ഈ പ്രണയം ഞാൻ സ്വീകരിച്ചാൽ ഇല്ലാതാകാൻ പോകുന്നത് കീർത്തിയുടെ നല്ല ഫ്യൂച്ചറാണ് അതുകൊണ്ട് തൽക്കാലം അതൊന്നും ചിന്തിക്കാതെ

(രചന: അംബിക ശിവശങ്കരൻ)

ഡിഗ്രി ആദ്യവർഷം തന്നെ മനസ്സിൽ നാമ്പിട്ട പ്രണയമായിരുന്നു വിഷ്ണുവിനോട്. എന്ത് കാര്യമാണ് വിഷ്ണുവിൽ ഏറ്റവും അധികം ആകർഷിച്ചത് എന്ന് ഇന്നും തനിക്കറിയില്ല. വിഷ്ണുവിന്റെ സംസാരമാകാം.. ചിരിയാകാം..

അല്ലെങ്കിൽ മറ്റുള്ളവരോടുള്ള പെരുമാറ്റം ആകാം. എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു വിഷ്ണു.

കോളേജിൽ ജോയിൻ ചെയ്ത അന്നുമുതൽ ദാ ഇപ്പോൾ ഫൈനൽ ഇയർ സെന്റ് ഓഫ് നടക്കുന്ന ഈ ദിവസം വരെ വാക്കുകൾ കൊണ്ട് പ്രവർത്തികൾ കൊണ്ടോ ഒരാളുടെ പോലും ശത്രുത വിഷ്ണു നേടിയെടുത്തിട്ടില്ല.

അതുതന്നെയാകാം തന്നെ വിഷ്ണുവിലേക്ക് ഏറെ അടുപ്പിച്ച ഘടകവും. ഇന്നത്തോടെ കോളേജ് ലൈഫ് കഴിയുമ്പോൾ നല്ലൊരു സുഹൃത്തായി കൂടെ നിന്നതല്ലാതെ ഒരിക്കൽപോലും തന്റെ ഉള്ളിലെ ഇഷ്ടം തുറന്നു കാട്ടിയിട്ടില്ല. ഇന്നെങ്കിലും അത് പറഞ്ഞില്ലെങ്കിൽ ഒരുപക്ഷേ…

ഒരുപക്ഷേ ഇനി അത് പറയാൻ സാധിക്കുമോ എന്ന് പോലും അറിയില്ല. എല്ലാവരും പല വഴിക്ക് പിരിയും. വർഷങ്ങൾ കഴിയുമ്പോൾ ഈ കോളേജും സുഹൃത്തുക്കളും എല്ലാം വെറും ഒരു ഓർമ്മയായി മാറും. അങ്ങനെ ഒരു ഓർമ്മ മാത്രമായി മാറാൻ ഒക്കുമോ വിഷ്ണുവും?

അവൾ ആ വലിയ ബദാം മരച്ചുവട്ടിൽ അവനെയും പ്രതീക്ഷിച്ചിരുന്നു.”എന്താ പഠിപ്പിസ്റ്റേ നീ എന്നെ അന്വേഷിച്ച് എന്ന് പറഞ്ഞു. ഇന്നെന്താ പതിവില്ലാതെ ദൂതയച്ചു വിളിപ്പിച്ചത്?” അവൻ അവളെ നോക്കി കളി പറഞ്ഞുകൊണ്ട് അവൾക്ക് ചാരയായി വന്നിരുന്നു.

അല്പസമയത്തേക്ക് അവൾ മൗനംപാലിച്ചു. എങ്ങനെയാണ് തന്റെ ഉള്ളിലെ ഇഷ്ടം വിഷ്ണുവിനോട് തുറന്നു പറയേണ്ടതെന്ന് ഇപ്പോഴും വ്യക്തമല്ല.

” വിഷ്ണു എനിക്കൊരു കാര്യം പറയാനുണ്ട്. ”
വാക്കുകളൊക്കെയും തൊണ്ടയിൽ ഉടക്കി നിന്നത് കൊണ്ട് തന്നെ വിറച്ചുകൊണ്ട് അവൾ പറഞ്ഞു.

” എനിക്കറിയാം കീർത്തി.. നിന്റെ ഈ മുഖഭാവത്തിൽ നിന്നും എനിക്ക് വായിച്ചെടുക്കാം നീ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന്.. കീർത്തിയോട് എനിക്ക് യാതൊരു തരത്തിലുള്ള ഇഷ്ടക്കേടും ഇല്ല.

പക്ഷേ എന്റെ ജീവിത സാഹചര്യങ്ങൾ ഒന്നും തന്നെ കീർത്തിയുടെ ജീവിത സാഹചര്യങ്ങളോട് യോജിച്ചതല്ല. പലതും മറക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ് എനിക്ക് ഈ കോളേജ് ലൈഫ്.

കീർത്തി അനുഭവിച്ച യാതൊരു സുഖസൗകര്യങ്ങളും എനിക്ക് തരാൻ കഴിഞ്ഞെന്ന് വരില്ല. അതെല്ലാം പോട്ടെ എന്ന് വയ്ക്കാം പക്ഷേ ഈ പ്രണയവും പറഞ്ഞ് നശിപ്പിച്ചു കളയേണ്ട ഒന്നല്ല കീർത്തിയുടെ ഫ്യൂച്ചർ. നമ്മുടെ ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിൽ ഒരാളാണ് കീർത്തി. ഒരു നല്ല ഭാവിയുള്ള കുട്ടി.

ഈ പ്രണയം ഞാൻ സ്വീകരിച്ചാൽ ഇല്ലാതാകാൻ പോകുന്നത് കീർത്തിയുടെ നല്ല ഫ്യൂച്ചറാണ് അതുകൊണ്ട് തൽക്കാലം അതൊന്നും ചിന്തിക്കാതെ പഠിച്ച് നല്ലൊരു ജോലി വാങ്ങാൻ നോക്ക്. അന്നും ഈ ഇഷ്ടം കുറയാതെ ബാക്കിയുണ്ടെങ്കിൽ കീർത്തിക്ക് എന്നെ തേടി വരാം… ”

അതും പറഞ്ഞ് അവളുടെ കവിളിൽ തട്ടി വിഷ്ണു നടന്ന അകലുമ്പോൾ അവളുടെ മിഴികൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

അന്ന് മുതൽ കീർത്തി പിന്നീട് വിഷ്ണുവിനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചില്ല. അവൾ തന്റെ മനസ്സിലെ ഇഷ്ടം കുഴിച്ചുമൂടിയെന്ന് വിഷ്ണുവിനും മനസ്സിലായി. ഒരു കണക്കിന് അതാണ് നല്ലതെന്ന് അവനും ആശ്വസിച്ചു. അങ്ങനെ പതിയെ പതിയെ കീർത്തിയേയും അവളുടെ ഓർമ്മകളെയും അവൻ മറക്കാൻ ശ്രമിച്ചു തുടങ്ങി.

വർഷങ്ങൾ പിന്നെയും കടന്നുപോയി കുടുംബത്തിലെ പ്രാരാബ്ദങ്ങൾ അവനെ ഒരു കൂലിപ്പണിക്കാരനായി മാറ്റിയെങ്കിലും മുടങ്ങാതെ ഓരോ പരീക്ഷകളും അവൻ എഴുതിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പണിക്കാർക്കൊപ്പം ഒരു മതിലിന്റെ തേപ്പ് പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പുറകിൽ നിന്നും അവൻ ആ വിളി കേട്ടത്.

“വിഷ്ണു…”നല്ല പരിചയമുള്ള ആ ശബ്ദം കേട്ട ഭാഗത്തേക്ക് അവൻ തിരിഞ്ഞുനോക്കുമ്പോൾ ശക്തിയായ സൂര്യരശ്മികൾ കണ്ണിലേക്ക് പതിച്ച് അവന്റെ കാഴ്ചയെ അവ്യക്തമാക്കി.

ഒരു കൈ കൊണ്ടു വെളിച്ചം തടഞ്ഞ് തോർത്തുമുണ്ട് കൊണ്ട് മുഖത്തെല്ലാം പറ്റിയിരുന്ന വിയർപ്പ് തുള്ളികൾ ഒപ്പിയെടുത്ത് അവൻ ഒന്നുകൂടി ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

” കീർത്തി!. “ദൈവമേ വർഷങ്ങൾക്കുശേഷം വീണ്ടും ഒരു കണ്ടുമുട്ടൽ.. അത് ഇങ്ങനെയാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു നിമിഷം വാക്കുകൾ കിട്ടാതെ പതറിയെങ്കിലും അത് പ്രകടമാക്കാതെ അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

അപ്പോഴാണ് അവളുടെ കയ്യിൽ എന്തോ ഒരു കവർ അവന്റെ ശ്രദ്ധയിൽ പെട്ടത്. വർഷങ്ങൾക്കിപ്പുറം വിവാഹക്ഷണവും ആയാണ് അവൾ തന്നെ തേടി എത്തിയിരിക്കുന്നത് എന്ന് അവനു മനസ്സിലായി. ആ നിമിഷം അവനു ഒരുപോലെ സന്തോഷവും സങ്കടവും തോന്നി.

“വിഷ്ണു എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.”
യാതൊരു മുഖവുരയും കൂടാതെ തന്നെ അവൾ പറഞ്ഞു. അവൻ വെറുതെ ചുറ്റിനും ഒന്ന് കണ്ണോടിച്ചു ചിലരെല്ലാം തങ്ങളെ പാളി നോക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

“കീർത്തി വിവാഹം ക്ഷണിക്കാൻ വന്നതാണെന്ന് മനസ്സിലായി.ഒന്നും തോന്നരുത് സാർ വരേണ്ട സമയമായി പണി സമയത്ത് സംസാരിച്ചുകൊണ്ടിരുന്നാൽ വഴക്കുകൾക്കും. വിവാഹത്തിന്

എന്തായാലും ഞാൻ വരാം എന്റെ എല്ലാവിധ പ്രാർത്ഥനകളും കീർത്തിയോടൊപ്പം ഉണ്ടാകും.” അവളുടെ മുഖത്ത് നോക്കാൻ ത്രാണിയില്ലാതെയാണ് അവൻ അത് പറഞ്ഞത്.

” ഓഹോ ഇത്ര വർഷം മുടന്തൻ ന്യായവും പറഞ്ഞ് എന്നെ അകറ്റി നിർത്തിയതും പോരാ.. എന്നിട്ട് ഇപ്പോൾ എന്റെ വിവാഹവും കാണണം എന്നാണോ? ”

അത്രനേരം ശാന്തമായിരുന്ന അവളുടെ വാക്കുകൾ മൂർച്ചയേറിയതായി മാറി അവളുടെ കോപം കണ്ണീരായി രൂപാന്തരപ്പെട്ടു.

” കീർത്തി ദയവായി ഒച്ച വയ്ക്കരുത്. ഞാനിപ്പോൾ വരാം കയ്യും കാലും ഒക്കെ ഒന്ന് കഴുകട്ടെ… ” അത് സ്വീകാര്യമായതു പോലെ അവൾ അല്പം മാറി നിന്നു. അഞ്ചു മിനിറ്റ് പോലും എടുക്കാതെ തന്നെ അവൻ അവളുടെ അടുത്തേക്ക് ഓടിയെത്തി.

അടുത്തേക്ക് ചെന്നതും തീക്ഷണമായ ഒരു നോട്ടം അവൾ അവനെ നോക്കി. ആ നോട്ടത്തിൽ താൻ ഉരുകി പോകുന്നത് പോലെ തോന്നി അവന്. ശേഷം തന്റെ നെഞ്ചോടു ചേർത്തുവച്ചിരുന്ന ഫയലിൽ നിന്ന് ഒരു കടലാസ് കഷണം എടുത്ത് അവൾ അവനു നേരെ നീട്ടി.

ഒന്നും മനസ്സിലാകാതെ എന്താണത് എന്നുള്ള ചോദ്യഭാവത്തിൽ അവൻ അവളെ നോക്കി.

“വർഷങ്ങൾക്കു മുൻപ് വിഷ്ണു എനിക്ക് നേർക്ക് വെച്ച് നീട്ടിയ കടമ്പ.. ഞാനാ ദൗത്യം പൂർത്തിയാക്കി.ഇനി വാക്ക് പാലിക്കേണ്ടത് വിഷ്ണുവാണ്.” അവൾ യാതൊരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു. അവൾ അത് പറഞ്ഞതും അവൻ ആകാംക്ഷയോടെ അത് തുറന്നു നോക്കി.

അവൾക്ക് ജോലി ലഭിച്ചു എന്ന് കാണിച്ചു കൊണ്ടുള്ള സർക്കാരിന്റെ അപ്പോയിന്മെന്റ് ലെറ്റർ!. അവന് അറിയാതെ തന്നെ ഒരു നിമിഷം അവന്റെ കണ്ണ് നിറഞ്ഞു.

“വിഷ്ണുവിനെ പ്രണയിച്ച് നടന്ന് എന്റെ ജീവിതം നശിപ്പിക്കരുത് എന്നല്ലേ വിഷ്ണു അന്ന് പറഞ്ഞത്. ആദ്യം പഠിച്ച് ഒരു നിലയിൽ എത്ത്..എന്നിട്ട് അതേ ഇഷ്ടം മനസ്സിൽ ബാക്കിയുണ്ടെങ്കിൽ വാ എന്ന് വിഷ്ണു പറഞ്ഞ വാക്കിന്മേൽ ഞാനിന്ന് വന്നിരിക്കുന്നു.പഴയ ഇഷ്ടത്തിന് ഒരല്പം പോലും കോട്ടം തട്ടാതെ…”

അവൾ പറഞ്ഞത് അത്രയും കേട്ട് അവൻ ഒരു നിമിഷം ഉത്തരമില്ലാതെ നിന്നു. കീർത്തി പറഞ്ഞതൊക്കെയും ശരിയാണ് ഈ അപ്പോയിന്മെന്റ് ലെറ്റർ കയ്യിൽ കിട്ടിയപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ ആകാത്ത വിധം സന്തോഷം തോന്നിയിരുന്നു.

ഒരുപാട് കൊതിച്ചതാണ് ഇങ്ങനെ ഒന്ന് നേടിയെടുക്കണം എന്ന്.പക്ഷേ ജീവിതസാഹചര്യങ്ങൾ എല്ലാം തന്നെ തനിക്ക് പ്രതികൂലമായിരുന്നു. തനിക്ക് നേടാൻ കഴിയാതെ ഇരുന്നത് കീർത്തി നേടിയെടുത്തപ്പോൾ ഒരുപാട് അഭിമാനം തോന്നിയതാണ്. പക്ഷേ ഇനി എന്താണ് കീർത്തിയോട് പറയേണ്ടത്? തന്റെ സാഹചര്യങ്ങൾ….

“ഇനിയും എന്നെ ഒഴിവാക്കാൻ വിഷ്ണു കാരണങ്ങൾ തിരയുകയാണോ? വിഷ്ണുവിന് വേണ്ടി ഞാൻ ഒരിക്കലും എന്റെ ഭാവി തുലച്ചിട്ടില്ല. അഭിമാനത്തോടെ നല്ലൊരു ജോലി നേടിയെടുക്കുകയും ചെയ്തു. ഇനിയെങ്കിലും നിർത്തിക്കൂടെ ഈ അവഗണന..”

” അവഗണനയല്ല കീർത്തി.. വർഷങ്ങൾക്കിപ്പുറം എന്നെ തേടി വരുമ്പോൾ ഇങ്ങനെയൊരു ദൃശ്യമായിരുന്നോ നീ പ്രതീക്ഷിച്ചിരുന്നത്? അന്ന് ഉണ്ടായിരുന്നതിനേക്കാൾ നൂറിരട്ടി അന്തരം ഇപ്പോൾ നമ്മൾ തമ്മിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

എന്തുറപ്പിന്മേലാണ് ഞാൻ നിന്നെ ഇനി എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കേണ്ടത്? നീ സന്തോഷമായി ഇരിക്കണമെന്ന് മാത്രമേ എനിക്കുള്ളൂ. എന്റെ സാഹചര്യങ്ങൾ ഒരിക്കലും.. “” നിർത്തുന്നുണ്ടോ വിഷ്ണു? ”

അവന് നേരെ കൈ ഉയർത്തി അവൾ ശബ്ദിച്ചതും അവളുടെ കണ്ണുകൾ അഗ്നിഗോളം ആയി മാറി.

“എന്ത് സാഹചര്യമാണ് വിഷ്ണു ഇനി ഞാൻ മനസ്സിലാക്കേണ്ടത്? അച്ഛൻ മരിച്ചപ്പോൾ ചെറിയ പ്രായത്തിൽ തന്നെ കുടുംബഭാരം ഒറ്റയ്ക്ക് ചുമന്നതോ?. തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും കുടുംബത്തിനുവേണ്ടി പഠിത്തം ഉപേക്ഷിച്ചതോ?

എല്ലാ സ്വപ്നങ്ങളും ആരും അറിയാതെ കുഴിച്ചുമൂടിയതോ? സമപ്രായക്കാർ ജീവിതം അടിച്ചുപൊളിക്കുമ്പോൾ കല്ലിനോടും മണ്ണിനോടും കൂട്ടുകൂടിയതോ?ഇതിലേത് സാഹചര്യമാണ് ഞാൻ ഇനിയും മനസ്സിലാക്കേണ്ടത്?”

താൻ പോലും പറയാതെ തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും എടുത്തു പറയുന്ന അവളെ കണ്ടതും അവൻ ഒരു നിമിഷം അത്ഭുതപ്പെട്ടു.

” ഇത്രയും വർഷം വിഷ്ണു ഒരിക്കൽ പോലും എന്നെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ല എന്നത് സത്യമായിരിക്കാം. അത് വിഷ്ണുവിന്റെ സാഹചര്യങ്ങൾ കൊണ്ടാവാം ഞാൻ കുറ്റപ്പെടുത്തുന്നില്ല.

പക്ഷേ വിഷ്ണുവിനോട് മിണ്ടിയില്ലെങ്കിലും വിഷ്ണുവിന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും ഞാൻ മറഞ്ഞുനിന്ന് കാണുന്നുണ്ടായിരുന്നു. വിഷ്ണു ഒരു കൂലിപ്പണിക്കാരൻ ആണെന്ന്

അറിഞ്ഞുകൊണ്ട് തന്നെയാണ് വീണ്ടും ഞാൻ തേടി വന്നത്. എനിക്കിപ്പോഴും അറിയില്ല വിഷ്ണു ഞാൻ എന്തിനാണ് നിന്നെ ഇങ്ങനെ ഭ്രാന്തമായി സ്നേഹിക്കുന്നതെന്ന്.

എനിക്ക് നിന്റെ ജോലിയോ പദവിയോ ഒന്നുമല്ല വേണ്ടത് നീ എന്ന വ്യക്തിയെ മാത്രമാണ്. യാതൊന്നും തിരികെ പ്രതീക്ഷിക്കാതെയാണ് നിനക്ക് വേണ്ടി ഞാൻ ഈ വർഷങ്ങൾ മുഴുവനും കാത്തിരുന്നത്. വിഷ്ണുവിന് വേണമെങ്കിൽ ഇനിയും ഓരോ കാരണങ്ങൾ നിരത്തി എന്റെ ഇഷ്ടത്തെ അവഗണിക്കാം.

പക്ഷേ ആ കാരണങ്ങൾക്ക് ഒന്നും തന്നെ എന്റെ സ്നേഹത്തെ ഇല്ലാതാക്കാനുള്ള ശക്തി ഉണ്ടാകില്ല.ഇഷ്ടം പിടിച്ചു വാങ്ങേണ്ട ഒന്നല്ല എന്ന് എനിക്കറിയാം. വിഷ്ണുവിന് വേണ്ടിയാണ് ഞാൻ ഇത് നേടിയെടുത്തത്. നീ എന്നെ നിരസിക്കുമെങ്കിൽ പിന്നെ ഇതും ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്. ”

കയ്യിലിരുന്ന അപ്പോയിൻമെന്റ് ലെറ്റർ അവന്റെ കയ്യിൽ വെച്ച് കൊണ്ട് അവൾ തിരിഞ്ഞു നടന്നു. അത് അവന് ഉപേക്ഷിക്കാൻ തോന്നിയില്ല ഒപ്പം ഇനിയുള്ള ജീവിതത്തിൽ അവളെയും.

Leave a Reply

Your email address will not be published. Required fields are marked *