ഞാൻ ഹാപ്പിലി ഡൈവോഴ്സ്ഡ്
(രചന: Nisha Pillai)
മുറ്റത്തെ മാവിൻ ചോട്ടിൽ ചായ കുടിക്കാനായി ബാലകൃഷ്ണ അമ്മാവനോടും അമ്മായിയോടുമൊപ്പം ഇരിയ്ക്കുമ്പോൾ ലക്ഷ്മിയുടെ ഹൃദയം പടപടാന്ന് മിടിയ്ക്കുകയായിരുന്നു.
അമ്മായിയുടെക്രൂരമായ ചോദ്യങ്ങൾ പ്രതീക്ഷിച്ചു കൊണ്ടാണ് അവൾ അവർക്ക് മുന്നിലിരുന്നത്.വക്കീലായ അമ്മാവൻ ആദ്യ ചോദ്യമെറിഞ്ഞു.
“സോ യൂ ആർ ഡിവോഴ്സ്ഡ്? ”“യെസ്,അയാം ഹാപ്പിലി ഡിവോഴ്സ്ഡ്. ”“പറയുന്നതിന്റെ അർത്ഥം വല്ലോം കുട്ടിയ്ക്ക് അറിയുമോ? വെറും ഇരുപത്തിനാല് വയസ്സ്, അഹമ്മതി , ജീവിതത്തിൻ്റെ അർത്ഥവും ലക്ഷ്യവും അറിയുമോ നിനക്ക്.”
അമ്മായി പറഞ്ഞു .“ലക്ഷ്യമറിയാത്ത കുട്ടിയെ വിവാഹം ചെയ്തു കൊടുത്ത നിന്റെ സഹോദരനല്ലേ അപ്പോൾ തെറ്റുകാരൻ . രണ്ടു പക്ഷവും കേൾക്കണ്ട , അവൾക്കും കാണില്ലേ അവളുടെ ന്യായം .മോള് പറ എന്താണ് സംഭവിച്ചത് ?”
“തുടക്കം മുതൽ പ്രശ്നങ്ങളായിരുന്നു അമ്മാവാ , അജിത്ത് ഒരേയൊരു മകനല്ലായിരുന്നോ ,അവിടെ അമ്മക്ക് ഭയങ്കര ഭക്തിയും വൃത്തിയും .
കിടപ്പു മുറിയിൽ നിന്ന് പുറത്തു വരുമ്പോഴൊക്കെ കുളിച്ചു വൃത്തിയാക്കണം അതായിരുന്നു എന്റെ ആദ്യ പ്രശ്നം .നീണ്ട മുടിയുള്ള ഞാൻ ഒരു ദിവസം നാലോ അഞ്ചോ തവണ കുളിയ്ക്കേണ്ട അവസ്ഥയായി .
വിട്ടു മാറാത്ത ജലദോഷവും തുമ്മലും തുടങ്ങി .എന്റെ പരാതികളൊന്നും അജിത്ത് കൈ കൊണ്ടില്ല എന്ന് മാത്രമല്ല അതൊക്കെ പെരുപ്പിച്ചു അമ്മയെ അറിയിച്ചു കൊണ്ടിരിക്കുന്നു .
ഞങ്ങൾ കിടപ്പ് മുറിയിൽ ഞങ്ങളുടെ സ്വകാര്യതയിൽ പറയുന്ന കാര്യങ്ങൾക്ക് വരെ കുത്തുവാക്കുകൾ. അമ്മയുടെ വക കുത്തു വാക്കുകൾ കേട്ടാണ് ഞാനെന്നും ഉണരുന്നതും ഉറങ്ങിയിരുന്നതും .
ആരെ വിശ്വസിച്ചു, ആരുടെ താലിയ്ക്കാനോ ഞാൻ തല കുനിച്ചു കൊടുത്തത് അയാളും വീട്ടുകാരും എന്നെ ഓരോ നിമിഷവും മാനസികമായി പീഡിപ്പിച്ചു കൊണ്ടേയിരുന്നു .”
“ഇതൊന്നും കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞില്ലേ ?”“അച്ഛനോട് പറഞ്ഞപ്പോൾ കുറച്ചും കൂടി നോക്കാം ,എല്ലാം മാറും എന്ന് പറഞ്ഞു ,
അമ്മയോട് പറഞ്ഞപ്പോൾ അജിത്ത് മിടുക്കനാണ് , നല്ല കുടുംബം , എങ്ങനെയെങ്കിലും പിടിച്ചു നില്ക്കൂ ,എല്ലാം നിന്റെ ഭാഗ്യം , താഴെ ഒരു പെൺകുട്ടിയുണ്ടെന്നോർമ്മ വേണമെന്നൊക്കെ പറഞ്ഞു .”
” നാത്തൂൻ പറഞ്ഞത് ശരിയല്ലേ , അനിയത്തിയുടെ കാര്യം പിന്നെ നോക്കണ്ടേ , അവൾക്കും ഒരു ജീവിതം വേണ്ടേ ?”
“അതിന് ? അനിയത്തിക്ക് വേണ്ടി ഹോമിക്കാനുള്ളതാണോ ചേച്ചിയുടെ ജീവിതം ?”
“ഒരു വൈകുന്നേരം തലവേദനകൊണ്ട് ഞാൻ മുറിയിൽ കിടന്നപ്പോൾ അജിത്തിൻ്റെ അമ്മ വന്നു വിളിച്ചു ,കുറച്ചു വിരുന്നുകാർ വന്നിട്ടുണ്ട് ,ചായ ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞു.എനിക്ക് പണ്ടേ മൈഗ്രേൻ ഉള്ളതാണ് .
എണീറ്റാൽ തല കറങ്ങി വീണ് പോകും.തീരെ നിവൃത്തിയില്ലാത്തതിനാൽ ഞാൻ എണീറ്റില്ല . അവരെല്ലാം വന്നു മടങ്ങിയപ്പോൾ കട്ടിലിൽ കിടന്ന എന്റെ പുറത്തേയ്ക്കു ചൂട് വെള്ളമൊഴിച്ചു .സഹിക്കാവുന്നതിന്റെ പരമാവധിയായിരുന്നു .
ഞാൻ ബാഗുമെടുത്തു വീട്ടിലേയ്ക്കു പോകാനൊരുങ്ങി ,ആരോടും ഒന്നും മിണ്ടാതെ എല്ലാവരുടെയും മുന്നിലൂടെ ഞാൻ ഇറങ്ങി പോന്നു . അജിത്ത് തടഞ്ഞില്ല.അമ്മ ചീത്ത പറയുകയും ശപിക്കുകയും ചെയ്തു കൊണ്ടിരുന്നു.”
“എന്നിട്ട്?”“വീട്ടിൽ വന്ന് കയറിയതും എൻ്റെ അച്ഛനും അമ്മയും വഴക്ക് തുടങ്ങി.എൻ്റെ വീട്ടുകാർ പോലും എനിക്ക് സഹായത്തിനുണ്ടായില്ല.
അച്ഛനും അമ്മയും എന്നെ അവിടെ നിൽക്കാൻ സമ്മതിച്ചില്ല.എന്നെ അപ്പോൾ തന്നെ തിരികെ കൊണ്ടാക്കി.അവരോട് എനിക്ക് വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്തു.
അവരുടെ മുന്നിലൂടെ തിരികെ ആ വീട്ടിലെ ഞങ്ങളുടെ മുറിയിലേക്ക് നടക്കുമ്പോൾ എല്ലാവരുടേയും മുഖത്ത് പരിഹാസച്ചിരി കണ്ടു.ഞാനന്ന് പകുതി മരിച്ചത് പോലെയായി.പിന്നെ പല തവണകളായി എൻ്റെ മരണം നടന്നു..”
“വീട്ടിലെ കാര്യങ്ങൾ മാത്രമേ മാതാപിതാക്കളോടും സുഹൃത്തുക്കളോടും പങ്ക് വച്ചുള്ളൂ.
ഞങ്ങളുടെ കിടപ്പു മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ നടന്നതൊക്കെ ഞാൻ മറച്ചു വച്ചു .സഭ്യമായി തോന്നിയില്ല. അതിനൊക്കെ പിന്നെ വലിയ വില കൊടുക്കേണ്ടി വന്നു.”
“പിന്നെ ഇപ്പോൾ ഇങ്ങനൊരു തീരുമാനമെടുക്കാൻ എന്താണ് കാരണം.”“കൂട്ടുകാരിയുടെ കല്യാണത്തിന് തലേദിവസം അജിത്തിനോട് പറഞ്ഞ് ഒരു ഗിഫ്റ്റ് വാങ്ങി വച്ചിരുന്നു.കല്യാണദിവസം അമ്മ പോകാൻ സമ്മതിച്ചില്ല.
ആത്മാർത്ഥ സുഹൃത്തിന്റെ കല്യാണം. അവളെ ഇനി എങ്ങനെ അഭിമുഖീകരിക്കും?എനിയ്ക്കാകെ വിഷമമായി. അജിത്താണെങ്കിൽ ഓഫീസിൽ പോയി. സമയമായപ്പോൾ ഞാൻ കല്യാണത്തിനും പോയി.”
“മടങ്ങി വന്നപ്പോൾ ശാരീരിക ഉപദ്രവമായി. കൂട്ടുകാരിയ്ക്ക് വേണ്ടി എല്ലാം ക്ഷമിച്ചു. മുറിയിൽ പൂട്ടിയിട്ടു. പട്ടിണിയ്ക്കിട്ടു.വിശന്ന് തളർന്നപ്പോൾ ബാത്ത്റൂമിൽ കയറി വെള്ളം കുടിച്ചു.ശർദ്ധിച്ച് തളർന്നപ്പോൾ ഞാനൊരു തീരുമാനമെടുത്തു.
എന്നെ വേണ്ടാത്ത വരെ എനിക്കും വേണ്ടെന്ന്. മുഖകണ്ണാടിയ്ക്ക് മുന്നിലിരുന്ന ഭർത്താവിന്റെ ഷേവിംഗ് സെറ്റ് കണ്ണിൽ പതിഞ്ഞു.
നല്ല മൂർച്ചയുള്ള ബ്ലേഡ് , പിന്നെ ഒന്നുമോർത്തില്ല. അധികം ആയാസപ്പെടാതെ കാര്യം നടന്നു. രക്തം വാർന്നൊഴുകി. ബാത്ത്റൂമിലെ വെള്ള ടൈലുകൾ രക്തം വർണമായി. ബോധം നശിച്ചു.”
“അയ്യോ” അമ്മായി നിലവിളിച്ചു.“ചാർജർ അന്വേഷിച്ച് മുറിയിലേക്ക് വന്നു അജിത്ത് എന്നെ അന്വേഷിച്ചു. ബോധം കെട്ട് കിടക്കുന്നത് കണ്ടു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന ആവശ്യം അമ്മ അംഗീകരിച്ചില്ല. സ്വയം ചെയ്തതല്ലേ ചാവട്ടേയെന്ന നിലപാട്.
പക്ഷേ പേടിച്ച് പോയ അജിത്ത് വിളിച്ചിട്ട് അച്ഛനും അമ്മയും വന്നു, തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റാക്കി. ഡോക്ടർമാർ നാൽപത്തിയെട്ട് മണിക്കൂർ സമയം ക്രിട്ടിക്കൽ ആണെന്ന് പറഞ്ഞപ്പോൾ അച്ഛൻ തളർന്നു പോയി.”
“പോലീസിലറിയിച്ചില്ലേ.”“പോലീസ് വന്ന് മൊഴിയെടുത്തു, കേസാക്കി. അതിന് മുൻപ് തന്നെ രക്തത്തിൽ കുതിർന്ന വസ്ത്രങ്ങൾ മാറുന്ന സമയത്ത്, നേഴ്സുമാർ എൻ്റെ ശരീരത്തിലുള്ള മുറിവുകൾ കണ്ടിരുന്നു.
സിഗററ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ തുടകളിലും വയറിലുമുണ്ടായിരുന്നു. ഡോക്ടർ അതൊക്കെ പോലീസിൽ പറഞ്ഞിരുന്നു. അതൊക്കെ കേസിന്റെ ബലം കൂട്ടി.”
“ഇതൊക്കെ അളിയൻ രഹസ്യമായി വച്ചതെന്തിനാ ?.അവർ കോംപ്രമൈസിന് ശ്രമിച്ചിരുന്നല്ലോ?.”
“എല്ലാം ഒത്ത് തീർപ്പാക്കാൻ വീട്ടിൽ വന്ന അവരെ അമ്മ ചൂലെടുത്തടിച്ച് പുറത്താക്കി.വീടിന് മുന്നിൽ നാട്ടുകാർ കൂടി അവരുടെ കാർ തടഞ്ഞിട്ടു.അജിത്തിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.”
“എൻ്റെ കുട്ടി ഇത്രയേറെ സഹിച്ചിരുന്നോ?,” അമ്മായി അവളോട് ചേർന്നിരുന്നു.കണ്ണുകളടച്ച് എന്തൊക്കെയോ പ്രാർത്ഥനയിലായിരുന്നു.“ഇപ്പോൾ ലക്ഷമിയ്ക്ക് എന്ത് തോന്നുന്നു.? ആർ യു ഹാപ്പി? ”
“എനിക്ക് നമ്മുടെ സാമൂഹിക ചട്ടക്കൂടുകളെയോർത്ത് സങ്കടമാണ് അമ്മാവാ. അന്ന് എൻ്റെ ആയുസ്സിന്റെ നീളം കൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. അകാലത്തിൽ ഭർത്തൃഗൃഹങ്ങളിൽ മരണമടഞ്ഞ എത്രയെത്ര പെൺകുട്ടികളുണ്ട്. അവരൊക്കെ രക്ഷപ്പെടേണ്ടേ.
അതിന് ഒരു സിസ്റ്റം വേണ്ടേ. എൻ്റെ കാര്യത്തിൽ ഞാനിപ്പോൾ ഹാപ്പിയാണ്. പക്ഷെ നമ്മുടെ സമൂഹം മാറണം. മാതാപിതാക്കളുടെ കാഴ്ചപ്പാടുകൾ മാറണം.”
“ഇനിയെന്താ ലക്ഷ്മിയുടെ പ്ലാൻ? പഠനം?, ജോലി? ”“ഞാനെന്തെങ്കിലും സ്വന്തമായി ചെയ്യാൻ ആഗ്രഹിക്കുന്നു. എൻ്റെ സമാനമായ രീതിയിൽ വിവാഹം വേർപിരിഞ്ഞ അഞ്ചാറ് പേരുണ്ട്. ഞങ്ങളൊന്നിച്ച് ഒരു പരസ്യം കമ്പനി തുടങ്ങാൻ തീരുമാനിച്ചു.
ഞങ്ങളുടെ കൂടെ മോഡലുകൾ ഉണ്ട്,ഫാഷൻ ഡിസൈനർമാരുണ്ട്. അതിലൊരാളുടെ മുഖം പൊള്ളി കരിഞ്ഞ അവസ്ഥയിലാണ്. അവളുടെ പ്ലാസ്റ്റിക് സർജറി നടത്തി അവളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരണം.”“ഇതിനൊക്കെ പണം വേണ്ടേ? ”
“അച്ഛൻ വാങ്ങി തന്ന കുറച്ച് സ്വർണമുണ്ട്. എനിക്കൊരു പ്രയോജനമില്ലാതെ അത് വെറുതെ അലമാരയിൽ ഇരിക്കുവല്ലേ. എല്ലാവരും കൂടി അങ്ങനെ തീരുമാനിച്ചു. പലതുള്ളി പെരുവെള്ളം എന്നല്ലേ,അമ്മാവാ.”
“നന്നായി,മോളേ മികച്ച തീരുമാനം.സ്വന്തം കാലിൽ ഉറച്ച് നിൽക്കണം. എല്ലാ കാര്യത്തിലും കൂട്ടായ തീരുമാനമെടുത്ത് സധൈര്യം മുന്നോട്ട് പോകുക. ചെറിയ പ്രായത്തിൽ കുറെ അനുഭവിക്കേണ്ടി വന്നു.അതിനെ ഒരു പാഠമായി കാണുക.”
“അതെ അമ്മായിക്കും അതാണ് പറയാനുള്ളത്. നീ വിഷമിക്കേണ്ട, നല്ലൊരു പയ്യനുണ്ട്. ഡൈവോഴ്സിയാണ്. നമുക്ക് നോക്കാം.മോൾക്ക് പെർഫെക്ട് മാച്ചായിരിക്കും.”
ലക്ഷ്മി ചാടിയെണീറ്റു, കൈകൾ കൂപ്പി നിന്നു.“വേണ്ടമ്മായി എനിക്ക് വിവാഹം എന്ന് കേൾക്കുന്നതേ ഇപ്പോൾ പേടിയാണ്.ഞാൻ കുറച്ച് കാലം സ്വസ്ഥമായി ജീവിച്ചോട്ടെ. എന്നെങ്കിലുമൊരിക്കൽ എന്നെ സ്നേഹിക്കുന്ന, എന്നെ മനസ്സിലാക്കുന്ന ഒരാൾ വരട്ടെ.അപ്പോൾ നോക്കാം.”
“അതാണ് അതിന്റെ ശരി.ഇത് നിന്റെ ജീവിതമാണ്. നിൻ്റെ തീരുമാനങ്ങൾക്കാണ് പ്രാധാന്യം. ഗോ എഹെഡ്.”
അമ്മായി ആരെയോ ഗൗരവത്തിൽ ഫോൺ ചെയ്ത് സംസാരിക്കുകയായിരുന്നു. കുറെനേരത്തിന് ശേഷം മടങ്ങി വന്നിരിക്കുന്നു. മുഖം ദേഷ്യം കൊണ്ട് തുടുത്തിരുന്നു
“ഞാനമ്മുവിനെ ഒന്ന് വിളിച്ചതാ,അവൾക്കിനി അവിടെയെന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ. എന്നോട് ഫോൺ വെച്ചിട്ട് പോകാൻ പറഞ്ഞു അവൾ.”
“വരാൻ വഴിയില്ല,അവൾ നിന്റെ മകളല്ലേ, അവിടെയുള്ള വരെ ഓർത്താണ് എൻ്റെ ടെൻഷൻ.” അമ്മാവൻ പൊട്ടിച്ചിരിച്ചു. അവളവരോട് യാത്ര പറഞ്ഞെണീറ്റു.
മനസ്സിനേൽക്കുന്ന മുറിവുകളാണ് പല ആത്മഹത്യകൾക്കും കാരണം. പ്രതിസന്ധികളെ തരണം ചെയ്യുന്നവർക്കേ ജീവിതവിജയം ഉണ്ടാകൂ.