(രചന: സൂര്യ ഗായത്രി)
എന്റെ കുട്ട നീയിനിയും അവൾക്കു പിന്നാലെ പോകാതെ. ഇത്രയും വർഷം കഴിഞ്ഞിട്ടും നിനക്ക് അവളെ തന്നെ മതിയെന്നാണോ..
അച്ഛന്റെയും അമ്മയുടെയും വാക്കുകേട്ട്..ഞാൻ അവളെ ഇത്രയും നാൾ തിരിഞ്ഞു പോലും നോക്കിയില്ല. ഇന്നത് ആലോചിക്കുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു..
ഞാൻ നിങ്ങളുടെ മകനല്ലേ എനിക്ക് തെറ്റു പറ്റിയാൽ നിങ്ങളല്ലേ തിരുത്തേണ്ടത്. എന്നിട്ടാണോ നിങ്ങൾ ഇതുവരെ എനിക്ക് നല്ലതൊന്നും പറഞ്ഞു തരാത്തത്.എങ്കിൽ എന്റെ കുടുംബ ജീവിതം ഇങ്ങനെ ആകുമായിരുന്നോ.
എനിക്ക് നല്ലത് പറഞ്ഞു നേർവഴിക്ക് നടത്തേണ്ടതിന് പകരം ഭാര്യയുടെ കുറ്റം മാത്രം പറഞ്ഞ് തന്ന് എന്നെ കൊണ്ട് അവളെ ഉപദ്രവിക്കുകയായിരുന്നു നിങ്ങളുടെ പരിപാടി.
ഞാൻ നിങ്ങൾ പറയുന്നത് കേട്ട് പ്രവർത്തിച്ചതു കൊണ്ടാണ് ഇത്രയും വർഷം എനിക്ക് നഷ്ടമായത്. ഇനി ഞാൻ എന്തായാലും നിങ്ങൾക്ക് ഒപ്പം ഇവിടെ താമസിക്കില്ല… അത്രയും പറഞ്ഞുകൊണ്ട് കുട്ടൻ അകത്തേക്ക് കയറിപ്പോയി..
രാത്രിയിൽ അവനു കിടന്നിട്ടു ഉറക്കം വന്നില്ല. എന്തുമാത്രം ദ്രോഹമാണ് അവളോട് കാണിച്ചത്. ഉപദ്രവിച്ചും, സംശയിച്ചും ഒരു ദിവസം പോലും സമാധാനം കൊടുത്തിട്ടില്ല.
പറയുന്നതിലും ചെയ്യുന്നതതും എല്ലാം സംശയത്തോടെ നോക്കി.. അതിന്റെ പേരിൽ അടിയും വഴക്കും ഉണ്ടാക്കി… കുഞ്ഞുമക്കൾ ഉണ്ടെന്ന ചിന്തപോലും ഇല്ലാതെ പ്രവർത്തിച്ചു..
ചെയ്തു പോയതെല്ലാം തെറ്റായിരുന്നു.. ഇന്നത്തിനെ കുറിച്ച് ഓർക്കുമ്പോൾ വേദന തോന്നുന്നു.. പക്ഷെ അപ്പോഴേക്കും ജീവിതം നഷ്ടപെടുത്തി കളഞ്ഞിരുന്നു..
കുഞ്ഞുങ്ങളെയും അവളെയും വീട്ടിൽ നിന്നും അടിച്ചിറക്കി വിട്ടിരുന്നു. ആരും അന്ന് തടഞ്ഞില്ല. നല്ലത് പറഞ്ഞു തന്നവരെപോലും മനസിലാക്കിയില്ല. അത്രയും ദുഷ്ടനായി മാറിയിരുന്നു. ഓർമ്മകൾ കുത്തി നോവിച്ചപ്പോൾ കണ്ണുകൾ ഉറവകളായി… പൊട്ടി ഒഴുകി..
പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ദിവാകരനും യശോദയയും കുട്ടനെ കണ്ടില്ല.
നിർത്താതെ ഉള്ള ഫോൺ കോളുകൾ കണ്ടിട്ട് അവൻ അറ്റൻഡ് ചെയ്ത്.
എവിടെയാ കുട്ട നീ…. എത്ര നേരമായി വിളിക്കുന്നു..
ഇനിയെന്നെ വിളിക്കേണ്ട കുറച്ചു നാൾ ഞാൻ കാണില്ല. എനിക്ക് അല്പം സമാധാനം വേണം.
ഞാനൊരു യാത്രയിലാണ്. അതുകഴിഞ്ഞു ഞാൻ നാട്ടിലേക്കു തിരിച്ചു വരും.എന്നെ അന്വേഷിക്കേണ്ട. കുട്ടാ ഞങ്ങൾക്ക് നീ മാത്രല്ലേ ഉള്ളു…. അമ്മയുടെ ശബ്ദം ചിലമ്പിച്ചു.
എനിക്കും രണ്ടുമക്കൾ ഉണ്ടെന്നു നിങ്ങൾക്ക് തോന്നിയിരുന്നോ.ഞാൻ അവരെ കാണാതെ എത്ര കൊല്ലാം.
എന്നെ ഒന്നുകാണാഞ്ഞപ്പോൾ നിങ്ങളുടെ മനസിന് എത്ര വിഷമായി അതുപോലെയാണ് എനിക്ക് എന്റെ മക്കളും.ഇനിയും ഞാൻ ആരുടേയും വാക്കുകൾ കേൾക്കുന്നില്ല.
രണ്ടുപേരും സന്തോഷത്തോടുo സമാധാനത്തിലും ജീവിക്കു…. ഞാൻ എന്നെങ്കിലും മടങ്ങിവരും.. രണ്ടുവർഷം വേണ്ടിവന്നു പഴയതൊക്കെ മറക്കാനും പുതിയൊരു ജീവിതത്തെക്കുറിച്ചു ചിന്തിക്കാനും…
ഒടുവിൽ മൂന്നാമത്തെ വർഷം നാട്ടിലേക്കുമടങ്ങിയെത്തി. പലവട്ടം അവളെയും മക്കളെയും കാണാനായി ഇറങ്ങി പുറപ്പെട്ടു എങ്കിലും എവിടെയോ ഒരു കുറ്റബോധം തോന്നി… പിന്തിരിഞ്ഞു.
മോളുടെയും മോന്റെയും വിവരങ്ങൾ തിരഞ്ഞു പിടിച്ചു മോനേ സ്കൂളിൽ പോയി കണ്ടു…. അവനെയും കൂട്ടി മോളെ കാണാൻ ചെല്ലുമ്പോൾ അവൾക്കറിയില്ല അച്ഛനെ….
സഹിക്കാൻ കഴിഞ്ഞില്ല. നിൽക്കുന്ന ഭൂമി പിളർന്നു പോയെങ്കിൽ എന്നാഗ്രഹിച്ചുപോയി..
മക്കളെ കൂട്ടി പുറത്തേക്കുപോയി അവർക്കു വയറുനിറയെ ഭക്ഷണം വാങ്ങി നൽകി…അമ്മയെ കുറിച്ച് അന്വേഷിച്ചു…
അവരെ വളർത്താൻ അമ്മ അനുഭവിച്ച കഷ്ടപാടുകൾ കേട്ടപ്പോൾ തന്നോട് തന്നെ പുച്ഛം തോന്നിപ്പോയി.. ഒരുവേള അവളോട് ബഹുമാനവും…
ഒടുവിൽ മക്കളെ തിരികെ കൊണ്ട് ചെന്നാക്കി..മക്കൾ വന്ന ഉടനെ അമ്മയോട് വിവരങ്ങൾ അറിയിച്ചു…
ആദ്യം കേട്ടുകൊണ്ട് മിണ്ടാതിരുന്നെങ്കിലും രണ്ടു കണ്ണുകളിൽ നിന്നും കണ്ണുനീർ പൊട്ടി ഒഴുകി….
അച്ഛൻ അമ്മയെ കാണാൻ ഉറപ്പായും വരും…എനിക്കാരെയും കാണേണ്ട…ഇത്രയും നാൾ ഞാൻ തനിച്ചായിരുന്നു.. ഇനിയും…. അങ്ങനെ മതി…
പെട്ടെന്ന് ഒന്നും മറക്കാൻ എനിക്ക് കഴിഞ്ഞില്ല…സമയം എടുക്കും…എന്നുപറഞ്ഞു നിങ്ങളുടെ സന്തോഷം കെടുത്താൻ ഞാൻ തയ്യാറല്ല… താൻ കാരണം അച്ഛന്റെ സ്നേഹം ഇനിയും തന്റെ മക്കൾക്ക് നഷ്ടപ്പെടാൻ പാടില്ലെന്നോർത്തു അവൾ വീണ്ടും ഒന്നിച്ചു പോകാൻ തീരുമാനിച്ചു.
അങ്ങനെ വീണ്ടും ഒരു ഒത്തുചേരൽ.പത്തുവർഷത്തിന് ശേഷം ആ വീട്ടിലേക്കു കയറുമ്പോൾ അവളുടെ കാലുകൾക്ക് തളർച്ച തോന്നി…
മുഖത്തു വിരിഞ്ഞ സങ്കടം മാറ്റിവെച്ചുകൊണ്ട് ദിവ്യ ആ വീടിന്റെ പടികൾ കയറി അകത്തേക്ക് പോയി. പിന്നാലെ തന്നെ കുട്ടൻ കുഞ്ഞുങ്ങളെയും കൊണ്ട്…
മകൻ ഇപ്പോൾ 18 വയസ്സും മകൾക്ക് 16.. ജീവിതത്തിന്റെ സുന്ദരമായ പത്തു വർഷങ്ങൾ നഷ്ടപ്പെട്ടു.
പഴയ വീട് പൊളിച്ചടുക്കി പുതിയ വീട് പണിയിച്ചിട്ടുണ്ട് രണ്ടുനില വീടാണ്. മോനും മോളും വീടിന്റെ ഓരോ ഭാഗങ്ങളും വളരെ സന്തോഷത്തോടുകൂടി ഓടിനടന്ന് കാണുന്നുണ്ട്.
ദിവ്യ ചെന്ന ഉടനെ തന്നെ നേരെ അടുക്കളയിലേക്കാണ് കയറിയത്. വിശാലമായ അടുക്കളയും വർക്ക് ഏരിയയും കണ്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി.
അടുക്കളയിൽ ഓരോന്നായി നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് കുട്ടൻ അവളുടെ പിന്നാലെ ചെന്നത്.
എങ്ങനെയുണ്ട് തനിക്ക് വീടൊക്കെ ഇഷ്ടമായോ..അവളത്തിന് നിറമില്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചു.
നമ്മുടെ ജീവിതത്തിന്റെ വിലയേറിയ 10 വർഷങ്ങളാണ് കടന്നുപോയത്. ഒരു തെറ്റും ചെയ്യാത്ത എന്നെ വെറുതെ സംശയത്തിന്റെ പേരിൽ വീട്ടിൽ നിന്നും അടിച്ചിറക്കി വിട്ടു. രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് എങ്ങനെ ജീവിക്കും എന്ന് പോലും നിങ്ങൾ അന്വേഷിച്ചില്ല…
ഇവിടെനിന്ന് ഇറക്കിവിടുമ്പോൾ എന്റെ വീട്ടിലേക്ക് തന്നെ ഞാൻ പോകുമെന്ന് നിങ്ങൾക്ക് എന്തായിരുന്നു ഉറപ്പ്. ഞാൻ എന്റെ മക്കളെയും കൊണ്ട് ജീവനൊടുക്കിയിരുന്നെങ്കിൽ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല.
എന്റെ മക്കൾക്ക് വേണ്ടി ഞാൻ ജീവിച്ചു.. ഭർത്താവ് ജീവിച്ചിരിക്കെ വിധവയെപ്പോലെ. എന്റെ കുഞ്ഞുങ്ങളുടെ വയറു നിറയ്ക്കാൻ ഞാൻ ചെയ്യാത്ത തൊഴിലുകൾ ഇല്ല. അന്യന്റെ വീട്ടിലെ അടുക്കളപ്പണി മുതൽ ഹോസ്പിറ്റലിലെ കക്കൂസ് വരെ കഴുകിയിട്ടുണ്ട്.
അറിയാവുന്ന കൈ തൊഴിലായ തയ്യൽ ഉപജീവനം ആക്കാൻ ഞാൻ തീരുമാനിച്ചു. ഒരു ചെറിയ മുറി കടയെടുത്തു ഞാൻ അതിൽ തയ്യൽ ആരംഭിച്ചു.
ആദ്യമൊക്കെ ഒരുപാട് കഷ്ടപ്പെട്ടു.. ഒടുവിൽ അറിയാവുന്നവർ തന്നെ ചെറിയ വർക്ക് തന്നു തുടങ്ങി…. പിന്നെ പിന്നെ ജോലിചെയ്യാൻ ഉള്ള ആൾക്കാരുടെയും മെഷീന്റെയും എണ്ണം കൂടിവന്നു.
ഇന്നെനിക്കു സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുണ്ട്. അന്നൊക്കെ മനസ്സിൽ എന്റെ മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്റെ മോളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നടന്നപ്പോൾ അവളൊരു വലിയ കുട്ടിയായപ്പോൾ അന്ന് ഞാൻ നിങ്ങളെ വിവരം അറിയിച്ചു.. പക്ഷെ നിങ്ങൾ വന്നില്ല…
എന്നിട്ടും എന്നാൽ കഴിയും വിധത്തിൽ അവൾക്കുവേണ്ടി എല്ലാം ഞാൻ ചെയ്തുകൊടുത്തു.അവളുടെ സന്തോഷം അതായിരുന്നു വലുത്.
ഇന്നവൾ പത്താം ക്ലാസ് പാസ്സായി… മകൻ മെഡിക്കൽ എൻട്രൻസ് പാസായി….ഞാൻ നിങ്ങളുടെ മുന്നിൽ ജീവിച്ചു വിജയിച്ചു കാണിച്ചു. നിങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നത് തന്നെയാണ് എന്റെ അഭിമാനം..
എന്റെ വിജയത്തിന് പിന്നിൽ എന്റെ മക്കളാണ്…പിന്നെ ഇപ്പോൾ ഞാൻ നിങ്ങൾക്കൊപ്പം വന്നത് ഇത്രയും കാലം നിങ്ങൾ എന്നെയോ ഞാൻ നിങ്ങളെയോ തേടി വന്നില്ല…
പക്ഷെ ഇപ്പോൾ നിങ്ങൾ എന്നെയും മകളെയും തേടി വന്നു. നിങ്ങളുടെ തെറ്റുകൾ സ്വയം മനസിലാക്കി.പക്ഷെ അങ്ങനെ ഒരു തിരിച്ചറിവിന് പത്തു വർഷം വേണ്ടിവന്നു നിങ്ങൾക്കു..
നമ്മളുംമക്കളും കൂടിയുള്ള സന്തോഷത്തിന്റെ പത്തുവർഷങ്ങൾ.കഴിഞ്ഞുപോയതിനെ കുറിച്ച് ഇനിയും പറഞ്ഞിട്ട് കാര്യമില്ല.എന്നറിയാം എങ്കിലും ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ തല ഉയർത്തി തന്നെയാണ് നിൽക്കുന്നത്…….
ജീവിതം നഷ്ടപ്പെട്ടു എന്നുകരുതി ജീവിക്കുന്നവർക്ക് മുന്നിൽ ദിവ്യ എന്നും മാതൃകയാണ്. ആത്മാഭിമാനം നഷ്ടപ്പെടുത്തത മനസാക്ഷിക്കു മുന്നിൽ കുറ്റബോധം ഇല്ലാത്ത ഏതു തൊഴിലും ചെയ്യാം…
ഇന്ന് അവരുടെ ജീവിതം സ്വർഗ്ഗമാണു. കഴിഞ്ഞുപോയ പത്തു വർഷത്തിൽ നഷ്ടപെട്ട ജീവിതം അവരിന്നു കെട്ടിപ്പടുക്കുന്നുണ്ട്…….