നിന്നോട് സാർ മോശം ആയി പെരുമാറി എന്ന് പറ. ആള് നാണം കെടും. ഇതിലും വല്യ ഒരു പണി കൊടുക്കാൻ ഇല്ല “” ശ്രുതി പറഞ്ഞു.

K(രചന: പുഷ്യാ. V. S)

“മിത്ര സ്റ്റാൻഡ് അപ്പ്‌ “” ഒരു അലർച്ച ആയിരുന്നു അത്.ബാക്ക് ബെഞ്ചിൽ കൂട്ടുകാരികളുമായി കളി പറഞ്ഞു ഇരുന്ന മിത്ര ഞെട്ടി എഴുന്നേറ്റു. ക്ലാസ്സ്‌ മുഴുവൻ അവളിലേക്കു തന്നെ നോട്ടം പതിപ്പിച്ചു ഇരിപ്പായിരുന്നു.

“” ഇയാളോട് ഞാൻ പറഞ്ഞതാണോ എന്റെ പീരിയഡ് മുന്നിലത്തെ ബെഞ്ചിൽ വന്നു ഇരിക്കണം എന്ന്. രാവിലെ വരും .

ബാക്ക് ബെഞ്ചിൽ ചെന്നിരുന്നു കുറെ ഗോസിപ് പറയും വൈകിട്ട് ബെൽ അടിക്കുമ്പോൾ ബാഗും എടുത്തു വീട്ടിൽ പോകും. താൻ എന്തിനാടോ വരുന്നേ “” ലക്ഷ്മൺ സാറിന്റെ ശബ്ദം ഉയർന്നു.

മിത്ര എല്ലാവരും തന്നെ തന്നെ ശ്രദ്ധിക്കുന്നത് കണ്ട് വല്ലാണ്ടായി.”” ഞാൻ അവസാനം ആയിട്ട് പറയുവാണ്. പഠിക്കാൻ ആയിട്ട് ആണേൽ താൻ ഇങ്ങോട്ട് വന്നാൽ മതി.

അല്ലേൽ താൻ വരുവോ പോകുവോ എന്താ എന്ന് വച്ചാൽ ചെയ്യ്. എന്റെ ക്ലാസ്സിൽ ഇരിക്കുന്നുണ്ടേൽ പഠിക്കാൻ വേണ്ടി ഇരുന്നാൽ മതി. മ്മ് ബുക്ക്‌ എടുത്തു മുന്നിലോട്ട് വാ “” ലക്ഷ്മൺ വിളിച്ചു.

മിത്ര മടിയോടെ ബാഗ് എടുത്തു ഫ്രണ്ട് ബെഞ്ചിലേക്ക് നടന്നു.”” അയ്യോ ബാഗ് ഒന്നും വേണ്ടായിരുന്നു. ഈ പീരിയഡ് കഴിഞ്ഞാൽ ഉടനെ ഇയാള് അങ്ങോട്ട് തന്നെ ഓടുമല്ലോ”” ലക്ഷ്മൺ അവളെ കളിയാക്കി പറഞ്ഞു.

ക്ലാസ്സിൽ അത്യാവശ്യം ചിരി മുഴങ്ങി.ലക്ഷ്മൺ ക്ലാസ്സ്‌ തുടർന്നു.പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് ക്ലാസ്സ്‌ ആണ്.ലക്ഷ്മണൻ അവിടെ പുതുതായി വന്ന മാത്‍സ് അധ്യാപകനും. ലക്ഷ്മണൻ വന്നു ഒരു മാസം തികയും മുന്നേ തന്നെ മിത്രയ്ക്ക് പുതിയ സർ ഒരു തലവേദന ആയി.

ഒന്നാമതെ പേരെന്റ്സിന്റെ നിർബന്ധം കൊണ്ട് എടുത്ത കോഴ്സ്. അതിന് പുറമെ കൂട്ടത്തിലെ ഏറ്റവും വില്ലൻ എന്ന് തനിക്ക് തോന്നിയ വിഷയം ആണ് മാത്‍സ്.

ആദ്യം പഠിപ്പിച്ചിരുന്നേ അല്പം പ്രായമുള്ള ടീച്ചർ ആയിരുന്നു. അവർ പറയുന്നത് ഒന്നും മിത്രയ്ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല.

പിന്നീട് അവർ ക്ലാസ്സിൽ വരുന്നതേ അവൾ ഉറങ്ങാൻ തുടങ്ങും.അങ്ങനെ മെല്ലെ അവൾ മാത്സിന്റെ കൂടുതൽ വെറുത്തു. ബാക്കി വിഷയങ്ങളിൽ ഒക്കെ പാസ്സ് മാർക്ക്‌ അവൾ എങ്ങനെയെങ്കിലും തട്ടിക്കൂട്ടും.

അങ്ങനെയിരിക്കെ ആണ് ലക്ഷ്മൺ സർ പുതുതായി ജോയിൻ ചെയ്തത്. പ്രായം നന്നേ കുറവാണ്. പഠനം കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചതേയുള്ളു.

ആദ്യ ക്ലാസ്സിൽ തന്നെ മിത്രയെ ശ്രദ്ധിച്ചതാണ്. ഒരു അദ്ധ്യാപകന്റെ ആദ്യ ക്ലാസ്സിൽ തന്നെ നോട്ടപ്പുള്ളി ആവുന്ന കുട്ടിയുടെ പിന്നീടുള്ള അവസ്ഥ കൂടുതൽ വിശദീകരിക്കണ്ടല്ലോ.

മിത്രയ്ക്ക് ലക്ഷ്മൺ സർന്റെ ക്ലാസ്സ്‌ ഒരു പേടി സ്വപ്നം ആയി. തന്നെ നാണം കെടുത്താൻ എന്നും എന്തേലും പറയുത് പതിവായി.

അടുത്ത ദിവസം ഊണ് കഴിഞ്ഞു ബെൽ അടിച്ചപ്പോൾ…”” ഡി ശ്രുതി… ഇത് ഏതാ പീരിയഡ്. എനിക്കാണേൽ ഉറക്കം വന്നിട്ട് വയ്യ “” മിത്ര പറഞ്ഞു.

“” ആ ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞുള്ള പീരിയഡ് ആർക്കാ ഡീ ഉറക്കം വരാത്തെ. പിന്നെ സാരമില്ല നിന്റെ ഉറക്കം ഇപ്പോൾ പൊയ്ക്കോളും. ഈ പീരിയഡ് മാത്‍സ് ആണ്.

നിന്റെ ഫേവറേറ്റ് സാർ. പോരാത്തേന് ഇന്ന് മിക്കവാറും പേപ്പർ കറക്റ്റ് ചെയ്തു കിട്ടും. “” ശ്രുതി പറഞ്ഞതും മിത്രയുടെ നെഞ്ച് ഇടിക്കാൻ തുടങ്ങി.

എക്സാമിന് ഒന്നും എഴുതിയിട്ടില്ല. ക്ലാസ്സിൽ മിക്കവർക്കും എളുപ്പം ആയിരുന്നു എന്നാ കേട്ടത്. കഴിഞ്ഞ എക്സാമിനെ കുറെ കേട്ടതാ സാറിന്റെ വായിൽ നിന്ന്. ഇന്ന് തന്റെ കാര്യം പോക്കാ. അവൾ മനസ്സിൽ ഉറപ്പിച്ചു.

അവൾ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. ക്ലാസ്സിൽ വന്ന ലക്ഷ്മൺ എല്ലാവർക്കും പേപ്പർ കൊടുത്തിട്ട് മിത്രയുടേത് മാത്രം അവസാനത്തേക്ക് മാറ്റി. മിത്രയുടെ നെഞ്ച് പടപാടാന്ന് ഇടിക്കാൻ തുടങ്ങി.

“” എല്ലാർക്കും പേപ്പർ കിട്ടിയല്ലോ അല്ലേ. ആർക്കേലും മാർക്ക്‌ കൂട്ടിയതിൽ മിസ്റ്റേക്ക് ഉണ്ടോ എന്ന് നോക്ക്. ഇനി ആർക്കേലും പേപ്പർ കിട്ടാൻ ഉണ്ടോ “” ലക്ഷ്മണൻ ചോദിച്ചത് കേട്ട് മിത്ര വല്ലാതെയായി.

“” ഓഹ് സോറി. മാഡത്തിന്റെ പേപ്പർ മറന്നു. അല്ല ഓർമ്മിക്കാൻ മാത്രം ആ പേപ്പറിൽ എന്തേലും വേണ്ടേ “” ലക്ഷ്മൺ ടേബിളിൽ ഇരുന്ന അവളുടെ പേപ്പർ കയ്യിൽ എടുത്തുകൊണ്ട് പറഞ്ഞു. ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങി.

“” ഞാൻ നിങ്ങൾക്ക് ഇമ്പോര്ടന്റ്റ്‌ ചോദ്യങ്ങൾ തന്നിട്ട് അതിൽ നിന്ന് മാത്രം അല്ലേ പരീക്ഷയ്ക്ക് ചോദിച്ചത്. ദേ എല്ലാ വിഷയത്തിലും തോറ്റ അർജുൻ വരെ ആദ്യമായിട്ട് മാത്‍സ് ജയിച്ചു. അല്ലെടാ അർജുനേ “” ലക്ഷ്മൺ സർ ചോദിച്ചത് കേട്ട് അർജുൻ ഇളിച്ചു കാണിച്ചു.

“” പിന്നെ തനിക്ക് മാത്രം എന്താടോ പ്രശ്നം. താൻ ബാക്കി സബ്ജെക്ട് എല്ലാം ജയിക്കുന്നുണ്ടല്ലോ.

ഇതിന് മാത്രം എന്താ. ഇനി ക്ലാസ്സിൽ എടുക്കുന്നത് മനസിലാകാഞ്ഞിട്ടാണെൽ എന്നോട് വന്നു ചോദിച്ചാൽ പറഞ്ഞു തരാം എന്ന് ഞാൻ കഴിഞ്ഞ തവണ പറഞ്ഞതല്ലേ.

എന്നിട്ട് ഇത്രേം ദിവസം താൻ എന്നെ വന്നു കണ്ടോ. അപ്പൊ തനിക്ക് ഡൌട്ട് ഒന്നും ഇല്ല. അത്ര ബ്രില്ലിയന്റ് ആയിട്ട് ആണോ താൻ പിന്നേം തോറ്റത്. ” ലക്ഷ്മൺ ചോദിച്ച കേട്ട് മിത്ര ഒന്നും മിണ്ടിയില്ല.

“” എടോ തനിക്ക് മനസിലാകാഞ്ഞിട്ടോ ബുദ്ധി ഇല്ലാഞ്ഞിട്ടോ ആണെങ്കിൽ ഞാൻ ഒന്നും പറയില്ലായിരുന്നു. ഇത് തനായിട്ട് കളയുന്നതാ. തന്നെ മാത്‍സ് ജയിപ്പിക്കാവോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ “” ലക്ഷ്മൺ തീരുമാനിച്ചു ഉറപ്പിച്ച പോലെ പറഞ്ഞു.

“” താൻ ബുക്ക്‌ എടുത്തു ഇവിടെ വന്നു ഇരിക്ക് “” ലക്ഷ്മൺ തന്റെ ടെബിളിനരികിലേക്ക് ഒരു കസേര വലിച്ചു ഇട്ടിട്ട് പറഞ്ഞു.

മിത്ര ബുക്ക്‌ എടുത്തു അവിടെ വന്നു ഇരുന്നു. അവൾക്ക് ആകെ ബുദ്ധിമുട്ട് തോന്നി തുടങ്ങി

“” നിങ്ങൾ ഞാൻ തരുന്ന പ്രോബ്ലം ചെയ്തു നോക്ക്.എനിക്ക് ഇച്ചിരി പണി ഉണ്ട് ഇവിടെ “” ലക്ഷ്മൺ ബാക്കി കുട്ടികൾക്ക് രണ്ട് ചോദ്യം കൊടുത്തിട്ട് മിത്രയുടെ അരികിൽ വന്നു ഇരുന്നു.

അവൻ അവൾക്ക് ബേസിക് ആയിട്ട് ഉള്ള കാര്യങ്ങൾ മുതൽ പറഞ്ഞു കൊടുത്തു. സിമ്പിൾ ആയിട്ട് ഉള്ള ചോദ്യങ്ങൾ പഠിപ്പിച്ചു കൊടുത്തു.

അവൾക്ക് പഠിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലാക്കി നല്ല ക്ഷമയോടെ ആണ് ലക്ഷ്മൺ പെരുമാറിയത്. അശ്രദ്ധ കാരണം തെറ്റ് വരുമ്പോൾ പേന കൊണ്ട് അവൻ അവളുടെ വിരലിൽ കൊട്ടും. മിത്രയ്ക്ക് എങ്ങനെയെങ്കിലും ക്ലാസ്സ്‌ ഒന്ന് കഴിഞ്ഞാൽ മതി എന്ന് ആയി.

കാരണം ചെയ്യുന്നത് തെറ്റുമ്പോൾ അവൻ അവളെ വഴക്ക് പറയുകയോ പേന കൊണ്ട് കൊട്ടുകയോ ചെയ്യുന്നത് കുട്ടികൾ ശ്രദ്ധിക്കുന്നത് അവൾക്ക് നാണക്കേട് തോന്നുന്നുണ്ടായിരുന്നു.

അങ്ങനെ കുറച്ചു ദിവസം കടന്നു പോയി. സാറിന്റെ ശല്യം കൊണ്ട് മാത്രം മാത്സിന് ഇത്തിരി പുരോഗമനം വന്നെങ്കിലും മിത്രയുടെ മനസ്സിൽ ലക്ഷ്മൺ ഒരു ശല്യമായി മാറുകയായിരുന്നു. അവൾക്ക് മാത്‍സ് ക്ലാസ്സ്‌ അരോചകമായി മാറുന്നുണ്ടായിരുന്നു.

അതിനോടൊപ്പം ചില കുട്ടികൾ ലക്ഷ്മൺ സാറിന് മിത്രയോട് പ്രണയം ആണ് അതിനാൽ ആണ് ഇങ്ങനെ സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കുന്നത് എന്നും അടക്കം പറച്ചിൽ തുടങ്ങി. ഇതും മിത്രക്ക് ദേഷ്യം ആയി.

എന്തിനാണ് സർ തന്നെ മാത്രം ഇങ്ങനെ ശ്രദ്ധിക്കുന്നത് എന്ന് ഓർത്ത് അവൾക്ക് വല്ലാതെയായി.

അങ്ങനെ കുറച്ചു മാസങ്ങൾ കൂടെ ഇതുപോലൊക്കെ കടന്നു പോയി. ലക്ഷ്മണൻ നന്നായി തന്നെ എല്ലാവർക്കും ക്ലാസ്സ്‌ എടുത്തു. പ്ലസ് ട്യൂവിന്റെ മോഡൽ എക്സാം വരവായി.

“”മിത്ര…. താൻ പിന്നെയും ബാക്ക് ബെഞ്ചിലേക്ക് കുടിയേറിയോ. തന്റെ കൂടെ ഇരിക്കുന്നവർ കളിച്ചു ചിരിച്ചു ഇരുന്നിട്ട് മാർക്ക്‌ വാങ്ങുന്നുണ്ടല്ലോ. എത്ര പറഞ്ഞാലും മനസിലാകില്ല. നാളെ അല്ലേ മാത്‍സ് എക്സാം. ജയിക്കോ ഇയാള് “”

ലക്ഷ്മൺ ദേഷ്യപ്പെട്ടു. എത്ര പറഞ്ഞിട്ടും വീണ്ടും ബാക്ക് ബെഞ്ചിൽ ചെന്നിരുന്ന കണ്ട് ലക്ഷ്മണ് സഹിക്കാൻ ആയില്ല. എക്സാമിന്റെ തലേ ദിവസം കൂടെ ആയതിനാൽ ആണ് ഇത്ര ദേഷ്യം തോന്നിയത്.

അവൻ നാളത്തെ എക്സമിനു ചോദിക്കാൻ സാധ്യത ഉള്ള ചില ചോദ്യങ്ങൾ എല്ലാവർക്കും കൊടുത്ത ശേഷം സംശയം ഉള്ളവർക്ക് ഒക്കെ അരികിൽ ചെന്നിരുന്നു ക്ലിയർ ചെയ്തു കൊടുക്കുക ആയിരുന്നു .മിത്രയുടെ അരികിൽ വന്നപ്പോൾ അവൾ അത് ചെയ്യാൻ അറിയാതെ ഇരിക്കുന്നു.

സംശയം ഉണ്ടേൽ തന്നെ വിളിച്ചു ചോദിക്കണ്ടേ എന്ന് ഓർത്താണ് ലക്ഷ്മൺ ഇത്രയും ദേഷ്യം പ്രകടിപ്പിച്ചത്. പകരം മിത്ര അതിലൊന്നും താല്പര്യം ഇല്ലാത്തപോലെ ബെഞ്ചിൽ പടവും വരച്ചു ഇരിക്കുന്നത് കണ്ട് അവന് സഹികെട്ടു.

“” ഇയാള് ഇപ്പോൾ കുറച്ചു ഭേദം ആയി വരുന്നതാ. പക്ഷേ ഞാൻ നിർബന്ധിച്ചിട്ട് അല്ലാതെ സ്വയം തോന്നുന്നില്ലല്ലോ. ഇപ്പോൾ ഒന്ന് ശ്രമിച്ചാൽ ജയിക്കാൻ പറ്റും എന്ന് ഉറപ്പാ.

പക്ഷേ ഈ ഇരിപ്പ് ആണേൽ താൻ മോഡൽ ക്സാമിന്നും തോൽക്കും ഫൈനൽ എക്സാമിനും തോൽക്കും. ഇയാൾ ഒരു കാര്യം ചെയ്യ്. നാളെ അല്ലേ മോഡൽ. ഇന്ന് ഈവെനിംഗ് ബെൽ അടിച്ചാൽ ഉടനെ വീട്ടിലേക്ക് ഓടേണ്ട.

ഈ പ്രോബ്ലം ചെയ്തു കാണിച്ചിട്ട് പോയാൽ മതി. വീട്ടിൽ എത്തിയിട്ട് ഇരുന്ന് പഠിക്കാൻ ഒന്നും അല്ലല്ലോ. തന്നെ ജയിപ്പിക്കാവോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ “” ലക്ഷ്മൺ തീരുമാനിച്ചു ഉറപ്പിച്ച പോലെ പറഞ്ഞു.

“” ശോ ഇങ്ങേരെക്കൊണ്ട്. ഇയാളെ മിക്കവാറും ഞാൻ കൊല്ലും. എനിക്ക് വയ്യ ഇങ്ങനെ കിടന്നു കഷ്ടപ്പെടാൻ. ശെരിക്കും മടുത്തെടി. മിക്കവാറും ഞാൻ ഒരു പണി കൊടുക്കും “”മിത്ര അരികിലിരുന്ന ശ്രുതിയോട് പറഞ്ഞു.

“” പണി കൊടുക്കാൻ ആണേൽ ഞാൻ ഒരു ഐഡിയ പറയട്ടെ. നിന്നോട് സാർ മോശം ആയി പെരുമാറി എന്ന് പറ. ആള് നാണം കെടും. ഇതിലും വല്യ ഒരു പണി കൊടുക്കാൻ ഇല്ല “” ശ്രുതി പറഞ്ഞു.

“” നീ എന്ത് പ്രാന്ത ഈ പറയുന്നേ. നടക്കണ കാര്യം വല്ലതും പറ “”മിത്ര പറഞ്ഞു.

“” എന്താടി നടക്കത്തെ. ഇന്നാണെങ്കിൽ അതിന് പറ്റിയ സമയവും. നിന്നോട് മാത്രം ആയിട്ട് വൈകിട്ട് നിൽക്കാൻ പറഞ്ഞില്ലേ.

പോരാത്തേന് അങ്ങേർക്ക് നിന്നോട് ഒരു നോട്ടം ഉണ്ട് എന്ന് പയ്യന്മാർ ഒക്കെ പറച്ചിൽ ഉണ്ട്. അപ്പൊ നീ ഇങ്ങനെ പറഞ്ഞാൽ എല്ലാരും വിശ്വസിക്കും. “” ശ്രുതി പറഞ്ഞത് കേട്ട് അത് ശെരിയാണല്ലോ എന്ന് മിത്രയ്ക്കും തോന്നി.

അന്ന് വൈകിട്ട് മിത്ര സർ പറഞ്ഞ പോലെ ക്ലാസ്സിൽ ഇരുന്നു. സ്കൂളിൽ സെക്കന്റ്‌ ട്രിപ്പ്‌ ബസിൽ പോകുന്ന കുട്ടികൾ ഒക്കെ ഉള്ളതിനാൽ അവിടെ ഒരു ആളനക്കം ഒക്കെ ഉണ്ടായിരുന്നു. ലക്ഷ്മണൻ നാളത്തേക്ക് ഉള്ള കുറെ ചോദ്യങ്ങൾ അവളെക്കൊണ്ട് ചെയ്യിപ്പിച്ചു.

അവൾ മനസ്സിൽ ശ്രുതി പറഞ്ഞ കാര്യങ്ങൾ കണക്ക് കൂട്ടുകയായിരുന്നു.”” ഹാ ഇപ്പോൾ പറഞ്ഞതല്ലേ ഉള്ളു സൈൻ ശ്രദ്ധിച്ചു കണക്ക് ചെയ്യാൻ. പ്ലസും മൈനസും കണ്ടാൽ അറിയില്ലേ. “” വീണ്ടും തെറ്റിയത് കണ്ട് കൈ വീശി ഒരു അടി കൊടുത്തുകൊണ്ടാണ് ലക്ഷ്മൺ അത് പറഞ്ഞത്.

“” എടോ എട്ടാം ക്ലാസ്സിലെ പിള്ളേർ പോലും ഇത് തെറ്റിക്കില്ലല്ലോ. ഇങ്ങനെ പോയാൽ താൻ ഇത്രയും കഷ്ടപ്പെട്ട് ചെയ്തിട്ട് ഒരു കാര്യോം ഇല്ല.

ആദ്യ സ്റ്റെപ്പിൽ തന്നെ അൻസർ തെറ്റും. “” അവൻ അത് പറയുമ്പോഴും അവൾക്ക് അവനോടുള്ള ദേഷ്യം കൂടുകയായിരുന്നു.

ശ്രുതി പറഞ്ഞ പോലെ തന്നെ ചെയ്യാം എന്ന് അവൾ ഉറപ്പിച്ചു. അവൻ ഇതൊന്നും അറിയാതെ അവൾക്ക് വീണ്ടും ഓരോന്ന് പഠിപ്പിച്ചു കൊടുത്തുകൊണ്ട് ഇരുന്നു.

“” ദേ സെക്കന്റ്‌ ട്രിപ്പ്‌ ബസ് എടുത്തല്ലോ. മതി നമുക്ക് ഇറങ്ങാം. ഇയാൾ എങ്ങനാ പോണേ “” ലക്ഷ്മൺ ചോദിച്ചു”” ബസിൽ ആണ്. “” അവൾ പറഞ്ഞു.

“” ബസ് ഒക്കെ ഇനി കിട്ടോ. വീട് ഒത്തിരി ദൂരെ ആണോ. ഫ്രണ്ട്സ് ഒക്കെ പോയില്ലേ “” അവൻ ചോദിച്ചു

“”വീട് സെന്റ്. തോമസ് കോളേജ് കഴിഞ്ഞു കുറച്ച് അടുത്ത. ഞാൻ പൊയ്ക്കോളാം. ലേറ്റ് ആവും എന്ന് വീട്ടിൽ വിളിച്ചു പറഞ്ഞായിരുന്നു “”മിത്ര വല്യ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.

“” ആഹാ അത് വഴി ആണോ. എന്നാൽ ഞാൻ കൊണ്ടാക്കാം. ഇനി ഒറ്റയ്ക്കു പോണ്ട “” ലക്ഷ്മൺ പറഞ്ഞു.മനസില്ല മനസോടെ ആണ് മിത്ര കാറിലേക്ക് കയറിയത്.

സെന്റ്. തോമസ് കോളേജിന്റെ അരികിൽ ലക്ഷ്മൺ കാർ ഒതുക്കി. ഒരു പെൺകുട്ടി വന്നു കാറിന്റെ മുൻ സീറ്റിൽ കയറി.

“” എത്ര നേരമായി വെയിറ്റ് ചെയ്യുവാ. ചേട്ടന്റെ ഒരു സ്പെഷ്യൽ ക്ലാസ്സ്‌.. ആ ഇതാണല്ലേ ചേട്ടൻ എപ്പോഴും പറയാറുള്ള മിത്രക്കുട്ടി “” ആ പെൺകുട്ടി പിൻ സീറ്റിലേക്ക് തിരിഞ്ഞു അവളെ നോക്കി ചിരിച്ചു.

ഇതാരാ. തന്നെ എങ്ങനെ അറിയാം എന്നൊക്കെ ആലോചിച്ചു മിത്ര അവളെ നോക്കുകയാണ്.

“” എടോ ഇത് എന്റെ അനിയത്തിയാ. ലാവണ്യ.ഇവിടെ B.A സെക്കന്റ്‌ ഇയർ പഠിക്കുന്നു.”” ലക്ഷ്മൺ പറയുന്ന കേട്ട് മിത്ര വാടിയ ഒരു പുഞ്ചിരി ലാവണ്യയ്ക്ക് സമ്മാനിച്ചു.

“”ചിരിക്ക് ഒരു വോൾടേജ് ഇല്ലല്ലോ. എന്ത് പറ്റി സാർ കുട്ടിയെ വല്ലാണ്ട് പഠിപ്പിച്ച കോളുണ്ടല്ലോ.”” ലാവണ്യ കളിയാക്കി. മിത്ര അപ്പോഴും ഒന്നും മിണ്ടിയില്ല.”” ഞാനോ. ഞാൻ ഒരു പാവം അല്ലേ ലച്ചൂ “” ലക്ഷ്മൺ ലാവണ്യയോട് ചോദിച്ചു

“” പിന്നേ എന്റെ ചേട്ടനെ എനിക്ക് അറിയില്ലേ. ഇത്രേം പാവം പിടിച്ച ഒരു മാത്‍സ് അധ്യാപകൻ വേറെ ഇല്ല. എന്നേം പ്ലസ് ടു വരെ ഇയാള് തന്നെ അല്ലേ പഠിപ്പിച്ചേ.

ഡിഗ്രിക്കും കൂടെ സഹോദരന്റെ ആക്രമണം സഹിക്കാൻ വയ്യാഞ്ഞിട്ട ഞാൻ മാത്‍സ് ഇല്ലാത്ത വിഷയം നോക്കി എടുത്തേ.

കേട്ടോ മിത്രേ ഞങ്ങൾ വീട്ടിൽ എന്തേലും കാര്യത്തിൽ അടികൂടിയാൽ അന്ന് രാത്രി എന്നെ പഠിപ്പിക്കാൻ ഇരിക്കുമ്പോൾ ആണ് നേരത്തെ ഞാൻ കൊടുത്തതിനു ഒക്കെ പ്രതികാരം ചെയ്യുന്നേ.

അച്ഛനും അമ്മേം സാറിന്റെ സൈഡ് “” ലാവണ്യ ഡ്രൈവിങ് സീറ്റിൽ ഇരുന്ന ലക്ഷ്മനെ ചെറുതായി തള്ളിക്കൊണ്ട് പറഞ്ഞു.

“” ലച്ചു അടങ്ങി ഇരി. ഡ്രൈവ് ചെയുന്ന കണ്ടില്ലേ. ലക്ഷ്മൺ ശാസനയോടെ പറഞ്ഞു”” അതേ ചേച്ചിക്ക് എന്നെ എങ്ങനെ അറിയാം. ” മിത്ര ചോദിച്ചു

“”അതോ… നിന്റെ സാർ എന്നും വീട്ടിൽ വന്നു പറയും.എനിക്ക് പകരം ഒരാളെ കിട്ടിയിട്ടുണ്ടെന്ന് “” അവൾ പറഞ്ഞത് മനസിലാകാതെ മിത്ര നോക്കി

“” എടോ. പ്ലസ് ടു വരെ എന്നോട് ആയിരുന്നില്ലേ ഗുസ്തി പിടുത്തം. ഞാൻ ഡിഗ്രിക്ക് സബ്ജെക്ട് മാറ്റി പണി കൊടുത്തപ്പോൾ ആളിന് ഭയങ്കര ബോർ അടി ആയിരുന്നു. അപ്പോഴാണ് സ്കൂളിൽ ജോലി കിട്ടിയത്.

വന്ന ആദ്യ ദിവസം മുതൽ മിത്രയുടെ കാര്യം പറയുമായിരുന്നു. ആദ്യം ഒക്കെ ക്ലാസിൽ ശ്രദ്ധിക്കൂല ഒരു വക പഠിക്കൂല എന്നൊക്കെ പറഞ്ഞു ജോലി ഭാരത്തിന്റെ കേട്ട് അഴിക്കുമ്പോഴാ തന്റെ പേര് പറയണേ.

പിന്നേ പിന്നേ ലക്ഷ്മൺ സാറിന്റെ പെറ്റ് ആയില്ലേ താൻ. മിത്ര അല്ലേ എന്റെ ചേട്ടന്റെ ഫേവറേറ്റ് സ്റ്റുഡന്റ്. തന്നെ എങ്ങനേലും പ്ലസ് ടു പാസ്സ് ആക്കണം എന്ന ഒറ്റ ലക്ഷ്യം ആയിട്ടാ ഇപ്പോൾ നടപ്പ്.

താൻ കുറച്ചു ഒന്ന് ഇമ്പ്രൂവ് ആയതും ചേട്ടന്റെ കയ്യിൽ നിന്ന് ഇടയ്ക്ക് ഇടയ്ക്ക് ഓരോന്ന് വാങ്ങിക്കൂട്ടുന്നതും എല്ലാം വീട്ടിൽ പറയാറുണ്ടെന്നേ. തന്നെ എനിക്ക് മാത്രം അല്ല വീട്ടിൽ എല്ലാവർക്കും അറിയാം. “” ലച്ചു പറയുന്നത് കേട്ട് മിത്ര കണ്ണ് തള്ളി ഇരിക്കുകയാണ്.

“” ബാക്കി ഞാൻ പറയാം. മിത്രയ്ക്ക് അറിയോ ലച്ചുവിന് തന്നോട് ചെറിയ കുശുമ്പ് ഒക്കെ ഉണ്ട്. ഞാൻ ഇയാളുടെ പേര് പറയുമ്പോൾ ഇവളുടെ മുഖം കാണണം “” ലക്ഷ്മണ് ലാവണ്യയെ നോക്കി.

“” അത് പിന്നേ ഇടയ്ക്ക് ഒരു ദിവസം പറയുവാ അമ്മ ചോദിച്ചു നീ എന്തിനാ ഡാ ആ കൊച്ചിനെ ഇങ്ങനെ ഉപദ്രവിക്കണേ. അത് പഠിക്കെയോ കളിക്കയോ എന്താണ് എന്ന് വച്ചാൽ ചെയ്തോട്ടെ എന്ന്. അപ്പൊ പറയുവാ മിത്ര എനിക്ക് സ്വന്തം അനിയത്തിക്കുട്ടിയെ പോലെയാ എന്ന്.

അതാ ഞാൻ അവളെ കൂടുതൽ ശ്രദ്ധിക്കുന്നത് . അവളെ തോൽക്കാൻ ഞാൻ സമ്മതിക്കില്ല എന്ന്. അപ്പൊ ഞാൻ ഇയാളുടെ ആരാ. പിന്നേ എപ്പോ തന്റെ കാര്യം പറഞ്ഞാലും ഞാൻ ചൊറിയും…

പിന്നേ എടോ തമാശയ്ക്ക് ആണേ. അല്ലാണ്ട് എനിക്ക് അസൂയ ഒന്നും ഇല്ല ചേട്ടൻ തന്നെ അനിയത്തി ആയിട്ട് കാണുന്നേൽ “” ലാവണ്യ പറഞ്ഞത് കേട്ട് മിത്ര വല്ലാണ്ട് ആയി.

ഇത്ര നാള് തന്നോട് എന്തോ ദേഷ്യം ഉള്ളത് കൊണ്ട് ആണ് തന്നെ മാത്രം ടോർചർ ചെയ്യുന്നത് എന്ന് കരുതി വെറുത്തതാണ് ലക്ഷ്മൺ സാറിനെ. ആ വെറുപ്പ് വളർന്നു വളർന്നു എന്തൊക്കെ ആണ് താൻ ചിന്തിച്ചത്.

എന്നെ ഇത്ര കണ്ട് സഹോദരി ആയി കാണുന്ന സാർ തന്നെ മറ്റൊരു കണ്ണിൽ കണ്ട് എന്ന് പറഞ്ഞു അപമാനിക്കുന്നതിനെ പറ്റി ചിന്തിച്ചത് ഓർക്കുമ്പോൾ തന്നെ അവൾക്ക് സ്വയം വെറുപ്പ് തോന്നി. താൻ അത് ചെയ്തിരുന്നെങ്കിൽ ഒരു മഹാപാപം ആയേനെ. അവൾക്ക് ആലോചിക്കുംതോറും തല കറങ്ങി.

“” ചേട്ടാ… ഐസ്ക്രീം.. പ്ലീസ് പ്ലീസ് പ്ലീസ് “” ലച്ചു കാറിൽ ഇരുന്ന് കൊഞ്ചാൻ തുടങ്ങി.”” ഓഹ് തുടങ്ങി. നിനക്ക് ഇവിടെ എത്തുമ്പോൾ കൃത്യമായിട്ട് എങ്ങനാ ഡീ ഓർമ വരുന്നേ “” അതും പറഞ്ഞു ലക്ഷ്മൺ കാർ നിർത്തി ഐസ്ക്രീം മേടിക്കാൻ പോയി. ലച്ചുവിനും മിത്രയ്ക്കും ഓരോ ഐസ്ക്രീം വീതം വാങ്ങി കൊടുത്തു അവൻ കാറിലേക്ക് കയറി.

മിത്രയെ വീട്ടിൽ ആക്കി കാർ തിരിക്കുമ്പോഴും അവൻ പിറ്റേന്നത്തെ എക്സമിനു നന്നായി പഠിക്കണം എന്ന് ഓർമിപ്പിക്കാൻ മറന്നില്ല. മിത്ര സാറിനെ നോക്കി പുഞ്ചിരിച്ചു.

ലക്ഷ്മൺ ആദ്യമായ് അന്നാണ് അവൾ തന്നോട് ചിരിക്കുന്നത് കാണുന്നെ. അവനും അറിയാം അവൾക്ക് തന്നോട് ദേഷ്യം ആണെന്ന്.

പക്ഷേ അങ്ങനെ നിന്നില്ലേൽ അവൾ പഠിക്കില്ല. അതാണ് താൻ ഇങ്ങനെ സ്ട്രിക്ട് ആവുന്നത്. എന്തായാലും അവളുടെ ചിരി കണ്ടപ്പോൾ ലക്ഷ്മണും കുറച്ചു സമാധാനം ആയി.

പിന്നീട് ഉള്ള ദിവസങ്ങളിൽ മിത്ര കൂടുതൽ ശ്രദ്ധിച്ചു പഠിക്കാൻ തുടങ്ങി. തന്നെ ഇങ്ങോട്ട് വന്നു കണ്ട് സംശയങ്ങൾ ചോദിക്കുക ഒക്കെ ചെയ്യുന്ന മിത്രയിലെ മാറ്റം ലക്ഷ്മണും ശ്രദ്ധിച്ചു.

സ്ട്രിക്ട് ഒക്കെ മാറി അവളുടെ നല്ലൊരു സുഹൃത്തായി ആണ് ലക്ഷ്മൺ ഇപ്പോൾ പെരുമാറുന്നത്. പ്ലസ് ടു എക്സാം കഴിഞ്ഞു. മറ്റുള്ള വിഷയങ്ങളെക്കാളും അവൾക്ക് മാത്സിൽ തന്നെയാണ് കൂടുതൽ മാർക്ക്‌ ലഭിച്ചത്.

അവൾ ഒരു വാച്ച് ഗിഫ്റ്റ് ആയി കൊടുത്തുകൊണ്ട് ആണ് റിസൾട്ട്‌ വന്ന ദിവസം തന്റെ സാറിന് നന്ദി അറിയിച്ചത്. അവൾ ചിന്തിച്ചു കൂട്ടിയ പാപം ഇപ്പോഴും അവളിൽ കുറബോധം നിറയ്ക്കുന്നുണ്ട്.

മാത്‍സിനെ വെറുത്തു തോൽവിയുടെ വക്കിൽ നിന്ന തന്റെ സ്റ്റുഡന്റ് തുടർപഠനത്തിന് ആ മാത്‍സിന്റെ വഴി തന്നെ സ്വീകരിക്കുകയും തന്നെ പോലെ അധ്യാപന ജോലിയിൽ എത്തുകയും ചെയ്തത് അറിഞ്ഞപ്പോൾ ലക്ഷ്മൺ എന്നാ അദ്ധ്യാപകന്റെ മനസ് നിറഞ്ഞു.

ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ അവൾക്ക് തന്റെ സാറിന് കൊടുക്കാവുന്ന ഏറ്റവും നല്ല അംഗീകാരം ആയിട്ട് ആണ് മിത്രയും ആ വഴി തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *