(രചന: സൂര്യ ഗായത്രി)
മീൻ വൃത്തിയാക്കി കൊണ്ടിരുന്ന സരോജിനിയുടെ പിറകിൽ സുകു ചെന്ന് നിന്നു.
അവന്റെ മുഖം അവളുടെ തോളുകളിൽ താങ്ങി. രണ്ടു കൈകളും ഇടുപ്പിലൂടെ ചേർത്തുപിടിച്ചു. അവന്റെ വിരലുകൾ അമർന്നപ്പോൾ സരോജിനി ഒന്ന് ഏങ്ങികൊണ്ട് അവനോട് ഒന്നുകൂടി ചേർന്നു .
സുകു ദിവാകരേട്ടൻ ഇപ്പോൾ വരും നീ പോകാൻ നോക്ക്…..ദിവാകരേട്ടൻ ഓട്ടോയുമായി പോകുന്നത് കണ്ടിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്. ഇവിടെ ഇപ്പോൾ നീ മാത്രമേ കാണുകയുള്ളൂ എന്ന് എനിക്ക് നന്നായി അറിയാം.
എത്രനാണെന്ന് വെച്ചാ ഒളിച്ചും പാത്തും ഇങ്ങനെ നടക്കുന്നത് ഇനി എനിക്ക് കാത്തിരിക്കാൻ വയ്യ…
സരോജിനി മീൻ വെട്ടി വൃത്തിയാക്കി മാറ്റിവെച്ചു . കൈകൾ നന്നായി സോപ്പിട്ട് കഴുകി. നീ അപ്പുറത്ത് ചെന്നിരിക്കും ഞാൻ ഈ കൈ ഒന്ന് കഴുകിയിട്ട് വേഗം വരാം.
അത് വേണ്ട ഞാൻ ഇവിടെ തന്നെ നിൽക്കാം നീ പോയി കൈ കഴുകി വാ..സുകു അടുക്കള തിണ്ണയിലേക്ക് ഇരുന്നു. സരോജിനി വേഗം കൈകൾ ഒന്നുകൂടി സോപ്പിട്ട് കഴുകിയതിനുശേഷം സുകുവിനു അടുത്തായി വന്നിരുന്നു.
എന്താ സുകു കാര്യം പെട്ടെന്ന് പറഞ്ഞിട്ട് പോഏട്ടൻ എങ്ങാനും വന്നാൽ പിന്നെ ആകെ പ്രശ്നമാവും.
അങ്ങനെ നിനക്കെന്നെ പറഞ്ഞു വിടാൻ അത്ര വെപ്രാളം ആണെങ്കിൽ ഞാൻ ഇരിക്കുന്നില്ല പോയേക്കാം.
അങ്ങനെ പിണങ്ങാൻ വേണ്ടി പറഞ്ഞതാണോ സുകു ഞാൻ. നീ ഇവിടെ വരുന്നതും എന്നോടൊപ്പം സമയം ചിലവിടുന്നത് ഒക്കെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ തന്നെയാണ്. പക്ഷേ ദിവാകരേട്ടൻ കണ്ടു കൊണ്ട് വന്നാൽ.
എന്നായാലും ദിവാകരേട്ടൻ ഇത് അറിയാനുള്ളതല്ലേ നീ പിന്നെ ഇങ്ങനെ ഭയന്നാൽ എന്ത് ചെയ്യും.
എടി വയസ്സ് 30 ആയില്ലേ ഇനിയും നീ നിന്റെ ചേട്ടനെ പേടിച്ച് ഇങ്ങനെ ഇരുന്നാൽ എന്ത് ചെയ്യും.
അയാൾ പണ്ട് പ്രേമിച്ചുകൊണ്ടിരുന്നപ്പോൾ ആരോ തേച്ചിട്ട് പോയി എന്ന് പറഞ്ഞ് പെങ്ങളെ കെട്ടിക്കാതെ വച്ചുകൊണ്ടിരിക്കുന്നത് എവിടത്തെ ന്യായമാണ് എനിക്ക് ഇതൊന്നുംദഹിക്കുന്നില്ല.
നിന്റെ ഏട്ടന് മുഴുത്ത ഭ്രാന്ത് ആണ്.എത്ര വർഷമായെടി ഇങ്ങനെ പാത്തും പതുങ്ങിയും…. എനിക്ക് മതിയായി. വീട്ടിൽ അമ്മയും ചേച്ചിമാരും കൂടി കല്യാണകാര്യം പറഞ്ഞു നിർബന്ധിക്കാൻ തുടങ്ങിയിട്ട് നാൾ ഏറെ ആയി. ഓരോ തവണ ഓരോ ഒഴിവു കിഴിവുപറഞ്ഞു വയസു 35ആയി…..
ഞാൻ ഇനി എന്തു ചെയ്യണം നീ അത് പറഞ്ഞു താ.എനിക്കറിയില്ല സുകു. ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിവന്നാൽ പിന്നെ ചേട്ടൻ….. അവൾ മുഖം പൊത്തി കരഞ്ഞു.ഏട്ടന് ഞാൻ മാത്രെ ഉള്ളു. ഈ കഷ്ടപ്പെടുന്നത് എനിക്കുവേണ്ടിയാ..
അവളുടെ കണ്ണുനീർ കണ്ടു സുകുവിന്റെ നെഞ്ചു പിടഞ്ഞു. അവൻ അവളെയും ചേർത്തു പിടിച്ചിരുന്നു.
നിന്റെ ഈ കരച്ചിൽ കാണാൻ വയ്യ എനിക്ക്. അവളുടെ കണ്ണുകൾ തുടച്ചു. കവിളിൽ ചുണ്ട് ചേർത്തു സുകു.
സരോജിനി ഓർമ്മകളിൽ ചേക്കേറി ഇരുന്നു.വൈകുന്നേരം ദിവാകരൻ വരുമ്പോൾ അവൾ ആഹാരം വിളമ്പി വച്ചു നേരത്തെ കിടക്കാൻ പോയി.
ഇപ്പോൾ കുറച്ചു നാളായി അവളുടെ പ്രധിഷേധം ഈ രീതിയിൽ പുറത്തു വരുന്നുണ്ട്.
സുകു വീട്ടിൽ ചെല്ലുമ്പോൾ അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തുടങ്ങുന്നു. അവൻ വേഗം വീട്ടിലേക്കു കയറി അച്ഛനെ വാരിയെടുത്തു. വണ്ടിവിളിച്ചു നേരെ ഹോസ്പിറ്റലിൽ എത്തി.
അറ്റാക് ആയിരുന്നു പെട്ടന്ന് എത്തിച്ചതുകൊണ്ട് രക്ഷപെട്ടു. അതായി അടുത്ത പുകിൽ. നീ കാരണമാണ് അച്ഛന് വയ്യാതായതു.നിന്റെ വിവാഹകാര്യം ആലോചിച്ചു അച്ഛന് ഇപ്പോൾ വിഷമം.
ഈ ചേച്ചിക്കു എപ്പോഴും ഇതെ പറയാനുള്ളൂ. എന്റെ കല്യാണവും അച്ഛന്റെ അസുഖവും തമ്മിലെന്താ ബന്ധം.
ഉണ്ടെടാ ബന്ധം. നിന്റെ പ്രായത്തിൽ ഉള്ള പിള്ളേർ കല്യാണം കഴിഞ്ഞു കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അച്ഛന് സങ്കടം ഉണ്ട്. വയസാം കാലത്തു മോന്റെ കുഞ്ഞിനെ കാണണം എന്ന് ആ മനുഷ്യന് ആഗ്രഹം തോന്നിയാൽ അതിനു തെറ്റ് പറയാൻ പറ്റുമോ.
സുകു പിന്നെ അവിടെ നിന്നില്ല. അച്ഛനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന അന്ന് ഡോക്ടർ സുകുവിനെ വിളിപ്പിച്ചു. വയസായ ആളല്ലേ ആരോഗ്യം കുറവാണു. ഇനിയും ഒരു അറ്റാക് ആ മനുഷ്യൻ താങ്ങില്ല അതുകൊണ്ട് ശ്രദ്ധിക്കണം.
ഇപ്പോൾ രണ്ടാഴ്ച ആയിരുന്നു സരോജിനിയെ കണ്ടിട്ട്. ഇന്ന് എന്തായാലും അവളെ ഒന്ന് കാണണം. സുകു വൈകുന്നേരം കവലയിൽ എത്തുമ്പോൾ ദിവാകരൻ ഒരു ഓട്ടവുമായി പോകുന്നത് കണ്ടു.
അവൻ ദൃതിയിൽ നടന്നു വീട്ടിലെത്തി. സുകു വരുമ്പോൾ സരോജിനി കുളികഴിഞു വരുന്നു. അവനെ കണ്ടു അവൾ മുഖം തിരിച്ചു.
അവളുടെ പിണക്കത്തിന്റെ കാരണം മനസിലായതുകൊണ്ട് അവനൊന്നും പറഞ്ഞില്ല.
അവൾ ഒരു കാപ്പി ഇട്ടു അവനു കൊടുത്തു. ഒരു ഗ്ലാസ് കാപ്പിയുമായി അവളും അടുക്കളതിണ്ണയിൽ ഇരുന്നു.
അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു ഇന്ന് ഡിസ്ചാർജ് ആയി.ഞാൻ അറിഞ്ഞില്ല. കാണാതായപ്പോൾ ഞാൻ കരുതി എന്നെ മറന്നെന്നു.
ഇങ്ങനെ പോയാൽ അത് സംഭവിക്കും വീട്ടിൽ എല്ലാരും പറയുന്നത് ഞാൻ കാരണമാണ് അച്ഛനു സുഖമില്ലാത്തതെന്നു. ഞാൻ പെണ്ണുകെട്ടുന്നതാണച്ചന് സന്തോഷം എന്ന്.
എന്നാൽ പിന്നെ നിങ്ങൾക്ക് സമ്മതിച്ചുകൂടെ.. വിവാഹത്തിന്. എന്നെ കാക്കണ്ട സുകുവേട്ടാ… ഞാനൊരു തടസ്സം ആകില്ല ഒന്നിനും. അതും പറഞ്ഞു അവൾ അകത്തേക്ക് കയറി.
നാളെയാണ് സുകുവിന്റെ കല്യാണം. വധു അച്ഛന്റെ സുഹൃത്തിന്റെ മകളാണ്. എല്ലാപേർക്കും സന്തോഷം.
സുകുവിന് മാത്രം സന്തോഷിക്കണമോ ദുഃഖിക്കണോ എന്നറിയാൻ വയ്യ.രാത്രിയിൽ കിടന്നിട്ടു അവനു ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ഒടുവിൽ എഴുനേറ്റു പുറത്തേക്കു നോക്കി നിന്നു.
സരോജിനിയെ കുറിച്ച് ഓർത്ത് മനസ്സിന് ഒരു സമാധാനവുമില്ല അവൻ കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി. എത്ര വർഷമായി ചങ്കിൽ കൊണ്ട് നടന്ന പെണ്ണാണ്.അവളെ മറന്നൊരു ജീവിതം തനിക്ക് എങ്ങനെ സാധ്യമാകുന്നു.
അവളുടെ അവസ്ഥ ഒരിക്കൽ പോലും ഓർത്തില്ല. പാവം ചങ്ക് പിടച്ചു കിടക്കുന്നുണ്ടായിരിക്കും എന്റെ പെണ്ണിന്റെ. ഒന്ന് സമാധാനിപ്പിക്കാൻ പോലും ആരുമില്ല അവൾക്ക്. ഓരോന്നാലോചിച്ചു നടത്തത്തിന് വേഗതയേറിയത് അവൻ അറിഞ്ഞില്ല.
നടന്നു നേരെ സരോജിനിയുടെ വീടിനടുത്തേക്ക് ചെന്നു. എങ്ങും ഇരുൾ അടഞ്ഞു കിടക്കുന്നു. അവൻ പതിയെ വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി. കതകിൽ മുട്ടാൻ തുടങ്ങുമ്പോൾ സരോജിനി പുറത്തേക്കു ഇറങ്ങുന്നു.
ഇവളിതെന്താ ഈ നേരത്തെന്നു ഓർത്തു നിൽക്കുമ്പോൾ അവൾ കതകുതുറന്നിറങ്ങി കണ്ണുകൾ തുടച്ചുകൊണ്ടു പാറക്കൂട്ടത്തിന് നേരെ ഓടുന്നതാണ് കണ്ടത്.
സുകു മറവിൽ നിന്നും പുറത്തേക്ക് വന്നപ്പോഴേക്കും വേരിൽ ചവിട്ടി താഴേക്ക് വീണിരുന്നു. എഴുന്നേറ്റ് തപ്പി തടഞ്ഞു അവൾക്ക് പിന്നാലെ ഓടുമ്പോഴേക്കും അവൾ വളരെയധികം മുന്നിലെത്തിയിരുന്നു.
പാറക്കൂട്ടത്തിന് മുകളിൽ നിന്നും സരോജിനി താഴേക്കു ചാടുവാൻ ആഞ്ഞതും ഇടുപ്പിലൂടെ ഒരു കൈ അവളെയും ചുറ്റിപ്പിടിച്ചു പിന്നിലേക്ക് വീണു.
അയാളുടെ കയ്യിൽ കിടന്നവൾ കുതറി. എഴുനേറ്റു വീണ്ടും ഓടാൻ തുടങ്ങിയവളെ പിടിച്ചു നിർത്തി കവിളിൽവലി ച്ചടിച്ചു.
ചാകാൻ തോന്നിയപ്പോൾ കൂടി നിനക്ക് ഒരുമിച്ചു ജീവിക്കാൻ തോന്നിയില്ലല്ലോ. എല്ലാപേരും എന്നെ … അവൻ കൈ തലയിൽ താങ്ങി ഇരുന്നു.
എനിക്ക് നീയില്ലാതെ പറ്റില്ല. നീ എന്റെ ഒപ്പം വേണം. അവൻ വീട്ടിൽ നിന്നും കയ്യിൽ കരുതിയ മഞ്ഞ ചരടും അതിന്റെ തുമ്പിൽ തൂങ്ങുന്ന താലിയും അവളുടെ കഴുത്തിൽ അണിയിച്ചു.
എന്റെയാ എന്റെമാത്രം ആർക്കും വിട്ടുകൊടുക്കില്ല…… അവൾ അവനെയും പുണർന്നു മിഴികൾ വാർത്തു.അപ്പോൾ നാളെ വിവാഹപന്തലിൽ…ആ കുട്ടി.
പെണ്ണുകാണൽ കഴിഞ്ഞപ്പോൾ തന്നെ ഞാൻ ആ കൊച്ചിനോട് എല്ലാം പറഞ്ഞു മനസിലാക്കി.പിന്നെ വീട്ടിൽ ഒന്നും മിണ്ടാൻ പോയില്ല. നാളെ നമ്മുടെ വിവാഹം നടക്കും.
ആ വിവാഹപന്തലിൽ വച്ചുതന്നെ നിന്നെ വിഷമിപ്പിച്ചു എനിക്ക് കഴിയില്ലെടി….. അവളെയും ചേർത്തുപിടിച്ചു അവൻ അവിടെ നിന്നും നടന്നുനീങ്ങി. വീടെത്തുമ്പോൾ അച്ഛനും അമ്മയുമൊക്കെ എല്ലാം അറിഞ്ഞ മട്ടാണ്.
ദിവാകരനും ആ രാത്രി അവിടെ എത്തി. ഇനിയും ആരോടും ചോദിക്കാനും പറയാനും ഇല്ല. ഒന്നിച്ചുജീവിക്കാൻ പോകുവാണ് ഇവളില്ലാതെ എനിക്ക് പറ്റില്ല.
എന്റെ പെണ്ണിനെ മരിക്കാൻ വിടാൻ എനിക്ക് മനസില്ല. എന്റെ നെഞ്ചോട് ചേർത്തു ഞാൻ പിടിച്ചോളാം….. ഇനിയും ആരും തടസം നിൽക്കരുത്.അടുത്ത പ്രഭാതം അവർക്കുള്ളതായിരുന്നു…