(രചന: രജിത ജയൻ)
“അതേ ഞാൻ നിന്റെ വേലക്കാരനൊന്നുമല്ല നിന്നെ രാവിലെ സ്കൂളിലേക്ക് കൊണ്ടുവിടാനും വൈകുന്നേരം വന്ന് തിരികെ കൂട്ടികൊണ്ട് പോവാനും..
“എനിക്ക് എന്റേതായ തിരക്കുകൾ ഉണ്ട് ,വേണോങ്കിൽ വൈകുന്നേരം ബസ്സ് പിടിച്ച് വീട്ടിലേക്ക് പോരെ ,ഞാൻ വരില്ല കൂട്ടികൊണ്ടുപോവാൻ ..
ശബ്ദം കനപ്പിച്ച് ദേഷ്യത്തിൽ പറയുന്ന എബിയുടെ മുഖത്തേക്കൊന്ന് പാളി നോക്കി കൊണ്ട് ഇന്ദു മെല്ലെ ശിരസ്സിളക്കി..
ഞാൻ ബസ്സിനു വന്നോളാം, ഇച്ഛായൻ വരണ്ട വൈകുന്നേരം ,ബെല്ലടിക്കാറായ് ഞാൻ പോവ്വാ …..
എബിയോട് പറഞ്ഞു ഇന്ദു ഓഫീസ് മുറിയിലേക്ക് നടന്നതും അവൾക്ക് പുറകിൽ ആക്സിലേറ്ററിൽ മുഴുവൻ ദേഷ്യവും തീർക്കുന്ന പോലെ എബിയുടെ കൈകളമർന്നു ,വെടിയുണ്ട പോലെയാ
ബുള്ളറ്റ് സ്കൂൾ ഗേറ്റ് കടന്നു പോയതും ഇന്ദു കണ്ണുകളടച്ചെന്ന് ശ്വാസം വിട്ടു, പിന്നെ മെല്ലെ ഓഫീസിലേക്ക് നടന്നു.”എന്താണ് മോളെ ഇന്ദു നിന്റെ മുഖത്തൊരു തെളിച്ച കുറവ് ..?
ഓഫീസിലേക്ക് നടക്കുന്നതിനിടയിൽ പൊട്ടി മുളച്ചതു പോലെ മിന്നൽ പ്രത്യക്ഷപ്പെട്ട് ജിഷ ടീച്ചർ ചോദിച്ചതും ഇന്ദുവൊന്ന് ചമ്മി
“തെളിച്ച കുറവോ…?
എന്റെ മുഖത്തോ..?
ജിഷ ടീച്ചർക്ക് തോന്നീതാവും..
“ഇതൊരു വെറും തോന്നലല്ല ഇന്ദു ടീച്ചറേ, ഞാനേ കണ്ടായിരുന്നു ടീച്ചറുടെ പോലീസ് കെട്ടിയോന്റെ ബുള്ളറ്റ് പൊടിപറത്തി വെടി ചില്ല് പോലെ പോണത്…
പരിഹസിച്ചു ചിരിച്ചു കൊണ്ട് ജിഷ പറഞ്ഞതും ഇന്ദു അവളെ ദേഷ്യത്തിൽ നോക്കി”നീ എന്നെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട .
”ഞാനിത് ഇന്നും ഇന്നലെയുമൊന്നും കാണാൻ തുടങ്ങീതല്ലല്ലോ ,നിങ്ങളുടെ പ്രണയകാലം തൊട്ട് കാണുന്നതല്ലേ…
“ഒരു കലിപ്പൻ കെട്ടിയവനും തൊട്ടാവാടി ഭാര്യയും ..കഷ്ട്ടം ..”ആ .. അതുപോട്ടെ ഇന്നെന്തിനാ നീയും നിന്റെ കെട്ടിയവനും തമ്മിൽ അടിയുണ്ടായത് ..?
അത് പറ …ജിഷ ഇന്ദുവിനെ തടഞ്ഞു നിർത്തി ചോദിച്ചു”അത് ഒന്നൂല്ലെടീ വെറുതെ … ഇന്ദു തപ്പി തടഞ്ഞു”വെറുതെയോ..?
“വെറുതെ അടിയുണ്ടാക്കി തെറ്റി നടക്കാൻ നിങ്ങളെന്താ ചെറിയ കുട്ടികളാണോ..?
“നീയൊരു അധ്യാപികയും പുള്ളിയൊരു പോലീസുകാരനും അല്ലേ..?” അതുകൊണ്ട് മോള് വേഗം കാര്യം പറ ..,,ജിഷ ഗൗരവത്തിൽ പറഞ്ഞു
“അത് ഞാനൊന്ന് വീട്ടിൽ പൊക്കോട്ടേന്ന് ചോദിച്ചു ഇച്ഛായനോട് ..ഇന്ദു പറഞ്ഞതും ജിഷയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു
“ബെസ്റ്റ് കണ്ണാ …ബെസ്റ്റ്.. നിന്റെ ആ ചോദ്യത്തിന് നിന്നോട് എബിച്ഛായൻ തെറ്റുകയല്ല വേണ്ടത് രണ്ടെണ്ണം തരുകയാണ് ചെയ്യേണ്ടത്…
“എത്ര കിട്ടിയാലും പഠിക്കില്ലേ ഇന്ദു നീ..?”അച്ഛന് എന്നെ കാണണമെന്ന് പറഞ്ഞൂന്ന് അമ്മ വിളിച്ചു പറഞ്ഞു അതാണ് ഞാൻ…
“നിന്റെ വീട്ടുകാർക്ക്നിന്നെ കാണണമെങ്കിൽ നിന്റെ വീട്ടിലേക്ക് വന്ന് നിന്നെ കാണാം അല്ലാതെ അവിടെ പോയി നീ കാണേണ്ട കാര്യമില്ല ..
”കഴിഞ്ഞു പോയതൊന്നും നീ മറന്നിട്ടില്ലല്ലോ ..?” ഇനി അഥവാ നീ മറന്നാലും ഞങ്ങളാരും ഒന്നും മറന്നിട്ടില്ല .. പ്രത്യേകിച്ച് നിന്റെ എബിച്ഛായൻ..
“ബെല്ലടിക്കാറായ്, നീ സൈൻ ചെയ്തിട്ട് വാ ക്ലാസ്സീന്ന് കാണാം…പറഞ്ഞു കൊണ്ട് നടന്നു നീങ്ങുന്ന ജിഷയെ ഒന്ന് നോക്കി ഇന്ദു..
തന്റെ വീട്ടിലുള്ളവരോട് ഇച്ഛായന് ഇപ്പോഴും ദേഷ്യമാണ് ,അതിനവനെ കുറ്റം പറയാനും പറ്റില്ല.
മകൾ അന്യമതസ്ഥനായ ഒരുത്തനെ സ്നേഹിക്കുന്നത് ഉൾക്കൊള്ളാൻ സാധിക്കാത്ത തന്റെ അച്ഛനും രണ്ട് ഏട്ടന്മാരും തന്നെ ഇച്ഛായനിൽ നിന്ന് അകറ്റുന്നതിനു വേണ്ടി കാണിച്ചു കൂട്ടിയതെല്ലാം ക്രൂരതയായിരുന്നു..
അവരുടെ ശിക്ഷാവിധികളുടെ കടുപ്പം കാരണം ഭക്ഷണവും വെള്ളവും ഇല്ലാതെ തളർന്നു വീട്ടിലെ അടച്ചിട്ട മുറിയിൽ ബോധം മറഞ്ഞു കിടന്ന തന്നെ ആ വീട്ടിൽ നിന്ന് കൈകളിൽ കോരിയെടുത്ത് ആശുപത്രിയിലേക്കോടിയ ഇച്ഛായന്റെ അവസ്ഥയെ പറ്റി തന്നോട് പറഞ്ഞത് ജിഷയാണ് ..
തനിക്ക് കുഴപ്പമൊന്നുമില്ലാന്ന് ഡോക്ടർ പറയുന്നതുവരെ പിടച്ചിലോടെ കണ്ണുകൾ നിറച്ച് ആശുപത്രി വരാന്തയിൽ നിന്നിരുന്ന ഇച്ഛായന്റെ രൂപത്തപറ്റി ജിഷ പറയുമ്പോൾ താനൊന്നു കൂടി തിരിച്ചറിയുകയായിരുന്നു ആ നെഞ്ചിനുള്ളിൽ തനിക്കുള്ള സ്ഥാനം ..
അന്നത്തെ ആശുപത്രിവാസം കഴിഞ്ഞു താൻ നേരെ കയറി ചെന്നത് തന്റെ ഇച്ഛായന്റെ ജീവിതത്തിലേക്കായിരുന്നു.
അന്നു മുതലിന്നോളം ആ നെഞ്ചോടു ചേർന്നു നിന്നിട്ടേയുള്ളു .അതിനിടയിൽ അറിയാതെ മനസ്സിൽ തോന്നിയതായിരുന്നു സ്വന്തം വീട്ടുക്കാരെ ഒന്നു കാണണമെന്നത്..
തന്നോട് ചെയ്തതും പ്രവർത്തിച്ചതുമെല്ലാം തെറ്റായ് പോയെന്ന് തിരിച്ചറിഞ്ഞ് അച്ഛനും ഏട്ടന്മാരും തന്നോടും ഇച്ഛായനോടും മാപ്പ് പറഞ്ഞപ്പോൾ അവരോട് ക്ഷമിക്കാൻ തനിക്ക് കഴിഞ്ഞെങ്കിലും ഇച്ഛായന് പറ്റിയില്ല ..
അതിന്റെ ദേഷ്യമാണിതെല്ലാംഅല്ലെങ്കിലും അവന്റെ സ്നേഹവും ദേഷ്യവും പ്രണയവും കാമവുമെല്ലാം അവൻ പ്രകടിപ്പിക്കുക അതിന്റെ ഏറ്റവും കൂടിയ മൂർദ്ധ ഭാവത്തിലാണെന്ന് ഓർത്തതും അവളിൽ നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു…
വൈകുന്നേരം തിരികെ കൊണ്ടുപോവാൻ വരില്ലെന്ന് എബി പറഞ്ഞെങ്കിലും ഇന്ദു പ്രതീക്ഷയോടെ അവൻ വരുന്നതും കാത്ത് സ്കൂൾ ഗേറ്റിലേക്ക് നോക്കി നിൽക്കുന്നത് കണ്ട ജിഷയിലൊരു ചിരി വിരിഞ്ഞു.
അവരുടെ പ്രണയത്തിന്റെ ആഴമറിയുന്ന ആത്മാർത്ഥ സുഹൃത്തിന്റെ ചിരി.ദേഷ്യത്തിൽ മുഖവും കനപ്പിച്ച് ഒന്നും മിണ്ടാതെ ബൈക്കോടിക്കുന്ന എബിയെ ഇന്ദു ഇടയ്ക്കിടെ പാളി നോക്കുന്നതറിഞ്ഞിട്ടും എബി അവളെ നോക്കിയതേ ഇല്ല..
രാത്രി ഭക്ഷണശേഷവും തന്നോടൊന്നും മിണ്ടാതെ കിടക്കുന്ന എബിയെ കണ്ടപ്പോൾ ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു ,അവളറിയാതെ തന്നെ അവളിൽ നിന്നൊരു തേങ്ങലുയർന്നു..
ഇടുപ്പിലമർന്ന എബിയുടെ കരുത്തുറ്റ കൈകളുടെ സ്പർശനം അവളിലെ തേങ്ങൽ വർദ്ധിപ്പിച്ചപ്പോൾ അവനൊന്നും മിണ്ടാതെ അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു..
പരിഭവങ്ങളും പരാതികളും പറഞ്ഞു തീർത്തൊരുടലായ് അവനിൽ ലയിച്ചു ചേരുമ്പോൾ മാറിലമർന്ന അവന്റെ കൈകളുടെ മുറുക്കത്തിൽ വേദനിച്ചിട്ടെന്നവണ്ണം അവളൊന്ന്
അവനെ നോക്കിയെങ്കിലും അവളോടുള്ള അടങ്ങാത്ത പ്രണയത്താൽ അവൻ അവളിലേക്ക് കൂടുതൽ ലയിച്ചു ചേരുകയായിരുന്നു
മറ്റാർക്കും വേദനിപ്പിക്കാൻ അവളെ വിട്ടു നൽകില്ല എന്ന ചിന്തയോടെ …ചില പ്രണയങ്ങൾ അങ്ങനെയാണ് സ്വയം വേദനിപ്പിച്ചാലും മറ്റൊരാൾക്ക് വിട്ടുകൊടുക്കാത്തത് പോലെ തന്നിലേക്ക് തന്നെ കൂടുതൽ കൂടുതൽ ചേർത്തു നിർത്തുന്ന ഭ്രാന്തമായ പ്രണയം.. എബിയുടെ പ്രണയവും അങ്ങനെയാണ്
അവളിൽ തുടങ്ങി അവളിൽ അവസാനിക്കുന്ന ഭ്രാന്തമായ പ്രണയം.. ഒരു ബന്ധങ്ങൾക്കും വിട്ടുനൽക്കാതെ അവനിലേക്ക് മാത്രം പിടിച്ചു ചേർക്കുന്ന പ്രണയം ..അവരങ്ങനെ പ്രണയിക്കട്ടെ അല്ലേ അവരുടെ ലോകത്ത് ..