(രചന: ക്വീൻ)
“” നമുക്ക് ഈ നാട് വിട്ട് എങ്ങോട്ടെങ്കിലും പോകാം ചേട്ടാ ഇനി ഇവിടെ നിൽക്കാൻ കഴിയില്ല!!””
തന്റെ ഭാര്യ വിനീത അങ്ങനെ പറഞ്ഞപ്പോൾ എന്തുവേണമെന്ന് അറിയാതെ നിന്നു..
ചെറുപ്പം മുതൽ ജീവിച്ചത് ഇവിടെയാണ് സ്വന്തം നാട് ഇതാണ് ഇവിടെ വിട്ടു പോകേണ്ടി വരിക എന്ന് പറഞ്ഞാൽ അയാൾക്ക് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു പക്ഷേ ഇപ്പോൾ
മറ്റു വഴികൾ ഇല്ല എന്ന് അയാൾക്കും മറ്റ് ആരെക്കാളും നന്നായി അറിയാം അതുകൊണ്ടുതന്നെ ഭാര്യയുടെ വാക്കിന് വിലകൽപ്പിച്ച് ഇവിടെ നിന്ന് ഇറങ്ങാൻ തന്നെ അയാൾ തീരുമാനിച്ചു.
എല്ലാം കെട്ടിപ്പെറുക്കി വെക്കുമ്പോൾ അയാളുടെ മകൾ അയാളുടെ അരികിലേക്ക് വന്നിരുന്നു.
“” ഞാൻ കാരണം ആണല്ലേ അച്ഛാ ഇതെല്ലാം സംഭവിച്ചത് അന്ന് ഞാൻ ഒന്നും ആരോടും തുറന്നു പറയാതിരുന്നാൽ മതിയായിരുന്നു!! എങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു!””
എന്നും പറഞ്ഞ് അവൾ കരയാൻ തുടങ്ങി അവളെ ചേർത്ത് പിടിച്ചു രാജൻ എന്നിട്ട് പറഞ്ഞു..
“”‘ നീ ചെയ്തത് തന്നെയാണ് മോളെ ശരി പക്ഷേ നമ്മുടെ നാട് അങ്ങനെയായി പോയി… ആർക്കും തിരുത്താൻ പറ്റില്ല ഘോരഘോരം പ്രസംഗിക്കാൻ മാത്രമേ ഇവിടെ ആളുകൾ ഉള്ളൂ കാര്യത്തോട് അടുക്കുമ്പോൾ ഒരാളെ പോലും കാണാൻ കഴിയില്ല..
മകളെ സമാധാനിപ്പിച്ചതിനു ശേഷം അയാൾ ബാക്കി കൂടി പാക്ക് ചെയ്യാൻ ആരംഭിച്ചു അയാളുടെ ഓർമ്മകൾ മൂന്നാലു മാസം മുൻപിലേക്ക് എത്തി സ്കൂളിൽ നിർബന്ധമായും കൗമാരപ്രായക്കാർക്ക് കൗൺസിലിംഗ് വേണമെന്ന് തീരുമാനമായതിനെ തുടർന്നാണ് മകളുടെ സ്കൂളിലേക്ക് രണ്ടുപേർ കൗൺസിലിംഗ് ചെയ്യാൻ വന്നത് അവർ ചോദിച്ച ചോദ്യത്തിന് മകൾ കൊടുത്ത ഉത്തരം കേട്ട് അവർ ഞെട്ടിപ്പോയി..
അവരുടെ സ്കൂളിൽ തന്നെയുള്ള ഒരു മാഷ്, പഠിപ്പിക്കുന്ന സമയങ്ങളിൽ അറിയാത്ത പോലെ കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കാറുണ്ട്..
പണിഷ്മെന്റ് എന്ന രീതിയിൽ കയ്യിൽ പിച്ചുമ്പോൾ മാറിടങ്ങളിൽ അറിയാതെകയ്യെത്തിച്ച് തൊടാറുണ്ട് എല്ലാ കുട്ടികൾക്കും അറിയാവുന്ന കാര്യമാണ് ചിലർക്കെല്ലാം അത് വളരെ അസഹനീയമായിരുന്നു ആരും പക്ഷേ എവിടെയും തുറന്നു പറഞ്ഞില്ല പറഞ്ഞത് തന്റെ മകൾ രാജശ്രീ മാത്രം ആയിരുന്നു.
വളരെ ജനസമിതിയുള്ള ആളും രാഷ്ട്രീയ പാർട്ടിയിൽ സജീവ പ്രവർത്തകനുമായ മാഷിനെതിരെ മകൾ പറഞ്ഞത് എല്ലാവരിലും ഒരു ഞെട്ടൽ സൃഷ്ടിച്ചു.
അന്നത് വലിയ ആളുകളിൽ കോളിളക്കം സൃഷ്ടിച്ചു. എല്ലാവരും രണ്ടു ഭാഗങ്ങളായി തിരിഞ്ഞു ചിലർ മാഷിന്റെ ഭാഗമായി ചിലർ പെൺകുട്ടിക്ക് നീതി നേടി കൊടുക്കണം എന്ന് പറഞ്ഞ് തന്റെ മകളുടെയും.
അന്നേരം സപ്പോർട്ട് പറഞ്ഞവരും വാർത്ത ചാനലിലും മറ്റും കൊടുക്കാൻ മത്സരിച്ചവരും എല്ലാം ഒരു അളവ് കഴിഞ്ഞപ്പോൾ നിർത്തിപ്പോയി…
പക്ഷേ പിന്നീട് എല്ലാവരുടെയും മുന്നിൽ കോമാളിയായത് തങ്ങളുടെ കുടുംബമായിരുന്നു.
മാഷ് അങ്ങനെ ചെയ്തു എന്നു പറഞ്ഞപ്പോൾ വേറെയും കുട്ടികൾ അവളുടെ കൂടെ ഞങ്ങൾക്കും അങ്ങനെ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു പക്ഷേ കാര്യം വലിയ പ്രശ്നമായി എന്നറിഞ്ഞപ്പോൾ പിന്നെ അവരെല്ലാം വാക്ക് മാറ്റി പറഞ്ഞു..
എന്റെ മകൾ മാത്രം ഒറ്റപ്പെട്ടു.സ്കൂളിലും പുറത്തും അവർ എന്റെ മകളെ കണ്ടാൽ പോലും മിണ്ടാതെയായി..
അവൾക്ക് അത് വലിയ വിഷമമായി ഒരു ഡിപ്രഷൻ മൂഡിലേക്ക് അവൾ പോകാൻ തുടങ്ങി ഭയം ഞങ്ങളെയും കീഴ്പ്പെടുത്തി..
“”” ദേ മാഷ് പീഡിപ്പിച്ച കുട്ടി പോകുന്നു!””എന്നും പറഞ്ഞ് മകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി അവൾ സ്കൂളിലേക്ക് പോലും പോകാതെ വീട്ടിലിരിക്കാൻ തുടങ്ങി
അവളെ ഓരോന്ന് പറഞ്ഞ സമാധാനിപ്പിച്ച് സ്കൂളിലേക്ക് വിട്ടാലും അവിടെയും അവളെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തും.. കളിയാക്കും.. ആദ്യമെല്ലാം കരഞ്ഞിരുന്നവൾ പിന്നീട് മരവിച്ച പോലെ ഇരിക്കാൻ തുടങ്ങി..
തനിക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്!!ആ കുട്ടികൾക്കെല്ലാം ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അവർക്ക് എല്ലാം അറിയാം അതെല്ലാം സത്യമാണ് എന്നും എന്നിട്ട്പോലും അവർ എന്റെ മകളെ ഒറ്റപ്പെടുത്തി അവരുടെ വീട്ടിൽനിന്നുള്ള ഇൻസ്ട്രക്ഷൻ അതായിരുന്നു ആ കുട്ടിയുടെ കൂടെ കളിക്കരുത് കൂട്ടുകൂടാൻ പോകരുത് എന്നെല്ലാം…
സത്യം പറഞ്ഞാൽ ജീവിതം തന്നെ മടുക്കാൻ തുടങ്ങിയിരുന്നു എന്റെ മകളുടെ അവസ്ഥ മാത്രമല്ല ഇവിടെ സ്വന്തം ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചു എന്ന് തുറന്നുപറഞ്ഞ പലരുടെയും അനുഭവം ഇതാണ്.
എല്ലാവരും ഒരു നിമിഷംകൊണ്ട് കൊട്ടിഘോഷിക്കും പക്ഷേ പിന്നീട് അവർ ഒരു പരിഹാസ കഥാപാത്രം തന്നെയായി തീരും സമൂഹത്തിൽ..
സ്വന്തം വീട്ടിൽ സ്വന്തം കുഞ്ഞിന് വരുമ്പോൾ മാത്രമേ ഓരോരുത്തരും പഠിക്കൂ.
ഒരു കുഞ്ഞ് തന്റെ ദേഹത്ത് അനാവശ്യമായി ഒരാൾ സ്പർശിച്ചു എന്ന് പറയുമ്പോൾ എത്രത്തോളം ഗതികെട്ടിട്ടുണ്ടാകും “!
അതുപോലും മനസ്സിലാക്കാതെ അവളെ കുറ്റപ്പെടുത്താനും ചിലർ.എത്രയോ കാലമായി ഞങ്ങൾ അറിയുന്ന മാഷാണ് ഞങ്ങളുടെ മാഷ് ഇങ്ങനെ ചെയ്യില്ല എന്നും പറഞ്ഞ് പ്ലക്കാർഡ് പിടിച്ചു മറ്റു ചിലർ!!
എന്റെ കുഞ്ഞിന്റെ നിഷ്കളങ്കത കൊണ്ടാണ് ഇഷ്ടപ്പെടാത്ത രീതിയിൽ സ്പർശനങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അവർ ചോദിച്ചപ്പോൾ അവൾ ആ മാഷിന്റെ പേര് തുറന്നു പറഞ്ഞത് അതിന്റെ പേരിൽ മുഴുവൻ അനുഭവിച്ചത് ഞങ്ങളാണ് അവൾ മാത്രമല്ല അവളുടെ താഴെയുള്ള എന്റെ കുഞ്ഞുമകൻ പോലും ഇതിന് അനുഭവിച്ചുകൊണ്ടിരിക്കുന്നു..
ജനിച്ചു വളർന്ന നാട്ടിൽ ഇതുവരെ ചിരിച്ച് പരസ്പരം സംസാരിച്ചിരുന്ന ആളുകൾക്ക് പോലും ഞങ്ങൾ അന്യരായി തീർന്നിരിക്കുന്നു ഞങ്ങളോട് വർത്തമാനം പറയുന്നത് എന്തോ വലിയ തെറ്റായി അവർ കരുതിയിരിക്കുന്നു..
അതുകൊണ്ടുതന്നെയാണ് ഈ നാട് മടുത്തത് മകൾക്ക് പിന്നെയും സംശയമായിരുന്നു അവൾ കാരണമാണോ തനിക്ക് ഇങ്ങനെ ഒരു ഗതി വന്നത് എന്ന് കാരണം ഈ നാടിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാൻ എന്ന് അവൾക്കറിയാമായിരുന്നു..
പക്ഷേ നാടിനെ സ്നേഹിക്കുന്നതിനോടൊപ്പം ഈ നാട്ടുകാരെ എത്രയോ വെറുത്തു പോയി എന്ന് അവൾക്ക് അറിയില്ലല്ലോ!!!
ഇവിടെ ഇതുതന്നെയാണ് സ്ഥിതി ഓരോ കുഞ്ഞുങ്ങളും അവർക്കെതിരെയുള്ള പീഡനങ്ങൾ തുറന്നു പറയാൻ മടിക്കുന്നതും സമൂഹം അവരെ ഒറ്റപ്പെടുത്തുന്നത് കൊണ്ടാണ്.
എന്തൊക്കെ ഘോരഘോര പ്രസംഗങ്ങൾ ഉണ്ടായി എന്നു പറഞ്ഞാലും… നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആറ്റിറ്റ്യൂഡ് അത്ര പെട്ടെന്നൊന്നും മാറാൻ പോകുന്നില്ല.
എത്ര അല്ല എന്ന് പറഞ്ഞാലും അത് തന്നെയാണ് സത്യം.അതുകൊണ്ടുതന്നെ ഇവിടെനിന്ന് മറ്റു ഒരു ഇടത്തേക്ക് പറിച്ചുനടുകയാണ് ഞങ്ങൾ ഇപ്പോൾ.. കൊടുത്ത കേസ് പിൻവലിച്ചു വേറെ മാർഗ്ഗമില്ല നിസ്സഹായരായ സാധാരണക്കാരായി പോയി ഞങ്ങൾ..
തമിഴ്നാട്ടിലെ ഒരു ഗ്രാമപ്രദേശം അവിടെ വിവരമുള്ളവർ കുറവാണ് അതുകൊണ്ടുതന്നെ അവിടെ എന്റെ മകൾക്ക് യാതൊരുവിധ കളിയാക്കലുകളും ഇനി അഭിമുഖീകരിക്കേണ്ടി വരില്ല എന്ന് ഒരാശ്വാസം തോന്നുന്നു അറിയില്ല അവിടെയും പ്രബുദ്ധർ എന്നുപറഞ്ഞ് നടക്കുന്ന, കൂപമണ്ഡൂകങ്ങൾ ഉള്ള നാടാണോ എന്ന്!!!