വേലക്കാരി
(രചന: Prajith Surendrababu)
” നീ ഒന്ന് നല്ലതുപോലെ ആലോചിച്ചു നോക്ക് ഇന്ദു. എന്നോട് ഒന്ന് സഹകരിച്ചാൽ.. നിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് എല്ലാം ഒരു പരിഹാരം ആകും.
നിനക്കും സുഖങ്ങൾ ഒക്കെ അറിയേണ്ടേ.. ആരും ഒന്നും അറിയില്ല.. നിനക്ക് എത്ര കാശ് വേണേലും തരാം ഞാൻ ”
ബാലചന്ദ്രന്റെ ആ വാക്കുകൾക്ക് മുന്നിൽ ഒരു വിറയലോടെ തല കുനിച്ചു നിന്നു ഇന്ദു…
” വെപ്രാളം വേണ്ട.. പതിയെ ആലോചിച്ചു മതി. സമ്മതമാണെങ്കിൽ വയ്യാതെ കിടക്കുന്ന നിന്റെ കെട്ട്യോന്റെ ചികിത്സാ ചിലവ് മുഴുവൻ ഞാൻ നോക്കിക്കോളാം.
സർജറിയും നടത്താം. മാത്രമല്ല ഇനി ഇങ്ങനെ വീടുകൾ തോറും കേറി ഇറങ്ങി വീട്ടുജോലി ചെയ്ത് കഷ്ടപ്പെടേണ്ട ആവശ്യവും വരില്ല നിനക്ക് ”
വാഗ്ദാനങ്ങൾ ഒന്നിന് പുറകെ ഒന്നായി വരുമ്പോൾ ഇന്ദു ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു.
ഗൾഫിൽ പെയിന്ററായി ജോലി ചെയ്തിരുന്നതാണ് ഇന്ദുവിന്റെ ഭർത്താവ് വിനോദ്. കുട്ടികൾ ആയിരുന്നില്ലേലും സുഖ ജീവിതമായിരുന്നു അവരുടേത്.
എന്നാൽ വിധി ഒരു വലിയ ആക്സിഡന്റിന്റെ രൂപത്തിൽ ആ സന്തോഷത്തിനിടയിലേക്ക് കരി നിഴലായി വന്ന് പതിച്ചു. ഉയരത്തിൽ ഇരുന്നു ജോലി ചെയ്യവേ കാൽ തെന്നി വിനോദ് താഴേക്ക് വീണു. നട്ടെല്ലിന് സാരമായ പരിക്ക് പറ്റി കിടപ്പിലായി പോയി.
ഒരു സർജറിയോടെ ചിലപ്പോൾ അയാൾക്ക് എഴുന്നേറ്റു നടക്കുവാൻ കഴിഞ്ഞേക്കും പക്ഷെ ഭീമമായ തുകയാണ് ഹോസ്പിറ്റലിൽ നിന്നും അതിനായി ആവശ്യപ്പെടുന്നത്.
ഉള്ളതൊക്കെ വിറ്റു പെറുക്കിയാലും പിന്നെയും വേണം ലക്ഷങ്ങൾ. ഇപ്പോൾ വരുമാനം പോലും നിലച്ച സാഹചര്യത്തിൽ വീട്ടുജോലിക്കായിറങ്ങിയിരിക്കുകയാണ് ഇന്ദു.
കിട്ടുന്നതൊക്കെയും വിനോദിന് മരുന്ന് വാങ്ങുവാൻ പോലും തികയുന്നില്ല എന്നതാണ് സത്യം. ആദ്യമൊക്കെ വലിയ രീതിയിൽ സഹായിച്ച നാട്ടുകാരും പിന്നീട് പിന്നിലേക്കായത്തോടെ വല്ലാത്ത പരുങ്ങലിലാണ് അവർ ഇപ്പോൾ.
‘ഗൾഫിൽ സ്വന്തമായി ബിസിനസ്സുള്ള ബാലചന്ദ്രൻ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട സ്ഥിതിയിൽ ആണ്. അതുകൊണ്ട് തന്നെ ആ വാഗ്ദാനങ്ങൾ വെറും വാക്കാകുവാൻ സാധ്യതയില്ല.
ഭാര്യയാണെങ്കിൽ പ്രസവ ഷിശ്രൂക്ഷയുടെ ഭാഗമായി സ്വന്തം വീട്ടിലാണ്. അവർ ഗർഭിണിയായിരിക്കുമ്പോൾ ആണ് സഹായത്തിനായി ഇന്ദു ആ വീട്ടിലേക്കെത്തിയത്.
അന്ന് മുതൽ ബാലചന്ദ്രന്റെ കഴുകൻ നോട്ടം ഏറെ സഹിച്ചിട്ടുള്ളതാണ് അവൾ. ഇപ്പോൾ താനൊന്ന് കണ്ണടച്ചാൽ.. ഒന്ന് വഴങ്ങിയാൽ ഒരുപക്ഷെ ആരും അറിയാതെ തന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടേക്കും..’
തിരികെ വീട്ടിലേക്ക് പോകുമ്പോൾ ഇന്ദുവിന്റെ മനസ്സ് ആകെ പുകയുകയായിരുന്നു. അപ്പോഴും വിനോദിന്റെ മുഖം അവളുടെ ഉള്ളിൽ നോവായി മാറി.’ ആ പാവത്തിനെ ചതിച്ചു കൊണ്ട് തനിക്കിതെങ്ങിനെ ചെയ്യുവാൻ കഴിയും.’
വല്ലാത്തൊരു ധർമ്മ സങ്കടത്തിലായിരുന്നു അവൾ. വീട്ടിലെത്തി വിനോദിന് ആഹാരമൊക്കെ കൊടുത്ത് ഉറങ്ങാൻ കിടന്നപ്പോഴും അവളുടെ മനസ്സിൽ ബാലചന്ദ്രൻ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു. എങ്ങിനെ മറ്റൊരാൾക്ക് മുന്നിൽ…
ആ ഒരു വിറയൽ ഇന്ദുവിനെ വല്ലാതെ തളർത്തി. എന്നാൽ ബെഡിൽ നിശ്ചലനായി കിടക്കുന്ന വിനോദിനെ ഒരു വട്ടം കൂടി നോക്കവേ പതിയെ പതിയെ അവൾ മനസ്സിൽ ആ ഉറച്ച തീരുമാനം എടുത്തു.
അപ്പോഴേക്കും ഫോൺ ശബ്ദിച്ചു. പാതിരാത്രി ആരെന്ന് സംശയിച്ചു കൊണ്ട് ഫോൺ കയ്യിലേക്കെടുത്ത് ഒന്ന് നോക്കിയിട്ട് കട്ട് ചെയ്തു ഇന്ദു.
പിന്നാലെ വാട്ട്സാപ്പിൽ ചറപറാ വോയിസ് മെസേജുകൾ വന്നു തുടങ്ങിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കിടക്കയിലെക്കിട്ടു. വിനോദ് കിടപ്പായതോടെ ഇതിപ്പോൾ പതിവാണ്.
കാണാൻ സുന്ദരിയായ ഒരു പെണ്ണ് ആൺ തുണയില്ലാതെ ഒറ്റയ്ക്ക് ആകുമ്പോൾ അസമയത്ത് ഇത്തരം കോളുകളും മെസേജുകളും സ്വാഭാവികം. പകൽ മാന്യന്മാർ പലരും രാത്രിയുടെ മറവിൽ അവളെ തേടിയെത്തിയിട്ടുണ്ട്.
അവരെയൊക്കെ വച്ച് നോക്കുമ്പോൾ മനസ്സിലെ ആഗ്രഹം മുഖത്തു നോക്കി തുറന്ന് ചോദിക്കാനുള്ള മാന്യത ബാലചന്ദ്രൻ കാട്ടി എന്നതോർത്താണ് അവൾ ഉറക്കത്തിലേക്ക് ആഴ്ന്നത്.
പിറ്റേന്ന് രാവിലെ ഉറച്ചൊരു തീരുമാനത്തോടെ പതിവിലും ഭംഗിയായി അണിഞ്ഞൊരുങ്ങിയാണ് ഇന്ദു ബാലചന്ദ്രന്റെ വീട്ടിലേക്ക് ചെന്നത്.
തന്നെ കണ്ടിട്ട് മുൻവശത്തു പത്രം വായിച്ചിരുന്നു അയാളുടെ കണ്ണുകളിലെ അതിശയവും കഴുകൻ നോട്ടവും കണ്ട് പുഞ്ചിരിയോടെ തന്നെ മുന്നിലേക്ക് ചെന്നു അവൾ.
ഇന്ദുവിലെ ആ മാറ്റം തനിക്കുള്ള ഗ്രീൻ സിഗ്നൽ ആണെന്ന് മനസ്സിലാക്കുവാൻ അധികം ചിന്തിക്കേണ്ടി വന്നില്ല ബാലചന്ദ്രന്.
” താനിന്ന് ഏറെ സുന്ദരിയായിട്ടുണ്ടല്ലോ. അപ്പോ തീരുമാനിച്ചു അല്ലെ.. “വഷളൻ ചിരിയോടെ അയാൾ എഴുന്നേൽക്കവേ പതിയെ അരികിലായി ചെന്നു ഇന്ദു.
” ഉള്ളതൊക്കെ വിറ്റു പെറുക്കിയാലും ഏട്ടന്റെ സർജറിക്കായി എനിക്ക് അഞ്ചു ലക്ഷം രൂപ കൂടി വേണം… അത് തരോ സാർ എനിക്ക്… തന്നാൽ സാർ പറയുന്ന എന്തിനും ഞാൻ തയ്യാർ.. ”
തന്റെ വാക്കുകൾ ബാലചന്ദ്രന്റെ മിഴികളിൽ ഉണ്ടാക്കിയ അതിശയം കണ്ട് അമ്പരന്നു പോയി ഇന്ദു.’ ഇത്രമേൽ ആർത്തിയാണോ ഇയാൾക്ക് തന്നോട്.. ‘
അറിയാതെ ആ ഭാവമാറ്റം നോക്കി നിന്നുപോയി അവൾ.” ഞാൻ തരാം അഞ്ചല്ല പത്ത് വേണേലും തരാം പകരം നിന്നെ മാത്രം മതി എനിക്ക്. അത്രക്ക് കൊതിയുണ്ട്.. വേഗം അകത്തേക്ക് കേറി വാ നീ”
ആവേശത്തോടെ അയാൾ വീടിനുള്ളിലേക്ക് പാഞ്ഞു അത് കണ്ട് അല്പം അറച്ചു നിന്ന ശേഷം പിന്നാലെ പതിയെ ഇന്ദുവും. ബാലചന്ദ്രനൊപ്പം ബെഡ്റൂമിലേക്കെത്തുമ്പോൾ നെഞ്ചിടിപ്പ് അല്പം കൂടിയപോലെ തോന്നി അവൾക്ക്.
” ഈ അണിഞ്ഞൊരുങ്ങൽ ഒരു വെറുമൊരു അലങ്കാരം മാത്രമാണ് അതൊക്കെ ഊരി മാറ്റി… വന്ന് ഈ ബെഡിലേക്കിരിക്ക് ചക്കരെ.. ”
ആവേശത്തോടെ ബാലചന്ദ്രൻ ഇന്ദുവിന്റെ സാരിയിൽ കടന്നു പിടിച്ചു കൊണ്ട് അഴിക്കുവാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ കുതറി മാറി അവൾ. അത് കണ്ടിട്ട് അയാളുടെ നെറ്റി ചുളിയവേ ചെറിയ നാണത്തോടെ ചുമരിലേക്ക് ചാരി അവൾ .
” സാർ.. ക്ഷമിക്കണം ഏട്ടൻ കിടപ്പിലായെ പിന്നെ എനിക്കിങ്ങനെ ഒരു അനുഭവം ഇല്ല. ഇന്നിപ്പോ പെട്ടെന്ന്…. ഒരു ചളിപ്പ് അതാ.. ”
” ആഹാ… അതൊക്കെ നമുക്ക് മാറ്റാം ന്നേ.. നീ മടിക്കാതെ അതൊക്കെ അങ്ങട് ഊരി കളഞ്ഞിട്ട് ഇങ്ങ് അടുത്ത് വന്നിരിക്ക്… പിന്നെ… ഊരുമ്പോ എല്ലാം അങ്ങ് ഊരിയേക്കണം കേട്ടോ ”
ബാലചന്ദ്രൻ വീണ്ടും ആവേശത്തിലായിരുന്നു.” അത്… എനിക്ക് നാണമാണ് സാർ.. ആദ്യം സാർ ചെയ്യ്.. എന്നിട്ട് ഞാൻ ചെയ്യാം.. ”
നാണത്തോടെയുള്ള ഇന്ദുവിന്റെ ആ മറുപടി കേൾക്കവേ ഒട്ടും അമാന്തിക്കാതെ ചാടിയെഴുന്നേറ്റ് ഷർട്ടും ഉടുത്തിരുന്ന ലുങ്കിയും അടിവസ്ത്രവുമെല്ലാം ക്ഷണ നേരം കൊണ്ട് വലിച്ചഴിച്ചു കളഞ്ഞു പൂർണ്ണ നഗ്നനായി അവൾക്ക് മുന്നിൽ നിന്നു ബാലചന്ദ്രൻ.
” എങ്ങിനുണ്ട് സൂപ്പർ അല്ലെ.. “അത് കണ്ടമാത്രയിൽ കണ്ണുകൾ പൊത്തിക്കൊണ്ട് തിരിഞ്ഞു ഇന്ദു.” ദേ ഇങ്ങട് നോക്ക് മോളെ.. ഇപ്പോ നിന്റെ നാണം മാറിയോ… ഇങ്ങട് നോക്ക്യേ ”
തിരിഞ്ഞു നിന്ന ഇന്ദുവിനു മുന്നിലേക്ക് കേറി നിൽക്കുവാൻ ബാലചന്ദ്രൻ നടത്തിയ ശ്രമം വീണ്ടും പാഴായി അവൾ മിഴികൾ പൂട്ടി തന്നെ നിന്നു. അതോടെ അയാളിൽ ചെറിയ നിരാശ നിഴലിച്ചു..
” ഇങ്ങട് നോക്കെടോ.. നീയെന്താ കണ്ണടച്ച് നിൽക്കുന്നെ.. ഇതുവരെ നാണം മാറിയില്ലേ…. ഉടുതുണിയില്ലാതെ നിന്റെ മുന്നിൽ നിൽക്കുന്ന എനിക്കില്ലല്ലോ ഇത്രയും നാണം. ”
ഇത്തവണ ആ ചോദ്യത്തിന് മറുപടി പറയാതിരുന്നില്ല ഇന്ദു..” സാർ ആ ലുങ്കി ഒന്നെടുത്തു ഉടുത്തേ.. എനിക്കൊരു കാര്യം പറയാനുണ്ട്. “” എന്ത് കാര്യം… ലുങ്കിയൊന്നും വേണ്ട…നീ പറയ് ”
അക്ഷമനായുള്ള അയാളുടെ മറുപടി കേൾക്കെ പതിയെ തല താഴ്ത്തിക്കൊണ്ട് തന്നെ ജനലിനരികിലേക്ക് ചെന്ന് തുറന്നിട്ടിരുന്ന പാളിക്കിടയിലൂടെ പുറത്തേക്ക് നോക്കി ഇന്ദു.
” എല്ലാം ക്ലിയർ ആയി കിട്ടിയോ മുന്നാ … “” ഉവ്വ്.. ചേച്ചി എല്ലാം വ്യക്തമായി തന്നെ കിട്ടിട്ടുണ്ട് “ആ ചോദ്യവും പുറത്ത് നിന്നുള്ള മറുപടിയും കേട്ട് ഒരു നിമിഷം നടുങ്ങി പോയി ബാലചന്ദ്രൻ.
” ആ… ആരാ.. പുറത്ത് ആരാ…. “വെപ്രാളത്തിൽ നിലത്തു കിടന്ന ലുങ്കി വാരിയെടുത്തു ഉടുത്തു കൊണ്ട് അയാൾ ജനലിനരികിലേക്ക് പാഞ്ഞു ചെന്നു.
അപ്പോഴേലും പുറത്തെ ജനലിനരികിൽ ഒരു മുഖം തെളിഞ്ഞു. മുപ്പതോളം വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ .
” ആരാ… ആരാടാ നീ.. ഇന്ദു ഇവൻ ഏതാ.. എന്തിനാ ഇവൻ ഇവിടെ.. “ദേഷ്യവും ഭയവും എല്ലാം കൂടി കലരുമ്പോൾ ബാലചന്ദ്രന്റെ ഒച്ചയിടറുന്നുണ്ടായിരുന്നു.
” ഇവന്റെ മുഖം അറിയില്ലേലും ശബ്ദം സാറിന് നല്ല ഓർമ ഉണ്ടാകും… ഇന്നലെ രാത്രി വിളിച്ചില്ലേ ആരോ തന്നിരുന്ന ഒരു നമ്പറിലേക്ക് ഒരു ബ്രോക്കറെ..
പീസിനെ കിട്ടിയിട്ടുണ്ട് ബിസിനസുകാരായ കൂട്ടുകാർക്ക് കൂടി പങ്ക് വയ്ക്കാൻ പറ്റിയ പ്രൈവസിയുള്ള റൂം വേണമെന്ന് പറഞ്ഞിട്ട്…
റൂം ഓക്കേ ആക്കി തിരികെ വിളിച്ചപ്പോ ഒന്ന് കൂടി നിങ്ങൾ ഇവനോട് പറഞ്ഞു പറ്റിയ പാർട്ടിയുണ്ടേൽ പറയ് പീസിനെ കൂട്ടികൊടുത്ത് ഇവനും ഷെയർ കൊടുക്കാം ന്ന്…
ഒപ്പം കസ്റ്റമേഴ്‌സിനെ കാണിക്കാൻ എന്റെ ഫോട്ടോയും ഇവന് അയച്ചു കൊടുത്തു.. ഓർമ്മയുണ്ടോ സാറിന് അതൊക്കെ “ആ ചോദ്യം കേട്ട് നടുങ്ങി തരിച്ചു പോയി ബാലചന്ദ്രൻ.
” ചേട്ടാ എന്നോട് ക്ഷമിക്ക്. ഈ ഇന്ദു ചേച്ചിയെ പണ്ട് തൊട്ടേ എനിക്ക് അറിയാം. ഞങ്ങൾ അയൽക്കാരായിരുന്നു അമ്മയില്ലാത്ത എനിക്ക് കുറേ അന്നം തന്നിട്ടുള്ള കയ്യാ ഇത്. ഞാൻ ഉഡായിപ്പ് കാണിച്ചു നടക്കുന്നോനാ പക്ഷെ ഈ ചേച്ചിയെ ചതിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല. ”
എല്ലാം കേട്ട് വിറളി വെളുത്തു നിന്ന ബാലചന്ദ്രനു മുന്നിലേക്ക് ചെന്നു ഇന്ദുഗതികേട് കൊണ്ടാ സാറേ ഞാൻ….. എന്റെ ഏട്ടൻ ഒന്ന് എഴുന്നേറ്റ് നടന്നു കാണുവാനുള്ള കൊതി കൊണ്ട്… ഇന്നലെ രാത്രി ഇവൻ വിളിച്ചപ്പോ പരിചയം ഇല്ലാത്ത നമ്പർ കണ്ടിട്ട് ഞാൻ കോൾ എടുത്തില്ല.
രാവിലെയാണ് വാട്ട്സാപ്പിൽ ഇവൻ അയച്ചത് മെസേജുകൾ കണ്ടത്. സത്യത്തിൽ വല്ലാതെ നടുങ്ങി പോയി ഞാൻ. താൻ എന്നെ ചതിക്കാൻ നോക്കുവാരുന്നു അല്ലെ. ചുരുങ്ങിയ സമയത്തിൽ തന്നെ പറ്റി മുന്ന വഴി ഞാനൊന്ന് അന്യോഷിച്ചു…
ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് എത്ര പെൺകുട്ടികളെയാടോ നിങ്ങൾ… .. അവരെ കൂട്ടികൊടുത്തു കൂടി കിട്ടിയ സമ്പാദ്യം അല്ലെടോ താനിപ്പോ ഈ അനുഭവിക്കുന്നേ..”
ഇന്ദുവിന്റെ ഓരോ വാക്കുകളും ബാലചന്ദ്രന്റെ കാതുകളിൽ തുളഞ്ഞു കേറി. നഷ്ടപെട്ട മനോബലം ക്ഷണനേരം കൊണ്ടയാൽ തിരിച്ചു പിടിച്ചു..
” ദേ.. ഇന്ദു.. കളിക്കല്ലേ ട്ടാ നീ.. “” ഒന്ന് കളിച്ചു നോക്കാം സാറേ… ജയിക്കോ ന്ന് നോക്കാലോ… സാറിന്റെ നല്ല ചൂടൻ രംഗങ്ങൾ ഇപ്പോ മുന്നയുടെ ക്യാമറയിൽ ഉണ്ട്.
എന്റെ ഏട്ടൻ ഒന്ന് എഴുന്നേറ്റ് നടന്നാൽ ആ കാൽക്കൽ വീണ് മാപ്പ് യാജിക്കണം ക്ഷമിച്ചില്ലേൽ ഈ ജീവിതം അവസാനിപ്പിക്കണം എന്ന് വരെ മനസ്സിൽ ഉറച്ചാ നിന്നോട് ഞാൻ സമ്മതം മൂളിയത് പക്ഷെ എന്റെ ഗതികേട് മുതലെടുത്തു ചതിക്കാൻ നോക്കിയതല്ലേ നിങ്ങൾ..
ആ നിങ്ങൾക്ക് തിരിച്ച് ഒരു പണിയായി കണ്ടാൽ മതി. എനിക്ക് നിങ്ങൾ പത്ത് ലക്ഷം രൂപ തരണം. തന്നില്ലേൽ ഇടുത്തുണിയില്ലാതെ നൃത്തം വയ്ക്കുന്ന നിങ്ങടെ വീഡിയോ യൂ ട്യൂബിലൂടെ ഈ നാട് മുഴുവൻ കാണിക്കും ഞാൻ ”
ഇത്തവണ ബാലചന്ദ്രൻ ശെരിക്കും നടുങ്ങി തരിച്ചു പോയി. അങ്ങനൊരു സംഭവം ഉണ്ടായാൽ പിന്നെ താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്ന് അയാൾക്ക് അറിയാരുന്നു
” നോക്ക് ഇന്ദു.. നീ വെറുതെ പ്രശ്നം ഉണ്ടാക്കരുത് ഞാൻ ആരാണെന്ന് അറിയില്ല നിനക്ക് … ”
ഭീക്ഷണിയിലാണയാൽ ആരംഭിച്ചതെങ്കിലും പാറപോലെ ഉറച്ചു നിന്ന ഇന്ദുവിനു മുന്നിൽ ഒടുവിൽ കീഴടങ്ങേണ്ടി വന്നു .
” കാശ് ഞാൻ തരാം.. നാളെ തന്നെ പക്ഷെ ആ വീഡിയോ ഡിലീറ്റ് ആക്കണം വേറെ ആരും അത് കാണരുത്. അറിയാലോ ആരേലും അത് കണ്ടാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല. അതുപോലെ ഇനി എന്നെ കാശിന്റെ കാര്യത്തിൽ ബ്ളാക്ക് മെയിൽ ചെയ്യരുത് ”
” ഇല്ല സാറേ ഈ കാര്യം ആരും അറിയേം ഇല്ല. ഞാൻ ഇനി ഇതും പറഞ്ഞു സാറിനെ ശല്യം ചെയ്യേം ഇല്ല. പത്തിൽ അഞ്ചു ലക്ഷം സാർ കാണിച്ച തെണ്ടിത്തരത്തിനുള്ള ശിക്ഷയാണ്. ബാക്കി അഞ്ചു എന്റെ വസ്തു വിറ്റിട്ട് ആയാലും ഞങ്ങൾ തിരികെ തരും… ഇത് ഇന്ദുവിന്റെ വാക്കാണ് ”
ആ ഉറച്ച സ്വരത്തിനു മുന്നിൽ ഇളിഭ്യനായി തല കുമ്പിട്ടു ബാലചന്ദ്രൻ.” അപ്പോ നാളെ കാണാം സാറേ.. ”
പുച്ഛത്തോടെ ബാലചന്ദ്രനെ ഒന്ന് നോക്കി പതിയെ മുറിയുടെ പുറത്തേക്ക് നടന്നു ഇന്ദു.. വാതിൽക്കൽ എത്തിയതും ഒന്ന് തിരിഞ്ഞു അവൾ
” സാറേ..മനുഷ്യരുടെ ഗതികേടിനെ വിറ്റ് കാശാക്കാൻ നോക്കരുത് .. സാറിനും ഇല്ലേ ഒരു വ്യക്തിത്വം… പുച്ഛം തോന്നുന്നില്ലേ സ്വയം.. ”
വെറുപ്പോടെ അവൾ നോക്കുമ്പോൾ ഇളിഭ്യനായി തല താഴ്ത്തി നിന്നു ബാലചന്ദ്രൻ.
ആ വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു വിജയിയുടെ ഭാവം ഇന്ദുവിന്റെ മുഖത്തില്ലായിരുന്നു. മറിച്ച് ഒരു നടുക്കമാണ് അപ്പോഴും അവളുടെ മുഖത്തു നിഴലിച്ചു നിന്നത്.
ഒരു പക്ഷെ മുന്ന തന്നെ വിളിച്ചില്ലായിരുന്നേൽ എന്താകുമായിരുന്നു തന്റെ അവസ്ഥ എന്നോർത്തുള്ള നടുക്കം. ഇന്ദു ഗേറ്റിനു പുറത്ത് എത്തുമ്പോൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ നിൽക്കുവാരുന്നു മുന്ന
” ചേച്ചി ഞാൻ പോണ് കേട്ടാ. വീഡിയോ എന്റേൽ സേഫ് ആണ്. എന്തേലും ആവശ്യം ഉണ്ടേൽ ചേച്ചി വിളിച്ചാൽ മതി. ”
അവൻ യാത്ര പറയുമ്പോൾ ആ കൈകളിൽ പിടിച്ചു ഇന്ദു” മറക്കില്ല അനിയാ ഒരിക്കലും.. എന്റെ മാനം രക്ഷിച്ചവനാ നീ… ”
മറുപടിയൊന്നും പറഞ്ഞില്ല അവൻ. ഒരു പുഞ്ചിരി മാത്രം അവൾക്കായി സമ്മാനിച്ച്അവൻ യാത്രയായി. തെല്ല് ആശ്വാസത്തോടെ ഇന്ദു പതിയെ വീട്ടിലേക്കും..