(രചന: Rinna Jojan)
രാവിലെ കുളി കഴിഞ്ഞ് കൃഷ്ണന്റെ മുമ്പിൽ തൊഴുകയ്യോടെ നിക്കുമ്പോഴാണ് കള്ളകൃഷ്ണനെ ചാരി ആദർശ് ചിരിച്ചു കൊണ്ട് നിക്കുന്നത് കണ്ടത്….
കൃഷ്ണാ ഇതിവിടെ എപ്പോ കൊണ്ടുവച്ചു…. ഇന്നലെ മോനേ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ വന്നപ്പോഴാവും… കഴിഞ്ഞ ഒരു വർഷത്തോളമായി അവൻ ഇഷ്ടം പറഞ്ഞിട്ട്……
കണ്ണനോട് പരാതിയും പരിഭവവും പറഞ്ഞ് തിരിയുമ്പോഴാണ് മോൻ ഫോണും കൊണ്ട് വന്നത്… സംസാരിച്ചുകൊണ്ടാണ് വരവ്… ആദി തന്നെ…. ദാ അമ്മേ മാമനാ.. പനി കുറവുണ്ടോന്ന് ചോദിക്കാൻ വിളിച്ചതാ….
എന്താ ആദി നിനക്കെന്താ വട്ടുണ്ടോ..? എന്നും കാണുന്ന നിന്റെ ഫോട്ടോ എന്തിനാ നീ പൂജാമുറീൽ കൊണ്ടു വച്ചേക്കണേ….?
ആ എന്നും കാണുമ്പഴേലും നിന്റെ മനസ്സിലൊന്ന് കേറിക്കൂടാൻ പറ്റിയാലോന്ന് വിചാരിച്ചാ… നിന്റെ കള്ളകൃഷ്ണന്റെ സൗന്ദര്യമൊന്നുമില്ലേലും അങ്ങേരെ ചാരി നിന്നാലെങ്കിലും നീ എന്നെയൊന്ന് നോക്കുമല്ലോന്ന് കരുതി…
എന്താടീ നീ എന്നെ മനസ്സിലാക്കാത്തെ…ആദീ നീ വെച്ചിട്ട് പോയേ… എനിക്ക് നൂറു കൂട്ടം പണിയുണ്ട്…. മോനേ ഷീലച്ചേച്ചീടടുത്ത് കൊണ്ടാക്കി വേണം എനിക്ക് ജോലിക്ക് പോവാൻ….
ബസിലിരിക്കുമ്പോൾ ആദിയെക്കുറിച്ചോർത്തു..കഴിഞ്ഞ രണ്ടു വർഷമായി അവൻ മാത്രമാണ് തനിക്കൊരാശ്രയം…..
അന്ന് സിനോജേട്ടൻ തന്നേയും മോനേയും പെരുവഴിയിലുപേക്ഷിച്ച് പോവുമ്പോ എന്ത് ചെയ്യണമെന്നറിയാതെ കനത്ത് വരുന്ന ഇരുട്ടിനേ നോക്കി പേടിയോടെ നിൽക്കുമ്പോൾ കൂടെ പഠിച്ച അവനേ മാത്രമേ ഓർമ്മ വന്നുള്ളൂ….
തന്നേയും മോനേയും ജീവനാണവന്… പക്ഷേവയ്യ…. ഇനിയുമൊരു ജീവിതം ചിന്തിക്കാൻ കൂടി ശേഷിയില്ല…..
പത്തൊമ്പതാം വയസ്സിൽ അച്ഛനേയും അമ്മയേയും ബന്ധുക്കളേ മുഴുവനും വെറുപ്പിച്ച് സിനോജേട്ടന്റെ കൂടെ ഇറങ്ങുമ്പോൾ നഷ്ടബോധമോ പേടിയോ ഒരിക്കലും തോന്നിയിരുന്നില്ല…. അത്രത്തോളം ആത്മവിശ്വാസമുണ്ടായിരുന്നു….
രണ്ട് വീട്ടുകാരുമില്ലെങ്കിലും ചെറിയൊരു വാടക വീട്ടിൽ ഒരു പാട് സന്തോഷത്തോടെയാണ് ജീവിച്ചത്….
മോനുണ്ടായതിന് ശേഷമാണ് കോളേജിൽ പെട്ടെന്ന് കിട്ടിയ എതോ അവധി ദിവസം അച്ഛനറിയാതെ അനിയത്തി മോനേ കാണാൻ വന്നത്….
പിന്നെ പലപ്പോഴും മോനേ കാണാൻ അവൾ വന്നു പോയി… പിന്നീടെപ്പോഴോ അമ്മയുടെ അറിവോടെയായി അവളുടെ വരവ്….
മോന്റെ ഒന്നാം പിറന്നാളിന് അമ്മ ഒരു കുഞ്ഞു കൈ ചെയിനും മോതിരവും അവളുടെ കൈവശം കൊടുത്തുവിട്ടെന്നറിഞ്ഞപ്പോൾ സിനോജേട്ടനും പറഞ്ഞു ഇനി അച്ഛന്റേയും പിണക്കമൊക്കെമാറും നീ നോക്കിക്കോന്ന്….
അവളെന്റെ കൂടപ്പിറപ്പായതിൽ എനിക്കൊരു പാട് അഭിമാനം തോന്നിയിരുന്നു അന്ന്…
അച്ഛന്റെ പൂർണ്ണ സമ്മതത്തോടെയല്ലെങ്കിലും അമ്മയെ കാണാൻ വീട്ടിലേക്കുള്ള വാതിലും അവൾ തന്നെയാണ് തുറന്ന് തന്നത്…. ഇടക്കെപ്പോഴെങ്കിലും അമ്മയെ ഒന്ന് പോയി കാണുന്നത് തന്നേഒരാശ്വാസമായിരുന്നു…..
കോളേജ് അവധിയുള്ളപ്പോഴൊക്കെ മോനേ കാണാൻ ഓടി വരുന്ന അവളെ ബസ് സ്റ്റാന്റിൽ വരെ കൊണ്ടുവിടാൻ സിനോജേട്ടൻ പോവുമ്പോഴൊക്കെ അടുത്ത വീടുകളിൽ താമസിക്കുന്നവർ എന്നോട് സംശയം പ്രകടിപ്പിച്ചിരുന്നു…..
എന്നോടുള്ള സിനോജേട്ടന്റെ പെരുമാറ്റത്തിൽ ഒരു മാറ്റവും കാണാത്തത് കൊണ്ട് അതിനെയെല്ലാം അവഗണിക്കുകയായിരുന്നു അന്ന്…..
മോനേ ഡോക്sറേ കാണിക്കാൻ പുറപ്പെട്ട ഒരു വൈകുന്നേരമാണ് തന്റെ ജീവിതം തകർത്ത ആ സംഭവം…..
ഇരുട്ടി തുടങ്ങിയില്ലേ…? ഓട്ടോക്ക് വരണ്ട ,ഞാനങ്ങോട്ട് വന്നേക്കാമെന്ന ഏട്ടന്റെ വാക്കു കേട്ട് പനിച്ചു വിറക്കുന്ന കുഞ്ഞിനേയും തോളിലിട്ട് ഹോസ്പിറ്റൽവരാന്തയിൽ കുറേ നേരം ഇരുന്നിട്ടും കാണാതായപ്പോൾ വിളിച്ചു നോക്കി….
ഫോൺ സ്വിച്ച്ഡ് ഓഫ് എന്ന മറുപടി എന്നിൽ പരിഭ്രാന്തിയാണ് ഉണ്ടാക്കിയത്…. പിന്നേയും കുറേ നേരം കാത്തിരുന്നതിന് ശേഷമാണ് എന്നും കൂടെയുള്ള സുഹൃത്ത് ആദിയെ വിളിച്ച് കാര്യം പറഞ്ഞത്….
അവൻ വന്ന് തന്നേ വീട്ടിലെത്തിച്ചതിന് ശേഷം നടത്തിയ അന്വോഷണത്തിലാണ് തന്റെ കൂടപ്പിറപ്പ് തന്റെ ജീവിതവും തട്ടിയെടുത്ത് എങ്ങോട്ടോ പോയിരിക്കുന്നു എന്ന് മനസ്സിലാവുന്നത്…….
എന്ത് ചെയ്യുമെന്നും ആരോട് പറയുമെന്നും അറിയാതെ മൂന്നാല് ദിവസം തകർന്നിരുന്നു….
ഏട്ടനോടുള്ള ദേഷ്യം കാരണം അച്ഛൻ തിരിഞ്ഞ് പോലും നോക്കിയില്ല…. രണ്ട് മക്കളുടെ ജീവിതം തകർന്നത് കണ്ട അച്ഛനെ കുറ്റപ്പെടുത്താനും ഇന്നു വരേകഴിഞ്ഞിട്ടില്ല….
പിന്നേ ആരൊക്കെയോ പറഞ്ഞ് പോലിസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു….ദിവസങ്ങൾക്ക് ശേഷം അവർ പോലിസ് സറ്റേഷനിൽ ഹാജരായപ്പോൾ ഏട്ടൻ പറഞ്ഞത് തന്നേയും മോനേയും എനിക്ക് എന്നും ഇഷ്ടമാണ് പക്ഷേ ഇവളേയും എനിക്ക് നഷ്ടപ്പെടുത്താൻ വയ്യെന്നായിരുന്നു….
അന്നവിടുന്ന് തനിക്ക് പരാതിയൊന്നുമില്ലെന്ന് എഴുതി ഒപ്പിട്ട് പോന്നത് മേനേ നന്നായി വളർത്തണം എന്ന ഉറച്ച തീരുമാനത്തോടെയാണ്…
മോനേ അടുത്തുള്ളവരേ ഏൽപ്പിച്ച് ഒരു ഷോറൂമിൽ സെയിൽ ഗേളായി ജോലിക്ക് കയറി…. അന്നു മുതൽ സൗഹൃദങ്ങളുടെ തണലിലാണ് ജീവിതം തുഴയുന്നത്…..
എന്ത് കാര്യത്തിനും ഓടി വരുന്ന ആദിയുടെ ഹൃദയത്തിൽ എന്നോ താനും മോനും കയറിക്കൂടിയിട്ടുണ്ട്…. പലപ്രാവശ്യം അവനത് തന്നോട് പറഞ്ഞിട്ടുമുണ്ട്…
ഇനി വയ്യ… അവന്റെ വീട്ടുകാർക്ക് ഒരിക്കലും ഒരു കുഞ്ഞുള്ള തന്നേ അംഗീകരിക്കാൻ പറ്റില്ല… എന്തിന് വെറുതേ ജീവിതത്തിലേക്ക് ഇനിയും സങ്കടങ്ങളേ വലിച്ച് കേറ്റണം…..
അപ്പോഴും ആദി കണ്ണനേ ചാരി നിന്ന് ചിരിക്കുന്നുണ്ടായിരുന്നു…. പ്രതീക്ഷയോടെ….
തന്റെ ജീവിതത്തിൽ അച്ചൂട്ടനും സീനയും തന്നേമതിയെന്നവൻ കണ്ണനോട് പറയുന്നുണ്ടായിരുന്നു… കണ്ണനത് കേൾക്കാതിരിക്കാനാവുമോ……