(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” മോന് സർക്കാർ ജോലി അല്ലെ അപ്പോൾ.. “പെണ്ണുകാണൽ ചടങ്ങിനിടയിൽ ബാലചന്ദ്രന്റെ ചോദ്യം കേട്ട് ബ്രോക്കർ രമേശൻ ഒന്ന് പരുങ്ങി.
” അല്ലല്ലോ .. ഞാൻ ദുബായിൽ ആണ് വർക്ക് ചെയ്യുന്നേ.. എന്തെ.. ”
പയ്യന്റെ മറുപടി കൂടി കേൾക്കെ എല്ലാം അവസാനിച്ചു എന്ന് മനസിലാക്കി അയാൾ.
“അല്ല.. ബാലേട്ടാ പയ്യൻ അവിടെ എഞ്ചിനീയർ ആണ് നല്ല ശമ്പളം നല്ല ചുറ്റുപാടും.. അതാ ഞാൻ..”
രമേശൻ കൂടുതൽ പരുങ്ങുമ്പോൾ പതിയെ എഴുന്നേറ്റു ബാലചന്ദ്രൻ.
” നിങ്ങൾ എന്നോട് ക്ഷമിക്കണം. പയ്യന് സർക്കാർ ജോലി ആകും ന്ന് ആണ് ഞാൻ കരുതിയത്. അങ്ങനുള്ളവരെ മാത്രമേ എന്റെ മോൾക്കായി കൊണ്ട് വരാവൂ ന്ന് ഞാൻ ഈ രമേശനോടും പറഞ്ഞിരുന്നതാണ്. അവൾക്കും സർക്കാർ ജോലിക്കാരെ അല്ലാതെ വേറൊരു ബന്ധത്തിന് താത്പര്യം ഇല്ല. ഇതിപ്പോ ഇയാൾ എന്നോട് ഒന്നും പറഞ്ഞില്ല.. ഈ ബന്ധത്തിന് ഞങ്ങൾക്ക് താത്പര്യം ഇല്ല.. നിങ്ങൾക്ക് വേറെ വിരോധം ഒന്നും തോന്നരുത് ”
ആ വാക്കുകളോടെ പെണ്ണുകാണൽ ചടങ്ങ് അവസാനിച്ചു. ചെക്കൻ കൂട്ടർ കലി തുള്ളി ഇറങ്ങി പോകുന്നത് നിസഹായനായി നോക്കി നിന്നു രമേശൻ.
” എന്റെ ബാലേട്ടാ.. ഇതെന്തോന്ന് വാശി ഇത്. സർക്കാർ ജോലി ഇല്ലേലും ആ ചെക്കൻ നല്ല സെറ്റപ്പ് ആണ്. കെട്ട് കഴിഞ്ഞാൽ മോളെ ദുബൈക്ക് കൊണ്ട് പോകും അവൻ. ഇത്രേമൊക്കെ
പോരായിരുന്നോ.. നല്ലൊരു ബന്ധം ആയോണ്ടാണ് ഞാൻ കൊണ്ട് വന്നേ.. ”
നിരാശ നിറഞ്ഞ അയാളുടെ വാക്കുകൾ കേട്ടിട്ട് ബാലചന്ദ്രന്റെ മുഖത്ത് പുച്ഛമായിരുന്നു.
” എന്തോന്ന് ഗൾഫ്.. ഇതൊക്കെ എത്ര നാൾ ഉണ്ടാകും.. അവളെ നാട്ടിലെ ബന്ധം അറുത്തു മുറിച്ച് ദുബൈക്ക് കൊണ്ട് പോയി കൊച്ചുങ്ങളെയും ഉണ്ടാക്കി കൊടുത്ത് വീട്ടു ജോലിക്കാരിയാക്കി ജീവിതം തള്ളി നീക്കിക്കളയാൻ പറ്റില്ലടോ… സർക്കാർ ജോലിക്കാരൻ ആണേൽ എന്റെ മോള് ഇവിടെ ഈ നാട്ടിൽ തന്നെ കാണും മാത്രമല്ല മരിക്കുന്നത് വരെ അവന് പെൻഷൻ കിട്ടും സുഖമായി ജീവിക്കാം. പിന്നെ നാട്ടിൽ ഒരു വില ഉണ്ടാകും..
ഞാൻ അന്തസായി സെക്രട്ടേറിയേറ്റിൽ ന്ന് വിരമിച്ച് പെൻഷൻ വാങ്ങുന്ന ആളാണ്. അപ്പോ എന്റെ മോളെ കെട്ടുന്നവനും ആ ഒരു അന്തസ്സ് നിർബന്ധമാണ്. ഇനി സർക്കാർ ജോലിക്കാർ അല്ലാത്ത ഒരു ആലോചനയും ഇങ്ങട് കൊണ്ട് വരേണ്ട നീ കേട്ടല്ലോ.. ”
ഒരു താക്കീതോടെയാണ് അയാൾ വീടിനുള്ളിലേക്ക് പോയത്. അതോടെ രമേശനും പിറുപിറുത്തു കൊണ്ട് പുറത്തേക്ക് പോയി.
ഇതിപ്പോ ആദ്യത്തെ ആലോചന അല്ല മുടങ്ങുന്നത്. സെക്രട്ടേറിയേറ്റ് ജീവനക്കാരനായിരുന്ന ബാലചന്ദ്രൻ തന്റെ മകൾ ഉമയെ സർക്കാർ ജീവനക്കാരനെ കൊണ്ട് മാത്രമേ വിവാഹം കഴിപ്പിക്കുള്ളു എന്ന വാശിയിൽ ആണ്.
ഈ കാര്യത്തിൽ അച്ഛനൊപ്പം തന്നെയാണ് ഉമയും. സർക്കാർ ജോലിക്കാരൻ ആണേൽ പിന്നെ തന്റെ ജീവിതം ഭദ്രമാണ് എന്നാണ് അവളുടെ കണക്ക് കൂട്ടൽ.ചില ബന്ധങ്ങൾ ഒക്കെ ഒത്തുവരുമ്പോൾ ജാതകച്ചേർച്ച വില്ലൻ വേഷം അണിയും.
” അപ്പോ അതും മുടങ്ങി അല്ലേ.. ”
അകത്തേക്ക് ചെല്ലുമ്പോൾ ഭാര്യ ശ്രീദേവിയുടെ ചോദ്യത്തിനു ദഹിപ്പിക്കുമാറ് ഒരു നോട്ടം മാത്രമാണ് മറുപടിയായി ബാലചന്ദ്രൻ നൽകിയത്. അതോടെ അവരും ശാന്തയായി.
” അമ്മയ്ക്ക് എന്താ വട്ടുണ്ടോ.. ഈ ഗൾഫുകാരെയൊക്കെ കെട്ടിയാൽ എന്ത് ജീവിതം ആണ്. ഒന്നുകിൽ നാടും വീടും വിട്ട് അവർക്കൊപ്പം പോണം അല്ലേ അവര് ഗൾഫിൽ നമ്മൾ നാട്ടിൽ… ഇതിപ്പോ സർക്കാർ ജോലി ആണേൽ രണ്ടാളും ഒരുമിച്ച് സുഖ ജീവിതം അച്ഛനെയും അമ്മയെയും പോലെ.. ”
ഉമയുടെ മറുപടി കേട്ട് കലി കയറിയെങ്കിലും അത് പ്രകടിപ്പിച്ചില്ല ശ്രീദേവി.
” ഇപ്പോ കിട്ടും.. കാത്തിരുന്നോ.. തന്തയും മോളും.. ”
പിറുപിറുത്തു കൊണ്ടവൾ വീണ്ടും അടുക്കള ജോലികളിൽ മുഴുകി.
ദിവസങ്ങൾ പിന്നെയും നീങ്ങി. ഒടുവിൽ വീണ്ടും രമേശൻ എത്തി.
” ബാലേട്ടാ ഇത്തവണ പയ്യൻ സർക്കാർ ജോലിക്കാരൻ തന്നെയാണ്. വിജിലൻസിലാണ്. നല്ല ശമ്പളം നല്ല ചുറ്റുപാട് നടന്നാൽ മോളുടെ ഭാഗ്യം.. ”
ആ പറഞ്ഞത് കേട്ട് ബാലചന്ദ്രന്റെ മുഖം വിടർന്നു.
” അത് കൊള്ളാം.. ഒടുക്കം നീ പറ്റിയത് തന്നെ കൊണ്ട് വന്നല്ലോ. വിജിലൻസിൽ ഒക്കെ ആകുമ്പോൾ ഒരു ഗമയൊക്കെ ഉണ്ട്. അവരെന്നാ മോളെ കാണാൻ വരുന്നേ.. എന്തേലും പറഞ്ഞോ ”
“നാളെ തന്നെ പറയാം ബാലേട്ടാ ലേറ്റ് ആക്കേണ്ട.. പയ്യൻ ഒരാഴ്ചത്തേക്ക് എന്തോ ലീവിലാണ്… അപ്പോ കാര്യങ്ങൾ വേഗത്തിൽ തീരുമാനം ആക്കാം ”
രമേശന്റെ വാക്കുകൾ ബാലചന്ദ്രനെ കൂടുതൽ ആവേശത്തിലാക്കി. ആ ആവേശം ആയിരം രൂപയായി തന്റെ പോക്കറ്റിലേക്ക് എത്തവേ രമേശനും ഹാപ്പിയായി.
പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. പെണ്ണുകാണൽ ചടങ്ങിനായി ആ വീടൊരുങ്ങി.
” എടീ ചെക്കൻ വിജിലൻസിൽ ആണ് ഇത് നടന്നാൽ ഞാൻ ഒരു കലക്ക് കലക്കും മോളെ.. ”
കൂട്ടുകാർക്കെല്ലാം വിവരം വേഗത്തിൽ കൈമാറി ഉമ.
” ഹോ.. നിന്റെ ഒരു ലക്ക്.. ”
അവർ അസൂയയോടെ പറയുമ്പോൾ അല്പമൊന്ന് അഹങ്കരിച്ചു ഉമ.
പിറ്റേന്ന് രാവിലെ കൃത്യസമയത്ത് തന്നെ ചെക്കൻ പെണ്ണുകാണൽ ചടങ്ങിനെത്തി. ഒറ്റനോട്ടത്തിൽ തന്നെ ബാലചന്ദ്രന് പയ്യനെ ഇഷ്ടമായി.
” വരൂ കയറി ഇരിക്കു.. ”
വളരെ സ്നേഹത്തോടെ തന്നെ അയാൾ അവരെ ആനയിച്ചിരുത്തി.
” ദേ ഇതാണ് പയ്യൻ. പേര് നീരജ്. വിജിലൻസിൽ ജോലി ചെയ്യുന്നു. ഒപ്പമുള്ള ഇവർ കൂട്ടുകാരാണ് ”
രമേശൻ പരിചയപ്പെടുത്തുമ്പോൾ ഒന്ന് പുഞ്ചിരിച്ചു നീരജ്. കാഴ്ചയിൽ അത്ര സുന്ദരൻ അല്ലെങ്കിൽ പോലും അകത്തു നിന്ന് ഒളി കണ്ണിട്ടു നോക്കിയ ഉമയ്ക്കും നീരജിനെ ഇഷ്ടപ്പെട്ടിരുന്നു.
” ഇവനെക്കാൾ എന്ത് സുന്ദരൻ ആയിരുന്നു കഴിഞ്ഞ ആഴ്ച വന്ന പയ്യൻ..”
ശ്രീദേവി പിറുപിറുക്കുമ്പോൾ ഉമയുടെ മുഖം കുറുകി.
” സൗന്ദര്യം ഇച്ചിരി കുറഞ്ഞാൽ എന്താ അമ്മ.. ഇത് വിജിലൻസ് ആണ് വിജിലൻസ്.. അതിന്റെ പവർ ഒന്ന് വേറെ തന്നെയാണ്.. ”
ആ മറുപടി കേട്ടിട്ട് പിന്നെ ഒന്നും മിണ്ടിയില്ല ശ്രീദേവി. ആ സമയം പരമാവധി രണ്ട് കൂട്ടരെയും അന്യോന്യം പുകഴ്ത്താൻ ഉള്ള തിരക്കിൽ ആയിരുന്നു രമേശൻ.
” ഈ ബാലേട്ടന്റെ ഒറ്റ മോളാണ് ഉമ. ഇവിടെ നാട്ടിൽ ബാലചന്ദ്രൻ ന്ന് ഒന്ന് തിരക്കിയാൽ തന്നെ എല്ലാവർക്കും ആളെ മനസിലാകും. സെക്രട്ടേറിയേറ്റിൽ നിന്ന് വിരമിച്ച ആളാ ബാലേട്ടൻ. അത്യാവശ്യം നല്ല ചുറ്റുപാടൊക്കെ ഉണ്ട്. മോളെ സർക്കാർ ജോലിക്കാരന് മാത്രമേ കൊടുക്കു എന്ന വാശിയിൽ ആയിരുന്നു പുള്ളി . ഇപ്പോ എന്തായാലും എല്ലാം ഒരുവിധം ഓക്കേ ആയി ”
ആ വിവരണം കേട്ട് ഒന്ന് പുഞ്ചിരിച്ചു. നീരജ്.
“അതെന്താ സർക്കാർ ജോലിയില്ലാത്തവർ മോശക്കാരാണോ ”
ആ ചോദ്യം ബാലചന്ദ്രനിലും പുഞ്ചിരി വിടർത്തി
” അത് മോനെ സർക്കാർ ജോലിക്കാരൻ എന്ന് പറയുമ്പോ തന്നെ ഗമയല്ലേ.. ഒരു അന്തസ് അല്ലേ.. ഈ ഗൾഫുകാർക്ക് അത് കിട്ടോ.. ഇവിടിപ്പോ തന്നെ ഞാനൊന്ന് പുറത്തേക്കിറങ്ങുമ്പോ എല്ലാർക്കും എന്നെ വലിയ ബഹുമാനം ആണ്.. അതൊക്കെ സർക്കാർ ജോലിയിൽ നല്ല പോസ്റ്റിൽ ഇരുന്ന് വിരമിച്ചോണ്ട് ആണ്.. ”
അല്പം അഭിമാനത്തോടെ തന്നെയാണ് ബാലചന്ദ്രൻ അത് പറഞ്ഞത്.
” എനിക്ക് ചുറ്റുപാട് പ്രശ്നം അല്ല. നല്ലൊരു കുട്ടി മതി. അത്യാവശ്യം സൗന്ദര്യവും വിദ്യാഭ്യാസവും ഒക്കെയുള്ള ഒരാൾ. സ്ത്രീധനം പോലും ഞാൻ ആവശ്യപ്പെടില്ല. സ്ത്രീ തന്നെയാണല്ലോ ധനം. പിന്നെ അച്ഛനമ്മമാർ പെൺമക്കൾക്ക് നൽകുന്ന നല്ല വിദ്യാഭ്യാസം അത് തന്നെയാണ് ഏറ്റവും വലിയ ധനം എന്നാണ് ഞാൻ വിശ്വസിക്കുന്നത് ”
നീരജിന്റെ ആ മറുപടിയിൽ ബാലചന്ദ്രൻ ഒന്ന് പരുങ്ങി. അയാൾ മാത്രമല്ല രമേശനും ഉള്ളിൽ കേട്ടു നിന്നിരുന്ന ശ്രീദേവിയും ഉമയും എല്ലാവരും ഒന്ന് പരുങ്ങിയിരുന്നു.
” അത് പിന്നെ.. മോന്റെ കാര്യങ്ങൾ ഒക്കെ നോക്കി നല്ലൊരു കുടുംബിനിയാകാനുള്ള കാര്യപ്രാപ്തിയൊക്ക ഉണ്ട് ഉമ മോൾക്ക്. അങ്ങിനെ തന്നെയാണ് ബാലേട്ടനും ശ്രീദേവേച്ചിയും മോളെ വളർത്തിയിട്ടുള്ളത് ”
രമേശൻ ഇടയ്ക്ക് കയറി വിഷയം ഒന്ന് വ്യതിചലിപ്പിച്ചു.
” ആ.. ആ.. അതെ അതെ.. അതൊക്കെ അവള് ചെയ്തോളും ”
ബാലചന്ദ്രനും ഒന്ന് ഉരുണ്ടു കളിച്ചു..
” എന്നാൽ കുട്ടിയെ വിളിക്കാം ”
രമേശൻ വീണ്ടും അടുത്ത ഘട്ടത്തിലേക്ക് തിരിച്ചു .
അല്പസമയങ്ങൾക്കകം. ഉമ അവർക്ക് മുന്നിലേക്കെത്തി ഒപ്പം ശ്രീദേവിയും. ഒറ്റ നോട്ടത്തിൽ നീരജിനും അവളെ ഇഷ്ടപ്പെട്ടിരുന്നു.
” കൊള്ളാം നല്ല കുട്ടി ”
കൂട്ടുകാർ ചെവിയിൽ അടക്കം പറയവേ ഉമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ.
” മോളെ ദേ ഇതാ ചെക്കൻ.. നല്ലോണം നോക്കിക്കോ പിന്നെ നേരെ കണ്ടില്ല എന്ന് പറഞ്ഞേക്കരുത് ”
രമേശന്റെ കമന്റ് എല്ലാവരിലും ചിരി പടർത്തി.
” ഉമ എന്ത് ചെയ്യുന്നു ഇപ്പോൾ ”
നീരജിന്റെ ആ ചോദ്യം കേട്ട് നാണത്തോടെയാണ് ഉമ മറുപടി പറഞ്ഞത്
” ഞാൻ.. ഇപ്പോ ഇങ്ങനെ വീട്ടിൽ നില്കുന്നു ”
” ജോബ് ഒന്നും നോക്കീലേ താൻ.. ഇപ്പോ സാധാരണ പെൺകുട്ടികൾ എല്ലാം വിദ്യാഭ്യാസം കഴിഞ്ഞു സ്വന്തമായി ജോലി നോക്കാറുണ്ടല്ലോ.. താൻ ഏതുവരെ പഠിച്ചു.. ”
ആ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് പരുങ്ങി. അവൾ മാത്രമല്ല ബാലചന്ദ്രനും. ആ പരുങ്ങൽ കണ്ട് നീരജിന്റെ നെറ്റി ചുളിയവേ വീണ്ടും രമേശൻ ഇടയിലേക്ക് കയറി.
” അത് പിന്നെ.. പഠിത്തം ഒക്കെ എന്താ മോനെ.. കാര്യപ്രാപ്തി അല്ലേ വലുത്.. പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട് മോള്.. പിന്നെ വീട്ടിൽ അമ്മയെ സഹായിച്ചു കൂടി… പക്ഷേ അത് കൊണ്ട് ഗുണമുണ്ടായി. നല്ല ഒന്നാംതരം ഒരു കുടുംബിനി ആണ് ഉമ മോള്.. ”
ആ വിവരണം കേട്ട് അതിശയത്തോടെ ബാലചന്ദ്രന്റെ നേരെ നോക്കി നീരജ്.
” പ്ലസ് ടു വോ…. അത്രയേ പോയുള്ളൂ.. ”
അവന്റെ ചോദ്യത്തിന് മുന്നിൽ ബാലചന്ദ്രന് മറുപടി ഇല്ലായിരുന്നു.
” അത്.. പിന്നെ… ഇച്ചിരി ഉഴപ്പായിരുന്നു ഇവള്… എക്സാം എഴുതിയപ്പോ രണ്ട് വിഷയം കിട്ടീല. അതോടെ തത്കാലം നിർത്തി.. അതിനി വേണേലും എഴുതി എടുക്കാലോ..”
ഇത്തവണ നീരജ് ശെരിക്കും അമ്പരന്നു. ഒക്കെയും കേട്ട് വിളറി വെളുത്തു നിന്നു ഉമയും. എന്നാലും… ”
പിന്നെ അധികം ഒന്നും അവൻ സംസാരിച്ചില്ല. വേഗത്തിൽ തന്നെ ആ ചടങ്ങ് കഴിഞ്ഞു.
” മോൻ ഒന്നും പറഞ്ഞില്ല.. ”
പോകാൻ ഇറങ്ങും നേരം ബാലചന്ദ്രന്റെ ചോദ്യം കേട്ട് ഒന്ന് തിരിഞ്ഞു നീരജ്.
” ഞാൻ രമേശേട്ടനെ അറിയിക്കാം..”
അത്രമാത്രം പറഞ്ഞു കൊണ്ട് അവർ പോകുമ്പോൾ എല്ലാവരിലും നിരാശ നിറഞ്ഞു.ഗേറ്റ് വരെ ഒപ്പം പോയ രമേശൻ തിരികെ വന്നതും നിരാശനായി തന്നെയാണ്.
” എന്താടോ.. അവര് എന്തേലും പറഞ്ഞോ.. ”
ആകാംഷയോടെ ബാലചന്ദ്രൻ ചോദിക്കുമ്പോൾ മറുപടി പറയാൻ ഒന്ന് മടിച്ചു രമേശൻ
” അത്. … ബാലേട്ടാ ഇത് നടക്കില്ല.. പയ്യന് പെണ്ണിനെ കാഴ്ചയിൽ ഇഷ്ടമായി പക്ഷെ അവര് പറയുന്നത് അച്ഛൻ ആനപ്പുറത്തു ഇരുന്നതിന്റെ തഴമ്പ് മോൾക്ക് ഉണ്ടാകില്ല എന്നാണ്. ”
ആ പറഞ്ഞതിന്റെ അർത്ഥം ബാലചന്ദ്രൻ വേഗത്തിൽ മനസിലാക്കി.
” നന്നായി.. ഇത് തന്നാ ഞാനും കുറെ നാളായി ഈ വീട്ടിൽ പറയുന്നത്. എന്തോരം നല്ല ആലോചനകൾ ആണ് അച്ഛനും മോളും സർക്കാർ ജോലി ഇല്ല എന്ന് പറഞ്ഞിട്ട് ഒഴിവാക്കി വിട്ടത്.. പ്ലസ് ടു തോറ്റ മകൾക്ക് വേണ്ടിയാണ് കല്യാണം ആലോചിക്കുന്നത് എന്നൊരു ബോധം വേണമായിരുന്നു …. ഇപ്പോ നാണം കെട്ടപ്പോ മനസിലായില്ലേ. ”
കലി തുള്ളി ശ്രീദേവി അകത്തേക്ക് പോകുമ്പോൾ മറുപടിയില്ലാതെ മുഖാമുഖം നോക്കി ബാചന്ദ്രനും ഉമയും
” ചേച്ചി പറഞ്ഞത് സത്യമാണ് ബാലേട്ടാ.. നമ്മൾ അങ്ങട് ഓരോരോ ഡിമാന്റുകൾ വയിക്കുമ്പോൾ നമ്മുടെ പരിമിതികൾ കൂടി ഒന്ന് നോക്കുന്നത് നല്ലതാണ്.”
അത്രയും മാത്രം പറഞ്ഞു രമേശനും തിരികെ നടന്നു. കുറച്ചു മുന്നിലേക്ക് പോയി ഒന്ന് നിന്നു അയാൾ.
” എന്റെ കയ്യിലെ സ്റ്റോക്ക് ഒക്കെ തീർന്നു ഇനി ഏതേലും ആലോചനകൾ വരുവാണേൽ പറയാം ഞാൻ.. ”
അത് കേട്ടിട്ട് മറുപടി ഒന്നും പറഞ്ഞില്ല ബാലചന്ദ്രൻ. ഉമയും നിരാശയോടെ വീടിനുള്ളിലേക്ക് പോയി.
അങ്ങിനെ അന്ന് ആദ്യമായി ബാലചന്ദ്രൻ അത് മനസിലാക്കി. നീരജ് പറഞ്ഞപ്പോലെ
‘ അച്ഛൻ ആനപ്പുറത്ത് ഇരുന്നാൽ ഒരിക്കലും മോൾക്ക് തഴമ്പ് ഉണ്ടാകില്ല.. ‘