നിന്റെ വീട്ടുകാരെ വെറുപ്പിച്ചു എന്റെ കൂടെ ഇറങ്ങി വരാൻ നിനക്ക് ധൈര്യമില്ല എന്ന് നീ പല തവണ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്.

അവിക

(രചന: Rivin Lal)

 

വി സ്കി യുടെ ഗ്ലാസിൽ രണ്ടാമത്തെ പെഗിൽ ഐസ് ഇടുമ്പോളാണ് ഹോട്ടലിന്റെ വാതിൽ മുട്ടുന്ന ശബ്ദം ധനയ് കേൾക്കുന്നത്.

 

അവൻ ചെന്നു വാതിൽ തുറന്നു. പ്രതീക്ഷിച്ച പോലെ തന്നെ അവികയാണ്. ബ്ലാക്ക് ടോപ്പും നീല ജീൻസുമായിരുന്നു അവളുടെ വേഷം.

 

നീണ്ട തലമുടി രണ്ടു സൈഡിലേക്കും അഴിച്ചിട്ടിരിക്കുന്നു. വലിയ കണ്ണുകൾ വാലിട്ടെഴുതിയിട്ടുണ്ട്.

 

ഒറ്റ നോട്ടത്തിൽ അവനവളെ കുറച്ചു നേരം നോക്കി നിന്നു പോയി. അവൾ കണ്ണുകൾ കൊണ്ട് “എന്താ അന്തം വിട്ടു നിൽക്കുന്നെ” എന്ന ഭാവത്തിൽ നോക്കിയപ്പോൾ അവനവളെ അകത്തേക്ക് ക്ഷണിച്ചു.

 

“അവികയ്ക്ക് ഹോട്ടൽ കണ്ടു പിടിക്കാൻ ബുദ്ധി മുട്ടിയോ..??” ധനയ് ചോദിച്ചു.

 

“ദുബായിൽ ആറ് വർഷമായി ജീവിക്കുന്ന എന്നോടാണോ ധനയ് ഈ ചോദിക്കുന്നെ..?” അവിക ചോദിച്ചു.

 

ആ മറുപടിക്ക് അവനൊന്നു ചിരിക്കുക മാത്രം ചെയ്തു. റൂമിലേക്ക്‌ കയറി അവൾ ബെഡിൽ ഇരുന്നു.

 

“ഇന്ന് ഇങ്ങിനെയൊരു കൂടി കാഴ്ച ധനയ് പ്രതീക്ഷിച്ചിരുന്നോ..??” തോളിലെ ബാഗ് ബെഡിൽ വെച്ച് കൊണ്ടവൾ ചോദിച്ചു.

 

“ഇന്നെന്നല്ല അവിക.. എന്നെങ്കിലുമൊരു ദിവസം നമ്മൾ ഇങ്ങിനെ കാണുമെന്നു എനിക്കുറപ്പുണ്ടായിരുന്നു”. ധനയ് വളരെ ആത്മ വിശ്വാസത്തോടെയാണ് ആ മറുപടി പറഞ്ഞത്.

 

“നീ നന്നായി തടിച്ചുട്ടോ. പണ്ടത്തെ ആ മെലിഞ്ഞ കോലം എല്ലാം മാറി പോയി”. ധനയ് അവളെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.

 

“കാലം മാറുമ്പോൾ ആളുകളും മാറണ്ടേ ധനയ്.?” അവൾ മറുപടി കൊടുത്തു.”ഒരു പെഗ് ഒഴിക്കട്ടെ..??” ധനയ് ചോദിച്ചു.

 

“ഹേയ് വേണ്ടാ ധനയ്. ഞാൻ എന്നോ അതെല്ലാം നിർത്തി. കറക്റ്റായി പറഞ്ഞാൽ മറ്റൊരാളുടെ ഭാര്യ ആയതിനു ശേഷം എന്ന് വേണമെങ്കിൽ പറയാം”

 

ധനയ് അവന്റെ ഗ്ലാസ് കയ്യിലെടുത്തു ഒരു സിപ് കുടിച്ചു അവൻ ജനലിന്റെ അരികിൽ പോയി നിന്നും പുറത്തേക്കു നോക്കി നിന്നു.

 

അവിക ബെഡിൽ നിന്നും എണീറ്റു അവന് അരികിൽ വന്നു നിന്ന് അവളും പുറത്തേക്കു നോക്കി നിന്നു.

 

“കാലം എത്ര പെട്ടെന്നാണ് അല്ലേ അവിക പോയത്.?? നിന്നെ എനിക്ക് നഷ്ടപെട്ടിട്ടു 10 വർഷം കഴിഞ്ഞിരിക്കുന്നു. എന്റെ 26 ആം വയസിൽ നമ്മൾ പിരിഞ്ഞതാണ്.

 

പിന്നെ നീണ്ട പത്തു വർഷം. ജീവിതത്തിൽ പല പെൺകുട്ടികളെയും ഞാൻ പിന്നീട് കണ്ടു മുട്ടി. പക്ഷേ അവർക്കാർക്കും എന്റെ മനസ്സിൽ അവികക്ക് പകരമാവാൻ കഴിഞ്ഞില്ല.

 

അതെന്തു കൊണ്ടാണെന്ന് ഞാൻ പല തവണ ചിന്ദിച്ചിട്ടുണ്ട്. ഇപ്പോളും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് അതെനിക്ക്..!” ധനയ് ആ പെഗ് മുഴുവൻ വലിച്ചു കുടിച്ചു.

 

“ജീവിതം പലപ്പോഴും അങ്ങിനെയാണ് ധനയ്. കയ്യിൽ ഉള്ളപ്പോൾ പലപ്പോഴും നമ്മൾക്ക് ഒന്നിന്റെയും വില മനസിലാവില്ല. എല്ലാം നഷ്ടപെടുമ്പോളെ ആ വില മനസിലാവു.

 

അപ്പോളേക്കും ജീവിതം ഒരുപാട് മുന്നോട്ടു പോയിരിക്കും. പിന്നെ എല്ലാം ഓർമ്മകൾ മാത്രമാണ്. ഇപ്പോൾ ഞാനും ധനയ്ക്ക് ഒരു ഓർമ മാത്രമാണ്. ശരിയല്ലേ ധനയ്..?? അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അങ്ങിനെയല്ല അവിക. എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു അന്ന് നിന്നെ ഒഴിവാക്കാൻ.

 

നിനക്കറിയാലോ ഭയങ്കര ഓർത്തഡോക്സ് ഫാമിലി ആണ് എന്റേത്. ഇപ്പോളും വിശ്വാസങ്ങളിൽ മുറുകെ പിരിച്ചിരിക്കുന്ന ആളുകൾ. നീയും അന്ന് അത് അംഗീകരിച്ചതാണ്.

 

നിന്റെ വീട്ടുകാരെ വെറുപ്പിച്ചു എന്റെ കൂടെ ഇറങ്ങി വരാൻ നിനക്ക് ധൈര്യമില്ല എന്ന് നീ പല തവണ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. അപ്പോൾ രണ്ടാളെയും കുറ്റം പറയാൻ പറ്റില്ല. നമ്മൾ രണ്ടു പേരും അറിഞ്ഞു കൊണ്ട് പിരിഞ്ഞതാണ്.

 

അവളുടെ മറുപടി മൗനമായിരുന്നു. അവൾ വീണ്ടും പുറത്തേക്കു നോക്കി നിന്നു. ദുബായ് മെട്രോ ട്രെയിൻ ചീറി പാഞ്ഞു പോകുന്നത് ആ ജനവാതിലിലൂടെ നോക്കിയാൽ കാണാമായിരുന്നു.

 

അറിയാതെ അവളവന്റെ തോളിലേക്ക് ചാഞ്ഞു. “നമ്മൾ എന്തിനാ ധനയ് ഈ ജന്മത്തിൽ കണ്ടു മുട്ടിയത്..??? എന്നിൽ നിന്നൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്ന് ധനയ്ക്ക് അറിയാവുന്നതല്ലേ. എന്നിട്ടും എന്തെ നമ്മൾ അടുത്തേ.??”

 

അത് കേട്ടപ്പോൾ അവനവളുടെ മുഖത്തേക്ക് ആദ്യമായി കാണുന്ന പോലെ നോക്കി. എന്നിട്ടു അവനവളുടെ ഇടതു തോളിൽ കൈ വെച്ച് അവളെ ചേർത്തു പിടിച്ചു. “എനിക്കറിയില്ല അവിക. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു. അന്നും ഇന്നും എന്നും..!”

 

എന്റെ മരണം വരെ അതുണ്ടാവും. എന്റെ നെഞ്ചോടു നിന്നെ ചേർത്തു നിർത്തിയ ഇത് പോലത്തെ എത്രയോ രാത്രികൾ ഞാൻ പണ്ട് സ്വപ്നം കണ്ടിരിക്കുന്നു. അതു പറഞ്ഞു അവനവളുടെ നെറ്റിയിൽ ചുംബിച്ചു.

 

“വേണ്ടാ.. ധനയ്.. എനിക്ക് പറ്റില്ല..!” ഞാൻ പോകട്ടെ.. ഒന്ന് കാണണം എന്ന് മാത്രമേ വിചാരിച്ചിരുന്നുള്ളു. കണ്ടു.. ഇനി തിരിച്ചു പോകട്ടെ”. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈ പിടിച്ചു.

 

“അവികാ.. കുറച്ചു സമയം കൂടി എന്റെ ചില വഴിക്കൂ.. ഇനി നമ്മൾ ഒരിക്കലും കണ്ടു മുട്ടിയെന്നു വരില്ല”

 

“വേണ്ടാ ധനയ്.. എനിക്ക് പോണം. നമ്മൾ കൂടുതൽ സമയം ചിലവഴിക്കും തോറും ഞാൻ വീണ്ടും പഴയ അവിയായി മാറി പോകും. അത് വേണ്ടാ” അവൾ പറഞ്ഞു.

 

പക്ഷെ ധനയ് അവളെ വിടുന്ന ലക്ഷണം ഇല്ലായിരുന്നു. “ഒരു പതിനഞ്ചു മിനിറ്റ് കൂടി അവീ..!! പിന്നെ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല. അവൻ അവളുടെ കൈ വിട്ടില്ല.

 

അവന്റെ നിർവന്ധത്തിന് നിന്ന് കൊടുത്ത് അവൾ നിസ്സഹായത്തോടെ ചോദിച്ചു “എന്താ ധനയ് ഇങ്ങിനെ…???!”

 

അവളുടെ നിസ്സഹായ മുഖം കണ്ടതോടെ അവനവളുടെ കൈ വിട്ടു കൊണ്ടു പറഞ്ഞു “എന്നാൽ അവി പൊയ്ക്കോളൂ.

 

ഞാൻ നിർബന്ധിക്കുന്നില്ല. അല്ലേലും പണ്ടും എന്റെ കൂടെ ചിലവഴിക്കാൻ നിനക്ക് സമയം കുറവാണല്ലോ, അല്ലേ..?” അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

 

“ശരി.. എന്നാൽ ഒരു പത്തു മിനിറ്റ് കൂടി ചിലവഴിക്കാം. ഇനി ആ പരാതി വേണ്ടാ.” അവൾ പറഞ്ഞു.

 

അവൻ രണ്ടാമത്തെ പെഗ് ഒഴിച്ചു. ഇത്തവണ രണ്ടു പേർക്കും കൂടിയായി രണ്ടു ഗ്ലാസിലായാണ് ഒഴിച്ചത്. സോഡ ഒഴിച്ചു മിക്സ്‌ ആക്കി അവളുടെ കയ്യിൽ കൊടുത്തു. നീ ഇതങ്ങോട്ട് പിടിപ്പിക്കൂ. നിന്റെ എല്ലാ പ്രശ്നവും ശരി ആവും. അവനവളുടെ കയ്യിലേക്ക് ഗ്ലാസ്‌ നിർബന്ധിച്ചു കൊടുത്തു.

 

അവനെ ആദ്യമൊന്നു അവൾ നോക്കി, പിന്നെ ഗ്ലാസ്‌ വാങ്ങി ഒരൊറ്റ വലിക്കു മുഴുവൻ കുടിച്ചു ഗ്ലാസ്‌ ടേബിളിൽ ശക്തിയോടെ വെച്ചു.

 

അവൾ വീണ്ടും ജനവാതിലിനു അടുത്തേക്ക്

നടന്നു. ധനയ് അവളുടെ പിന്നിലൂടെ കൈ ചുറ്റി തോളിൽ താടി വെച്ചു അവൾക്കൊപ്പം പുറത്തേക്കു നോക്കി നിന്നു.

 

സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു. ജോലികൾ കഴിഞ്ഞു എല്ലാവരും വീട്ടിലേക്കു പോകുന്ന റോഡിലെ തിരക്ക് ആ ജന വാതിലിനുള്ളിലൂടെ അവർക്കു കാണാമായിരുന്നു.

 

ധനയ്.. നമ്മൾ എന്നോ പിരിഞ്ഞതാണ്. എങ്കിലും പലപ്പോഴും എനിക്ക് തോന്നാറുണ്ട് യോജിച്ചു പോവാത്ത ഒരു ബന്ധം തുടരുന്നതിനേക്കാൾ നല്ലത് ആരെയും വിവാഹം കഴിക്കാതെ ഒറ്റക്ക് കഴിയുന്നത് തന്നെയാണ്.

 

അത് ധനയിന്റെ കാര്യത്തിലായാലും എന്റെ ഭർത്താവ് അമേയിന്റെ കാര്യത്തിൽ ആയാലും.

വർഷം ഇത്ര ആയിട്ടും പലപ്പോഴും എനിക്ക് തോന്നാറുണ്ട് ആ സ്ഥിരം ക്‌ളീഷേ ഡയലോഗ് ” അമേയിന് എന്നെക്കാൾ വലുത് പണവും മറ്റു സ്ത്രീകളും ആണെന്നുള്ളത്”.

 

മനസ്സ് കൊണ്ട് പങ്കാളിയെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആ ജീവിതം അർത്ഥമില്ലാത്ത ജീവിതമാണ് ധനയ്.

 

പണ്ട് ആരോ പറഞ്ഞ പോലെ 26 ആം വയസിൽ മരിച്ചു ഞാനൊക്കെ, ഇനി 66 ഇൽ കുഴിച്ചിട്ടാൽ മതി. അത് വരെ ആർക്കോ വേണ്ടിയുള്ള ജീവിതമാണിതെല്ലാം.

 

അവനവളുടെ വായ അവന്റെ കൈ കൊണ്ട് പൊത്തി. അവൻ നിന്നെ സ്നേഹിച്ചില്ലേലും ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ അവീ.

അത് എന്നും അങ്ങിനെ തന്നെ ഉണ്ടാകും.

 

അവളവന്റെ ചുമലിലേക്ക് തല ചായ്ച്ചു കൊണ്ട് ചോദിച്ചു. “ധനയ്… നീയെന്താ എന്നെ ഒരിക്കൽ പോലും വെറുക്കാത്തത്..???”

 

അവനവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു “ഞാൻ ഒരുപാട് സ്നേഹിച്ചയാളെ എനിക്കെങ്ങിനെ മറക്കാൻ കഴിയാനാണ് അവീ…??”

 

പലപ്പോഴും എനിക്ക് എന്നെ തന്നെ മനസിലാവുന്നില്ല ധനയ്. ആർക്കോ വേണ്ടിയൊരു ജീവിതം ജീവിച്ചു തീർക്കുന്നു.

 

ഒരു അർത്ഥവുമില്ലാത്ത ജീവിതമായി പോയി എന്നൊക്കെ തോന്നാറുണ്ട്. ഒരു പക്ഷേ ഇനി നമ്മൾ ഇങ്ങിനെ ഒരു കണ്ടു മുട്ടൽ ഉണ്ടാവുമോ എന്നെനിക്കറിയില്ല.

 

എന്നു കരുതി നീയെന്നും എന്റെ മനസ്സിൽ ഉണ്ടാവും ധനയ്. നിന്നെ ഞാൻ സ്നേഹിച്ച പോലെ വേറെ ആരെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്ന സത്യം മാത്രമേ എനിക്കറിയൂ.

 

അവനവളെ ചേർത്തു പിടിച്ചു “എനിക്കറിയാം അവീ… എനിക്കറിയാം.. എല്ലാം എനിക്ക് മനസിലാവും.”

 

അത്‌ പറഞ്ഞു അവനവളുടെ നെറ്റിയിൽ ഒരിക്കൽ കൂടി ചുംബിച്ചു.

 

അവർ എത്ര സമയം അതേ നിൽപ്പ് നിന്നെന്നു അറിയില്ല. കുറേ സമയത്തിന് ശേഷം പോകാൻ നേരം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ. അറിയില്ല ഇപ്പോളും ധനയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *