സമയദോഷങ്ങൾ
(രചന: ശാലിനി കെ എസ്)
ഇനി എന്ന് ശരിയാകാനാണ്.
ഇന്ന് മാറും, നാളെ മാറും എന്ന് വിചാരിച്ചു വിചാരിച്ചു മടുത്തു. എന്റെ സമയം ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് ഉറപ്പായി..”
“സുചീ.. നീയിങ്ങനെ ഡെസ്പാവാതെ.എല്ലാം ശരിയാകും.എല്ലാവർക്കും ഒരു സമയം വരും. ആർക്കും എന്നും ഒരുപോലെ സന്തോഷമോ, സങ്കടമോ സ്ഥിരമാകില്ല. നല്ലതിന് വേണ്ടി മാത്രം ആഗ്രഹിക്കുക. അപ്പോഴെല്ലാം താനെ പിന്നാലെ വരും.”
അപർണ്ണ പറഞ്ഞവസാനിപ്പിച്ചത് പോലെ എഴുന്നേറ്റു പ്രിയപ്പെട്ട കൂട്ടുകാരിയുടെ ചുമലിൽ തട്ടി. പിന്നെ, യാത്ര പറഞ്ഞു.
അപർണ്ണ ഹെൽമെറ്റ് എടുത്തു ധരിച്ചു. സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു കൊണ്ട് വീണ്ടും ഒരിക്കൽ കൂടി
തല ചെരിച്ചു നോക്കി സുചിത്രയ്ക്ക് നേരെ കൈ വീശി കാട്ടി.
സുചിത്ര ഒരു വിഷാദച്ചിരിയോടെ അവൾക്ക് നേരെ കൈ വീശി.പിന്നെ മുറിയിൽ കയറി വാതിലടച്ചു.തലയിണയിൽ മുഖം ചേർത്ത്ഏറെ നേരം വിങ്ങികരഞ്ഞു.
കുറച്ചു നേരം അങ്ങനെ കിടന്നപ്പോൾ ഒരാശ്വാസം തോന്നി.എങ്കിലും ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല.
തന്റെ ദുരിതങ്ങളും, ദുഃഖങ്ങളുംതന്റെ മാത്രം പ്രശ്നങ്ങളാണ്..പുറത്ത് നിന്ന് നോക്കുന്നവർക്ക് അത് വെറുമൊരു സില്ലി മാറ്റർ മാത്രമായിരിക്കും.
ഇപ്പോൾ തന്നെ ആവശ്യത്തിലേറെ ദുരിതങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് അടുത്ത തകർച്ച.
ഈശ്വരാ… ഓർത്തിട്ട് ഒരു സമാധാനവും കിട്ടുന്നില്ലല്ലോ.
അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. തലയിണയിൽ മുഖമിട്ടുരുട്ടി.
സുചിത്രയുടെ ഭർത്താവ് രമേശേൻ ഒരു പ്രൈവറ്റ് ഷോപ്പിലെ അക്കൗണ്ടന്റ് ആണ്.
നാലു പേരടങ്ങുന്ന തന്റെ കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ അയാൾ പാടുപെടുകയാണ്.
ഭർത്താവിന്റെ പ്രാരാബ്ദം കണ്ടാണ് സുചിത്ര ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയിട്ട് ജോലിക്ക് പോയി തുടങ്ങിയത്.
വല്യ ശമ്പളമൊന്നുമില്ല.
നിന്ന് നിന്ന് കാലിന്റെ ഉപ്പൂറ്റി പൊട്ടിപ്പിളർക്കുന്ന വേദന മാത്രം ബാക്കിയാണ് !
അത് എന്നും കൂടിക്കൂടി വരുന്നത് അവൾ ആരെയും അറിയിച്ചതുമില്ല!
സ്കൂളിൽ പഠിക്കുന്ന മോനും മോൾക്കും ഫീസും
ചെറിയ ചെറിയ ആവശ്യങ്ങളുമൊക്കെ സാധിച്ചു കൊടുക്കാൻ കഴിയുന്നുണ്ട്.
അല്ലറ ചില്ലറ കടങ്ങളും വീട്ടി.അങ്ങനെ വലിയ തരക്കേടില്ലാതെ മുന്നോട്ട് പോയതാണ്.
ഇടയ്ക്ക് രമേശിന് ഒരു ആക്‌സിഡന്റ് ഉണ്ടായതോടെയാണ് തള്ളിയും ഉന്തിയും നീക്കിക്കൊണ്ട് പോയിരുന്ന അവരുടെ ജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങിയത്.
രണ്ട് ആഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞു വീട്ടിൽ എത്തിയെങ്കിലും
മാസങ്ങളോളം അയാൾക്ക് കിടക്കയിൽ തന്നെ കഴിയേണ്ടി വന്നു.
അതോടെ ഷോപ്പിൽ നിന്ന് കിട്ടിയിരുന്ന വരുമാനം നിലച്ചു.
രമേശൻ കടയിൽ ചെല്ലാതായതോടെ അവർ മറ്റൊരാളെ അവിടെ അക്കൗണ്ടന്റ് ആയി നിയമിക്കുകയും ചെയ്തു.
എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയിരുന്ന സുചിത്രയുടെ ശമ്പളം അതോടെ ഒന്നിനും തികയാതായി.
വാടക മുടങ്ങി.
വീട്ടു സാധനങ്ങൾ നിറച്ചു വെച്ചിരുന്ന ജാറുകളൊക്കെ കാലിയായി തുടങ്ങി.
കുട്ടികളുടെ ഫീസും കൊടുക്കാൻ വൈകി. രമേശിന് മരുന്നിനു തന്നെ നല്ല ഒരു തുക ചിലവാകും.
ആക്‌സിഡന്റിൽ ഉണ്ടായ വീഴ്ചയിൽ അയാളുടെ നട്ടെല്ലിന് സാരമായ പരിക്ക് പറ്റിയിരുന്നു.
അതിന് പരിപൂർണ വിശ്രമവും, മുടങ്ങാതെ കഴിക്കേണ്ട മരുന്നുകളും അത്യാവശ്യമായിരുന്നു.
രാത്രിയിൽ എല്ലാ പണികളും ഒതുക്കി അരികിൽ വന്നു കിടക്കുന്ന ഭാര്യയെ മനസ്സ് തുറന്നു സ്നേഹിക്കാൻ പറ്റാത്തതിൽ അയാൾ വേദനിച്ചു.
അവളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
തന്റെ കഷ്ടപ്പാടിൽ ഒരു കൈത്താങ്ങാകാൻ വേണ്ടിയാണ് അവളും ജോലിക്ക് പോകുന്നത്.
ഒരിക്കലും അവളെ കഷ്ടപ്പെടുത്തണമെന്ന് വിചാരിച്ചിട്ടില്ല.
ആവശ്യത്തിന് സ്വർണ്ണമണിഞ്ഞു കയറി വന്നവളാണ്..
എല്ലാം ഓരോ ആവശ്യങ്ങൾക്ക് എടുത്തു വിറ്റു!
ഒരു വാടകവീട്ടീൽ കഴിയണമെന്ന് ആഗ്രഹിച്ചതല്ല.
പക്ഷെ, സുചിത്രയുമായി അമ്മ ഒട്ടും ഇണങ്ങാതെ വന്നപ്പോൾ മറ്റൊരു നിവൃത്തിയുമില്ലായിരുന്നു.
അവൾ ചെയ്യുന്നതിനൊക്കെയും എന്തെങ്കിലും കുറ്റം കണ്ടു പിടിച്ചു ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തുന്ന തന്നോട് അവളെക്കുറിച്ചുള്ള വിമർശനങ്ങൾ പറഞ്ഞു ഉറക്കം കെടുത്തുന്ന അമ്മ സ്ഥിരം തലവേദന ആയിരുന്നു.
എങ്ങനെ എങ്കിലും വീട്ടിൽ നിന്ന് മാറി താമസിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്.
അമ്മയ്ക്ക് ആ തീരുമാനം അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല.
എന്ന് മാത്രമല്ല അതിന്റെ പേരിലും സുചിത്രയെയാണ് കുറ്റപ്പെടുത്തിയത്.
തലയണ മന്ത്രം ഓതിയോതി അവൾ എന്റെ ചെറുക്കനെ മാറ്റിയെടുത്തൂന്നു പറഞ്ഞമ്മ അവളെ ശപിക്കുകയും ശകാരിക്കുകയും ചെയ്തു.
നമുക്ക് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതുണ്ടോ എന്നാണ് കരഞ്ഞുകൊണ്ട് അവൾ ചോദിച്ചത്.
അതോടെ വാശിയായി.
ഇളയ മരുമകളെയാണ് സുചിത്രയേക്കാൾ അമ്മ സ്നേഹിച്ചിരുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
എങ്കിലും ഒരിക്കൽ പോലും അവൾ അതിനെക്കുറിച്ച് ഒരു പരാതിയോ,
പരിഭവമോ പറഞ്ഞിരുന്നില്ല.
എങ്കിലും സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുന്നതാണ് നല്ലതെന്ന് തോന്നി.
ഒരു കൊച്ചു വീട് കണ്ടു പിടിച്ചു മക്കളെയും കൊണ്ട് മാറുമ്പോൾ
ഒരു വാശിയുണ്ടായിരുന്നു.
ജീവിക്കണം, ജീവിച്ചു കാണിക്കണം..
എല്ലാം ഒരു കടവിൽ അടുത്തെത്തുന്ന സന്തോഷത്തിലിരിക്കുമ്പോഴാണ്
ഈ നശിച്ച അപകടം !
ഇനി എവിടെ നിന്ന് എല്ലാം തുടങ്ങും..?
ഒന്നും നിശ്ചയമില്ല.!
ജീവിതത്തിലെ നല്ല സമയങ്ങളൊക്കെ ഒരു പുസ്തകത്താള് മറിയ്ക്കുമ്പോലെ തീർന്നു പോകുന്നു.!
മുന്നിലെ ഭാവി ഒരു ഇരുണ്ട നിലവറയുടെ വലിയ വാതിൽ പോലെ മുന്നിൽ തുറന്നു കിടക്കുന്നു.!!
സ്വന്തമായി ഒരു ചെറിയ വീട് അവരുടെ രണ്ട് പേരുടെയും വലിയൊരു സ്വപ്നമായിരുന്നു.
വാടകവീട് മാറി മാറി കഴിയാൻ തുടങ്ങിയിട്ട് പത്തു പതിനൊന്നു വർഷമായി !
അഞ്ചു സെന്റ് ഭൂമി വാങ്ങിക്കാനായിട്ട് കയ്യിൽ കിട്ടുന്നതിന്റെ ചെറിയൊരു ഓഹരി രണ്ട് പേരും കൂടി കുറേശ്ശേ സ്വരൂപിച്ചു തുടങ്ങിയതാണ്. അതാണ് ഹോസ്പിറ്റലിൽ ചിലവായത് !
എന്നെങ്കിലും ഒരിക്കൽ അത് സഫലമാകും എന്നൊരു പ്രതീക്ഷ ഉള്ളിൽ ഒരു വെളിച്ചം പരത്തിയിരുന്നു.
പക്ഷെ, ഈ അവസ്ഥയിൽ കണ്ട സ്വപ്നങ്ങളൊക്കെയും പാതിവഴിയിൽ വെച്ച് പൊലിഞ്ഞു പോകുന്നു.
രണ്ട് മൂന്ന് മാസത്തെ വാടക കുടിശ്ശിക ആയത് കൊടുക്കാൻ
ഒരു വഴിയും കാണുന്നില്ല..
ഹൗസ് ഓണർ എന്നും വീട്ടു
വാതിൽക്കൽ വന്നു നിന്ന് ഒച്ചയിടാൻ തുടങ്ങിയിരിക്കുന്നു.
ആദ്യമൊക്കെ വാടക കിട്ടാതായപ്പോൾ അവസ്ഥകളൊക്കെ പറഞ്ഞു സുചിത്ര കുറെ അവധി വാങ്ങി.
പക്ഷെ, അതൊക്കെ വെള്ളത്തിൽ
വരച്ച വര പോലെ ആയതോടെ അയാളും മുഷിഞ്ഞു തുടങ്ങി.
ഇനി ഇവിടെ താമസിക്കാൻ പറ്റില്ല,
വേറെ വീട് നോക്കിക്കോ എന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് കഴിഞ്ഞ
ദിവസം അയാൾ വന്നിട്ട് പോയത്.
ഈയവസ്ഥയിൽ എങ്ങോട്ട് പോകും. ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.
കാലിനു വേദന കൂടിയിട്ട് ഒട്ടും നിൽക്കാൻ വയ്യാതായിരിക്കുന്നു. പക്ഷെ, താനും കൂടി വീട്ടിൽ ഇരുന്നാൽ….
ഈ മോശം സമയം കടന്നു പോകുന്ന
ഒരു നാൾ വരും. അതുവരെ എങ്ങനെ
എങ്കിലും പിടിച്ചു നിൽക്കണം.
സുചിത്ര ജോലിക്ക് പോകാനിറങ്ങുമ്പോഴൊക്കെ സമാധാനിക്കും.,
ഒപ്പം ഭർത്താവിനും ധൈര്യം കൊടുക്കും.
“എല്ലാം ശരിയാകും ഏട്ടാ..
നമുക്കും ഒരു സമയം വരും.”
പക്ഷെ, സമയം ആർക്കും വേണ്ടിയും കാത്തുനിൽക്കുന്നില്ല.
അതിന്റെ ഓട്ടപ്പാച്ചിലിനൊപ്പം ഓടുന്നതിനിടയ്ക്ക് പലതും സംഭവിക്കും.
നല്ലതും ചീത്തയും!
അത് ചിലപ്പോൾ ദൈവനിയോഗമായിരിക്കും..
അന്ന് കടയിൽ എത്തിയപ്പോൾ ലേശം വൈകിയിരുന്നു.
സാമാന്യം തിരക്ക് തുടങ്ങിയിട്ടുണ്ട്.
ഫ്ലോർ മാനേജർ,
കയറി ചെല്ലുന്ന പ്രധാന വാതിലിനു മുന്നിൽത്തന്നെ രൂക്ഷമായ നോട്ടത്തോടെ നിൽക്കുന്നു.
അവൾ ക്ഷമാപണത്തോടെ
അകത്തേയ്ക്ക് ഓടിപ്പോയി.
അന്ന് ഉച്ച കഴിയുന്നത് വരെ വല്ലാത്ത തിരക്കായിരുന്നു കടയിൽ. നിന്ന് തിരിയാൻ പറ്റാത്ത ജോലിഭാരം കൊണ്ട് തിരക്കല്പം കുറഞ്ഞ നേരത്ത് എപ്പോഴോ അരികിൽ കിടന്ന ഒരു സ്റ്റൂളിൽ അവളൊന്നു ഇരുന്നു.
ഇരുന്നതും ടേബിളിൽ തല ചായ്ച്ച് വെച്ച് അറിയാതെ അവൾ കിടന്നു.
ഉറങ്ങിപ്പോയത് അറിഞ്ഞില്ല.
ആരോ കുലുക്കി വിളിക്കുമ്പോഴാണ്
അവൾ പിടഞ്ഞെഴുന്നേറ്റത്.
നോക്കുമ്പോൾ സഹപ്രവർത്തകർ അവൾക്ക് ചുറ്റും കൂടി നിൽക്കുന്നു.
“സുചിത്രയെ മാനേജർ വിളിക്കുന്നു.
വേഗം ചെല്ലൂ.”
അപർണ്ണ ആണ്. ഒപ്പം നിന്ന് ജോലി ചെയ്യുന്നവൾ, അവളുടെ മുഖത്തെ
ഭാവം കണ്ടിട്ട് ഒരു പന്തികേട് തോന്നി.
“നീ ഉറങ്ങുന്നത് സിസി ടിവിയിൽ കൂടി മാനേജർ കണ്ടു. ഇനി എന്താണ് പണിഷ്മെന്റ് എന്നറിയില്ല..!”
അവൾ പറഞ്ഞത് കേട്ട് സുചിത്ര വിളറിപ്പോയി. ദൈവമേ എന്തൊരു പരീക്ഷണം ആണ്. ഇത്രയും നാൾ
ഒരു വഴക്കും കേൾപ്പിക്കാതെ ജോലി ചെയ്തതാണ്.
ഇന്നെന്തോ വല്ലാത്ത ക്ഷീണം തോന്നിപ്പോയി.
പോരെങ്കിൽ രാവിലെ ഒന്നും
കഴിക്കാൻ നേരം കിട്ടിയതുമില്ല.
ടിഫിൻ നിറച്ചത് ബാഗിൽ വെച്ച്
ഓടിപ്പാഞ്ഞു വന്നതാണ്.
കുട്ടികളെ രണ്ടു പേരെയും
സ്കൂളിൽ വിട്ടിട്ട്, രമേശേട്ടന്റെ
കാര്യങ്ങൾ എല്ലാം ചെയ്തു
കൊടുത്തു കഴിഞ്ഞു ജോലിക്ക് പോകാനിറങ്ങുമ്പോൾ സമയം
കുറച്ചു വൈകും.
പിന്നെ കഴിക്കാനൊന്നും നേരം കിട്ടില്ല എന്നതാണ് സത്യം !
വിയർപ്പ് പൊടിഞ്ഞ മുഖം സാരിത്തുമ്പിൽ തുടച്ചു കൊണ്ട് മാനേജരുടെ ക്യാബിനിലേയ്ക്ക് പോയ അവളെ എല്ലാവരും സഹതാപത്തോടെയാണ് നോക്കിയത്.
അല്പസമയം കഴിഞ്ഞ് ക്യാബിനിൽ നിന്ന് ഇറങ്ങി വന്ന സുചിത്രയുടെ മുഖം ഒരു കരിങ്കൽ പ്രതിമയുടെ പോലെ കല്ലിച്ചിരുന്നു..!
ആ മുഖത്ത് നിന്ന് ഒന്നും വായിച്ചെടുക്കാൻ പറ്റുന്നില്ല.
അവൾ വേദനിക്കുന്ന കാലുമായി
മെല്ലെ നടന്നു വന്നു തന്റെ ബാഗ് എടുത്തു കൊണ്ട് എല്ലാവരെയും നോക്കി ഒന്നു ചിരിച്ചു..
പിന്നെ, ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
അവൾക്ക് പിന്നിലപ്പോൾ
ആ വലിയ കടയുടെ ഗ്ലാസ് ഡോർ തനിയെ അടഞ്ഞു.
ഉള്ളിൽ ഒരു പേമാരി അലയടിക്കുന്നുണ്ടെങ്കിലും അവളതെല്ലാം അടക്കിപ്പിടിച്ചു.
ഉറങ്ങിയതിനു മാത്രമല്ല ജോലിക്കിടയിൽ ഇരിക്കാനും പാടില്ല എന്ന നിയമം അവൾ തെറ്റിച്ചിരിക്കുന്നു. പിന്നെ ദിവസവും വൈകി എത്തുന്നു എന്നതും മൂന്നാമത്തെ കാരണമായി കണ്ടു ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരിക്കുന്നു..!!
ചെയ്ത ദിവസത്തെ കുറച്ചു പൈസ വലിയ ഔദാര്യം പോലെ വെച്ച് നീട്ടിയത് വാങ്ങരുത് എന്ന് കരുതിയതാണ്.
പക്ഷെ,താനിത്രയും ദിവസം കഷ്ടപ്പെട്ട് പണിയെടുത്തതിന്റെ പ്രതിഫലം വേണ്ടെന്ന് വെയ്ക്കേണ്ട കാര്യമില്ലെന്ന് തോന്നി.
ആ കാശ് അപ്പോഴും അവൾ
വലതു കയ്യ്ക്കുള്ളിൽ ചുരുട്ടിപ്പിടിച്ചിരുന്നു.
ഏതു സമയദോഷത്തിനാണ് ഇരിക്കാൻ തോന്നിയത്. അല്ലല്ല, ഉറങ്ങാൻ തോന്നിയത് ??
തന്നോട് തന്നെ ദേഷ്യം തോന്നുന്നു. തന്റെ ഇപ്പോഴത്തെ അവസ്ഥ മറക്കാൻ പാടില്ലായിരുന്നു.
അവൾ വീടെത്തിയതും ബാത്‌റൂമിൽ കയറി കൊളുത്തിട്ടു.
പൈപ്പ് തുറന്നു വെച്ച് ഉറക്കെ കരഞ്ഞു. മതിതീരുംവരെ.
വീട്ടിൽ ആരോടും ഒന്നും പറഞ്ഞില്ല. കാലിന് വേദന കൂടിയത് കൊണ്ട് അവധി എടുത്തു എന്നാണ് ഏട്ടൻ ചോദിച്ചപ്പോൾ പറഞ്ഞത്..
നാളെത്തന്നെ മറ്റൊരു ജോലി
കണ്ടു പിടിക്കണം.
അല്ലെങ്കിൽ എങ്ങനെ ജീവിക്കും ??
അന്ന് വൈകിട്ട്, കടയിൽ ജോലി ചെയ്യുന്ന അപർണ്ണ അവളെ കാണാൻ എത്തിയപ്പോൾ സമാധാനിപ്പിച്ചതും സമയത്തെ കുറിച്ചാണ്.
നല്ല സമയം വരുമത്രെ.!
ഇല്ല തന്റെ സമയം ഇനി ഒരു കാലത്തും ശരിയാകാൻ പോകുന്നില്ല..
ഒരു കാലത്തും!!
ശുഭം