സംസാര ശേഷി ഇല്ല എന്നുള്ള വൈകല്ല്യം കൊണ്ട് തൻ്റെ മോളുടെ വിവാഹം നടക്കാതെ പോകുമോ എന്നുള ആധിയിലായിരൂന്നു അവർ…

(രചന: ശിവപദ്മ)

 

” അച്ഛൻ ഇനി എന്ത് പറഞ്ഞാലും എനിക്ക് ഈ കല്ല്യാണത്തിന് സമ്മതമല്ല… ” ധ്രുവൻ വീണ്ടും അത് തന്നെ പറഞ്ഞു.

 

” നീ എൻ്റെ മകനാണെങ്കിൽ ഞാൻ പറഞ്ഞതേ നീ അനുസരിക്കൂ.” ഗംഗാധരനും വീറോടെ പറഞ്ഞു.

 

” ഞാൻ പൊട്ടിയെ തന്നെ കല്ല്യാണം കഴിച്ച് എൻ്റെ ജീവിതം തുലയ്ക്കണം എന്ന് അച്ഛനെന്താ ഇത്ര നിർബന്ധം… ”

 

” അറിയണോടാ നിനക്ക്.. നീ.. നീ ഒരാള് കാരണമാണ് ആരോഹിമോളുടെ സംസാരശേഷി നഷ്ടമായത്.. അത് മറന്നൊ നീ.. നീ മറക്കും എല്ലാം പക്ഷേ ഞാനൊ നിന്റെ അമ്മയൊ ഒന്നും മറക്കില്ല…” അച്ഛൻ പറഞ്ഞതും ധ്രുവൻ തലകുനിച്ചു നിന്നു.

 

” എന്താടാ ഇപ്പൊ നിനക്ക് മിണ്ടാട്ടമില്ലേ… ഇതുവരെ ഘോരം ഘോരം പ്രസംഗിക്കുന്നുണ്ടായല്ലൊ… നീ കാരണം അവൾക്ക് നഷ്ടമായത് അവളുടെ ശബ്ദം മാത്രമല്ല അവളുടെ അച്ഛനെയും കൂടിയാണ്…

 

ധ്രുവൻ്റെ ഓർമകൾ വളരെ കാലത്തിനു പിന്നിലേക്ക് പോയി.

 

അതൊരു മഴക്കാലമാരുന്നു. തറവാടിൽ നിന്നും അൽപം മാറി ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു… മഴക്കാലമായാൽ നിലയില്ലാ കയം പോലെയാണ് അത്. എത്ര നീന്തൽ അറിയുന്നവർ പോലും തോറ്റു പോകും… അങ്ങനെയാണ് മഹേഷമ്മാവനും…

 

അന്നൊരു തമാശയ്ക്ക് ആരോഹി പുഴയിൽ കാല് വഴുതി വീണു എന്ന് തമാശയ്ക്ക് പറഞ്ഞതായിരുന്നു. ഒരു പന്ത്രണ്ടുകാരൻ്റെ തമാശ… മകളെ പ്രാണനായിരുന്ന അമ്മാവൻ മുന്നും പിന്നും നോക്കാതെ പുഴയിലേക്ക് ചാടി.. ഒരിക്കലും പ്രതീക്ഷിച്ചില്ല അമ്മാവൻ ചാടിക്കളയും എന്ന്, അമ്മാവൻ ചാടിയതിന് പിറകെ ” അച്ഛാ എന്ന് ഉറക്കെ കരഞ്ഞു വന്ന ആരോഹിയെ ഇന്നും ഓർമ്മയുണ്ട്…

 

അതിന് ശേഷം അവൻ സംസാരിച്ചിട്ടില്ല. അഛൻ്റെ മരണം നേരിട്ട് കണ്ടതിന്റെ ഷോക്കാണ് എന്നാ ഡോക്ടർ മാർ പറഞ്ഞത്… ചിലപ്പോൾ തിരിച്ചു വരും വരാതെയിരികാം.. ധ്രുവൻ അച്ഛനെയും അമ്മയെയും നോക്കി.

 

“അച്ഛാ ഞാനറിയാതെ ചെയ്തു പോയൊരു തെറ്റ്.. അതിന് ഞാനെന്റെ ജീവിതം ഇല്ലാതാക്കണമെന്ന് പറയുന്നത് ന്യായമാണൊ… ”

 

” ജീവിതം ഇല്ലാതെ ആക്കുന്നു എന്ന് ആരാ പറഞ്ഞേ. ആരോഹിയ്ക്ക് സംസാരശേഷി ഇല്ലന്നേ ഉള്ളു… സൗന്ദര്യവും വിദ്യാഭ്യാസവും ഉണ്ട്… പിന്നെ എന്താടാ… ദാ നോക്ക് ധ്രുവാ, നീ അവളെ വിവാഹം കഴിച്ചില്ലെങ്കിൽ പിന്നെ ഞങ്ങളും നീയുമായി യാതൊരു ബന്ധവുമില്ല ഉറപ്പിച്ചോ..” അയാൾ അവന് അവസാന താക്കീത് നൽകി അകത്തേക്ക് കയറി പോയ്.

 

” അമ്മാ…” അവൻ അമ്മയെ ദയനീയമായി നോക്കി.

 

” ഈ ഒരു കാര്യത്തിൽ ഞാൻ അച്ഛനൊപ്പമാണ്… നിൻ്റച്ഛൻ അമ്മായിയ്ക്കും ആരോഹി മോൾക്കും വാക്ക് കൊടുത്തു ഇനി അത് നടക്കാതിരുന്നാൽ അറിയാലോ… ” അമ്മയും കൈയൊഴിഞ്ഞു.

 

” ഹലോ മായാ, ഞാൻ എത്രസംസാരിച്ചിട്ടും അച്ഛൻ സമ്മതിക്കുന്നില്ല… ഈ വിവാഹം നടത്തിയേ തീരു എന്നാ ആളുടെ നിലപാട്… ഞാൻ എന്താ ചെയ്യാ..'”

 

“അപ്പോ അവർക്ക് വേണ്ടി എന്നെ ഒഴിവാക്കുവാണൊ ധ്രുവാ… ” ഫോണിലൂടെ അവളുടെ തേങ്ങൽ കേട്ടു.

 

‘” മായ പ്ലീസ്.. ഇങ്ങനെ ഒന്നും പറയാതെ… ഇനി ഒരു വഴിയേ ഉള്ളൂ ഒരാൾ വിചാരിച്ചാൽ ഈ വിവാഹം നടക്കാതെ ഇരിക്കും…”

 

” ആര്”

 

” ആരോഹി… അവൾക്ക് അല്ലാതെ മറ്റാർക്കും ഇപ്പൊ നമ്മളെ സഹായിക്കാൻ കഴിയില്ല. ഞാൻ അവളോട് സംസാരിക്കുന്നുണ്ട്.

 

” മ്… അവള് ഇതിന് സമ്മതിക്കുവോ”

 

” സമ്മതിപ്പിക്കും..”

 

” മ്… എനിക്ക് നീയേ ഉള്ളു ധ്രുവാ…”

 

” എനിക്ക് അറിയാം, ഞാനുണ്ട്.” പിന്നീട് അധികം വൈകാതെ ഫോൺ സംഭാഷണം നിലച്ചു.

 

 

 

ദിവസങ്ങൾ കടന്നുപോയി വിവാഹത്തിന് ഇനി അധികം ദിവസങ്ങൾ ഇല്ല. വൈകുന്ന ഓരോ നിമിഷവും ധ്രുവൻ എന്തെങ്കിലും കാരണം ഉണ്ടാക്കി ഇത് മുടക്കം എന്നറിയുന്നതിനാൽ ഗംഗാധരൻ വളരെ വേഗത്തിൽ തന്നെ കരുക്കൾ നീക്കി. അങ്ങനെ ഒരു ദിവസം ധ്രുവൻ ആരോഹിയെ കാണാൻ എത്തി…

 

അവൾക്ക് ആകെ വല്ലാത്ത ഒരു പരിഭ്രമം തോന്നി. ഓർമവച്ച കാലം മുതൽ മനസിൽ കൊണ്ടു നടക്കുന്നതാണ് ധ്രുവനെ… അവൻ മൂലം അച്ഛനെയും ശബ്ദവും നഷ്ടമായപ്പോഴും മനസിലെ അവൻ്റെ സ്ഥാനം ഒരിക്കലും മാറിയിരുന്നില്ല.

 

വിവാഹക്കാര്യം അമ്മാവൻ അറിയിക്കുമ്പോൾ അവളുടെ മനസിൽ തൻ്റെ പ്രണയം പൂവണിയാൻ പോകുന്നതിനുള്ള സന്തോഷത്തിൽ തൻ്റെ കുറവിനെയോ അവന് ഇഷ്ടത്തെയോ അവൾ ഓർത്തില്ല. മനസിൽ അവൻ മാത്രം ആയിരുന്നു.

 

” വിവാഹവും സ്വപ്നം കണ്ട് ഇരിക്കാണൊ നീ… ” പിന്നിൽ നിന്നും അവൻ്റെ സ്വരം കേട്ടതും അവൾ തിരിഞ്ഞ് നോക്കി. അവൻ്റെ ഭാവം എന്തെന്ന് അവൾക്ക് മനസിലായില്ല.

 

” പറയ് ആരോഹി വിവാഹവും അത് കഴിഞ്ഞുള്ള ജീവിതവും സ്വപ്നം കണ്ടിരിക്കയാണൊ നീ… എങ്കിൽ അതൊന്നും നടക്കാൻ പോകുന്നില്ല അതിനായി നീ ആഗ്രഹിക്കണ്ട… ”

 

ഒരു നിമിഷം അവളുടെ ഹൃദയം നിന്നു പോയ്…

 

” മിഴിച്ച് നോക്കണ്ട നീ… എന്നെ വിവാഹം കഴിച്ച് എൻ്റെ കൂടെ ജീവിക്കാൻ എന്ത് യോഗ്യതയാടി നിനക്കുള്ളത്… ദാ നോക്ക്.. ഞാൻ സ്നേഹിക്കുന്ന ഒരുവളുണ്ട്, അവളെയെ വിവാഹം കഴിക്കൂ എന്ന് ഞാൻ അച്ഛനോട് പറഞ്ഞതാ പക്ഷേ അച്ഛന് കടപ്പാടും കോപ്പും ഒക്കെയാണ് വലുത്…

 

അത് കൊണ്ട് നീയായി തന്നെ ഒഴിവായി ഈ വിവാഹത്തിൽ നിന്ന് പിൻമാറിക്കോ. എനിക്ക് ഒരിക്കലും മായേ മറക്കാനൊ നിന്നെ ആ സ്ഥാനത്ത് കാണാനൊ കഴിയില്ല.. അത് ഓർമയിൽ ഇരിക്കട്ടേ…” തൻ്റെ മുന്നിൽ നിന്നും നടന്നകലുന്നവനെ ഹൃദയവേദനയോടെ അവൾ നോക്കി നിന്നു.

 

അമ്മയോട് എല്ലാം പറയാം… ഇഷ്ടമില്ലാതെ ധ്രുവൻ്റെ ജീവിതത്തിലേക്ക് കടക്കില്ല എന്നവൾ തീരുമാനിച്ചു.

 

വിവാഹത്തിനായി എത്തിയവരോട് സന്തോഷത്തോടെ സംസാരിച്ചു കൊണ്ട് നിൽകയാണ് സാവിത്രി…

 

സംസാര ശേഷി ഇല്ല എന്നുള്ള വൈകല്ല്യം കൊണ്ട് തൻ്റെ മോളുടെ വിവാഹം നടക്കാതെ പോകുമോ എന്നുള ആധിയിലായിരൂന്നു അവർ… എല്ലാവരോടും ഏട്ടൻ്റെയും മകൻ്റെയും ഉയർന്ന മനസിനെ വാനോളം പുകഴ്ത്തി മോളുടെ നല്ല ഭാവിയെ ഓർത്ത് സന്തോഷിക്കുന്ന അമ്മയെ കണ്ടപ്പോൾ അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല… ഉള്ളിലെ സങ്കടങ്ങൾ ആരോടും പറയാനോ ഒന്ന് ഉറക്കെ കരയാനൊ ആവാതെ അവൾ മുറിയിലേക്ക് ഓടി.

 

 

 

ഇന്നാണ് ആരോഹിയുടെയും ധ്രുവൻ്റെയും വിവാഹം. അവന് അവസാന നിമിഷം വരെ വിശ്വാസം ഉണ്ടായിരുന്നു അവൻ വിവാഹത്തിൽ നിന്ന് പിൻമാറും എന്ന്…

 

പക്ഷേ അവൻ്റെ വിശ്വാസത്തെ തകർത്തു കൊണ്ട് സർവ്വാഭരണ വിഭൂഷിതയായി ആരോഹി എത്തി. അവളോട് വല്ലാത്ത ദേഷ്യം തോന്നി അവന്. താലികെട്ടുമ്പോഴും കൈ പിടക്കുമ്പോഴും ഒന്നും അവളുടെ മുഖത്തേക്ക് നോക്കിയില്ലവൻ. അവളും അതേ… അവനെ എങ്ങനെ അഭിമുഖീകരിക്കും എന്നതിൽ ഉപരി അവൻ്റെ വെറുപ്പ് നിറഞ്ഞ മുഖം കാണാൻ അവൾ ആഗ്രഹിച്ചില്ല.

 

” നിന്നോട് ഞാൻ പറഞ്ഞതല്ലേടി എല്ലാം… എന്നിട്ടും നീ… ഹ്… നീ ഇനി കാണാൻ പോകുന്നതേ ഉള്ളു ഈ ധ്രുവൻ ആരാണെന്ന്… ” ആദ്യരാത്രിയിൽ അവൻ്റെ വാക്കുകൾ അവളുടെ നെഞ്ചിലേക്ക് തറഞ്ഞു കയറി… ഇനിയുള്ള തൻ്റെ ജീവിതം എന്താകും എന്നറിയാതെ അവൾ നിശബ്ദമായി തേങ്ങി.

 

അധികം താമസിയാതെ അവർ രണ്ടും കൊച്ചിയിലെ അവൻ്റെ. ഫ്ലാളാറ്റിലേക്ക് മാറി… ഒരേവീട്ടിലെ രണ്ട് മുറികളിലായി അവർ ഇരുവരും കഴിഞ്ഞു… ഒരു വാക്കിലൊ നോക്കിലോ ആരോഹി എന്നൊരാൾ കൂടെ ഉണ്ട് എന്ന് അവൻ ഓർക്കാനെ പോയില്ല.

 

ഓരോ നാൾ കഴിയും തോറും ആരോഹിക്ക് മനസ്സിലായിരുന്നു അവൻ പറഞ്ഞത് പോലെ തന്നെ അവൻ്റെ ജീവിതത്തലൊ മനസിലോ തനിക്ക് ഒരു സ്ഥാനവും ഇല്ലെന്ന്. പലപ്പോഴും തൻ്റെ മുന്നിൽ വച്ച് മായയോടുള്ള പ്രണയ സംഭാഷണങ്ങൾ നടത്താറുണ്ടായിരുന്നു അവൻ.

 

ദിവസങ്ങൾ വിരസതയോടെ കടന്ന് പോകവേ ഒരു നാൾ… ആരോഹിയുടെ ആകെ ഉള്ള ആശ്വാസം അടുത്തുള്ള ക്ഷേത്രത്തിൽ പോവുക എന്നതായിരുന്നു… എന്നെങ്കിലും ധ്രുവൻ്റെ മനസ് മാറണെ എന്ന പ്രാർത്ഥനയാണ് അവൾക്ക്…

 

ക്ഷേത്രത്തിൽ നിന്നും പതിവിലും വൈകിയതിനാൽ അവൾ എത്താനും വൈകിയിരുന്നു.. വാതിൽ ലോക്ക് അല്ലാത്തതിനാൽ അവൾ തുറന്നു അകത്തു കയറി.. ചില ദിവസങ്ങളിൽ അവൻ ഉണ്ടാകാറുള്ളത് കൊണ്ട് അവൾക്ക് സംശയമൊന്നും ആദ്യം തോന്നിയില്ല.. അകത്ത് സോഫയിലായി കിടന്ന ഹാൻഡ് ബാഗും നിലത്തെ ഹൈ ഹീൽഡ് ചെരുപ്പും കണ്ടപ്പോൾ അവൾക്ക് എല്ലാം മനസിലായിരുന്നു , തളർച്ചയോടെ അവൾ സോഫയിലേക്ക് ഇരുന്നു…

 

അകത്തെ മുറിയിൽ നിന്നും കളിചിരികൾ കേൾക്കാം… കണ്ണുകൾ നിറഞ്ഞു തൂവി… സ്വയം പുച്ഛം തോന്നിപോയവൾക്..

 

മണിക്കൂറുകൾ കടന്നുപോയി ഒടുവിൽ ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടു. മായയുടെ തോളിൽ കൈയിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ധ്രുവൻ ഇറങ്ങി വന്നു.

 

ഹാളിലേ സോഫയിൽ ഇരിക്കുന്ന ആരോഹിയെ കണ്ടതും രണ്ട് പേരും ഒരു നിമിഷം പകച്ചു… ആരോഹി മായയേ നോക്കി അവളുടെ മുഖത്ത് ഒരു പുശ്ചമായിരുന്നു.. സ്വയം തീച്ചൂളയിൽ അകപ്പെട്ട പോലെ തോന്നി ആരോഹിക്ക്. അവൾ ധ്രുവനെയും നോക്കി അവളുടെ മുഖത്ത് നോക്കാതെ നിൽക്കുകയാണ് അവൻ . ആരോഹി വേഗം അവളുടെ മുറിയിലേക്ക് പോയി വാതിലടച്ചു.

 

സ്വന്തം അവസ്ഥയെ ഓർത്ത് അവൾക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി… ഒന്നുറക്കെ അലറി കരയാൻ അവളതിയായി ആഗ്രഹിച്ചു പോയി…

 

ഒന്നും ഒരിക്കലും മാറില്ലെന്ന സത്യം അവൾ ഉൾകൊണ്ടിരുന്നു ആ നിമിഷം… കരഞ്ഞ് കരഞ്ഞ് എപ്പഴൊ അവൾ മയങ്ങി പോയി…

 

വാതിലിൽ തുടരെയുള്ള തട്ട് കേട്ടാണ് അവൻ കണ്ണുകൾ ആയാസപ്പെട്ട് തുറന്നത്… എങ്ങനേയൊ എണീറ്റ് പോയി അവൾ വാതിൽ തുറന്നു.

 

മുന്നിൽ നിൽക്കുന്നവരെ കണ്ട് ഉള്ളിലെ സങ്കടങ്ങൾ വീണ്ടും അണപൊട്ടി.. അവൾ വേഗം സാവിത്രിയെ ഇറുകെ കെട്ടിപ്പിടിച്ചു കരഞ്ഞു

 

“” എന്താ മോളെ…എന്താ എൻ്റെ കുട്ടി കരയുന്നത്…” അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അമ്മ ചോദിച്ചു.

 

ഗംഗാധരനും ധ്രുവൻ്റെ അമ്മയും അവളേ സമാധാനിപ്പിച്ചു കൊണ്ടു അടുത്ത് തന്നെ ഉണ്ടായിരുന്നു. ഗംഗാധരൻ മകനെ സൂക്ഷ്മമായി നോക്കി. അവൻ്റെ മുഖഭാവത്തിൽ നിന്നും അയാൾക്ക് ഏകദേശം എല്ലാം മനസ്സിലായിരുന്നു..

 

അമ്മയും അമ്മാവനും അമ്മായിയും ഒക്കെ വന്നത് ഒരു പരിധിവരെ അവൾക്ക് അൽപം സമാധാനം നൽകിയിരുന്നു.

 

അവരും ഉള്ളത് കൊണ്ട് രാത്രിയിൽ ധ്രുവൻ്റെ മുറിയിലാണ് ആരോഹിയും കിടന്നത്… അവളെ എന്തെങ്കിലും പറഞ്ഞ് നോവിക്കണം എന്ന് കരുതി ഇരുന്ന ധ്രുവൻ്റെ പ്രതീക്ഷകളെ തെറ്റിച്ച് കൊണ്ട് ആരോഹി ബാൽക്കണിയിൽ ഇറങ്ങി ഡോറടച്ചിരുന്നു…

 

പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് അവൾ ആ രാത്രി വെളുപ്പിച്ചു.

 

പിറ്റേന്ന് എല്ലാവരും പോകാൻ തയാറെടുക്കുമ്പോൾ അമ്മയ്ക്ക് ഒപ്പം പോകണം എന്ന് വാശിപിടിച്ചു ആരോഹി… അവളുടെ അവസ്ഥയിൽ അൽപം മാറ്റം ആവശ്യമാണ് എന്ന് മനസിലാക്കി ഗംഗാധരൻ അവളെ ഒപ്പം കൂട്ടി.

 

എല്ലായിപ്പോഴും തന്നെ നോക്കി ഇരുന്നവളിൽ നിന്നും ഇന്നലെ മുതൽ ഉള്ള അവഗണന എന്ത് കൊണ്ടോ ധ്രുവൻ്റെ മനസിൽ ആദ്യമായി ഒരു നോവുണർത്തി…. പോകുമ്പോൾ പോലും അവൾ തന്നെയൊന്ന് നോക്കിയില്ല എന്നു കണ്ടപ്പോൾ ആണ് ഇന്നലെ അവൾക്ക് താൻ നൽകിയ മുറിവ് എത്രത്തോളം വലുതായിരുന്നു എന്ന് അവന് മനസിലായത്…

 

ദിവസങ്ങൾ കടന്നുപോയി.. മായയെ ഒരിക്കൽ മറ്റൊരു പുരുഷനൊപ്പം ഒരു ഹോട്ടലിൽ വച്ച് കണ്ടപ്പോൾ ധ്രുവന് മനസിലായി താൻ ചതിക്കപ്പെട്ടു എന്നത്… അന്നവൻ ഒരുപാട് കരഞ്ഞു. ആരോഹിയുടെ മനസിനെ നോവിച്ചതിനുള്ള ശിക്ഷയാണ് എന്നവന് മനസിലായി.

 

പിന്നീട് അങ്ങോട്ട് അവളുടെ ഓർമയിലായി അവൻ്റെ ജീവിതം… അധികം വൈകാതെ അവൻ നാട്ടിലേക്ക് മടങ്ങി…

 

” ഹ്മ് നീ വന്നത് എന്തായാലും നന്നായി… ആരോഹി മോള് അവളുടെ അപ്പച്ചിയുടെ അടുത്തേക്ക് പോകുവാണ് കുവൈറ്റിലേക്ക്… അതിൻ്റെ കാര്യങ്ങളൊക്കെ ശരിയായി..” ഗംഗാധരൻ പറയുമ്പോൾ സങ്കടമൊ ദേഷ്യമൊ ഒക്കെ തോന്നി ധ്രുവന്.

 

” അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയൊ… അവൾ എൻ്റെ ഭാര്യയാണ് എങ്ങോട്ട് പോകണം പോകണ്ട എന്ന് ഞാനും കൂടി തീരുമാനിക്കണം.. ” അവൻ പറഞ്ഞത് അയാള് അവൻ്റെ കരണം നോക്കി ഒന്ന് കൊടുത്തു.

 

” ഇത് നിനക്ക് ഞാൻ മുമ്പേ തരണമായിരുന്നു… ഒരു ഭർത്താവ് വന്നേക്കുന്നു. പോടാ… ” അയാളവനെ മറികടന്ന് മുറിയിലേക്ക് പോയി.

 

അമ്മായിയുടെ വീട്ടിലേക്കു വേഗത്തിൽ നടന്നു പോവുമ്പോൾ അവൻ്റെ മനസ് നിറയെ അവൾ തന്നെ വിട്ട് എന്നന്നേക്കുമായി പോകുമൊ എന്ന ചിന്തയായിരുന്നു.

 

അവളുടെ മുറിയിലേക്ക് കയറുമ്പോൾ എന്തിനോ അവൻ്റെ നെഞ്ച് വല്ലാതെ മിടിച്ചു.

 

“ആരോഹി… ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരിക്കുന്ന ആരോഹിയെ അവൻ വിളിച്ചു.

 

അവൾ അവനെ നോക്കി, വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.

 

” ആരോഹി ഞാൻ… ചെയ്തതൊക്കെ തെറ്റാ മാപ്പ് തരണം എന്ന് പറയാനെ എനിക്ക് കഴിയൂ… മാപ്പ്. തൊഴുകൈയോടെ അവൻ അവളുടെ മുൻപിൽ നിന്നു.

 

” ഇനി എന്തിനാ മാപ്പൊക്കെ.. ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവല്ലേ..” അവൾ വിരലുകൾ കൊണ്ട് പറഞ്ഞു.

 

” ആരോഹി പ്ലീസ് എന്നേ വിട്ടിട്ട് പോവല്ലേ…”

 

” പോവാം തിരിക്കാനും മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്.. സംസാരിക്കാൻ കഴിയാത്ത എന്നെ എന്തിനാ നിങ്ങൾക്ക്.” ആരോഹി വരിലുകൾ കൊണ്ട് പറഞ്ഞു.

 

” നീ എൻ്റടുത്ത് നിന്നും വന്ന ശേഷമാണ് നിന്റെ മൗനത്തെ ഞാൻ തിരിച്ചറിഞ്ഞത് സ്നേഹിച്ചത്.. നിനക്ക് വേണ്ടി ഇനി ഞാനുണ്ടാകും.. നിന്റെ ശബ്ദമായി… കാത്തിരിക്കാം ഞാൻ എത്ര കാലം വേണമെങ്കിലും…

 

ആരോഹിയ്ക്കും ഒരു കാത്തിരിപ്പ് ആവശ്യമായിരുന്നു.. മനസിനേറ്റ മുറിവിനെ കാലം മായ്ച്ചു കളയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ്….

Leave a Reply

Your email address will not be published. Required fields are marked *