(രചന: J. K)
“”” എടാ ഗോപി അടുത്തമാസം ദേവിയുടെയും അവനാശിന്റെയും നിശ്ചയം അങ്ങ് നടത്തിയാലോ എന്ന”””‘
അമ്മ പറയുന്നത് കേട്ട് ഞെട്ടി അമ്മയെ നോക്കി… അമ്മയ്ക്ക് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല അവർ തുടർന്നു…
“”” ഈ വീട്ടിലെ മരുമകളായി ദേവിയെ കൊണ്ടുവരണം എന്ന് നിങ്ങളുടെ അച്ഛന് ഏറെ മോഹം ആയിരുന്നു സ്വന്തം പെങ്ങളുടെ മകൾ അല്ലേ??? “””
നിന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നായിരുന്നു പക്ഷേ നിനക്ക് വിദ്യാഭ്യാസമൊ നല്ല ജോലിയോ ഒന്നുമില്ലല്ലോ അവൾ ആണെങ്കിൽ സ്കൂൾ ടീച്ചർ അവൾക്ക് നീ എങ്ങനെയാണ് ചേരുന്നത്???
അതാണ് ഞാൻ അവിനാശിനുവേണ്ടി അവളെ ആലോചിച്ചത്….. അവർക്കും അതാണ് താല്പര്യം നിന്റെ കാര്യം പറഞ്ഞപ്പോൾ അവരൊന്ന് ശ്രദ്ധിച്ചത് പോലുമില്ല…..
അമ്മക്കറിയാം ചെയ്യുന്നത് തെറ്റാണ് എന്ന് പക്ഷേ എന്താ ചെയ്യാ…””””‘അമ്മ അങ്ങനെ പറഞ്ഞപ്പോൾ നെഞ്ചിൽ എന്തോ ഭാരം എടുത്തുവച്ചതുപോലെ ഉണ്ടായിരുന്നു എങ്കിലും മെല്ലെ ഒന്ന് മൂളി….
“”””ശ്രീദേവി “””‘സുമംഗല അപ്പച്ചിയുടെ മകൾ..പ്രണയമായിരുന്നു അവളോട് തനിക്ക് അല്ല അതിലും അപ്പുറം എന്തായിരുന്നു….
ആ പേര് പോലും ഉച്ചരിച്ചു താൻ അശുദ്ധിയാക്കിയിട്ടില്ല അത്രയ്ക്ക് പ്രിയമായിരുന്നു അവളെ…..
അപ്പോഴും അമ്മ പറഞ്ഞ തന്റെ അയോഗ്യതയിൽ അയാളുടെ മനസ്സ് ഉഴറി നടന്നു…
വിദ്യാഭ്യാസമില്ലാത്തവൻ എങ്ങനെയാണ് താൻ വിദ്യാഭ്യാസമില്ലാത്തതിനായത്….
പഠിക്കാൻ അനിയനേക്കാൾ മിടുക്കനായിരുന്നു താൻ എല്ലാ വിഷയത്തിലും മുഴുവൻ മാർക്കും വാങ്ങി തന്നെയാണ് ജയിച്ചുകൊണ്ടിരുന്നത് പക്ഷേ പെട്ടെന്നുള്ള അച്ഛന്റെ മരണം അതാണ് ഈ കുടുംബത്തെ ആകെ തളർത്തി കളഞ്ഞത്……
ടൗണിൽ തന്നെയുള്ള ഒരു പലചരക്ക് കടയിൽ എടുത്തു കൊടുക്കാൻ നിൽക്കുകയായിരുന്നു അച്ഛൻ… ഒപ്പം കൃഷിയും…..
അങ്ങനെയാണ് ഈ കുടുംബം പോറ്റിയത്…… ഇല്ലായ്മ അറിഞ്ഞു തന്നെയായിരുന്നു തന്റെ വളർച്ച പക്ഷേ അനിയന് അതൊന്നും പരിചയമില്ല അവനെല്ലാത്തതിനും വാശി യായിരുന്നു….
അതുകൊണ്ടുതന്നെ കുഞ്ഞല്ലേ എന്ന് കരുതി എല്ലാ വാശിക്കും അച്ഛനും അമ്മയും പണ്ടെ കൂട്ടുനിന്നിരുന്നു, താനും…
അച്ഛന്റെ മരണശേഷം വെറും ഒരു പത്താംക്ലാസുകാരന് എല്ലാം ഏറ്റെടുക്കേണ്ടി വന്നു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും….
പാവം അമ്മയെ കൊണ്ട് ഒന്നും സാധിക്കില്ല എന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു പത്താം ക്ലാസ് പാതിക്ക് വെച്ച് നിർത്തി താനാ പലചരക്ക് കടയിൽ ജോലിക്ക് പോകുമ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു…..
പലചരക്ക് കടയിലെ അച്ഛന്റെ സുഹൃത്ത് ദാസേട്ടൻ, തന്റെയും വഴികാട്ടിയായി പത്താം ക്ലാസ് പരീക്ഷ എങ്കിലും എഴുതണം എന്ന് പറഞ്ഞു അയച്ചത് അദ്ദേഹമാണ് അങ്ങനെ പരീക്ഷ എഴുതി നല്ല മാർക്ക് ഉണ്ടായിരുന്നു
പക്ഷേ തുടർന്നു പഠിക്കാൻ പോയില്ല പോയാലും വീട്ടിലെ അടുപ്പ് എരിയില്ല എന്ന് ബോധ്യമുണ്ടായിരുന്നു അതുകൊണ്ടുതന്നെ പഠിക്കണം എന്ന മോഹം മനസ്സിനുള്ളിൽ തന്നെ വച്ച് പൂട്ടി അവിടുത്തെ ജോലിയിൽ വ്യാപൃതനായി….
അച്ഛൻ മരിക്കുന്നതിനും എത്രയോ മുമ്പ് പറഞ്ഞു വെച്ചതായിരുന്നു എന്റെയും ശ്രീദേവിയുടെയും വിവാഹം..
അവളുടെ മനസ്സ് എനിക്കറിയില്ല അറിയാൻ ശ്രമിച്ചിട്ടില്ല പക്ഷേ അവൾ ഈ മനസ്സിൽ എന്നും കയറി പറ്റിയതാണ് ഒരുപക്ഷേ ഗോപീകൃഷ്ണന്റെ പെണ്ണാണ് ശ്രീദേവി എന്ന് ചെറുപ്പം മുതൽ പറഞ്ഞുപറഞ്ഞ് അങ്ങനെ ആയതാവാം..
ഒന്നുമാത്രം എനിക്കറിയാം എന്തിനേക്കാൾ ഉപരിയായി ഞാൻ അവളെ സ്നേഹിച്ചിരുന്നു..
അനിയന് വേണ്ടി അവളെ അന്വേഷിച്ചു എന്ന് പറഞ്ഞപ്പോൾ പിടപ്പോടെ അമ്മയോട് ആദ്യം തിരക്കിയത് ശ്രീദേവി സമ്മതിച്ചുവോ എന്നായിരുന്നു അവൾക്ക് എതിർപ്പ് ഒന്നുമില്ല എന്ന് അറിഞ്ഞപ്പോൾ വല്ലാതെ ഹൃദയം വേദനിച്ചു….
ഒരു മരവിപ്പ് മനസ്സിന് വന്ന മൂടുന്നത് അറിയുന്നുണ്ടായിരുന്നു എല്ലാത്തിനും മുന്നിൽ നിന്നു..
പഠിക്കാൻ അത്ര മിടുക്കൻ ഒന്നുമല്ലാത്തവനെ മെറിറ്റിൽ കിട്ടാഞ്ഞ് പൈസ കൊടുത്ത് താൻ തന്നെയാണ് എൻജിനീയറിങ്ങിന് പറഞ്ഞയച്ചത് ഒരു നല്ല നിലയിലായി കാണാൻ..
ഞാൻ പഠിച്ചു വലിയ ആളാകുന്നതും സ്വപ്നം കണ്ട് നടന്നിരുന്ന അച്ഛന്, ഒരു മകനെങ്കിലും നല്ല ജോലി കിട്ടിയത്, വേറൊരു ലോകത്തിരുന്ന് കണ്ട് ആശ്വസിക്കാൻ…
അവൻ പഠിച്ചു ജോലി വാങ്ങി എന്നിട്ടും വീടിന്റെ മുഴുവൻ ഉത്തരവാദിത്വവും എന്റെ തലയിൽ തന്നെയായിരുന്നു അവൻ അവന്റെ കാര്യം മാത്രം നോക്കി സ്വാർത്ഥനായി…
എങ്കിലും അമ്മയ്ക്ക് പരാതിയില്ല എന്നതായിരുന്നു അത്ഭുതം.. അവൻ കുഞ്ഞല്ലേ… ഒന്നും അറിയില്ല എന്നൊക്കെ പല ന്യായീകരണങ്ങളും കൊണ്ട് അമ്മ വരും.
ഞാനും ഒന്നും കാര്യമാക്കിയില്ല ഏട്ടനായി പോയില്ലേ അച്ഛന്റെ സ്ഥാനമല്ലേ എല്ലാവരും പറഞ്ഞു തന്നത് അങ്ങനെയാണ് അങ്ങനെ കണ്ടിട്ടും ഉള്ളൂ ഒന്നിനും കണക്ക് സൂക്ഷിച്ചിട്ടില്ല ഒന്നും അറിയുകയുമില്ല…
“”‘ എടാ അവന് നിശ്ചയത്തിന് ഇടാൻ മോതിരം വാങ്ങണ്ടേ… തന്നെയല്ല നിശ്ചയത്തിന് അമ്മയ്ക്ക് അവൾക്ക് കഴുത്തിലിട്ടു കൊടുക്കാൻ ഒരു മാലയും വേണം…. “”””
“””’ അവനോട് പറയൂ ആദ്യമായി ആ വീട്ടിൽ മറ്റുള്ളവരുടെ അഭിപ്രായത്തിനെതിരായി എന്റെ ശബ്ദം പൊങ്ങി…
“””” അവന്റെ എവിടുന്നാ നീയല്ലേ ഇതൊക്കെ നോക്കേണ്ടത് എന്നായി അമ്മ…
എന്റെ ഇല്ല എന്ന് തന്നെ തീർത്ത് പറഞ്ഞു പിന്നെ ഞാൻ അസൂയാലുമായി അനിയന് വിവാഹം ഉറപ്പിച്ചതിൽ കണ്ണുകടി ഉള്ളവൻ .ആ പറഞ്ഞത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…
അവന്റെ വളർച്ചയിൽ അസൂയാലുവായിരുന്നു എങ്കിൽ ഒരിക്കലും ഞാൻ എന്റെ പഠനം ഉപേക്ഷിക്കില്ലായിരുന്നു ഇവിടുത്തെ ബുദ്ധിമുട്ടോ എന്തും വന്നോട്ടെ എന്ന് കരുതി ഞാൻ അതിൽ തന്നെ നിന്നേനെ…. കണ്ടില്ല എന്ന് നടിച്ചേനെ..
എന്റെ മനസ്സിന്റെ ദണ്ണം പറഞ്ഞപ്പോൾ അത് കണക്ക് പറച്ചിൽ ആയി ചിത്രീകരിച്ചു…
മനസ്സ് പിടഞ്ഞാണ് ആ വീട്ടിൽ നിന്നും ഇറങ്ങി നടന്നത് പലചരക്ക് കടയിൽ പോയിരുന്നു കട അടക്കേണ്ട നേരം കഴിഞ്ഞും പോവാത്തത് കണ്ട് ദാസേട്ടൻ തന്നെയാണ് എന്നോട് എന്തു പറ്റിയെടാ എന്ന് ചോദിച്ചത്…
ദാസേട്ടനോട് എല്ലാം പറഞ്ഞു ഞാൻ കരഞ്ഞു…”””” ഡാ നിന്റെ അച്ഛന് നിന്നെപ്പറ്റി ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു ഈ കടയിൽ നിന്നെ പിടിച്ചു നിർത്തുമ്പോൾ എനിക്കും മനസ്താപം ഉണ്ടായിരുന്നു അവന്റെ മോഹം പോലെ ഒന്നും നടന്നില്ലല്ലോ എന്ന്…
പക്ഷേ നിന്റെ വീട് പുലരാൻ വേറെ മാർഗ്ഗമില്ല എന്ന് അറിഞ്ഞതുകൊണ്ടാണ് ഞാൻ എതിർക്കാഞ്ഞത്… ഈ വീട്ടുകാർക്ക് വേണ്ടി ഉരുകിത്തീരുന്നവർ ഉണ്ട്…
ചില വിഡ്ഢികൾ… അവർ മെഴുകുതിരികൾ പോലെ സ്വയം ഉരുകിയും മറ്റുള്ളവർക്ക് വെളിച്ചമേകും.. ഒടുവിൽ ഉരുകി ഉരുകി അവരങ്ങ് തീരും.. മറ്റുള്ളവരെ അവരുടെ പാട് നോക്കി പോയിട്ടും ഉണ്ടാകും….”””
ദാസേട്ടൻ പറഞ്ഞത് 100% ശരിയാണെന്ന് എനിക്ക് മനസ്സിലായിരുന്നു എന്നെ മനസ്സ് കാണാൻ ഒരാളും ആ വീട്ടിൽ ഇല്ല…
“”” എടാ നിനക്ക് എന്റെ വീണ മോളെ കല്യാണം കഴിക്കാൻ പറ്റുമോ??? നിന്റെ ആ വലിയ മനസ്സ് കണ്ടിട്ട് തന്നെയാണ്….
അവളോടും കൂടി ഞാൻ ഒന്ന് ചോദിക്കട്ടെ അവൾക്ക് സമ്മതമാണെങ്കിൽ പിന്നെ എനിക്ക് എന്താണ് എതിർപ്പ് അവളെ സുരക്ഷിതമായ ഒരു കൈയിൽ ഏൽപ്പിച്ചു എന്ന് മാത്രമേ ഞാൻ കരുതു””””
“”” വേണ്ട ദാസേട്ടാ അവള് പഠിക്കുന്ന കുട്ടിയല്ലേ?? അവർക്കൊക്കെ വലിയ വലിയ സ്വപ്നങ്ങൾ കാണും… നമ്മളായിട്ട് അതൊന്നും തകർക്കരുത്…. “””
ദാസൻ പിന്നെ ഒന്നും ഗോപി കൃഷ്ണനോട് പറയാൻ നിന്നില്ല പിറ്റേദിവസം രാവിലെ തന്നെ വീണ കടയിലേക്ക് എത്തിയിരുന്നു….
അവൾക്ക് വിവാഹത്തിന് സമ്മതമാണ് എന്ന് എന്നോട് നേരിട്ട് പറയാൻ അച്ഛൻ പറഞ്ഞു പറഞ്ഞു അവൾക്ക് എന്നെ ഒരുപാട് ഇഷ്ടമാണത്രെ…
ഒരേ പന്തലിൽ രണ്ടു വിവാഹം നടന്നു…എന്റെയും അനിയന്റെയും.. ദാസേട്ടൻ പറഞ്ഞ പ്രകാരം കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ അവളെയും വിളിച്ച് അവിടെ നിന്നും മാറി താമസിച്ചിരുന്നു…
ഇനിയും വിഡ്ഢിയായി ഭാരവും പേറി അവിടെ നിൽക്കാൻ മനസ്സില്ലാത്തതുകൊണ്ട്……