രചന: Pratheesh
എന്റെ ഉമ്മയെ കൊന്നിട്ടാണ് അവർ
എന്റെ വീട്ടിലെക്ക് തന്നെ കയറി വന്നിട്ടുള്ളത് ”
അതു കൊണ്ടു തന്നെ എനിക്കവരെ ഇഷ്ടമേയല്ല..,ഉപ്പയുടെ രണ്ടാം ഭാര്യയെ ഞാനെന്തിനുഎന്റെ സ്വന്തം ഉമ്മയുടെ സ്ഥാനത്തു കാണണം ?
അതും എന്റെ ഉമ്മയെ വണ്ടിയിടിച്ചു കൊന്ന
ആ പിശാചിനെ ?എനിക്കു വേണ്ട ഇങ്ങിനൊരുമ്മയെ…,
അന്ന് ഞങ്ങൾ ഊട്ടിയിൽ പോയി തിരിച്ചു വരുകയായിരുന്നു ഞാൻ ക്ഷീണം കാരണം ബാക്ക് സീറ്റിൽ കിടന്നുറങ്ങുകയാണ് ഉമ്മയാണ് ഞങ്ങളുടെ കാറ് ഒാടിച്ചിരുന്നത്
ചുരത്തിലെ എട്ടാംവളവിൽവെച്ച് അശ്രദ്ധമായി ഡൈവിങ്ങിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കവേ പെട്ടന്ന് ഫോൺ കൈയ്യിൽ നിന്നുതിർന്നു വീഴുകയും അതെടുക്കാൻ അവർ
കുനിഞ്ഞതും പെട്ടന്ന് അവരുടെ കാറ് ഞങ്ങളുടെ കാറിൽ കൊണ്ടിടിക്കുകയായിരുന്നു സംഭവസ്ഥലത്തു വെച്ചു തന്നെ ഉമ്മ മരിച്ചു….!!
പിന്നീട് അവർ ഉപ്പയെ സമീപിക്കുകയായിരുന്നു ഞങ്ങൾ മൂന്നു മക്കളുടെ കാര്യവും പറഞ്ഞ്
ഉപ്പ ഞങ്ങളുടെ ഭാവിയേയോർത്ത് അതിൽ പെടുകയും ചെയ്തു…..
പിന്നെ അവർ എന്റെ ഉമ്മയേക്കാൾ വളരെ ചെറുപ്പവും നല്ല സുന്ദരിയുമായിരുന്നു
ചിലപ്പോൾ അതും ഉപ്പയേ ആകർഷിച്ചിട്ടുണ്ടാവാം…,
പക്ഷെ അന്നേ പലരും പറഞ്ഞ് എനിക്കറിയാം അന്നവർ കൊല കുറ്റത്തിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി മനപ്പൂർവ്വം തിരഞ്ഞെടുത്ത വഴിയായിരുന്നു അതെന്ന്…,
എനിക്കു താഴെയുള്ള അനിയത്തിയേയും കുഞ്ഞനിയനേയും അവർ കൈയ്യിലെടുത്തെങ്കിലും ഞാനവരെ അംഗീകരിക്കാൻ തയ്യാറായില്ല…,
അവർ കുട്ടികളാണല്ലൊ പക്ഷെ ഞാനങ്ങിനെയല്ലാല്ലൊ ഒൻപതു വയസെന്നത് എനിക്ക് പലതും ആരും പറയാതെ തന്നെ മനസ്സിലാവുന്ന പ്രായാമാണ്…,
അവർ പലപ്പോഴും പലതും പറഞ്ഞും കാണിച്ചു ഞങ്ങളെ സന്തോഷിപ്പിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും ഞാനതൊന്നും വകവെച്ചു കൊടുത്തില്ലെന്നു മാത്രമല്ല അവരെ ഒരിക്കലും എന്റെ പൊന്നുമ്മച്ചിടെ സ്ഥാനത്ത് കണ്ടതുമില്ല…,
എന്നാൽ അവരുമായ് വഴക്കിടുന്നതോ, അവരെ എതിർക്കുന്നതോ, അവരോട് തർക്കുത്തരം പറയുന്നതോ, അവര് പറയുന്നത് കേൾക്കാതിരിക്കുന്നതോ, അവരോട് ദേഷ്യത്തോടെ ചൂടായി സംസാരിക്കുന്നതോ
ഒന്നും ഉപ്പക്ക് ഒട്ടും ഇഷ്ടമല്ല…,
അതാണ് പലപ്പോഴും എന്റെ വലിയ പ്രശ്നവും സങ്കടവും..,പക്ഷെ എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഞങ്ങളുടെ ഉമ്മയുടെ മരണത്തിനു കാരണമായ അവരെ ഉപ്പ ഇത്ര കണ്ട് സ്നേഹിക്കേണ്ട കാര്യമെന്താ ?
ഇപ്പോൾ ഉപ്പക്ക് ഞങ്ങളെക്കാൾ പ്രിയം അവരെയാണ്..,കുടുംബത്തിലെ പലരും അവരെ കാണുമ്പോൾ” അവരെ കാണാൻ എന്തൊരു ഭംഗിയാ ”
എന്നൊക്കെ പറയുമ്പോൾ അവരെ കൊല്ലാന്നുള്ള ദേഷ്യം വരും എനിക്ക്…,ഒരു ദിവസം കുടുംബത്തിലെ ചിലർ അടക്കം പറയുന്നത് ഞാൻ കേട്ടു
അവർക്ക് ഒരു കുഞ്ഞുണ്ടായാൽ ഈ കുഞ്ഞുങ്ങളുടെ ഭാവി അവതാളത്തിലാവില്ലെയെന്ന് ?
അങ്ങിനെ എങ്ങാനും ഞങ്ങളെ പുറത്താക്കാൻ ശ്രമിച്ചാൽ ആ തള്ളയെയും കുഞ്ഞിനെയും അന്നന്നെ കൊല്ലുന്ന് ഞാനും തീരുമാനിച്ചു….!
ദിവസം ചെല്ലും തോറും എനിക്കവരോടുള്ള ശത്രുതയും കൂടി വന്നു
അങ്ങിനെ നാലര വർഷം കടന്നു പോയി
എന്റെ വിരോധവും പതിൻ മടങ്ങായി കൂടിയിട്ടെയുള്ളൂ…,
അന്നൊരു ദിവസം എന്റെ പ്രവർത്തി ഇത്തിരി കടന്നുപോയി..,ചെറിയപെരുന്നാളിന് (റംസാൻ) കുറച്ചു നാൾ മുന്നേ..,
എനിക്കു വേണ്ടി പെരുന്നാളിനിടാൻ അവർ പോയി വാങ്ങി കൊണ്ടു വന്ന നല്ല വില കൂടിയ പെരുന്നാൾ ഡ്രസ്സ് എനിക്കിഷ്ടപ്പെട്ടില്ലെന്നും പറഞ്ഞത് ഞാനത് വലിച്ചു കീറി….,
അതിന്റെ കാരണം എല്ലാ കൊല്ലവും ഉപ്പയാണ് ഞങ്ങൾക്ക് ഡ്രസ്സെടുക്കുന്നത് ഈ പ്രാവശ്യം ഉപ്പക്ക് തിരക്കായതിനാൽ അവരാണ് അതെടുത്തത് അതാണെന്നെ ദേഷ്യം പിടിപ്പിച്ചത്…,
എന്റ ഈ പ്രവർത്തി കണ്ടതും അവർ പെട്ടന്നുള്ള ദേഷ്യത്തിൽ എന്റെ പേര് നീട്ടി വിളിച്ചു കൊണ്ടുപറഞ്ഞു…,
സുഹാനാാാാാാ……….’നിനക്കത് ഇഷ്ടമായില്ലെങ്കിൽ മാറ്റി വാങ്ങാലോ നീയെന്തിനാ അത് കീറി നശിപ്പിച്ചത് ?
ആ പറച്ചിൽ പോലും ഇഷ്ടപ്പെടാത്ത ഞാൻ
അത് കുത്തി മടക്കി അവരുടെ മുഖത്തേക്കു തന്നെയതു വലിച്ചെറിഞ്ഞു കൊടുത്തു..,
പക്ഷെ വീടിനു വെളിയിൽ നിന്നു അകത്തേക്ക് കയറി വന്ന ഉപ്പ അതു കണ്ടു അതും കണ്ട് അങ്ങിനെ തന്നെ തന്നെ പുറത്തിറങ്ങി പോയ ഉപ്പ മടങ്ങി വന്നത് മുറ്റത്തെ പുള്ളിമരത്തിൽ നിന്നു വെട്ടിയെടുത്ത വടിയുമായിട്ടായിരുന്നു…,
കാരണം ഉപ്പക്കത്രയിഷ്ടമുള്ള അവർക്കെതിരെ ഞാൻ ചെയ്തത് ഉപ്പക്ക് ഇഷ്ടപ്പെട്ടിട്ടില്ലായെന്നത് അതിൽ നിന്നുറപ്പായി…,
അതു കണ്ട് അവർ എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവരെ വകഞ്ഞുമാറ്റി ഉപ്പയെന്നെ പൊതിരെതല്ലി….!
എന്നിട്ടും ദേഷ്യം തീരാതെ ഉപ്പയെന്നെ ഉപ്പയുടെ തന്നെ മുറിയിലിട്ട് അടച്ചുപ്പൂട്ടിയിട്ടു…!!!
കുറെ നേരം മുറിയിലെ തറയിൽ കിടന്നു ഞാൻ കരഞ്ഞു…,
അടിയുടെ വേദന കുറഞ്ഞതോടെ കരച്ചിലും നിന്നു,
പക്ഷെ ഉപ്പ വാതിൽ തുറന്നുമില്ല അതൊടെ മറ്റൊന്നും ചെയ്യാനില്ലാതെ ഞാൻ എഴുന്നേറ്റ് കട്ടിലിൽ വന്നിരുന്നു….,
ജനലിലൂടെ കടന്നുവന്ന കാറ്റിനെ നോക്കവേ പെട്ടന്ന് മേശപ്പുറത്തിരിക്കുന്ന ഉപ്പയുടെ ഡയറികളിൽ എന്റെ കണ്ണുകളുടക്കി….!!
ഉപ്പ പലപ്പോഴും അതെഴുതുന്നത് കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരാകാംക്ഷ ഇന്ന് അതിനോട് തോന്നി….,
എങ്ങിനെയെങ്കിലും സമയം പോവണമല്ലൊ എന്നോർത്താണ് അവയെ സമീപിച്ചത്….,
പതിയെ അതെടുത്ത് തുറന്നതും ഉപ്പയെന്നെ ഞെട്ടിച്ചു കളഞ്ഞു….!ആദ്യപേജിൽ തന്നെ
എന്റെ ഉമ്മച്ചിടെ ഫോട്ടോ…!
കൂടെ അടിയിൽ ഒരു കുറിപ്പും” മരണമില്ലാത്ത ഒാർമ്മകളാണ് നീ ”
ഞാനത് വായിക്കാൻ തുടങ്ങിയതോടെ ഉപ്പയെന്നെ വീണ്ടും ഞെട്ടിച്ചു…,ഉപ്പ ഡയറി എഴുതിയിരിക്കുന്നത് മറ്റുള്ളവരെ പോലെയല്ല ഒരോ ദിവസത്തെ കാര്യങ്ങളും
എന്റെ ഉമ്മയോട് ഏറ്റുപറയുന്ന പോലെയാണ് അത് എഴുതിയിരിക്കുന്നത്…,
ഒരോ ദിവസത്തെ എഴുത്തും തുടങ്ങുന്നത്
എന്റെ ഉമ്മയുടെ പേരായ
പ്രിയ സൈനബ ”
എന്ന അഭിസംബോധനയോടെയും..,കൂടാതെ കൂട്ടത്തിലെ ഒരു ഡയറി മറ്റൊരു രഹസ്യം കൂടി എനിക്ക് പറഞ്ഞു തന്നു
എന്റെ ഉമ്മ മരിച്ച ആ ദിവസം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും….!
അന്ന് സത്യത്തിൽ ഞങ്ങൾ സഞ്ചരിച്ചിരുന്ന കാറിന്റെ ബ്രേയ്ക്കാണ് നഷ്ടമായിരുന്നത്…
അതൊടെ നിയന്ത്രണം നഷ്ടമായ കാറിലെ ഞങ്ങളെയും ഉപ്പയേയും രക്ഷിക്കാൻ ഉമ്മ സ്വന്തം സൈഡ് ചേർത്തിടിച്ചു കാർ നിർത്താൻ ശ്രമിക്കുന്നതിനിടയിൽ
അവരുടെ കാറ് അതെ സൈഡിൽ കയറി വരുകയും കൈയ്യിൽ നിന്നു വീണ ഫോൺ എടുക്കാൻ തുനിഞ്ഞ അവർക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ കഴിയും മുന്നേ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു,
ഇടിയുടെ അഘാതത്തിൽ സ്റ്റിയറിംങ്ങ് നെഞ്ചിലിടിച്ചാണ് ഉമ്മച്ചി മരണപ്പെട്ടതെന്നും
അവരുടെ കാറിലെ എയർബാഗ് ആ സമയം കൃത്യമായി വിടർന്നതു കൊണ്ടാണ് അവർ പരിക്കോൽക്കാതെ രക്ഷപ്പെട്ടതെന്നും ആ ഡയറിയിലുണ്ടായിരുന്നു…,
പിന്നീട് ഹോസ്പ്പിറ്റലിലെ നിത്യസന്ദർശകയായ അവർ ഞങ്ങൾ മൂന്നു കുഞ്ഞുങ്ങളുടെ ഭാവി ഒാർത്ത് വിവാഹ വാഗ്ദാനവുമായി ഞങ്ങളുടെ ഉപ്പയെ സമീപിക്കുകയായിരുന്നെങ്കിലും
ഉപ്പ അതിനു സമ്മതിച്ചില്ല…,
അവർ ചെറുപ്പമായിരുന്നതും വിദ്യാസമ്പന്നയായിരുന്നതും അവർക്ക് മറ്റൊരു നല്ല ഭാവിയുണ്ടെന്ന് ഉപ്പക്കു തോന്നിയതു കൊണ്ടും അവരെ മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നു
എന്നിട്ടും അവർ വിട്ടു പോവില്ലെന്നു വന്നതോടെഅവൾക്കൊരു കുഞ്ഞുണ്ടായാൽ അവളുടെ കൂടുതൽ സ്നേഹവും കരുതലും ആ കുഞ്ഞിലെക്കാവും എന്നു പറഞ്ഞവരെ പിന്നെയും തിരിച്ചയച്ചു,
പിന്നെ കുറച്ചു ദിവസത്തേക്ക് അവരുടെ ശല്യം ഉണ്ടായില്ല കുറച്ചു ദിവസത്തിനു ശേഷം അവർ വീണ്ടും വന്ന് ഉപ്പയോട് പറഞ്ഞു…,
” ഞാൻ എന്റെ ശരീരത്തിൽ നിന്ന് എന്റെ ഗർഭപാത്രം നീക്കം ചെയ്തെന്നും “ഇനിയെങ്കിലും അവരെ വിശ്വസിക്കണമെന്നും സ്വീകരിക്കണമെന്നും….!
അതു കേട്ട് വല്ലാതായി പോയ ഉപ്പ
അവരെ ജീവിതത്തിലേക്ക് സ്വീകരിക്കുകയായിരുന്നത്രേ….!!
അത് വായിച്ചതും എന്റെ ഹൃദയം വല്ലാതെ നടുങ്ങി…,അതു വരെയും കരഞ്ഞതു പോലെയല്ല ഇതു വായിച്ചു തീർന്നതും ശരിക്കും ഞാൻ കരഞ്ഞു പോയി…,
കുറച്ചു കഴിഞ്ഞതും അവർ വന്നു വാതിൽ തുറന്നു” ഉപ്പ വാതിൽ പൂട്ടി താക്കോൽ ഒളിപ്പിച്ചു വെച്ചത് എവിടെയാന്ന് ഇപ്പോഴാ കണ്ടത് അതാ വാതിൽ തുറക്കാൻ വൈകിയത് മോളെ ”
യെന്നു പറഞ്ഞ് അവർ എന്റെ അരികിലെക്ക് ഒാടി വന്നതും ഞാനവരെ കെട്ടിപ്പിടിച്ച്
പിന്നേയും കരഞ്ഞു….!
ആ സമയം ഞാൻ കേട്ടു മോളെയെന്ന ശബ്ദത്തിൽ മിടിക്കുന്ന എന്റെ ഉമ്മയുടെ ഹൃദയമിടിപ്പുകൾ…” “പിന്നീട് ഒരു നോട്ടം കൊണ്ടു പോലും ഞാനെന്റെ ഉമ്മയെ വേദനിപ്പിച്ചിട്ടില്ല…!!
ഇപ്പോൾ എനിക്കറിയാം അമ്മയാവാൻ പ്രസവിക്കണമെന്നില്ല കൂടെ അതു പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുള്ള മക്കളുണ്ടായാലും മതിയെന്ന് ” ” ”
ഈ ജീവിതം എന്നു പറയുന്നത് വല്ലാത്ത ഒരത്ഭുതമാണ്…,ഒരു സ്ത്രീ തന്റെ മക്കളെയും ഭർത്താവിനെയും രക്ഷിക്കാൻ ശ്രമിച്ച് മരണത്തിനു കീഴടങ്ങുമ്പോൾ അതെ സ്ഥാനത്ത് മറ്റൊരു സ്ത്രീ
ഏതൊരു സ്ത്രീയുടെയും ആഗ്രഹമായ അമ്മയാവുക എന്ന നിർവൃതി മാറ്റിവെച്ച് മറ്റൊരു സ്ത്രീയുടെ മക്കൾക്കും ഭർത്താവിനും അമ്മയും ഭാര്യയുമാവുക….!
മരണപ്പെട്ടവർ നമ്മുക്ക് പ്രിയപ്പെട്ടവരും പുണ്യാത്മാക്കളും ആയിരിക്കാം എന്നാൽ ജീവിച്ചിരിക്കുന്നവരിലും അങ്ങിനെ ചിലരുണ്ടെന്ന് ഒാർമ്മിക്കുക…..!!!!
.
.