദ്ധിമുട്ട് അത്രയേ ഉള്ളൂ..”

” എന്റെ ദൈവമേ ഈ പെണ്ണ് ഇത് എന്തോ കരുതി ഇറങ്ങിയേക്കുവാ? ഒറ്റയ്ക്ക് അനുഭവിച്ചറിഞ്ഞ സുഖവും സൗകര്യവും എല്ലാം കൂട്ടുകുടുംബം ആയി താമസിക്കുന്നിടത്ത് കിട്ടുമോ? അതും എത്ര നല്ല കുടുംബക്കാരാ അവര്.

തികഞ്ഞ മാന്യരും. ഈ പെണ്ണായിട്ട് ആ കുടുംബം തകർക്കുമെന്ന തോന്നുന്നത്. വളർത്തു ദോഷമാണെന്നേ നാട്ടുകാർ പറയൂ.. ” അവർ വീണ്ടും അയാൾക്ക് നേരെ തിരിഞ്ഞു.

“എന്റെ അംബികേ നീ ഇങ്ങനെ നായ കടിക്കാൻ വരുന്നതുപോലെ എന്റെ നേർക്ക് തിരിഞ്ഞിട്ട് എന്താ കാര്യം? ഒരു കുട്ടി മതിയെന്ന് വാശിപിടിച്ചത് നീയല്ലേ അപ്പോൾ ബാക്കി കുട്ടികൾക്ക് കൊടുക്കേണ്ട വാത്സല്യം കൂടി ആ ഒരെണ്ണത്തിന് കൊടുത്തു പോകും.”

അയാൾ നിസാര മട്ടിൽ പറഞ്ഞതും അവർക്ക് കലി വന്നു. അയാളെ തുറിച്ച് ഒരു നോട്ടം നോക്കി അവർ അടുക്കളയിലേക്ക് പോയതും അയാളുടെ ഉള്ളിലും നേരിയ ഒരു ആശങ്ക തോന്നി.

അമ്മുവിനെ മനസ്സിലാക്കാൻ തക്കതായ ഒരു മനസ്സുള്ള പയ്യനാണ് മനു എന്നത് മാത്രമാണ് ഒരു ആശ്വാസം. അവളുടെ പിടിവാശികൾ അവന് കൈകാര്യം ചെയ്യാൻ സാധിക്കുന്നുമുണ്ട് പക്ഷേ അങ്ങനെ അല്ലാത്ത ഒരാളായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി. അയാളുടെ മനസ്സ് തെല്ലൊന്നു അസ്വസ്ഥമായി.

ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് വിശ്രമിക്കാൻ നേരമാണ് കോളിംഗ് ബെൽ തുരുതുരെ ശബ്ദിക്കുന്നത് കേട്ടത്.

” എന്താ അമ്മു? മനു എവിടെ? അവനെ കൂട്ടാതെ നീ തനിച്ചാണോ വന്നത്? ” അവളെ കണ്ടതും അകത്തേക്ക് പോലും ക്ഷണിക്കാതെ അവർ ചോദ്യം ചെയ്തു.

നിറകണ്ണുകളോടെ വാതിലിന്റെ വിടവിലൂടെ തന്റെ അച്ഛനെ കണ്ടതും അമ്മയെ മറികടന്നുകൊണ്ട് അവൾ തന്റെ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് വിതുമ്പി കരഞ്ഞു.

“എന്താ അമ്മു? എന്താ അച്ഛന്റെ മോൾക്ക് പറ്റിയത്?” അയാൾ അവളെ ആശ്വസിപ്പിക്കുമ്പോൾ അവരയാളെ തറപ്പിച്ചു ഒരു നോട്ടം നോക്കി.

” എനിക്കവിടെ പറ്റുന്നില്ല അച്ഛാ.. ഇവിടത്തെ പോലെയല്ല അവിടെ നേരത്തെ എഴുന്നേൽക്കണം എല്ലാ ജോലികളും ചെയ്യണം ആർക്കും എന്നോട് സ്നേഹമില്ല.അച്ഛനും അമ്മയും നോക്കിയത് പോലെ എന്നെ നോക്കാൻ ആരുമില്ല അവിടെ.. ”

തന്റെ അച്ഛന്റെ മാറിൽ ചാഞ്ഞു കിടന്ന് ഒരു പിഞ്ചുകുഞ്ഞിനെ പോലെ വിതുമ്പുന്ന തന്റെ മകളെ കണ്ടപ്പോൾ അവരുടെ മനസ്സും വിങ്ങി.അയാൾ അവളുടെ മുഖം തന്റെ കൈക്കുമ്പിളിൽ കോരിയെടുത്തു കൊണ്ട് നെറുകയിൽ ചുംബിച്ചു. അവളെ അവിടെ കിടന്ന ഒരു സോഫയിൽ പിടിച്ചരുത്തി അവരും അവർക്ക് സമീപം ഇരുന്നു.

” മോള് കരയേണ്ട.. അച്ഛൻ ഒരു കാര്യം പറഞ്ഞാൽ എന്റെ മോൾ കേൾക്കുമോ? “അയാളുടെ ചോദ്യത്തിന് അവൾ ഒരു കൊച്ചു കുട്ടിയെ പോലെ തലയാട്ടി.

” അച്ഛനും അമ്മയ്ക്കും ആണായിട്ടും പെണ്ണായിട്ടും മോള് മാത്രമല്ലേ ഉള്ളൂ.. അതുകൊണ്ട് തന്നെ മറ്റാർക്കും പകുത്ത് നൽകാതെ മുഴുവൻ സ്നേഹവും വാത്സല്യവും നിനക്ക് മാത്രം തന്നല്ലേ അച്ഛനും അമ്മയും നിന്നെ വളർത്തി വലുതാക്കിയത്.

അതുപോലെയാണോ മനുവിന്റെ കുടുംബം? അവർ മൂന്ന് ആൺമക്കളല്ലേ മൂന്നു മക്കൾക്കും മരുമക്കൾക്കും പേര കുട്ടികൾക്കും എല്ലാം സ്നേഹം വീതിച്ചു നൽകുമ്പോൾ എവിടെയെങ്കിലും ഒക്കെ ഒരു ഏറ്റക്കുറച്ചിൽ വരും. അത് എന്റെ കുട്ടി കാര്യമാക്കേണ്ട.. ”

“അച്ഛന്റെയും അമ്മയുടെയും സ്നേഹം മാത്രം അനുഭവിച്ചാൽ മതിയോ? ഭർത്താവിന്റെ സ്നേഹവും കൂടെപ്പിറപ്പുകളുടെ സ്നേഹവും വേണ്ടേ ?അതൊക്കെ അനുഭവിക്കുമ്പോൾ മാത്രമേ എത്ര സുന്ദരമാണെന്ന് മോൾക്ക് മനസ്സിലാക്കുകയുള്ളൂ.

ഇപ്പോൾ മോൾക്ക് രണ്ട് അമ്മയും രണ്ട് അച്ഛനും ഉണ്ട് സ്നേഹനിധിയായ ഭർത്താവും കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കാൻ സഹോദരങ്ങളുമുണ്ട്.അവരെ അന്യരായി കാണാതെ ഒന്ന് സ്നേഹിച്ചു നോക്കിയേ പിന്നെ ഒരിക്കലും മോൾ ഇങ്ങനെ ചിന്തിക്കില്ല.”
അവൾ തെല്ലൊരു കുറ്റബോധത്തോടെ തന്റെ അച്ഛനെ നോക്കി.

“നാളെ നീയും ഒരു അമ്മയാകേണ്ടതാണ്. അപ്പോൾ ആ കുഞ്ഞിനെ നല്ല ഗുണങ്ങൾ പറഞ്ഞു വളർത്തണമെങ്കിൽ മോളും അതെല്ലാം തികഞ്ഞവൾ ആകേണ്ടേ?നിറയെ ആളുകളുള്ള കുടുംബത്തിൽ വളരുമ്പോഴല്ലേ ആ കുഞ്ഞിന്റെ ബാല്യവും സുന്ദരമാകുകയുള്ളൂ അല്ലെങ്കിൽ ആ കുഞ്ഞ് തികച്ചും ഒറ്റപ്പെട്ടു പോകില്ലേ?

എല്ലാം സഹിച്ചും ക്ഷമിച്ചും അവിടെ നിൽക്കണം എന്നല്ല അച്ഛൻ പറയുന്നത്. അങ്ങനെ എന്തെങ്കിലും സാഹചര്യം ഉണ്ടായാൽ തീർച്ചയായും മോൾക്ക് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ധൈര്യമായി വരാം.

ഇരുകൈയും നീട്ടി ഞങ്ങൾ നിന്നെ സ്വീകരിക്കും പക്ഷേ ഇപ്പോൾ അവിടെ അങ്ങനെ ഒരു സാഹചര്യം അല്ലല്ലോ മോളെ.. സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബത്തിന്റെ സമാധാനം മോൾ ആയിട്ട് നശിപ്പിക്കണോ?അത് അച്ഛനും അമ്മയ്ക്കും എത്ര സങ്കടം ഉണ്ടാക്കുമെന്ന് മോള് ചിന്തിച്ചിട്ടുണ്ടോ?”

എല്ലാം കേട്ട് കഴിഞ്ഞതും അവൾ അച്ഛനെ മുറുകെ പിടിച്ചു.എത്ര മനോഹരമായാണ് തന്റെ ഭർത്താവ് മകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയത് എന്ന് അവർ ചിന്തിച്ചു.

“തെറ്റ് എന്റെ തന്നെയാണ് അച്ഛ.. അവർ അല്ല ഞാനാണ് അവരോട് എപ്പോഴും ഒരു അകലം പാലിച്ചത്. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തോടെ ചേർത്തുവച്ച് അവരുടെ സ്നേഹം ഞാൻ താരതമ്യം ചെയ്തതാണ് തെറ്റായി പോയത്.”

അയാൾ ഒന്നുകൂടി തന്റെ മകളെ ചേർത്തു പിടിച്ചു.”എന്നാൽ ഞാൻ മനുവിനെ വിളിച്ചു പറയാം മോളു ഇവിടെ ക എത്തിയിട്ടുണ്ടെന്ന്.മനുവിനോട് കൂടി ഒന്നിവിടെ വരാൻ പറയാം രണ്ടുദിവസം രണ്ടാളും ഇവിടെ സന്തോഷമായി കഴിഞ്ഞിട്ട് തിരികെ പോയാൽ മതി.”

” ഞാനിവിടെയുണ്ട് അച്ഛാ.. ” പുറകിൽ നിന്ന് അശരീരികേട്ടതും അവരെല്ലാം ഒരുപോലെ തിരിഞ്ഞു നോക്കി.

“അച്ഛന്റെ മോളുടെ കുറുമ്പല്ലാം എനിക്കറിയാമല്ലോ അതുകൊണ്ട് അമ്മു ഇറങ്ങിയ ഉടനെ തന്നെ അവൾ അറിയാതെ ഞാനും ഇങ്ങു പോന്നു. എന്നെക്കുറിച്ച് എന്തൊക്കെ കുറ്റമാണ് അച്ഛനോട് പറഞ്ഞു കൊടുക്കുന്നത് എന്ന് അറിയണമല്ലോ..” കണ്ണ് ഇറക്കിക്കൊണ്ട് അവൻ അത് പറയുമ്പോൾ അവളും ചിരിച്ചു പോയി.

“എന്തായാലും രണ്ടുദിവസം ഞാനും ഇവിടെ നിൽക്കാം അമ്മുവിന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം അത്ര സ്പെഷ്യൽ ആണോ എന്ന് ഞാനും ഒന്ന് അറിയട്ടെ..അവിടെ എല്ലാവരും നിന്റെ വരവും കാത്തിരിക്കാ എന്നിട്ട് നമുക്ക് ഒരുമിച്ച് അങ്ങോട്ട് പോകാം.”

ചിണുങ്ങിക്കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ അച്ഛനും അമ്മയും പുഞ്ചിരിയോടെ അത് നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *