അദ്ദേഹത്തിനോട് ഒരു സ്പെഷ്യൽ ഫീലിംഗ് എനിക്ക് തോന്നിയതാണ്

(രചന: ശ്രേയ)

 

” പ്രേമിക്കാനും വിവാഹം കഴിക്കാനും ഒക്കെ ഒരുപാട് സമയം നിങ്ങൾക്ക് മുന്നിലുണ്ട്.. ഇപ്പോൾ പഠിക്കാൻ ഉള്ള പ്രായമാണ്.. അത് ശ്രദ്ധിക്ക്.. ”

 

ദേഷ്യത്തോടെ അവൻ പറയുന്നത് കേട്ടപ്പോൾ അവൾ തല താഴ്ത്തി. അത് ഒന്ന് നോക്കികൊണ്ട് അവൻ നടന്നു നീങ്ങി.

 

എന്നാൽ അവൾ ആ നിൽപ്പിൽ നിന്ന് അനങ്ങിയതേയില്ല..!!

 

എന്റെ സ്നേഹവും ഇഷ്ടവും ഒക്കെ ഒരു തമാശ പോലെയാണോ ജിത്തേട്ടന് തോന്നിയത്..? ആത്മാർത്ഥമായ ഇഷ്ടത്തിന് ഒരു വിലയും ഇല്ല എന്നാണോ..?

 

അതോർക്കുമ്പോൾ അവളുടെ കണ്ണുകൾ അനിയന്ത്രിതമായി നിറയാൻ തുടങ്ങി.

 

എങ്കിലും വാശിയോടെ അവൾ അത് തുടച്ചു നീക്കി.

 

ചുറ്റും ആരൊക്കെയോ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നും, ആരൊക്കെയോ തന്നെ പരിഹസിക്കുന്നുണ്ട് എന്നുമൊക്കെ അവൾക്ക് തോന്നിത്തുടങ്ങി.

 

ആരെയും തലയുയർത്തി നോക്കാതെ അവൾ തിടുക്കപ്പെട്ട് വീട്ടിലേക്ക് നടന്നു. ഉമ്മറത്തു തന്നെയുണ്ടായിരുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി ഒരു ചിരി വരുത്തിക്കൊണ്ട് വേഗത്തിൽ മുറിയിലേക്ക് കയറി വാതിലടച്ചു.

 

അത്രയും നേരം ഒതുക്കി വച്ചിരുന്ന കരച്ചിൽ ചീളുകൾ മുഴുവൻ ഒരു പ്രളയം പോലെ പുറത്തേക്ക് വന്നു തുടങ്ങി.

 

എപ്പോൾ മുതലാണ് ജിത്തേട്ടനെ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് ഇപ്പോഴും അറിയില്ല. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ സ്കൂളിലേക്ക് ഗസ്റ്റ് ലെക്ചർ ആയി വന്നതായിരുന്നു ജിത്തേട്ടൻ.

 

അന്ന് അവിടെ വച്ച് കാണുമ്പോഴാണ് വീടിനടുത്തുള്ള ജിത്തേട്ടൻ അവിടെ സ്കൂളിലെ സാറാണ് എന്ന് അറിയുന്നത് പോലും.

 

ഒരേ നാട്ടുകാർ ആണെങ്കിൽ പോലും ഒരിക്കലും പരസ്പരം സംസാരിക്കേണ്ട ഒരു അവസരം പോലും തങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. സംസാരിക്കുന്നത് പോയിട്ട് കാണുന്നതു പോലും വിരളമായിരുന്നു.

 

ഇടയ്ക്ക് അമ്പലത്തിലെ ഉത്സവത്തിന് വായനശാലയിലെ പരിപാടിക്കോ ഒക്കെ ആയിട്ടാണ് അദ്ദേഹത്തിനെ കണ്ടിട്ടുള്ളത്. അങ്ങനെ ഒരിക്കൽ കണ്ടപ്പോഴാണ് അച്ഛൻ പരിചയപ്പെടുത്തി തന്നതും.

 

അന്ന് തന്നെ അദ്ദേഹത്തിനോട് ഒരു സ്പെഷ്യൽ ഫീലിംഗ് എനിക്ക് തോന്നിയതാണ്. എന്നിട്ടും അത് എന്റെ മാത്രം തോന്നൽ ആയിരിക്കും എന്ന് കരുതി ഒഴിവാക്കി വിടാനാണ് ശ്രമിച്ചത്.

 

പ്രായത്തിന്റെതായ ചാപല്യം കൊണ്ട് പലതും സംഭവിക്കും എന്ന് മനസ്സിലാക്കാനുള്ള വിവേകം അന്ന് തനിക്കുണ്ടായിരുന്നു.

 

പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞപ്പോൾ ഗസ്റ്റ് ലക്ചർ ആയി ക്ലാസിലേക്ക് വരികയും സ്ഥിരമായി കാണുകയും ഒക്കെ ചെയ്തപ്പോൾ മനസ്സിൽ വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കപ്പെടുകയായിരുന്നു.

 

ഒന്നര വർഷത്തോളം ആ ഇഷ്ടം മനസ്സിൽ തന്നെ മൂടി വെച്ചു. അപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ മറ്റ് ആർക്കും സ്ഥാനം ലഭിക്കരുത് എന്നുള്ള ഒരു ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു.

 

ആ മനസ്സ് എന്നും തനിക്ക് മാത്രം സ്വന്തമായിരിക്കണം എന്നുള്ള ഒരു ചെറിയ സ്വാർത്ഥത..!

 

ഇതിപ്പോൾ പ്ലസ് ടു അവസാനത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. സെന്റ് ഓഫ് പരിപാടികൾ നടക്കുകയാണ്. അതിനിടയിലാണ് എന്തുകൊണ്ട് തന്റെ ഇഷ്ടം അദ്ദേഹത്തെ അറിയിച്ചു കൂടാ എന്നൊരു തോന്നൽ മനസ്സിലേക്ക് വന്നത്.

 

അതുകൊണ്ടു തന്നെയാണ് മുന്നും പിന്നും നോക്കാതെ അദ്ദേഹത്തിനോട് ഇഷ്ടം പറഞ്ഞത്. പക്ഷേ കിട്ടിയ മറുപടി വല്ലാതെ തളർത്തി കളഞ്ഞു.

 

ഒരുപക്ഷേ തനിക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ടായിരിക്കാം തന്റെ ഇഷ്ടം ഒരു കുട്ടിക്കളിയായി മാത്രം അദ്ദേഹം കണക്കാക്കുന്നത്.

 

എന്റെ മനസ്സിൽ എന്നും അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ട് എന്ന് മനസ്സിലാകണമെങ്കിൽ ഞാൻ അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കുക തന്നെ വേണം.

 

അവൾ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.

 

പ്ലസ് ടുവിന്റെ പരീക്ഷാ സമയത്തൊക്കെ അവനെ കാണാറുണ്ടെങ്കിലും അവൾ ഇഷ്ടം പറഞ്ഞ് പിന്നാലെ ചെല്ലാറില്ല.

 

അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന ദിവസം അവൻ അവളെ കാത്തു നിന്നു.

 

” വേണി.. ഞാൻ തന്നെ നോക്കി നിന്നതാണ്.. ”

 

അവനെ കണ്ടപ്പോൾ ഒരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് നടന്നു നീങ്ങാൻ തുടങ്ങിയ പെൺകുട്ടിയെ അവൻ പിന്നിൽ നിന്ന് വിളിച്ചു. അവന്റെ വിളി കേൾക്കവേ എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ട് അവൾ തിരിഞ്ഞു നോക്കി.

 

” ഞാൻ അന്ന് തന്നോട് പെരുമാറിയത് കുറച്ചു മോശമായ രീതിയിലാണ് എന്നെനിക്കറിയാം. പക്ഷേ ഞാൻ നിന്റെ അധ്യാപകനാണ്.

 

മാതാ പിതാ ഗുരു ദൈവം എന്ന് തന്നെയല്ലേ നമ്മൾ പഠിച്ചിരിക്കുന്നത്..ദൈവതുല്യരാണ് ഗുരുക്കൾ എന്നാണ് പറഞ്ഞു കേൾക്കാത്തത്. അങ്ങനെയുള്ള ഗുരുവിനെ പ്രണയിക്കുന്നത് തെറ്റല്ലേ കുട്ടി..?

 

പിന്നെ മോൾക്ക് ഞാനുമായി എത്ര വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് കരുതിയിട്ടാണ്..? നമ്മൾ തമ്മിൽ ചുരുങ്ങിയത് ഒരു പത്ത് വയസ്സിന്റെ വ്യത്യാസം എങ്കിലും ഉണ്ടാകും. ഇങ്ങനെ നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്.

 

അതുകൊണ്ട് പഠനത്തിൽ മാത്രം ശ്രദ്ധിക്കണം. ഇപ്പോൾ തോന്നിയ ഇഷ്ടം തമാശയാണെന്ന് ഞാൻ കരുതിക്കോളാം. ഇതൊക്കെ മനസ്സിൽ നിന്ന് കളഞ്ഞ് നല്ല കുട്ടിയായി പഠിക്കണം.. എന്നും നിനക്ക് നല്ലൊരു സുഹൃത്തായി ഞാൻ കൂടെ ഉണ്ടാകും.. ”

 

അവൻ പറഞ്ഞപ്പോൾ ചങ്കു പിടയുന്നുണ്ടെങ്കിലും കണ്ണ് നിറയുന്നുണ്ടെങ്കിലും അത് അവൻ അറിയാതിരിക്കാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.

 

അവൻ പറഞ്ഞ വാക്കു പാലിക്കുന്നതു പോലെ പിന്നീട് ഓരോ നിമിഷത്തിലും ഓരോ ഉപദേശങ്ങൾ തരാനും കൃത്യമായി മാർഗ നിർദ്ദേശങ്ങൾ പറഞ്ഞു തരാനും അവൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.

 

പ്ലസ് ടു കഴിഞ്ഞ് ഏത് വിഷയത്തിന് പഠിക്കണം എന്നത് തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും അവളെ പറഞ്ഞു മനസ്സിലാക്കിയത് അവൻ തന്നെയായിരുന്നു.

 

അവൻ തന്റെ സുഹൃത്തായി നിലകൊള്ളുമ്പോൾ എപ്പോഴെങ്കിലും ഒരു നിമിഷത്തിലും തന്നോടുള്ള ഇഷ്ടം അവന്റെ മനസ്സിൽ പൊട്ടിമുളയ്ക്കും എന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.

 

ആ ഒരു പ്രതീക്ഷയിൽ തന്നെയായിരുന്നു അവൾ മുന്നോട്ടു പോയിരുന്നത്.

 

അവൾ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഇടിത്തി പോലെ ഒരു വാർത്ത അവളുടെ ചെവിയിൽ എത്തുന്നത്.അവൻ വിവാഹിതനാകുന്നു..!!

 

അവളുടെ മനസ്സിന് സഹിക്കാൻ കഴിയുന്ന ആഘാതം ആയിരുന്നില്ല അത്.

 

ജിത്തേട്ടൻ വേറെ വിവാഹം കഴിക്കുകയാണെങ്കിൽ പിന്നെ ഞാൻ ആരാ..? എന്നോട് ഒരിക്കലും അദ്ദേഹത്തിന് ഇങ്ങനെ ഒരു ഇഷ്ടം തോന്നിയിട്ടില്ലേ..? വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണോ ഇപ്പോൾ ഒരു വിവാഹം..? എന്നെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലായിരിക്കും..

 

ഇങ്ങനെയുള്ള ചിന്തകൾ കീറി മുറിക്കാൻ തുടങ്ങിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. ഹൃദയം വെന്തു പിടഞ്ഞു..

 

പിന്നീട് ഒരിക്കൽ തന്നെ കാണണം എന്ന് അവൻ ആവശ്യപ്പെട്ടത് പ്രകാരം അവനെ കാണാനായി അവൾ എത്തി. പക്ഷേ അവനോടൊപ്പം അന്ന് അവൻ താലി ചാർത്താൻ പോകുന്ന പെൺകുട്ടിയും ഉണ്ടായിരുന്നു.

 

അവനെ ചേർന്നു നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നീറി. തന്റെ സ്ഥാനം ആരോ അപഹരിച്ചത് പോലെയാണ് അവൾക്ക് തോന്നിയത്.

 

പക്ഷേ അവൻ ആ പെൺകുട്ടിക്ക് തന്നെ പരിചയപ്പെടുത്തിയത് കേൾക്കുമ്പോൾ ഭൂമി പിളർന്ന് താഴെ പോയിരുന്നു എങ്കിൽ എന്ന് വരെ അവൾ ചിന്തിച്ചു പോയി.

 

” എടോ ഇതാണ് ഞാൻ പറഞ്ഞ വേണി. എന്റെ സ്റ്റുഡന്റ് ആയിരുന്നു ഇപ്പോൾ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്ന് തന്നെ പറയാം. എന്റെ അനിയത്തി എന്ന് പരിചയപ്പെടുത്താൻ ആണ് എനിക്കിഷ്ടം.. ”

 

വേണിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആ പെൺകുട്ടിയോട് പറയുമ്പോൾ അവൾക്ക് സങ്കടം തോന്നി.

 

അവൾക്ക് പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് ആ പെൺകുട്ടിയെയും കൊണ്ടുവന്നത് എന്ന് കേട്ടപ്പോൾ തന്നെ കളിയാക്കുകയാണോ എന്നുപോലും അവൾ സംശയിച്ചു.

 

എങ്കിലും അവന്റെ കണ്ണിൽ കാണുന്ന നിഷ്കളങ്ക ഭാവവും അവന്റെ പുഞ്ചിരിയും ഒക്കെ അങ്ങനെ ചിന്തിക്കുന്നതിൽ നിന്ന് അവളെ വിലക്കി.

 

അവളോട് സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും കൂടി മടങ്ങി പോകുമ്പോൾ നിരാശ ബാധിച്ചതു പോലെ അവൾ അവിടെ തന്നെ നിന്നു.

 

അവന്റെ കല്യാണം കണ്ടു നിൽക്കുമ്പോൾ അവളുടെ ശരീരം വിറ കൊള്ളുന്നുണ്ടായിരുന്നു.

 

ഇനി ഒരിക്കലും തനിക്ക് അദ്ദേഹത്തിനെ കിട്ടില്ല.. അല്ലെങ്കിലും ഒരിക്കലും എന്നെ അങ്ങനെയൊരു സ്ഥാനത്ത് അദ്ദേഹം കണ്ടിട്ടു പോലുമില്ല. പിന്നെയും ഞാനെന്തിനാണ് അദ്ദേഹത്തിന് വേണ്ടി ഇങ്ങനെ കണ്ണീർ ഒഴുക്കുന്നത്..?

 

കിട്ടാതെ പോകുന്ന പ്രണയം മനസ്സിന്റെ വിങ്ങലാണ് എന്ന് അറിയാം.. എങ്കിലും.. അദ്ദേഹത്തിന്റെ സുഖ സന്തോഷങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു ജീവിതം തനിക്കും ആവശ്യം ഇല്ലല്ലോ..!

 

നിറഞ്ഞു വരുന്ന കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് അവൾ ആ കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങി നടന്നു. ഇടയ്ക്കെപ്പോഴോ അവളെ നോക്കിയ അവന്റെ കണ്ണുകളും അത് കണ്ടുപിടിച്ചിരുന്നു.

 

ഇനിയെങ്കിലും അവളുടെ മനസ്സിൽ നിന്ന് എന്നെ അകറ്റി നിർത്തണം ഭഗവാനെ..

 

ആ നിമിഷം അവന്റെ മനസ്സും പ്രാർത്ഥിക്കാൻ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *