അവളുടെ ഔദാര്യം കൊണ്ടാവാം , അവളുടെ പേരിനൊപ്പം ഞാനെന്ന അച്ഛന്‍റെ പേരുമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ആ ഹോസ്പിറ്റലില്‍ ഞാനെത്തി.

ജന്മപുണ്യം
(രചന: Magesh Boji)

ഒരാശുപത്രിയുടേയും സഹായമില്ലാതെ കല്ല്യാണം കഴിഞ്ഞ് മൂന്നാം മാസം ഭാര്യയെ പുളി മാങ്ങ തീറ്റിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു തലമുറയുണ്ടിവിടെ…

ആ തലമുറയില്‍പ്പെട്ട എന്നോടാണവള്‍ പറഞ്ഞത് , നിങ്ങള്‍ക്ക് കൗശലം പോരെന്ന്. അണ്ണാക്കില്‍ നാവുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി ഈ നാട്ടിലെ സൗഹൃദത്തെ ഉണര്‍ത്തിയിരുന്ന ഒരു തലമുറയുണ്ടിവിടെ…

ആ തലമുറയില്‍പ്പെട്ട എന്നോടാണവള്‍ പറഞ്ഞത് , നിങ്ങള്‍ ഫിനാന്‍ഷ്യലി സൗണ്ട് അല്ലെന്ന്.

കുറ്റപ്പെടുത്തലുകള്‍ക്കൊടുവില്‍ ഒരു ദിവസം മകനേയുമെടുത്ത് അവളീ പടിയിറങ്ങി പോകുമ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ എനിക്കായുള്ളൂ.

വിവാഹം കഴിഞ്ഞ രണ്ടാം നാള്‍ അവള്‍ വിളമ്പി തന്ന ഊണ് ഒരു നാട്ടിന്‍പുറത്തുകാരന്‍റെ ചടുലതയോടെ കൂട്ടിക്കുഴച്ച് ഉരുട്ടി കഴിച്ച്

വിരലുകളോരോന്നും ന ക്കിവടിച്ച് എണീറ്റത് കണ്ടപ്പോള്‍ ആ മുഖത്ത് കണ്ട അതേ പുച്ഛം തന്നെയായിരുന്നു അപ്പോഴും അവളുടെ മുഖത്തുണ്ടായിരുന്നത്.

ഇടവഴിയില്‍ കാറുമായി കാത്തു നില്‍പ്പുണ്ടായിരുന്ന അമ്മായിയപ്പന്‍ ദഹിപ്പിക്കുന്നൊരു നോട്ടമെന്നെ നോക്കി.
ഞങ്ങളുടെ ദാമ്പത്യത്തിന്‍റെ ചിതയില്‍ വച്ച ആദ്യത്തെ കൊള്ളിയായിരുന്നു ആ നോട്ടം.

ശരിക്കും ഒറ്റപ്പെടുകയായിരുന്നു ഞാന്‍. ഈ നെഞ്ചില്‍ കിടന്നുറങ്ങാറുള്ള എന്‍റെ ഉണ്ണിയുടെ ഓര്‍മ്മകള്‍ പല രാത്രിയിലും എന്‍റെ ഉറക്കം കെടുത്തി.

അച്ഛന്‍റെയും അമ്മയുടേയും അസ്ഥിതറയില്‍ തിരിവെച്ച് പ്രാര്‍ത്ഥിക്കാറുള്ള പതിവ് പലപ്പോഴും ഞാന്‍ തെറ്റിച്ച് തുടങ്ങി.

മനസ്സിനൊപ്പം ശരീരവും തളരാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ തളര്‍ന്നപ്പോള്‍ തറയിലെ തുളസി ചെടി തളര്‍ന്നു..

തെച്ചിയും ചെമ്പകവും ഇലകള്‍ പൊഴിക്കാന്‍ തുടങ്ങി.. ഞാന്‍ തളര്‍ന്നപ്പോള്‍ തൊടിയിലെ ചേനയും ചേമ്പും വാടി… വാഴയും കപ്പയും വളഞ്ഞ് കുത്തി വീണു…

ഒരു സന്ധ്യാ നേരം പശുകിടാവ് അലമുറയിട്ട് കരയാന്‍ തുടങ്ങി. ഓടിച്ചെന്ന് തൊട്ടുഴിഞ്ഞപ്പോള്‍ അവനെന്നെ വാത്സല്ല്യത്താല്‍ നക്കി തോര്‍ത്തി.

അത് കണ്ട് കുറുഞ്ഞി പൂച്ചയും മാട പ്രാവും കൗതുകത്തോടെ വന്നെന്നെ നോക്കി.

ദൂരെ നിന്നൊരു ചെമ്പോത്ത് വന്നെന്നരികിലുള്ള മാവിന്‍ കൊമ്പിലിരുന്നു. ചിലമാട്ടക്കിളി കലപില കൂട്ടി ചുറ്റും പാറി നടന്നു.

ഈ ഭൂമിയില്‍ ആരും ഒറ്റക്കല്ലെന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷമായിരുന്നത്.എന്നെ സ്നേഹിക്കാനും ഈ പ്രകൃതിയില്‍ ആരൊക്കെയോ ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നത്.

തിരിച്ചറിവിനൊടുവില്‍ ഞാന്‍ പോയത് എന്‍റെ മുറിയിലേക്കാണ് .ഉണ്ണിയുടെ ഓര്‍മ്മകളുറങ്ങുന്ന കുഞ്ഞുടുപ്പുകളെല്ലാം അലമാരയില്‍ വച്ച് പൂട്ടാനൊരുങ്ങും നേരം ഞാന്‍ കണ്ടു , അവളുടുത്തിരുന്ന കല്ല്യാണ സാരി.

ഒരു നിമിഷം ഞാനതില്‍ കൈ വച്ച് നിന്നു . പിന്നെ വിറയാര്‍ന്ന കൈകളോടെ ആ അലമാര മെല്ലെ പൂട്ടി.കേസ്സ് പറഞ്ഞ് ഒരു കടലാസും എന്നെ തേടി വന്നില്ല. ഞാനങ്ങോട്ട് അയച്ചതുമില്ല.

അവളുടെ നിറമുള്ള ലോകത്തിലൊരു കറുത്ത പൊട്ടാകാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചില്ല, ഒരവകാശവാദത്തിനും ഞാന്‍ മുതിര്‍ന്നില്ല.

അതിനിടയില്‍ ഓണവും വിഷുവും സംകാന്ത്രിയും ഞാറ്റുവേലയും പലവുരു വന്നു പോയി .

ഒരു ദിവസം പത്രത്തിലെ ആദ്യ പേജില്‍ കണ്ടു , ഒരു കൗമാരക്കാരന്‍റെ പടം.ഏതോ സാ യിപ്പുണ്ടാക്കിയ അപകടം പിടിച്ച കളി ഫോണില്‍ കളിച്ചതിനൊടുവില്‍ കഴുത്തില്‍ കയറ് മുറുക്കി ആ ത്മ ഹത്യക്ക് ശ്രമിച്ചതാണത്രെ…..

ഏതാണാ മകന്‍റെ ഹതഭാഗ്യരായ മാതാപിതാക്കളെന്നറിയാന്‍ അരിച്ച് പെറുക്കി വായിച്ചപ്പോള്‍ എന്‍റെ കണ്ണില്‍ ഇരുട്ട് കയറുകയായിരുന്നു…

അവളുടെ ഔദാര്യം കൊണ്ടാവാം , അവളുടെ പേരിനൊപ്പം ഞാനെന്ന അച്ഛന്‍റെ പേരുമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ആ ഹോസ്പിറ്റലില്‍ ഞാനെത്തി.

അവന്‍ കിടന്ന മുറിക്ക് മുന്നില്‍ ഊഴം കാത്ത് ചാനലുകാരും പത്രക്കാരുമുണ്ടായിരുന്നു.

അകത്തേക്ക് കയറി ഞാനെന്‍റെ ഉണ്ണിയെ കണ്ടു , കണ്ണ് നിറയെ കണ്ടു. ക ഴു ത്തിലുള്ള ക യറ് മു റുകിയതിന്‍റെ പാടുകള്‍ ഞാന്‍ മെല്ലെ തൊട്ടുഴിഞ്ഞു.

കണ്‍തടങ്ങളില്‍ കരിവാളിപ്പ് ബാധിച്ച് പ്രതാപം നഷ്ടപ്പെട്ടതിന്‍റെ സൂചനകള്‍ നല്‍കി അവളവിടെ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടത് മുതല്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ആരുടേയും അനുവാദമോ സമ്മതമോ ഞാന്‍ ചോദിച്ചില്ല , അവളേയും മോനേയും കാറിലേക്കിരുത്തി ഞാനിങ്ങ് കൊണ്ടു പോരുകയായിരുന്നു.

വലതുകാല്‍ വച്ച് തന്നെയായിരുന്നു അവള്‍ അവനേയും കൂട്ടി വീട്ടിലേക്ക് കയറിയത്. ഒരു പറിച്ചു നടലിന്‍റെ വാട്ടം അവന്‍റെ മുഖത്ത് കണ്ടെങ്കിലും പിന്നെ ഞാനാ മുഖത്ത് കണ്ടത് നിറയെ കൗതുകമായിരുന്നു.

അണ്ണാറകണ്ണനെ ചൂണ്ടികാണിച്ചവന്‍ ചോദിച്ചു , ഇതെന്ത് ജീവിയാണെന്ന്….മാമ്പഴത്തിന്‍റെ തലയും മൂടും കടിച്ച് നോക്കി മൂപ്പെത്തിയെന്ന് ഉറപ്പു വരുത്തി താഴേക്കിട്ടിട്ട് പോവ്വാറുള്ള ആ ജീവിയുടെ പേര് മാത്രമേ ഞാന്‍ പറഞ്ഞ് കൊടുത്തുള്ളൂ.

ആ ജീവി താഴേക്കിട്ട മാമ്പഴം ട്രൗസറിന്‍റെ മൂട്ടില്‍ തുടച്ച് നല്ല ഭാഗം നോക്കി കടിച്ചു തിന്നുമ്പോള്‍ എന്‍റെ വയറ്റിനകത്തുണ്ടായിരുന്ന ആശ്വാസത്തെ കുറിച്ച് ഞാന്‍ അവനോടൊന്നും പറഞ്ഞില്ല…

മൈനയേയും മഞ്ഞകിളിയേയും ചൂണ്ടി കാണിച്ച് അവന്‍ അത് തന്നെ ചോദിച്ചു.അത് മഞ്ഞക്കിളിയെന്നും ഇത് മൈനയെന്നും ഞാന്‍ പറഞ്ഞു കൊടുത്തു.

വാട്ടിയ കപ്പ തിന്ന് മടുക്കുമ്പോള്‍ മുന്നിലൂടെ പാറി പറന്നിരുന്ന ആ മഞ്ഞക്കിളി എന്‍റെ ബാല്ല്യത്തിന് നല്‍കിയിരുന്ന മധുര പ്രതീക്ഷയെക്കുറിച്ച് ഞാന്‍ അവനോടൊന്നും പറഞ്ഞില്ല…

ദുഖഭാരത്താലിരിക്കുമ്പോള്‍ മുന്നിലൂടെ കടന്ന് പോയ ഇരട്ട മൈനകള്‍ വരാന്‍ പോകുന്ന സന്തോഷത്തെ ഓര്‍മ്മപ്പെടുത്തിയെന്‍റെ ബാല്ല്യത്തിനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചതിനെ കുറിച്ചും ഞാന്‍ അവനോടൊന്നും പറഞ്ഞില്ല….

ക ഴുത്തിലെ മു റിപ്പാടില്‍ തലോടിയവന്‍ മുറ്റത്തെ മാവിന്‍ കൊമ്പില്‍ പണ്ടെങ്ങോ കെട്ടിയ ഊഞ്ഞാലിന്‍ തുമ്പിലേക്ക് നോക്കി നിന്നപ്പോള്‍ എനിക്ക് പറയേണ്ടി വന്നു ,

എനിക്കതെന്‍റെ ബാല്ല്യത്തില്‍ കാറ്റിനെ വകഞ്ഞു മാറ്റി എത്താവുന്നത്ര ഉയരത്തിലാടി മനസ്സിന് ധൈര്യവും ആത്മവിശ്വാസവുമേകിയ ഊഞ്ഞാലായിരുന്നുവെന്ന്…

നടത്തത്തിനൊടുവില്‍ മുറ്റത്തെ വഴുക്കലില്‍ തെന്നി വീണ അവന്‍ ഉറക്കെ വിളിച്ചു , അച്ഛാന്ന് .

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കേട്ട ആ വിളി എനിക്കേകിയത് അനിര്‍വ്വചനീയമായ ഒരനുഭൂതിയായിരുന്നു.

ഓടിച്ചെന്ന് ഈ കയ്യാല്‍ കോരിയെടുക്കുമ്പോള്‍ ഞാനെന്‍റെ മകനില്‍ കണ്ടത് , പിച്ചവെച്ചു നടന്നിരുന്ന അവന്‍റെ ഭൂതകാലം തന്നെയായിരുന്നു .

എന്നിലെ അച്ഛന്‍ ആവേശം കൊണ്ട നിമിഷമായിരുന്നത്… നഷ്ടപ്പെട്ട പതിനഞ്ച് വര്‍ഷങ്ങള്‍ മറവിയിലേക്ക് തള്ളി ഞാനെന്‍റെ പൈതലിനെ എന്നിലേക്ക് ചേര്‍ത്ത് നിര്‍ത്തി.

കാല്‍ മുട്ടില്‍ തോലിറങ്ങി ചോര പൊടിയുന്നുണ്ടായിരുന്ന അവനെ ചേര്‍ത്ത് നിര്‍ത്തി ഞാന്‍ മുന്നോട്ട് നടന്നു.

തൊടിയില്‍ പടര്‍ന്ന് പന്തലിച്ച കമ്യൂണിസ്റ്റ് അപ്പയില്‍ നിന്ന് നാലഞ്ച് ഇല നുള്ളിയെടുക്കുമ്പോള്‍ അവനെന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ആ ഇല ഉള്ളം കയ്യിലിട്ട് തിരുമ്മി ചാറെടുത്ത് ആ മുറിവിലേക്കിറ്റിച്ച് കൊടുത്തപ്പോഴുള്ള നീറ്റലില്‍ അവനെന്‍റെ കയ്യില്‍ ചേര്‍ത്ത് പിടിച്ചു.

വേദന സഹിക്കാനാവാതെ അവന്‍ കണ്ണുകള്‍ മുറുക്കി അടച്ചു. മെല്ലെ മെല്ലെ ചേര്‍ത്ത് പിടിച്ച അവന്‍റെ കൈ അയഞ്ഞ് തുടങ്ങി. ആ ഇലയുടെ പേര് മാത്രമേ ഞാന്‍ പറഞ്ഞ് കൊടുത്തുള്ളൂ .

അതിനേക്കാളപ്പുറത്ത് ആ കണ്ണുകളില്‍ അനുഭവത്തിന്‍റെ ആദ്യ പാഠം ഞാന്‍ കണ്ടു… സഹനത്തിന്‍റെ ശക്തിയും ഞാന്‍ കണ്ടു..

അമ്മിണി പശുവിന്‍റെ അകിടില്‍ തലോടി പാ ല് കറക്കാന്‍ നേരം അത്ഭുതത്തോടെ അവന്‍ ദൂരേക്ക് മാറി നിന്നു….

പാല്‍ ചുരത്തുന്ന അകിടുകളിലൊക്കെയും മാതൃഭാവമാണെന്ന് പറഞ്ഞപ്പോള്‍ വാത്സല്ല്യത്തോടെ അവനും കൂടെ കൂടി…

ഊണ് കഴിക്കുമ്പോള്‍ അവള്‍ അവനോട് പറയുന്നുണ്ടായിരുന്നു , ഇങ്ങനെ നുള്ളി, നുള്ളി കളിക്കാതെ അച്ഛനെ പോലെ കുഴച്ചുരുട്ടി കഴിക്ക് മോനേന്ന്….

ഊണ് കഴിച്ച് കഴുകിയ കൈ തുടയ്ക്കാനായി ചുറ്റും പരതുന്ന അവനെ ഞാന്‍ കണ്ടു.

oഅവളുടെ സാരി തുമ്പെടുത്ത് ഞാനവന് നേരെ നീട്ടി.അമ്മയുടെ സാരിതുമ്പില്‍ മുഖം തുടയ്ക്കുമ്പോള്‍ കിട്ടണ ചെറുചൂടിന്‍ വാത്സല്ല്യം അവന്‍ അന്നാദ്യമായി അനുഭവിച്ചറിഞ്ഞു…

ആ അനുഭവത്തിന്‍ തിളക്കം ആ കണ്ണുകളില്‍ എനിക്ക് കാണാമായിരുന്നു. ഉറങ്ങുന്നത് വരെ അവന്‍റെ കട്ടിലിനരികില്‍ ഞാനിരുന്നു .

ആ മുടിയിലൊന്ന് തലോടി വെളിച്ചമണച്ച് ഞാനെന്‍റെ മുറിയിലെത്തിയപ്പോള്‍ അവളവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അലമാരയുടെ താക്കോല്‍ ഞാന്‍ അവള്‍ക്ക് നേരെ നീട്ടി.

അലമാര തുറന്നവള്‍ വിറയാര്‍ന്ന കൈകളാല്‍ ഞാന്‍ നിധി പോലെ സൂക്ഷിച്ചതിലോരോന്നിലും തൊട്ട് തലോടി.

ഇടറിയ ശബ്ദത്തോടെ അവള്‍ ചോദിച്ചു , എന്നെങ്കിലുമൊരിക്കല്‍ ഞങ്ങള്‍ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവല്ലേ എന്ന്.ആ ചോദ്യം കേട്ട് ഞാന്‍ ജനവാതിലിനരികിലേക്ക് നടന്നു.

ജനവാതിലിനിടയിലൂടെ അച്ഛന്‍റെ അസ്ഥി തറയിലേക്ക് നോക്കി മെല്ലെ പറഞ്ഞു , വര്‍ഷങ്ങളോളം തളര്‍ന്ന് കിടന്ന എന്‍റെ അച്ഛനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ നോക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട് ,

മരണക്കിടക്കയില്‍ വച്ച് അവസാന തുള്ളി വെള്ളം ആ ചുണ്ടിലിറ്റിച്ച് കൊടുക്കുമ്പോള്‍ സന്തോഷത്തോടെ ആ കൈകളെന്‍റെ നെറുകില്‍ വച്ചനുഗ്രഹിച്ചിരുന്നു ,

അച്ഛന്‍റെ അനുഗ്രഹം വാങ്ങിയ എനിക്ക് ഉറപ്പുണ്ടായിരുന്നു , ഒരു നാള്‍ എന്‍റെ ശ്വാസം നിലയ്ക്കും നേരം ചുണ്ടിലൊരു തുള്ളി വെള്ളമിറ്റിച്ച് തരാന്‍ എന്‍റെ മകനും എന്നരികില്‍ ഉണ്ടാകുമെന്ന്.

എനിക്കുറപ്പുണ്ടായിരുന്നു , അന്നവന്‍റെ നെറുകില്‍ കൈവച്ച് അനുഗ്രഹം ചൊരിയാന്‍ എനിക്കും യോഗമുണ്ടാവുമെന്ന്.

കുറെ നേരം നിശബ്ദമായിരുന്നു ആ മുറി. ഒരു കട്ടിലിലില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് കിടന്നപ്പോഴും ഞങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ ഒരുപാടകലമുണ്ടായിരുന്നു

ആ നിശബ്ദതയെ ഭേദിച്ച് അവളെന്നോട് വീണ്ടും ചോദിച്ചു , ഇത്രയൊക്കെ പ്രയാസങ്ങളുണ്ടായിട്ടും കണ്ണൊന്ന് നിറയാതെ ഇതെങ്ങനെ എല്ലാം സഹിക്കുന്നു എന്ന്.

ആ ചോദ്യത്തിനുത്തരമായി എനിക്കൊരുപാട് പറയാനുണ്ടായിരുന്നു..ആകെയുള്ള ഒരു പിടിയരിയെടുത്ത് കലത്തിലിട്ട് വേവിച്ച് വിളമ്പി തന്ന് കഴിഞ്ഞപ്പോള്‍ അമ്മയുടെ പാത്രത്തില് മാത്രം ഒന്നും കാണാതിരിക്കുമായിരുന്ന എന്‍റെ കുഞ്ഞുനാളിലെ വറുതിക്കാലത്തെ കുറിച്ച്,

കാര്യം ചോദിച്ചാല്‍ വിശപ്പില്ലാന്ന് പറയുമായിരുന്ന എന്‍റെ അമ്മയെക്കുറിച്ച് ,

എല്ലാം മനസ്സിലായപ്പോള്‍ വയറ് വേദനിക്കുന്നെന്ന് കള്ളം പറഞ്ഞ് രണ്ട് കുമ്പിള് വെള്ളം മാത്രം കുടിച്ച് ബാക്കിയുള്ളതെല്ലാം അമ്മയുടെ പാത്രത്തിലേക്ക് പകര്‍ന്ന് കൊടുക്കാറുള്ള എന്നെക്കുറിച്ച് ,

വിശപ്പിനോട് പൊരുതി ആ കൈതോല പായയില്‍ വയറ് അമര്‍ത്തി വച്ച് കമിഴ്ന്ന് കിടന്നപ്പോള്‍ ചിമ്മിനി വിളക്കിന്‍റെ നേരിയ വെട്ടത്തില്‍ കാണുമായിരുന്ന അമ്മയുടേയും കുഞ്ഞനിയത്തിയുടേയും ആശ്വാസം കൊണ്ട മുഖങ്ങളെക്കുറിച്ച് ….

പറഞ്ഞ് മുഴുമിക്കുന്നതിന് മുന്‍പേ അവള്‍ പൊട്ടികരയാന്‍ തുടങ്ങിയിരുന്നു.അന്നാണ് എന്‍റെ കണ്ണുകള്‍ അവസാനമായി നിറഞ്ഞതെന്ന് ഞാന്‍ ഇടറിയ ശബ്ദത്തോടെ പറഞ്ഞ് മുഴുമിച്ചപ്പോള്‍ അവളെന്‍റെ മുന്നില്‍ കൈക്കൂപ്പി. ആ മനസ്സിലെ കുറ്റബോധവും തിരിച്ചറിവും ഞാനറിഞ്ഞു .

അവളെ ആശ്വസിപ്പിക്കാന്‍ ഗാഢമായൊരാലിംഗനമോ തുരുതുരെ ചുംബനങ്ങളോ നല്‍കാന്‍ എനിക്കാവുമായിരുന്നില്ല.

പകരം നര വീണ രോമങ്ങളാല്‍ മൂടിയ എന്‍ നെഞ്ചിലേക്ക് ആ വലം കൈ ഞാനെടുത്ത് ചേര്‍ത്തമര്‍ത്തി വച്ചു.

എന്‍റെ ഹൃദയമിടിപ്പിനൊപ്പം ഏന്‍റെ ഭാര്യയുടെ കരവും ഒരു പോല്‍ തുടിക്കുന്നത് അന്നാദ്യമായി ഞാനറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *