അമ്മ വേലി ചാടിയാൽ മോൾ മതിൽ ചാടും എന്നല്ലേ പറയാറ്..!”പുച്ഛത്തോടെ സ്മിതയെ നോക്കി കൊണ്ട് അമ്മായി പ്രസ്താവിച്ചു.

(രചന: ശ്രേയ)

“എനിക്ക് സമ്മതമല്ല.. എന്റെ വിവാഹം ആരുമായി നടക്കണമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്.? ഒന്നിച്ചു ജീവിക്കേണ്ടത് ഞങ്ങളല്ലേ..? അപ്പോൾ എന്റെ തീരുമാനത്തിനല്ലേ പ്രാധാന്യം നൽകേണ്ടത്..?”

തറവാട്ടിലെ തല മുതിർന്ന കാരണവന്മാരും ബന്ധുക്കളും മുഴുവൻ ഇരിക്കുന്ന വേദിയിൽ മകൾ അങ്ങനെ ഒരു പ്രസ്താവന നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു.

പലരും അമ്പരപ്പോടെയും അത്ഭുതത്തോടെയും ദേഷ്യത്തോടെയും അവളെയും തന്നെയും മാറിമാറി നോക്കുന്നത് സ്മിത കണ്ടെത്തി.

” ഇന്നോളം ഈ തറവാട്ടിൽ ആണുങ്ങൾക്ക് മീതെ പെണ്ണുങ്ങളുടെ ശബ്ദം ഉയർന്നിട്ടില്ല. വന്നു വന്ന് അതുമായിരിക്കുന്നു..”

ആ പ്രസ്താവന നടത്തിയത് സ്മിതയുടെ ഭർത്താവായ അനിയുടെ ഒരേയൊരു പെങ്ങൾ അനിതയാണ്..!സ്മിതയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.

” ഹ്മ്മ്.. വളർത്തു ദോഷം..! അല്ലാതെ എന്താ..? അമ്മ വേലി ചാടിയാൽ മോൾ മതിൽ ചാടും എന്നല്ലേ പറയാറ്..!”പുച്ഛത്തോടെ സ്മിതയെ നോക്കി കൊണ്ട് അമ്മായി പ്രസ്താവിച്ചു.

അപ്പോഴും സ്മിത മൗനം പാലിച്ചു. മൗനം വിദ്വാനു ഭൂഷണം എന്ന് പണ്ടെപ്പോഴോ പഠിച്ചിട്ടുള്ളതാണ്. അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തുടങ്ങിയത് ഈ വീട്ടിലെ മരുമകളായി കയറി വന്നതിനു ശേഷം ആണ്.

” എന്തായാലും നീ പറയുന്നതുപോലെ ഒരു വിവാഹം ഇവിടെ നടക്കില്ല. ഈ തറവാട്ടിൽ ഇന്നുവരെ കല്യാണം കഴിക്കാനുള്ള ചെറുക്കനെ പെൺകുട്ടികൾ കണ്ടെത്തിയ ചരിത്രമില്ല. ഞങ്ങൾ കണ്ടെത്തുന്ന

ചെറുക്കനെ തന്നെയാണ് ആ പെൺകുട്ടികൾ വരനായി സ്വീകരിക്കാറ്. നിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ മതി.”

ഭർത്താവിന്റെ ജ്യേഷ്ഠനാണ്. ആ സമയത്ത് സ്മിതയുടെ നോട്ടം പോയത് സഭയിൽ പുതുതായി അംഗത്വം നേടിയ ജേഷ്ഠന്റെ മരുമകനിലേക്കാണ്.

ഈ അടുത്ത കാലത്താണ് ചേട്ടന്റെ മകളുടെ വിവാഹം കഴിഞ്ഞത്. സൽഗുണ സമ്പന്നനായ എന്തു കൊണ്ടും തറവാടിനോട് ചേർന്ന് നിൽക്കുന്ന പുതിയൊരു മരുമകനെ ഈ തറവാട്ടുകാർ സ്വീകരിച്ചു.

ആ മരുമകനെ ഇവിടെ നിന്ന് കണ്ടെത്തിയതാണ് എന്ന് അവർ ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്നു. പക്ഷേ അത് അങ്ങനെയല്ല എന്ന് ഈ തറവാട്ടിൽ അറിയുന്ന ഒരേ ഒരാൾ താൻ മാത്രം.

സ്മിതയുടെ കൂട്ടുകാരി പഠിപ്പിക്കുന്ന കോളേജിൽ ആയിരുന്നു ചേട്ടന്റെ മകൾ പഠിച്ചിരുന്നത്. അവിടെവച്ച് രണ്ടുപേരും തമ്മിൽ പ്രണയത്തിൽ ആയതാണ്. ആ വിവരം സ്മിതയുടെ കൂട്ടുകാരി പറഞ്ഞു അവൾ അറിയുകയും ചെയ്തിരുന്നു.

ചേട്ടന്റെ മകളോട് അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തതാണ്.”ദയവു ചെയ്ത് ചെറിയമ്മ ആരോടും പറയരുത്.. അച്ഛന്റെയൊക്കെ സ്വഭാവം അറിയാമല്ലോ..

ഞങ്ങൾ യാതൊരു തെറ്റും ചെയ്യില്ല. വിവാഹത്തിനുള്ള സമയമാകുമ്പോൾ എങ്ങനെയെങ്കിലും ഞങ്ങളുടെ വിവാഹം നടത്തും.”

അന്ന് അവൾ പറഞ്ഞ മറുപടിയാണ്. ഇവിടുത്തെ പല കാര്യങ്ങളോടും എതിർപ്പുണ്ടായിരുന്ന സ്മിതയ്ക്ക് അവളെ തടയാൻ തോന്നിയില്ല.

പിന്നീട് അവൾക്ക് വിവാഹം ആലോചിച്ചു തുടങ്ങിയ സമയത്ത് അവൻ ബ്രോക്കർ വഴി വിവാഹാലോചന കൊണ്ടുവരികയായിരുന്നു. അവളെ നേടണം എന്നുള്ള ആഗ്രഹം കൊണ്ടായിരിക്കണം അവൻ നല്ലൊരു ജോലിയും സമ്പാദിച്ചിരുന്നു.

എന്തായാലും മംഗളപൂർവം ആ വിവാഹം നടന്നു. ഇപ്പോഴും ഈ തറവാട്ടിൽ പലർക്കും അവരുടേത് ഒരു പ്രണയ വിവാഹമായിരുന്നു എന്നറിയില്ല..!

” നിങ്ങളൊക്കെ കൂടി എന്ത് മല മറിക്കുന്ന തീരുമാനമെടുത്താലും എന്റെ കല്യാണം നടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്.

നിങ്ങളുടെയൊക്കെ പറച്ചിൽ കേട്ടാൽ തോന്നും കണ്ടെത്തി കൊണ്ടുവന്നിരിക്കുന്നത് അത്രയും വലിയ മഹാനാണെന്ന്..

എന്നെക്കാൾ 10 വയസ്സിന് മുതിർന്നതാണ് നിങ്ങൾ കൊണ്ടുവന്ന ആൾ. അതും എന്നെ മനസ്സിലാക്കുമോ എന്നെ സ്നേഹിക്കുമോ എന്നൊന്നും എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലാത്ത ഒരു മനുഷ്യൻ.

അയാളെ കണ്ടാൽ തന്നെ മനുഷ്യത്വം എന്ന് പറയുന്ന സാധനം അയാളുടെ 7 അയലത്ത് കൂടി പോയിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയമാണ്.

അങ്ങനെയുള്ള ഒരാളിന്റെ അടുത്തേക്ക് അറവുമാടിനെ പോലെ എന്നെ തള്ളി വിടാൻ ഞാൻ സമ്മതിക്കില്ല. അങ്ങനെ പോകാൻ എനിക്കിവിടെ താൽപര്യവുമില്ല..

മകൾ ഉറക്കെ പറയുന്നുണ്ട്. അത് കേട്ടപ്പോൾ സ്മിതയ്ക്ക് അവളെ ഓർത്ത് അഭിമാനം തോന്നി.

” മോളെ പഠിപ്പിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ.. തറവാട്ടിലെ മുതിർന്ന ആണുങ്ങൾ ഇരുന്നു സംസാരിക്കുന്ന സ്ഥലത്താണ് അവൾ ഇത്രയും അധിക

പ്രസംഗം നടത്തുന്നത് എന്ന് ആലോചിക്കുമ്പോൾ ആണ്.. നിനക്കൊന്നും പറയാനില്ലേ വിനയാ..? നിന്റെ മോളല്ലേ ഇവിടെ ഇത്രയും പ്രസംഗം നടത്തുന്നത്..? ”

ദേഷ്യത്തോടെ അവർ ചോദിച്ചപ്പോൾ ഭർത്താവ് സ്മിതയെ ഒന്ന് നോക്കി.” അവൾ പറഞ്ഞു പോയ അപരാധത്തിന് എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കാം. ”

തലകുനിച്ചു കൊണ്ട് അയാൾ പറഞ്ഞ മറുപടി കേട്ട് സ്മിതയ്ക്കും മക്കൾക്കും ഒരേ സമയം ദേഷ്യം വന്നു.

” അച്ഛൻ എന്ത് കാര്യത്തിനാണ് ഇവരോട് മാപ്പ് പറഞ്ഞത്..? ഇവരൊക്കെ പറയുന്നതുപോലെ എന്റെ ജീവിതം കൊണ്ടുപോയി തുലാസിൽ ആക്കാൻ ഞാൻ സമ്മതിക്കാത്തതിനോ..?

അങ്ങനെയാണെങ്കിൽ എനിക്ക് കൊണ്ടുവന്ന അതേ കല്യാണ ആലോചന വിദ്യയ്ക്ക് വേണ്ടി വീട്ടിലേക്ക് വന്നതാണല്ലോ..

അപ്പോൾ വല്യച്ചൻ എന്താ പറഞ്ഞത്? അവൾക്ക് അത് വേണ്ട എന്ന്.. സ്വന്തം മകൾക്ക് നല്ലത് കിട്ടണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ട്. അതുപോലെ ഒരു ആഗ്രഹം എന്റെ അമ്മയ്ക്ക് ഉണ്ടായത് എങ്ങനെയാണ് തെറ്റാകുന്നത്..?

നിങ്ങളോട് ആരോടും എതിർത്ത് ഒരു വാക്കുപോലും എന്റെ അച്ഛൻ സംസാരിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് നിങ്ങൾക്ക് എന്റെ

കാര്യത്തിൽ ഇങ്ങനെ പല തീരുമാനങ്ങളും എടുക്കാൻ ആവുന്നത്. ഇനി അങ്ങനെ ഒരു തീരുമാനത്തിൽ നിന്ന് തരാൻ ഞാൻ തയ്യാറല്ല..”അത്രയും പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് കയറി പോയി.

“നിഷേധി.. അമ്മയ്ക്കുള്ള അതേ അഹങ്കാരവും നിഷേധവും തന്നെയാണ് അവൾക്കും ഉള്ളത്. എന്തെങ്കിലും ഒരു വ്യത്യാസം ഉണ്ടോ എന്ന് നോക്ക്..!”

ചേട്ടത്തിയമ്മ അത് പറഞ്ഞപ്പോൾ അത്രയും നേരം മൗനമായി നിന്ന സ്മിതയ്ക്ക് സഹിക്കാനായില്ല.

“ശരി ഞാൻ സമ്മതിച്ചു.ഞാൻ നിഷേധിയാണ് അഹങ്കാരിയാണ് ഒക്കെയാണ്.പക്ഷേ എപ്പോൾ മുതലാണ് ഞാൻ അങ്ങനെ ആയത് എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?

ഈ വീട്ടിലേക്ക് കയറി വരുമ്പോൾ ഭർത്താവിനെ ദൈവത്തിനെപ്പോലെ കാണണം എന്നു പറയുന്ന ഒരു വീട്ടിൽ നിന്ന് തന്നെയാണ് ഞാൻ വന്നത്.

ഈ നിമിഷം വരെയും അങ്ങനെ തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. കല്യാണം കഴിഞ്ഞ് ഇവിടെ കേറിവന്ന അതേ ദിവസം തന്നെ എന്റെ

കഴുത്തിലെയും കയ്യിലെയും ആഭരണങ്ങൾ ഊരി വാങ്ങാൻ ആയിരുന്നു അമ്മയ്ക്കും പെങ്ങൾക്കും താൽപര്യം.

എന്റെ അച്ഛൻ ചോര നീരാക്കി ഉണ്ടാക്കിയ സാധനം അവരുടെ ഇഷ്ടത്തിന് ചെലവാക്കാൻ ഞാൻ കൊടുക്കില്ല എന്ന് പറഞ്ഞപ്പോഴാണ് ഞാൻ അഹങ്കാരി ആയത്.

ഈ കുടുംബത്തോട് സ്നേഹമില്ലാത്തവൾ ആയത്. എന്തിനും ഏതിനും ഇവിടെ തരംതിരിവ് വന്നു തുടങ്ങിയപ്പോൾ അതിനെ എതിർത്തതു കൊണ്ടാണ് ഞാൻ നിഷേധിയായത്.

കൂലിപ്പണിക്കാരനായ എന്റെ ഭർത്താവിനെ എന്നും രണ്ടാം കിടയിലാക്കിക്കൊണ്ട് അദ്ദേഹത്തെ അടക്കി ഭരിക്കുന്ന ചേട്ടനെ എതിർത്തപ്പോഴാണ് ഞാൻ ഈ കുടുംബത്തിന് വെറുക്കപ്പെട്ടവൾ ആയത്.

എന്റെ അവകാശങ്ങളും എന്റെ അധികാരങ്ങളും ഞാൻ ഉപയോഗിക്കുക തന്നെ ചെയ്യും. എന്റെ ഭർത്താവിനെ ആർക്കും തട്ടി കളിക്കാൻ ഉള്ളതല്ല. എന്റെ ജീവിതവും എന്റെ മകളുടെ ജീവിതവും ആർക്കും മുന്നിലും ഞങ്ങൾ അടിയറവ് വെച്ചിട്ടില്ല.

ഈ കുടുംബത്തിൽ ഞാൻ അനുഭവിക്കുന്നത് എന്തൊക്കെയാണെന്ന് എനിക്കറിയാം. നിങ്ങളൊക്കെ കൂടി കണ്ടുപിടിച്ചു കൊണ്ടുവരുന്നവന്റെ വീട്ടിലും ഇങ്ങനെയൊക്കെ

തന്നെയായിരിക്കും ചിലപ്പോൾ അവസ്ഥ. ഞാൻ അനുഭവിച്ചത് എന്റെ മകൾ ഒരിക്കലും അനുഭവിക്കാൻ പാടില്ല.

അത് ഒരു അമ്മ എന്ന നിലയിൽ എനിക്ക് നിർബന്ധമുണ്ട്. നിങ്ങൾ മനസ്സിലാക്കിയാലും ഇല്ലെങ്കിലും അതാണ് സത്യം.അവൾക്ക് ഇഷ്ടമല്ലെങ്കിൽ ഈ വിവാഹം നടത്താൻ ഞാൻ

അനുവദിക്കില്ല. അതിന് എന്ത് ചെയ്യണമെന്ന് എനിക്കറിയാം. “ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് സ്മിത അടുക്കളയിലേക്ക് നടന്നു.

മകളെക്കാൾ പ്രായത്തിൽ മുതിർന്ന അവൾക്ക് യാതൊരു ചേർച്ചയും ഇല്ലാതെ ഒരു ചെറുപ്പക്കാരനെ കൊണ്ട് അവളെ വിവാഹം കഴിപ്പിച്ച് ഈ തറവാട്ടിൽ നിന്ന് ഇറക്കി വിടാനുള്ള കുടുംബക്കാരുടെ നീക്കം..!! എത്രയെന്ന് വച്ചാണ് പലതും കണ്ടില്ലെന്ന് നടിക്കുന്നത്..!

അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴാണ് പലപ്പോഴും അഹങ്കാരികളും നിഷേധികളും ഉണ്ടാകുന്നത്…!

നെടുവീർപ്പോടെ ചിന്തിച്ചു കൊണ്ട് ആ നിഷേധി അടുക്കളയിലെ പാത്രങ്ങളോട് മല്ലിട്ടു..

Leave a Reply

Your email address will not be published. Required fields are marked *