നീതി
രചന: ശ്യാം കല്ലുകുഴിയില്
“പതിനാല് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് കോടതി ജാമ്യം അനുവദിച്ചു ….”
അന്നത്തെ മാധ്യമങ്ങളിലെ ബ്രേക്കിങ് ന്യൂസ് അതായിരുന്നു. വാർത്തകേട്ട എല്ലാവരുടെയും ഞരമ്പിൽ ചോര തിളച്ചു കയറി,,, അവന്റെ ഇഞ്ചിഞ്ചായി ഉള്ള മരണം അതായിരുന്നു എല്ലാവരും അഗ്രഹിച്ചത് ..
ജയിലിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ അവനെയും കാത്ത് അവന്റെ അമ്മ നിൽപ്പുണ്ടായിരുന്നു. അവന് അമ്മയുടെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യമില്ലാതെ തല കുനിച്ച് അമ്മയുടെ അടുക്കലേക്ക്
എത്തുമ്പോൾ അവർ കാറിൽ കയറിയിരുന്നു. അവൻ കാറിന്റെ പിൻ സീറ്റിൽ ആണ് കയറിയത്. അവൻ കയറി ഡോർ അടച്ചതും കാർ മുന്നോട്ട് ചലിച്ചു തുടങ്ങി…
മുന്നോട്ടുള്ള യാത്രയിൽ കാറിൽ നിശബ്ദത തളം കെട്ടി നിന്നു . ഇടയ്ക്ക് അവന്റെ അമ്മയുടെ ദീർഘനിശ്വാസം അവന്റെ ചെവിയിൽ പതിയുന്നുണ്ടായിരുന്നു. ഇടയ്ക് എന്തോ പറയാൻ അവന്റെ നാക്ക് പൊന്തിയെങ്കിലും അവൻ കുറ്റ ബോധത്തോടെ തലകുനിച്ച് ഇരുന്നു…
വല്യ ചുറ്റുമതിലുള്ള വീടിന്റെ മുന്നിൽ കാറ് വന്നു നിന്നപ്പോൾ ഒരു സ്ത്രീയാണ് ഗേറ്റ് തുറന്നത്, അതുവരെ കണ്ടിട്ടില്ലാത്ത ആ സ്ത്രീയെ കണ്ടപ്പോൾ അവൻ ഒന്ന്
അടിമുടി നോക്കി. അവന്റെ അമ്മ ഇറങ്ങും മുൻപേ അവൻ കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറി,ആരോടും ഒന്നും മിണ്ടാതെ അവൻ മുറിയിൽ കയറി കതകടച്ചു..
” മനു… ”
എന്ന് നീട്ടി വിളിച്ചുകൊണ്ട് വാതിലിൽ അവന്റെ അമ്മ തട്ടി വിളിച്ചപ്പോൾ അവൻ പെട്ടെന്ന് ഒന്ന് ഞെട്ടി …
” മനു വാ ആഹാരം കഴിക്കാം..”” എനിക് ഇപ്പോൾ വേണ്ട കുറച്ച് കഴിഞ്ഞ് കഴിച്ചോളാം…”
മനു വിക്കി വിക്കി പറഞ്ഞു, കുറച്ച് കഴിഞ്ഞും പുറത്ത് നിന്ന് അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ അമ്മ പോയി എന്നവന് മനസ്സിലായി .. മുറിയുടെ ജന്നൽ പാതി തുറന്ന് അവൻ പുറത്തേക്ക് നോക്കി നിന്നപ്പോൾ തൊടിയിൽ നിൽക്കുന്ന
സ്ത്രീയെ അവൻ കണ്ടത്. രവിലെ ഗേറ്റ് തുറന്ന് തന്ന സ്ത്രീയായിരുന്നു അത്,പുതിയ ആളായത് കൊണ്ട് അവൻ അവരെ തന്നെ നോക്കി നിന്നു, രാവിലെ അവന്റെ മനസ്സ് പശ്ചാത്താപത്താൽ നീറിയിരുന്നു എങ്കിൽ ഇപ്പോൾ അവന്റെ ഉള്ളിൽ വീണ്ടും കാമം ജനിച്ച് തുടങ്ങി…
ഇടയ്ക്ക് ആ സ്ത്രീയുടെ നോട്ടം അവനിൽ പതിഞ്ഞപ്പോൾ അവർ വീട്ടിലേക്ക് കയറി. ഒരു ചിരിയോട് കൂടി മനു കട്ടിലിലേക്ക് വീണു… വാതിലിൽ മുട്ടി വിളിക്കുന്ന അമ്മയുടെ ശബ്ദം കേട്ട് കൊണ്ടാണ് മനു കണ്ണ് തുറക്കുന്നത്,കണ്ണു തുറക്കുമ്പോൾ മുറിയിലാകെ ഇരുട്ട് പടർന്ന് തുടങ്ങിയിരുന്നു…
” മനു … വാതിൽ തുറന്നേ…”വീണ്ടും അമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് വാതിൽ തുറന്നു…” നി ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ സമയം കുറെ ആയി ..”” ഞാൻ ഉറങ്ങിപ്പോയി ഒന്ന് കുളിച്ചിട്ട് വരാം …”” വേഗം വാ ….”
അത് പറഞ്ഞ് പോകുന്ന അമ്മയെയും നോക്കി മനു വാതിൽ തന്നെ നിന്നു.അമ്മയുടെ വാക്കുകളിൽ നിന്ന് അവനു മനസ്സിലായി അമ്മയ്ക്ക് അവനോട് ഉള്ള ദേഷ്യം. മനു കുളി
കഴിഞ്ഞ് വരുമ്പോഴേക്കും അവന്റെ അമ്മ അത്താഴം കഴിച്ചു തുടങ്ങിയിരുന്നു. മനു അപ്പോഴും അമ്മയുടെ മുഖത്ത് നോക്കാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി…
” മേരി ,ഇവൻ കഴിച്ചു കഴിഞ്ഞിട്ട് പാത്രങ്ങൾ കഴുകി വച്ച് നി കിടന്നോ,, നല്ല ക്ഷീണം ഞാൻ നേരത്ത കിടക്കുവാ ..”
അത് പറഞ്ഞു പോകുന്ന അമ്മയെ മനു ഇടങ്കണ്ണിട്ട് നോക്കി, മനു ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ മേരി പാത്രങ്ങളും എടുത്ത് കൊണ്ട് അടുക്കളയിലേക്ക് പോകുന്നത്
കണ്ടപ്പോൾ മനുവും പതിയെ അടുക്കളയിലേക്ക് നടന്നു. മനു മേരിയെ ചുറ്റിപറ്റി നിൽക്കുന്നത് കണ്ടപ്പോൾ മേരി സംശയത്തോടെ മനുവിനെ നോക്കി…
” ഞാൻ രണ്ടു മാസം ജയിലിൽ ആയിരുന്നു..”മനു തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ ,മേരി ഒന്ന് തലയാട്ടി..” ദേ ഈ പാല് കുടിച്ചിട്ട് പൊയ്ക്കോ എനിക് അൽപ്പം പണികൂടി ഉണ്ട്…”
മേരി ഒരു ഗ്ലാസ് പാല് അവന് നേരെ നീട്ടി,” ഞാൻ വാതിൽ കുറ്റിയിടില്ല,,,”ഒറ്റവലിക് പാല് കുടിച്ച് ചിറിയും തുടച്ചു കൊണ്ട് മേരിയെ നോക്കി മനു പറഞ്ഞപ്പോൾ മേരി വീണ്ടും അടക്കളയിൽ പണികൾ തുടങ്ങി..
മനു പോയി കഴിഞ്ഞപ്പോൾ മേരി പെട്ടെന്ന് തന്നെ അവരുടെ ജോലികൾ തീർത്തു. അടുക്കളയിലെ ലൈറ് അണച്ച് നേരെ മേരിയുടെ മുറിയിലേക്ക് പോയ്. ബാഗിൽ തുണികൾക്ക് ഇടയിൽ വച്ചിരുന്ന കത്തിയെടുത്ത് ഇടുപ്പിൽ തിരുകി വച്ചു,
തുണികകൾക്ക് ഇടയിൽ നിന്ന് മൊബൈലും എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് പുറത്ത് ഇറങ്ങി മനുവിന്റെ റൂം ലക്ഷ്യമാക്കി മേരി മെല്ലെ ശബ്ദം ഉണ്ടാക്കാതെ നടന്നു….
മേരി മെല്ലെ വാതിലിൽ തള്ളിയപ്പോൾ അത് തുറന്ന് വന്നു, മുറിയിലെ അരണ്ട വെളിച്ചത്തിൽ കട്ടിലിൽ കിടക്കുന്ന മനുവിനെ അവർ കണ്ടു. മേരി മനുവിന്റെ ചുറ്റും ഒന്ന് നടന്നു അവൻ നല്ല ഉറക്കം
പിടിച്ചിരിക്കുന്നു. പാലിൽ കലക്കി കൊടുത്ത ഉറക്ക ഗുളിക അവന്റെ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നു എന്ന മേരിക്ക് മനസ്സിലായി, മേരി മുറിയിലെ ലൈറ് ഓൺ ചെയ്തിട്ട് വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടു..
വീണ്ടും രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ആണ് മനു കണ്ണ് തുറന്നത്, ഒന്ന് തിരിയാൻ ശ്രമിച്ചപ്പോൾ ആണ് തന്റെ ശരീരം ബന്ധിച്ചിരിക്കുന്നു എന്ന് മനു തിരിച്ചറിഞ്ഞത്. ഉറക്കച്ചവയുള്ള കണ്ണുകൾ മനു വലിച്ചു തുറക്കുമ്പോൾ തന്റെ മുന്നിൽ കസേരയിട്ട് തന്നെ നോക്കി ഇരിക്കുന്ന മേരിയുടെ മുഖം മനു കണ്ടു…
മനു എന്തേലും പറയാൻ വേണ്ടി വായ് തുറക്കുമ്പോൾ അവന്റെ വായിലേക്ക് തുണി തിരുകി കയറ്റി മേരി. തന്റെ കയ്യിൽ ഇരുന്ന മൊബൈൽ എടുത്ത് മറ്റൊരു നമ്പരിലേക്ക് അവർ വീഡിയോ കാൾ ചെയ്തു.രണ്ടാമത്തെ ബെല്ലിൽ കാൾ കണക്ട് ആയി, സ്ക്രീനിൽ ഇരുട്ട് മാത്രം തെളിഞ്ഞു വന്നു…
” മോളെ നിന്നെ നശിപ്പിച്ചവന്റെ അന്ത്യം നിനക്ക് കാണണ്ടേ,,ജീവന് വേണ്ടി പിടയുന്ന അവന്റെ മുഖം കാണണ്ടേ, നി അന്ന് നിന്റെ മനത്തിന് വേണ്ടി കരഞ്ഞു വിളിച്ചപോലെ ഇന്ന് ജീവന് വേണ്ടി കേഴുന്ന അവന്റെ മുഖം കാണണ്ടേ … നി
കാണണം മോളെ അവന്റെ അവസാനശ്വാസം നിലയ്ക്കും വരെ , അവൻ പിടഞ്ഞു ചാകുന്നത് വരെ നീ കാണണം…”
മേരി അത് പറയുമ്പോഴും മറു തലയ്ക്ക് നിന്ന് ചെറിയ തേങ്ങൽ മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ. മേരി മൊബൈൽ ക്യാമറ മനുവിന്റെ നേർക്ക് ആക്കി മേശമേൽ വച്ചിട്ട്, മനുവിന്റെ അടുക്കലേക്ക് നടന്നു…
” നീ എന്താ കരുതിയത് ഞാൻ നിന്റെ കൂടെ കിടക്കാൻ വരുമെന്ന് കരുതിയോ, നീ സമ്മതത്തോടെയും അല്ലാതെയും ഒരുപാട് പെണ്ണുങ്ങളുടെ ശരീരം അസ്വദിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം, നീ അവസാനം നശിപ്പിച്ച ഒരു പതിനാലുകരി ഇല്ലേ അവളുടെ അമ്മയാണ് ഞാൻ…
ആ പതിനാലു വയസ്സുകാരിയുടെ ശരീരത്തിൽ നീ എന്ത് കാമം ആണ് കണ്ടത്, അവൾ ഒന്നും ചെയ്യരുതെ എന്ന് നിന്നോട് കെഞ്ചി പറഞ്ഞപ്പോഴും നീ വീണ്ടും വീണ്ടും ആർത്തിയോടെ ആ ശരീരത്തെ നോക്കിയില്ലേ… അവളുടെ
ശരീരത്തെ പിച്ചിച്ചീന്തി നിന്റെ കാമം തീർത്തപ്പോൾ ഒരിക്കലെങ്കിലും നിന്നോട് യാചിക്കുന്ന ആ കണ്ണുകൾ നീ കണ്ടോ…. ഇല്ലടാ നീ കാണില്ല നീയൊക്കെ പെണ്ണിന്റെ ഉടലിൽ കാമം മാത്രമേ കാണുള്ളു…
നീ ജാമ്യത്തിൽ ഇറങ്ങാൻ കാത്തിരിക്കുക ആയിരുന്നു ഞാൻ, ഇല്ലടാ നിന്നെ ഒരു നിയമത്തിന് മുന്നിലും വിട്ടുകൊടുക്കില്ല, നീ ജയിൽ പോയി തിന്ന് കൊഴുത്ത് വീണ്ടും പുറത്ത് ഇറങ്ങും ,അപ്പോഴും നിന്റെ കാമം തീർക്കാൻ നീ ഇതുപോലെ ഏതേലും
പെണ്ണുങ്ങളുടെ ശരീരം തേടി ഇറങ്ങും,, ഇനി നീ കാരണം ഒരു പെണ്ണിന്റെയും ജീവിതം നശിക്കാൻ പാടില്ല…
നിന്റെ മരണം കൊണ്ടെന്നും ഈ ലോകം നന്നാവില്ല,പെണ്ണിന്റെ നേരെ ഉള്ള അതിക്രമവും തീരില്ല, പക്ഷെ ഞാൻ ചെയ്തത് കണ്ടിട്ട് സമൂഹത്തിലെ ഓരോ സ്ത്രീയും തുനിഞ്ഞിറങ്ങിയൽ നിന്നെപ്പോലെ സ്ത്രീ ശരീരത്തിൽ കാമം
കാണുന്നവർ ഒന്ന് പേടിക്കും…പിന്നെ ഒരു കാര്യം കൂടി ഞാൻ ആരെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് നിന്റെ അമ്മ എന്നെ ഇവിടെ നിർത്തിയത്. അവർക്ക് അറിയാം നിന്റെ അന്ത്യം എന്റെ കയ്യ് കൊണ്ട് ആണെന്ന്, നിനക്ക് തന്നത് പോലെ
അൽപ്പം ഡോസ് കൂട്ടി ഉറക്കഗുളിക ഞാൻ അവർക്കും കൊടുത്തിട്ടുണ്ട്..അവർ ഉണരും മുൻപേ നിന്റെ മരണം എനിക്ക് ഉറപ്പ് വരുത്തണം…..”
മേരി തന്റെ ഇടുപ്പിൽ വച്ചിരുന്ന കത്തി എടുത്ത് അവന്റെ നേർക്ക് നടന്നു. അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുകയും കയ്യും കാലും അനക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന് അനങ്ങാൻ കഴിയാത്ത വിധം
ബന്ധിപ്പിച്ചിരുന്നു.. മേരി അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് കണ്ണുകൾ ഇറുക്കി അടച്ച് കൊണ്ട് രണ്ട് കയ്യും കൊണ്ട് കത്തി മുറുക്കെ പിടിച്ച് അവന്റെ നെഞ്ചിന്റെ നേർക്ക് ആഞ്ഞു കുത്തി,കുത്തിയ കത്തി വലിച്ച് ഉരിയപ്പോൾ അവന്റെ ചുടു ചോര മേരിയുടെ മുഖത്തേക്ക് തെറിച്ച് വീണു..
ഒരു കൈകൊണ്ട് മുഖത്ത് വീണ ചോര തുടച്ച് കൊണ്ട് വീണ്ടും വീണ്ടും മനുവിന്റെ നെഞ്ചിലേക്ക് ആഞ്ഞ് കുത്തി .. മനുവിന്റെ കയ്യുടെയും കാലിന്റെയും ചലനം നിലയ്ക്കുന്നത് വരെ മേരിയുടെ കയ്യിൽ ഇരുന്ന കത്തി അവന്റെ ശരീരത്തിലേക്ക് വീണ്ടും വീണ്ടും കുത്തി ഇറങ്ങി കൊണ്ടിരുന്നു…
മനുവിന്റെ ശരീരം നിശ്ചലമായപ്പോൾ മേരി മേശപ്പുറത്ത് ഇരുന്ന മൊബൈലിലേക്ക് നോക്കി, അതിൽ ആ പതിനാലുകരിയുടെ മുഖം തെളിഞ്ഞു വന്നു. മാസങ്ങളായി ഇരുട്ടിൽ മുഖംതാഴ്തി ഇരുന്ന അവളുടെ
മുഖത്തേക്ക് വീണ്ടും പ്രകാശം കടന്ന് വന്നു. കരഞ്ഞു കലങ്ങി ഇരുന്ന അവളുടെ മുഖത്ത് വിജയിച്ചതിന്റെ സന്തോഷം തെളിഞ്ഞു വന്നു.
ഒരമ്മ തന്റെ മോളുടെ ജീവിതം നശിപ്പിച്ചവന്റെ ജീവൻ എടുത്തപ്പോൾ,മുറിയുടെ പുറത്ത് തന്റെ മോന്റെ മരണം അറിഞ്ഞുകൊണ്ട് മറ്റൊരമ്മ കണ്ണീർ വാർത്ത് നിൽപ്പുണ്ടായിരുന്നു….