(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“മോൾക്ക് അവസാനം വന്ന ആലോചനയും മുടങ്ങി അല്ലെ മാധവാ.. ഈ കൊച്ചിത് എന്നാ കണ്ടിട്ടാ എല്ലാം മുടക്കുന്നേ ഇവൾക്ക് ഇനി വല്ല പ്രേമവും ഉണ്ടോ.. നീ അതേ പറ്റി ചോദിച്ചോ.. ”
വൈകുന്നേരത്തു കവലയിൽ ഇരിക്കവേ ബാലചന്ദ്രന്റെ ചോദ്യം കേട്ട് മൗനമായി തന്നെ ഇരുന്നു മാധവൻ. അയാളുടെ മൗനം കണ്ടിട്ട് വീണ്ടും തുടർന്നു ബാലചന്ദ്രൻ
” നിനക്ക് ചോദിക്കാൻ വയ്യേൽ ഞാൻ ചോദിക്കാം.. ഇതിപ്പോ പത്തിൽ കൂടുതൽ ആലോചനകൾ ആയല്ലോ ഇങ്ങനെ ഓരോന്ന് പറഞ്ഞു മുടങ്ങി പോകുന്നു ”
അപ്പോഴും മാധവൻ മൗനം തന്നെയായിരുന്നു. അത് കണ്ടിട്ട് ബാലചന്ദ്രന് കലി കയറി.
” എടോ കോപ്പേ .. ഞാൻ തന്നോട് ആണ് ഓരോന്ന് ചോദിക്കുന്നത് . തനിക്ക് തിരിച്ചു ഒന്നും പറയാൻ ഇല്ലേ.”
“എടോ.. എനിക്കൊരു കല്യാണം കഴിക്കണം.. ”
അല്പസമയം കൂടി നീണ്ട മൗനത്തിനു ശേഷം മാധവൻ പറഞ്ഞത് കേട്ട് അതിശയത്തോടെ അയാളെ നോക്കി ബാലചന്ദ്രൻ.
” മാധവാ.. നിനക്ക് എന്താ വട്ടായോ…. ”
വട്ടൊന്നുമല്ലടോ സീരിയസ് ആയി പറയുവാ.. എനിക്കൊരു കല്യാണം കഴിക്കണം…പറ്റിയ ഒരാളെ നീ ഒന്ന് കണ്ടെത്തി താ.. ”
അയാൾ വീണ്ടും ആവർത്തിക്കുമ്പോൾ പതിയെ എഴുന്നേറ്റു അഭിമുഖമായി നിന്നു ബാലചന്ദ്രൻ.
” എടോ.. തനിക്ക് പ്രായം എത്രയായെന്നാ.. കൊച്ചിനെ കെട്ടിക്കാറായി.. എന്നിട്ടിപ്പോ ആണോ ഈ പൂതി വന്നേ.. നിന്റെ ശ്രീദേവി മരിച്ചു ഒരു വർഷം കഴിഞ്ഞപ്പോ മുതല് ഞാൻ ഈ കാര്യം പറഞ്ഞതല്ലേ അന്നൊക്കെ നിനക്ക് മോളല്ലാതേ വേറൊരു ലോകം വേണ്ട എന്ന് പറഞ്ഞു നടന്നു എന്നിട്ടിപ്പോ ആ കൊച്ചിന് വയസ്സ് ഇരുപത്തെട്ടും നിനക്ക് വയസ്സ് അൻപതും ആകാറായപ്പോ ആണോ ഈ ചിന്ത വന്നു തുടങ്ങിയത്.. ”
ആ വാക്കുകൾക്ക് മുന്നിൽ അല്പസമയം മൗനമായി തലകുമ്പിട്ടു മാധവൻ. ശേഷം വീണ്ടും തലയുയർത്തി.
” എടോ.. തനിക്ക് പറ്റുമോ ഇല്ലയോ…. അത് പറയ്.. എന്തായാലും വേഗത്തിൽ വേണം.. മാക്സിമം ഒരു മാസത്തിനുള്ളിൽ തന്നെ .. ”
” ഒ..ഒരു മാസത്തിനുള്ളിലോ… സത്യത്തിൽ തനിക്ക് എന്താടോ പ്രശ്നം ഇനി ഈ വയസാം കാലത്ത് കാമഭ്രാന്ത് മൂത്തതാണോ ”
ആ വാക്കുകൾക്ക് മുന്നിൽ പല്ലിറുമ്മി കൊണ്ട് എണീറ്റു മാധവൻ.
” അതെന്താ ബാലചന്ദ്രാ.. ആളുകളു പെണ്ണ് കെട്ടുന്നത് ആ കാര്യത്തിന് മാത്രം ആണോ.. ”
ആ ചോദ്യം ബാലചന്ദ്രന്റെ ഉത്തരം മുട്ടിച്ചു.
“ഓക്കേ.. ശെരി ശെരി.. പക്ഷെ ഈ കാര്യം താൻ ബാല മോളോട് പറഞ്ഞോ.. അവളുടെ അഭിപ്രായം കൂടി അറിയേണ്ടേ.. ”
” അത് വേണം.. മോളോട് ഇന്ന് ഞാൻ പറയും അവള് ഒരിക്കലും എതിർക്കില്ല അത് എനിക്ക് അറിയാം ഇനി എതിർത്താലും പറഞ്ഞു സമ്മതിപ്പിക്കാൻ എനിക്കറിയാം താൻ പറ്റിയ ആലോചനകൾ. ഏതേലും ഉണ്ടോ ന്ന് ഒന്ന് അന്യോഷിക്ക് ”
അത്രയും പറഞ്ഞു മാധവൻ തിരിഞ്ഞു നടക്കുമ്പോൾ കേട്ടത് വിശ്വസിക്കുവാൻ കഴിയാതെ അയാളെ തന്നെ നോക്കി നിന്നു ബാലചന്ദ്രൻ.
‘ ഇവനിത് എന്തിന്റെ കേടാണ് ഈ വയസാം കാലത്ത്.. ‘
“അല്ല എന്താ ഇപ്പോ ഈ പ്രായത്തിൽ അച്ഛന് പെട്ടെന്ന് ഇങ്ങനെ ഒരു ചിന്ത.. ഞാൻ ഇനി അച്ഛന്റെ കാര്യങ്ങൾ നോക്കുന്നത് ശെരിയാകുന്നില്ലേ.. അങ്ങനുണ്ടേൽ പറയണം കേട്ടോ..”
അത്താഴം കഴിക്കാൻ ഇരിക്കവേ കാര്യം അവതരിപ്പിച്ചപ്പോൾ ബാലയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.
” ഏയ്.. ഇല്ല മോളെ.. എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നേ… അച്ഛനും വയസായി വരുവല്ലേ ഒരു കൂട്ട് വേണം ന്ന് തോന്നി. നിന്റെ അമ്മ പോയിട്ട് ഇപ്പോ ഇരുപത്തഞ്ചു വർഷങ്ങൾ കഴിയുന്നു. ഇത്രയും നാളും അവളുടെ ഓർമകളിൽ തന്നെയാണ് ഞാൻ ജീവിച്ചത്. പക്ഷെ ഇനി അങ്ങോട്ട് അത് പാടാണ് പ്രായമേറി വരുവല്ലേ.. മാത്രല്ല എന്റെ ഈ തീരുമാനം ശ്രീദേവിയെയും സന്തോഷിപ്പിക്കും.. കാരണം മരണക്കിടക്കയിലും ഞാൻ ഒറ്റപ്പെട്ടു പോയല്ലോ എന്നാ വിഷമമായിരുന്നു അവൾക്ക്. ”
പറഞ്ഞു നിർത്തുമ്പോൾ മാധവന്റെ മിഴികൾ നീരണിഞ്ഞു അത് കണ്ടിട്ട് പതിയെ എഴുന്നേറ്റ് അയാൾക്ക് അരികിലേക്ക് ചെന്നു ബാല.
” അച്ഛാ വിഷമിക്കാതെ.. അച്ഛന്റെ ഈ തീരുമാനം നന്നായി എന്നെ ഞാൻ പറയുള്ളു.. ഞാനും ആഗ്രഹിച്ചു അച്ഛന് ഒരു കൂട്ട് വേണം ന്ന്.. ഇപ്പോഴേലും അത് തോന്നിയല്ലോ ഭാഗ്യം…. എന്നിട്ട് ആളെ ആരേലും കണ്ട് വച്ചോ… ”
ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു മാധവൻ..
“ഇല്ല… അതൊക്കെ നിനക്കും ബാലചന്ദ്രനും വിട്ട് തന്നേക്കുവാ.. നിങ്ങൾ ചൂണ്ടി കാണിച്ചു തന്നാൽ മതി.. ”
” ഓക്കേ അച്ഛാ.. സെറ്റ്… എന്റെ അമ്മയെ ഞാൻ തന്നെ സെലക്ട് ചെയ്യാം.. എന്നിട്ട് നിങ്ങടെ കല്യാണം എന്റെ നേതൃത്വത്തിൽ നടത്താം.. അതും ഒരു പുത്തൻ എക്സ്പീരിയൻസ് അല്ലെ… ”
ബാല അത് പറയുമ്പോൾ പൊട്ടിച്ചിരിച്ചു പോയി മാധവൻ. അത് കണ്ട് അവളും ചിരിച്ചു. അങ്ങിനെ പുതിയൊരു അദ്ധ്യായം അവിടെ ആരംഭിച്ചു.
പിറ്റേന്ന് മുതൽ മാധവനു പറ്റിയ ആളെ അന്വേഷിച്ചു ബാലചന്ദ്രനും ബാലയും ഒരുപോലെ ഇറങ്ങി.. അതിനിടയിൽ തന്നെ ഒന്ന് രണ്ട് പെണ്ണുകാണലുകളും നടന്നു. വിവരം നാട്ടിലൊക്കെ അറിഞ്ഞു
” ഈ മാധവേട്ടനു വയസാം കാലത്ത് എന്തിന്റെ കേടാണ്.. മോളുടെ കെട്ടു പ്രായം കഴിഞ്ഞു തുടങ്ങി .. അന്നേരമാ അങ്ങേരു കെട്ടാൻ നടക്കുന്നത് ”
” അങ്ങേർക്ക് വയസായപ്പോ കാമഭ്രാന്ത് കേറി ന്ന് തോന്നുന്നു.. ”
അഭിപ്രായങ്ങൾ പലതുയർന്നു. അങ്ങിനെ ധ്രുതഗതിയിലുള്ള തിരച്ചിലുകൾക്കൊടുവിൽ പറ്റിയ ആളെ ബാല തന്നെ കണ്ടെത്തി.
” അച്ഛാ.. ആളെ കിട്ടി എല്ലാം കൊണ്ടും നമുക്ക് പറ്റിയ ആളാ പേര് ഷൈനി. ആന്റി ആദ്യ വിവാഹം ആണ് കേട്ടോ.. വീട്ടിലെ പ്രാരാബ്ദങ്ങൾ മൂലം നല്ല പ്രായത്തിൽ വിവാഹം നടന്നില്ല.. പിന്നെ വേണ്ട ന്ന് വച്ച് നിന്നതാ. ഇപ്പോ ഞങ്ങൾ അന്വേഷിച്ചു ചെന്ന് ഞാൻ സംസാരിച്ചു നമ്മടെ കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോ ഓക്കേ പറഞ്ഞു ഇനി അച്ഛൻ ഒന്ന് ചെന്ന് കാണണം ഓക്കേ ആയാൽ ഈ മാസം തന്നെ വിവാഹം.. ”
അവൾ പറഞ്ഞത് കേട്ട് ഒന്ന് പുഞ്ചിരിച്ചു മാധവൻ.
” പോയി കാണുവൊന്നും വേണ്ട മോളെ നിങ്ങൾക്ക് ഓക്കേ ആണേൽ എനിക്കും ഓക്കേ.. ”
” ഏയ് അങ്ങിനെ പറ്റില്ല അച്ഛാ കാര്യങ്ങൾ ഒക്കെ മുറയ്ക്ക് തന്നെ നടക്കണം.. നാളെ നമുക്ക് ഒന്ന് പോയി ആളെ കാണണം എന്നിട്ട് തീരുമാനിക്കാം അച്ഛൻ എന്റെ കൂടെ വന്നാൽ മതി ഞാൻ എല്ലാം പ്ലാൻ ചെയ്തിട്ടുണ്ട്. ”
കാര്യങ്ങൾ എല്ലാം ബാല തീരുമാനിച്ചു കഴിഞ്ഞു എന്ന് മനസിലായതോടെ പിന്നെ എതിരൊന്നും പറഞ്ഞില്ല മാധവൻ.
പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. പെണ്ണുകാണാലൊക്കെ കഴിഞ്ഞു ഒടുവിൽ രെജിസ്റ്റർ ഓഫീസിൽ വച്ച് മാധവനും ഷൈനിയും വിവാഹിതരായി. ബാലയും ബാലചന്ദ്രനും കൂടിയാണ് എല്ലാ കാര്യങ്ങൾക്കും മുന്നിട്ട് നിന്നതും.
” അച്ഛൻ ഇപ്പോൾ ഹാപ്പി അല്ലെ.. ”
ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങവേ ബാലയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു മാധവൻ.
” ഹാപ്പി ആണ്.. മോളോ.. ”
” ഞാൻ ഫുൾ ഹാപ്പി.. എനിക്കിപ്പോ ഒരു അമ്മയെ കിട്ടിയല്ലോ.. ”
ഷൈനിയെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണ് ബാല അത് പറഞ്ഞത്.
” ഞാനും ഹാപ്പി എനിക്കൊരു കുടുംബമായി.. തങ്കക്കുടം പോലൊരു മോളുമായി.”
ഷൈനിയും ഏറെ സന്തോഷവതിയായിരുന്നു
” ടാ ബാലചന്ദ്രാ.. നാട്ടുകാരൊക്കെ ഇപ്പോ എന്നെ കളിയാക്കുവായിരിക്കും അല്ലെ.. ”
മാധവന്റെ ചോദ്യം കേട്ട് പതിയെ അരികിലേക്ക് ചെന്നു ബാലചന്ദ്രൻ.
” പോവാൻ പറയടോ.. നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ തീരുമാനിക്കണം നാട്ടുകാര് തെണ്ടികള് എന്ത് പറഞ്ഞാലും കാര്യമാക്കേണ്ടതില്ല.”
അതേ അഭിപ്രായം തന്നെയായിരുന്നു ബാലയ്ക്കും. അതോടെ പതിയെ അരികിലേക്കെത്തി അവളുടെ നെറുകയിൽ ഒന്ന് തലോടി മാധവൻ.
” മോളെ.. ഇപ്പോ ദേ അച്ഛൻ ഒറ്റയ്ക്ക് അല്ല.. അച്ഛന് കൂട്ടിനു ആളുണ്ട്… ഇനിയേലും മോൾക്ക് സ്വന്തം കാര്യത്തെ പറ്റി ഒന്ന് ചിന്തിച്ചൂടെ.. ഇത്രയും നാള് ഞാൻ ഒറ്റയ്ക്ക് ആകും ന്ന് ഓർത്തിട്ട് അല്ലെ നീ വന്ന ആലോചനകൾ എല്ലാം വേണ്ട ന്ന് വച്ചത്.”
ആ വാക്കുകൾ കേട്ട് അതിശയത്തോടെ അയാളെ ഒന്ന് നോക്കി ബാല.
” അച്ഛാ.. അച്ഛൻ എന്താ ഈ പറയുന്നേ.. അച്ഛൻ ഇതെങ്ങിനെ… ”
” അറിഞ്ഞു.. എന്നാകും മോള് ചിന്തിക്കുന്നത് അല്ലെ.. വരുന്ന ഓരോ ആലോചനകളും നീ മുടക്കി വിട്ടതാണെന്ന് ഞാൻ അറിഞ്ഞത് ഈ അടുത്ത സമയത്താണ്. അവസാനം വന്ന ആ പോലീസുകാരൻ ചെക്കൻ ഇല്ലേ അവന് നിന്നെ വല്ലാണ്ട് ഇഷ്ടമായി പോയി. അവനോടും നീ അച്ഛൻ ഒറ്റയ്ക്ക് ആകും അച്ഛനെ വിട്ട് വരാൻ പറ്റില്ല എന്ന് പറഞ്ഞപ്പോ അവൻ എന്നെ കാണാൻ വന്നിരുന്നു. കാര്യങ്ങൾ ഒക്കെ പറഞ്ഞു… ”
മാധവൻ അത് പറയുമ്പോൾ മൗനമായി തലകുമ്പിട്ടു ബാല.. അത് കണ്ട് പതിയെ അവളെ വലിച്ചു തന്നോട് ചേർത്തു അയാൾ.
” മോളെ ഈ കാലത്ത് കെട്ട് കഴിഞ്ഞു പെണ്ണിന്റെ വീട്ടിൽ പോയി നിൽക്കാൻ ഒന്നും ഒരു ചെക്കന്മാരും സമ്മതിക്കില്ലെടോ.. നീ പോയാൽ ഞാൻ ഒറ്റയ്ക്ക് ആകും ന്ന് ഓർത്തു വിഷമിച്ചു അങ്ങിനൊരു ആവശ്യം നീ മുന്നോട്ട് വച്ചത് കൊണ്ടല്ലേ ഈ ആലോചനകൾ എല്ലാം മുടങ്ങിയത്. ഇനീപ്പോ മോൾക്ക് ആ പേടി വേണ്ട അച്ഛന് കൂട്ടായി ദേ ആളുണ്ട്. ഇനി ഞങ്ങടെ ആഗ്രഹം നിന്റെ വിവാഹം ആണ്. മോള് അതിനു സമ്മതിക്കണം. ”
മറുപടി ഒന്നും പറഞ്ഞില്ല ബാല. നിറകണ്ണുകളോടെ അച്ഛന്റെ മാറിൽ മുഖമമർത്തി അവൾ.
” മോളെ.. നീ തങ്കം ആണ്.. നിന്നെ മോളായി കിട്ടിയ ഞാനും ഭാഗ്യവതിയാണ്… മോള് പേടിക്കേണ്ട.. നിന്റെ അച്ഛനെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം ഒരു കുറവും ഇല്ലാതെ.. ”
ഷൈനി അത് പറഞ്ഞു കൊണ്ട് പതിയെ ബാലയുടെ നിറുകയിൽ തലോടി.
ഒക്കെയും കേട്ട് ബാലചന്ദ്രനും നടുക്കത്തിൽ ആയിരുന്നു.
” എന്താടോ ചങ്ങായി.. ഇപ്പോ കാര്യം മനസിലായോ… ഈ വയസാം കാലത്ത് കാമഭ്രാന്ത് മൂത്തിട്ട് ഒന്നുമല്ല ഞാൻ ഒരു കല്യാണം കഴിക്കണമെന്ന് തീരുമാനിച്ചത്. എന്റെ മോൾക്ക് ഒരു ജീവിതം ഉണ്ടാകണേൽ അത് നടന്നെ പറ്റു ന്ന് എനിക്ക് മനസിലായത് കൊണ്ടാണ്. ”
പുഞ്ചിരിയോടെ മാധവൻ അത് പറയുമ്പോൾ സന്തോഷത്തിൽ ബാലചന്ദ്രന്റെയും മിഴികൾ നിറഞ്ഞു.
” നന്നായെടോ.. ഇനീപ്പോ എല്ലാം മംഗളം ആകുമല്ലോ.. ബാല മോളുടെ കല്യാണം നമുക്ക് ഉടനെ നടത്തണം.. നീ പറഞ്ഞ ആ പോലീസുകാരൻ ചെക്കനെ ഉടനെ നമുക്ക് പോയി കാണണം ”
അയാളുടെ ആവേശം കണ്ട് മാധവനും ചിരിച്ചു പോയി.. അപ്പോഴേക്കും ബാലയുടെ മുഖത്തും നാണം തെളിഞ്ഞിരുന്നു.
” എന്താ മോളെ.. നാളെ തന്നെ പോകട്ടെ ഞങ്ങൾ ആ ചെക്കനെ കാണാൻ. നിനക്ക് ഓക്കേ അല്ലെ.. ”
ആ ചോദ്യം കേട്ടവൾ പതിയെ തലയാട്ടി..
” അവള് ഡബിൾ ഓക്കേ ആണെടാ.. അപ്പോ നാളെ തന്നെ പോയേക്കാം ”
ബാലചന്ദ്രൻ അത് പറയുമ്പോൾ എല്ലാവരും ഒരുപോലെ പുഞ്ചിരിച്ചു. അവരുടെ ജീവിതത്തിൽ പുതിയൊരു വസന്തം തെളിഞ്ഞു..