ഒളിപ്പോര്
(രചന: Navas Amandoor)
തോൽവിയുടെ കുപ്പായം അണിഞ്ഞിട്ടും ജയ്ക്കാൻ വേണ്ടി കൊതിക്കുന്ന മനസ്സിനെ നിരാശപ്പെടുത്താൻ ശരീരത്തിന് ഉള്ളിൽ ക്യാൻസർ സെല്ലുകളുടെ ഒളിപ്പോര്!!
മുർച്ചയുള്ള കമ്പി കൊണ്ട് കുത്തികീറുന്ന പോലെയുള്ള വേദനകൊണ്ട് പുളയുമ്പോൾ ജസ്‌ന ഓടി വരും. വേദനയുടെ ഗുളിക എടുത്ത് കൊടുത്തു അഫ്‍സിലിനെ ശരീരത്തോട് ചേർത്തു പിടിക്കും.
കുഞ്ഞി കുട്ടിയെ പോലെ വേദന കടിച്ച് അമർത്തി അവളെ ചുറ്റിപ്പിടിച്ചു കിടക്കുമ്പോൾ കിട്ടുന്ന ആശ്വാസം വലുതാണ്.
ജസ്‌നയെ പ്പോലെയൊരു പെണ്ണിനെ കിട്ടിയത് ഭാഗ്യമെന്ന് എല്ലാവരും പറഞ്ഞു. അവനും അതറിയാം.
ആ ഭാഗ്യം കുറച്ച് കാലം മാത്രം മതിയെന്ന് പടച്ചവൻ വിധിച്ചു കാണും.അവൾ അരികിൽ വരുമ്പോൾ അവളോട് ചേർന്ന് കിടക്കുമ്പോൾ മനസ്സ് പറയും ‘ ഈ ഭാഗ്യം യാത്രയുടെ തുടക്കത്തിൽ തന്നെ ഇല്ലാതെയാക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത് ‘.
കണ്ണ് നിറഞ്ഞു തുളുമ്പി നിൽക്കുന്നത് അവൾ കാണാതിരിക്കാൻ അവളുടെ കഴുത്തിൽ മുഖം അമർത്തി വെച്ച് കിടക്കും.
ഏറെ നാളുകൾ കാത്തിരുന്നു കിട്ടിയ മോനാണ് വേദന കൊണ്ട് അകത്തെ മുറിയിൽ സഹിക്കാൻ കഴിയാതെ വിങ്ങി പ്പൊട്ടി ഉമ്മയുടെ കാവൽ.
“പടച്ചോനെ ജീവിതം ഇവിടെ വരെയായ എനിക്ക് തന്നൂടെയായിരുന്നു ഈ മഹാ വിഭത്ത്. ”
തല കുനിച്ചു കസേരയിൽ ഉമ്മറത്ത് നെടുവീർപ്പോടെ ഇരിക്കുന്ന വാപ്പ കാണുന്നുണ്ട് ചുറ്റി തിരിയുന്ന മരണത്തിന്റെ കുന്തിരിക്ക പുക നിറയുന്ന മണം. വാപ്പയുടെ ഉള്ളിലും ഉണ്ടാകും അവനു പകരം ഞാൻ ആയിരുന്നങ്കിലെന്ന്.ആ മരണത്തിന്റെ നിഴലിനെപ്പോലും കണ്മുൻപിൽ നിന്നും ആട്ടിയോടിക്കാനാണ് വാപ്പയുടെ ഈ ഇരുപ്പ്.
സങ്കടത്തിന്റെ കാർമേഘം ഇരുട്ടിലാക്കിയ വീടിനുള്ളിൽ കണ്ണീർ പേമാരിയായി പെയ്തു. ആയുസ്സ് നീട്ടിക്കിട്ടാൻ കൈകൾ ഉയർത്തി.
“പ്രാർത്ഥന ചിറകുകളാണ്. ദൈവത്തിന്റെ അരികിൽ എത്താനുള്ള ചിറകുകൾ”!!!!ഇരുട്ടിൽ ഒരു കുഞ്ഞി മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ഇത്തിരി സന്തോഷമായിരുന്നു ജസ്‌നയുടെ ഉള്ളിൽ വിരിഞ്ഞ കുഞ്ഞി പൂവ്.
ഈ ജീവിതം ഇനി മുന്നോട്ട് പോകാൻ വഴികൾ ഇല്ലെന്ന് തിരിച്ചറിഞ്ഞ നേരം പടച്ചവൻ നൽകിയ പുതിയ വഴി. ചുട്ടു പഴുത്തു കിടക്കുന്ന ചൂട് കാറ്റ് വീശുന്ന മരുഭൂയിൽ തളിർത്ത പ്രതീക്ഷയുടെ കാഴ്ച്ച പോലെ തോന്നി ഗർഭപത്രത്തിൽ മൊട്ടിട്ട ജീവൻ.
“ജെസ്സി ആഗ്രഹമുണ്ട് എനിക്ക് ശേഷം എന്റെ വരവും പോക്കും അറിയിക്കാൻ എന്റെ രക്തത്തിൽ നിന്നും പിറന്ന ഒരു കുട്ടി. പക്ഷെ വേണ്ട മോളെ… ഞാൻ പോയാൽ നീ ഒറ്റക്കാകും… അത് പാടില്ല. നിന്റെ ജീവിതം ഇനിയുമുണ്ട് മോളെ. ”
അഫ്സലിന്റെ അടുത്ത് ഇരുന്ന് ഒഴുകി ഒലിച്ച കണ്ണീർ തുടച്ചു ജസ്‌ന അവന്റെ കൈയിൽ പിടിച്ചു.
“ഇക്കാ.. എനിക്ക് വേണം ഇക്കാടെ മോനെ. എന്റെ മരണം വരെ എനിക്ക് ഇക്കയുടെ മാത്രമായി ജീവിക്കാൻ… ഇത് അള്ളാഹു തന്ന അനുഗ്രഹമല്ലേ ഇക്കാ.. ”
മറുപടി പറയാതെ കിടന്ന അഫ്സലിന്റെ മനസ്സിൽ പ്രാർത്ഥനയാണ്. ഒരു വട്ടം ആ കുഞ്ഞിനെ ഒന്ന് കാണാൻ ഒരു മുത്തം ആ കുഞ്ഞി കവിളിൽ കൊടുക്കാൻ കുറച്ച് മാസം ആയുസ്സ് നീട്ടി കിട്ടിയിരുന്നെങ്കിൽ!!!.
സമയവും സന്ദർഭവും നോക്കാതെ ശരീരത്തിലെ ഒളിപ്പോര് ചിലപ്പോൾ ആഗ്രഹങ്ങളെ വെറും സ്വപ്നങ്ങളായി മാറ്റാതിരിക്കട്ടെ.
ജസ്‌നയുടെ കൈയിൽ അഫ്സൽ അമർത്തി പിടിച്ചു. മറ്റേ കൈ ബെഡിൽ പിടിച്ചു അമർത്തി. കാലുകൾ കട്ടിലിന്റെ അറ്റത് ചവിട്ടി പുളഞ്ഞു. മൂക്കിൽ നിന്നും ചോര ഒലിച്ചു. കരച്ചിലോടെ അവൾ ആ ചോര തുടച്ചു മാറ്റി ഉമ്മയെ വിളിച്ചു.
ഉമ്മയും ഉപ്പയും ഓടിയെത്തി. കാണാൻ കഴിയാത്ത ഊഹിക്കാൻ കഴിയാത്ത വേദനയുടെ കൊടുമുടിയിൽ മകനെ കണ്ട് കണ്ണുകൾ നിറഞ്ഞു. അപ്പോഴേക്കും ബോധം ഇല്ലാതായാ അവനെ വണ്ടിയിൽ കയറ്റി. ജസ്‌നയുടെ തോളിൽ തല വെച്ച് അഫ്സൽ ചെരിഞ്ഞു കിടന്നു.
“ഇക്കാ. .. ഇക്കാക്ക് അറിയില്ലേ എന്നെ സങ്കടപെടുത്താൻ പാടില്ലെന്ന്. എനിക്ക് സങ്കടമായാൽ നമ്മുടെ മോൻക്കും സങ്കടമാവില്ലേ… ഇക്കാ ഒന്ന് കണ്ണ് തുറന്ന് ഞാൻ പറയുന്നത് കേൾക്കു. ”
ജീവിക്കാൻ കൊതിക്കുന്നവൻ പൊരുതും. നേർക്ക് നേരെ നിന്ന് പടവെട്ടും. പക്ഷെ തോൽപ്പിക്കാൻ വേണ്ടി ക്യാൻസറിന്റെ സെല്ലുകളുടെ ഒളിപ്പോരിൽ അവന്റെ ഉള്ളിലെ പ്രതീക്ഷയുടെ കിരണങ്ങളെ ഇല്ലാതാക്കും.
ഇടക്കിടക്കുള്ള കിമോകൾ പിന്നെയും ആയുസ്സ് കൂട്ടി. മരണത്തിന്റെ തണുപ്പ് വെള്ളത്തിന്റെ അലകൾ പോലെ തെന്നിയകന്നു.
പതുക്കെ പതുക്കെ ജസ്‌നയുടെ വയറിന്റെ ഉള്ളിൽ ചലനങ്ങൾ തുടങ്ങി.ഗർഭിണിയുടെ ശരീരക ബുദ്ധിമുട്ടിലും അഫ്സലിന്റെ ശുശ്രുഷയിൽ ശ്രദ്ധിച്ചു.വീട്ടുകാരും നാട്ടുകാരും പിന്നെയും പറഞ്ഞു ‘ജസ്‌ന അഫസലിന്റെ ഭാഗ്യമാണ്. ‘…പക്ഷെ.
അഫ്സൽ അവളുടെ വയറിൽ തലവെച്ചു അനക്കങ്ങൾ ആഘോഷമാക്കി. മനസ്സിന് ജീവിക്കാൻ മുന്നോട്ടു പോകാൻ മരണത്തോട് യുദ്ധം ചെയ്യാൻ ആത്മവിശ്വാസം കൂടി കൊണ്ടിരിക്കുന്ന ദിവസങ്ങളിലെ കണ്ണീരും സങ്കടവും വഴി മാറി നിന്നു.
കണ്ണീരും ചിരിയും പ്രതീക്ഷകളും പേടിയും പ്രാർത്ഥനയുമായി ദിവസങ്ങൾ മാറി മാറി വന്നു.അവന്റെ സങ്കടങ്ങളും വേദനകളും അവളെ അറിയിക്കാതിരിക്കാൻ ശ്രമിച്ചു. അവൾ വേദനിച്ചാൽ വരാനിരിക്കിരുന്ന മുത്തിനും സങ്കടമാവില്ലേ
അതിന്റെ ഇടയിൽ പലവട്ടം ഒളിപ്പോരിനെ നേരിട്ട് കൊഴിഞ്ഞു പോയ മുടിയും തളർന്ന ശരീരവും കേൾക്കാൻ കൊതിക്കുന്ന വാർത്ത ഹോസ്പിറ്റലിൽ നിന്നാണ്. ജസ്‌ന അഡ്മിറ്റാണ്. ഉമ്മ അവളുടെ ഒപ്പം തന്നെയുണ്ട്. ഇന്ന് ഉണ്ടാകും അവളുടെ പ്രസവം.
ഏതൊരു ആണും അടുത്ത് നിൽക്കാനും ആശ്വാസിപ്പിക്കാനും കൂടെ ഉണ്ടാവാൻ കൊതിക്കുന്ന സമയം. ടെൻഷനോടെ ആശുപത്രിവരാന്തയിൽ കാത്തിരിക്കുന്നതിന് പകരം ദൈവത്തിന്റെ വികൃതികൾ ഇങ്ങിനെയും.
“വാപ്പ വല്ലാത്ത വേദന.. ഒന്ന് ഇങ്ങു വാ “അഫ്സൽ വാപ്പയെ വിളിക്കാൻ തുറന്ന വായിൽ നിന്നും ശബ്ദം പുറത്ത് വരാതെ കൈ കൾ ബഡിൽ അമർത്തിപിടിച്ചു മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ ചുടുചോര തലയണയെ നനച്ചു.
ജസ്‌ന പ്രസവിച്ച സന്തോഷ വാർത്ത പറയാൻ മുറിയിലെക്ക് വന്ന വാപ്പയുടെ മുൻപിൽ മുഖത്തെ ചോര കൈ കൊണ്ട് തുടച്ചു വേദനയോടെ പുഞ്ചിരിക്കാൻ അഫ്സൽ വെറുതെ ഒരു ശ്രമം നടത്തി.ഒരു ഹോസ്പിറ്റലിൽ ചുമരുകൾ തീർത്ത മറകൾക്കിടയിൽ ജസ്‌നയും അഫ്സലും!!.
ഒളിപ്പോരിന്റെ ആക്രമണത്തിൽ തോൽക്കാൻ വിസ്സമതിച്ച അഫ്സൽ പൊരുതി ജയിച്ചു മോനെ കാണാൻ വരും; ഒരു നോട്ടം മോനെയും ജസ്‌നയെയും കാണാതെ, മോന്റെ കവിളിൽ ഒരു മുത്തംകൊടുക്കാതെ തോറ്റ് ഇല്ലാതെയാവാൻ അത്രക്ക് ദയ ഇല്ലാത്ത വിധി പടച്ചവൻ എഴുതി വെച്ചിട്ടുണ്ടാവില്ല!!!.
അമ്മിഞ്ഞപാലിന്റെ മാധുര്യം നുകർന്നു കണ്ണടച്ചു ഉറങ്ങുന്ന പൈതലിന്റെ ചുണ്ടിൽ ചിരി!!
ഉറക്കത്തിൽ കണ്ട സ്വപ്നം ആ ചുണ്ടിൽ ചിരി വിടർത്തിയത് കണ്ട് ജസ്‌ന ഒരു ഉമ്മയുടെ മനസ്സോടെ മോനെ വാപ്പയെ കാണിക്കാൻ വാപ്പയുടെ വരവും പ്രതീക്ഷിച്ചു മോനെ അരികിലേക്ക് ചേർത്ത് കിടത്തി.