വരുമാനം
(രചന: ആവണി)
രാവിലെ സിറ്റൗട്ടിൽ വെറുതെ കാറ്റു കൊണ്ടിരിക്കുകയായിരുന്നു രമണി. അപ്പോഴാണ് അയലത്തെ സുമ ആ വഴിക്ക് വന്നത്.
“എന്താ രമണി ചേച്ചി പുറത്തിറങ്ങിയിരിക്കുന്നത്..?”സുമ കുശലം ചോദിച്ചു.
” ഞാൻ വെറുതെ വന്നിരുന്നതാ.. നീ ഇരിക്ക്.. “രമണി ക്ഷണിച്ചു.” മോൾ എവിടെ.. “സുമ അകത്തേക്ക് ഒന്ന് എത്തിനോക്കി കൊണ്ട് ചോദിച്ചു.
” അവളും അവനും കൂടി പുറത്ത് എവിടെയോ പോകാൻ വേണ്ടി റെഡിയാവുകയാണ്. ”
രമണി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ സുമയുടെ മുഖം ഇരുണ്ടു.” എന്നിട്ട് ചേച്ചി കൂടെ പോകുന്നില്ലേ..? അവർ പോയി കഴിഞ്ഞാൽ പിന്നെ ചേച്ചി ഇവിടെ തന്നെയല്ലേ ഉള്ളൂ.. അപ്പോൾ പിന്നെ ചേച്ചിക്ക് കൂടി പൊയ്ക്കൂടെ കൂടെ.. അതോ അവരെ കൂടെ കൊണ്ടു പോകില്ലെന്ന് പറഞ്ഞോ..? ”
അതുകേട്ട് രമണി അവരെ തുറിച്ച് നോക്കി.”നിനക്ക് ബോധമില്ലേ.. വിവാഹം കഴിഞ്ഞിട്ട് അധിക നാൾ ആയിട്ടില്ല. ആ പിള്ളേര് പുതു മോഡി അല്ലേ.
അതിനിടയിൽ നമ്മൾ കൂടി കയറി ചെല്ലേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ.. അവർ അവരുടെ സന്തോഷത്തിന് എവിടെയെങ്കിലും പോയിട്ട് വരട്ടെ..”
രമണി പറഞ്ഞപ്പോൾ സുമ പുച്ഛത്തോടെ ചുണ്ട് കോട്ടി.” അതെന്തെങ്കിലും ആവട്ടെ.. മരുമോൾ എങ്ങനെ..? അടുക്കള പണിയൊക്കെ അറിയാമോ..? “സുമയ്ക്ക് അറിയേണ്ടിയിരുന്നത് അതായിരുന്നു.
” പഠിക്കാൻ പോയിക്കൊണ്ടിരുന്ന കൊച്ചല്ലേ.. അതിന് എല്ലാ പണിയൊന്നും അറിയില്ല. എങ്കിലും അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളിലൊക്കെ എന്നെ സഹായിക്കുന്നുണ്ട്.”
രമണി ഒരു ചിരിയോടെ പറഞ്ഞു.” ഇങ്ങനെ എല്ലാ സൗകര്യങ്ങളും കൊടുത്ത് തലയിൽ കയറ്റി വയ്ക്കേണ്ട ചേച്ചി. അത് അവസാനം ചേച്ചിക്ക് തന്നെ പണിയാവും. ”
വലിയൊരു ഉപദേശം കൊടുക്കുന്ന ഭാവത്തിൽ സുമ പറഞ്ഞു.വന്നു കയറുന്ന പെൺകൊച്ചുങ്ങളെ സ്വന്തം മക്കളെ പോലെ നമ്മൾ നോക്കിയാൽ, അവർ നമ്മളെയും നന്നായി നോക്കും. അവർ വരുമ്പോൾ തന്നെ നമ്മൾ ഓരോരോ കുത്തിത്തിരിപ്പ് ഉണ്ടാക്കുമ്പോഴാണ് അവർക്ക് നമ്മളോട് ഒരു ഇഷ്ടക്കേട് ഉണ്ടാകുന്നത്.
അത് അവരുടെ ജീവിതാവസാനം വരെ അവരുടെ മനസ്സിൽ ഉണ്ടാവുകയും ചെയ്യും. നമ്മളായിട്ട് എന്തിനാണ് ഒരു പ്രശ്നത്തിന് വഴിവയ്ക്കുന്നത്..?”
രമണി ചോദിക്കുന്നതൊന്നും സുമയ്ക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.” അല്ല,നിന്റെ മോന് പെണ്ണു നോക്കിയിട്ട് എന്തായി.?”
രമണി ആകാംക്ഷയോടെ ചോദിച്ചു.” ഒന്നുമായില്ല..കണ്ട പെൺകുട്ടികളെ ഒന്നും അവന് ഇഷ്ടപ്പെട്ടില്ല.ഇതുവരെ കണ്ട ഒന്നിനെയും എനിക്കും ബോധിച്ചില്ല.”
സുമ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞപ്പോൾ രമണി അതിശയിച്ചു.”അതെന്താ നിനക്ക് ഇഷ്ടപ്പെടാത്തത്..?”
രമണി ആകാംക്ഷയോടെ ചോദിച്ചു.” അതിപ്പോ ഒരു പെൺകൊച്ചിനെ കണ്ടാൽ അവന് ഒരു ഐശ്വര്യം ഒക്കെ തോന്നണ്ടേ..? പിന്നെ ഏതെങ്കിലും ഒരെണ്ണത്തിന് നമുക്ക് ഇഷ്ടപെട്ടാൽ തന്നെ അത് ഏതെങ്കിലും രീതിയിൽ മുടങ്ങിപ്പോകും. പിന്നെ എന്ത് ചെയ്യാനാ..? ”
നിരാശയോടെ സുമ പറഞ്ഞു.” അത് നീ പറഞ്ഞത് നേരാ സുമേ. ഇപ്പോൾ ഒന്നാമത്തെ കാര്യം നാട്ടിൽ പെൺകൊച്ചുങ്ങളെ കിട്ടാനില്ല. അഥവാ ഏതെങ്കിലും ഒരെണ്ണത്തിനെ കണ്ടുപിടിച്ചാൽ തന്നെ അതിനൊക്കെ നേരത്തെ തന്നെ വല്ല ബന്ധങ്ങളും ഉണ്ടാകും.
ലൗ മാര്യേജ് ആണല്ലോ ഇപ്പോൾ ഏറ്റവും അധികം. ഇവിടെത്തന്നെ ഇവന് ഒരു പെണ്ണിനെ കണ്ടുപിടിക്കാൻ ഞാൻ എന്തുമാത്രം ബുദ്ധിമുട്ടി എന്നറിയാമോ..? ”
നെടുവീർപ്പോടെ രമണി പറഞ്ഞപ്പോൾ സുമയുടെ മുഖം തെളിഞ്ഞു.” അത് പറഞ്ഞപ്പോഴാണ്, ഇവിടെ കെട്ടിക്കൊണ്ടുവന്ന പെൺകൊച്ചു ഇവിടുത്തെ മോനും തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നാണല്ലോ പറഞ്ഞു കേട്ടത്.”
പുതിയൊരു വിഷയം കിട്ടിയ രീതിയിൽ സുമ അതിലേക്ക് ചലിച്ചു. നീ എന്തിനാ സുമേ ഇങ്ങനെ അനാവശ്യം പറയുന്നത്..? അവർ തമ്മിൽ ഇഷ്ടത്തിലൊന്നും ആയിരുന്നില്ല. ഒരു ദിവസം ക്ഷേത്രത്തിൽ വച്ച് ഞാൻ കണ്ടുമുട്ടിയതാണ് ഈ കുട്ടിയെ. കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ടു. ഞാൻ ആ വിവരം ഇവിടെ വന്ന് പറയുകയും ചെയ്തു.
പിന്നെ അന്വേഷിച്ച് പിടിച്ച് വന്നപ്പോഴാണ് കോളേജിൽ ഇവന്റെ ജൂനിയർ ആയിട്ട് പഠിച്ചതാണ് പെൺകൊച്ച് എന്ന് അറിഞ്ഞത്. അപ്പോൾ പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.”
രമണി പറഞ്ഞപ്പോൾ സുമ പരിഹാസത്തോടെ ചിരിച്ചു.” അങ്ങനെയൊന്നുമല്ല, ഇവിടത്തെ പയ്യനെ ആ പെൺകുട്ടിയുടെ വീട്ടിൽ നിന്നും രാത്രിയിൽ ആളുകൾ കൈയോടെ പിടിച്ചെന്നും, അങ്ങനെ നിവർത്തിയില്ലാതെ കെട്ടിച്ചതാണ് എന്നൊക്കെ ആണല്ലോ പറയുന്നത്.. ”
സുമ പരിഹാസത്തോടെ പറയുമ്പോൾ രമണിക്ക് ദേഷ്യം വന്നു.” നീ വെറുതെ അനാവശ്യം പറയരുത് കേട്ടോ. നിന്റെ എല്ലില്ലാത്ത നാവു കൊണ്ട് നാട്ടിൽ ഇങ്ങനെ അനാവശ്യം വിളിച്ചു പറഞ്ഞാൽ എന്റെ സ്വഭാവം മാറും.”
രമണി ദേഷ്യപ്പെട്ടപ്പോൾ സുമ ഒന്ന് അടങ്ങി.” ആ കൊച്ചിന് ജോലി വല്ലതും ഉണ്ടോ..? “സുമ കുശലം ചോദിച്ചു.
” അവള് ഇടയ്ക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഒക്കെ ഓരോ വീഡിയോ ഒക്കെ ചെയ്ത് ഇടാറുണ്ട്. അതിനുള്ള കഴിവുണ്ട്. അവൾ ഓരോന്ന് ചെയ്യുന്നത് കാണണം എത്ര ഭംഗിയാണെന്നോ..!”
രമണി മരുമകളെ കുറിച്ച് ഓർത്ത് അഭിമാനം കൊണ്ടു.” ആ അപ്പോൾ പിന്നെ ലക്ഷങ്ങൾ കിട്ടുന്നുണ്ടായിരിക്കുമല്ലോ.. ഇനി മോനും ജോലിക്ക് പോകണ്ട. സുഖം ആയല്ലോ ജീവിതം..”
സുമ പറഞ്ഞപ്പോൾ രമണി അമ്പരന്നു പോയി.”ലക്ഷങ്ങൾ കിട്ടുമെന്നോ..? എവിടുന്ന്..? എങ്ങനെ കിട്ടും എന്നാണ്..?”
രമണി ചോദിച്ചപ്പോൾ സുമ അവരെ നോക്കി.” അപ്പോൾ ചേച്ചിക്ക് അതൊന്നും അറിയില്ലേ.. എല്ലാവരും പറയുന്നുണ്ടല്ലോ യൂട്യൂബിൽ എന്തെങ്കിലും വീഡിയോ ചെയ്തിട്ടാൽ ലക്ഷങ്ങൾ ആണ് മാസ വരുമാനം എന്ന്. അപ്പോൾ പിന്നെ ഇവിടത്തെ പെങ്കൊച്ചിനും കിട്ടാതിരിക്കുമോ..
ചേച്ചി പിന്നെ അറിയില്ല എന്ന് നടിക്കുകയൊന്നും വേണ്ട. ഇതൊക്കെ അറിഞ്ഞു കൊണ്ടല്ലേ ആ കുട്ടിയെ തന്നെ വേണമെന്ന് ചേച്ചി വാശി പിടിച്ചു കല്യാണം നടത്തിയത്.”
സുമ ചോദിച്ചത് കേട്ടപ്പോൾ രമണി തലയിൽ കൈ കൊടുത്തു.”എന്റെ സുമേ..അങ്ങനെ ലക്ഷങ്ങൾ ഒന്നും കിട്ടില്ല. വളരെ കുറച്ചു പൈസ മാത്രമേ മാസാമാസം ഇവർക്ക് കിട്ടുന്നുള്ളൂ.
അതും എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് ഒരു വീഡിയോ ഉണ്ടാക്കുന്നത് എന്നറിയാമോ.. ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിങ്ങും കാര്യങ്ങളും ഒക്കെയായി എത്ര സമയം പോകും എന്നറിയാമോ..
പലപ്പോഴും ഊണും ഉറക്കവും ഒക്കെ ഉപേക്ഷിച്ചാണ് ഈ പിള്ളേര് ഇതിന്റെ പിന്നാലെ നടക്കുന്നത്.. അതിനുള്ള പ്രതിഫലം അവർക്ക് കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി പറഞ്ഞു തരാൻ അറിയില്ല.
പിന്നെ ഏതൊരു ജോലിക്കും അതിന്റേതായ കഷ്ടപ്പാട് ഉണ്ട്. ഒരിക്കലും ഒരാളും വെറുതെ ഇരുന്നിട്ട് ലക്ഷങ്ങൾ ഒന്നും സമ്പാദിച്ചിട്ടില്ല.”
രമണി ഉപദേശിക്കാൻ ശ്രമിക്കുമ്പോൾ സുമയ്ക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.
” എന്നോട് മറച്ചു വെക്കുക ഒന്നും വേണ്ട. എന്തൊക്കെയാണെങ്കിലും നല്ല വരുമാനം കിട്ടുന്നുണ്ടെന്ന് എനിക്കറിയാം. “സുമ തർക്കിച്ചു.
” നീ കരുതുന്നതു പോലെ യൂട്യൂബിൽ വീഡിയോ ഉണ്ടാക്കിയിടുന്നത് അത്ര എളുപ്പമുള്ള പരിപാടി ഒന്നുമല്ല.
പലരും പറയുന്നത് കേട്ടിട്ടുണ്ട് ഫോൺ അങ്ങോട്ട് ഓണാക്കി വെച്ച് എന്തെങ്കിലും രണ്ടു കോപ്രായം കാണിച്ച് യൂട്യൂബിൽ ഇട്ടാൽ പണം കിട്ടുമെന്ന്. അങ്ങനെയൊന്നും ഒരിക്കലും യൂട്യൂബിൽ നിന്ന് പണം കിട്ടില്ല. അതിന് നല്ല നല്ല വീഡിയോകൾ ചെയ്യണം.
ആ വീഡിയോ ചെയ്യാനുള്ള ആശയം കണ്ടെത്തണം, അത് തയ്യാറാക്കണം, അഭിനയിക്കണം, എഡിറ്റ് ചെയ്യണം.. അങ്ങനെ അങ്ങനെ എത്രത്തോളം കഷ്ടപ്പെട്ടാലാണ് ഒരു നല്ല വീഡിയോ ഉണ്ടാക്കാൻ പറ്റുക എന്നറിയാമോ..?
കേൾക്കുന്നവർക്കും കാണുന്നവർക്കും അതൊന്നും അറിയേണ്ട. വെറുതെയിരിക്കുമ്പോൾ പണം കിട്ടും എന്നാണ് ചിലരുടെയെങ്കിലും ധാരണ.
കഷ്ടപ്പെടാതെ ഒരാളും ഇന്നുവരെ ഒന്നും നേടിയിട്ടില്ല. അഥവാ അങ്ങനെ ആരെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അവർക്ക് പിന്നീടുള്ള ജീവിതത്തിൽ മനസമാധാനം കിട്ടിയിട്ടും ഉണ്ടാകില്ല..”
രമണി ഉപദേശം പോലെ പറയുമ്പോൾ സുമ മുഖം വെട്ടിച്ചു.” നിങ്ങൾ പറയുന്ന ആദർശങ്ങൾ ഒന്നും എനിക്കറിയില്ല. ഞാൻ പോകുന്നു.. ” പിറുപിറുത്തുകൊണ്ട് സുമ ഇറങ്ങിപ്പോയി.
” ഇങ്ങനെയും കുറെ പേരുണ്ട്. മനുഷ്യന്റെ അധ്വാനത്തിന് ഒരു വിലയും കൽപ്പിക്കാത്ത ചിലർ. വെറുതെയിരിക്കുമ്പോൾ പണക്കാരൻ ആവാം എന്ന് ചിന്തിക്കുന്ന കുറെ മന്ദബുദ്ധികൾ..”ചിരിച്ചുകൊണ്ട് രമണി പിറുപിറുത്തു.