(രചന: ശ്രുതി)
” ഹ്മ്മ്.. എന്നെ തല്ലാനും മാത്രം വളർന്നോ.. രാക്ഷസൻ..!”അടി കിട്ടിയ വേദനയേക്കാൾ അടിച്ച ആളിന്റെ മുഖം ആണ് അവളെ വേദനിപ്പിച്ചത്.
“നോക്കിക്കോ.. ഇനി മീനൂട്ടി എന്ന് വിളിച്ചു വരട്ടെ ഇങ്ങോട്ട്.. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ..”
അവൾ ദേഷ്യത്തോടെ പിറുപിറുത്തു.അവളുടെ ദേഷ്യം പിടിച്ച മുഖം കണ്ടപ്പോൾ അമ്മയ്ക്ക് കാര്യം മനസ്സിലാവാതെ അമ്മ അവളെ തുറിച്ചു നോക്കി.
“എന്തിനാ ഇങ്ങനെ നോക്കുന്നത്..? ഞാനിവിടെ എന്തെങ്കിലും ഷോ കാണിക്കുന്നുണ്ടോ..?”
അവൾ അവർക്ക് നേരെ ചാടി. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഇല്ല എന്ന് തലയാട്ടിക്കൊണ്ട് അമ്മ വേഗം സ്ഥലം കാലിയാക്കി. അല്ലെങ്കിൽ ഇതിനുള്ളതും കൂടി ചേർത്ത് കുറച്ചു കഴിയുമ്പോൾ വീണ്ടും കിട്ടും എന്ന് അവർക്ക് അറിയാമായിരുന്നു.
അവളുടെ സ്വഭാവം അങ്ങനെയാണ്. ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ മുന്നിൽ കാണുന്ന എല്ലാവരോടും അവള് തീർക്കും.
“മോള് എന്തു പറ്റി വന്ന ഉടനെ ഇവിടെ തന്നെ ഇരിക്കുന്നത്..? മുറിയിലേക്ക് പോയില്ലായിരുന്നോ..? പോയിട്ട് വന്ന വേഷം പോലും മാറ്റിയിട്ടില്ലല്ലോ..? പോയി കുളിച്ചിട്ട് ഒക്കെ വാ..”
ജോലി കഴിഞ്ഞു വന്ന അച്ഛൻ സ്നേഹത്തോടെ പറഞ്ഞപ്പോൾ അവൾ അയാളെ തുറിച്ചു നോക്കി. അത് കേട്ടുകൊണ്ട് നിന്ന അമ്മ തലയിൽ കൈവച്ചു.
അവളുടെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നെ സംഭവം പന്തിയല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.
അപ്പോഴേക്കും അവളുടെ പിന്നിൽ നിന്ന് അമ്മ അദ്ദേഹത്തിനോട് മുറിയിലേക്ക് പോകാൻ കൈ കാണിക്കുന്നുണ്ടായിരുന്നു. എന്തോ കാര്യമായ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലായതു കൊണ്ട് തന്നെ അദ്ദേഹം വേഗം മുറിയിലേക്ക് നടന്നു.
“എന്താ സംഭവം..?”പിന്നാലെ വന്ന ഭാര്യയോട് അയാൾ ചോദിച്ചു.” കാര്യം എന്താണെന്ന് ഒന്നും അറിയാൻ വയ്യ. രാക്ഷസനെന്നോ എന്തൊക്കെയോ പറഞ്ഞു അവിടെ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്.
കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ ഇതാണ് ഭാവം. സാധാരണ വരുമ്പോൾ തന്നെ ചായ ചോദിച്ചു പിന്നാലെ നടക്കുന്നതാണ്. ഇന്നിപ്പോൾ അവൾക്ക് ചായയും വേണ്ട വെള്ളവും വേണ്ട എന്നുള്ള അവസ്ഥയിൽ ഇരിപ്പുണ്ട്.”
അമ്മ പറഞ്ഞപ്പോൾ അദ്ദേഹം ഒരു നിമിഷം ആലോചിച്ചു.” ഇനി നമ്മുടെ മോനെങ്ങാനുമായിരിക്കുമോ ഇവൾ ഈ പറയുന്ന രാക്ഷസൻ..? ”
അദ്ദേഹം സംശയത്തോടെ ചോദിച്ചപ്പോൾ അവർ നെഞ്ചിൽ കൈവച്ചു.” അങ്ങനെ വല്ലതും ആണെങ്കിൽ ഇന്ന് ഇവിടെ അവളുടെ ഒരു സംഹാരതാണ്ഡവം കാണേണ്ടി വരും. നമുക്ക് ഇന്നൊരു ദിവസത്തേക്ക് അനിയന്റെ വീട്ടിലേക്ക് എങ്ങാനും പോയാലോ..?”
അവർ അത് ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു.” ഞാനിവിടെ വിഷമിച്ചിരിക്കുമ്പോൾ നിങ്ങൾ രണ്ടാളും കൂടി ഇവിടെ വന്ന് പൊട്ടിച്ചിരിക്കുകയാണ്.. എനിക്ക് എന്ത് വിഷമം വന്നാലും നിങ്ങൾക്ക് എന്താ അല്ലെ..അല്ലെങ്കിലും ഞാൻ നിങ്ങളുടെ ആരുമല്ലല്ലോ.. ”
വാതിൽക്കൽ നിന്ന് അവളുടെ ശബ്ദം കേട്ടപ്പോൾ രണ്ടാളും അബദ്ധം പറ്റിയതു പോലെ തലയിൽ കൈവച്ചു.
” നീ ഞങ്ങളുടെ ആരുമല്ല എന്ന് നിന്നോട് ആരാടീ കുറുമ്പി പറഞ്ഞത്..? നീ ഞങ്ങളുടെ മോളല്ലേ.. “അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് അച്ഛൻ ചോദിച്ചു.
” മോളാണ് എന്നൊക്കെ പറച്ചിലേ ഉള്ളൂ.. എന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ എന്നെ തല്ലിയ ആളിനെ അച്ഛൻ തല്ലണം.. “അവൾ വാശിയോടെ പറഞ്ഞപ്പോൾ അയാൾ അവളെ തുറിച്ച് നോക്കി.
” മോളെ ആര് തല്ലിയെന്നാ..? കോളേജിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ..? “അയാൾ ആദിയോടെ ചോദിച്ചു. അതേ ചോദ്യം തന്നെയായിരുന്നു അമ്മയുടെ മുഖത്തും.
“കോളേജിൽ വളരെ വലിയൊരു പ്രശ്നമുണ്ടായിരുന്നു.പഠിക്കാൻ പറഞ്ഞാൽ പഠിക്കണം. ആ നേരത്ത് വല്ലയിടത്തും വായിനോക്കിയിരുന്നിട്ട് ക്ലാസിൽ വന്ന് ചോദ്യം ചോദിക്കുമ്പോൾ ഒരു കുന്തവും അറിയില്ല.
എന്തെങ്കിലും ചോദ്യം ചോദിച്ചാൽ ഉത്തരം അറിയില്ല എന്ന് പറഞ്ഞ് എഴുന്നേറ്റ് നിൽക്കാൻ ആദ്യം തന്നെ ഇവളായിരിക്കും.മനുഷ്യനെ നാണം കെടുത്താൻ വേണ്ടി..”
അവൾ മറുപടി പറയുന്നതിനു മുൻപ് തന്നെ പിന്നിൽ നിന്ന് മറുപടി വന്നു കഴിഞ്ഞിരുന്നു. അത് പറഞ്ഞ ആളിനെ അവൾ തുറിച്ചു നോക്കി.
” അങ്ങനെ ആദ്യം ഞാൻ എഴുന്നേറ്റ് നിൽക്കുന്നത് ആദ്യം എന്നോട് ചോദ്യം ചോദിക്കുന്നതു കൊണ്ടല്ലേ.. എന്നോട് ചോദിക്കാതിരുന്നൂടെ..അപ്പോൾ പിന്നെ ഞാൻ എഴുന്നേറ്റു നിൽക്കില്ലല്ലോ.. ”
അവൾ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി കണ്ണുരുട്ടി.” എന്നാലും നീ പഠിക്കില്ല എന്ന്. എത്രയൊക്കെ പറഞ്ഞാലും നിനക്ക് യാതൊരു മാറ്റവും ഇല്ലല്ലോ കല്ലൂ.. ”
അവൻ ദേഷ്യവും സങ്കടവും ഒക്കെ നിറഞ്ഞ മുഖഭാവത്തിൽ പറഞ്ഞു.”കല്ലുവോ..? നിങ്ങൾക്ക് ക്ലാസിൽ വച്ച് ഞാൻ കല്യാണി ബാലചന്ദ്രൻ ആയിരുന്നല്ലോ.. ഇനിയും അങ്ങനെ തന്നെ വിളിച്ചാൽ മതി..”
പരിഭവത്തോടെ പറഞ്ഞു കൊണ്ട് അവൾ സോഫയിലേക്ക് ചെന്നിരുന്നു. അവരുടെ രണ്ടാളുടെയും സംസാരം ആസ്വദിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അച്ഛനും അമ്മയും. രണ്ടാളെയും ദയനീയമായി നോക്കിക്കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു.
‘ കല്ലു ക്ലാസിൽ വരുമ്പോൾ നീ എനിക്ക് എന്റെ സ്റ്റുഡന്റ് മാത്രമാണെന്ന് ആദ്യം തന്നെ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ്. അതിൽ കൂടുതൽ ഒരു പരിഗണനയും നീ ആഗ്രഹിക്കരുത്. അത് എന്നിൽ നിന്ന് കിട്ടാനും പോകുന്നില്ല.
നിനക്ക് ഞാൻ തരുന്ന ഓരോ പ്രത്യേക പരിഗണനയും മറ്റുള്ള കുട്ടികളെ ഞാൻ അവഗണിക്കുന്നതിന് തുല്യമാണ്. ക്ലാസ്സ് എടുക്കുമ്പോൾ അധ്യാപകന്റെ മുന്നിൽ എല്ലാ കുട്ടികളും ഒരുപോലെയാണ്. ”
അവളുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് അവൻ അത് പറഞ്ഞിട്ടും അവളുടെ മുഖഭാവത്തിൽ മാറ്റം ഒന്നുമുണ്ടായിരുന്നില്ല.
” ഇന്ന് ക്ലാസ്സിൽ അത്രയും പിള്ളേരുടെ മുന്നിൽ വച്ച് എന്നെ തല്ലിയില്ലേ..? “അവൾ പരിഭവത്തോടെ ചോദിച്ചു.
“ഞാൻ നിന്നെ വെറുതെ തല്ലിയതാണോ..? ക്ലാസിലുള്ള ഒട്ടുമിക്ക പിള്ളേരും എന്നെ പേടിച്ചിട്ട് പഠിച്ചിട്ട് വരും.
എന്നാൽ എന്റെ ഭാര്യ മാത്രം കൃത്യമായി ഒരക്ഷരം പഠിക്കാതെ എന്നെ നാണം കെടുത്താൻ വേണ്ടി ക്ലാസിൽ വന്നിരിക്കും. എല്ലാദിവസവും ഇതുതന്നെയായാൽ അതിന്റെ ചീത്തപ്പേര് എനിക്കും കൂടിയല്ലേ..?
അതെന്താ കല്ലൂ ഞാൻ എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവാത്തത്. നീ നന്നായിട്ട് പഠിച്ചിരുന്നെങ്കിൽ എനിക്ക് നിന്നെ തല്ലേണ്ട കാര്യമുണ്ടായിരുന്നോ..?”
അവൻ ചോദിച്ചപ്പോൾ അവൾ തലകുനിച്ചു.”എനിക്ക് പഠിക്കാൻ പോകാൻ ഇഷ്ടമല്ല എന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ..? എന്നിട്ടും എന്നെ നിർബന്ധിച്ചു പഠിക്കാൻ കൊണ്ടാക്കിയത് ഏട്ടൻ തന്നെയല്ലേ..”
അവൾ പരിഭവിച്ചു.” പഠിച്ച് നല്ലൊരു ജോലി വാങ്ങിയാൽ അതിന്റെ ഗുണം നിനക്ക് തന്നെയല്ലേ..? നിനക്ക് സ്വന്തമായി നിനക്ക് ഇഷ്ടപ്പെട്ടാൽ എന്ത് സാധനം വേണമെങ്കിലും വാങ്ങാമല്ലോ..
എന്റെ മുന്നിൽ ഒരു ആവശ്യത്തിന് വേണ്ടിയും നിനക്ക് കൈ നീട്ടേണ്ടി വരില്ലല്ലോ. നിന്റെ നല്ലതിന് വേണ്ടിയല്ലേ പഠിക്കാൻ പറഞ്ഞത്..? അതിന്റെ വാശിക്ക് ഒന്നും പഠിക്കാതിരിക്കുകയാണോ ചെയ്യേണ്ടത്..?
പത്തിലെയും പ്ലസ്ടുവിലെയും ഡിഗ്രിയുടെയും ഒക്കെ മാർക്ക് ലിസ്റ്റ് ഞാൻ കണ്ടിട്ടുള്ളതല്ലേ.. എല്ലാത്തിലും നിനക്ക് നല്ല മാർക്ക് ഉണ്ട്..
കല്യാണത്തിന് മുന്നേ നന്നായി പഠിച്ചുകൊണ്ടിരുന്ന നീ കല്യാണം കഴിഞ്ഞതോടെ ഒരു അക്ഷരം പഠിക്കാതെ ആയാൽ നിന്റെ അച്ഛൻ ഉൾപ്പെടെ എല്ലാവരും എന്നെ ആയിരിക്കില്ലേ കുറ്റം പറയുക..?ഞാൻ നിന്നെ പഠിക്കാൻ സമ്മതിക്കുന്നില്ല എന്നല്ലേ എല്ലാവരും കരുതുക.?
അല്ലെങ്കിൽ നിനക്ക് ഇവിടെ ഇഷ്ടംപോലെ ജോലി ചെയ്യാനുണ്ട് നിന്നെ പഠിക്കാൻ സമയം തരുന്നില്ല എന്നൊക്കെ വിചാരിക്കും. അങ്ങനെയൊരു ചീത്ത പേര് ഈ വയസ്സ് കാലത്ത് എന്റെ അമ്മയ്ക്ക് വാങ്ങി കൊടുക്കണോ..?
നിന്നെ സ്വന്തം മോളെ പോലെ നോക്കുന്ന അമ്മയല്ലേ..? ഞങ്ങൾക്കൊക്കെ പറയാൻ പറ്റുന്ന ഏറ്റവും നല്ല ഗിഫ്റ്റ് നീ നന്നായി പഠിച്ച് നല്ല മാർക്കോടെ പാസ് ആവുക എന്നുള്ളതാണ്. ചെയ്യില്ലേ..? ”
അവളോട് അവൻ ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഒരു നിമിഷം ആലോചിച്ചു നിന്നതിനു ശേഷം അവൾ തലയാട്ടി.എന്നിട്ട് ചായ എടുക്കാം എന്നു പറഞ്ഞ് നേരെ അടുക്കളയിലേക്ക് നടന്നു.
” ഇതൊക്കെ കൊണ്ട് അവൾ നന്നാവും എന്നുള്ള വിചാരം അച്ഛനും അമ്മയ്ക്കും വല്ലതുമുണ്ടെങ്കിൽ അത് വേണ്ട. നാളെ ഇതിന്റെ അപ്പുറം ആയിരിക്കും അവൾ കാണിച്ചു കൂട്ടാൻ പോകുന്നത്. എന്തെങ്കിലും പഠിച്ചാൽ മതിയായിരുന്നു.. ”
ദയനീയമായി അതും പറഞ്ഞുകൊണ്ട് അവൻ മുറിയിലേക്ക് കയറി പോകുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അത് അവന്റെ ഭാര്യയുടെ കുറുമ്പും കുസൃതിയും ഓർത്തു മാത്രമായിരുന്നു…!!