അനുവാദം
(രചന: ആവണി)
“നിന്നെ കണ്ടിട്ട് എത്ര നാളായെടി മോളെ.. നിനക്ക് ഒന്ന് ഇത് വരെ വന്നിട്ട് പൊയ്ക്കൂടേ..? നിനക്ക് കല്യാണം കഴിഞ്ഞതോടെ ഞങ്ങളെ ഒന്നും വേണ്ടാതെ ആയോ..?”
ഫോണിൽ കൂടി അമ്മ പരിഭവം പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊടിയുന്നത് പോലെയാണ് തോന്നിയത്.എന്റെ ഇവിടത്തെ അവസ്ഥ എന്താണെന്ന് അമ്മയ്ക്ക് അറിയില്ലല്ലോ..!
“ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ..?”അമ്മ അല്പം ദേഷ്യത്തോടെയാണ് ചോദിക്കുന്നത്.” എന്താ അമ്മേ..? ”
താൻ അന്വേഷിച്ചു.” ഇത്രയും നേരം ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ..? നാളെ നിന്നോട് ഒന്ന് ഇങ്ങോട്ട് വരാൻ. അച്ഛനും നിന്നെ കാണാൻ കൊതിച്ചിരിക്കുകയാണ്.
അമ്മ പറഞ്ഞപ്പോൾ വെറുതെ ഒന്നു മൂളി.”വരുമോ..?”ഉറപ്പിക്കാൻ എന്ന വണ്ണം അമ്മ വീണ്ടും ചോദിച്ചു.” ആഹ് അമ്മേ.. നോക്കട്ടെ ഞാൻ.. ഇവിടെ ചോദിക്കണം.. ”
പതിഞ്ഞ ശബ്ദത്തിൽ മറുപടി നൽകി.” ആഹ്. അവിടെ ചോദിച്ചാലും ആരും സമ്മതിക്കാതെ ഒന്നും ഇരിക്കില്ല. നിനക്ക് താല്പര്യം ഇല്ലാഞ്ഞിട്ട് തന്നെയാ വരാത്തത്. അവിടെ മീന മാസത്തിൽ മാസത്തിൽ വന്നു നിൽക്കുന്നുണ്ടല്ലോ. വേണമെങ്കിൽ ആ സമയത്ത് നിനക്കും ഇങ്ങോട്ട് പോരാമല്ലോ.. ”
അമ്മ ഒരു വാക്കേറ്റത്തിന് തയ്യാറായത് പോലെയുള്ള ഭാവം ആയിരുന്നു.” അമ്മേ.. അമ്മയോട് തർക്കിക്കാൻ ഞാൻ ഇല്ല. ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കെ അറിയൂ.എത്രയൊക്കെ പറഞ്ഞാലും ഒരാളും വിശ്വസിക്കില്ല..”
ദേഷ്യത്തിൽ പറഞ്ഞു.” നീ എന്ത് അനുഭവിക്കുന്നു എന്ന്..?”അമ്മയുടെ ചോദ്യം കേട്ടില്ലെന്ന് നടിച്ചു.” ഞാൻ വെയ്ക്കുവാ.. “പറഞ്ഞു കൊണ്ട് കാൾ കട്ട് ആക്കി.
നെടുവീർപ്പിട്ടു കൊണ്ട് ബെഡിലേക്ക് ചാരി ഇരുന്നു.എനിക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടാണ് വീട്ടിൽ ചെല്ലാത്തത് എന്ന് എത്ര നിസാരമായിട്ടാണ് അമ്മ പറഞ്ഞത്..!കണ്ണുകൾ നീറി പുകയാൻ തുടങ്ങി.
കല്യാണം കഴിപ്പിച്ചു വിട്ട ഏതൊരു പെൺകുട്ടിയും വല്ലപ്പോഴുമെങ്കിലും സ്വന്തം വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കും.
കെട്ടിക്കൊണ്ടു വന്ന വീട്ടിൽ സ്വർണ്ണം കൊണ്ട് തുലാഭാരം നടത്തിയാലും,സ്വന്തം വീട്ടിലേക്ക് പോകുന്ന സുഖവും സന്തോഷവും ഒന്നു വേറെ തന്നെയാണ്.
അത് അനുഭവിക്കാൻ കൊതിയില്ലാത്ത ഏത് മക്കളാണ് ഉണ്ടാവുക..! സ്വന്തം അച്ഛനെയും അമ്മയുടെയും വാത്സല്യവും സ്നേഹവും ആവോളം ആസ്വദിക്കാൻ കൊതിക്കാത്ത ഏതെങ്കിലും മക്കൾ ഈ ഭൂമിയിൽ ഉണ്ടാകുമോ..!
പ്രത്യേകിച്ച് വിവാഹിതരായ പെൺകുട്ടികൾ.. വിവാഹം കഴിഞ്ഞ് ഒരു പ്രസവം ഒക്കെ കഴിയുമ്പോൾ പെൺകുട്ടികൾക്ക് സ്വന്തം അമ്മയോട് അടുപ്പം കൂടുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. തന്റെ അനുഭവത്തിൽ എത്തിയപ്പോൾ അത് ശരിയാണെന്ന് ബോധ്യമാകുന്നുണ്ട്.
താൻ ഒരു അമ്മയായപ്പോഴാണ് അമ്മ എന്ന നിലയ്ക്ക് തന്റെ അമ്മയ്ക്ക് എന്തൊക്കെ കിട്ടിയിരുന്നു എന്നൊക്കെ ചിന്തിച്ചു തുടങ്ങിയത്.തന്നെ വളർത്താൻ അമ്മ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് ചിന്തിച്ചതും താനൊരു അമ്മ ആയപ്പോഴാണ്.
തന്റെ മകൾ തന്നോട് കുസൃതി കാണിക്കുമ്പോൾ, അവളെ ശാസിക്കുമ്പോൾ ഒക്കെ അമ്മയെ ഓർക്കാറുണ്ട്. അമ്മയുടെ അടുത്തേക്ക് ഓടിയെത്താൻ ആഗ്രഹിക്കാറുണ്ട്. പക്ഷേ ആഗ്രഹം പോലെ വളരെ എളുപ്പത്തിൽ നടക്കുന്ന ഒന്നല്ലല്ലോ അത്.
തന്റെ വീട്ടിൽ എന്തെങ്കിലും ഒരു പരിപാടി വന്നാൽ, അതിൽ പങ്കെടുക്കണമെന്ന് മനസ്സിൽ അതിയായ ആഗ്രഹമുണ്ടാകും.
വീട്ടിൽ ഒരു പരിപാടിക്ക് പോകാൻ രണ്ടാഴ്ച മുന്നേ തന്നെ ഭർത്താവിന്റെ വീട്ടിൽ അനുവാദം ചോദിക്കേണ്ടി വരും.അന്നത്തെ ദിവസം ഇവിടെ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുമില്ല എങ്കിൽ മാത്രമേ പോകാൻ പറ്റൂ.
വീട്ടിലേക്ക് പോകുന്ന കാര്യമൊക്കെ വലിയൊരു ചടങ്ങാണ്. അതിന് അനുവാദം ചോദിക്കലാണ് ഏറ്റവും വലിയ കടമ്പ.
ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് തന്നെ ആദ്യം അനുവാദം ചോദിക്കേണ്ടത് അമ്മായിയമ്മയോടാണ്.
വീട്ടിലേക്ക് പോകുന്നതാണ് കാര്യം എന്ന് അറിയുമ്പോൾ തന്നെ അത്രയും സമയമില്ലാതിരുന്ന അസുഖങ്ങളൊക്കെ അമ്മയ്ക്ക് പെട്ടെന്ന് തന്നെ ഉണ്ടാകും.
എത്ര പെട്ടെന്നാണ് ഒരു മനുഷ്യനും അസുഖം വരുന്നതും മാറുന്നതും എന്ന് അത്ഭുതത്തോടെ താൻ നോക്കി നിൽക്കാറുണ്ട്.
വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞു കഴിഞ്ഞാൽ അത്രയും സമയം അമ്മയ്ക്ക് ഇല്ലാതിരുന്ന നടുവേദനയും കാലുവേദനയും ഒക്കെ വണ്ടി വിളിച്ച് ഓടി വരും.
“എന്റെ അവസ്ഥ നീ കണ്ടില്ലേ.. നീ കൂടെ പോയാൽ പിന്നെ ഇവിടെ ആരാ ഉള്ളത്..?”ആ ഒരു ചോദ്യത്തിൽ പലപ്പോഴും ആശിച്ചു മോഹിച്ച വീട്ടിലേക്കുള്ള യാത്ര അമ്മ തടസ്സപ്പെടുത്തിയിട്ടുണ്ട്.
ആദ്യമൊക്കെ അമ്മ അത് പറയുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട്. ഇപ്പോൾ അത് ശീലമായി മാറിയതു കൊണ്ട് പ്രത്യേകിച്ച് വലിയ വികാരം ഒന്നുമില്ല.
ഇനി അഥവാ പോകാൻ എങ്ങനെയെങ്കിലും അനുവാദം വാങ്ങിയാൽ തന്നെ യാത്ര പറഞ്ഞിറങ്ങുന്ന നേരം മുഖം ഒരു കയറ്റി പിടിച്ചു നിൽപ്പുണ്ടാകും.
ആദ്യമൊക്കെ അങ്ങനെ മുഖത്തോടെ നിൽക്കുമ്പോൾ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങാൻ തനിക്ക് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.യാത്ര പറയുന്ന സമയത്ത് ആ മുഖത്തേക്ക് നോക്കാറ് പോലുമില്ല.
നാത്തൂൻ ഉള്ളത് മാസത്തിൽ രണ്ട് തവണ എന്ന കണക്കിനൊക്കെ വീട്ടിൽ നിൽക്കാൻ വരാറുണ്ട്.വന്നു കഴിഞ്ഞാൽ മൂന്നും നാലും ദിവസം ചിലപ്പോൾ ഒരാഴ്ചയൊക്കെ നിന്നിട്ടാണ് ആള് മടങ്ങി പോവുക.
അവൾ വരുന്ന സമയത്ത് ഞാൻ എന്റെ വീട്ടിലേക്ക് പോയ്ക്കോട്ടെ എന്ന് ചോദിച്ചാൽ പറയും അവൾക്ക് എന്തെങ്കിലും വച്ച് ഉണ്ടാക്കി കൊടുക്കാൻ ഇവിടെ ആരെങ്കിലും വേണ്ടേ എന്ന്..!
അവൾ വരുന്ന ദിവസങ്ങളിൽ അമ്മയ്ക്ക് പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള അസുഖങ്ങളും താൻ കണ്ടിട്ടില്ല.അവൾക്കു വേണ്ടി എന്തും വച്ചുണ്ടാക്കാൻ അമ്മയ്ക്ക് വല്ലാത്തൊരു ആവേശമാണ്.
മാസത്തിൽ രണ്ടു തവണ വരുന്ന മകൾ യാത്ര പറഞ്ഞു പോകുമ്പോൾ അമ്മ കരയുന്നത് പലപ്പോഴും താൻ കണ്ടിട്ടുണ്ട്.
അപ്പോഴും മൂന്നും നാലും മാസങ്ങളായി വീട്ടിലേക്കു പോകാത്ത മരുമകളെ അവർ ഓർക്കാറില്ല.അതെന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ല.
താനൊരു വീട്ടിലെ മകളാണെന്ന് അവർ ചിന്തിക്കുന്നില്ല.അവരെപ്പോലെ ഒരമ്മ തനിക്കുണ്ടെന്ന് അവർ ഓർക്കാറില്ല.
താൻ വീട്ടിലേക്ക് പോയാൽ അവർ മണിക്കൂർ എണ്ണിയാണ് കാത്തിരിക്കുന്നത്.ഒരു ദിവസം വൈകുന്നേരം പോയി പിറ്റേന്ന് വൈകുന്നേരം തന്നെ മടങ്ങിയെത്തുന്നതാണ് തന്റെ വീട്ടിൽ പോക്ക്.
ആ സമയത്തിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ അമ്മായിയമ്മ മുഖം കറുപ്പിക്കും. പിന്നെ മിനിറ്റ് വച്ചു ഫോൺ വരും.
നീ വരുന്നില്ലേ.. എപ്പോഴാ വരിക…ഇവിടെ എനിക്ക് സുഖമില്ല.അങ്ങനെയങ്ങനെ 100 പരാതികൾ ഉണ്ടാവും.
അഥവാ വീട്ടിൽ പോയി വന്നാലും,അവിടെ നിന്ന് എന്തൊക്കെ കൊണ്ടു വന്നു എന്ന് പറഞ്ഞാലും അമ്മയുടെ മുഖം തെളിയാറില്ല.
പിന്നെ കുറച്ചു ദിവസത്തേക്ക് പലതരത്തിലുള്ള കുറ്റങ്ങൾ ആയിരിക്കും.താൻ തൊടുന്നതും പിടിക്കുന്നതും ഒക്കെ അമ്മയ്ക്ക് കുറ്റങ്ങളായി മാറും.
അമ്മയുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നെങ്കിലും വർഷങ്ങൾ കടന്നു പോയപ്പോൾ അതിനോടൊക്കെ താൻ പൊരുത്തപ്പെട്ടു.
ഇത്രയേറെ കടമ്പകൾ കടന്നു വീട്ടിലെത്തിക്കഴിഞ്ഞാൽ അമ്മയ്ക്ക് പറയാനുള്ളത് ഒരേയൊരു കാര്യം.
“കെട്ടിയോന്റെ വീട്ടിലെ സുഖം പിടിച്ചു പോയപ്പോൾ അവൾക്ക് ഇവിടത്തെ ബുദ്ധിമുട്ടൊന്നും പറ്റില്ല.അതുകൊണ്ടല്ലേ അവൾ വല്ലപ്പോഴും പോലും ഈ വഴിക്ക് വരാത്തത്.
അവൾക്ക് വരാൻ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ.ഭർത്താവ് ഗൾഫിലാണ്. അപ്പോൾ പിന്നെ കൊച്ചിന് അവധിയുള്ള ഒരു ദിവസം നോക്കി രണ്ടു പേർക്കും കൂടി ഇങ്ങോട്ട് വന്നുകൂടെ.. അതു വരില്ല..”
അമ്മയുടെ ആ പരിഭവം കേൾക്കുമ്പോൾ കണ്ണുനീർ ഒഴുകാൻ തുടങ്ങും.അത് അമ്മ കാണാതെ മറച്ചു പിടിക്കാൻ ഒരുപാട് ശ്രമിക്കാറുണ്ട്.
“നിനക്ക് അവിടെ സുഖമല്ലേ മോളെ ” എന്നുള്ള ചോദ്യത്തിന് ഒരു പുഞ്ചിരിയുടെ ആവരണം അണിഞ്ഞു കൊണ്ട് എനിക്ക് സുഖമാണ്..എന്ന് മറുപടി പറയുന്നതാണ് ഏറ്റവും ആസഹനീയമായത്..!
സ്വന്തം വീട്ടിലേക്കുള്ള ഓരോ യാത്രയും ഇങ്ങനെ ഒരുപാട് ഒരുപാട് കടമ്പകൾ താണ്ടി ഉള്ളതാണ് പെൺമക്കൾക്ക്..!
അവൾ സ്വന്തം വീട്ടിലേക്ക് വരാത്തത് ഭർത്താവിന്റെ വീട്ടിലെ സുഖം കൂടിപ്പോയത് കൊണ്ടാവില്ല.പലപ്പോഴും നൂറു നൂറു ചോദ്യങ്ങൾക്ക് മറുപടി പറയാൻ വയ്യാതെ വരുമ്പോഴാണ്.
സ്വന്തം വീട്ടിലേക്ക് പോകാൻ ഭർത്താവിന്റെ വീട്ടിലെ ഓരോരുത്തരുടെയും അനുവാദത്തിന് കാത്തു നിൽക്കുന്ന അവസ്ഥയാണ് പല മരുമക്കൾക്കും..!
നെടുവീർപ്പോടെ അവൾ ഓർക്കുമ്പോഴേക്കും, ചായക്ക് വേണ്ടി അമ്മായി വിളിച്ചു തുടങ്ങിയിരുന്നു…