ഞാൻ ഏട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്ക് കയറി വന്ന നാളുകളിൽ ഏട്ടന് എന്നോട് എത്രത്തോളം സ്നേഹം ഉണ്ടായിരുന്നു എന്നറിയാമോ..?

(രചന: ശ്രേയ)

” നിനക്ക് ഇത് എന്ത് പറ്റി മീരാ… നീ എന്താ ഇങ്ങനെ… “മുഖത്തു ഒരായിരം പരിഭവങ്ങളുമായി നിൽക്കുന്ന തന്റെ ഭാര്യയെ നോക്കി ആനന്ദ് ചോദിച്ചു.

എന്നിട്ടും അവളിൽ വല്യ മാറ്റങ്ങൾ ഒന്നും കണ്ടില്ല. അവൾ അവനെ മാത്രം നോക്കി നിന്നു.അവളിലെ അസ്വഭാവികമായ പെരുമാറ്റം ആനന്ദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവന്റെ കണ്ണുകൾ കട്ടിലിൽ കിടക്കുന്ന കുഞ്ഞിലേക്ക് പോയി.കുഞ്ഞ് കട്ടിലിൽ കിടന്ന് നല്ല ഉറക്കമാണ്. പക്ഷെ, അവളുടെ സൈഡിൽ തലയണ ഒന്നും വച്ചിട്ടില്ല. അത് കണ്ട് ആനന്ദ് ഒന്ന് ഞെട്ടി.

“മോള് കിടക്കുന്നത് കണ്ടില്ലേ നീ.. നിനക്ക് അവളെ ശ്രദ്ധിച്ചൂടെ.. അവൾ കമിഴ്ന്നു വീണാലോ…”

ശാസനാ രൂപത്തിൽ അയാൾ പറഞ്ഞു. പിന്നെ പെട്ടെന്ന് തന്നെ ബെഡിൽ ഒരു സൈഡിൽ കിടന്ന തലയണ എടുത്ത് കുഞ്ഞിന്റെ അരികിലായി വച്ചു.

അതൊക്കെ കണ്ട് നിന്ന അവളുടെ ചുണ്ടിന്റെ കോണിൽ പുച്ഛത്തിൽ ഒരു ചിരി വിരിഞ്ഞു.

“ഇന്ന് മോള് പാലൊക്കെ നന്നായിട്ട് കുടിച്ചില്ലേ.. ഉറങ്ങിയില്ലേ അവൾ… കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ…”

ആനന്ദിലെ അച്ഛന്റെ വ്യാകുലതകൾ ആയിരുന്നു ആ വാക്കുകൾ..! അത്‌ കേൾക്കെ മീരക്ക് സ്വയം പുച്ഛം തോന്നി.

“മീരാ… ദിസ്‌ ഈസ്‌ ദി ലിമിറ്റ്… എന്ത് ചോദിച്ചാലും മറുപടി ഇല്ല.. എന്താ നിന്റെ പ്രശ്നം…”

മോൾക്ക് ശല്യം ആവണ്ടെന്ന് കരുതി ഒച്ച താഴ്ത്തി എന്നാൽ മൂർച്ചയോടെ അയാൾ ചോദിച്ചു.

അത് കൂടെ കണ്ടതോടെ അവൾക്ക് തന്റെ നിയന്ത്രണം നഷ്ടമാകുന്നത് പോലെയാണ് തോന്നിയത്.

“സാധാരണ ഇങ്ങനെ അല്ലല്ലോ.. നല്ല ഉച്ചത്തിൽ അല്ലേ സംസാരം… എന്തേ അതിനൊരു മാറ്റം…”പരിഹാസത്തോടെ അവൾ ചോദിച്ചു.

അവളുടെ പരിഹാസവും പുച്ഛവും ആനന്ദിനെയും വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. അതൊന്നും കൂടാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉള്ള അവളുടെ മൗനവും അവനെ ഭ്രാന്ത്‌ പിടിപ്പിക്കുന്നുണ്ടായിരുന്നു.

“നീ എന്താ മന്ദബുദ്ധി ആണോ..? കുഞ്ഞു കിടക്കുന്നത് കണ്ടില്ലേ.. അവളെ ശല്യം ചെയ്യേണ്ടെന്ന് കരുതി..”അവളുടെ ചോദ്യം ഇഷ്ടപ്പെടാത്ത രീതിയിൽ അയാൾ മറുപടി നൽകി.

” ഏട്ടൻ ഇന്ന് വന്ന സമയം മുതൽ മോള് കഴിച്ചോ, കുളിച്ചോ, ഉറങ്ങിയോ എന്നൊക്കെ അല്ലേ അന്വേഷിക്കുന്നത്.?. അതിനിടക്ക് ഞാൻ എന്നൊരു മനുഷ്യ ജീവി ഉണ്ടെന്ന് മറന്നു പോയോ.. ഞാൻ ഇതിൽ ഏതെങ്കിലും ചെയ്തോ എന്ന് ഒരു ചോദ്യം ഏട്ടൻ ചോദിച്ചോ.. ”

അവളിൽ അടക്കി വച്ചിരുന്ന വിഷമങ്ങളും പരാതികളും ഒക്കെ പുറത്തേക്ക് വരാൻ തുടങ്ങിയിരുന്നു.

“ഞാൻ ഇപ്പോ ചോദിക്കുന്നത് എന്തിനാ.. നിനക്ക് സ്വയം ചെയ്യാവുന്നതല്ലേ ഇതൊക്കെ… ഇതിന് മുൻപും നീ ചെയ്തിരുന്നത്.. ഇതിൽ ഇത്ര അതിശയം എന്താ..”അവളുടെ ചോദ്യത്തിന്റെ അർഥമോ വ്യാപ്തിയോ അയാൾക്ക് മനസ്സിലായില്ല.

“ഹ്മ്മ്… ഏട്ടാ… നിങ്ങളൊക്കെ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്.. ഒരു കുഞ്ഞു ജനിക്കുമ്പോൾ അതിനോടൊപ്പം ഒരുപാട് ഉത്തരവാദിത്തം ഉള്ള ഒരു അമ്മ കൂടി ആണ് ജനിക്കുന്നത്..

പ്രാണൻ പോകുന്ന വേദന അനുഭവിച്ചു കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞാൽ പിന്നെ ആരും അവളോട് അവൾക്ക് വേദന ഉണ്ടായിരുന്നോ..

ഇപ്പൊ എങ്ങനെ ഉണ്ട്.. എന്നൊന്നും ചോദിക്കാറില്ല.. പകരം കുഞ്ഞിന് എങ്ങനെ ഉണ്ട്… പാൽ കുടിച്ചോ.. ഉറങ്ങുന്നുണ്ടോ..

കുഞ്ഞു സുഖമായിരിക്കുന്നോ എന്നൊക്കെ തന്നെ അല്ലേ ചോദിക്കാറ്… അതിനിടക്ക് ഇന്നലെ വരെ തന്നെ സംരക്ഷിച്ചിരുന്നവർ ഒരു തലോടൽ കൊണ്ട് പോലും ഇന്ന് തന്നെ ആശ്വസിപ്പിക്കുന്നില്ലല്ലോ എന്നോർത്ത് പിടയുന്ന ഒരു പെണ്മനസ്സ് ഉണ്ട്..

പ്രസവവും പ്രസവ രക്ഷയും ഒക്കെ കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ ഓടി വന്നു കുഞ്ഞിനെ വാങ്ങി അകത്തേക്ക് കൊണ്ട് പോകുന്നവർ ആ കാറിനുള്ളിൽ തന്റെയും കുഞ്ഞിന്റെയും സാധനങ്ങളും ആയി വീർപ്പുമുട്ടി ഇരുന്ന ആ പെണ്ണിനെ ശ്രദ്ധിക്കില്ല…

അവളെ ആവശ്യം ഇല്ലല്ലോ.. അവൾ അവളുടെ വീട്ടിലേക്ക് പോയാലോ… ഭർത്താവിന്റെ വീട്ടിൽ നിന്ന് വരുന്ന കാളുകൾ എല്ലാം കുഞ്ഞിനെ കാണാൻ…

അതിന്റെ വിശേഷങ്ങൾ അറിയാൻ.. അതിനിടക്ക് എപ്പോഴെങ്കിലും മോളെ.. നിനക്ക് സുഖമാണോ എന്നൊരു വാക്ക് ആ പെണ്ണ് പ്രതീക്ഷിക്കുന്നു എന്ന് അവർക്ക് അറിയുമോ..

കുഞ്ഞിന് പാല് കൊടുത്തോ എന്ന് ചോദിക്കുന്നവർ നീ എന്തേലും കഴിച്ചോ എന്ന് ചോദിക്കാറില്ല..

രാത്രിയിൽ മുഴുവൻ ഉറക്കം കളഞ്ഞു കുഞ്ഞിനെ നോക്കി വളർത്തി എടുക്കുമ്പോ നീ ഈ കൊച്ചിന് വേണ്ടി എന്ത് ചെയ്തു എന്ന് കേട്ട് വേദനിക്കുന്ന അമ്മ മനസ്സ്‌ ഉണ്ട്…

പ്രസവത്തിനു ശേഷം ഒരിക്കൽ എങ്കിലും ഏട്ടൻ എന്നെ സ്നേഹത്തോടെ നോക്കിയിട്ടുണ്ടോ.. എന്റെ വിശേഷങ്ങൾ തിരക്കിയിട്ടുണ്ടോ.. എന്നോടൊപ്പം ഇരുന്ന് സംസാരിച്ചിട്ടുണ്ടോ.. ഞാൻ പറയുന്നത് ചെവി കൊടുക്കുക എങ്കിലും ചെയ്തിട്ടുണ്ടോ…”

അവളുടെ വാക്കുകൾ കേട്ട് അവൻ തറഞ്ഞു നിന്നു പോയി.അവളുടെ ഉള്ളിൽ ഇങ്ങനെയൊക്കെ വേദനകൾ ഉണ്ടായിരുന്നോ..? എന്നിട്ടും താൻ എന്തുകൊണ്ടാ അതൊന്നും അറിയാതെ പോയത്..?

അവൻ വേദനയോടെ ഓർത്തു.” ഇതൊന്നും ഏട്ടന്റെ മാത്രം തെറ്റല്ല. ഇവിടെ അമ്മയാണെങ്കിൽ പോലും ഏട്ടൻ എന്റെ അടുത്തിരിക്കുന്നത് ഇഷ്ടപ്പെടാതെ എന്തൊക്കെ പറയാറുണ്ട്..?

പ്രസവിച്ചു വന്ന പെണ്ണിന്റെ അടുത്ത് അവളുടെ ഭർത്താവ് ഇരിക്കാൻ പാടില്ലത്രേ.. അങ്ങനെ ചെയ്താൽ അത് പെണ്ണിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കേടാണ് പോലും..

പക്ഷേ ഇങ്ങനെ പറയുന്നവർ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ ആ പെണ്ണ് ഏറ്റവും അധികം ആഗ്രഹിക്കുന്നത് തന്റെ ഭർത്താവിന്റെ സാമീപ്യം ആണെന്ന്..?

അവൻ ഒന്ന് ചേർത്ത് നിർത്തിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്ന ഒരു പെൺ മനസ്സ് എനിക്കുമുണ്ട്. എന്നെപ്പോലെ തന്നെയാണ് മിക്കവാറും എല്ലാ പെൺകുട്ടികളും..”

അവൾ പറഞ്ഞുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം നിറയെ വേദനയാണ് എന്ന് അവൾക്ക് മനസ്സിലായി. പക്ഷേ തനിക്ക് ഇപ്പോൾ പറയാൻ അവസരം കിട്ടിയതുപോലെ ഒരുപക്ഷേ ഇനി ഒരിക്കലും കിട്ടില്ല എന്ന് അവൾക്കറിയാമായിരുന്നു.

അതുകൊണ്ടു തന്നെ തന്റെ ഉള്ളിലെ വേദനകൾ മുഴുവൻ അവനു മുന്നിൽ തുറന്നു കാണിക്കാൻ തന്നെയായിരുന്നു അവളുടെ തീരുമാനം.

” ഞാൻ ഏട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്ക് കയറി വന്ന നാളുകളിൽ ഏട്ടന് എന്നോട് എത്രത്തോളം സ്നേഹം ഉണ്ടായിരുന്നു എന്നറിയാമോ..?

ഒരിക്കലും എന്നെ തനിച്ചിരുത്താതെ എല്ലായിപ്പോഴും എന്റെ പിന്നാലെ ചുറ്റിയിരുന്ന ഒരാളായിരുന്നു ഏട്ടൻ. അതൊക്കെ ഒരുപക്ഷേ മധുവിധു നാളുകളിലെ സ്നേഹം ആയിരിക്കാം. ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞതിനു ശേഷം ഏട്ടനും എത്രത്തോളം സന്തോഷം ആയിരുന്നു..?

ഓരോ ദിവസവും ജോലിക്ക് പോകുന്നതിനു മുൻപ് എനിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിച്ചറിയാൻ ഏട്ടനും വല്ലാത്ത താല്പര്യം ആയിരുന്നു. എന്റെ ഓരോ ആഗ്രഹങ്ങളും വാശികളും നടത്തി തരാൻ വല്ലാതെ താല്പര്യം കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

അതൊക്കെ കണ്ടപ്പോൾ ഞാൻ കരുതിയത് എന്നോടുള്ള സ്നേഹമാണ് എന്നാണ്. പക്ഷേ.. ഒക്കെയും കുഞ്ഞിനു വേണ്ടിയുള്ള കരുതലും സ്നേഹവും ആയിരുന്നു എന്നറിയുമ്പോൾ..

ഞാനെന്ന വ്യക്തിക്ക് നിങ്ങൾ ഒരു പരിഗണനയും തരാതിരിക്കുന്നത് പോലെയാണ്.. എന്നെ ഒരു തരിമ്പു പോലും സ്നേഹിക്കാത്തതു പോലെ..! ശരിക്കും അങ്ങനെയൊക്കെ ആണോ..? ഇതാണോ ജീവിതം..? ”

പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും അവളുടെ ചുണ്ടുകൾ വിതുമ്പി തുടങ്ങിയിരുന്നു. ശബ്ദം ഇടറി തുടങ്ങിയിരുന്നു.

അവളുടെ വേദനയുടെ ആഴവും വ്യാപ്തിയും ഒക്കെ ആ നിമിഷം അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

അവളുടെ വാക്കുകൾക്ക് അവന് മറുപടി ഇല്ലായിരുന്നു.. അവൾ പറഞ്ഞതൊക്കെ ശരിയാണ്.. കുഞ്ഞു ജനിച്ച ശേഷം അവളെ ശ്രദ്ധിച്ചിട്ടില്ല.. പരിഗണിച്ചിട്ടില്ല… തെറ്റായി പോയി..!

കുറ്റബോധം തന്നെ കാർന്നു തിന്നാൻ തുടങ്ങുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. ഇതിപ്പോൾ അവൾ പറഞ്ഞതുപോലെ തന്റെ കാര്യസാധ്യത്തിന് വേണ്ടി മാത്രം അവളെ സമീപിച്ചത് പോലെയുണ്ട് എന്ന് മാത്രമാണ് അവനു തോന്നിയത്..!

ഇനി ഒരിക്കലും അവൾക്ക് ഇങ്ങനെ ഒരു തോന്നലിനുള്ള അവസരം പോലും താൻ കൊടുക്കില്ല എന്ന് ആ നിമിഷം അവൻ മനസ്സിൽ ഒരു പ്രതിജ്ഞ എടുത്തു.

തൊട്ടടുത്ത നിമിഷം അവൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു. അവളിലെ ഭാര്യക്ക് അത്‌ മാത്രം മതിയായിരുന്നു..

(ഈ കഥയുടെ കോപ്പിറൈറ്റ് ഞങ്ങൾ വാങ്ങിയിട്ടുള്ളതാണ്.. ഞങ്ങളുടെ അനുവാദം കൂടാതെ ഈ കഥകൾ മറ്റെവിടെയും പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല.©️ᴋᴀᴅʜᴀᴋᴏᴏᴛᴛᴜ)

Leave a Reply

Your email address will not be published. Required fields are marked *