അയ്യോ വേണ്ട റാം ഇപ്പോൾ തന്നെ രാത്രി ആയി, ഇന്ന് സമാധാനമായി ഉറങ്ങിക്കോ രാവിലെ വന്നാൽ മതി…”

മൗന നൊമ്പരങ്ങൾ

(രചന: ശ്യാം കല്ലുകുഴിയിൽ)

 

” എന്നെയൊന്ന് വിളിക്കുമോ…” ജോലി കഴിഞ്ഞ് വന്ന് മൊബൈലിൽ നെറ്റ് ഓൺ ആക്കിയപ്പോൾ ആണ് രഞ്ജിനിയുടെ മെസ്സേജ് റാം കാണുന്നത്.

 

അത് ഓപ്പൻ ആക്കിനോക്കുമ്പോൾ ഏതാണ്ട് മൂന്ന് മണിക്കൂർ മുൻപ് അയച്ച മെസ്സേജ് ആണ്,

 

അവളുടെ നമ്പറിൽ വിളിച്ചാലും കിട്ടില്ല ഇപ്പോൾ ഓൺലൈനും ഇല്ല എന്നാലും വാട്ട്സ് ആപ്പിലേക്ക് റാം വെറുതെ വിളിച്ചു നോക്കി. വിചാരിച്ചത് പോലെ തന്നെ ബെൽ അടിച്ചു നിന്നത് അല്ലാതെ മറുപടി ഒന്നുമില്ല…

 

മൊബൈൽ കട്ടിലിലേക്ക് ഇട്ടിട്ട് റാമും കട്ടിലിലേക്ക് വെറുതെ കിടന്നു. റാമിന്റെ മനസ്സ് നിറയെ രഞ്ജിനി മാത്രമായിരുന്നു, എന്തിനാവും അവൾ വിളിക്കാൻ പറഞ്ഞത്,

 

ഇനി വയ്യയ്ക് വല്ലതും കൂടി കാണുമോ, അങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോഴും ഇടയ്ക്ക് മൊബൈൽ എടുത്ത് രഞ്ജിനി ഓൺലൈൻ വന്നിട്ടുണ്ടോ എന്ന് നോക്കിയിരുന്നു…

 

കുറച്ചുനേരം കിടന്നിട്ട് റാം എഴുന്നേറ്റ് കിച്ചനിലേക്ക് പോയി കട്ടൻ കാപ്പി ഇട്ടു, അത് ഗ്ലാസ്സിൽ പകർന്ന് കുടിക്കമ്പോഴും രഞ്ജിനിയുടെ മെസേജ് വരുന്നുണ്ടോ എന്നായിരുന്നു ശ്രദ്ധ,

 

പിന്നെയും ഒരുപാട് സമയം കഴിഞ്ഞാണ് മൊബൈലിൽ മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം റാം കേൾക്കുന്നത്, പെട്ടെന്ന് മൊബൈൽ എടുത്ത് നോക്കുമ്പോൾ കണ്ടു രഞ്ജിനിയുടെ മെസ്സേജ്…

 

” ഞാൻ ജോലിയിൽ ആയിരുന്നു കണ്ടില്ല മെസ്സേജ്, ഇപ്പോൾ വിളിക്കട്ടെ…” അവൻ മെസ്സേജ് അയച്ച് വീണ്ടും മറുപടിക്ക് കാത്തിരുന്നു…

 

” അപ്പോൾ ഒന്ന് സംസാരിക്കാൻ തോന്നി അതാണ് പറഞ്ഞത്, ഇപ്പോൾ വെറുതെ കണ്ണടച്ച് കിടക്കാനാണ് തോന്നുന്നത്…”

 

അവളുടെ മറുപടി കണ്ടപ്പോൾ റാമിന് അല്പം നിരാശ തോന്നിയെങ്കിലും അവളോട് പരിഭവം പറഞ്ഞില്ല…

 

” എന്നാൽ കിടന്നോളൂ പിന്നെ വരാം…”

 

അതിനുള്ള മറുപടി ഒരു മൂളൽ ആകുമെന്ന് അറിയാവുന്നത് കൊണ്ട് രഞ്ജിനിയുടെ മറുപടിക്ക് നിൽക്കാതെ മൊബൈൽ മേശപ്പുറത്ത് വച്ച് ആഹാരം ഉണ്ടാക്കുന്ന തിരക്കിലേക്ക് നീങ്ങി റാം…

 

ഭക്ഷണം ഉണ്ടാക്കി കുളിയൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും രഞ്ജിനിയുടെ കാൾ വന്നു റാമിന്…

 

” ഹലോ….”

 

” ഉം… ജോലിയൊക്കെ കഴിഞ്ഞോ..”

 

രഞ്ജിനിയുടെ നേർത്ത ശബ്ദം കെട്ടപ്പോഴേക്കും റാമിന്റെ മനസ്സിന് ഒരു ആശ്വാസമായി…

 

” ഉം കഴിഞ്ഞു എങ്ങനെ ഉണ്ടിപ്പോൾ കിടപ്പ് തന്നെയാണോ..”

 

” വല്ലാത്തൊരു ക്ഷീണം മനസ്സിനും ശരീരത്തിനും, വെറുതെ ഇങ്ങനെ കിടക്കുവാൻ തോന്നുവാ…”

 

ഇടയ്ക്ക് അവളുടെ ശബ്ദം ഇടറുന്നതും, ചെറിയ ശ്വാസം മുട്ടലും റാം തിരിച്ചറിഞ്ഞു…

 

” ആഹാ ഇന്നും ശ്വാസം മുട്ടൽ ഉണ്ടല്ലോ…”

 

” ഏയ്‌ അതികമൊന്നും ഇല്ല ചെറുതായിട്ട്…”

 

ശ്വാസം മുട്ടലിന്റെ ബുദ്ധിമുട്ടിലും ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. അവളോട് സന്തോഷത്തോടെ സംസാരിക്കാൻ ശ്രമിക്കുമ്പോഴും റാമിന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു നീറ്റിൽ ഉണ്ടായിരുന്നു…

 

” എന്നാ താൻ നാട്ടിലേക്ക്….”

 

” മിക്കവാറും അടുത്ത ആഴ്ച്ച വരും റാം…”

 

” എപ്പോഴത്തെയും പോലെ ആണോ അതോ ശരിക്കും വരുമോ…”

 

” താൻ പോടോ ഞാൻ വരും…..”

 

ചിരിച്ചുകൊണ്ടുള്ള റാമിന്റെ ചോദ്യത്തിന് അവൾ ചിരിച്ചുകൊണ്ട് തന്നെ മറുപടി നൽകി…

 

” സത്യം റാം ഞാൻ വരും, എനിക്ക് തന്നെ കാണണം, ഒരു മൂന്ന് നാല് ദിവസം നമുക്ക് എവിടെയെങ്കിലും ഒന്ന് മാറി നിൽക്കണം, അതെന്റെ വല്യൊരു ആഗ്രഹം ആണ്…”

 

ശ്വാസം മുട്ടലിന്റെ ബുദ്ധിമുട്ടിലും അവൾ അത് പറയുമ്പോൾ ആ വാക്കുകളിലെ ആത്മവിശ്വാസം റാം ശ്രദ്ധിച്ചിരുന്നു…

 

” ആദ്യം താനൊന്ന് വാ അത് കഴിഞ്ഞു നമുക്ക് ആലോചിക്കാം നാലു ദിവസം ആണോ നാല് വർഷം ആണോ എന്നൊക്കെ….”

 

” എന്നാൽ ഞാൻ വയ്ക്കട്ടെ റാം, വല്ലാതെ ബുദ്ധിമുട്ട് തോന്നുന്നുണ്ട്…” വീണ്ടും അവളുടെ വാക്കുകൾ ഇടറിയിരുന്നു…

 

” എന്നാൽ ശരി വച്ചോളൂ, ധൈര്യമായി ഇരിക്ക്….”

 

മറുപടിയായി ഒന്ന് മൂളിക്കൊണ്ട് രഞ്ജിനി കാൾ കട്ട് ആക്കി. മൊബൈൽ മേശപ്പുറത്ത് വയ്ക്കുമ്പോൾ വീണ്ടും റാമിന്റെ മനസ്സിൽ രഞ്ജിനിയുടെ ഓർമ്മകൾ നിറഞ്ഞു..

 

പലപ്പോഴും ഇതുപോലെ അടുത്ത ആഴ്ച്ച വരുമെന്ന് പറഞ്ഞിട്ടുണ്ട് എങ്കിലും സമയം ആകുമ്പോൾ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് വരും അതോടെ ആ യാത്ര നിർത്തി വയ്ക്കാറാണ് പതിവ്,

 

രണ്ടാളും ഒരുമിച്ചു നെയ്ത് കൂട്ടിയ സ്വപങ്ങളും, അതിനെ ഓർത്തുള്ള നിരാശയും, ആരും കാണാതെയുള്ള കണ്ണുനീരും മാത്രം ബാക്കിയാകും….

 

അതുകൊണ്ട് തന്നെ ഇത്തവണ രഞ്ജിനി നാട്ടിലേക്ക് വരുമെന്ന് പറഞ്ഞതിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഒന്നും നെയ്ത് കൂട്ടിയില്ല, കാണാനുള്ള വിധി അത് ഉണ്ടേൽ എപ്പോൾ ആയാലും കാണും ആ ഒരു സമാധാനത്തോടെ റാമും ഇരുന്നു….

 

” റാം ഞാൻ വീട്ടിൽ എത്തി കേട്ടോ…”

 

പതിവ്പോലെ ജോലി കഴിഞ്ഞ് വരുമ്പോഴാണ് രഞ്ജിനിയുടെ ആ മെസ്സേജ് റാം കണ്ടത്,പെട്ടെന്ന് അത് കണ്ടപ്പോൾ റാമിന് വിശ്വസിക്കാൻ കഴിഞ്ഞില്ല..

 

“ഏയ്‌ താൻ എന്നെ പറ്റിക്കാൻ പറയുകയല്ലേ….”

 

“അല്ലടോ ഞാൻ വീട്ടിൽ ഉണ്ട്…”

 

അതിനൊപ്പം വീട്ടിൽ നിൽക്കുന്ന ഒരു ഫോട്ടോയും കൂടി റാമിന് അയച്ചുകൊടുത്തു. അത് കണ്ടപ്പോൾ റാമിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി…

 

” ദേ ഇപ്പോൾ വിശ്വാസം ആയല്ലോ… റാം എപ്പഴാ ഇവിടേക്ക് വരുന്നത്….”

 

” എന്നാ ഞാൻ ഇപ്പോൾ തന്നെ വരട്ടെ….”

 

” അയ്യോ വേണ്ട റാം ഇപ്പോൾ തന്നെ രാത്രി ആയി, ഇന്ന് സമാധാനമായി ഉറങ്ങിക്കോ രാവിലെ വന്നാൽ മതി…”

 

രഞ്ജിനി അത് പറയുമ്പോഴും റാമിന്റെ മനസ്സ് അവൾക്കരികിൽ ഓടി എത്താൻ കൊതിച്ചിരുന്നു. ഏതാണ്ട് മൂന്ന് വർഷം ആയിയുള്ള കാത്തിരിപ്പ്, അത് ഈ രത്രി തന്നെ അവസാനിക്കണം എന്നവൻ വല്ലാതെ കൊതിച്ചു.

 

പിന്നെ ഒന്നും ആലോചിക്കാതെ നേരെ ബൈക്കും എടുത്ത് അവൾക്കരികിലേക്ക് യാത്ര തുടർന്നു, ഏതാണ്ട് നാലു മണിക്കൂർ എത്തും അവിടെ എത്താൻ,

 

എന്നാൽ ഇന്ന് അതൊന്നും ഒരു ദൂരമായി അവന് തോന്നിയില്ല എത്രയും പെട്ടെന്ന് അവൾക്കരികിൽ എത്തണം എന്നൊരു ആഗ്രഹം മാത്രമേ റാമിന് ഉണ്ടായിരുന്നുള്ളു…

 

അവൾ മുൻപ് കൊടുത്തിരുന്ന അഡ്രെസ്സ് നോക്കി രഞ്ജിനിയുടെ വീട്ടിൽ എത്തുമ്പോൾ സമയം ഏതാണ്ട് പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. റാം കാളിങ് ബെല്ലിലേക്ക് വിരൽ അമർത്തും മുൻപേ വീടിന്റെ വാതിൽ തുറന്നിരുന്നു

 

വാതിൽ തുറന്ന് പുറത്തേക്ക് വന്ന രഞ്ജിനിയുടെ മുഖം നിലവെളിച്ചതിൽ റാം അവ്യക്തമായി കണ്ടു, രണ്ടാളും ഒന്നും മിണ്ടാതെ അൽപ്പനേരം കണ്ണുകളിൽ നോക്കി നിന്നു. പിന്നെ പതിയെ പതിയെ രണ്ടാളുടെയും മുഖത്ത് ചിരി വിടർന്നു…

 

” താൻ ഉറങ്ങിയില്ലായിരുന്നോ…” റാം മെല്ലെ ചോദിച്ചു…

 

” എനിക്ക് അറിയാമായിരുന്നു റാം ഈ രാത്രി തന്നെ എത്തുമെന്ന്…”

 

” പിന്നെന്താ ഈ ലൈറ്റ് ഒക്കെ ഓഫ് ആക്കി വച്ചേക്കുന്നെ…”

 

” അത് ഞാൻ ഓഫ് ആക്കിയത് അല്ല കറന്റ് പോയതാ, ഒരു കണക്കിന്‌ അതും നന്നായി ആദ്യം കാണുമ്പോൾ ഉള്ള ഒരു ചമ്മൽ അല്ലെൽ ഒരു നാണം ഉണ്ടല്ലോ അതങ്ങ് ഒഴിവായി കിട്ടും….”

 

രഞ്ജിനി അത് പറയുമ്പോൾ റാമും ചിരിച്ചു…

 

” ഇന്നെത്തും എന്ന് താൻ ഒന്ന് പറഞ്ഞുകൂടി ഇല്ലല്ലോ ദുഷ്‌ടെ…”

 

“അതൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി…”

 

” ആ നല്ല സർപ്രൈസ് ആണ്…”

 

അത് പറഞ്ഞ് റാം ഉമ്മറത്തെ പടികളിൽ ഇരുന്നു, അവൻ തിരിഞ്ഞ് രഞ്ജിനിയെ നോക്കുമ്പോൾ രഞ്ജിനിയും വന്ന് അവന്റെ അരികിൽ ഇരുന്നു…

 

രഞ്ജിനി വന്ന് ഇരിക്കുമ്പോഴേക്കും കറന്റ് വന്നു, മുറ്റത്ത് തെളിഞ്ഞ വെട്ടത്തിൽ റാം തല ചരിച്ച് രഞ്ജിനിയെ നോക്കി, രഞ്ജിനിയും റാമിനെ നോക്കി ഇരിക്കുക ആയിരുന്നു….

 

” ഞാൻ പ്രതീക്ഷിച്ചതിലും സുന്ദരി ആണ് കേട്ടോ താൻ…” റാം ചിരിച്ചുകൊണ്ട് പറയുമ്പോൾ രഞ്ജിനിയുടെ മുഖത്ത് നാണം നിഴലിച്ചു..

 

” അയ്യടാ…എന്നാലെ ഞാൻ ഈ ലൈറ്റ് അണയ്ക്കാം ഇരുട്ടത്ത് ഇരുന്നാൽ മതി അതാണ് നല്ലത്…”

 

അത് പറഞ്ഞ് രഞ്ജിനി എഴുന്നേറ്റ് ലൈറ്റ് അണച്ചിട്ട് വീണ്ടും റാമിന്റെ അരികിൽ വന്നിരുന്നു…

 

” തനിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്..” റാം മെല്ലെ ചോദിച്ചു…

 

” നിങ്ങൾക്ക് അറിയല്ലോ എന്തായാലും ഞാൻ മരിക്കും, കൂടിപ്പോയാൽ മൂന്നോ നാലോ വർഷം അതിൽ കൂടുതൽ ഒന്നുമില്ല, അതുവരെ ജീവൻ നിലനിർത്താൻ കുറെ മരുന്നുകൾ കുത്തി വയ്ക്കുന്നു അത്ര തന്നെ….”

 

ഉള്ളിലെ സങ്കടം കടിച്ചമർത്തി മുഖം ചിരിക്കുന്ന മുഖവുമായി അവൾ അത് പറയുമ്പോൾ റാം അവളുടെ തോളിൽ കൂടി കൈ ഇട്ട് അവനിലേക്ക് ചേർത്ത് ഇരുത്തി…

 

” അതേ എനിക്ക് നല്ല വിശപ്പ് ഉണ്ട് നമുക്ക് വല്ല തട്ടുകടയും ഉണ്ടോ എന്ന് നോക്കിയാലോ…”

 

അവർക്കിടയിലെ നീണ്ട മൗനങ്ങൾക്ക് ശേഷം രഞ്ജിനി വയറിൽ തടവി പറഞ്ഞു..

 

” ഏയ്‌ അതൊന്നും വേണ്ട,പുറത്ത് നല്ല തണുപ്പ് ഉണ്ട്, ഇനി കാറ്റ് അടിച്ച് ശ്വാസം മുട്ടൽ ഉണ്ടാക്കേണ്ട,താൻ ഇവിടിരി ഞാൻ വാങ്ങി വരാം…”

 

” എന്റെ പൊന്ന് മനുഷ്യ എനിക്കതിന് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല, നമുക്ക് ഒരു നെറ്റ് ഡ്രൈവ് ഒക്കെ നടത്തി വരാം…”

 

അതും പറഞ്ഞ് വാതിലും പൂട്ടി രഞ്ജിനി റാമിന്റെ കൂടെ ഇറങ്ങി…

 

” എന്ന വാ പോകാം….”

 

റാം ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ രഞ്ജിനി പുറകിൽ കയറി. റാമിന്റെ ബൈക്കിനു പുറകിൽ ഇരുന്ന് ആ നഗരം ചുറ്റി നടക്കുമ്പോൾ രഞ്ജിനിക്ക് ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു,

 

റാമിനും അതുപോലെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു..

 

ഭക്ഷണവും കഴിച്ച് നഗരവും ഒന്ന് ചുറ്റി കറങ്ങി വന്നപ്പോഴേക്കും രഞ്ജിനിയിൽ അൽപം ക്ഷീണം ഉള്ളത് റാം ശ്രദ്ധിച്ചു…

 

” നല്ല ഉറക്കം വരുന്നുണ്ട് റാം ഞാൻ കിടക്കട്ടെ, റാമിന് അവിടെ മുറി വൃത്തിയാക്കി ഇട്ടിട്ടുണ്ട്…” രഞ്ജിനി അത് പറയുമ്പോൾ റാം തലയാട്ടി നിന്നു,…

 

” എന്നാൽ പോയി കിടന്നോളൂ….”

 

രഞ്ജിനി വീണ്ടും റാമിനോട് പറഞ്ഞു…

 

” ഞാൻ കിടന്നോളം താൻ ആദ്യം കിടക്ക്….”

 

റാം അത് പറഞ്ഞപ്പോൾ രഞ്ജിനി മുറിയിലേക്ക് കയറി വാതിൽ അടച്ചു. അൽപ്പനേരം കൂടു അവിടെ നിന്ന ശേഷം റാം മുറിയിലേക്ക് നടക്കുമ്പോൾ അവന്റെ മൊബൈലിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു,

 

പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് നോക്കുമ്പോൾ രഞ്ജിനിയുടെ മെസ്സേജ് ആണ്…

 

” റാം എന്നെ കുറിച്ച് മോശമായി ചിന്തിക്കില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ…” രഞ്ജിനിയുടെ ആ മെസ്സേജ് കണ്ടപ്പോൾ റാം ഒന്ന് ചിരിച്ചു..

 

” താൻ പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് അറിയാം.. ഞാൻ വാതിലിന്റെ പുറത്ത് ഉണ്ട്, വാതിൽ തുറക്ക്…”

 

അത് അയച്ചു കഴിഞ്ഞപ്പോൾ തന്നെ രഞ്ജിനിയുടെ മെസ്സേജും വന്നു….

 

” വാതിൽ ഞാൻ കുറ്റി ഇട്ടിട്ടില്ല…”

 

അത് വായിച്ചതും റാം ചിരിച്ചുകൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി, മുറിയിൽ സിറോ വാൾട്ട് ബൾബിന്റെ നേരിയ പ്രകാശം മാത്രമേ ഉള്ളു.

 

ആ നേരിയ വെട്ടത്തിൽ കട്ടിലിൽ ചാരി ഇരിക്കുന്ന രഞ്ജിനിയെ റാം കണ്ടു. റാം മെല്ലെ അവൾക്കരികിൽ ചെന്നിരുന്നു…

 

” താൻ കിടന്നോളൂ… ഞാൻ ഇവിടെ അരികിൽ തന്നെ ഇരിക്കാം….”

 

റാം അത് പറയുമ്പോൾ രഞ്ജിനി ചിരിച്ചു കൊണ്ട് കിടന്നു…

 

” റാമും ഇവിടെ കിടന്നോളൂ….”

 

തന്റെ അരികിൽ കിടക്കാൻ രഞ്ജിനി പറയുമ്പോൾ റാം അവൾക്കരികിലായി കിടന്നു…

 

” റാം ഞാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും പൂർണ്ണമായി റാമിന്റെ മാത്രം ആകനായി ആണ് ഇവിടേക്ക് വന്നത്, പക്ഷേ ഇപ്പോൾ എന്റെ ആരോഗ്യം അൽപ്പം മോശമാണ്……”

 

രഞ്ജിനി അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് റാം കണ്ടിരുന്നു…

 

” ഏയ്‌ എന്താടോ എനിക്ക് അറിയല്ലോ തന്റെ അവസ്‌ഥ… തനിക്ക് വേണ്ടി എത്ര കാലം വരെ കാത്തിരിക്കാനും ഞാൻ തയ്യാറാണ്….”

 

” അറിയം റാം പക്ഷെ ആ കാത്തിരിപ്പ് അത് വെറുതെ ആയിപ്പോകുമോ എന്നൊരു പേടി എനിക്കുണ്ട്…”

 

“ഏയ്‌ താൻ എന്തിനാ അങ്ങനെ ചിന്തിക്കുന്നത്, ദേ ഇതുപോലെ അടുത്ത് വരുമെന്ന് പോലും നമുക്ക് ഉറപ്പില്ലായിരുന്നല്ലോ, എന്നിട്ടും നമ്മൾ പരസ്പരം കണ്ടു സംസാരിച്ചു,,

 

അതുപോലെ തന്നെ എല്ലാം ശരിയാകും തന്റെ കൂടെ എന്തിനും ഞാൻ ഉണ്ടല്ലോ….”

 

” എനിക്കറിയാം റാം താൻ ഒരിക്കലും എന്നെ തനിച്ചാക്കി പോകില്ലെന്ന്, പക്ഷെ തന്റെ ജീവിതം കൂടി ഞാൻ ആയിട്ട് നശിപ്പിക്കുക അല്ലെ എന്നൊരു സങ്കടം ഉള്ളിന്റെ ഉള്ളിൽ എവിടെയോ എന്നെ കുത്തി നോവിക്കുന്നുണ്ട്…”

 

” എടോ എന്റെ ജീവിതം കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ല, ഇനിയിപ്പോ ഞാൻ കാരണം തനിക്ക് എന്തേലും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അതിൽ കൂടുതൽ വേറെന്താ വേണ്ടത്…..”

 

റാം അത് പറയുമ്പോൾ രഞ്ജിനി ഒന്നും മിണ്ടാതെ കണ്ണും തുറന്ന് കിടന്നതെയുള്ളൂ…

 

” ഏയ്‌ താൻ ഉറങ്ങിയോ….”

 

നീണ്ട നിശബ്ദതയ്ക്ക് ശേഷം റാം രഞ്ജിനിയോട് ചോദിച്ചു…

 

” ഉറക്കം വരുന്നില്ല…”

 

” കണ്ണടച്ച് കിടന്നോ ഉറക്കം വന്നോളും….”

 

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും രഞ്ജിനി റാമിന്റെ നെഞ്ചിലേക്ക് തല വച്ച് അവനെ കെട്ടിപ്പിച്ച് കിടന്നു.

 

തന്റെ നെഞ്ചിൽ തലവച്ചു കിടക്കുന്ന രഞ്ജിനിയുടെ മുടിയിൽ തഴുകി റാം കിടന്നപ്പോൾ, നാളെയുടെ നല്ല നിമിഷങ്ങൾ സ്വപ്‌നം കണ്ട് രഞ്ജിനി മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു….

Leave a Reply

Your email address will not be published. Required fields are marked *