ഹരിനന്ദ
(രചന: Aparna Nandhini Ashokan)
തന്റെ കൈകളിൽ ശക്തമായി പിടിച്ചിരിക്കുന്ന ഹരിയുടെ കൈകൾ വിടുവിക്കാൻ നന്ദ വിഫലശ്രമം നടത്തികൊണ്ടിരുന്നൂ..
“ഞാനൊരു വിധവയാണ് ഒരു കുഞ്ഞിന്റെ അമ്മയാണ്. അതു ഓർമ്മവെച്ചു വേണം താനെനെന്നെ മോഹിക്കാൻ..”
“നന്ദേ..എന്റെ ഭാര്യയായി ജീവിക്കാനാണ് തന്നെ എന്റെ ജീവിതത്തിലേക്ക് വിളിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷക്കാലവും തന്നോട് അതുമാത്രമേ ഞാനാവശ്യപ്പെട്ടിട്ടുള്ളൂ. ഹരിയുടെ മുഖത്ത് വിഷാദം പടർന്നൂ.
“നമ്മൾ ഒരേ നാട്ടുക്കാരാണ്. ഒന്നിച്ചു കളിച്ചു വളർന്നവരാണ്. വിവാഹത്തിനു മുൻപ് പ്രണയിച്ചവരുമാണ്.
പക്ഷേ ഹരിയേട്ടനെ ചതിച്ച് മറ്റൊരാളുടെ താലിക്ക് കഴുത്തു നീട്ടിയവളാണ് ഞാൻ. ഹരിയേട്ടന്റെ കണ്ണീരിന്റെ ശാപമാവാം ആ ബന്ധത്തിന് രണ്ടു വർഷത്തെ ആയുസേ ദൈവം നൽകിയുള്ളൂ..”
നന്ദയുടെ സംസാരം കേട്ട് ഹരിയുടെ മുഖം കൂടുതൽ വിഷാദത്തിലായി. അയാൾ അവളുടെ കൈകളിൽ പിടിമുറുക്കിയിരുന്ന തന്റെ കൈകളെ വിടുവിച്ച് അവളെ ഉറ്റുനോക്കി നിന്നൂ.
“നന്ദേ..താനെന്നെ ചതിച്ചുവന്നൊരു ചിന്ത അൽപമെങ്കിലും എന്റെ മനസിലുണ്ടെങ്കിൽ കഴിഞ്ഞ മൂന്നുവർഷക്കാലം തന്റെ സമ്മതത്തിനു വേണ്ടി ഞാനിങ്ങനെ നിഴലുപോലെ എല്ലായിപ്പോഴും കൂടെ വരുമായിരുന്നോ..
തന്റെ അന്നത്തെ സാഹചര്യങ്ങൾ ആരെക്കാളും നന്നായി എനിക്ക് മനസിലാവും..
ഇപ്പോഴത്തെ പിള്ളേര് പ്രേമം ഉപേക്ഷിച്ചു പോകുന്ന പെണ്ണിനെ തേപ്പുക്കാരിയെന്നൊക്കെ പരിഹസിച്ചേക്കാം..
പക്ഷേ അച്ഛനമ്മമാരുടെ കണ്ണീരു കണ്ടില്ലെന്നു നടിച്ച് സ്വന്തം ഇഷ്ടത്തിലുറച്ചു നിൽക്കാനുള്ള തന്റെ തന്റെടമില്ലായ്മയെ തെറ്റായി കാണാൻ എനിക്ക് പറ്റില്ലെടോ.
ചിലസമയത്ത് പ്രണയത്തേക്കാൾ വില കൽപിക്കേണ്ടത് അച്ഛനമ്മമാരുടെ കണ്ണീരിനു തന്നെയാണ്..”
ഹരിയുടെ സംസാരം കേട്ട് നന്ദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരാശ്രയത്തിന് അവൾ ഉമ്മറത്തിണ്ണയിൽ ഇരുന്നു.
“എന്നാലും എനിക്കിതൊന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഞാൻ കാരണം ഹരിയേട്ടൻ ഒരുപാട് വിഷമിച്ചില്ലേ. ആ സമയത്ത് ഞാൻ മറ്റൊരാൾക്കൊപ്പം സുഖമായി ജീവിക്കായിരുന്നൂ.
എനിക്ക് നിങ്ങളുടെ സ്നേഹം ലഭിക്കാനുള്ള യോഗ്യതയില്ല ഹരിയേട്ടാ.. ഇനിയെങ്കിലും ഞാൻ പറയുന്നതു കേൾക്ക്. മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം ചെയ്യണം..”ഹരി നന്ദയെ നോക്കി പുഞ്ചിരിച്ചൂ..
“സ്വന്തം മാതാപിതാക്കളുടെ ആ ത്മ ഹത്യാ ഭീക്ഷണികൾക്ക് മുൻപിൽ പരാജയം സമ്മതിച്ച് സ്വന്തം പ്രണയം ഉപേക്ഷിച്ചുകൊണ്ട് മറ്റൊരാൾക്കൊപ്പം ജീവിക്കുന്ന എല്ലാ പെണ്ണുങ്ങളും
മനസ്സ്തുറന്ന് സന്തോഷിച്ചാണ് ജീവിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല നന്ദേ..
ഒരു നഷ്ടപ്രണയത്തിന്റെ വേദന ആത്മാർത്ഥമായി സ്നേഹിക്കുന്ന മറ്റൊരു പെണ്ണ് ജീവിതത്തിലേക്കു കടന്നു വരുന്നതുവരെ മാത്രമേ പല ആണുങ്ങൾക്കും കൊണ്ടു നടക്കേണ്ടതുള്ളൂ.
തന്റെ ഭാര്യയായി വരുന്ന പെണ്ണിനോട് തനിക്കുണ്ടായൊരു നഷ്ടപ്രണയത്തെ പറ്റി മനസ്സുതുറന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നീട് ഭൂരിഭാഗം ആണുങ്ങൾക്കും തന്റെ നഷ്ടപ്രണയം ഓർമ്മ മാത്രമാണ്.അവരതിന്റെ വേദന അധികകാലം കൊണ്ടുനടക്കില്ല..
എന്നാൽ പെണ്ണിന്റെ കാര്യമോ. അതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ താൻ.. തന്റെ വീട്ടുക്കാർക്ക് ഒരു പ്രശ്നവും ഉണ്ടാകരുതെന്നു കരുതി അവരെല്ലാം മറച്ചുവെക്കും.
തനിക്കൊരു പ്രണയമുണ്ടായിരുന്നെന്നും അത് വീട്ടുക്കാർക്കു വേണ്ടി ഉപേക്ഷിച്ചിട്ടാണ് വിവാഹത്തിനു സമ്മതിച്ചതെന്നും തന്റെ ഭർത്താവിനോട് തുറന്നു പറയാൻ മടിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും.
തന്റെ നഷ്ടപ്രണയത്തെ പറ്റിയും താൻ കാരണം തകർന്നു പോയ കാമുകനെ പറ്റിയുമുള്ള വേദന അവരെ അലട്ടികൊണ്ടേയിരിക്കും.
ആരോടും പങ്കുവെക്കപ്പെടാതെ മനസിൽകൊണ്ടു നടക്കുന്ന വിഷമമായതിനാൽ പെട്ടെന്നൊന്നും അവരുടെ മനസ്സിൽ നിന്ന് ആ നഷ്ടപ്രണയം ഒഴിഞ്ഞുപോകില്ലെടോ.
പിന്നീട് കുഞ്ഞുങ്ങളും ഭർത്താവുമൊത്ത് സന്തോഷത്തോടെ ജീവിക്കുമ്പോൾ കഴിഞ്ഞുപോയ പ്രണയത്തെ മറന്ന് ഭർത്താവിനോട് ആത്മാർത്ഥത കാണിച്ചാലും
കാമുകനോട് കാണിച്ച ചതിയുടെ കുറ്റബോധം അവരെ അലട്ടാതിരിക്കില്ല.
നന്ദയുടെ മനസ്സു പോലും അങ്ങനെ തന്നെയാണ് എനിക്കറിയാം..”
ഹരി നന്ദയുടെ അരികിൽ വന്നിരുന്നൂ. അവളുടെ മറുപടിയൊന്നും ലഭിക്കാതെ വന്നപ്പോൾ അയാൾ തുടർന്നൂ ,
“സ്ഥിരമായ ഒരു ജോലി പോലും ഇല്ലാതെ ബാധ്യതകൾ മാത്രം സമ്പാദ്യമായിട്ടുള്ള എനിക്ക് തന്റെ മകളെ തരാൻ പറ്റില്ലെന്നു അന്ന് നന്ദയുടെ അച്ഛൻ പറഞ്ഞതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.
ഏതൊരു അച്ഛനും വിവാഹപ്രായം വരെ മക്കളെ വളർത്തുന്നത് അവരുടെ ഭാവിയെ പറ്റിയുള്ള ആകുലതകളോട് കൂടിയാണ്.
അവിടെ പ്രണയത്തിന് വേണ്ട പരിഗണന കിട്ടിയെന്നു വരില്ലെടോ. കഴിഞ്ഞതെല്ലാം കഴിഞ്ഞൂ. തന്നെ എന്റെ ഭാര്യയായി സ്വീകരിക്കാൻ ഞാനും എന്റെ അമ്മയും ഒരുക്കമാണ്.
തന്റെ കുഞ്ഞ് നമുക്കൊരിക്കലും ബാധ്യതയാവില്ല. കഴിഞ്ഞ മൂന്നുവർഷക്കാലവും അവന്റെ അച്ഛന്റെ സ്ഥാനത്തു തന്നെയല്ലേ ഞാൻ ഉണ്ടായിരുന്നത്. അതിലെന്തെങ്കിലും കുറവ് ഇനിയുള്ള കാലവും വരില്ല.
തന്റെ വീട്ടുക്കാർക്കും നമ്മുടെ വിവാഹത്തിന് സമ്മതമാണ്. പിന്നെ എന്താടോ നമ്മുടെ കാര്യം സമ്മതിക്കാതെ താനെന്നെ ഇപ്പോഴും വിഷമിപ്പിക്കണേ..”
“ഹരിയേട്ടാ..അന്ന് ഞാൻ കരഞ്ഞുകാലു പിടിച്ച് യാചിച്ചിട്ടും സമ്മതിക്കാതിരുന്ന അച്ഛൻ നമ്മുടെ വിവാഹത്തിന് ഇപ്പോൾ സമ്മതിച്ചത് വിധവയായ ഞാനും എന്റെ കുഞ്ഞും ഈ വീടിനോ എന്റെ സഹോദരനോ ബാധ്യതയാകരുതെന്നു കരുതി മാത്രമാണ്.
അവിടെയും അച്ഛന്റെ സ്വാർത്ഥതയ്ക്ക്
ബലിയാടാകാൻ ഇനി ഹരിയേട്ടനെ കൂടി ഞാൻ അനുവധിക്കില്ല.
ഹരിയേട്ടന് ഇവിടെ വരാം എന്റെ കുഞ്ഞിനെ കാണാം അതിന് ഞാനൊരിക്കലും തടസ്സം പറയില്ല പക്ഷേ അതിൽ കൂടുതലൊന്നും നമ്മൾ തമ്മിൽ വേണ്ട..””
ഹരി നിറകണ്ണുകളോടെ നന്ദയെ തന്നിലേക്ക് ചേർത്തു നിർത്തി. പെട്ടന്നുണ്ടായ അയാളുടെ പ്രവൃത്തിയിൽ സ്തംഭതയായെങ്കിലും നന്ദ കുതറിമാറാൻ ശ്രമിച്ചു.
പക്ഷേ ഹരിയുടെ കൈകൾ അവളെ കൂടുതൽ ശക്തിയോടെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നൂ.
“നീയെന്റെ പെണ്ണാണ്ണെന്ന് ഓർമ്മ വെച്ച കാലം മുതൽക്ക് മനസ്സിൽ കൊണ്ടുനടന്നതാണ് ഞാൻ. തന്റെ അച്ഛന്റെ കണ്ണീരിനു മുൻപിൽ ഒരിക്കൽ താനെന്നെ ഉപേക്ഷിച്ച് പോയി. ഇനിയൊരിക്കൽ കൂടി തന്നെ വിട്ടുകളായാൻ വയ്യെടോ.
താൻ സുഖമായി ജീവിക്കുന്നുണ്ടെന്നാ ഞാൻ കരുതിയിരുന്നത്. പിന്നീടെപ്പഴോ ലീവിന് നാട്ടിൽ വന്നപ്പോഴാണ് തന്നെ ഭർത്താവ് മ ർ ദ്ദി ക്കുന്നുണ്ടെന്നും അയാളൊരു മ ദ്യ പാ നിയാണെന്നുമെല്ലാം ഞാനറിഞ്ഞത്.
അന്ന് തന്നെ വിളിച്ചിറക്കികൊണ്ടുവരാൻ ഞാനൊരുക്കമായിരുന്നൂ. പക്ഷേ അയാളുടെ മ ർദ്ദനവും സഹിച്ച് താനവിടെ തന്നെ തുടർന്നൂ.
രണ്ടുവർഷക്കാലം അയാൾക്കൊപ്പം ജീവിച്ചിട്ട് തനിക്കെന്ത് സമാധാനമാണ് ജീവിതത്തിൽ ഉണ്ടായത്. തന്റെ ജീവനോളം വലുതല്ല അയാൾകെട്ടിയ താലി.
മ ദ്യ പി ച്ച് ഏതോ അ ഴി ഞ്ഞാട്ടക്കാരിയുടെ ഒപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപെട്ട് അയാൾ മരിച്ചില്ലായിരുന്നെങ്കിൽ താനിപ്പോഴും അയാൾടെ ദു ർനടപ്പുകളെ സഹിച്ച് കൂടെ ജീവിക്കുമായിരുന്നല്ലേ നന്ദേ..
ആർക്കുവേണ്ടിയൊക്കെ തന്റെ ജീവിതം ഇങ്ങനെ നശിപ്പിച്ചു കളയും താൻ..
ഇപ്പോ മൂന്നു വർഷമായീല്ലേ വിധവയുടെ സാരിയും ചുറ്റി താനിങ്ങനെ ഇവിടെ വീട്ടുക്കാർക്ക് ബാധ്യതയായെന്ന പഴിയും കേട്ട് കഴിയണേ.
തന്നെ ഇങ്ങനെ കാണാൻ വയ്യെനിക്ക്. ഇനിയെങ്കിലും തനിക്കു വേണ്ടി ജീവിക്കെടോ..എന്റെ കൂടെ വരണം താൻ.
തനിക്ക് ബുദ്ധിമുട്ടാണെങ്കിൽ ഈ നാട്ടിൽ ജീവിക്കണ്ട നമുക്ക്. എന്റെ ജോലിസ്ഥലത്തേക്ക് നിങ്ങളെ രണ്ടുപേരെയും ഞാൻ കൊണ്ടുപോകും.
എന്റെ അപേക്ഷയാണ്..താൻ ഒരിക്കൽ കൂടി എന്നെവിട്ടു പോയാൽ പിന്നെ ഞാനില്ല നന്ദേ..”
ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു കുഞ്ഞിനേ പോലേ അയാൾ തേങ്ങുന്നത് കണ്ട് നിറകണ്ണുകളോടെ നന്ദയും തളർന്നിരുന്നൂ..
“മറ്റുള്ളവരുടെ സ്വാർത്ഥയ്ക്കു മുൻപിൽ ഒരിക്കൽ നമ്മുടെ പ്രണയം തകർന്നൂ.. പക്ഷേ വീണ്ടെടുക്കാനാവാത്ത വിധം നമുക്ക് നമ്മളെ നഷ്ടമായീട്ടില്ലെടോ.
നമ്മൾ വിവാഹം ചെയ്താൽ നാട്ടുക്കാർ പലതും പറഞ്ഞേക്കാം. നിന്റെ വിവാഹശേഷവും നമ്മൾ പ്രേമിച്ചിരുന്നെന്നും അരുതാത്ത ബന്ധം നിലനിർത്തിയെന്നും കഥകൾ ഉണ്ടായേക്കാം.
അതുപേടിച്ച് താനൊരിക്കലും വിവാഹത്തിനു സമ്മതിക്കാതിരിക്കരുത്. ഈ സമൂഹം അങ്ങനെയാണ്. അതിന്റെ പേരിൽ വിധവയായി ജീവിച്ചു മരിക്കാൻ തന്നെ ഞാൻ വിടില്ല നന്ദേ.
ഒരിക്കൽ എന്നെ ഒത്തിരി വിഷമിപ്പിച്ചതിന്റെ പേരിൽ താൻ വിവാഹത്തിന് സമ്മതിക്കണ്ട. തനിക്കും കുഞ്ഞിനും ഞാനൊരു നല്ല ഭർത്താവും, അച്ഛനും ആകുമെന്ന് തനിക്കുറപ്പുണ്ടെങ്കിൽ മാത്രം താനൊന്നു സമ്മതിക്കെടോ..””
ഒരു നിമിഷം അയാളെ തന്നെ ഉറ്റു നോക്കിയ ശേഷം നന്ദ ഹരിയുടെ തോളിലേക്കു ചാഞ്ഞൂ വിവാഹത്തിനു സമ്മതമെന്നോണം അവളിലൊരു പുഞ്ചിരി വിടർന്നത് അവനിൽ സന്തോഷമുണ്ടാക്കി..
ഒരുപാട് വൈകിയെങ്കിലും ഒന്നിച്ചൊരു ജീവിതം ആരംഭിക്കുന്നതിന്റെ അനന്ദം ഇരുവരിലും പ്രതിഫലിക്കുന്നുണ്ടായിരുന്നൂ..
“ഭർത്താവിനൊപ്പം താൻ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ ഞാൻ ചിലപ്പോൾ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുമായിരുന്നൂ. തനിക്ക് വേണ്ടി കാത്തിരിക്കില്ലായിരിക്കാം.
പക്ഷേ കുടുംബത്തിനു പോലും തനൊരു ബാധ്യതയായെന്നു പറയുന്ന, ഇങ്ങനെയൊരു സാഹചര്യത്തിൽ തന്നെ ഉപേക്ഷിച്ച് പോകാൻ എനിക്ക് പറ്റില്ലെടോ.
മറ്റൊരാൾക്കൊപ്പം ജീവിച്ചു എന്നതോ, ഒരു കുഞ്ഞിന്റെ അമ്മയാണെന്നുള്ളതും തനിക്കൊരു കുറവായി കാണാൻ എനിക്കാവില്ല.
പ്രണയത്തിന് ഇങ്ങനെയൊരു വശം കൂടിയുണ്ടെന്ന് താൻ മനസ്സിലാക്കിയാൽ മതി.. ഈ സമൂഹത്തിന് അതു മനസ്സിലാവണമെന്നില്ല.. ”
ഒരിക്കൽ തന്റെ വീട്ടുക്കാർക്കു വേണ്ടി ഉപേക്ഷിച്ച പ്രണയത്തെ വീണ്ടെടുക്കണമെന്ന ആഗ്രഹം നന്ദയിലും പ്രകടമായിരുന്നൂ. അവൾ നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു കളഞ്ഞ് പുഞ്ചിരിയോടെ ഹരിയുടെ വാക്കുകൾ കേട്ടിരുന്നൂ..
അപ്പോഴാണ് അകത്തു നിന്ന് തന്റെ മകൾ ഉറക്കച്ചടവോടു കൂടെ നടന്നുവരുന്നത് നന്ദ കണ്ടത്. ഹരിയെ കണ്ട ആവേശത്തിൽ അവൾ അവർക്കരുകിലേക്ക് ഓടി വന്നൂ..”എന്താ ഹരിഅച്ഛൻ വന്നിട്ട് എന്നെ വിളിക്കാതിരുന്നത്..ഞാൻ പിണക്കാ ട്ടോ”
“അച്ഛൻ വന്നപ്പോൾ മോള് നല്ല ഉറക്കത്തിലായിരുന്നില്ലേ..അതുകൊണ്ടാ വിളിക്കാതിരുന്നത്..”
ഹരി തന്റെ മോളെ വാരിയെടുത്ത് മടിയിലിരുത്തി കൊഞ്ചിക്കുന്നതു കണ്ടപ്പോൾ നന്ദയുടെ കണ്ണുകൾ നിറഞ്ഞുവന്നൂ..
“ഹരിഅച്ഛൻ എന്നാ അമ്മേന്നേം എന്നേം ഇവിടുന്നു കൊണ്ടോവണേ..വെറുതെ പറഞ്ഞ് പറ്റിക്കാലേ എന്നെ”അവൾ ഹരിയോട് ചിണുങ്ങി
“അമ്മയെയും എന്റെ മോളെയും അച്ഛൻ ഉടനെ തന്നെ കൊണ്ടുപോകും.. അല്ലേ നന്ദേ..”നന്ദ അവരെ നോക്കി പുഞ്ചിരിച്ചൂ..”സത്യാണോ അമ്മേ.. ഹരിയച്ഛൻ നമ്മളെ വേഗം കൊണ്ടുപോകുമോ..”
“പെട്ടന്ന് തന്നെ കൊണ്ടുപോകാൻ പറയ് നിന്റെ ഹരിയച്ഛനോട്… അല്ല അങ്ങനെ വിളിക്കണ്ട ഇനി. മോളുടെ അച്ഛനാണ്. അച്ഛനെന്ന് വിളിച്ചാൽ മതി ട്ടോ..”ഇരുവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി..
വിധവയുടെ വെള്ളപുതച്ച ആവരണത്തെ എടുത്തു കളഞ്ഞ് വർണ്ണത്തിന്റെ പകിട്ടേറിയ ലോകത്തേക്ക് നന്ദ മാറിയതിനൊപ്പം മാറേണ്ടത് സമൂഹത്തിന്റെ ചില കാഴ്ചപ്പാടുകൾ കൂടിയായിരുന്നൂ…