(രചന: J. K)
ഡോക്ടറുടെ അനാസ്ഥ, ഗർഭസ്ഥ ശിശു മരിച്ചു വാർത്തയിലേക്ക് ഒന്നുകൂടി നോക്കി നിർമല..
രാവിലെ തൂത്തു വൃത്തിയാക്കുന്നതിനിടയിൽ ഉമ്മറത്ത് കിടന്നിരുന്ന പത്രത്തിന് മേലെ കണ്ട വാർത്ത വെറുതെ ഒന്ന് വായിച്ചത് ആയിരുന്നു നിർമ്മല..
താഴെകൊടുത്തിരിക്കുന്ന ഡോക്ടറെ നല്ല പരിചയം തോന്നി അതുകൊണ്ടാണ് പത്രം ഒന്നുകൂടി എടുത്തു നോക്കിയത്….
അതെ പ്രകാശ് ഹോസ്പിറ്റലിലെ നിയാസ് ഡോക്ടർ ജീവിതത്തിൽ താൻ ദൈവത്തെ പോലെ കരുതുന്ന ആ ഡോക്ടർ അയാളെ ആണ് സംഘംചേർന്ന് എല്ലാവരും കൂടി മർദ്ദിച്ചു എന്ന് പേപ്പറിൽ കണ്ടത് വല്ലാത്ത വിഷമം തോന്നി…..
ആശുപത്രിയിൽ നിന്ന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ എന്താണ് സത്യം എന്ന് പോലും മനസ്സിലാക്കാതെ ഹോസ്പിറ്റൽ അടിച്ചു തകർക്കാൻ ചിലർ…
പിന്നെയും തങ്ങൾക്ക് അത് ആവശ്യമുള്ളതാണ് അല്ലെങ്കിൽ ഒത്തിരി പേരുടെ ജീവൻ രക്ഷിക്കാൻ ഉള്ളതാണ് എന്ന് ഓർക്കുക പോലും ചെയ്യാതെ എത്രയോ വിലവരുന്ന മെഷിനറിസ് ഒക്കെ തല്ലി തകർക്കും…..
വിഡ്ഢികൾ…. “””
നിയാസ് ഡോക്ടർ ശരിക്കും ഒരു ദൈവദൂതൻ ആണ് രോഗികൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അയാൾ അയാളുടെ കയ്യിൽ നിന്ന് ഒരു പാകപ്പിഴ??..
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു നിർമലയ്ക്ക് അവരുടെ മനസ്സ് ആകെ അസ്വസ്ഥമായി…..
മനുഷ്യൻ അല്ലേ ദൈവം അല്ലല്ലോ???
എന്നെല്ലാം ആലോചിക്കുമ്പോഴാണ്, മാധവൻ അങ്ങോട്ടേക്ക് വന്നത്…
നിർമ്മലയുടെ നേരെ മൂത്ത ആങ്ങള, മകനുണ്ടായി അവന് ഏറെ ആകുന്നതിനുമുമ്പ് തനിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു…
ഒരു നെഞ്ചുവേദനയുടെ രൂപത്തിൽ..
തന്റെ ഭർത്താവ് നഷ്ടപ്പെട്ടപ്പോൾ വീടിന് താങ്ങായും തണലായും എല്ലാത്തിനും കൂടെയുണ്ടായിരുന്നു …. അതുകൊണ്ട് തന്നെ ഏറെ ബഹുമാനവും സ്നേഹവുമാണ് മാധവേട്ടനോട് നിർമ്മലക്ക്..
മാധവേട്ടനെ കണ്ടപാടെ നിർമല എണീറ്റ് അയാളെ അകത്തേക്ക് ക്ഷണിച്ചു അയാളുടെ മുഖം കണ്ടപ്പോൾ തന്നെ എന്തോ കാര്യമായ പ്രശ്നമുണ്ട് മനസ്സിലായിരുന്നു….
“”എന്താ ഏട്ടാ “” എന്ന് ചോദിച്ചപ്പോൾ മാധവൻ വിഷമത്തോടെ പറഞ്ഞു, രഞ്ജുനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന്…
കേട്ട വാർത്ത കേട്ട് ഞെട്ടി നോക്കി നിർമല…. എന്തിന് എന്ന് ചോദിച്ചപ്പോൾ,
“””‘പ്രകാശ് ഹോസ്പിറ്റലിലെ ഡോക്ടറെ കയ്യേറ്റം ചെയ്തതിന് “”” എന്ന് പറഞ്ഞു…
അതുകേട്ടു ഒരു തളർച്ചയോടെ അടുത്തുകണ്ട കസേരയിലേക്ക് ഇരുന്നു മാധവേട്ടൻ അടുത്തുവന്ന് ആശ്വസിപ്പിച്ചു…..
ഞാനവനെ ജാമ്യത്തിലിറക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു മാധവേട്ടൻ പോയി…
വലിയൊരു അലറിക്കരച്ചിൽ തന്റെ തൊണ്ട വരെ എത്തി എത്തിനിൽക്കുന്നത് അറിഞ്ഞു നിർമ്മല…. ഓർമ്മകൾ ഒരു പത്തിരുപത് കൊല്ലം മുന്നിലേക്ക് പോയി…
അന്ന് രഞ്ജുവിനെ വിശേഷം ആയിട്ട് ഇരിക്കുകയായിരുന്നു… കൈയ്യിലാണെങ്കിൽ അഞ്ച് പൈസ എടുക്കാനും ഇല്ല… രഞ്ചുവിന്റെ ഗംഗധരേട്ടന് ആക്‌സിഡന്റ് പറ്റി ജോലിക്ക് പോകാനും വയ്യ…
ജോലിക്ക് എന്നല്ല എന്റെ കൂടെ ആശുപത്രിയിലേക്ക് പോലും വരാൻ വയ്യാത്ത അവസ്ഥയായിരുന്നു രണ്ടു കാലിനും ഒടിവുണ്ട്…
തീർത്തും സമാധാനമില്ലാത്ത അവസ്ഥ..
അന്നും മാധവേട്ടൻ ആണ് ഏക സഹായം…
അതുകൊണ്ടുതന്നെ ഗവൺമെന്റ് ആശുപത്രിയിലാണ് കാണിച്ചിരുന്നത്…. പ്രസവ തീയതി അടുക്കുന്നതിനു മുൻപ് ചെറിയ ബ്ലീഡിങ് കണ്ടാണ് ഭയപ്പെട്ട് അങ്ങോട്ട് കൊണ്ടുപോയത്…..
എന്തൊക്കെയോ കോംപ്ലിക്കേഷൻസ് ഉണ്ട് എന്നും ഇവിടെ കൊണ്ട് പറ്റില്ല എന്ന് എത്രയും പെട്ടെന്ന് അടുത്തുള്ള സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു…
രണ്ടു കുടുംബത്തിന്റെ ചുമതലയുള്ള മാധവേട്ടനെ കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലിലെ ചിലവ് കൂട്ടിയാൽ കൂടില്ലായിരുന്നു…
എന്നിട്ടും അദ്ദേഹം അതൊന്നും നോക്കാതെ തനിയെ കൊണ്ട് വേഗം പ്രകാശ് ഹോസ്പിറ്റലിലേക്ക് പോയി…. അവിടെ അന്ന് ഏറെ പേരുകേട്ട ഗൈനോകോളജി ഡോക്ടറായിരുന്നു നിയാസ്….
അദ്ദേഹം വേഗം വന്ന് നോക്കി…എന്റെ അപ്പോഴത്തെ അവസ്ഥ കണ്ടു എത്രയും പെട്ടെന്ന് സിസേറിയൻ വേണം എന്ന് നിർദ്ദേശിച്ചു…. പക്ഷേ അതിനായി ഒരു വലിയ തുക ചെലവാകും എന്ന് മാധവേട്ടന് അറിയാമായിരുന്നു….. അദ്ദേഹം നിസ്സഹായൻ ആയിരുന്നു..
അദ്ദേഹത്തിന്റെ വിഷമം കണ്ട്, ഡോക്ടർ അന്വേഷിച്ചു എന്താണ് പ്രശ്നം എന്ന്..
സിസേറിയന് അടയ്ക്കാനുള്ള പൈസയുടെ കുറവ് ആണ്. എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും അത്രയും തുക അനുവദിക്കുകയായിരുന്നു..
അമ്മയേയും കുഞ്ഞിനേയും ആദ്യം രക്ഷിക്കാൻ നോകാം എന്ന് മാത്രം പറഞ്ഞു… അന്ന് കണ്ടതാണ് അറിഞ്ഞതാണ് ആ മനുഷ്യസ്നേഹിയെ..
അന്ന് ഒരുപക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താനും തന്റെ കുഞ്ഞും ജീവനോടെ ഉണ്ടാവില്ല എന്ന് ഓർത്തു നിർമ്മല…. ആ കുഞ്ഞു തന്നെയാണ് ഇപ്പോൾ അദ്ദേഹത്തെ……..
ഓർത്തപ്പോൾ ആ മനസ്സ് തേങ്ങി… മാധവേട്ടൻ ജാമ്യത്തിൽ എടുത്ത് തന്റെ മകനെ കൊണ്ടുവന്നപ്പോൾ ആദ്യം തന്നെ ചെയ്തത് അവന്റെ കരണം പുകയും വിധത്തിൽ ഒരു അടി കൊടുക്കുകയാണ്…
“”” നീ എന്താണ് ചെയ്തതെന്ന് നിനക്കറിയാമോ??? “” എന്ന് ചോദിച്ചു…
കല്യാണം കഴിഞ്ഞ് ഏറെ നാളായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അവന്റെ കൂട്ടുകാരന്റെ ചേട്ടന് നാളുകൾക്കിപ്പുറം ആ ഭാഗ്യം ഉണ്ടായി…
ഡോക്ടർ എന്തോ മരുന്ന് മാറ്റി കുറിച്ച് നൽകിയതിനുശേഷം ബ്ലീഡിങ് വന്ന് ആ കുഞ്ഞു നഷ്ടപ്പെട്ടു എന്നാണ് അവർ പറഞ്ഞിരുന്നത്…..
അതാണ് എല്ലാവരെയും വികാരാധീനരായി ആക്കിയത്… ഡോക്ടറെ മർദിച്ചത്….
പക്ഷേ സത്യം അധികംവൈകാതെ പുറത്തുവന്നിരുന്നു.. അപ്പോഴേക്കും വെണ്ടയ്ക്ക അക്ഷരത്തിൽ ന്യൂസ് വരാൻ തുടങ്ങിയിരുന്നു ഡോക്ടറുടെ അനാസ്ഥ എന്ന് പറഞ്ഞത് വ്യാജമാണെന്നും രോഗി യുടെ കയ്യിൽ നിന്നും വന്ന പിഴവാണ് എന്നും…
സ്വന്ത വീട്ടിൽ സ്റ്റെപ്പ് കയറുമ്പോൾ വീണിരുന്നു ആ യുവതി… ഒരു കുഞ്ഞിനു ജന്മം നൽകാത്തത് കാരണം ഭർതൃവീട്ടിൽ നിന്ന് ഏറെ പീഡനങ്ങൾ സഹിച്ചു…..
ഇപ്പോഴാണ് ഇത്തിരി സമാധാനം കിട്ടിയത് വീണ്ടും അവരുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് നഷ്ടപ്പെട്ടത് എന്ന് അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് ഭയന്നാണ് ഡോക്ടർടെ തലയിലേക്ക് എല്ലാം ഇട്ടു കൊടുത്തത്…
“”” എടുത്തുചാടി ഇപ്പോ എന്തായി”””
എന്ന് നിർമല മകനോട് ചോദിച്ചപ്പോൾ അവന് ഉത്തരം ഒന്നും പറയാനുണ്ടായിരുന്നില്ല…
പണ്ട് നടന്നതു മുഴുവൻ കണ്ണീരോടെ അവനോട് പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ വലിയ കുറ്റബോധം തോന്നി അമ്മയെയും കൂട്ടി അപ്പോൾ തന്നെ ഡോക്ടറോട് മാപ്പ് പറയാൻ വേണ്ടി ചെന്നു…
അവന്റെ തെറ്റുപറഞ്ഞുള്ള മാപ്പ് പറച്ചിലും കരച്ചിലും എല്ലാം ആ സ്വതസിദ്ധമായ ചിരിയോടെ ഡോക്ടർ നോക്കി ഇരുന്നു….
“” പിന്നെ മെല്ലെ പറഞ്ഞു…
“””അതീ പ്രായത്തിന്റെ അല്ലെടോ സാരമില്ല എന്ന്!!! ആരോഗ്യം ശ്രദ്ധിക്കുക!!എന്നുകൂടി പറഞ്ഞു വിട്ടു അവനെ……
ആതുര സേവകർ ദൈവങ്ങൾ ഒന്നുമല്ല.. ചിലപ്പോൾ അവർക്കും തെറ്റുപറ്റാം.. എന്നുകരുതി മർദ്ദനതിലൂടെയും ആശുപത്രി തകർക്കുന്തിലൂടെയും നാം നിഷേധിക്കുന്നത് ഇനി ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള അവരുടെ അവസരമാണ്….
(From a real incident )