രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് എന്നിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തത്

(രചന: J. K)

 

“” പ്രഭേട്ടാ ഇന്നാണ് അമ്പലത്തിൽ സന്താനപൂജ പറഞ്ഞിരിക്കുന്നത്.. വിജിത അത് പറഞ്ഞപ്പോഴാണ് അയാൾ അക്കാര്യം ഓർത്തത്..

 

പിന്നെ പെട്ടെന്ന് റെഡിയായി അവൾക്കൊപ്പം ഇറങ്ങുകയായിരുന്നു..

വിവാഹം കഴിഞ്ഞിട്ട് ഇതിപ്പോ എട്ടാമത്തെ വർഷമാണ് ഇതുവരെയും ദൈവം ഒന്ന് കാടാക്ഷിച്ചില്ല.

 

കൂടെ വിവാഹിതരായ എല്ലാവർക്കും ഒന്നും രണ്ടും കുട്ടികളായി എന്നിട്ടും തങ്ങൾക്ക് ഒരു കുഞ്ഞു പോലും ആവാത്തത് അവർക്കിടയിൽ വലിയ വിഷമം ഉണ്ടാക്കിയിരുന്നു..

പ്രഭാകരന് ഗൾഫിലാണ് ജോലി..

 

ഇപ്പോൾ നാട്ടിലേക്ക് ലീവിന് വന്നിട്ട് കുറച്ച് ഏറെ ദിവസങ്ങളായി ഇനി ഒരു കുഞ്ഞായിട്ട് മാത്രേ മടങ്ങിപ്പോക്ക് ഉണ്ടാവു എന്നാണ് തീരുമാനം.

 

അതിനായി ഇനി കഴിക്കാത്ത വഴിപാടുകളും ചെയ്യാത്ത ചികിത്സയോ ഇല്ല എന്നിട്ടും നിരാശയാണ് ഫലം പക്ഷേ പ്രതീക്ഷ കൈവിടാതെ ഇപ്പോഴും ഓരോന്നായി ചെയ്തുകൊണ്ടിരിക്കുകയാണ്…

 

അതിന്റെ ഭാഗമായാണ് ഈ സന്താന പൂജ ആരോ പറഞ്ഞറിഞ്ഞതാണ് വിജിത.. ആരെന്തു പറഞ്ഞാലും അതുപോലെ എല്ലാം ചെയ്തു നോക്കും ഇപ്പോൾ അവൾക്ക് ഒരു കുഞ്ഞ് എന്നത് ഏറെ പ്രാധാന്യം ഉള്ളതാണ്….

 

അമ്പലത്തിൽ കണ്ണ് നിറച്ച് പ്രാർത്ഥിക്കുന്നവളെ കണ്ടപ്പോൾ പ്രഭാകരൻ പറഞ്ഞിരുന്നു നീ വിഷമിക്കേണ്ട എന്നായാലും കുഞ്ഞുണ്ടാകും എന്ന്..

രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് എന്നിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്താണെന്ന് അറിയില്ലായിരുന്നു വിജിതക്ക്..

 

അവളുടെ ഓർമ്മകൾ എട്ടുവർഷം പുറകിലേക്ക് പോയി..

ഡിഗ്രി കഴിഞ്ഞ് പിജി പകുതി എത്തിയപ്പോഴാണ് തനിക്ക് പ്രഭാകരന്റെ ആലോചന വന്നത്…

പഴഞ്ചൻ പേര് കാരനോട് ആദ്യം വലിയ താല്പര്യമൊന്നും തോന്നിയില്ല പക്ഷേ കണ്ടപ്പോൾ തോന്നി പഴമ പേരിനു മാത്രമേയുള്ളൂ ആള് വളരെ അഡ്വാൻസ്ഡ് ആണ് എന്ന്…

 

തറവാട്ട് മഹിമ കൂടിയായപ്പോൾ വീട്ടുകാർക്ക് പിന്നെ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഈ വിവാഹം ഉറപ്പിച്ചു.

വിവാഹം ഉറപ്പിച്ചിട്ട് ആള് ഗൾഫിലേക്ക് പോയി പിന്നെ ഒരു കൊല്ലം ഗ്യാപ്പ് ഉണ്ടായിരുന്നു കല്യാണത്തിന്.

 

അതിനിടയിൽ ഫോൺ ചെയ്ത് വളരെയധികം അടുക്കാൻ സമയമുണ്ടായിരുന്നു. അന്ന് പറഞ്ഞതാണ് വിവാഹം കഴിഞ്ഞ ഉടനെ തന്നെ നമുക്ക് ഒരു കുഞ്ഞു വേണമെന്ന് അദ്ദേഹത്തിന് കുഞ്ഞുങ്ങൾ എന്ന് വെച്ചാൽ ജീവനായിരുന്നു അതുകൊണ്ട് അന്നേ മനസ്സിൽ ഇട്ടിരുന്നു എത്രയും പെട്ടെന്ന് ഒരു കുഞ്ഞ് എന്നത്..

 

വിവാഹം കഴിഞ്ഞ് ഓരോ മാസവും പ്രതീക്ഷയോടെ കാത്തിരുന്നു പക്ഷേ നിരാശയായിരുന്നു ഫലം ഇതിനിടയിൽ അദ്ദേഹം ഗൾഫിലേക്ക് തന്നെ പോയി പിന്നെയും കാത്തിരിപ്പിന്റെ നാളുകൾ ലീവിന് വരുമ്പോൾ വീണ്ടും ഒരു കുഞ്ഞിനായുള്ള ശ്രമം..

 

ഇതിനിടയിൽ ആരൊക്കെയോ പറഞ്ഞു ഡോക്ടറെയും കാണിക്കാൻ തുടങ്ങി രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല എന്നാണ് ഡോക്ടറും പറഞ്ഞത് പിന്നെയും പ്രതീക്ഷകൾ…

 

കുഞ്ഞുണ്ടാകാൻ താമസിക്കുംതോറും അദ്ദേഹത്തിന്റെ വിഷമം എത്രത്തോളം ഉണ്ട് എന്ന് ഊഹിക്കാമായിരുന്നു കാരണം അത്രമേൽ കുട്ടികളെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് സ്വന്തമായി ഒരു കുഞ്ഞിനെ താലോലിക്കാൻ പറ്റിയില്ലെങ്കിൽ ഉള്ള സങ്കടം വളരെ വലുതാവുമല്ലോ..

 

ആദ്യമൊക്കെ അദ്ദേഹം എന്നെയും സമാധാനിപ്പിച്ചിരുന്നു പക്ഷേ പിന്നീട് അദ്ദേഹത്തിന് വല്ലാത്തൊരു നിരാശ ബാധിച്ചതുപോലെ തോന്നി എനിക്കെന്തോ എന്നോട് തന്നെ ദേഷ്യം തോന്നി അദ്ദേഹത്തിന് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിയാത്തതിനാൽ.

 

എങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല എന്നെങ്കിലും ദൈവം ഞങ്ങളുടെ പ്രാർത്ഥന കേൾക്കും ചെയ്യുന്ന വഴിപാടിനും കുടിക്കുന്ന മരുന്നിനും ഫലം കാണും എന്നൊക്കെ പ്രതീക്ഷിച്ച് നാളുകൾ തള്ളി നീക്കി..

 

ആദ്യമൊക്കെ എന്നെ ആശ്വസിപ്പിക്കും എങ്കിലും പിന്നെ പിന്നെ അദ്ദേഹത്തിന്റെ മുഖത്ത് ആ നിരാശ എനിക്ക് കാണാനുണ്ടായിരുന്നു ഞാനും നിസ്സഹായയായി…

 

അതുകൊണ്ടുതന്നെ എല്ലാവരും പറഞ്ഞത് പ്രകാരം അദ്ദേഹം അവിടുത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. ഇനി കുഞ്ഞിന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനമായിട്ടെ തിരിച്ചുപോകു എന്നാണ് പറഞ്ഞിരുന്നത്….

 

മാസങ്ങൾ കുറേ പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല ക്രമേണ നിരാശ എന്നെയും ബാധിക്കാൻ തുടങ്ങി പക്ഷേ അദ്ദേഹത്തിന്റെ സ്വഭാവത്തിന് ഈയിടെയായി നല്ല വ്യത്യാസമുണ്ട് ഒരു ചുറുചുറുക്കെല്ലാം വന്നതുപോലെ…

 

പലപ്പോഴും പല കാരണങ്ങളും പറഞ്ഞ് വീട്ടിൽ നിന്ന് പോകും.. പിന്നെ പിന്നെ വീട്ടിലിരിക്കുന്നത് തന്നെ അപൂർവമായി..

മടുപ്പു കൊണ്ടാവും എന്ന് കരുതി ഞാനും ഒന്നും ശ്രദ്ധിക്കാറില്ല അദ്ദേഹം അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന് കരുതി…

 

പക്ഷേ പിന്നീടാണ് ആരോ വന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ പോക്ക് ശരിയല്ല എന്ന് ഒന്ന് ശ്രദ്ധിക്കണം എന്ന്..

പറഞ്ഞയാളെ നല്ല കണക്കിന് ചീത്ത പറഞ്ഞ ആട്ടിവിട്ടു എന്റെ പ്രഭയേട്ടൻ അങ്ങനെ ഉള്ള ഒരാൾ അല്ല എന്ന് ഞാൻ തീർത്തു പറഞ്ഞു സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം എന്ന് പറഞ്ഞ് അവർ പോയി..

 

അതോടെ എനിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നാൻ തുടങ്ങി അല്ലെങ്കിൽ എന്റെ കൂടെ വീട്ടിൽ തന്നെ സമയം കഴിച്ചിരുന്ന ആൾ ഇപ്പോൾ വീട്ടിലേക്ക് ഒന്നു വരണം എങ്കിൽ വിളിച്ച് ഉണ്ടാക്കണം എന്താണ് പറ്റിയത് എന്ന് പോലും അറിയില്ല…

 

അദ്ദേഹം അറിയാതെ അദ്ദേഹത്തിന് നീരിക്ഷിക്കാൻ ഞാൻ തീരുമാനിച്ചു… പലപ്പോഴും ഫോണിൽ ഓരോ കോളുകൾ വരുമ്പോൾ ആകെ പരിഭ്രമം പോലെ കാണിച്ചിട്ട് പുറത്തുപോയി നിന്ന് വർത്തമാനം പറയുന്നത് കാണാം…

 

ഒരു കോൾ വന്നപ്പോൾ അദ്ദേഹം പെട്ടെന്ന് പോണം എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി..

ഞാനെന്റെ അനിയനെ വിളിച്ചു പറഞ്ഞു.. അവൻ ബൈക്കും എടുത്ത് വന്നു..

അന്വേഷിച്ചു പിടിച്ചു അദേഹം പോയ ഇടത്തേക്ക് ഞങ്ങളും എത്തി…

 

അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന് ഒരു ഭാര്യയും കുഞ്ഞും..

 

ഭർത്താവ് മരിച്ചത് ഏതോ ഒരു സ്ത്രീ… അവർക്ക് എന്തോ സഹായം ചെയ്തു തുടങ്ങിയ ബന്ധമായിരുന്നത്രേ…

പിന്നീട് അത് അദ്ദേഹത്തിന്റെ കുഞ്ഞിന് അവർ ജന്മം കൊടുക്കുന്നത് വരെ എത്തി..

 

ആദ്യം കേട്ടപ്പോൾ എനിക്ക് അത് ഒട്ടും ഉൾക്കൊള്ളാൻ ആയില്ല.. അനിയൻ പ്രശ്നത്തിനായി തയ്യാറെടുത്തപ്പോൾ അവനോട് ഞാൻ തന്നെയാണ് പറഞ്ഞത് ഒന്നിനും പോണ്ട എന്ന് .

 

അവിടെ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഞാൻ നോക്കിയിരുന്നു എന്റെ മുഖത്തേക്ക് പോലും നോക്കാൻ ആവാതെ തലയും താഴ്ത്തി നിൽക്കുന്ന ആളെ കണ്ടപ്പോൾ എനിക്ക് എന്താണ് തോന്നിയ വികാരം എന്ന് അറിയില്ല…

 

മിഴികൾ നേരെ ആ ഓമന കുഞ്ഞിന്റെ നേരെ ചെന്നു.. അദ്ദേഹത്തെ മുറിച്ചുവെച്ച പോലെ ഉണ്ട്.. ഒന്ന് എടുക്കണം താലോലിക്കണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷേ മനസ്സനുവദിച്ചില്ല….

 

ഇനിയും ചേച്ചിക്ക് ഈ ബന്ധം തുടരാൻ വയ്യ എന്ന് അനിയനോട് പറഞ്ഞപ്പോൾ അവൻ പൂർണ്ണ പിന്തുണ നൽകി കൂടെ നിന്നു..

കുറെ കൗൺസിലിങ്ങിനും മറ്റും ശേഷം ഡിവോഴ്സ് അനുവദിച്ചു കിട്ടുമ്പോൾ അദ്ദേഹം എന്നോട് മാപ്പ് പറയാനായി വന്നിരുന്നു..

 

എനിക്ക് നിങ്ങളോട് യാതൊരുവിധ ദേഷ്യവും ഇല്ല എന്ന് പറഞ്ഞു അത് സത്യവും ആയിരുന്നു…

 

ചിന്തിച്ചു നോക്കിയപ്പോൾ ശരിയാണ്.. എല്ലാവർക്കും അവരുടെ സന്തോഷം മാത്രമാണ് വലുത്.. അതിനുവേണ്ടി പ്രയത്നിക്കുമ്പോൾ ഉള്ള ശരിയും തെറ്റും അവർ മനപ്പൂർവ്വം മറക്കുന്നു. മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന മനപ്രയാസവും അവർ തിരിച്ചറിയാതെ പോകുന്നു..

 

അയാൾ ചെയ്ത തെറ്റ് ഇനി ഒരു തരത്തിലും തിരുത്താനാവാത്തതാണ്.. അതുകൊണ്ടുതന്നെ അയാളെ പൂർണ്ണമായും അവർക്ക് തന്നെ വിട്ടുകൊടുക്കുക എന്നതായിരുന്നു എന്റെ തീരുമാനം. അതുകൊണ്ടാണ് ഞാൻ തന്നെ ഡിവോഴ്സിന് മുൻകൈയെടുത്തത്…

 

ഡിവോഴ്സ് കിട്ടിയപ്പോൾ അനിയൻ എന്നെ ചേർത്തുപിടിച്ച് കൂടെ നിന്നു വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ഞാൻ അവനെ എതിർത്തു ചേച്ചിയുടെ വഴി ചേച്ചി മുന്നേ തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് പറഞ്ഞു..

 

സംശയത്തോടെ നോക്കിയ അവനോട് ഞാൻ പറഞ്ഞു ഒരിക്കലും ചേച്ചി ആത്മഹത്യ ഒന്നും ചെയ്യില്ല എന്ന്..

 

അവനെയും കൂട്ടി അവിടെ അടുത്തുള്ള ഒരു ശേഷി വിദ്യാലയത്തിലേക്ക് ചെന്നു..

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഇടമായിരുന്നു അവിടം…

അവിടെ ജോലി കിട്ടണമെങ്കിൽ അവരുടെ ആദ്യത്തെ ഉപാധി കുഞ്ഞുങ്ങളെ സ്നേഹിക്കാനുള്ള മനസ്സ് വേണം എന്നതായിരുന്നു.

 

പണ്ടത്തെ പിജിയുടെയും ഡിഗ്രിയുടെയും സർട്ടിഫിക്കറ്റുകൾ പൊടിതട്ടിയെടുത്ത് അങ്ങോട്ടേക്ക് ചെന്നു..

 

മാലാഖമാരെ പോലെ കുറെ കുഞ്ഞുങ്ങൾ..

ഒരു പൂവ് പോലെ സ്നേഹം കൊടുത്താൽ ഒരു പൂക്കാലമായി തിരിച്ചു തരുന്നവർ… ഇവരെക്കാൾ കൂടുതലായി ഇനി തന്നോട് ആർക്കും സ്നേഹം കാണിക്കാൻ കഴിയില്ല എന്നൊരു തോന്നൽ..

 

അവിടെ കൂടി അവരുടെ അമ്മയായി..

കൊഞ്ചലോടെ പലരും അമ്മ എന്ന് തന്നെ വിളിച്ചു തുടങ്ങി… പ്രസവിച്ചില്ലെങ്കിലും അത് കേൾക്കുമ്പോൾ മനസ്സ് നിറയും..

 

ഒരുപാട് ഒരുപാട് കാലം ഈ കുഞ്ഞുങ്ങളുടെ അമ്മയായി ഇവിടെത്തന്നെ തുടരാൻ സാധിക്കണേ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കും..

Leave a Reply

Your email address will not be published. Required fields are marked *