(രചന: വരുണിക വരുണി)
“”ഇഷ്ടമല്ലെന്ന് ഒരു തവണ പറഞ്ഞാൽ പിന്നീട് വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞു പുറകെ നടക്കുന്നത് കുടുംബത്തിൽ പിറന്ന പെൺകുട്ടികൾക്ക് പറഞ്ഞ പണിയല്ല അമ്മു. നിന്നോട് ഒരു തവണ പറഞ്ഞു ഞാൻ., എന്റെ സങ്കല്പത്തിലെ പെണ്ണല്ല നീയെന്ന്.
പിന്നീട് എന്തിനാടി പുല്ലേ വീണ്ടും അത് തന്നെ പറഞ്ഞു പുറകെ നടക്കുന്നത്??? ഒരല്പംമെങ്കിലും നാണമുണ്ടോ നിനക്ക്??? അതെങ്ങനെ, അങ്ങനെയൊരു കാര്യം ഉണ്ടെങ്കിൽ ഇങ്ങനെ പുറകെ നടക്കുമോ??? മനുഷ്യനെ ശല്യം ചെയ്യുന്നതൊന്നും ഒരു പരിധിയൊക്കെയുണ്ട്.
ഇനി നീ എന്തൊക്കെ ചെയ്താലും ഈ അക്ഷയ് നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നില്ല. അങ്ങനെ ചെയ്താൽ എന്നെ സ്നേഹിക്കുന്നവളെ ചതിക്കുകയല്ലേ ഞാൻ. ഒരിക്കൽ നിന്നോട് ഇതെല്ലാം പറഞ്ഞതാണ് ഞാൻ.
പക്ഷെ പിന്നെയും ഇങ്ങനെ പുറകെ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മതിയാക്കി പോകാൻ നോക്ക് അമ്മു. നിന്റെ പേര് കാരണം എനിക്ക് അപ്പുവുമായുള്ള കൂട്ട് കളയാൻ പറ്റില്ല. നീ കാരണം ഞങ്ങളുടെ ഇടയിൽ എന്തെങ്കിലും പ്രശ്നം വന്നാൽ പിന്നീട് എന്റെ ഇങ്ങനെയൊരു മുഖമായിരിക്കില്ല നീ കാണുന്നത്….””
ഭീഷണിയോടെ അക്ഷയ് പറഞ്ഞതും, അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തൊക്കെ പറഞ്ഞാലും അക്ഷയ് എന്ന അക്കുവിനെ അമ്മു പ്രണയിച്ചത് ആത്മാർത്ഥമായിട്ടായിരുന്നു. ചെറു പ്രായം മുതൽ സ്വന്തം സഹോദരനൊപ്പം എന്തിനും വന്നിരുന്ന ചെക്കനോടുള്ള ആരാധന. ആരാധന പതിയെ പ്രണയമായി.
പക്ഷെ എപ്പോഴാണ് ആൾക്ക് താനൊരു ശല്യമായത്??? കൂട്ടുകാരുടെ നിർബന്ധം കാരണം ഒരു തവണ മുഖത്തേക്ക് നോക്കി ഇഷ്ടമാണെന്ന് പറഞ്ഞു. പക്ഷെ തിരിച്ചുള്ള പ്രതികരണം അത്ര നല്ലതായിരുന്നില്ല. അപമാനിക്കാവുന്നതിന്റെ അവസാനം വരെ അപമാനിച്ചു.
എങ്കിലും ഇപ്പോഴൊക്കെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഒരിക്കൽ തന്റെ സ്നേഹം അംഗീകരിക്കുമെന്ന്. പക്ഷെ ഇന്നിപ്പോൾ അതിനും ഒരു അവസാനം വന്നു. ഒരു ശല്യമായി വരരുതെന്ന് പറയുന്നതിന് കൂടെ തന്നെ ചേട്ടനുമായുള്ള സൗഹൃദം ഞാൻ കാരണം നശിക്കരുതെന്നും പറഞ്ഞു.
വീട്ടിലേക്കുള്ള യാത്രയിൽ ഇനിയൊരിക്കലും അക്ഷയ് ടെ മുന്നിൽ ഒരു പരിഹാസപാത്രമായി നിൽക്കരുതെന്ന് മനസിൽ ഉറപ്പിച്ചെങ്കിലും, എത്ര മാത്രം അതൊക്കെ നടക്കുമെന്നുള്ളതിൽ അവൾക്കൊരു ഉറപ്പുമില്ലായിരുന്നു. ചേട്ടൻ തന്നെ അതിനുള്ള പ്രധാന കാരണം.
ചിന്തകൾ പലവഴി കടന്നു വീട്ടിലെത്തിയപ്പോൾ കണ്ടു തന്റെ ഇഷ്ടമുള്ള ചോക്ലേറ്റും വാങ്ങി വന്നിരിക്കുന്ന ഏട്ടനെ.
“”ഏട്ടന്റെ അമ്മുട്ടിയെ….”” എന്നൊരു വിളിയിൽ തീരാനുള്ളതായിരുന്നു തന്റെയുള്ളിലെ സങ്കടങ്ങൾ. ഉണ്ണിയേട്ടന് തിരുവനന്തപുരത്തു ജോലിയായതിനു ശേഷം ഇങ്ങനെ ആഴ്ചയിൽ ഒരിക്കലാണ് വീട്ടിലേക്ക് വരുന്നത്.
അവിടെ തന്നെ ഒരു ഫ്ലാറ്റ് എടുത്താണ് ചേട്ടൻ നിൽക്കുന്നതും. വീട്ടിൽ വരുന്ന ദിവസം എല്ലാം തന്റെ ഇഷ്ടത്തിനുള്ള സാധനങ്ങൾ ഏട്ടൻ കൊണ്ട് വരാറുമുണ്ട്. ഇതുവരെയുള്ള സങ്കടങ്ങളെല്ലാം ഒരു സൈഡിലേക്ക് വെച്ച ശേഷം ഏട്ടന്റെ മാത്രം കുഞ്ഞിപെങ്ങൾ ആയിരിക്കുമ്പോൾ, ഒരു മാറ്റം വേണമെന്ന് തന്റെ മനസും വല്ലാതെ പറഞ്ഞിരുന്നു.
രാവിലെ തന്നെ ഉറക്കമുണർന്നപ്പോൾ കാണുന്നത് പത്രം വായിക്കുന്ന ഉണ്ണിയേട്ടനെയാണ്. കഴിഞ്ഞ ദിവസം ആലോചിച്ചു തീരുമാനിച്ച കാര്യം എങ്ങനെ ഏട്ടനോട് പറയുമെന്ന് ചിന്തിച്ചിരുന്നപ്പോഴേക്കും തന്നെ അടുത്തേക്ക് വിളിച്ചിരുന്നു.
“”ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു അമ്മു. നിനക്കെന്തൊ എന്നോട് പറയാനുണ്ട്. എന്താണെങ്കിലും പറ മോളെ. നിന്റെ ഉണ്ണിയേട്ടനല്ലേ.????””
അടുത്തിരുത്തി ഏട്ടൻ ചോദിച്ചപ്പോഴേക്കും അത് വരെ പിടിച്ചു വേണ്ടതെല്ലാം ഒരു തേങ്ങലായി പുറത്തേക്ക് വന്നിരുന്നു.
“”എന്റെ ക്ലാസ്സൊക്കെ കഴിഞ്ഞില്ലേ ഏട്ടാ… കുറച്ചു ദിവസം ഞാനും ഏട്ടന്റെ ജോലി സ്ഥലത്തേക്ക് വന്നോട്ടെ??? ഇവിടെയിരുന്നിട്ട് പറ്റുന്നില്ല. പ്ലീസ്… പറ്റില്ലെന്ന് പറയല്ലേ….””
ഒരു തേങ്ങലോടെ പറഞ്ഞപ്പോൾ, അത് വരെ ടെൻഷൻ നിറഞ്ഞിരുന്ന ഏട്ടന്റെ മുഖത്ത് ചിരിയായി.
“”ഈ കാര്യത്തിനാണോ എന്റെ അമ്മുട്ടി ഇങ്ങനെ കരഞ്ഞു നിലവിളിച്ചത്??? ഞാൻ എന്തായാലും അവിടെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ്. പിജി അഡ്മിഷൻ ശെരിയാകുന്നത് വരെ മോൾ എന്റെ കൂടെ വായോ. അച്ഛനെയും അമ്മയെയും ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം.””
സമാധാനത്തിന്റെ വെള്ളരിപ്രാവായി ഏട്ടൻ പറഞ്ഞതും, ആ ഉണ്ട കവിളിൽ ചുണ്ട് ചേർത്തിരുന്നു താൻ.!
ഉണ്ണിയേട്ടനോടൊപ്പം തിരുവനന്തപുരത്തേക്ക് വരുമ്പോൾ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. കുറച്ചു ദിവസങ്ങൾ വീട്ടിൽ നിന്നും ഒന്ന് മാറി നിൽക്കണം. അത്ര മാത്രം. അക്ഷയ് ചേട്ടനെ കാണാതിരിക്കാനാണ് ഇങ്ങനെങൊരു
ഒളിച്ചോട്ടമെന്ന് ഉണ്ണിയേട്ടനോട് പറയണമെന്നുണ്ടായിരുന്നെങ്കിലും, അക്ഷയ് അവസാനം പറഞ്ഞ വാക്കുകളായിരുന്നു മനസ് നിറയെ.
“”നീ കാരണം എന്റെയും ഉണ്ണിയുടെയും ഇടയിൽ ഒരു വിള്ളൽ വരരുത്…..”” അത്ര മാത്രം.
പിന്നീടുള്ള ദിവസങ്ങൾ എല്ലാം സന്തോഷത്തിന്റെയായിരുന്നു. ഉണ്ണിയേട്ടൻ രാവിലെ ജോലിക്ക് പോകും.. അതിനു ശേഷം തന്റെ പാചകപരീക്ഷണമാണ്. യൂട്യൂബ് നോക്കി ഓരോ പലഹാരങ്ങൾ ഉണ്ടാക്കും.
എന്നിട്ട് ഉണ്ണിയേട്ടൻ വരുന്നത് നോക്കിയിരിക്കും. ഏട്ടൻ വന്നു കഴിഞ്ഞാൽ പിന്നീട് ഏട്ടനെ കൊണ്ട് ഇതെല്ലാം കഴിപ്പിക്കുന്നതാണ് പണി. അതിനു ശേഷം എവിടെയെങ്കിലുമൊക്കെ കറങ്ങാൻ പോകും. ചില ദിവസം തട്ടു കടയിൽ നിന്നും ആഹാരം.
അങ്ങനെ ആർക്കും ഒരു കുഴപ്പവുമില്ലാത്ത കഴിഞ്ഞു പോകുമ്പോഴാണ് ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ അക്ഷയ് ചേട്ടൻ ഫ്ലാറ്റിലേക്ക് കയറി വന്നത്. ഉണ്ണിയേട്ടൻ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അകത്തേക്ക് ക്ഷണിക്കാൻ മടിയുണ്ടായിരുന്നില്ല.
“”എന്താടാ അക്കു??? ഒരു മുന്നറിയിപ്പില്ലാതെ????””ഉണ്ണിയേട്ടൻ ചോദിച്ചതും, അതിനും രൂക്ഷമായ നോട്ടമായിരുന്നു. ഇതിപ്പോൾ എന്ത് പറഞ്ഞാലും ചെയ്താലും, അതെല്ലാം തന്റെ കുഴപ്പമെന്ന പോലെ.!
“”അതെന്താ ടാ ഉണ്ണി??? അങ്ങനെയൊരു സംസാരം??? ഞാൻ ആദ്യമായിട്ടാണോ ഇവിടെക്ക് വരുന്നത്??? ഇടയ്ക്കൊക്കെ ഞാൻ ഇവിടെ വന്നു നിൽക്കാറുള്ളതല്ലേ????””
അവരുടെ സംസാരം മുറുകുന്നതിനിടയിൽ എന്തോ അവിടെ നിൽക്കാൻ മനസ് വന്നില്ല. അടുക്കളയിലേക്ക് പോയി ചായയുമായി വന്നപ്പോഴേക്കും അവിടെ പിണക്കമൊക്കെ ഏകദേശം പറഞ്ഞു തീർത്തത് പോലെയായിരുന്നു.
പോകാൻ നേരമാണ് പറഞ്ഞത് കല്യാണം വിളിക്കാനാണ് വന്നത് പോലും. അത് കേട്ടപ്പോൾ എവിടെയോ ഒരു കൊളുത്തിവലി. എന്തൊക്കെ പറഞ്ഞാലും താൻ സ്നേഹിച്ചത്
ആത്മാർത്ഥമായി തന്നെയായിരുന്നു.. പക്ഷെ വേണ്ടെന്ന് പറയുന്നിടത്തേക്ക് ഇടിച്ചു കയറി ചെല്ലാനും വേണ്ടി മാത്രം തരം താഴേനിട്ടില്ല ഉണ്ണിയേട്ടന്റെ അമ്മുട്ടി.
പുറമെ ഒരു സങ്കടവും കാണിക്കാതെ അകത്തേക്ക് കയറാൻ പോയപ്പോഴേക്കും ഒരു കൈ കൊണ്ട് ഉണ്ണിയേട്ടൻ തന്നെ നെഞ്ചോട് ചേർത്തിരുന്നു. അതും അക്ഷയ് ചേട്ടന്റെ മുന്നിൽ തന്നെ. ഇതിപ്പോൾ എന്താ കാര്യമെന്ന്
അറിയാതെ ഉണ്ണിയേട്ടനെ പകച്ചു നോക്കിയപ്പോൾ അവിടെ കണ്ണ് രണ്ടും ചിമ്മി ഒരു കുസൃതി ച്ചിരി. ആ ചിരിയിൽ നിന്നു തന്നെ അറിയാം ഉള്ളിൽ എന്തോ ഉണ്ടെന്ന്.
“”നീയും ഞാനും തമ്മിൽ എത്ര വർഷത്തെ പരിചയമാണ് അക്കു??? നിനക്ക് എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടില്ലേ???””
ഒരു മുഖവരയോടെ ഉണ്ണിയേട്ടൻ പറഞ്ഞതും, അക്ഷയ് ചേട്ടന്റെ മുഖമാണ് വിളറിയത്. ഇതിപ്പോൾ എന്താ കാര്യമെന്ന് അറിയാതെ നിന്നപ്പോഴേക്കും തമ്മിലുള്ള ഉണ്ണിയേട്ടന്റെ പിടി ഒന്നൂടി മുറുകിയിരുന്നു.
“”നിനക്ക് തന്നെ അറിയുന്ന കാര്യമാണ് അക്കു. എനിക്ക് ഈ ലോകത്ത് എന്റെ അമ്മു കഴിഞ്ഞേയുള്ളൂ വേറെ ആരുമെന്ന്. അവൾക്ക് നിന്നോടുള്ള ഇഷ്ടം പറഞ്ഞപ്പോൾ തന്നെ ഞാൻ നിന്നോട് പറഞ്ഞതാണ് ആദ്യമേ ഒരു നോ സ്ട്രോങ്ങ് ആയി തന്നെ നീ പറയണമെന്ന്.
പക്ഷെ അതിനു പകരം നീ അവളെ കളിപ്പിച്ചു. എന്നിട്ട് അവസാനം ഞാനറിയാതെ ഒരു ഭീഷണിയും. കഴിഞ്ഞ കാര്യങ്ങളൊന്നും ഞാൻ വീണ്ടും പറയുന്നില്ല.. past is past. ഇതൊന്നും ഞാൻ ഇപ്പോഴും പറയില്ലായിരുന്നു.
പക്ഷെ ഇന്ന് നീ എന്റെ കുഞ്ഞിനെ നോക്കി പേടിപ്പിച്ചില്ലേ. ഇനി ഒരിക്കൽ കൂടി അങ്ങനെ ഉണ്ടാകരുത്. ഉണ്ടായാൽ പിന്നെ ഇങ്ങനെയായിരിക്കില്ല ഞാൻ സംസാരിക്കുന്നത്….””
ഒരല്പം ശബ്ദത്തോടെ തന്നെ ഉണ്ണിയേട്ടൻ പറഞ്ഞതും, അക്ഷയ് ചേട്ടൻ ഒന്നും പറയാതെ ഇറങ്ങി പോയി. അപ്പോഴേക്കും ഞാൻ എന്റെ ഏട്ടനെ മുറുകെ പിടിച്ചിരുന്നു. അതെ സമയം തന്നെ ആ
കൈകളും എന്നെ വലയം ചെയ്തു. നിനക്ക് വേറെ ആരുമില്ലെങ്കിലും ഞാൻ കാണുമെന്നു പറയാതെ പറയുന്നത് പോലെ.