പ്രേമിച്ച് ഒളിച്ചോടിപ്പോയ മകള് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആ മാതാപിതാക്കൾ കരഞ്ഞുപോയി.

(രചന: ശ്രീജിത്ത് ഇരവിൽ)

 

കൊല്ലമൊന്ന് തികയും മുമ്പേ പ്രേമിച്ച് ഒളിച്ചോടിപ്പോയ മകള് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആ മാതാപിതാക്കൾ കരഞ്ഞുപോയി.

 

അവളുടെ നരച്ചയുടുപ്പും, പ്രസരിപ്പില്ലാത്ത കണ്ണുകളും, തുന്നിളകിയ ബാഗും, തേഞ്ഞുരഞ്ഞ ചെരുപ്പും, എന്തിന്… അവളുടെ ചകിരി നാര് പോലെ പാറുന്ന മുടിവരെ ആ മാതാപിതാക്കളെ നടുക്കുന്നവയായിരുന്നു.

 

എന്തൊക്കെ ചോദിച്ചിട്ടും പെണ്ണൊരു അക്ഷരം മിണ്ടാതായപ്പോൾ അവർ അവളെ അകത്തേക്ക് കൊണ്ടുപോയി. കയറിയ ഉടൻ തന്റെ മുറിക്കകത്തേക്ക് പോയി അവൾ കതകടച്ചു.

 

ഒറ്റമോളെ തിരിച്ച് കിട്ടിയതിൽ സന്തോഷിക്കാനോ അവളുടെ ജീവിതം തകർന്നുപോയതിൽ ദുഖിക്കാനൊ കഴിയാതെ ആ മാതാപിതാക്കളുടെ കണ്ണുകൾ പരസ്പരമുടക്കി.

 

ഇന്നലെവരെ കൊടുങ്കാറ്റും പെരുമഴയും തിമിർത്താടിയ അവരുടെ മാനത്ത് ഞെട്ടിപ്പിക്കുന്ന മിന്നലൊളികൾ വീണു. പരസ്പരം വിറച്ചേറെ നേരം മുഖത്തോട് മുഖം നോക്കി അവർ മിണ്ടാതെയിരുന്നു.

 

നാളുകൾക്കുള്ളിൽ പതുക്കെ കാര്യങ്ങളെല്ലാം ശുഭകരമാകുകയായിരുന്നു. അവൾ ആ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് കരയുകയും തെറ്റായ തീരുമാനമെടുത്തതിൽ സ്വയം കുറ്റപ്പെടുത്തുകയും ചെയ്തു.

 

മകളുടെ ഒരാഗ്രഹത്തിനും ഇനി എതിരുനിൽക്കില്ലെന്നും, നിനക്ക് ജീവിതം പങ്കിടേണ്ടയാൾ ആരായാലും ഞങ്ങൾ സമ്മതിക്കുമെന്നും പറഞ്ഞ് ആ മാതാപിതാക്കളും അവരുടെ തെറ്റ് തിരുത്തി.

 

തന്നെ നാളുകൾക്കുള്ളിൽ മടുത്ത ഒരുത്തന് വേണ്ടി ജീവിതം അവസാനിപ്പിക്കാൻ തോന്നാത്ത നാളുകളോടെല്ലാം നിറഞ്ഞ കണ്ണുകളോടെ അവൾ നന്ദി പറഞ്ഞു.

 

പിന്നീട് ആ വീട്ടിൽ ഉത്സവമായിരുന്നു. ഇനിയൊരു നല്ലനാളില്ലെന്ന് കരുതിയ മൂന്നുപേരും അവർ പങ്കിടുന്ന ഓരോ നാളുകളേയും തേൻമുട്ടായി പോലെ മധുരിപ്പിച്ചു. അവൾ ആ വീട്ടിൽ മുഴുവൻ പ്രസരിപ്പോടുകൂടി ആടുകയും പാടുകയും ചെയ്തു. വാടി ഉണങ്ങിയ മുറ്റത്തെ ചെടിച്ചട്ടികളെല്ലാം അതുകണ്ട് കിളിർക്കുകയും പൂവിടുകയും ചെയ്തു.

 

അല്ലെങ്കിലും, തന്റെ സഹജമായ തെറ്റുകൾ ക്ഷമിച്ച് എല്ലാ സ്വാതന്ത്ര്യത്തോടുകൂടി അദൃശ്യമായി ചേർത്ത് പിടിക്കാൻ ഒരു വീടുണ്ടാക്കുകയെന്നത് ഭാഗ്യമാണ്.

 

സകല ആഗ്രഹങ്ങളേയും പിന്തുടരാനുള്ള സൗഭാഗ്യം. ഒടുവിൽ നിരാശയാണ് ഫലമെങ്കിലും ചിരിച്ചുകൊണ്ട് തിരിച്ചുവരാൻ പറ്റുന്ന മഹാഭാഗ്യം…!!!

Leave a Reply

Your email address will not be published. Required fields are marked *