(രചന: അംബിക ശിവശങ്കരൻ)
ഓർമ വെച്ച നാൾ മുതൽക്കേ എനിക്ക് ശരിയെന്നു തോന്നുന്നതേ ഞാൻ ചെയ്യാറുള്ളൂ…
അതുപോലെ തന്നെ പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയാണെങ്കിലും പറഞ്ഞിരിക്കും. അല്ലെങ്കിൽ അന്ന് രാത്രി ഉറക്കം എന്നെ ഒന്ന് സ്പർശിക്കുക കൂടിയില്ല.
ഈ സ്വഭാവം കൊണ്ട് തന്നെ കുറച്ചു ശത്രുക്കളെയും ഞാൻ സമ്പാദിച്ചിട്ടുണ്ട്. എങ്കിലും എന്റെ ശരികളെ ഞാൻ താഴിട്ട് പൂട്ടിയിട്ടില്ല എന്ന സന്തോഷം എനിക്കെപ്പോഴുമുണ്ട്.
എന്റെ ഈ സ്വഭാവം അറിയാവുന്നത് കൊണ്ടായിരിക്കാം വിവാഹമടുക്കും തോറും പരോക്ഷ രൂപത്തിൽ അമ്മ എനിക്കൊരോ ഉപദേശം തന്നു തുടങ്ങിയത്.
ഉപദേശത്തിന്റെ ഉള്ളടക്കം ഇതായിരുന്നു.. “ഇവിടുത്തെ പോലെയല്ല അവിടെ ചെന്നാൽ അടങ്ങി ഒതുങ്ങി ജീവിക്കണം എന്ന്.
“അമ്മയുടെ സമാധാനത്തിനു വേണ്ടി ഞാൻ അനുസരണ രൂപേണ തലയാട്ടി. എന്റെ കാര്യമോർത്ത് അമ്മ വിഷമിക്കേണ്ടി വരില്ലെന്ന് കവിളിൽ പിടിച്ചു കളി പറഞ്ഞു.
ലവ് മാര്യേജ് ആയതുകൊണ്ട് തന്നെ ശരത്തേട്ടന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഒരു ഏകദേശരൂപം പലപ്പോഴായുള്ള സംസാരത്തിൽ നിന്നും മനസ്സിലായിരുന്നു.
ഒരു വർഷത്തോളം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തതിനാൽ ശരത്തേട്ടന്റെ സ്വഭാവവും പെരുമാറ്റ രീതികളും മാത്രമാണ് ഞാൻ നോക്കിയത്.
ഞാൻ ജീവിക്കേണ്ടത് ഇങ്ങേരുടെ കൂടെ ആണല്ലോ എനിക്കിത് ok ആണ്. മറ്റൊന്നും എന്നെ ബാധിക്കില്ല.
കല്യാണത്തിന് മുന്നേ തന്നെ പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഞങ്ങൾ തുറന്നു സംസാരിച്ചിരുന്നു. പിന്നീട് ഇതിന്റെ പേരിൽ ഒരു വിഷയമോ തർക്കങ്ങളോ ഉണ്ടാകാതിരിക്കാൻ…
” ശരത്തേട്ടാ എനിക്ക് എന്റെതായ ഫ്രീഡം ഉണ്ടായിരിക്കണം കല്യാണം കഴിഞ്ഞെന്ന് കരുതി ഒരിക്കലും നിങ്ങളിലേക്ക് മാത്രം ലൈഫ് ചുരുക്കാൻ ഞാൻ ഒരുക്കമല്ല.
എന്റെ ഫ്രണ്ട്സ് റിലേറ്റീവ്സ് അങ്ങനെ ഓരോരുത്തർക്കും എന്റെ ലൈഫിൽ അവരുടേതായ ഇംപോർട്ടൻസ് ഉണ്ടായിരിക്കും. കല്യാണം കഴിഞ്ഞെന്ന് കരുതി നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിലും ഞാൻ കൈകടത്തില്ല..
പക്ഷേ പരസ്പരം ഒന്നും മറയ്ക്കാനോ വിശ്വാസവഞ്ചന കാണിക്കാനോ പാടില്ലെന്നു മാത്രം” ഇത്രയും ok ആണെങ്കിൽ നിങ്ങളോടൊപ്പം ജീവിക്കാൻ ഞാൻ റെഡിയാണ്.
എന്റെ നിബന്ധനകൾ കേട്ട് ഒന്ന് പുഞ്ചിരിച്ച് കൈ ചേർത്ത് പിടിച് കണ്ണുകളടച്ച് ശരത്തേട്ടൻ ചിരിച്ചു. Ok.. Ok..
കല്യാണം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിനു മുന്നേ തന്നെ വീട്ടുകാരുടെ പഴഞ്ചൻ ചിന്തകളോട് പൊരുത്തപ്പെടാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി.
പഴയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്നവർ.
തലമുറകളായി കിട്ടിയ ഭൂമിയുടെ പേരിൽ കേൾക്കുന്ന പൊങ്ങച്ചം എനിക്ക് പലപ്പോഴും അരോചകമായി തോന്നി.
വിരുന്നിനു പോകാൻ റെഡിയായി ഇറങ്ങുമ്പോൾ ശരത്തേട്ടന്റെ അമ്മയും പെങ്ങളും ആദ്യം എന്റെ നെഞ്ചിലേക്ക് ആണ് നോക്കിയത്.
” ഷാൾ ഇട്ടിട്ട് പോ”ആ പറച്ചിൽ എന്നിൽ വളരെയധികം അനിഷ്ടം ഉണ്ടാക്കി. മാന്യമായ എന്ത് വേഷം ധരിക്കാനും സ്വാതന്ത്ര്യം തന്ന എന്റെ അമ്മയെ ഒരു നിമിഷം സ്മരിച്ചു.
” ഈ ഡ്രസ്സിന് ഷാൾ ഇടില്ലമ്മേ.. “ഉള്ളിലെ അനിഷ്ടം മറച്ചുവെച്ച് വിനയപൂർവ്വം ഞാൻ പറഞ്ഞു.
” കല്യാണം കഴിഞ്ഞ പെൺകുട്ടിയല്ലേ ഷാൾ ഇട്ടിട്ട് പുറത്തുപോ അതാണ് മര്യാദ”അവരുടെ നിർബന്ധത്തിനു മുന്നിൽ എനിക്ക് ഉത്തരമില്ലാത്ത നിമിഷമാണ് ശരത്തേട്ടന്റെ ശബ്ദം ഉയർന്നത്.
” അത് അവളുടെ ഇഷ്ടമല്ലെ അമ്മേ.. അവൾക്ക് ഇഷ്ടമല്ലെങ്കിൽ ഇടണ്ട. എന്തിനാണ് വെറുതെ നിർബന്ധിക്കുന്നത് ”
അതോടെ അമ്മയുടെയും ചേച്ചിയുടെയും വായടഞ്ഞു.പിന്നീടുള്ള ദിവസങ്ങൾ എല്ലാം ഷാൾ ധരിക്കാതെയാണ് ഞാൻ പുറത്തു പോയത്. രണ്ടുദിവസം ശരത്തേട്ടൻ ഇല്ലാത്ത സമയം ഇതേ ആവശ്യം പറഞ്ഞു വന്നെങ്കിലും വീണ്ടും ഞാനത് വിനയപൂർവ്വം നിഷേധിച്ചു.
പിന്നീട് ഇന്നോളം ഇതേപറ്റി എന്നോട് അവർ സംസാരിച്ചിട്ടില്ല. സംസാരിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ടാവാം.
അതുപോലെ മറ്റൊരു കാര്യമായിരുന്നു സിന്ദൂരക്കുറി. കല്യാണം കഴിഞ്ഞ പെൺകുട്ടികൾ ഭർതാവിന്റെ ആയുസ്സിനു വേണ്ടി മരണംവരെ സിന്ദൂരം തൊടണമത്രേ..
അപ്പോൾ ഭാര്യമാർക്ക് ദീർഘായുസ്സ് വേണ്ടെന്നു വെച്ചിട്ടാണാവോ ഭർത്താക്കന്മാർ ഒന്നും ചെയ്യാത്തത്???
” ശരത്തേട്ടാ… സിന്ദൂരം തൊട്ടതു കൊണ്ട് മാത്രം ഒരു ദാമ്പത്യവും മംഗളമായി എന്ന് വരില്ല അതുപോലെ സിന്ദൂരം തൊടാത്ത എത്രയോ ദാമ്പത്യം സുന്ദരമായി മുന്നോട്ടു പോകുന്നു. ഇതൊക്കെ ഓരോ വിശ്വാസങ്ങൾ അല്ലേ…
ഇഷ്ടമുള്ളവർ അത് പിന്തുടർന്നോട്ടെ ഞാൻ നിങ്ങളോട് കാണിക്കുന്ന സ്നേഹം സത്യമാണെന്ന് എനിക്കറിയാം. അതിന് ഒന്നിന്റെയും അടയാളം ആവശ്യമില്ല.” നീരസത്തോടെ ഞാൻ പറഞ്ഞു.
” അതിന് ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ മാളു നീയെന്നും സിന്ദൂരം തൊട്ട് നടക്കണമെന്ന്… പറയുന്നവർ പറഞ്ഞോട്ടെ നിനക്ക് ശരിയായത് നീ ചെയ്തോ ഞാൻ കൂടെയുണ്ട്.. ”
” അപ്പോ എന്റെ സെലക്ഷൻ ഏതായാലും തെറ്റിയില്ല “കളിയായി പറഞ്ഞതാണെങ്കിലും ശരത്തേട്ടനിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നി .
പതിയെ പതിയെ സിന്ദൂര ത്തിന്റെ കാര്യത്തിലും അവർ നിർബന്ധം പിടിക്കൽ നിർത്തി.
ആദ്യമേ ഇഷ്ടമില്ലാത്ത കാര്യങ്ങൾ മറ്റുള്ളവരുടെ താൽപര്യങ്ങൾക്ക് വഴങ്ങി ചെയ്യാൻ തുടങ്ങുമ്പോൾ അവിടെ നമ്മൾ നമ്മളെ തന്നെ കബളിപ്പിക്കുകയല്ലേ.. വിവാഹം എന്നു പറയുന്നത് ഒരു പുതിയ തുടക്കം ആണ്.
എല്ലാ സ്വപ്നങ്ങളും സന്തോഷങ്ങളും ഇഷ്ടങ്ങളും ഉള്ളിലൊതുക്കി മറ്റുള്ളവരുടെ ഇഷ്ടങ്ങൾകൊത്ത് ചലിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് വിവാഹം??
കേൾക്കുമ്പോൾ വളരെ നിസാരമായി തോന്നുന്ന ചെറിയ കാര്യങ്ങൾക്ക് വരെ സ്വന്തം നിലപാടുകൾ പ്രകടമാകാൻ കഴിയില്ലെങ്കിൽ അത് ശരിക്കും ഒരു പരാജയം തന്നെയല്ലേ? എവിടെയായാലും ഞാൻ ഞാനായി ഇരിക്കുക..
അതിന് ഒരു സ്ത്രീയെ അനുവദിക്കുമ്പോൾ ആണ് അവിടെ യഥാർത്ഥത്തിൽ ഒരു പുരുഷനും വിജയിക്കുന്നത്.
ഇത് എന്റെ ജീവിതത്തിലെ ചെറിയൊരു അനുഭവമാണ്. കല്യാണം കഴിഞ്ഞു പോയല്ലോ എന്ന് ഒരിക്കൽ പോലും എനിക്ക് കുറ്റബോധം തോന്നാതിരുന്നതും എന്റെ ശരികൾക്കൊപ്പം നിന്നത് കൊണ്ടാണ്.
ഈ എഴുത്തിനോട് യോജിക്കാത്തവർ ധാരാളം ഉണ്ടെന്ന് അറിയാം. പക്ഷേ വരുംകാലങ്ങളിലെങ്കിലും നമ്മുടെ ചിന്താഗതികൾ മാറട്ടെ…