ജീവിയ്ക്കാൻ വഴിയില്ലാതെ ഗർഭപാത്രം വിൽക്കുന്നവളൊന്നും മാലതിയെ തോൽപിക്കാൻ ആയിട്ടില്ല ..

(രചന: രജിത ജയൻ)

 

ഈ വീട്ടിൽ എനിക്കൊരു പേരക്കുട്ടി ജനിക്കുമ്പോൾ അതൊരിക്കലും അഷ്ട്ടിക്ക് ഗതിയില്ലാത്ത നിന്റെ വയറ്റിൽ നിന്നാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട് മാളൂ..

കാര്യം നിന്റെ അച്ഛൻ, അതായത് എന്റെ ഏട്ടൻ ജീവിച്ചിരുന്ന സമയത്ത് അല്ലറ ചില്ലറ സഹായങ്ങൾ ഒക്കെ എനിക്കും എന്റെ കുടുംബത്തിനും ചെയ്തിട്ടുണ്ട് എന്നു കരുതി അതിന്റെ പേരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനായ എന്റെ മകനെ കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കണമെന്ന നിന്റെ അമ്മയുടെ ആഗ്രഹം തൽക്കാലം നടത്തി തരാൻ എനിക്ക് പറ്റില്ല.. എനിക്ക് അതിനു താൽപ്പര്യമില്ല എന്റെ മകനും ..

അതുകൊണ്ട് നീ തന്നെ നിന്റെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം ,ആ ആഗ്രഹം അങ്ങ് മനസ്സീന്ന് എടുത്തുകളയാനും പറയണം .. അമ്മ മാത്രമല്ല നീയും ..

ദേഷ്യവും അവജ്ഞയും നിറഞ്ഞ ശബ്ദത്തിൽ തന്നോട് കല്പിച്ചെന്നപോലെ മാലതിയപ്പച്ചി പറയുന്നത് ഇന്നലെ എന്ന പോലെ തന്റെ കാതിനരികിൽ കേട്ടു മാളൂ… അറിയാതെയൊരു പുഞ്ചിരി അവളിൽ മൊട്ടിട്ടു.

അവൾ തന്റെ മുമ്പിൽ നിൽക്കുന്ന മാലതി അപ്പച്ചിയെ ഒന്നു നോക്കി ,പഴയ പോലെ തന്നെ ആ മുഖത്തിപ്പോഴും നിറഞ്ഞു നിൽക്കുന്നത് അഹങ്കാരവും, ധാർഷ്ട്യവും താനെന്ന അഹംഭാവവും തന്നെയാണ്.

അവൾ മാലതി അപ്പച്ചിയ്ക്കരികിൽ നിൽക്കുന്ന വിനോദിനെ ഒന്ന് പാളി നോക്കി ,ആ കണ്ണുകൾ ഒരു തിളക്കത്തോടെ തന്നിൽ തന്നെ ആണെന്നു കണ്ടതും അവൾ വിനോദിൽ നിന്നും നോട്ടം മാറ്റി

ഒരിക്കൽ താനേറെ സ്നേഹിച്ചവനാണ് ,തന്നെയും സ്നേഹിച്ചിരുന്നുവെന്ന് താൻ വിശ്വസിച്ചവനാണ്

അച്ഛന്റെ പ്രിയപ്പെട്ട അനിയത്തിയായിരുന്നു മാലതി അപ്പച്ചി ,തന്നോടും അമ്മയോടും ഉള്ളതിനെക്കാൾ സ്നേഹവും കരുതലും അച്ഛന് അനിയത്തിയോടും മകൻ വിനോദിനോടും ആയിരുന്നു ..

ഭർത്താവ് മരിച്ച് കഷ്ട്ടപാടിലായിരുന്ന അവരെയും മകനെയും സംരക്ഷിച്ചതും വിനോദേട്ടന് പഠിക്കാനാവശ്യമായ കാര്യങ്ങളും ചിലവുമെല്ലാംനടത്തി കൊടുത്തതും അച്ഛൻ തന്നെയായിരുന്നു .

പെട്ടന്നൊരുന്നാൾ ഒരു വാഹനാപകട രൂപത്തിൽ അച്ഛൻ തങ്ങളിൽ നിന്നകന്ന് പോയപ്പോൾ തണലായ് മാലതി അപ്പച്ചിയും വിനോദേട്ടനും ഉണ്ടാവുമെന്ന് കരുതിയ തങ്ങൾക്ക് തെറ്റി ,സർക്കാർ ജോലിക്കാരനായ വിനോദേട്ടന് ഇപ്പോൾതാൻ പോരാത്തവളായ് തീർന്നിരിക്കുന്നു

ഒരു ലാബ് അസിസ്റ്റൻഡായ താൻ സർക്കാർബാങ്ക് ഉദ്യോഗസ്ഥനായ വിനോദേട്ടന് ചേരില്ലാത്രേ…

മാത്രമല്ല അച്ഛന്റെ ചികിൽസക്കായ് കയ്യിലുണ്ടായിരുന്ന പണം മുഴുവൻ ചിലവാക്കിയ അമ്മയ്ക്കും തനിക്കും പിന്നെ ആകെ അവശേഷിച്ചത് ഇത്തിരി സ്ഥലവും ഒരു വീടും മാത്രമായിരുന്നു അതിനാണെങ്കിൽലോണുണ്ട്

അച്ഛൻ അപ്പച്ചിയുടെയും വിനോദേട്ടന്റെയും വീട് പുതുക്കി പണിയാൻ വേണ്ടി എടുത്തതായിരുന്നത് .

അച്ഛന് അപകടം നടന്നതിനുശേഷം തിരിച്ചടവുകൾ മുടങ്ങിയതിനാൽ അതും പലിശയ്ക്ക് മേൽ പലിശ കയറി ബാങ്കുകാർ കൊണ്ടു പോവുന്ന അവസ്ഥ, ചുരുക്കി പറഞ്ഞാൽ കിടപ്പാടം പോലും നഷ്ടപ്പെടുമെന്നൊരവസ്ഥയിൽ നിൽക്കുന്ന തന്നോടാണ് അപ്പച്ചിയുടെ ഈ വർത്തമാനമെല്ലാം ..

കുഞ്ഞുനാളിലേ ഞാൻ വിനുവേട്ടനുള്ളതാണെന്ന് രണ്ടു വീട്ടുക്കാരും പറഞ്ഞുറപ്പിച്ചിരുന്നു ,അതു കൊണ്ടു കൂടിയാണ് അച്ഛൻ എനിയ്ക്കെന്ന് പറഞ്ഞ് ഒന്നും കരുതി വെയ്ക്കാതെ എല്ലാം അപ്പച്ചിയ്ക്കും വിനുവേട്ടനും വേണ്ടി ചിലവഴിച്ചത് .ഇപ്പോൾ പകരം തനിയ്ക്കും തന്റെ അമ്മയ്ക്കും ലഭിച്ചത് പെരുവഴിയും..

അപ്പച്ചിയ്ക്ക് മുമ്പിൽ നിൽക്കുമ്പോൾ ഓർമ്മകൾ മനസ്സിനെ വല്ലാതെ കീറി മുറിക്കാൻ തുടങ്ങിയതും തലയൊന്ന് കുടഞ്ഞു കൊണ്ടവൾ വീണ്ടും അപ്പച്ചിയെ നോക്കി

മാളൂ അന്ന് വിനോദിന്റെ വിവാഹം ഗോപികയുമായ് ഉറപ്പിച്ചപ്പോൾ അമ്മയേയും കൂട്ടി നാടുവിട്ടതാണ് നീ ,പിന്നെ നിന്നെ കാണുന്നത് ഇപ്പോഴാണ് അതും ഈയൊരവസ്ഥയിൽ …

വീർത്തുന്തിയ മാളവികയുടെ വയറിൽ കൈവെച്ച് അപ്പച്ചി പറയുമ്പോൾ വിനോദിന്റെ കണ്ണുകൾ ആർത്തിയോടെ വീണ്ടും വീണ്ടും മാളുവിലും അവളുടെ വയറിലും പതിഞ്ഞു കൊണ്ടിരുന്നു

നിന്നെയും നിന്റെ അമ്മയേയും ഞങ്ങൾ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് ,വീടുവിട്ടിറങ്ങി പോയ നിങ്ങളെ പിന്നെ ഞങ്ങൾ അന്വേഷിച്ചു പോലുമില്ല ,ഞങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ച നിന്റെ അച്ഛനെ പോലും മറന്നു കൊണ്ടായിരുന്നു ഞങ്ങളുടെ പ്രവൃത്തികളെല്ലാം …

എല്ലാ തെറ്റിനും ഈശ്വരൻ ഞങ്ങളെ ശിക്ഷിച്ചത് നമ്മുടെ തറവാടിനൊരു അനന്തരാവകാശിയെ തരാതെ ആയിരുന്നു ..

വിനോദിന്റെ ഭാര്യ ഗോപികയ്ക്ക് ഇട്ടു മൂടാൻ സമ്പത്തും ഇവന്റെ ബാങ്കിൽ തന്നെ ജോലിയുമുണ്ട് ,പക്ഷെ ഒരു കുഞ്ഞിനെ പെറ്റു പോറ്റാനുള്ള കഴിവില്ല, അവളുടെ വയറ്റിലൊരു കുഞ്ഞു വളരില്ല പോലും ..

അപ്പച്ചി നിർത്താൻ ഭാവമില്ലാതെ ഓരോന്നും പറഞ്ഞു കൊണ്ടിരിക്കെ മാളു അടുത്തുള്ള കസേരയിലേക്ക് മെല്ലെ ചാരിയിരുന്ന് നീരുള്ള തന്റെ കാല്പാദങ്ങളെ പൊക്കി മറ്റൊരു കസേരയിലേക്ക് വെച്ചതും വിനോദിന്റെ നോട്ടമവളുടെ ഭംഗിയുള്ള കാലിലേക്ക് ഒരു മാത്ര പാളി ..

ഇത്തിരി നീരുണ്ടെങ്കിലും വെളുത്ത് തുടുത്തിരിക്കുന്ന പാദങ്ങൾ .. അവന്റെ നോട്ടമറിഞ്ഞെന്നവണ്ണം മാളു ആ മുഖത്തേക്കൊന്ന് നോക്കിയതും അവൻ നോട്ടം പിൻവലിച്ചു

മാളൂ.. വിനൂനും ഗോപികയ്ക്കും വേണ്ടി അവരുടെ കുഞ്ഞിനെ പ്രസവിച്ചുകൊടുക്കുന്നത് നീയാണെന്ന് രണ്ടു ദിവസം മുമ്പാണ് ഞങ്ങൾ അറിഞ്ഞത് ,ഗോപികയുടെ കയ്യിലെ ഫോണിൽ നിന്റെ ഫോട്ടോ കണ്ടപ്പോൾ വിനു അവളോട് ചോദിച്ചു അപ്പഴാ അവൾ പറഞ്ഞത് നീയാണ് അവളെ സഹായിക്കുന്നതെന്ന്

ഈ സാറാഗസിയ്ക്ക് വലിയ നൂലാമാലകളാണല്ലോ മാളൂ .. നമ്മുടെ കുഞ്ഞിനെ പ്രസവിച്ചു തരുന്ന സ്ത്രീയെ പറ്റിയുള്ള ഒരു വിവരവും നമ്മുക്ക് നേരിട്ട് ലഭിക്കില്ല, എല്ലാം ആശുപത്രിയും ഡോക്ടറും മുഖാന്തിരം ആണല്ലോ നടക്കുന്നത് ,മാത്രമല്ലഎനിയ്ക്കും ഗോപികയ്ക്കും വേണ്ടിയുള്ള ഇവിടുത്തെ കാര്യങ്ങളെല്ലാം ശരിയാക്കിയത് ഗോപികയുടെ അച്ഛനാണ്, എന്നാലും ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല എന്റെ കുഞ്ഞ് വളരുന്നത് നിന്റെ വയറ്റിലാണെന്ന് …

ആവേശത്തോടെ മാളുവിനെ നോക്കി വിനോദ് പറയവേ മാളു ചുണ്ടിലൊരു ചിരിയോടെ അവനെ കേട്ടുകൊണ്ടിരുന്നു

ഇപ്പോൾ അപ്പച്ചിയ്ക്ക് പ്രശ്നം ഒന്നുമില്ലേ അഷ്ട്ടിക്ക് ഗതിയില്ലാത്ത എന്റെ വയറ്റിൽ അപ്പച്ചിയുടെ പേരക്കുട്ടി ജനിയ്ക്കുന്നതിൽ ..?

പെട്ടന്ന് എടുത്തടിച്ചതു പോലെ മാളു അവരെ നോക്കി ചോദിച്ചതും അവരുടെ മുഖമാകെ വിളറി

അല്ല അപ്പച്ചി എന്നെ നിങ്ങളുടെ വീട്ടിലെ മരുമകളാക്കാൻ പറ്റില്ല എന്നു പറഞ്ഞതിന് അപ്പച്ചി പറഞ്ഞ കാരണം ഇതായിരുന്നു ,ഏതു രീതിയിലാണെങ്കിലും ഇപ്പോൾ നിങ്ങളുടെ മകന്റെ കുഞ്ഞിനെ ചുമക്കുന്നത് എന്റെ വയറ്റിലാണല്ലോ ..? അതപ്പച്ചിയ്ക്ക് പ്രശ്നമില്ലേ ഇപ്പോൾ ..?

മാളു ഒരു പരിഹാസത്തോടെ വീണ്ടും എടുത്ത് ചോദിച്ചതും അവരുടെ മുഖമിരുണ്ടു, ആ മുഖത്ത് കാഠിന്യം കൂടുന്നതും പുശ്ചം നിറയുന്നതും മാളു നോക്കി നിന്നു

നിന്റെ വയറ്റിലാണ് വളരുന്നതെങ്കിലും അതെന്റെ മകന്റെയും മരുമകളുടെയും കുഞ്ഞാണ് ,നിന്റെ വയറിന്റെ പത്തു മാസത്തെ വാടക പണം നേരത്തെ തന്നെ ഞങ്ങൾ ആശുപത്രിയിൽ നൽകിയതും നീ കൈപറ്റിയതും ആണല്ലോ .. ജീവിയ്ക്കാൻ വഴിയില്ലാതെ ഗർഭപാത്രം വിൽക്കുന്നവളൊന്നും മാലതിയെ തോൽപിക്കാൻ ആയിട്ടില്ല ..

എനിയ്ക്ക് ജീവിക്കാൻ ഗതിയില്ലാതായതും നിങ്ങൾ കാരണം തന്നെയല്ലേ അപ്പച്ചി .. എന്റെ അച്ഛനെ ഊറ്റി പിഴിഞ്ഞെടുത്ത് ഒന്നുമില്ലാത്തവനാക്കി തീർത്തതും ഒടുവിൽ പെരുവഴിയിലേക്ക് ഞങ്ങളെ ഇറക്കിവിട്ടതും നിങ്ങൾ തന്നെയല്ലേ…? എന്നിട്ടൊടുവിൽ അതേ ഞാൻ തന്നെ വേണം നിങ്ങളുടെ പേരക്കുട്ടിയെ പ്രസവിക്കാൻ .. കൊള്ളാലോ കാര്യങ്ങൾ തൽക്കാലം എനിയ്ക്ക് മനസ്സില്ല കുഞ്ഞിനെ പ്രസവിച്ച് നിങ്ങൾക്ക് തരാൻ ..നിങ്ങളെന്തു ചെയ്യും

മാളു അവർക്കെതിരെ ഉറക്കെ ശബ്ദമുയർത്തിയതും വിനോദും അമ്മയുമൊന്ന് പകച്ചു..

ഞങ്ങളുടെ കുഞ്ഞാണെങ്കിൽ അതു ഞങ്ങൾക്കൊപ്പം എന്റെ വീട്ടിൽ വളരുമെടീ..തടയാൻ നീ ആയിട്ടില്ല, നിനക്കറിയില്ല എന്നെ ശരിയ്ക്കും .. വിനോദവളുടെ നേരെ ശബ്ദമുയർത്തിയപ്പോൾ മാളുവിന്റെ മുഖത്തവനു വേണ്ടി വിരിഞ്ഞതൊരു പരിഹാസച്ചിരിയാണ്

നിങ്ങളെ എന്നോളം വേറെ ആർക്കാണ് വിനുവേട്ടാ മനസ്സിലാവുക ,സമ്പത്തു കൂടുതലുള്ള ഒരുത്തിയെ കണ്ടപ്പോൾ സ്നേഹിച്ച പെണ്ണിനെ തള്ളി കളഞ്ഞവനല്ലേ നിങ്ങൾ..

മാളുവിന്റെ വാക്കുകൾക്ക് മുമ്പിൽ വിനോദിന്റെ തല താഴ്ന്നു

ഹാ… മാളവിക താൻ ഇവിടെ നിൽക്കുകയാണോ ..?

പെട്ടന്നാണ് അവിടേക്ക് വിനോദിന്റെ ഭാര്യ ഗോപിക ചോദിച്ചു കൊണ്ട് കടന്നു വന്നത് ..

മാളുവിനരികിലായ് നിൽക്കുന്ന മാലതി അപ്പച്ചിയേയും വിനോദിനെയും കണ്ടഗോപിക ഒന്നു പകച്ചു

ഇതെന്താ നിങ്ങൾ രണ്ടാളും മാളവികയുടെ അടുത്ത് ..?

ഒന്നുമില്ല മോളെ ഞാൻ ഇവളെയൊന്ന് കാണാൻ വേണ്ടി വന്നതാ .. നമ്മുടെ കുഞ്ഞു കിടക്കുന്നതിവളുടെ വയറ്റിലല്ലേ.. മാളുവിന്റെ വീർത്ത വയറിലേക്ക് നോക്കിഅപ്പച്ചി പറഞ്ഞതും ഗോപികയുടെ മുഖം വിളറി

 

അപ്പച്ചി എന്തനാവശ്യമാണീ പറയുന്നത് ,എന്റെ വയറ്റിൽ കിടക്കുന്നത് എന്റെ ഭർത്താവിന്റെ കുഞ്ഞാണ് ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ നിങ്ങളുടെ മരുമകളായ ഈ ഗോപികയെ ചികിൽസിച്ചിരുന്ന ഈ ഹോസ്പിറ്റലിലെ ഡോക്ടർ ഗിരിധർ ആണ് എന്റെ ഭർത്താവ് ,അദ്ദേഹത്തിന്റെ കുഞ്ഞാണിത് ..

 

മാളവിക പറഞ്ഞതും അപ്പച്ചിയുടെയും വിനോദിന്റെയും മുഖം വിളറി

 

അമ്മേ ഡോക്ട്ടർ ഗിരിയുടെ ഭാര്യയാണ് മാളവിക, പ്രണയിച്ചു വിവാഹിതരായവരാണിവർ, മാളവികയും ഇവിടെ തന്നെയാണ് വർക്ക് ചെയ്യുന്നത്

 

മാളവികയാണ് ഞങ്ങളുടെ കുഞ്ഞിനെ പ്രസവിച്ചു തരുന്ന സ്ത്രീയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ,സാറാഗസി യുമായ് ബന്ധപ്പെട്ട ഇവിടുത്തെ കാര്യങ്ങൾ കൈകാര്യം ചെയുന്നത് മാളവികയും ഭർത്താവുമാണ് അതല്ലാതെ നിങ്ങൾ വിജാരിക്കുന്നതു പോലെ ഒന്നുമല്ല കാര്യങ്ങൾ ..

 

സോറി മാളവിക ഇവർ കാര്യമറിയാതെ ..

 

ഗോപിക പറയുമ്പോഴും മാളവികയുടെ കണ്ണുകൾ അപ്പച്ചിയിലായിരുന്നു .. അവൾ മെല്ലെ അവർക്കരികിലേക്ക് നടന്നു

 

അപ്പച്ചി നിങ്ങളുടെ ഏട്ടന്റെ മകളായ എനിക്ക് നിങ്ങളുടെ പേരക്കുട്ടിയെ പ്രസവിക്കാനുള്ള യോഗ്യത ഇല്ല, പകരം നിങ്ങൾ ഇതുവരെ കാണാത്ത ഇരിയൊരിക്കലും നിങ്ങൾ കാണില്ലാത്ത ജാതിയോ, മതമോ വർഗ്ഗമോ വർണ്ണമോ നിങ്ങൾക്കറിയാത്ത ഒരു സ്ത്രീ നിങ്ങളുടെ പിൻഗാമിയെ നിങ്ങൾക്ക് പ്രസവിച്ചു തരും, ഇതിലും വലിയ എന്തു ശിക്ഷയാണ് എന്റെ അച് നോട് കാട്ടിയ നെറിക്കേടിന് നിങ്ങൾക്കും നിങ്ങളുടെ മകനും കിട്ടുക ..

 

പരിഹാസത്തോടെ അവരോട് ചോദിച്ചു കൊണ്ട് മാളവിക അവിടം വിട്ടു നടന്നു നീങ്ങവേ ദൈവം തങ്ങൾക്ക് നൽകിയ തിരിച്ചടിയിൽ പതറിപോയിരുന്നു അപ്പച്ചിയും വിനോദും.. ഇതും ഒരു കാവ്യനീതിയാണ് കാലത്തിന്റെ …..

Leave a Reply

Your email address will not be published. Required fields are marked *