(രചന: രജിത ജയൻ)
” ആണുങ്ങളായാൽ ചെളി കണ്ട ചവിട്ടും ,വെള്ളം കണ്ടാൽ കഴുകും .. അതൊക്കെ പണ്ടുമുതലേ ഉള്ള നാട്ടുനടപ്പാണ്..
” നീയൊരാള് വിജാരിച്ചാൽ ഇതൊന്നും മാറാൻ പോവുന്നില്ല…”
“അല്ലെങ്കിൽ തന്നെ അവനെ എന്തിനു പറയണം …?
”
നീയൊരുത്തി ഭാര്യയായ് വീട്ടിലുണ്ടായിട്ടും അവൻ വേറെ പെണ്ണിനെ തേടി പോയെങ്കിൽ അതു നിന്റെ കുഴപ്പമാടീ .. അവനു വേണ്ടത് കൊടുക്കാൻ നിനക്ക് കഴിവില്ലാഞ്ഞിട്ടാണ് …
പെറ്റമ്മയുടെ വായിൽ നിന്ന് ഒരു മകളും കേൾക്കാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള തരംതാഴ്ന്ന സംസാരം ഉണ്ടായതും മീനുവിന് ശരീരമാകെ പുളിച്ചു കയറി.. നാണക്കേടിനാൽ അവളുടെ തല താഴ്ന്നു
തന്റെ സങ്കടങ്ങളുമായ് അമ്മയെ കാണാനെത്തിയ സമയത്തെ ശപിച്ചു പോയ് മീനു..
അമ്മയിൽ നിന്നൊരു ആശ്വാസവാക്കു പ്രതീക്ഷിച്ച താനാണ് വിഡ്ഢി..
തന്റെ അമ്മ എന്നും ഇങ്ങനെ തന്നെയായിരുന്നു എന്നത് മറന്നത് തന്റെ തെറ്റ്.
എന്നും എപ്പോഴും തെറ്റുകളെല്ലാം തന്റേതാക്കി മാറ്റാനാണ് അമ്മയ്ക്ക് താൽപ്പര്യം ,ചേട്ടന്റെ തെറ്റുകൾ കൂടി തന്റെ മേൽ വെച്ച്, തന്നെ ശിക്ഷിക്കുന്ന തന്റെ അമ്മയെ താനെന്തേ ഒരു നിമിഷം മറന്നു..
അവൾ കണ്ണുനീരോടെ ഓർത്തുമനസ്സും ശരീരവും ഒരുപാട് നൊന്തപ്പോൾ ഇനിയും സഹിക്കാൻ വയ്യാന്ന് തോന്നിയൊരു നിമിഷത്തിൽ മനസ്സ് ആഗ്രഹിച്ചത് അമ്മയുടെ സാമീപ്യമാണ്, ആ കയ്യിൽ നിന്നുള്ള തലോടലാണ്..
“സാരമില്ല മോളെ നിനക്ക് ഞാനില്ലേ എന്ന വാക്കുകളാണ് .. “പക്ഷെ തനിക്ക് കിട്ടിയതോ ..?ആ ഓർമ്മയിൽ പോലും അവളൊന്നു തേങ്ങി ..
“നീയിവിടെ വരുമെന്നും ഇങ്ങനെ എല്ലാം അവനെ പറ്റി പറയുമെന്നും ഞങ്ങളോടാദ്യം തന്നെ വിനു മോൻ പറഞ്ഞിരുന്നു ..
“നിന്നെ പൊന്നുപോലെ അവൻ നോക്കുന്നതിന് നീയവന് കൊടുക്കുന്ന സമ്മാനം കൊള്ളാം ..
“താലികെട്ടിയവൻ അന്തിക്കൂട്ടിന് വേറെ പെണ്ണുങ്ങളെ തേടി പോവുന്നുവെന്ന് നുണ പറയാൻ നിനക്ക് എങ്ങനെ കഴിഞ്ഞെടി നന്ദി ഇല്ലാത്തവളെ..
“അവനെ പോലൊരുത്തനെ ഭർത്താവായി കിട്ടാൻ നീ തപസ്സിരിക്കണം അറിയ്യോ..?
സംരക്ഷിക്കേണ്ട ഭർത്താവിൽ നിന്ന് ക്രൂരതകൾ ഏറ്റുവാങ്ങി തളർന്നവൾ ആശ്വാസം തേടിയെത്തിയ സ്വന്തം വീട്ടിൽ പോലും അവളെക്കാൾ സ്വാധീനം അവളുടെ ഭർത്താവിന്…
ജന്മം നൽകിയ മകളുടെ വാക്കിനെക്കാളും വില വന്നു കയറിയ മരുമകന് ..
എല്ലാം അവന്റെ കയ്യിലുള്ള പണത്തിന്റെ പവറാണെന്നോർത്തതും മീനുവിന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു തൂവി
കവിളിലൂടെ ഒഴുകിയെത്തിയ കണ്ണുനീർ തുള്ളികൾ താടി തുമ്പിലൂടെ കഴുത്തിലേക്ക് ഒഴുകിയിറങ്ങിയതും അവളൊന്ന് ഏങ്ങി പോയ്
മാറിലങ്ങോളം കഴിഞ്ഞ കുറച്ചു നാളുകളായി അവനേൽപ്പിക്കുന്ന മുറിവുകളാണ് ,സിഗരറ്റിന്റെ പൊള്ളലുകൾക്കൊപ്പം തന്നെ പതിഞ്ഞു കിടക്കുന്നുണ്ട് അവന്റെ പല്ലിന്റെ പാടുകളും ..
മറ്റൊരുത്തിക്കൊപ്പം ശരീരം പങ്കിട്ടു വന്നവനെ തന്റെ ശരീരത്തിൽ തൊടാൻ സമ്മതിക്കില്ല എന്നു പറഞ്ഞതിന്റെ ശിക്ഷ..
കടിച്ചും പൊള്ളിച്ചും ഒരു മനുഷ്യ ജീവനാണെന്ന പരിഗണ പോലും തരാതെ തന്നെ ജീവശവമാക്കിയിടാറുണ്ടവൻ പലപ്പോഴും..
അതും അവന്റെ പരസ്ത്രീ ബന്ധം താൻ അറിഞ്ഞതിന്റെയും ചോദ്യം ചെയ്തതിന്റെയും മാത്രം പേരിൽ
ഒരു നിമിഷം തന്റെ ശരീരത്തിലെ മുറിവുകൾ അമ്മയെ കാണിച്ചാലോയെന്ന് മീനു ചിന്തിച്ച അതേ നിമിഷം തന്നെയാണ് പടികടന്ന് വിനുവിന്റെ കാർ അവിടേക്ക് വന്നത്.
വന്നതു വിനുവാണെന്ന് കണ്ടതും തന്റെ ശരീരത്തിലൂടൊരു മിന്നൽ പാഞ്ഞതറിഞ്ഞു മീനു
ആരിൽ നിന്ന് രക്ഷനേടിയാണോ സ്വന്തം വീട്ടിൽ വന്നത് അവിടെ തഴയപ്പെട്ട് വീണ്ടും അവന്റെ മുന്നിൽ തന്നെ … അവളുടെ കണ്ണുനീർ നിലത്തു വീണു ചിതറി കൊണ്ടിരുന്നു.
വിനുവാണ് വന്നതെന്ന് കണ്ടതും മീനുവിന്റെ അമ്മ പൂമുഖത്തേക്ക് ഓടിയിറങ്ങി വന്നു അവനെ അകത്തേക്ക് ക്ഷണിച്ചിരുത്തി ഒപ്പം തന്നെ വീടിനുള്ളിലേക്ക് നോക്കി മീനുവിന്റെ ചേട്ടനെ വിളിച്ചു
താൻ വന്നിട്ടിത്ര നേരമായിട്ടും ഒന്നു പുറത്തേക്ക് വരുകയോ തന്നോടൊന്നു സംസാരിക്കുകയോ ചെയ്യാത്ത ഏട്ടൻ വിനുവിനെ കണ്ടപ്പോൾ തന്നെ ഇറങ്ങി വന്നവനെ സ്വീകരിച്ചു സംസാരിക്കുന്നത് നെഞ്ചു വിങ്ങുന്ന വേദനയോടെ അവൾ നോക്കി നിന്നു..
“എന്റെ മീനു എന്നോട് വഴക്കുണ്ടാക്കി നീ രാവിലെ ഞാൻ എണീക്കുന്നതിനു മുമ്പ് തന്നെ ഇങ്ങോട്ടു പോരുമെന്ന് എനിക്കറിയായിരുന്നു.
” ഞാനത് ഇങ്ങോട്ടു വിളിച്ചു പറയുകയും ചെയ്തു.
” ഇപ്പോ എങ്ങനെയുണ്ട് അമ്മേ ഞാൻ പറഞ്ഞതുപോലെ തന്നെയായില്ലേ കാര്യങ്ങൾ ..?
മീനുവിനെ സ്നേഹ ഭാവത്തിൽ നോക്കി വിനു അമ്മയോട് ചോദിക്കുന്നതു കേട്ടപ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞത് കഴിഞ്ഞ രാത്രി തന്നെ ക്രൂരമായ് വേദനിപ്പിക്കുന്ന അവന്റെ മുഖമായിരുന്നു.
“ഇന്നെന്താണമ്മേ എനിക്കെതിരെയുള്ള കുറ്റം ..?
ഞാൻ വേറെ സ്ത്രീകളുടെ കൂടെ പോയീന്നാണോ അതോ അവളെ ഉപദ്രവിച്ചൂന്നാണോ..?
മീനുവിന്റെ അമ്മയോട് ചോദിക്കുന്നതിനൊപ്പം തന്നെ അവൻ കാറിനരികിലെത്തി അതിനുള്ളിൽ നിന്ന് കുറെയധികം സാധനങ്ങളും പാക്കറ്റുകളും കയ്യിലെടുത്ത് അമ്മയുടെയും ചേട്ടന്റെയും കയ്യിൽ കൊടുത്തു .
കഴിഞ്ഞ ദിവസം ബിസിനെസ് ആവശ്യത്തിന് ബാംഗ്ലൂർ പോയിരുന്നു ,അവിടെ നിന്ന് നിങ്ങൾക്കായിട്ട് വാങ്ങിയതാ ..
വിനു പറഞ്ഞതും അമ്മയുടെയും ചേട്ടന്റെയും മുഖം സന്തോഷത്താൽ തെളിഞ്ഞപ്പോൾ മീനുവിന്റെ മനസ്സിൽ തെളിഞ്ഞത് മീറ്റിംഗ് എന്ന പേരിൽ ബാംഗ്ലൂരിൽ പോയ് പെണ്ണുങ്ങളുമായ് രമിച്ച് അതിന്റെ വീഡിയോ തന്നെ കാണിച്ചവന്റെ ക്രൂരമുഖംആയിരുന്നു
“ഇതൊന്നും വേണ്ടായിരുന്നു മോനെ എന്നു ഭംഗിവാക്കു പറയുന്നതിനോടൊപ്പം തന്നെ അതെല്ലാം നെഞ്ചോടടുക്കി അമ്മ പിടിക്കുന്നത് കണ്ടപ്പോൾ തന്നെ നോക്കി പരിഹസിച്ചു അമ്മയെ പുച്ഛഭാവത്തിൽ നോക്കുന്ന വിനുവിനെ മീനു മാത്രമേ കണ്ടുള്ളു..
“അപ്പോ ശരിന്നാ… ഇന്നത്തെ പരാതികളും കുറ്റം പറയലുമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഞാനെന്റെ ഭാര്യയെ കൊണ്ടുപോവുകയാണ് ട്ടോ ..
ചിരിച്ചു കൊണ്ടവരോട് പറഞ്ഞു കൊണ്ട് വിനു മീനുവിനെ തന്നോടു ചേർത്ത് പിടിച്ചു കാറിനടുത്തേക്ക് നടന്നു..
എതിർക്കാൻ കഴിയാതെ ഒരു പാവയെ പോലെ അവന്റെ കൈക്കുള്ളിൽ ഞെരിഞ്ഞവളും ..
“വിനോദ് ഒരു നിമിഷം…പെട്ടന്നു പുറക്കിൽ നിന്നൊരു സ്ത്രീ ശബ്ദം ഉയർന്നപ്പോൾ വിനുവിനൊപ്പം തന്നെ മീനുവും തിരിഞ്ഞു നോക്കി
“ഏടത്തിയമ്മ ..മീനുവിന്റെ ചുണ്ടുകൾ പിറുപിറുത്തുപൂമുഖവാതിൽക്കൽ കൈകൾ രണ്ടും മാറിൽ പിണച്ചുകെട്ടി വിനോദിനെ തന്നെ നോക്കി നിന്ന ഗീതയുടെ കണ്ണുകൾ അവനിൽ നിന്നു മാറി മീനുവിൽ പതിഞ്ഞു
കൊല്ലാനാണെന്നറിഞ്ഞു രക്ഷ നേടാൻ പഴുതുകളില്ലാതെ പകച്ചുപോയവളുടെ മുഖം ..
ഗീത മനസ്സിലോർത്തുകുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഏട്ടന്റെ ഭാര്യയായ് ഗീത ഏടത്തിയമ്മ ഈ വീട്ടിൽ എത്തിയതെങ്കിലും മീനുവിന് വലിയ പരിചയം ഉണ്ടായിരുന്നില്ല അവരുമായ് ..
അക്കൗണ്ടിംഗ്ജോലിയായതുകൊണ്ടുതന്നെ ഗീത മിക്കപ്പോഴും ഓഫീസിലും മുറിയിലും തന്നെയാവും മാത്രമല്ല മീനു വീട്ടിലേക്ക് വരാറുമില്ല അധികം
“ഏടത്തി അമ്മ ഉണ്ടായിരുന്നോ ഇവിടെ..? പുറത്തേക്ക് കണ്ടേ ഇല്ലല്ലോ..?
തന്നിൽ തന്നെ പതിഞ്ഞിരിക്കുന്ന അവരുടെ കണ്ണുകളിൽ നിന്ന് രക്ഷനേടാനെന്നവണ്ണം വിനു ഗീതയോട് ചോദിച്ചതിന് ഒരു നോട്ടം മാത്രമായിരുന്നു ഗീതയുടെ മറുപടി
“ഞാൻ അകത്തുണ്ടായിരുന്നു വിനോദ്, ചെറിയൊരു ജോലി ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു ..
അവനോടു പറഞ്ഞു കൊണ്ട് ഗീത മീനുവിനെ കയ്യിൽ പിടിച്ച് തനിക്കരികിലേക്ക് ചേർത്തു നിർത്തിയപ്പോൾ മീനുവിനൊപ്പം തന്നെ മറ്റുള്ളവരും അമ്പരന്നവളെ നോക്കി
“നീയെന്തിനാ ഗീതേ മീനുവിനെ പിടിച്ചു നിർത്തിയേക്കുന്നത് ..?വിനു മോന് ചെന്നിട്ട് തിരക്കുണ്ട് .
അവളെ വിട്ടേക്ക് അവരുപൊയ്ക്കോട്ടെ …
ഗീതയെ നോക്കി അമ്മ പറഞ്ഞതും ഗീത അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ഒരു മാത്ര അവളുടെ നോട്ടത്തിന്റെ തീക്ഷ്ണതയിൽ താൻ ദഹിച്ചു പോവുമെന്ന് തോന്നിയതും അമ്മ അവളിൽ നിന്ന് മുഖംമാറ്റി
“എനിക്ക് നിങ്ങളോടൊന്നും പറയാനില്ല അമ്മേ… നിങ്ങളോടു മാത്രമല്ല നിങ്ങളുടെ മകനായ എന്റെ ഭർത്താവിനോടും ..
“നിങ്ങൾ പ്രസവിച്ചു വളർത്തിയ സ്വന്തം മകളോട് നിങ്ങളൊരിക്കലും നീതികാണിച്ചിട്ടില്ല..
” സഹിക്കാൻ കഴിയാത്ത നൊമ്പരങ്ങളമായ് നിങ്ങളെ തേടി വന്ന മകളുടെ കണ്ണുനീരിനെക്കാൾ നിങ്ങൾക്ക് വലുത് മരുമകൻ തെരുവോരത്തു നിന്നും വാങ്ങി കൊണ്ടുവരുന്ന വില കുറഞ്ഞ സാധനങ്ങൾക്കാണ്..
“നീയിത്ര പറയാൻ മാത്രം ഇവിടെ എന്താ ഉണ്ടായത് ഗീതേ..?മീനു ചെറിയ എന്തോ കാര്യത്തിന് …..
“മതി… നിർത്ത് … ഗീതയെ എതിർത്ത് അമ്മ എന്തോ പറയാൻ തുടങ്ങിയതും മീനുവിന്റെ ശബ്ദം ഉയർന്നു
“എന്താണമ്മേ ചെറിയ കാര്യം ..?”ഞാനൊരാൾ ഭാര്യയായ് ജീവിച്ചിരിക്കേ നാടുനീളെ ഇയാൾ സ്ത്രീകളെ തേടിപ്പോയ് കൂടെ കിടക്കുന്നതോ ..?
“അതോ അതിനെ എതിർത്ത എന്നെ ഒരു ജീവനാണെന്നു പോലും ഓർക്കാതെ നേരം പുലരുവോളം ഉപദ്രവിക്കുന്നതോ ..? ഇതിലേതാ അമ്മയ്ക്ക് ചെറിയ കാര്യം …?
കിതപ്പോടെ ശബ്ദം ഉയർത്തി മീനു ചോദിച്ചതും അവിടെ ഒരു നിശബ്ദത പരന്നു
“നീ വെറുതെ ഇല്ലാത്ത അനാവശ്യങ്ങൾ വിളിച്ചു പറയരുത് മീനു …
ചീറി പറഞ്ഞു കൊണ്ട് വിനോദ് മീനുവിനു നേരെ കൈ ഓങ്ങി വന്നതും അവളെ മറച്ചു കൊണ്ട് ഗീത മുന്നിൽ വന്നതും വിനോദ് പകച്ചു
“എന്താണ് വിനോദ് അനാവശ്യം … ഏ…. ഇതാണോ നീ പറഞ്ഞ അനാവശ്യം…?
അമർത്തിയ ശബ്ദത്തിൽ അവനോടു ചോദിച്ചു കൊണ്ട് ഗീത മീനുവിന്റെ മാറിൽ നിന്ന് സാരി എടുത്തു മാറ്റിയതും ഞെട്ടി പകച്ചു പോയത് അമ്മയും സഹോദരനും കൂടിയായിരുന്നു ..
മീനുവിന്റെ മാറിലും വയറിലുമായ് കിടക്കുന്ന അനേകം മുറിവുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു അവളനുഭവിക്കുന്നത് എന്താണെന്ന് …
“മീനു… മോളെ… വിളിച്ചു കൊണ്ടമ്മ അവൾക്കരികിലേക്ക് വന്നതും ഒരു പോലീസ് ജീപ്പ് അവിടേക്ക് കടന്നു വന്നു
“ആരും അമ്പരക്കണ്ട ,ഞാൻ വിളിച്ചു പറഞ്ഞതാണ്.. എനിക്കു മുമ്പിലൊരു പെൺക്കുട്ടി എരിഞ്ഞു തീരുന്നത് കണ്ടിട്ടും കാണാത്ത പോലെ നടിക്കാൻ ഞാൻ നിങ്ങളല്ലല്ലോ ..?
പരിഭ്രാന്തരായ് നോക്കുന്ന വിനോദിനെയും മറ്റുള്ളവരെയും നോക്കി ഗീത പറഞ്ഞു
“ഇവളുടെ നിസ്സഹായതയിൽ എനിക്കിവളോട് ഇപ്പോൾ ചെയ്യാൻ പറ്റുന്ന സഹായം ഇതാണ്.. കുറച്ചു കാലം താൻ ഒന്നകത്തെല്ലാം കിടന്നു വാ അതിനു വേണ്ടതെല്ലാം ഞങ്ങളും ചെയ്തോളാം ..
വിറങ്ങലിച്ചു നിൽക്കുന്ന വിനോദിനോട് പറഞ്ഞു കൊണ്ട് ഗീത അമ്മയ്ക്ക് നേരെ തിരിഞ്ഞു
“നിങ്ങളോടെനിക്ക് ഒന്നും പറയാനില്ല ,അവൻ ചെയ്ത തെറ്റിനെക്കാൾ ഒരുപടി മുകളിലാണ് നിങ്ങൾ ഇവളോടു ചെയ്ത തെറ്റുകൾ..
“നാളെ അതെല്ലാം വെളിച്ചത്തു വരുമ്പോൾ ഒരു നാടു മുഴുവനുണ്ടാവും നിങ്ങളുടെ മുഖത്തു കാർക്കിച്ചു തുപ്പാൻ…
” കെട്ടിച്ചു വിട്ടാൻ ഉത്തരവാദിത്തം തീർന്നെന്ന് കരുതുന്ന നിങ്ങളെ പോലെയുള്ളവരാണ് ഓരോ പെൺകുട്ടിയുടെയും ശാപം …അതുകൊണ്ടുതന്നെ വിനോദിനൊപ്പം തെറ്റുകാരാണ് നിങ്ങളും നിങ്ങളുടെ മകനും ., അതിനുള്ള ശിക്ഷ നിങ്ങളും അനുഭവിക്കണം..
പറഞ്ഞു കൊണ്ട് ഗീത മീനുവിനെ തന്നോടു ചേർത്തു പിടിച്ചു .. നിനക്കെന്നും ഞാനുണ്ടെന്ന് പറയും പോലെ ..
ചെയ്ത തെറ്റുകളുടെ ശിക്ഷ ഏറ്റു വാങ്ങുന്നെന്നപ്പോലെ അന്നേരം പോലീസുജീപ്പിന്റെ പുറകിൽ വിനോദിനൊപ്പം മീനുവിന്റെ അമ്മയും സഹോദരനും തലക്കുനിച്ചിരിപ്പുണ്ടായിരുന്നു..