(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ടാ നമ്മൾ തമ്മിൽ എന്തേലും റിലേഷൻ ഉണ്ടോ… “പാതിരാത്രിയിൽ ഫോണിലേക്ക് വിളിച്ചു ആർഷ ചോദിച്ചത് കേട്ട് അമ്പരപ്പോടെ ചാടിയെഴുന്നേറ്റു അഖിൽ. പിറ്റേന്ന് അവധി ആയതിനാൽ അല്പം മദ്യപിച്ചായിരുന്നു അവൻ കിടന്നിരുന്നത് എന്നാൽ ഒരു നിമിഷം കൊണ്ട് അവന്റെ ഉറക്കച്ചടവ് മാറി. സംശയത്താൽ ഒരു
നിമിഷത്തേക്ക് മറുപടിയൊന്നും പറയാതെ മൗനമായി അവൻ. ശേഷം അപകടം മണത്തതു കൊണ്ട് തന്നെ ശ്രദ്ധാപൂർവമാണ് മറുപടി പറഞ്ഞത്.
” റിലേഷനോ നമ്മള് തമ്മിലോ.. എന്ത് റിലേഷൻ.. “” അതാണ് എനിക്കും അറിയാത്തത്.. എന്റെ കെട്ട്യോൻ പറയുന്നു നമ്മൾ തമ്മിൽ എന്തോ റിലേഷൻ ഉണ്ടെന്ന്. ലവ് ന്റെ സ്മൈലി ഒക്കെ പരസ്പരം ഇടുന്നത് അങ്ങിനെ ഉള്ളോണ്ട് ആണെന്ന്.. ”
ആ മറുപടി കേൾക്കെ താൻ സംശയിച്ചത് സത്യമായെന്ന് മനസിലാക്കി അഖിൽ
അതോടെ അവൻ കൂടുതൽ ശ്രദ്ധാലുവായി.
” അവന് എന്താ വട്ടാണോ… ഒരു സ്മൈലി ഇട്ടെന്ന് വച്ച് അത് റിലേഷൻ ആകോ.. ഫ്രണ്ട്സ് തമ്മിൽ ലവ് ന്റെ സ്മൈലി ഇടാറില്ലേ..”
മറുപടി പറയുമ്പോൾ ഒരു കാര്യം ഉറപ്പായിരുന്നു ആർഷയുടെ ഫോൺ എന്തായാലും ലൗഡ് സ്പീക്കറിൽ ആയിരിക്കും.
” ആ എനിക്ക് അറില്ല ടാ ഇവിടെ അതും പറഞ്ഞു ആകെ പുകിലാണ്… നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്നൊക്കെ ആണ് പറയുന്നേ..”
അതു പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നത് ശ്രദ്ധിച്ചു അഖിൽ.അതോടെ പ്രശ്നം അല്പം സീരിയസ് ആണെന്ന് മനസിലായി.
” ആർഷാ നീ ഫോൺ ഹസ്ബന്റിനു കൊടുക്ക് ഞാൻ സംസാരിക്കാം പുള്ളിയോട്.. തെറ്റിധാരണകൾ ഒക്കെ അപ്പോൾ തന്നെ പറഞ്ഞു തീർക്കണം.”
അഖിൽ പറഞ്ഞു നിർത്തുമ്പോൾ മറു തലയ്ക്കൽ അൽപനേരം നിശബ്ദത പടർന്നു. ഫോൺ ലൗഡ് സ്പീകർ ആയതിനാൽ തന്നെ എല്ലാം കേട്ട അയാൾ സംസാരിക്കാൻ തയ്യാറാകില്ല എന്ന് അഖിലിന് ഉറപ്പുണ്ടായിരുന്നു. അവന്റെ വിശ്വാസം തെറ്റിയില്ല.
” ഏയ്.. വേണ്ടടാ.. സംസാരിക്കുവൊന്നും വേണ്ട ഇവിടെല്ലാം ഓക്കേ ആണ്… നീ ഉറങ്ങിക്കോ ശെരിയെന്നാൽ.. മറ്റെന്നാൾ ഓഫീസിൽ കാണാം.”
അത്രയും പറഞ്ഞു കോൾ കട്ട് ആകുമ്പോൾ ആകെ ടെൻഷനിൽ ആയി അവൻ.
‘ ആർഷയ്ക്കു എന്തേലും പ്രശ്നം ആകുമോ.. ‘അതായിരുന്നു അഖിലിന്റെ പേടി.ഫോണിൽ നോക്കുമ്പോൾ സമയം പുലർച്ചെ രണ്ട് മണി.
‘ഈ സമയത്ത് ഈ കാര്യം ചോദിച്ചു അവൾ തന്നെ വിളിക്കണമെങ്കിൽ അവർ തമ്മിൽ കാര്യമായി എന്തോ പ്രശ്നം ഉണ്ട്.’
ആ സംശയം അഖിലിനെ ആകെ വലച്ചു. അരികിൽ സുഖ ഉറക്കത്തിലാണ് ഫ്രണ്ട്. അവനെ ഉണർത്താതെ പതിയെ എഴുന്നേറ്റു മുറിയുടെ ബാൽക്കണിയിൽ പോയിരുന്നു അവൻ.
‘സത്യത്തിൽ തനിക്കും ആർഷയ്ക്കും ഇടയിൽ അങ്ങനൊരു റിലേഷൻ ഉണ്ടോ.. ആരാണ് തനിക്ക് അവൾ.. ‘അന്നാദ്യമായി അതൊരു ചോദ്യമായി അഖിലിന്റെ ഉള്ളിൽ കടന്ന് കൂടി.
പ്രവാസിയായ അഖിലിന്റെ ഓഫീസിൽ രണ്ട് വർഷം മുന്നേ ഒപ്പം ജോയിൻ ചെയ്തതാണ് ആർഷ. ലേശം മെലിഞ്ഞു വെളുത്ത സുന്ദരിയായ ഒരു പെൺകുട്ടി.എപ്പോഴോ നല്ലൊരു സൗഹൃദം അവളുമായി അവനുണ്ടായി. രണ്ടാളും വിവാഹിതരാണ് അഖിലിന്റെ ഫാമിലി നാട്ടിലാണ്. ആർഷയുടെ ഭർത്താവ്
ഒപ്പമുണ്ട്. അവരുടെ സൗഹൃദം പിന്നെയും വളർന്നു. ഒരിക്കലും കാമുകീ കാമുകൻമാരല്ല പക്ഷെ ഒരു ദിവസമെങ്കിലും പരസ്പരം സംസാച്ചില്ലെങ്കിൽ പറ്റില്ലെന്ന അവസ്ഥയിൽ ആയിരുന്നു രണ്ടാളും. ആർഷയുടെ ഭർത്താവ് പലപ്പോഴും നൈറ്റ് ഡ്യൂട്ടിയിൽ ആകും ആ ദിവസങ്ങളിൽ
എല്ലാം രാത്രി സമയങ്ങളിൽ ഉറങ്ങുവോളം അവർ സംസാരിച്ചിരിക്കും. തന്റെ വിഷമങ്ങൾ എല്ലാം ഭാര്യയെക്കാൾ ഏറെ അഖിൽ പറഞ്ഞിരുന്നത് ആർഷയോട് ആണ്. അതെല്ലാം മനസിലാക്കി ആശ്വസിപ്പിക്കാൻ അവൾക്കൊരു പ്രത്യേകം കഴിവ് തന്നെയുണ്ട് എന്നവന് തോന്നീട്ടുണ്ട്.
മനസിലൂടെ അനേകം ചിന്തകൾ മിന്നി മറയവേ ആർഷയുടെ അവസ്ഥ എന്താണെന്ന് അറിയാനുള്ള ആകാംഷയേറി അഖിലിന്. ഒടുവിൽ രണ്ടും കല്പ്പിച്ചു വാട്ട്സാപ്പിൽ അവൾക്കൊരു മെസേജ് ഇട്ടു അവൻ.
‘എടോ.. എന്താ.. എന്തേലും പ്രശ്നം ഉണ്ടോ.. ‘മെസേജിനു ബ്ലൂ ടിക്ക് വീണിട്ടും അവളുടെ മറുപടി ഇല്ലാതായപ്പോൾ അഖിലിന്റെ ടെൻഷൻ ഇരട്ടിയായി. കുറച്ചു സമയം കഴിയവേ അവന്റെ ഫോണിലേക്ക് ആർഷയുടെ കോൾ വന്നു. ഏറെ ആകാംഷയിൽ ഒറ്റ റിങ്ങിൽ തന്നെ അത് അറ്റന്റ് ചെയ്തു അഖിൽ.
” ടാ.. നീ ടെൻഷൻ അടിച്ചിരിക്കുവാ അല്ലെ പേടിക്കേണ്ട ഇവിടിപ്പോ പ്രശ്നം ഒന്നുമില്ല.. നീ വെറുതെ ടെൻഷൻ ആകേണ്ട.എല്ലാം പറഞ്ഞു സോൾവ് ആക്കീട്ടുണ്ട്.”
പറഞ്ഞത് ആശ്വാസം നൽകുന്ന കാര്യമായിരുന്നെങ്കിലും അത് പറയുന്ന ആർഷയുടെ ശബ്ദം ഇടറിയിരുന്നു.
” എന്താ ആർഷാ നീ കരയുവാണോ…. സത്യം പറയ് എന്തേലും പ്രശ്നം ഉണ്ടോ അവിടെ. “അഖിലിന്റെ ടെൻഷൻ വീണ്ടും ഇരട്ടിയായി.
” ഇല്ലടാ. ഇപ്പോ ഓക്കേ ആണ്. മുന്നേ ഓരോന്ന് പറഞ്ഞു ആകെ പ്രശ്നം ആയിരുന്നു ഇപ്പോ പുള്ളിക്ക് എല്ലാം മനസിലായി. എന്നോട് സോറി ഒക്കെ പറഞ്ഞു ഏട്ടൻ ബാത്റൂമിൽ പോയേക്കുവാ. ആ സമയത്താ ഞാൻ വിളിച്ചേ… വയ്ക്കുവാണെ.. ഇനി മറ്റെന്നാൾ ഓഫീസിൽ കാണാം… തത്കാലം അങ്ങട് ഞാൻ മെസേജ് ചെയ്യാതെ ഇങ്ങട് ഒന്നും അയക്കേണ്ട…”
അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ ആ കോൾ കട്ട് ആയി. സംസാരിച്ചു മതിയായിരുന്നില്ലെങ്കിലും കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി അഖിലിന്. വീണ്ടും അവൻ അങ്ങിനെ ഇരുന്നു. മനസ്സിൽ അനേകം ഓർമ്മകൾ വന്നു കൂടി. ആർഷ ആദ്യമായി ഡ്യൂട്ടിക്ക്
വന്നത്.. ആദ്യമായി അവളുമായി സംസാരിക്കുന്നത്.. ഒരുമിച്ച് കോഫി കുടിക്കാൻ പോകുന്നത്. പാതിരാത്രിവരെ ഫോൺ ചെയ്തിരിക്കുന്നത്.. അങ്ങിനെ അനേകം അനേകം ഓർമ്മകൾ..
ഒരുപക്ഷെ ഭാര്യയിൽ നിന്നു പോലും കിട്ടാത്തൊരു കെയർ തനിക്ക് കിട്ടിയിട്ടുള്ളത് അവളിൽ നിന്നാകും..’
ഓരോന്ന് ഓർത്തിരുന്നു ഉറങ്ങിപ്പോയി അവൻ. പിറ്റേന്ന് അവധി ആയതിനാൽ വൈകിയാണ് അഖിൽ ഉണർന്നത്.
” നീ എന്താ അളിയാ ഇന്നലെ അടിച്ചു ഓഫ് ആയി ഈ കസേരയിൽ ഇരുന്ന് ഉറങ്ങിയാ.. ”
കൂട്ടുകാരന്റെ ചോദ്യത്തിന് പുഞ്ചിരി മാത്രം മറുപടിയായി നൽകി അവൻ വേഗം ഫോൺ കയ്യിലേക്കെടുത്തു.
വാട്ട്സാപ്പിൽ നോക്കുമ്പോൾ ആർഷയുടെ പതിവ് ഗുഡ് മോർണിംഗ് മെസേജ് ഇല്ലായിരുന്നു.. അതിന്റെ കാരണം അവൻ ഊഹിച്ചു. അന്നത്തെ ദിവസം പകൽ അവൾ മെസേജ് അയച്ചതെ ഇല്ല. എങ്ങനൊക്കെയോ ആ ആ പകൽ അവൻ തള്ളി നീക്കി. അതോടെ അഖിൽ തിരിച്ചറിഞ്ഞു ആർഷയോടുള്ള അവന്റെ അടുപ്പം എത്രമാത്രം ആഴത്തിലുള്ളതാണെന്ന്..
വൈകുന്നേരം ചുമ്മാ ഫോൺ കയ്യിലെക്കെടുക്കുമ്പോൾ ആണ് വീണ്ടും ആർഷയുടെ മെസേജ് കണ്ടത്.
‘ടാ പിണങ്ങല്ലേ.. ഇന്നലെ അത്രയും പ്രശ്നം ഒക്കെ ആയത് കൊണ്ട് ഇന്ന് ഞാൻ അധികം ഫോൺ ഉപയോഗിച്ചില്ല. നമുക്ക് നാളെ കാണാം. ഇവിടിപ്പോ എല്ലാം ഓക്കേ ആണ്.റിപ്ലൈ അയക്കേണ്ട. മെസേജ് ഞാൻ ഡിലീറ്റ് ആക്കുവാ ‘
ആ മെസേജ് വായിച്ചപ്പോൾ വല്ലാത്ത ആശ്വാസമായി അഖിലിന്.പിറ്റേന്ന് ഓഫീസിൽ അവൾ എത്തുന്നതും കാത്തിരുന്നു അവൻ.” എന്താണ് മോനെ.. ഇന്ന് ജോലിയൊന്നും ഇല്ലേ.. ”
വന്നപാടെ പതിവിലും ആക്റ്റീവ് ആയിരുന്നു ആർഷ.” എന്തായെടോ.. എന്തായിരുന്നു പ്രശ്നം ഇപ്പോ ഓക്കേ ആണെന്ന് പറഞ്ഞത് സത്യം ആണോ ”
കാര്യങ്ങൾ അറിയാൻ വല്ലാത്ത ആകാംഷയായിരുന്നു അവന് . അത് മനസിലായത് കൊണ്ട് തന്നെ അവനരികിലായി ചെന്നിരുന്നു ആർഷ.
” എടാ.. എന്ത് പറയാനാ നമ്മുടെ മെസേജസ് എല്ലാം ചേട്ടൻ കണ്ടു. മിസ്സ് യൂ… ലവ് യൂ.. ഉമ്മാ… അങ്ങിനെ എല്ലാം.. അപ്പോൾ തുടങ്ങിയ പുകിൽ ആണ്. ഭാഗ്യത്തിന് നിന്നെ വിളിച്ചപ്പോ നീ കൃത്യമായാ മറുപടി പറഞ്ഞെ. അതോണ്ട് എല്ലാം സെറ്റ് ആയി. ഫോൺ ലൗഡ് സ്പീക്കറിൽ ആയിരുന്നു. നിന്റെ മറുപടി എന്താകും ന്ന് എനിക്ക് നല്ല പേടി ഉണ്ടാരുന്നു ”
” എനിക്കറിയാരുന്നു ലൗഡ് സ്പീക്കർ ആകും ന്ന്. അതോണ്ട് ശ്രദ്ധിച്ചാ ഞാൻ മറുപടി പറഞ്ഞെ.. ”
അഖിലിന്റെ മറുപടി കേട്ട് പുഞ്ചിരിച്ചു അവൾ. പക്ഷെ വളരെ വേഗത്തിൽ തന്നെ ആ ചിരി മാഞ്ഞു.
” ടാ ഞാൻ ഇവിടുന്ന് പോവാ നാട്ടിലേക്ക് ഇന്ന് റെസിഗ്നെഷൻ കൊടുക്കും “” ങേ.. എന്താ ടീ എന്ത് പറ്റി “അതൊരു ഞെട്ടൽ ആയിരുന്നു അഖിലിന്.
” ഏട്ടന് ഞാൻ ഇവിടെ നിൽക്കുന്നത് ഇഷ്ടം അല്ല. സേവിങ്സ് ഒന്നും ഇല്ലെന്ന്. എനിക്കിവിടെ വല്യ സാലറി ഒന്നും ഇല്ലല്ലോ. സോ ഫ്ലാറ്റിന്റെ റെന്റ്.. ചിലവ് എല്ലാം കൂടുതൽ ആണെന്നാ പുള്ളി പറയുന്നേ.. എന്റെ സാലറിയേക്കാൾ ചിലവ് ഇപ്പോൾ ഉണ്ടെന്ന്. ഞാൻ നാട്ടിൽ
പോയാൽ പുള്ളി കമ്പനി അക്കോമഡേഷനിലേക്ക് മാറും. അവിടെ ഫുഡും ഫ്രീ ആണ് സോ കിട്ടുന്ന സാലറി സേവിങ്സ് ആണ്. അതാണ് പ്ലാൻ. ഞാൻ പിന്നെ എതിർക്കാൻ നിന്നില്ല… അതിനു പറ്റേം ഇല്ല ”
ആർഷ പറഞ്ഞു നിർത്തുമ്പോൾ ഒക്കെയും കേട്ടിരുന്ന അഖിലിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അത്രത്തോളം തകർന്നിരുന്നു അവൻ. കാരണം അവളെ പിരിയുക എന്നത് ഓർക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അഖിൽ.
” നീ എന്താ ടാ ഒന്നും പറയാത്തെ.. “ആ ചോദ്യം അവന്റെ കാതുകളിൽ ഒരു മുഴക്കമായി.” ഞാ.. ഞാൻ എന്ത് പറയാൻ.. നീ പോയാൽ… ”
അത്ര മാത്രമേ പറഞ്ഞൊപ്പിക്കുവാൻ കഴിഞ്ഞുള്ളു അഖിലിന്.അത് കേട്ട് പതിയെ എഴുന്നേറ്റു ആർഷ.
” അഖിൽ ഞാൻ ഇന്നലെ കുറെ ആലോചിച്ചു. സത്യത്തിൽ നമ്മൾ തമ്മിൽ ഉള്ള ബന്ധം എന്താണ്. പ്രേമം ആണോ.. അതോ അവിഹിതം ആണോ.. മോശമായി ഇന്നേവരെ നമ്മൾ തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല സോ അവിഹിതം അല്ല. പക്ഷെ പ്രേമം ആണോ എന്ന് ചോദിച്ചാൽ അല്ല എന്നാൽ അല്ലെ എന്ന് ചോദിച്ചാലോ.. ”
ഒന്ന് നിർത്തി അവൾ അഖിലിന്റെ മുഖത്തേക്ക് നോക്കി. മൗനമായി കേട്ടിരിക്കുകയായിരുന്നു അവൻ. അതോടെ ബാക്കി തുടർന്നു അവൾ
” ടാ ഇങ്ങനെ പോയാൽ നമ്മുടെ ബന്ധം വഴി തെറ്റും. ഒരുപക്ഷെ നമ്മുടെ രണ്ട് പേരുടെയും കുടുംബ ജീവിതത്തെ അത് ബാധിക്കും നിനക്കൊരു ഭാര്യയും കുഞ്ഞുമുണ്ട് അത് പോലെ എനിക്ക് ഏട്ടനും അവരെ ചതിക്കാൻ നമുക്ക് പറ്റില്ല. അതുകൊണ്ട് നമ്മൾ പിരിയണം. നല്ല ഓർമ്മകൾ ബാക്കി വച്ചിട്ട്.. ”
ആർഷ പറഞ്ഞു നിർത്തുമ്പോൾ അഖിലിന്റെ മുഖം കുറുകി.” എന്താ എന്താ.. നീ ഉദ്ദേശിക്കുന്നെ.. “സംശയത്തോടെ അവൻ നോക്കുമ്പോൾ പതിയെ അരികിലേക്കിരുന്നു ആർഷ.
” ഞാൻ നാട്ടിൽ എത്തിയാൾ പിന്നെ ഈ വാട്ട്സാപ്പ് നമ്പർ മാറ്റി നാട്ടിലെ ആക്കും. നീയും നിന്റെ നമ്പർ മാറ്റണം. പരസ്പരം നമ്പർ പറയേണ്ട.. ഫേസ് ബുക്ക്.. ഇൻസ്റ്റ.. എന്ന് വേണ്ട പരസ്പരം ബന്ധപ്പെടാൻ ഉള്ള എല്ലാ വഴികളും അടയ്ക്കണം.
ഇനിയും നമ്മുടെ ബന്ധം തുടർന്നാൽ ഉറപ്പായും രണ്ട് പേരുടെയും കുടുംബം തകരും അത് നൂറു ശതമാനം ഉറപ്പാണ്. അങ്ങിനെ ഒരിക്കലും സംഭവിക്കാൻ പാടില്ല അതിനായി വേദനയോടെ നമുക്ക് പിരിയാം ”
ആ കേട്ടത് കാതുകളിൽ തുളച്ചു കയറുന്ന പോലെയാണ് അഖിലിന് തോന്നിയത്.” ആർഷാ…. നിനക്ക് ഭ്രാന്ത് ആണോ.. പറ്റില്ല എനിക്ക് പറ്റില്ല.. “ചാടിയെഴുന്നേറ്റു അവൻ ആ പെരുമാറ്റം കണ്ടിട്ടും മൗനമായി ആർഷ.
“പറ്റണം.. പറ്റണം.. നിന്റെ കുഞ്ഞിന്റെ മുഖം ഒന്ന് മനസ്സിൽ ഓർത്തിട്ട് ഒരിക്കൽ കൂടി പറ്റില്ലെന്ന് പറയാൻ പറ്റോ ”
ഇത്തവണ ശെരിക്കും കുഴഞ്ഞു അഖിൽ. ശെരിയായിരുന്നു കുഞ്ഞിനെ ഓർത്ത പാടെ.. ഭാര്യയെ ഓർത്ത പാടെ ആകെ തളർന്നു പോയി അവൻ.
നിസഹായനായി ചെയറിലേക്കിരുന്നു അഖിൽ . ആ ഒറ്റ ചോദ്യത്തിൽ കാര്യത്തിന്റെ ഗൗരവം മനസിലാക്കി അവൻ. അല്പസമയത്തെ മൗനത്തിനു ശേഷം പതിയെ ആർഷയെ നോക്കി അഖിൽ .
” അപ്പൊ ഇന്ന് റെസിഗ്നെഷൻ കൊടുത്താൽ ഇനി ഒരു മാസം അല്ലെ. ആ ഒരു മാസം ആണ് നമ്മൾ ഒന്നിച്ചുള്ളത്.”
” അതെ ടാ… ഒരു മാസം.. ആ ഒരു മാസം നല്ല ഓർമ്മകൾ സൃഷ്ടിക്കാം നമുക്ക് ജീവിതകാലം മുഴുവൻ ഓർക്കാൻ കഴിയുന്ന നല്ല നല്ല ഓർമ്മകൾ ”
ആർഷ പറഞ്ഞു നിർത്തുമ്പോൾ നിസഹായനായി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ .
ഒടുവിൽ ആ ദിവസം വന്നെത്തി. ആർഷയും ഒന്നിച്ചുള്ള അവസാന ദിവസം. വല്ലാത്തൊരു വീർപ്പു മുട്ടൽ ആയിരുന്നു രണ്ട് പേർക്കും.” ടാ ഞാൻ പോയാലും നീ എന്നെ ഓർക്കോ.. ”
ആർഷയുടെ ചോദ്യം കേട്ട് പുഞ്ചിരിച്ചു അഖിൽ” നിന്നെ മറക്കണേൽ ഞാൻ ചാവണം… “ആ മറുപടി കേൾക്കെ തന്റെ മിഴികളിൽ നീരണിയുന്നത് തിരിച്ചറിഞ്ഞു ആർഷ.
” നോക്ക് അഖിൽ.. ഫസ്റ്റ് പ്രയോറിറ്റി എപ്പോഴും കുടുംബത്തിനായിരിക്കണം. നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്നവരെ ഒരിക്കലും വെറുപ്പിക്കരുത്. നമ്മുടെ ബന്ധം അതിരു കടന്നു എന്ന് മനസിലായ നിമിഷം ആണ് ഇനിയൊരു കോൺടാക്ട് വേണ്ട എന്ന് ഞാൻ തീരുമാനിച്ചത്. നീ അതെങ്ങിനെ കാണും ന്ന് എനിക്ക് അറീലായിരുന്നു പക്ഷെ നീയും എന്നെ മനസിലാക്കി അതിൽ സന്തോഷം ഉണ്ട്.”
മറുപടി പറഞ്ഞില്ല അഖിൽ. അവൾ പറയുന്നത് സത്യമാണ് എന്ന് അവനും മനസ്സിൽ ഓർത്തു.
ഫോണിലേക്ക് നോക്കി പെട്ടെന്ന് എഴുന്നേറ്റു ആർഷ” പോകാറായി ടാ.. “ആ വാക്കുകൾ കേൾക്കെ അതുവരെ ഇല്ലാത്ത ഒരു വീർപ്പുമുട്ടൽ തോന്നി അഖിലിന്.
” പോവാണ് അല്ലെ.. ഒന്ന് കെട്ടിപ്പിടിച്ചോട്ടെ നിന്നെ ഞാൻ “അവൻ ചോദിക്കുമ്പോൾ ആ മിഴികളിലേക്ക് അല്പസമയം നോക്കി നിന്നു ആർഷ ശേഷം പതിയെ അവനോട് ചേർന്നു. അവളെ ചേർത്തു പുണരുമ്പോൾ അറിയാതെ അഖിലിന്റെയും മിഴികൾ നിറഞ്ഞു. അല്പസമയം അങ്ങിനെ നിന്ന ശേഷം പതിയെ അകന്നു ആർഷ.
“പോകുവാ ടാ.. “അവനെ നോക്കി പുഞ്ചിരിച്ചു പതിയെ തിരിഞ്ഞു നടന്നു അവൾ. ഒരുവട്ടം പോലും തിരിഞ്ഞു നോക്കിയില്ല. കാരണം അതിനുള്ള ശേഷി ഇല്ലായിരുന്നു അവൾക്ക്. ആർഷ കണ്ണിൽ നിന്നും മറയുന്നത് വരെ മൗനമായി നോക്കി നിന്നു അഖിലും.
തന്നിൽ നിന്നും എന്തോ അടർന്നു പോയ ഫീൽ ആയിരുന്നു അവന്.’ അവൾ പറഞ്ഞത് ശെരിയാണ്. സ്വന്തം കുടുംബത്തെ മറന്നു കൊണ്ട് ഒന്നും പാടില്ല. അതിനും മുകളിലേക്ക് പടരുന്ന ബന്ധം ഏതായാലും മുറിച്ച് കളയുക തന്നെ വേണം ‘
അത്രയും മനസ്സിൽ ഓർത്തു കൊണ്ട് പതിയെ ഫോണിലേക്ക് നോക്കി അവൻ.വാട്ട്സാപ്പിൽ ഭാര്യയുടെ മെസേജ് നോട്ടിഫിക്കേഷൻ കണ്ടു.
‘ ഏട്ടാ.. എന്ത് ചെയ്യുവാ.. കഴിച്ചോ.. സ്ഥിരം ചെയ്യുന്ന പോലെ ജോലിയെന്നും പറഞ്ഞിട്ട് സമയത്ത് കഴിക്കാതെ ഇരിക്കല്ലേ.. ‘
ആ മെസേജ് കാൺകെ അതുവരെയും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം അവൻ മനസിലാക്കി.
‘തന്റെ കാര്യങ്ങളിൽ ഭാര്യ എടുക്കുന്ന കെയർ ഇത്രയും നാള് താൻ കണ്ടില്ലെന്ന് നടിച്ചതാണ്.. ‘
വല്ലാത്ത കുറ്റബോധത്തോടെ ഭാര്യയുടെ നമ്പറിലേക്ക് കോൾ ചെയ്ത് പതിയെ തന്റെ ചെയറിലേക്ക് ഇരുന്നു അവൻ. ഇനി മുതൽ താൻ ഒരു പുതിയ മനുഷ്യനാകും എന്ന ഉറപ്പോടെ..