ഇഷ്ട നഷ്ടങ്ങൾ
(രചന: Raju Pk)
അതിരാവിലെയുള്ള തണുപ്പിൽ സാരിയുടെ തുമ്പറ്റം തലയിലൂടെ ചുറ്റിപ്പിടിച്ച് വേഗതയിൽ നടന്ന് നീങ്ങുമ്പോഴാണ് ഒരു പിൻവിളി.
ആൻസീ..?ഈശ്വരാ ജോയിച്ചായനാണല്ലോ.നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളുമായാണ് പുറകോട്ട് തിരിഞ്ഞ് നോക്കിയത് ഒരിക്കൽ എന്റെതുമാത്രം ആയിരുന്ന ഇച്ചായൻ.
നിനക്ക് സുഖമല്ലേ ആൻസീ..സുഖം ഇച്ചായനോ..?നീ ആകെ മാറിയിരിക്കുന്നു ആൻസീ.
ഇച്ചായനോർക്കുന്നില്ലേ നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് ഇന്നേക്ക് മുപ്പത് വർഷവും എട്ട് ദിവസവും. അന്നത്തെ ഇരുപത്തിയാറ് വയസ്സുകാരിയല്ല ഞാൻ ഇന്ന് ഇച്ചായനും ആകെ മാറിയിരിക്കുന്നു.
പള്ളിയിലേക്കല്ലേ ആൻസീ.അതെ.നമ്മുക്ക് നടക്കാം.ഇച്ചായൻ എന്നെത്തേടിയിറങ്ങിയതാണോ.?
ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമുണ്ടോ ആൻസി..? നിന്നെ നിന്നെ മാത്രം തേടിയിറങ്ങിയതാണ്..
കണ്ണുനീർത്തുള്ളികൾ താഴെവീണ് പൊട്ടിച്ചിതറുമ്പോഴും വിതുമ്പുന്ന ചുണ്ടുകൾ കടിച്ചമർത്തി. ഇങ്ങനെയൊരു കൂടിക്കാഴ്ച്ച പ്രതീക്ഷിച്ചതല്ല.
മനസ്സിലെ ആഗ്രഹം പോലെ തന്നെ അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള വീട്ടിലെ മരുമകളായി അല്ല മകളായി ഞാൻ ജോയിച്ചന്റെ ഭാര്യയായി കടന്ന് വരുന്നത്.
മ ദ്യപാനവും പുകവലിയും ഇല്ലാത്ത ആളാകണം എന്ന് മാത്രമാണ് അപ്പച്ചനോട് ആവശ്യപ്പെട്ടത് എന്റെ ഭാഗ്യമാകാം ഇച്ചായനേപ്പോലെ ഒരാളെ എനിക്ക് കിട്ടിയത്.
പരസ്പരസ്നേഹത്തോടെ ഞങ്ങൾ മുന്നോട്ട് പോകുമ്പോഴും ഒരു കുഞ്ഞില്ലാത്തതിന്റെ നൊമ്പരം ഞങ്ങളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
പതിയെപ്പതിയെ അമ്മച്ചിയുടേയും ഇച്ചായന്റെ അനിയത്തി റോസിലിന്റേയും കുറ്റപ്പെടുത്തലുകൾ എന്നെത്തേടിയെത്തി. അഞ്ചാമത്തെ വിവാഹ വാർഷീകത്തിന് കേക്കുമായി വന്ന ഇച്ചായനുമായി അമ്മച്ചി വാക്കേറ്റത്തിലായി.
എനിക്ക് നീ ഒരു മകൻ മാത്രമേയുള്ളൂ ഈ തലമുറ ഇതോടെ അവസാനിക്കാൻ ഞാൻ ഇനി സമ്മതിക്കില്ല ഇതിനൊരു തീരുമാനം ഇന്നറിയണം.?
ചെയ്യാത്ത ചികിത്സകളില്ലാ വിളിക്കാത്ത ഈശ്വരന്മാരില്ല. ഇച്ചായന് ഒരു കുഞ്ഞിനെ കൊടുക്കാൻ എനിക്ക് കഴിയില്ല എന്ന സത്യം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്ന കാലം.
അകത്ത് നിന്നും എന്റെ വസ്ത്രങ്ങൾ മാത്രം ബാഗിലാക്കി ഞാൻ പുറത്തേക്ക് വന്നു.
അമ്മച്ചിയുടെ മകനെ മറ്റൊരു വിവാഹം കഴിപ്പിക്കണം അതിൽ ഒരു പാട് മക്കളുണ്ടാവട്ടെ തലമുറകൾ ഇവിടെ അവസാനിക്കാതിരിക്കട്ടെ. എന്റെ ജീവനാണ് എന്റെ ഇച്ചായൻ.
ഉപേക്ഷിക്കുകയാണ് ഞാൻ ഇവിടെ എന്റെ ഇച്ചായനെ എന്നെന്നേക്കുമായി.നിശബ്ദയായി നിൽക്കുന്ന അമ്മച്ചിയെ തള്ളിമാറ്റി അച്ചായൻ എന്റെ മുന്നിലെത്തി. എന്ത് ഭ്രാന്താ പെണ്ണേ നീ പറയുന്നത്. എന്നെ മറക്കാൻ നിനക്ക് കഴിയ്യോ ഈ ജന്മം.?
കഴിയണം കഴിയും എന്നെത്തേടി വരരുത് ഇനി ഒരിക്കലും തേടിവന്നാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല സത്യം.
എന്റെ തീരുമാനം ഉറച്ചതാണെന്ന് ഇച്ചായന് തോന്നിയിരിക്കണം പിന്നെ ഇന്നാണ്…
അധികം താമസിയാതെ വിവാഹ മോചനവും നടന്നു ആദ്യമൊന്നും ഇച്ചായൻ സമ്മതിച്ചില്ല അവസാനം എന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ ഞങ്ങൾ പരസ്പരം പിരിഞ്ഞു. പള്ളിമുറ്റത്തെത്തിയതറിഞ്ഞില്ല.
കർത്താവിനോട് സങ്കടങ്ങൾ പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ഇച്ചായനെന്റെ കൈയ്യിൽ അമർത്തി പിടിച്ചിരുന്നു ഒരാശ്രയത്തിനെന്ന പോലെ.
ആൻസീ നമുക്ക് കുറച്ച് നേരം അവിടെയിരിക്കാം. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്.
നമ്മൾ പിരിഞ്ഞതിന് ശേഷം രണ്ട് വർഷത്തോളം നിന്റെ ഒരു തിരിച്ചുവരവിനായി ഞാൻ കാത്തിരുന്നു അവസാനം അമ്മച്ചിയുടെ നിർബന്ധത്തിന് വഴങ്ങി ബിന്ദുവിനെ വിവാഹം കഴിക്കുകയായിരുന്നു.
തലമുറകൾ നിലനിർത്താൻ ഞങ്ങൾക്ക് മൂന്ന് ആൺകുട്ടികളേയും ഈശ്വരൻ തന്നു. മൂന്ന് പേരും മിടുക്കന്മാർ വലിയ ഉദ്യോഗസ്ഥന്മാർ വിദേശ പൗരന്മാരും.
കഴിഞ്ഞ വർഷം ബിന്ദുവും എന്നെ തനിച്ചാക്കി യാത്രയായി.ആവശ്യത്തിലധികം പണം. മക്കളുടെ വല്ലപ്പോഴുമുള്ള സ്നേഹാന്യാഷണങ്ങൾ. ഞാൻ വീണ്ടും അനാഥനായതുപോലെ..നമുക്ക് നമുക്കൊരുമിച്ച് ജീവിച്ചു കൂടെ…?ഇച്ചായാ…?
ഇച്ചായനെ ഞാൻ എന്റെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റി ഇവിടെ മരിച്ച മനസ്സുമായി എത്തുമ്പോൾ അപ്പച്ചനും അമ്മച്ചിയും അവരുടെ സങ്കടം പുറത്ത് കാട്ടാതെ എന്നെ ഒത്തിരി സ്നേഹിച്ചു.
അവരുടെ സംസാരത്തിൽ നിന്നും ഞാൻ മനസ്സിലാക്കി എന്റെ തിരിച്ചു വരവ് അവർ പ്രതീക്ഷിച്ചിരുന്നു എന്ന്.
അവരും എന്നെ വിട്ടുപിരിഞ്ഞപ്പോൾ എന്നെ പള്ളിയുടെ കീഴിലുള്ള അനാഥരെ സംരക്ഷിക്കുന്ന സ്നേഹതീരം എന്ന ആശ്രമത്തിലേക്ക് വികാരിയായിരുന്ന അച്ഛനെന്നെ ഷണിച്ചു.ഒരു പെൺകുട്ടിക്ക് സമൂഹത്തിൽ ഒറ്റക്ക് ജീവിക്കാനുള്ള ബുദ്ധിമുട്ടുകൾ ഇച്ചായനോട് ഞാൻ പറയേണ്ടതുണ്ടോ.?
ഇന്ന് സ്നേഹതീരത്തിലെ ഒരു പാട് കുഞ്ഞുങ്ങളുടെ അമ്മയാണ് ഞാൻ അവരെ തനിച്ചാക്കി ഒരിക്കലും എനിക്ക് ഇച്ചായനോടൊപ്പം വരാൻ കഴിയില്ല.
എല്ലാം ഉപേക്ഷിച്ച് ഞാൻ ഇങ്ങോട്ട് വന്നപ്പോഴും ഞാൻ പ്രതീക്ഷിച്ചിരുന്നു എന്റെ ഇച്ചായൻ ഒരിക്കൽ എന്നെത്തേടി വരുമെന്ന്. കാരണം അത്രമാത്രം സ്നേഹിച്ചിരുന്നു ഞാൻ എന്റെ ഇച്ചായനെ.
തനിച്ചാണെന്ന തോന്നലുണ്ടെങ്കിൽ ഇച്ചായന് എപ്പോൾ വേണമെങ്കിലും അങ്ങോട്ട് വരാം.
ചില ഇഷ്ടങ്ങൾ നമുക്ക് നഷ്ടപ്പെടുമ്പോൾ ഒത്തിരി സങ്കടം തോന്നാം എങ്കിലും ആ ഇഷ്ടങ്ങളെ നമ്മൾ മനസ്സിൽ ചേർത്ത് പിടിക്കും. നമ്മൾ തനിച്ചല്ലെന്നുള്ള ഒരു വിശ്വാസമാണ് ല്ലേ ഇച്ചായാ.
ശരിയാണ് ആൻസി ഒത്തിരി ഒറ്റപ്പെടുന്നു എന്ന് തോന്നിയാൽ ഞാൻ വരും അവിടെ ഒരിക്കലും ഞാൻ തനിച്ചാകില്ല. അതെനിക്കുറപ്പുണ്ട്.