അനിയൻ
(രചന: Rajitha Jayan)
“ഇനിയുമൊരു രണ്ടാം തരക്കാരനായ് എനിക്കിവിടെ ജീവിക്കണമെന്നില്ല അമ്മേ…
കുട്ടിക്കാലം മുതലേ ഞാൻ തിരിച്ചറിയുന്നുണ്ട് അമ്മയുടെ ഈ വേർതിരിവ്….
ഏട്ടനെപോലെ തന്നെ ഞാനും അമ്മയുടെ മകനല്ലേ. ..?? പിന്നെ എന്തിനാണമേ എന്നോടിങ്ങനെ??””
ഞാൻ നിന്നോട് എന്ത് വേർതിരിവാടാ നന്ദി കെട്ടവനെ കാണിച്ചിട്ടുളളത്…? പറയെടാ ?
ദാ…ഈ വിളിയില്ലേ…? നന്ദി കെട്ടവനെന്ന്? അതുപോലും അമ്മ എനിക്കായ് മാത്രം പതിച്ചു തന്നിരിക്കുകയല്ലേ..
എന്നെങ്കിലും എപ്പോഴെങ്കിലും അമ്മ ചേട്ടനെ അങ്ങനെ വിളിച്ചിട്ടുണ്ടോ…?? അവനെന്തു കാണിച്ചാലും പറഞ്ഞാലും അമ്മ പറയുക അവൻ കടിഞ്ഞൂൽ പൊട്ടനല്ലേ അതോണ്ടാണ് എന്ന്. ..
അതേ തെറ്റ് ഞാൻ ചെയ്താൽ ഞാൻ കുലം നശിപ്പിക്കാനായ് പിറന്നവൻ.. ശാപം പിടിച്ചവൻ. . എന്താമ്മേ ഞാൻ പറഞ്ഞത് ശരിയല്ലേ…??
അപ്പുവിന്റ്റെ വെട്ടിതുറന്നുളള ചോദ്യങ്ങളും പറച്ചിലും ഒരു നിമിഷം ഗീതയെ പതർച്ചയുടെ വക്കിൽ കൊണ്ടെത്തിച്ചു
” നീയിങ്ങനെ വേർതിരിവുകളെ കുറിച്ച് പറയാൻ ഇതിനുമാത്രം എന്തു പ്രശ്നമാടാ ഇവിടെ. …
എന്ത് വേർതിരിവാടാ ഇവിടെ. ..??
പ്രശ്മോ…?? വേർതിരവോ ? അതെന്താമ്മേ അങ്ങനെ ഒരു ചോദ്യം??എന്താ ഇവിടെ പ്രശ്നം ഒന്നും ഇല്ലേ .?വേർതിരിവുകൾ ഒന്നും ഇല്ലേ.?
എന്റ്റെകുട്ടിക്കാലം മുതൽ ഇന്നുവരെ ഈ വീട്ടിൽ എന്നും ചേട്ടന്റ്റെ ഇഷ്ടങ്ങൾക്കായിരുന്നു പ്രാധാന്യം.. എന്തിനേറെ ഒരു കറിപോലും അവന്റ്റെ ഇഷ്ടമനുസരിച്ച്.
എന്നും എപ്പോഴും അവന്റെ ഇഷ്ടാനുസരണം മാത്രം വസ്ത്രങ്ങൾ. ..അവൻ ഉപയോഗിച്ചു വലിച്ചറിയുമ്പോൾ മാത്രമാണ് പല വസ്തുക്കളും എനിക്കായ് എന്നിലേക്കെത്തുന്നതുപോലും…
എന്തിന് ജോലിയിലിരിക്കുമ്പോൾ മരിച്ച അച്ഛന്റെ ജോലി പോലും എന്നെക്കാൾ പഠിപ്പുകുറവുളള അവനു വാങ്ങി കൊടുത്തില്ലേ അമ്മ ?
എപ്പോഴും ഒരു രണ്ടാം തരക്കാരനായിരുന്നു ഞാൻ ഇവിടെ. ..അതിന്റെ കാരണം എന്താണമ്മേ…??
ദേ അപ്പൂ പറഞ്ഞു പറഞ്ഞു കുറെ കൂടുന്നുണ്ട് നീ…
ഒരു വീടാക്കുമ്പോൾ ചിലപ്പോൾ അങ്ങനെ ചില വേർതിരിവുകളെല്ലാം ഉണ്ടാവും. ..
അവനാണ് ആദ്യം എന്നെ അമ്മേയെന്ന് വിളിച്ചത് ആ ഒരു ഇഷ്ട കൂടുതൽ ചിലപ്പോൾ ചിലയിടത്ത് കണ്ടെന്നുവരും.. അതിവിടെ മാത്രം അല്ല എല്ലായിടത്തും അങ്ങനെയാണ്.
എന്നിട്ടെന്റ്റെ കൂട്ടുക്കാർക്കൊന്നും അങ്ങനെ ഒരു വേർതിരിവ് അവരുടെ വീട്ടിൽ ഇല്ലല്ലോ അമ്മേ…..?
”അതേടാ ഇവിടെ അങ്ങനെ ആണ്. … എനിക്കാണ് ഇവിടെ വിലകൂടുതൽ നിനക്കതിനെന്താ പ്രശ്നം. ..??
പെട്ടന്നാണ് അപ്പുവിനു നേരെ കൈവിശി കൊണ്ട് അവന്റ്റേട്ടൻ അനിൽ വന്നത്ഏട്ടാ. ….
ഞാൻ നമ്മുടെ അമ്മയോടാണ് സംസാരിക്കുന്നത്… എന്റ്റെ വിഷമങ്ങളാണ് ഞാൻ പറയുന്നത്. .. അല്ലാതെ ആരുടെയും കുറ്റങ്ങളല്ല…
നിനക്ക് കുറ്റം പറയാൻ മാത്രം ഞങ്ങളാരും നിന്നെപോലെ അധ:പതിച്ചവരല്ലല്ലോ അപ്പു….
എന്ത് അധ:പതനമാണേട്ടാ നിങ്ങളെന്നിൽ കണ്ടത്….? പറഞ്ഞു തരൂ… നിങ്ങളെനിക്ക്….
അറിയട്ടേ ഞാൻ കൂടി എന്താണ് നിങ്ങളെന്നിൽ കാണുന്ന കുറ്റങ്ങളും കുറവുകളുമെന്ന്…?
ഒന്നുമില്ലേടാ നിന്റ്റെ കുറ്റങ്ങളായ്..??രാവിലെ എണീക്കുമ്പോൾ മുതൽ നീ ചെയ്യുന്നതെല്ലാം പിന്നെ എന്താണെടാ… ??നേരം വെളുത്ത് ജോലിക്ക് പോവുന്ന സമയം വരെ ആ കവലയിലെ ചെറ്റക്കൂട്ടങ്ങളുടെ കൂടെ നാട്ടിലുളള പെണ്ണുങ്ങളുടെയും മറ്റും കുറ്റവും കുറവുംപറഞ്ഞു തുടങ്ങുന്നതല്ലേ നിന്റ്റെയെല്ലാം ഒരു ദിനം…?? അല്ലേടാ….
വൈകുന്നേരം വന്നാൽ പാതിരാത്രിവരെയും പിന്നെയും അതുതന്നെ. …
ഏട്ടന്റ്റെ വാക്കുകൾ കേട്ട് ഒരുനിമിഷം അപ്പു ഏട്ടനെയും അമ്മയെയും നോക്കി നിന്നു…പിന്നെ ഒരുനേർത്ത ചിരിയോടെ മെല്ലെ അകത്തേക്കു നടന്നു. ..
എന്താടാ ഏട്ടൻ ചോദിച്ചതിനു ഉത്തരമില്ലേ നിനക്ക്.??? മറുപടി പറഞ്ഞിട്ടുപോടാ….ഇപ്പോൾ മനസ്സിലായില്ലേ നിനക്ക് എന്താണ് നീയും അവനും തമ്മിലുള്ള വ്യത്യാസമെന്ന്…???
മനസ്സിലായമ്മേ…. ഇനിയെനിക്ക് നിങ്ങളോടൊന്നും പറയാനില്ല. പിന്നെ ഏട്ടൻ പറഞ്ഞില്ലേ കവലയിലെ ചെറ്റക്കൂട്ടങ്ങളെന്ന് അവരും ഞാനുമൊക്കെ നേരം വെളുത്താൽ പാതിരാത്രിവരെ വരെ അവിടെയിരുന്ന് പറയുന്നത് പെണ്ണുങ്ങളുടെ കുറ്റങ്ങളല്ല…
മറിച്ചു ഈ നാടിന്റെ നന്മക്കായ് ഞങ്ങളുടെ പോലുളളവർക്ക് എന്തു ചെയ്യാൻ പറ്റുമെന്നാണ്…
ഓ നാടിന്റെ നന്മ. … എന്നിട്ട് നീ യും അവന്മാരും കൂടി ഉണ്ടാക്കിയ നന്മകളൊക്കെ എവിടെ.??കാണിക്ക്?? ഞാനൊന്നു കാണട്ടെ…
എട്ടാ. … ഏട്ടനെപോലെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നൊരാൾക്ക് അതൊന്നും കാണാൻ പറ്റില്ല..
പക്ഷെ തനിക്കൊപ്പം തന്റ്റെ സമൂഹവും നന്നായിരിക്കണമെന്ന് കരുതുന്ന ഏതൊരാൾക്കും കാണാൻ കഴിയും ഏട്ടൻ പറഞ്ഞ ആ ചെറ്റക്കൂട്ടങ്ങൾ ഈ നാട്ടിൽ കൊണ്ടു വന്ന മാറ്റങ്ങൾ. .
പഞ്ചായത്ത് റോഡിന്റെ ടാറിംഗ് മുതൽ നമ്മുടെ അയൽവക്കത്തുളള ഗോപിയേട്ടന്റ്റെ അസുഖത്തിന്റ്റെ ചികിത്സാ ഫണ്ടിൽ വരെ നീളും ആ ചെറ്റക്കൂട്ടങ്ങളുടെ നന്മ. ..
എല്ലാ കവലകളിലും കാണും ഏട്ടാ ഇന്ന് ഇതുപോലെയുളള ചെറുപ്പക്കാരുടെ കൂട്ടങ്ങൾ. അവരില്ലെല്ലാവരും പരദൂഷണപ്രിയരോ സാമൂഹ്യ വിരുദ്ധരോ അല്ല. ..നാടിന്റെ നന്മയെ കരുതി സംസാരിക്കുന്നവരും ഇവിടെ മാറ്റങ്ങൾ കൊണ്ട് വരാൻ ആഗ്രഹിക്കുന്നവരുമാകും.
ചിലയിടങ്ങളിൽ മാത്രം അപൂർവ്വം ചിലരുണ്ടവാം തെറ്റായവഴികളിലൂടെ സഞ്ചരിക്കുന്നവർ….പക്ഷേ ഞങ്ങളുടെ കൂട്ടത്തിൽ അങ്ങനെയാരുമില്ല
അമ്പലങ്ങളിലെ ഉൽസവങ്ങൾമുതൽ ഒരു പുതിയ സിനിമയുടെ റീലീസിംങ് വരെ അങ്ങനെയുളള ചെറുക്കൂട്ടങ്ങളുടെ ചർച്ചയിൽ വരും. . അല്ലാതെ എന്നും എപ്പോഴും പെണ്ണല്ല എവിടെയും ചർച്ചാവിഷയം…
ഇതൊന്നും നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല കാരണം നിങ്ങളെന്നും നിങ്ങളുടെ മാത്രം ഇഷ്ടങ്ങൾക്കായ് ജീവിക്കുന്നവരാണ്…
ഞാനും ഇതുവരെ എന്റെ സ്വപ്നങ്ങൾ നേടിയെടുക്കാതെ നിങ്ങളെനിക്ക് വലിച്ചെറിഞ്ഞു തരുന്ന നിങ്ങളുടെ ബാക്കികളിൽ മാത്രം ജീവിച്ചവനായിരുന്നു ..പക്ഷേ ഇനിയതില്ല …
എനിക്ക് നേടണം … എന്റ്റേതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും. .ആ പറഞ്ഞത് മനസ്സിലായില്ലെടാ…ഒന്നൂടെ പറഞ്ഞേ …. .പരിഹാസപൂർവ്വം അപ്പുവിനെ നോക്കി അനിൽ ഉറക്കെ ചോദിച്ചു
ഇനി പറയലുകൾ ഇല്ലേട്ടാ… നേടിയെടുക്കലുകൾ മാത്രമേയുള്ളൂ. ..എന്നും എപ്പോഴും ഏട്ടൻ മാത്രം വിജയിയാവുന്നത് ശരിയല്ലല്ലോ…?
ഓ…….നമ്മുക്ക് കാണാടാ. … നീയെന്താണ് എന്നെ തോൽപ്പിച്ച് നേടിയെടുക്കുന്നതെന്ന്…
ഏട്ടന്റ്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി മറുപടി നൽകി അപ്പു അകത്തേക്ക് പോയപ്പോൾ അനിലും അമ്മയും അറിഞ്ഞില്ല അവനെന്തായിരുന്നു തങ്ങൾക്ക് കരുതി വെച്ച തോൽവിയെന്ന്..
എന്തായിരുന്നു അവന്റെ ജയമെന്ന്…കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാവിലെയാണ് അപ്പു തനിയ്ക്കായ് കരുതിയ തോൽവിയെന്തെന്ന് അനിൽ തിരിച്ചറിഞ്ഞത്..
അനിലുമായ് വിവാഹം പറഞ്ഞുറപ്പിച്ച അമ്മാവന്റെ മകൾ ആതിരയുടെ കഴുത്തിൽ താലി ചാർത്തി അവളെ ഭാര്യയാക്കി അപ്പു വീട്ടിലെത്തിയപ്പോൾ മാത്രം.
പകച്ചന്തംവിട്ടു തന്നെ തന്നെ നോക്കുന്ന അമ്മയെയും ഏട്ടനെയും ഒരു വിജയിയുടെ ചിരിയോടെ അപ്പു നേരിട്ടു….
“”കുഞ്ഞുനാൾ മുതലേ എന്റെ മനസ്സിൽ കയറി കൂടിയവളാണ് ആതിര… ഇവൾക്കുമതേ, ഞാനെന്നുവെച്ചാൽ പ്രാണനാണ്…
അമ്മയ്ക്കത് അറിയുകയും ചെയ്യാം. .അല്ലേ അമ്മേ….അപ്പുവിന്റ്റെ ചോദ്യം കേട്ട ഗിരിജ ഒന്നും മിണ്ടാതെ തലതാഴ്ത്തി..
ഒരു സർക്കാർ ജോലിക്കാരുനു മാത്രമേ അമ്മാവൻ ഇവളെ നൽക്കുകയുളളു… നിർഭാഗ്യ വശാൽഎനിക്കതില്ല…ഏട്ടനുണ്ട്…
എന്നുകരുതി കുഞ്ഞുനാൾ മുതൽ സ്വന്തമായി കരുതി പ്രാണനിൽ കുടിയിരുത്തിയവളെ അങ്ങനെ അങ്ങ് കളയാൻ പറ്റുമോ…..? മാത്രമല്ല ഇവളെ കൂടി ഏട്ടനു വിട്ടു നൽക്കാൻ തോന്നിയില്ല….
ഈയൊരു കാര്യമെങ്കിലും നടത്തിയെടുക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ ഏട്ടന്റ്റെ മുമ്പിൽ മാത്രമല്ല ജീവിതത്തിൽ പോലും തോറ്റവനായ് പോവും. .
പിന്നെ പതിവുപോലെ തന്നെ ഈ വീട്ടിൽ ഞങ്ങൾക്കായൊരിടം ഇല്ലാന്നറിയാം …
അതുകൊണ്ട് പോവുകയാണ് ഇനിയൊരു വേർതിരിക്കലിനും അവസരമുണ്ടാക്കാതെ…
ആതിരയുടെ കൈപിടിച്ച് അപ്പു നടന്നു മറയുന്നത് നോക്കിനിന്നപ്പോൾ അനിൽ തിരിച്ചറിയുകയായിരുന്നു തന്റ്റെ തോൽവി. …
കൂടപ്പിറപ്പിനെ മനസ്സിലാക്കാൻ പറ്റാത്തതാണ് തന്റെ പരാജയമെന്ന്……എന്നും എപ്പോഴും ഒരാൾക്ക് മാത്രം വിജയിയാവാൻ പറ്റില്ലാന്ന്……