തന്റെ വരനായി വരാൻ പോകുന്ന ആൾക്ക് അല്പം നിറം കൂടുതൽ ഉണ്ടെന്നതും സുന്ദരൻ ആണെന്നതും എന്തിനാണ് ഇത്രമാത്രം മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്നത്

(രചന: അംബിക ശിവശങ്കരൻ)

 

“ആഹ്… ചെക്കൻ നല്ല വെളുത്തു സുന്ദരൻ ആണല്ലോ?

 

വിവാഹമുറിപ്പിക്കൽ കഴിഞ്ഞ ഉടനെ വീട്ടിൽ എത്തുന്നവരെല്ലാം ചെറുക്കനെയും വീട്ടുകാരെയും കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ചടങ്ങ് നാട്ടിൽ പതിവുണ്ടല്ലോ?

 

വരുന്നവർ വരുന്നവർ ഇതുതന്നെ പറഞ്ഞു തുടങ്ങിയപ്പോൾ കറുപ്പ് നിറത്തോടും അല്പം തടിച്ച ശരീരത്തോടും കൂടിയ അഞ്ജലിയുടെ മനസ്സിൽ വല്ലാത്ത ദുഃഖം തോന്നി.

 

“തന്റെ വരനായി വരാൻ പോകുന്ന ആൾക്ക് അല്പം നിറം കൂടുതൽ ഉണ്ടെന്നതും സുന്ദരൻ ആണെന്നതും എന്തിനാണ് ഇത്രമാത്രം മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്നത്?

 

അപ്പോൾ തനിക്ക് വരനായി വരേണ്ടയാൾക്ക് ഇത്ര നിറവും ഇത്ര സൗന്ദര്യവും മാത്രമേ പാടുള്ളൂ എന്ന് ഇവരെല്ലാം നേരത്തെ കൂട്ടി വിധി എഴുതി വെച്ചിരുന്നുവോ?

 

കറുത്ത നിറമുള്ള വ്യക്തി ആ നിറമുള്ളയാളെയും വെളുത്ത നിറമുള്ള വ്യക്തി വെളുത്ത നിറമുള്ളയാളെയും മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ എന്നുണ്ടോ?

 

അവൾക്ക് ദേഷ്യവും നിരാശയും ഒരുപോലെ തോന്നി.

 

“അഞ്ജലിക്ക് ഗവൺമെന്റ് ജോലി ഉള്ളതുകൊണ്ടായിരിക്കും ചെക്കന്റെ വീട്ടുകാര് ചാടി വീണത് അല്ലേ ഇത്രയും നല്ല ചെക്കനെ എവിടുന്ന് കിട്ടാനാ?”

 

വന്നവരിൽ ഏറ്റവും കുത്തിതിരിപ്പ് സ്വഭാവക്കാരിയായ ശാന്തമ്മായി ആരോടോ അടക്കം പറയുന്നത് കൂടി കേട്ടതോടെ അവളുടെ ആത്മവിശ്വാസം നൂല് പൊട്ടിയ പട്ടം പോലെയായി.

 

” അമ്മേ നമുക്ക് ഈ ആലോചന വേണ്ടെന്നു വെച്ചാലോ? ”

 

ഒറ്റയ്ക്കായ നേരം നോക്കിയാണ് അവൾ അമ്മയോട് ആ ആവശ്യം ഉന്നയിച്ചത്.

 

“വേണ്ടെന്നു വയ്ക്കാനോ? എന്താ അമ്മു നിനക്ക് വട്ടായോ?”

 

അവർ ആശ്ചര്യ രൂപേനെ തന്റെ മകളെ നോക്കി. മൗനം പാലിച്ചു നിൽക്കുന്ന മകളെ നോക്കി അവർ വീണ്ടും തുടർന്നു.

 

“എന്താ അമ്മു എത്ര നല്ല കുടുംബക്കാരാണ് അവർ? പണ്ട് തൊട്ടേ നല്ല പേര് കേട്ട തറവാട്ടുകാരാ… നിന്റെ അച്ഛന്റെ സുഹൃത്ത് കൂടിയ വൈശാഖിന്റെ അച്ഛൻ അതറിയാലോ….

 

നിന്നോട് കൂടി സമ്മതം ചോദിച്ചിട്ടല്ലേ അമ്മു ഈ ബന്ധം ഉറപ്പിച്ചത്? എന്നിട്ട് ഇപ്പൊ എന്താ മോളെ നിനക്ക് വിവാഹത്തിന് താല്പര്യം ഇല്ലേ?”

 

അവരുടെ ആവലാതി വർദ്ധിച്ചു.

 

“അമ്മ ഭയക്കുന്നത് പോലെ ഒന്നും ഉണ്ടായിട്ടല്ല. എനിക്ക് ചേരുന്ന ഒരാളെ കണ്ടുപിടിക്കുന്നതല്ലേ നല്ലത്?കുറച്ചുകൂടി സൗന്ദര്യം കുറഞ്ഞൊരാളെ…

 

ചിലപ്പോൾ അച്ഛന്റെ താൽപര്യത്തിന് വൈശാഖേട്ടൻ സമ്മതം മൂളിയത് ആണെങ്കിലോ? കെട്ടാൻ പോകുന്ന കുട്ടിയെ കുറിച്ച് വൈശാഖേട്ടനും ഉണ്ടാകില്ലേ സങ്കല്പങ്ങൾ?”

 

അത് കേട്ടതും അവർക്ക് ചിരിയാണ് വന്നത്.

 

” അതിനാരാ നിനക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞത്? എന്റെ അമ്മൂ…നിറമാണോ ഒരാളുടെ സൗന്ദര്യം നിശ്ചയിക്കുന്നത്? സൗന്ദര്യം ഓരോ കണ്ണിലും വ്യത്യസ്തമായിരിക്കും. അല്പം നിറം കുറഞ്ഞാൽ എന്താ എന്റെ മോൾ മറ്റാരെക്കാളും സുന്ദരിയാ… ”

 

അമ്മയുടെ വാക്കുകൾ അല്പം ആശ്വാസം പകർന്നെങ്കിലും എന്തോ അവളുടെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞുനിന്നു.

 

“എന്താ മോളെ എന്താ എന്റെ മോളുടെ പ്രശ്നം? എന്തുണ്ടെങ്കിലും അമ്മയോട് തുറന്നു പറ.”

 

അന്നേരമാണ് അച്ഛനും അങ്ങോട്ടേക്ക് രംഗപ്രവേശം നടത്തിയത്.

 

” എന്താ അമ്മയും മോളും കൂടി ഗൗരവമേറിയ ചർച്ച. എന്നോടും കൂടി പറയെന്നെ… ”

 

അച്ഛൻ വന്നതും അവർ നടന്ന കാര്യങ്ങൾ എല്ലാം വിശദീകരിച്ചു.

 

എല്ലാം കേട്ട ശേഷം അയാൾ തന്റെ മകളെ ചേർത്തുപിടിച്ചു.

 

“എന്താ അമ്മു എന്താ എന്റെ മോളുടെ മനസ്സിൽ കയറിക്കൂടിയ വിഷമം? എന്തുണ്ടെങ്കിലും അച്ഛനോട് പറയ് മോളുടെ ഒരു ഇഷ്ടത്തിനും അച്ഛൻ എതിര് നിൽക്കില്ല.”

 

തന്റെ അച്ഛന്റെ വാത്സല്യപൂർവ്വമുള്ള പെരുമാറ്റം അവളുടെ കണ്ണുകളെ ഈറൻ അണിയിച്ചു. അവൾ കേട്ട കാര്യങ്ങൾ അച്ഛനോടും അമ്മയോടും വിശദീകരിച്ചു. അത് കേട്ട് കഴിഞ്ഞതും അവർ പരസ്പരം ഒന്ന് നോക്കി ചിരിച്ചു

 

“ഇതിനാണോ അമ്മു നീ എങ്ങനെ അപ്സെറ്റ് ആയത്? ഞാൻ കരുതി എന്തോ വലിയ പ്രശ്നമാണെന്ന്.

 

ശാന്ത ചേച്ചിയുടെ സ്വഭാവം ആർക്ക അറിയാത്തത്? നിനക്ക് ജോലി കിട്ടി എന്ന് അറിഞ്ഞപ്പോൾ തന്നെ എന്തായിരുന്നു അവരുടെ അസൂയ? അതൊന്ന് ശമിക്കും മുൻപേ അല്ലേ ഇതും…

 

അവരുടെ മക്കൾക്ക് കിട്ടാത്ത സൗഭാഗ്യങ്ങളൊന്നും തന്നെ ബാക്കിയുള്ള കുട്ടികൾക്കും കിട്ടരുത്. ആ ഒരു മാനസികാവസ്ഥയാണ് അവർക്ക് എല്ലാവരോടും.

 

അടുത്ത ബന്ധം ആയതുകൊണ്ട് തന്നെ വീട്ടിൽ ഒരു ചടങ്ങ് നടക്കുമ്പോൾ വിളിക്കാതിരിക്കാനും പറ്റില്ലല്ലോ? ഇത്തരം ആളുകളുടെ വായടപ്പിക്കാനും നമുക്ക് കഴിയില്ല.അതുകൊണ്ട് എന്റെ മോള് ഇതെല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റ് ചെവിയിലൂടെ അങ്ങ് വിട്ടേക്ക്.

 

ആരും മോളെ നിർബന്ധിക്കുന്നില്ല. വാക്ക് മാത്രമല്ലേ കൊടുത്തിട്ടുള്ളൂ… പക്ഷേ ഇത്തരം ആൾക്കാരുടെ മുന്നിൽ തോറ്റു കൊടുക്കാനാണ് ഭാവമെങ്കിൽ ജീവിതകാലം മുഴുവനും തോറ്റു കൊടുക്കേണ്ടി വരും.”

 

അച്ഛൻ പറഞ്ഞു നിർത്തിയതും അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നു.

 

“എനിക്ക് സമ്മതക്കുറവ് ഒന്നുമില്ല. അവർ പറയുന്നത് കേട്ടപ്പോൾ ചെറിയൊരു വിഷമം തോന്നി.”

 

അവൾ മടിച്ചുമടിച്ചുകൊണ്ട് തന്റെ തീരുമാനം വ്യക്തമാക്കി.

 

പിന്നീട് കല്യാണത്തിന്റെ നീക്കങ്ങൾ എല്ലാം പെട്ടെന്ന് തന്നെ നടന്നു.

 

വൈശാഖ് വിളിച്ചു സംസാരിക്കുമ്പോഴൊക്കെയും പൂർണ്ണ സമ്മതത്തോടെയാണോ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് അവൾക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.

 

പക്ഷേ എന്തോ വാക്കുകൾ തൊണ്ടയിൽ ഉടക്കി നിന്നു. ഇടയ്ക്കൊക്കെ ഉണ്ടാകാറുള്ള കണ്ടുമുട്ടലുകളിലും തന്റെ നിറമെടുത്ത് അറിയിക്കാത്ത തരത്തിലുള്ള കളറുകൾ ഇടാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

 

കല്യാണസാരി തിരഞ്ഞെടുക്കുന്ന നേരം കയ്യും കണ്ണും ഒരുപോലെ ചെന്നത് അവൾക്കേറെ പ്രിയപ്പെട്ട ഗോൾഡൻ കളർ പട്ട് സാരിയിലേക്കാണ്.

 

ഈ കളറിനേക്കാൾ ലൈറ്റ് പിങ്ക് കളർ ആണ് കൂടുതൽ ചേരുന്നതെന്ന് കൂടെ വന്നവർ പറഞ്ഞപ്പോൾ തന്നെ എന്തോ അവളുടെ മുഖം വാടി.

 

“അഞ്ജലിക്ക് ഇഷ്ടമായത് എടുത്തോട്ടെ ആ സാരി നന്നായിട്ടുണ്ടല്ലോ..”

 

എല്ലാവർക്കും മുകളിൽ വൈശാഖിന്റെ തീരുമാനം തനിക്ക് അനുകൂലമായതോടെ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

 

കല്യാണദിവസം അവൾക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നി. ചുറ്റും കൂടി നിന്നവർ തങ്ങളെ നോക്കി പരിഹസിക്കുന്നതായി അവൾക്ക് തോന്നി.

 

എങ്ങനെയെങ്കിലും ഈ ഫംഗ്ഷൻ ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് അവൾ മനസ്സുകൊണ്ട് ആഗ്രഹിച്ചു. തന്റെ അപകർഷതാബോധം ആണെന്ന് അവൾക്കറിയാമെങ്കിലും ചിലപ്പോഴൊക്കെ അതിനെ മറികടക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.

 

“വൈശാഖേട്ടാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ?”

 

എല്ലാവരും പോയി കഴിഞ്ഞ് രാത്രി മുറിയിൽ ഒറ്റയ്ക്കായ നേരമാണ് അവൾ ചോദിച്ചത്.

 

“ആഹാ..ഞാൻ സിനിമയിലാണ് ഇത്തരം സീൻ കണ്ടിട്ടുള്ളത്. ആദ്യരാത്രി പരസ്പരമുള്ള സത്യം തുറന്നു പറച്ചിൽ. ഏതായാലും താൻ ചോദിക്ക്. ഭാര്യയുടെ മുന്നിൽ മറച്ചുവയ്ക്കാൻ പാകത്തിലുള്ള തെറ്റുകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല.”

 

അവൻ കിടു കിടെ ചിരിച്ചു

 

“വൈശാഖേട്ടന്റെ സ്വന്തം ഇഷ്ടത്തിന് ആണോ ഈ വിവാഹത്തിന് സമ്മതിച്ചത്? അതോ അച്ഛന്റെ താല്പര്യം പ്രകാരമോ? ഈ നിമിഷത്തിൽ ഈ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നറിയാം എങ്കിലും എന്റെ സമാധാനത്തിനു വേണ്ടി….”

 

കുറച്ചു ദിവസങ്ങളായി മനസ്സിൽ അടയ്ക്കി വെച്ചിരുന്ന ചോദ്യം തുറന്നു ചോദിച്ചപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

 

“എന്താ സംശയം? അച്ഛന്റെ നിർബന്ധത്തിന്.”

 

നിസ്സംശയം അവനത് പറഞ്ഞപ്പോൾ തലയ്ക്ക് ഒരടിയേറ്റത് പോലെയായി അവൾക്ക്. കേൾക്കാൻ ആഗ്രഹിച്ച മറുപടി മറ്റൊന്ന് ആയിരുന്നെങ്കിലും കേൾക്കേണ്ടിവന്ന മറുപടി കേട്ട് അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

 

” എടോ സത്യം പറഞ്ഞാൽ എനിക്ക് ഈ വിവാഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പിന്നെ അച്ഛൻ ആദ്യമായി ഒരു ആഗ്രഹം പറഞ്ഞു വന്നപ്പോൾ എങ്ങനെയാ നിരസിക്കുക എന്ന് കരുതിയാണ് മനസ്സില്ല മനസ്സോടെ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്.

 

അച്ഛന്റെ സുഹൃത്തിന് കൊടുത്ത വാക്ക് ഞാൻ കാരണം തെറ്റേണ്ടെന്ന് കരുതി. ഇനിയിപ്പോൾ എല്ലാം കഴിഞ്ഞില്ലേ തന്നോട് ഇതൊന്നും പറയണമെന്ന് കരുതിയതല്ല ഇപ്പോൾ താൻ ചോദിച്ചതുകൊണ്ട് മാത്രം പറഞ്ഞെന്നേയുള്ളൂ… ”

 

അവൻ പറഞ്ഞു നിർത്തിയതും അവൾ തലകുനിച്ചിരുന്നു ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു.!

 

“തനിക്ക് നല്ല ഇൻഫിരിയോലിറ്റി കോംപ്ലക്സ് ഉണ്ടല്ലേടോ”

 

ചിന്തയിലാഴ്ന്നിരുന്ന അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

 

” ഒരിക്കൽ ശാന്തമ്മായി പറഞ്ഞത് കേട്ട് ഈ കല്യാണം വേണ്ടെന്നു പറഞ്ഞതും, സൗന്ദര്യം കുറഞ്ഞ ഒരാളെ മതി എന്നു പറഞ്ഞതും ഒക്കെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു.

 

അത് കേട്ട് താൻ ഇപ്പോൾ ചോദിച്ച ചോദ്യം എന്നോട് തന്റെ അച്ഛനും ചോദിച്ചിരുന്നു.

 

ഇതേ ചോദ്യം തന്നിൽ നിന്നും ഞാൻ കുറച്ചുനാളുകളായി പ്രതീക്ഷിച്ചിരുന്നതാണ്. എപ്പോൾ ചോദിച്ചാലും ഇങ്ങനെ ഒരു മറുപടി ഞാൻ കാത്തുവെച്ചത് ആയിരുന്നു.”

 

തനിക്ക് മുന്നിലിരുന്ന് ചിരിക്കുന്ന വൈശാഖിന്റെ ചിരിയുടെ അർത്ഥം മനസ്സിലാകാതെ അവളിരുന്നു.

 

എനിക്കിഷ്ടമല്ലെങ്കിൽ ഞാനത് അച്ഛന്റെ മുഖത്ത് നോക്കി തന്നെ തുറന്നു പറയുമായിരുന്നു. മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെ പേരിൽ സ്വന്തം ജീവിതം ഹോമിക്കാൻ ഒന്നും ഇന്നത്തെ കാലത്ത് ആരും തയ്യാറാവില്ല.

 

പിന്നെ, ഞാൻ എന്ത് കാരണം പറഞ്ഞാണ് തന്നെ ഇഷ്ടമല്ലെന്ന് പറയേണ്ടിയിരുന്നത്?അല്പം നിറം കുറഞ്ഞു പോയെന്നതിന്റെ പേരിലോ? അല്ലെങ്കിൽ തടി കൂടിയതിന്റെ പേരിലോ?

 

താനെന്റെ അച്ഛനെയും അമ്മയെയും ശ്രദ്ധിച്ചിട്ടില്ലേ?അച്ഛനേക്കാൾ നിറം കുറവാണ് അമ്മയ്ക്ക്. തടിയും ഉണ്ട്. എന്നിട്ട് അവരുടെ സ്നേഹത്തിൽ ഇന്നേവരെ ഒരു കുറവും ഞാൻ കണ്ടിട്ടില്ല.

 

തന്നെ ആദ്യം കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയുടെ മുഖമാണ് ഓർമ്മവന്നത്.അമ്മയോട് ഉള്ള അത്രയും സ്നേഹമാണ് എനിക്കിപ്പോ തന്നോട് തോന്നുന്നത്.

 

അല്ലേലും പറഞ്ഞിട്ട് കാര്യമില്ല…. നമ്മുടെ നാടല്ലേ… അത് അങ്ങനെയേ വരു.. മറ്റുള്ളവരല്ലേ ഇവിടെ ഭാവി നിശ്ചയിക്കുന്നത്? തന്റെ കഴുത്തിൽ താലികെട്ടിയ എനിക്കും പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക്? പിന്നെ…

 

ഒരുപാട് ശാന്തമ്മായിമാർ ഇനിയും വരും. അന്നേരം അതും കേട്ട് കോംപ്ലക്സ് അടിച്ചു മാറിയിരുന്ന് കരയാൻ ഒന്നും നിൽക്കേണ്ട.

 

ഒരുപാട് അങ്ങ് പാവമായി കൊടുത്താൽ വരുന്നവരും പോകുന്നവരും ഒക്കെ അങ്ങ് തലയിൽ കയറും പറഞ്ഞേക്കാം. ”

 

ഇത്രനാൾ മനസ്സിലിട്ട് കൂട്ടിയിരുന്ന ആവശ്യമില്ലാത്ത ചിന്തകളെ ഈ നിമിഷം അവൾ ചവറ്റു കൊട്ടയിലേക്ക് പറിച്ചെറിഞ്ഞു. അച്ഛന്റെ തീരുമാനം ഒരിക്കലും തെറ്റിയിട്ടില്ല അവൾ സന്തോഷത്തോടെ തന്റെ ഭർത്താവിന്റെ മാറിലേക്ക് ചാഞ്ഞു.

 

രണ്ടുദിവസത്തിനുശേഷം വിരുന്ന് പോകാൻ ഇറങ്ങുമ്പോൾ വൈശാഖിന്റെ അമ്മയാണ് അവളെ ഒരുക്കിയതും സാരി ഉടുപ്പിച്ചു കൊടുത്തതും എല്ലാം.

 

അവരുടെ സ്നേഹം അവളെ വളരെയധികം കംഫർട്ടബിൾ ആക്കി. ഉച്ചയോടെ വീട്ടിലേക്ക് എത്തിയതും അവിടെ എല്ലാവരും ഉണ്ടായിരുന്നു.

 

ഊണ് കഴിഞ്ഞ് സംസാരിച്ചിരിക്കുന്ന നേരമാണ് ശാന്തമ്മായി വീണ്ടും വന്നത്.

 

“നീ വീണ്ടും കറുത്തല്ലോ അഞ്ജു… കല്യാണത്തിന് ഫേഷ്യൽ ചെയ്തതൊക്കെ വെറുതെയായി. അല്പം തടിയും കൂടിയിട്ടുണ്ട്.”

 

വൈശാഖിന്റെ മുന്നിൽ അവളെ കൊച്ചാക്കി കാണിക്കുക എന്നതാണ് ഉദ്ദേശം എന്ന് എല്ലാവർക്കും മനസ്സിലായി.

 

” കറുത്താലും വെളുത്താലുമൊക്കെ എന്താ എന്റെ അമ്മായി… എന്റെ ഭർത്താവും അവരുടെ വീട്ടുകാരും കറുപ്പും വെളുപ്പും നോക്കുന്നവർ അല്ല. അതുകൊണ്ടുതന്നെ നിറം കുറയുന്നതിനനുസരിച്ച് ഒരിക്കലും അവരുടെ സ്നേഹത്തിനും കുറവ് വരില്ല. അതല്ലേ ഏറ്റവും വലിയ ഭാഗ്യം. ”

 

പ്രതീക്ഷിക്കാതെയുള്ള അവളുടെ മറുപടി കേട്ട് അവരുടെ വായടഞ്ഞു. തന്റെ മകളുടെ പ്രതികരണശേഷി കണ്ടു ഒരു നിമിഷം അമ്മയും അച്ഛനും പകച്ചു നിന്നുപോയി

 

” എന്താ വൈശാകേട്ട ഇത്രയും പോരേ? ”

 

ആരും കേൾക്കാതെ അവന്റെ കാതിലവൾ മന്ത്രിച്ചതും അവനവളുടെ കൈത്തലം മുറുകെ പിടിച്ചു കൊണ്ട് ഒരു കള്ള ചിരി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *