എനിക്കിനി വയ്യ അയാളൊപ്പം ജീവിക്കാന്‍” മുഹ്സിന നാല് വയസ്സുള്ള തന്റെ മകന്റെ കയ്യും പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറി

(രചന: ഞാൻ ഗന്ധർവ്വൻ)

“എനിക്കിനി വയ്യ അയാളൊപ്പം ജീവിക്കാന്‍” മുഹ്സിന നാല് വയസ്സുള്ള തന്റെ മകന്റെ കയ്യും പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറി

“എന്താ മോളേ, അവൻ വീണ്ടും നിന്നെ ഉപദ്രവിക്കാൻ തുടങ്ങിയോ…?”അവൾ തന്റെ ചുണ്ട് പൊട്ടിയത് ചൂണ്ടിക്കാണിച്ച് ഉപ്പയെ നോക്കി

“ഇത് കണ്ടോ ഉപ്പാ. ഇപ്പൊ ഒരുകാര്യോം ഇല്ലാതെ എന്നെ തല്ലിയതാ…”ആ ഉപ്പാക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

“മോളേ ഇതിനി ഇങ്ങനെ വിട്ടാൽ ശരിയാകില്ല. ഞാന്‍ അവനോട് സംസാരിക്കാം. നിനക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാന്ന് കരുതരുതല്ലോ… കുറേയായി അവനിത് തുടങ്ങീട്ട്”

മുഹ്സിന തന്റെ കണ്ണുനീർ തുടച്ച് ഉപ്പയെ നോക്കി”ഇങ്ങള് സംസാരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല, അയാളൊര് മുരടനാണ്. എല്ലാ പ്രാവശ്യവും അയാളുടെ അടികൊണ്ട് ഇവിടെ വരുമ്പോൾ ഇങ്ങളും

ഉമ്മയും എന്നെ സമാധാനിപ്പിച്ച് വീണ്ടും അങ്ങോട്ടെന്നെ പറഞ്ഞയക്കും. ഇനി എനിക്ക് പറ്റില്ല ഉപ്പാ. ഇങ്ങക്ക് എന്നേം മോനേം നോക്കാൻ പറ്റില്ലേൽ ഞാൻ വല്ല പണിക്കും പോയി ജീവിച്ചോളാം”

ഇത് കേട്ടപ്പോൾ ഉപ്പാക്ക് ആകെ വിഷമായി”അങ്ങനെയൊന്നും പറയല്ലേ മോളേ, നിനക്ക് ഞങ്ങളില്ലേ. നീ മോനേയും കൊണ്ട് അകത്ത് പോ, ഞാന്‍ അവനെയൊന്ന് കണ്ടിട്ട് വരാം”

ഇത്രയും പറഞ്ഞ് ഉപ്പ പുറത്തേക്കിറങ്ങാൻ ഒരുങ്ങിയപ്പോൾ മുഹ്സിന തടഞ്ഞു

“ഏയ്‌, ന്റെ ഉപ്പ അയാളോട് സംസാരിക്കൊന്നും വേണ്ടാ. ഞാനിനി അങ്ങോട്ട് പോണില്ല അത്രന്നെ”

പക്ഷേ ഉപ്പ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അവളാണേൽ ഉപ്പാനെ വിടുന്നും ഇല്ല

“ഉപ്പാക്ക് അയളോട് സംസാരിക്കണം എന്ന് നിർബന്ധം ആണേൽ രണ്ട് മൂന്ന് ദിവസം കഴിയട്ടെ, ന്നിട്ട് പോവാം”ഇത് കേട്ടപ്പോൾ ഉപ്പാക്ക് ദേഷ്യം വന്നു

“ഇതിന്റെ മുന്നേയും അവന്റെ തല്ല് കൊണ്ട് വന്നപ്പോൾ നീ ഇതുതന്നെയാ പറഞ്ഞേ. രണ്ട് ദിവസം കഴിയട്ടെ ഒരാഴ്ച്ച കഴിയട്ടെ എന്നൊക്കെ. അന്നൊക്കെ നീ പറയുന്നത് ഞങ്ങൾ കേട്ടു. ഇനിയിത് അങ്ങനെ വിടാൻ പറ്റില്ല”

മുഹ്സിന കാല് പിടിച്ച് പറഞ്ഞിട്ടും ഉപ്പ കേട്ടില്ല. ഉപ്പ അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോയി. അവൾ ഉപ്പയുടെ പിറകേ പോയി പോവേണ്ട പോവേണ്ട എന്ന് പറഞ്ഞെങ്കിലും ഉപ്പ കേൾക്കാൻ കൂട്ടാക്കിയില്ല.

ഉപ്പ രണ്ടും കൽപ്പിച്ചായിരുന്നു അവന്റെ വീട്ടിൽ എത്തിയത്. വേണ്ടിവന്നാൽ രണ്ടെണ്ണം പൊട്ടിക്കണം. അങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോ.

വീട്ടിലെത്തി കോളിങ് ബെല്ലിൽ അമർത്തിയിട്ടും ആരും വാതിൽ തുറക്കുന്നില്ല. കുറേനേരം കാത്ത് നിന്ന് ഉപ്പ പോവാനൊരുങ്ങിയപ്പോൾ വീടിന്റെ പിറകിൽ നിന്ന് ആരോ കരയുന്ന ശബ്ദം കേട്ടു. ശബ്ദം കെട്ടിടത്തേക്ക് ഉപ്പ ഓടി.

അടുക്കളയുടെ വാതിൽ തുറന്നിട്ടിട്ടുണ്ടായിരുന്നു. ഉപ്പ മെല്ലെ വീടിന്റെ അകത്തേക്ക് കയറി. അവിടെ ഉപ്പ കണ്ട കാഴ്ച്ച!!!

മീൻ കറി ഉണ്ടാക്കിവെച്ച മൺപാത്രം തലയിൽ വീണുകിടക്കുന്ന മരുമകനെ ആണ്. മുഖത്തും മുടിയിലും മത്തി പറ്റിപിടിച്ച് കിടക്കുന്നുണ്ട്.

മൺപാത്രം പൊട്ടി മാലപോലെ കഴുത്തിൽ കിടക്കുന്നു. അവന്റെ നെഞ്ചിൽ വീട്ടിലെ ബാത്റൂം ക്ലീൻ ചെയ്യുന്ന ബ്രെഷും കുറ്റിച്ചൂലും കിടക്കുന്നുണ്ട്. പിന്നെ അങ്ങിങ്ങായി കുറേ പത്രങ്ങളും കൂടെ ഒരു പുട്ടുകുറ്റിയും.

ഉപ്പ വേഗം അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു”എന്താടാ അനക്ക് പറ്റിയേ…?”

ചുണ്ടിലൂടെ ഒലിക്കുന്ന മുളകിട്ട മീൻകറി നാവുകൊണ്ട് നക്കി അവൻ അവശതയോടെ ഉപ്പയെ നോക്കി

“ഇതിന്റെ മുമ്പത്തെ പ്രാവശ്യമൊക്കെ എനിക്ക് അടി കിട്ടുമ്പോൾ ഹോസ്പിറ്റലിൽ കൊണ്ടോവാൻ ഉമ്മയും പെങ്ങളും ഉണ്ടാവായിരുന്നു. ഇന്ന് അവർ ഒരു കല്യാണത്തിന് പോയതാ. അതാ ആരും സഹായിക്കാൻ ഇല്ലാതെ ഇങ്ങനെ കിടക്കേണ്ടി വന്നേ ഉപ്പാ””ആരാ അന്നെ തല്ലിയേ…?”

അവൻ ഉപ്പാക്ക് നേരെ കൈനീട്ടി. ഉപ്പ ഒരുവിധത്തിൽ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു. നല്ലോണം തല്ല് കൊണ്ട് അവശനായിരുന്നു അവൻ

“ഇങ്ങള് മോളെന്നെ, അല്ലാതെ ആരാ എന്നെ തല്ലാൻ”ഞെട്ടലോടെ ഉപ്പ മരുമോനെ നോക്കി

“ന്റെ മോള് അന്നെ തല്ലേ…? നീയല്ലേ അവളെ എപ്പോഴും ഉപദ്രവിക്കാ. അവള് ഇന്ന് വന്നപ്പോഴും ചുണ്ട് പൊട്ടിയിട്ടുണ്ടല്ലോ”ദയനീയമായി അവൻ ഉപ്പയെ നോക്കി

“ഉണ്ടയാണ്, ഞാൻ ഇതുവരെ എടീന്ന് പോലും വിളിച്ചിട്ടില്ല അവളെ. ചട്ടിയെടുത്ത് എന്റെ തലക്കടിച്ചപ്പോൾ ഒരു കഷ്ണം അവളുടെ ചുണ്ടിൽ തട്ടി മുറിവായതാ. സത്യം പറ ഉപ്പാ ങ്ങളെ മോൾ ബ്ലാക്ക് ബെൽറ്റ് ആണോ…?”

ഉപ്പ അവന്റെ തലയിൽ മെല്ലെ തലോടി”ന്തിനാ നിന്നെ അവൾ തല്ലിയേ…?”മുടന്തി നടന്ന് ഒരു ചെയറിൽ പോയിരുന്ന് അവൻ ഉപ്പയെ നോക്കി

“ഈ പ്രാവശ്യം തല്ലിയത് യൂട്യൂബ് ചാനൽ തുടങ്ങീട്ട് അവളിട്ട കുക്കിംഗ്‌ വീഡിയോക്ക് വ്യൂവേഴ്സ് കുറവാണ് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചതിന്”

അപ്പോഴാണ് ഉപ്പാക്ക് ആ സത്യം മനസിലായത്. എല്ലാ പ്രാവശ്യവും ഭർത്താവ് തല്ലി എന്നും പറഞ്ഞ് വീട്ടിൽ വന്നിരുന്ന മോൾ എന്തുകൊണ്ടാണ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് പോയി ചോദിച്ചാൽ മതി എന്ന് പറഞ്ഞതിന്റെ കാരണം എന്ന്.

തന്റെ അടികൊണ്ട് അവശനായ ഭർത്താവ് രണ്ടുമൂന്ന് ദിവസം കഴിയല്ലോ ഒന്ന് നേരെ നിക്കാൻ… എന്താലേ…

Leave a Reply

Your email address will not be published. Required fields are marked *