നായനയുടെ വിവാഹം
രചന: Girish Kavalam
അന്ന് അവരുടെ ഫസ്റ്റ് നൈറ്റ് ആയിരുന്നു.. ശബരിനാഥൻ സെൽഫ് ഇൻട്രൊഡക്ഷൻ എന്ന രീതിയിൽ പലതും പറഞ്ഞുകൊണ്ടിരുന്നു. പെട്ടന്നാണ് അവന്റെ നോട്ടം അവളിലേക്ക് പോയത്
ഒരു അനക്കവും ഇല്ലാതെ മുഖം തിരിഞ്ഞു കട്ടിലിന്റെ സൈഡിൽ നയന ഒരേ ഇരിപ്പ് ഇരിക്കുവായിരുന്നു
“ഹോ.. അച്ഛനമ്മമാരെയും
കൂടെപിറപ്പുകളെയും ഒക്കെ വിട്ടു വരുന്നതിന്റെ വിഷമം ആയിരിക്കും. രണ്ടു ദിവസം കഴിയുമ്പോൾ അതൊക്ക മാറിക്കോളും ”
ശബരി മനസ്സിൽ പറഞ്ഞതിന്റെ തുടർച്ചയെന്നവണ്ണം നയനയോടായി പറഞ്ഞു തുടങ്ങി”യഥാർത്ഥത്തിൽ വിവാഹജീവിതം എന്നത് എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു ”
“അങ്ങനെയാണ് ഞാൻ ആശ്രമത്തിൽ ചേരുന്നതും, സന്യാസ ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നതും .. ആശ്രമജീവിതവും അമ്മയെ വിളിക്കുന്ന ഫോൺ കാളുകളിലുമായി എന്റെ ജീവിതം ഒതുങ്ങി ”
” അച്ഛൻ ഇല്ലാതെ വളർന്ന ഏക മകനായിട്ടും ഞാൻ എടുത്ത ആ തീരുമാനത്തോട് അമ്മക്ക് ഒട്ടും എതിർപ്പില്ലായിരുന്നു. ഒരു പക്ഷേ വീടും അമ്പലവുമായി കഴിയുന്ന തികഞ്ഞ ഒരു ശിവഭക്ത ആയതു കൊണ്ടായിരിക്കാം.. പിന്നെ കഴിഞ്ഞു കൂടാൻ ആവശ്യത്തിനുള്ള ഭൂസ്വത്തും ഉണ്ടല്ലോ ”
“പിന്നെന്തിനാ തീരുമാനം മാറ്റിയതെന്ന് ചോദിച്ചാൽ പ്രായം, അമ്മയുടെ ഇപ്പോഴത്തെ സ്ഥിതി, അമ്മയെ മാറ്റി ചിന്തിപ്പിച്ചു.. ഒരു കണക്കിന് അമ്മ ചിന്തിച്ചതും ശരിയാ പ്രായം മുന്നോട്ട് അല്ലേ പോകുന്നത്.. കട്ടിലിൽ കിടക്കുന്ന ഒരവസ്ഥ ഉണ്ടായാൽ ആര് നോക്കും ”
“അങ്ങനെയാണ് ആശ്രമ ജീവിതം മതിയാക്കി അമ്മക്ക് ഒരു താങ്ങും തണലും ആകാമെന്ന് ഞാനും വിചാരിച്ചത് ”
“ഒന്നാലോചിച്ചാൽ ആശ്രമ ജീവിതം കൊണ്ട് ഗുണങ്ങളെ ഉണ്ടായിട്ടുള്ളൂ … അച്ചടക്കത്തോടെ എങ്ങനെ ജീവിക്കണം എന്ന് പഠിക്കാൻ കഴിഞ്ഞു…നിരന്തര യോഗയും, വ്യായാമവും ഒക്കെ
ശീലിച്ചതുകൊണ്ട് മനസ്സിനൊപ്പം ശരീരിക ആരോഗ്യവും മെച്ചപ്പെടുത്തുവാനായി ….വയസ്സ് മുപ്പത്തി രണ്ട് ആയിട്ടും ഇതുവരെ ഒരു ആശുപത്രിയിൽ പോലും പോകേണ്ടി വന്നിട്ടില്ല ”
പെട്ടന്ന് ഒരു വിതുമ്പൽ കേട്ടുകൊണ്ടാണ് ശബരി അവളുടെ നേർക്ക് മുഖം വെട്ടിച്ചത്നയന മുഖം പൊത്തി പിടിച്ചു കരയുകയാണ്
അതുവരെ നല്ല മൂഡിൽ ആയിരുന്ന ശബരിയുടെ മുഖം പെട്ടന്ന് മങ്ങി.. അവന്റെ കൃഷ്ണമണികൾ അവളിൽ തന്നെ തറച്ചു നിന്നു
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു”എന്ത് പറ്റി..? എന്താ കരയുന്നെ..?ശബരി ആകെ ആശയകുഴപ്പത്തിൽ ആയി
അവൻ അവളോട് ചേർന്ന് ഇരുന്നുകൊണ്ട് മെല്ലെ ചോദിച്ചുഎന്തായാലും തുറന്നു പറയൂ…ശബരി ആകുന്ന രീതിയിൽ ചോദിച്ചെങ്കിലും അവൾ മൗനം തുടരുകയായിരുന്നു
കൃഷ്ണമണികൾ നിശ്ചലമായ അവന്റെ മുഖം ചുരുങ്ങി ചെറുതാകുന്നതുപോലെയായി”എന്താ ഈ കല്യാണത്തിന് ഇഷ്ടം അല്ലായിരുന്നോ
അവന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നായിരുന്നു പതിഞ്ഞ ശബ്ദത്തിൽ ഉള്ള ആ ചോദ്യം വന്നത്
പെട്ടന്ന് ഉരുണ്ടു കൂടിയ കറുത്ത മേഘങ്ങൾ
തെളിഞ്ഞ സൂര്യനെ മറച്ച പോലെയായി ആ ബെഡ് റൂം
“എന്നോട് ക്ഷമിക്കണം ചേട്ടാ.. എന്റെ സങ്കൽപത്തിലെ ഭർത്താവേ അല്ല ചേട്ടൻ…ചേട്ടനെ ഒരിക്കലും എനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല… ”
ഇറ്റു വീഴുന്ന കണ്ണ് നീർ സാരിതുമ്പ് കൊണ്ട് തുടച്ച ശേഷം ദയനീയ മുഖത്തോടെ അവൾ ശബരിയെ നോക്കി തുടർന്നു
“ജീവിതം ഒന്നല്ലേ ഉള്ളൂ ചേട്ടാ… അത് മനസ്സിന് ഇണങ്ങിയ ഒരാളോടത്തല്ലേ ജീവിക്കേണ്ടത്.. ”
മുഖം താഴ്ത്തി വിറയാർന്ന അധരങ്ങളോടെ തപ്പി തടഞ്ഞ് അവസാനം അവൾ പറഞ്ഞു
“എനിക്ക് എന്റെ…എന്റെ വീട്ടിൽ പോകണം.. ! ”
തുടർന്ന് ഒന്നും പറയാൻ കഴിയാത്ത വിധം മുഖം പൊത്തി കരയുകയായിരുന്നു അവൾ
താൻ സ്വയം ചെറുതായി പോകുന്നത് പോലെ അവന് തോന്നി..
നിശ്ചലമായി ഒരു നിമിഷം ഇരുന്നു പോയ ശബരിയുടെ മുഖം അഭിമാനക്ഷതത്തിന്റെയോ, പരിഹാസ കഥാപാത്രത്തിന്റെയോ മൂടുപടം അപഹരിച്ച മാതിരിയായി
അവൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു ഈ വിവാഹത്തിന്.. സാധാരണ കുടുംബത്തിലെ മൂന്ന് പെണ്മക്കളിൽ മൂത്തവളായ നയനക്ക് ഇരുപത്തിമൂന്ന് വയസ്സ് പൂർത്തിയാകാറായി..
ഈ വർഷം വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഇരുപത്തിയൊൻപത് വയസ്സ് കഴിഞ്ഞേ നടക്കൂ എന്ന് ജാതകത്തിൽ ഉള്ളത് തികഞ്ഞ ഒരു ദൈവ വിശ്വാസിയായ അവളുടെ അമ്മയെ ആധി പിടിപ്പിച്ചിരുന്നു.. കൂടാതെ നേരെ താഴെയായി രണ്ട് പെൺകുട്ടികൾ ഒരേപോലെ വളർന്നു വരുന്നു
അതുകൊണ്ടാണ് സുന്ദരിയായ അവളുടെ മനസ്സ് കാണാതെ കാഴ്ചയിൽ അവളുമായി ഒരു ചേർച്ചയും ഇല്ലാത്ത ശബരിനാഥനുമായുള്ള വിവാഹം അവർ നടത്തി കൊടുത്തത്
“നയന കരയണ്ട ഇപ്പോൾ കിടന്നോളൂ ..നാളെ നേരം വെളുക്കട്ടെ നമുക്ക് ഒരു തീരുമാനത്തിൽ എത്താം ”
അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നുഅവൻ പറഞ്ഞു തീർന്നതും കട്ടിലിന്റെ സൈഡ് ചേർന്ന് അവൾ ചുരുണ്ടു കൂടി കിടന്നു
രാവിലെ ഞെട്ടി ഉണർന്ന അവൾ അങ്കലാപ്പോടെ തന്റെ സാരിയും ശരീരം ആസകലവും ഒന്ന് വീക്ഷിച്ചു. അപ്പോഴാണ് അവളുടെ കണ്ണുകൾ ശബരിയിൽ ഉടക്കി നിന്നത്
താഴെ പുൽപായിൽ കിടന്നുറങ്ങുവായിരുന്നു അവൻവീട്ട് മുറ്റത്ത് ഒരു ധന്യ മുഹൂർത്തത്തിന് വേണ്ടി കെട്ടി പൊക്കിയ പന്തൽ അഴിക്കുമ്പോൾ പണിക്കാരായ അവർ അറിയുന്നില്ലായിരുന്നു, അകത്ത് പന്തൽ അഴിയുന്നതിലും വേഗത്തിൽ താലിയിൽ കോർത്ത ആ ബന്ധം അഴിയുകയായിരുന്നെന്ന് !
നയനയുടെ മനസ്സിൽ ഉള്ളത് അറിഞ്ഞ ശബരിയുടെ അമ്മ ഒന്ന് പകച്ചു നിന്നുപോയെങ്കിലും പൊട്ടിതെറിക്കുന്നതിന് പകരം അവളെ ആശ്വസിപ്പിക്കുകയായിരുന്നു
“മോളെ നിന്നെ ഞങ്ങൾ വെറുക്കുന്നില്ല മനസ്സിന് പിടിക്കാത്ത ബന്ധവുമായി മുന്നോട്ട് പോയി ഭാവിയിൽ നരക ജീവിതം നയിക്കുന്നതിനേക്കാൾ നല്ലത് പിരിയുന്നത് തന്നെയാണ് ”
“പക്ഷേ നിന്റെ വീട്ടുകാർ ഇത് എങ്ങനെ ഉൾക്കൊള്ളും എന്ന് നീ ചിന്തിച്ചോ…
എന്തെല്ലാം പ്രതീക്ഷകളോടെയാണ് അവർ ഈ കല്യാണം നടത്തിയിരിക്കുന്നത്.. അവർ ചിലവാക്കിയ കാശ് എല്ലാം വെറുതെ ആയി പോയില്ലേ..കൂടാതെ നാണക്കേട് വേറെയും …. ”
“ഇല്ല അമ്മേ ഞാൻ തീരുമാനിച്ചു… ഞാൻ എന്റെ വീട്ടിലേക്ക് പോകുവാണ് “അവളുടെ തീരുമാനം ഉറച്ചതായിരുന്നു
അവളോടൊപ്പം അമ്മയെയും കൂട്ടി തന്റെ കാറിൽ, അടുത്തുള്ള ഒരു ചേട്ടനെ ഡ്രൈവ് ചെയ്യാൻ ആയി തരപ്പെടുത്തിയ ശബരീനാഥൻ സ്കൂട്ടിയിൽ ഗേറ്റ് കടന്നു പുറത്തേക്ക് പോയി
കാറിൽ ഇരുന്ന് ശബരിയുടെ അമ്മ പലതും പറയുന്നുണ്ടായിരുന്നെങ്കിലും നയന ഒന്നിനും മറുപടി പറയാതെ മൗനം പാലിക്കുകയായിരുന്നു.. അവളുടെ നെഞ്ചിടിപ്പ് ഓരോ നിമിഷം കഴിയുന്തോറും കൂടി വരുകയായിരുന്നു..
വീട്ടുകാരെ എങ്ങനെ ഫേസ് ചെയ്യും.. അവരുടെ റിയാക്ഷൻ എന്തായിരിക്കും.. അവർ തന്നെ ജീവനോടെ വെച്ചേക്കുവാ.. നാട്ടുകാർ എന്ത് പറയും..
അങ്ങനെ പലപല ചോദ്യങ്ങൾ അവളുടെ മനസ്സിനെ മദിക്കുകയായിരുന്നു
വീടിന്റെ മുൻപിൽ എത്തിയതും കാറിന്റെ മുൻഗ്ലാസ്സിലൂടെ കാണാനായ ആ കാഴ്ച കണ്ട് നയന ഒരു നിമിഷം സ്തബ്ധയായി.. ഒരല്പസമയം എടുത്തു അവൾ ബോധമണ്ഡലത്തിലേക്ക് എത്താൻ
തന്റെ വീട്ടിൽ നിന്നിറങ്ങി വരുന്ന ശബരിനാഥൻ !!വീടിന്റെ മുന്നിൽ റോഡ് സൈഡിലായി നിർത്തിയ കാറിൽ നിന്നും ഇറങ്ങിയ നയനയോട് അവൻ പറഞ്ഞു
“നല്ലതേ വരുള്ളൂ.. കഴിഞ്ഞതോർത്ത് വിഷമിക്കണ്ട.. ഒരു വിവാഹജീവിതം എനിക്ക് വിധിച്ചിട്ടില്ല എന്ന് വിചാരിച്ചു ഞാൻ സമാധാനിച്ചോളാം.. പിന്നെ ചില സത്യങ്ങൾ, അത് നമ്മൾ രണ്ട് പേരുടെയും മനസ്സിൽ മാത്രമായി ഇരുന്നാൽ മതി… ”
അവളുടെ നിറഞ്ഞ കണ്ണുകളിൽ പശ്ചാതാപത്തിന്റെ കണികകൾ തിളങ്ങുന്നതായി അവന് തോന്നി
അവളുടെ പുറകെ വീട്ടിലേക്ക് കയറുവാൻ ഒരുങ്ങിയ അമ്മയെ ശബരി തടഞ്ഞു”വേണ്ടമ്മേ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് ”
വീട്ടുമുറ്റത്തേക്ക് കയറിയ അവൾ വിറയാർന്ന അധരങ്ങളോടെ തന്റെ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് പൊട്ടി കരച്ചിലോടെ പറഞ്ഞു”എന്നോട് ക്ഷമിക്കണം അമ്മേ…… ”
അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ എല്ലാവരും അവിടെ കൂടിയിരുന്നു.. അവരിൽ ചില സ്ത്രീകൾ മൂക്കത്ത് വിരൽ വച്ചു. ചിലർ അടക്കത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു
“മോളെ നിന്റെ ഭാഗ്യവും ഞങ്ങളുടെ പ്രാർത്ഥനയും ഈശ്വരൻ കേട്ടത്കൊണ്ട് നമ്മൾ രക്ഷപെട്ടു.. കരയണ്ട മോളെ എല്ലാം അവൻ ഞങ്ങളോട് പറഞ്ഞു… ”
നിസ്സഹായനായി നിൽക്കുന്ന അച്ഛനൊപ്പം സഹോദരിമാരും ഉറ്റ ബന്ധുക്കളും ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളെ തൊട്ടു തലോടി നിൽക്കുന്നുണ്ടായിരുന്നു
അവളെ ചേർത്ത് പിടിച്ചുകൊണ്ട് അമ്മ അകത്തു മുറിയിലേക്ക് കൊണ്ടുപോയി”വിഷമിക്കണ്ട മോള്…എന്റെ മോൾക്ക് നല്ലൊരു പയ്യനെ അമ്മ കണ്ടുപിടിച്ചു തരും ”
അത് കേട്ട നയന അമ്മയുടെ പിടി വിട്ട് അവരെ തന്നെ നോക്കി അന്തിച്ചു നിന്നുപോയി
ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച അമ്മയുടെ നാവിൽ നിന്ന് ഇപ്പോൾ ഈ കേട്ടത് അവൾക്ക് വിശ്വസിക്കാൻ ആയില്ല
അടുത്ത മുറിയിൽ മൊബൈലിൽ റിങ് വരുന്നതു കേട്ട് അങ്ങോട്ട് ചെന്ന അമ്മ ഫോൺ അറ്റൻഡ് ചെയ്തു സംസാരം തുടങ്ങി
“ചേച്ചീ.. അറിഞ്ഞതു നേരാ… നമ്മുടെ മോള് തലനാരിഴക്ക് രക്ഷപെട്ടു.. “അമ്മയുടെ മൊബൈലിലെ സംസാരം ശ്രദ്ധിച്ച നയന ജന്നലിനോട് ചേർന്ന് കാതു കൂർപ്പിച്ചു നിന്നു
“പയ്യൻ, ശബരി അവൻ രോഗിയാണെന്ന് മറച്ചു വെച്ച് നടത്തിയ കല്യാണം ആയിരുന്നു ഇത്. അതും ഗുരുതര രോഗം..
“ഒരു കിഡ്നി നേരത്തെ കേടായിരുന്നു. അത് മറച്ചു വെച്ചാ കല്യാണം നടത്തിയത്..
ഇന്നലെയാണ് രണ്ടാമത്തെ കിഡ്നിയുടെ റിസൾട്ടും വന്നത് .. അതും കേടായിരിക്കുവാ… ഹോ എനിക്ക് എന്റെ തരിപ്പ് ഇപ്പോഴും മാറിയില്ല ചേച്ചീ……. ”
“എന്തായാലും ആദ്യരാത്രിക്ക് മുൻപ് തന്നെ പയ്യന് ബോധോദയം ഉണ്ടായത് എന്റെ മോളുടെ ഭാഗ്യം.. അവൻ തന്നെ അവളോടും ഇപ്പോൾ ഇവിടെ വന്ന് ഞങ്ങളോടും പറഞ്ഞതാണ് ഈ വിവരം…”
“കൂടാതെ കല്യാണത്തിന് ചിലവായ നഷ്ടം ഞങ്ങൾ വഹിക്കുന്നു എന്ന് പറഞ്ഞു രണ്ട് ലക്ഷം രൂപയുടെ ഒരു ചെക്കും ബലമായി ഞങ്ങളെ പിടിച്ച് ഏല്പിച്ചാണ് ആള് പോയത് ”
അത്രയും കേട്ട നയന മുഖം പൊത്തി കട്ടിലിൽ ഇരുന്നു പോയി.. അവളുടെ മനസ്സിലൂടെ ഒരായിരം ചിന്തകൾ ചാട്ടുളി പോലെ മിന്നി മറഞ്ഞു
“മോനെ സാരമില്ല നമുക്ക് വേറെ ഒരു പെണ്ണിനെ, നിന്നെ ഇഷ്ടപ്പെടുന്ന, നിനക്കുള്ള സൗന്ദര്യം ഉൾകൊള്ളാൻ കഴിയുന്ന ഏതെങ്കിലും ഒരു കൊച്ചിനെ കണ്ടുപിടിക്കാം ”
“ഇല്ല അമ്മേ എന്നെ നിർബന്ധിക്കേണ്ട”
“ഇനി ഒരു വിവാഹം ഇല്ല എന്നുറപ്പിച്ച ശബരിനാഥൻ ആശ്രമത്തിലേക്ക് തിരിച്ചുപോകുവാൻ മാനസികമായി തയ്യാറാകുകയായിരുന്നു ”
അപ്പോൾ ആണ് ഗേറ്റിലെ ആ കാഴ്ച അവർ രണ്ട് പേരും കണ്ടത്..അമ്മയ്ക്കും അച്ഛനോടും ഒപ്പം നടന്നു വരുന്ന നയന !അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ മുത്ത്മണികൾ പെയ്തിറങ്ങുവായിരുന്നു
അനാവശ്യമായി ഉരുണ്ട് കൂടിയ കറുത്ത മേഘപാളികൾ ഒരു ചലനവും സൃഷ്ടിക്കാതെ മറഞ്ഞു പോയ പോലെ അന്തരീക്ഷം തെളിഞ്ഞുശബരിയുടെയും, നയനയുടെയും ഫസ്റ്റ് നൈറ്റ് വിധിച്ചതു അന്നായിരുന്നു..
ഉറക്കത്തിന്റെ ആലസ്യത്തിൽ മിഴികൾ അടച്ചു കിടക്കുന്ന അവന്റെ നെഞ്ചിൽ തലചായിച്ച് കിടക്കുമ്പോൾ അവളുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന ഫോട്ടോയിലെ പെൺരൂപത്തിന്റെ താഴെ എഴുതിയിരിക്കുന്ന ആ വലിയ അക്ഷരങ്ങളിൽ ഉടക്കി നിന്നുപോയി …
“”” BELIEVE ONLY IN INNER BEAUTY
NOT IN OUTER “‘”
തന്റെ മിഴികൾ പിൻവലിച്ച അവൾ ഒരു ചെറു പുഞ്ചിരിയോടെ അവന്റെ നെറ്റിയിലേക്ക് പടർന്നു കിടന്ന മുടിയിഴകൾ വകഞ്ഞു മാറ്റികൊണ്ട് കവിളിൽ ഒരു ചുടുചുംബനം തീർക്കുകയായിരുന്നു……