ഉദയം ചൊവ്വയിൽ..
ശനിയിൽ അസ്തമയവും..
(രചന: Sebin Boss J)
” പത്തിൽ നാല് പൊരുത്തമേയുളളൂ . രണ്ടാളും ചൊവ്വാദശക്കാരായത് അതൊരു കുഴപ്പമില്ല , ഇനി നിങ്ങൾക്ക് തീരുമാനിക്കാം . ഞാനൊരു ഉറപ്പും തരുന്നില്ല ”’
കവടിയും മറ്റും സഞ്ചിയിലേക്ക് വെച്ചുകൊണ്ട് കണിയാൻ പറഞ്ഞപ്പോൾ ശേഖരൻ തമ്പി ശശികലയെ കണ്ണ് കാണിച്ചു . ശശികല കൊടുത്ത അഞ്ഞൂറിന്റെ നോട്ട് ഇരുകണ്ണിൽ വെച്ചൊന്ന് കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം പോക്കറ്റിലേക്ക് തിരുകി കണിയാൻ നടന്നകന്നപ്പോൾ തമ്പി നെടുവീർപ്പോടെ കസേരയിലേക്ക് ചാരി .
” വയസ് മുപ്പത്തിനാലായി ശ്രീകലക്ക് . ഇപ്പൊ നടന്നില്ലെങ്കിൽ ഇനി മുപ്പത്തിയെട്ടിലെ യോഗമുള്ളെന്നല്ലേ പറഞ്ഞത് ” ” ശശികല നെടുവീർപ്പോടെ പറഞ്ഞു.
”’ ഹമ്… നമ്മളാലോചിക്കാഞ്ഞിട്ടല്ലല്ലോ .ഒന്നൊക്കുമ്പോൾ മറ്റൊന്നോക്കില്ല. ” മുരണ്ടു തുടങ്ങിയ ഫോൺ കയ്യെത്തിച്ചെടുത്ത തമ്പി ശശികലയെ നോക്കി പറഞ്ഞു.
”എന്നാപ്പിന്നെ അന്നേരം വല്ലോമാലോചിക്കാം . ചെറുക്കന് താത്പര്യമില്ലെന്ന്. രണ്ടാളും ചൊവ്വാദോഷാക്കാരാണേൽ മുച്ചൂടും നാശമാണെന്ന് ” ദേഷ്യത്തോടെ കോൾ കട്ട് ചെയ്ത് ഫോൺ സോഫയിലേക്കറിഞ്ഞു തമ്പി മുഷ്ടിചുരുട്ടി
” ” ഇതും മുടങ്ങിയോ എന്റെ ദേവീ … ശ്രീജിത്തിന്റെ കാര്യം പോട്ടെന്ന് വെക്കാം . ശ്രീജയോ ? അവൾക്ക് ഇരുപത്തിനാലാകുവാ. ചേടത്തി നിൽക്കുമ്പോഴെങ്ങനെയാ അനിയത്തിക്ക് കല്യാണമാലോചിക്കുന്നേ ?”. ശശികല പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് മടങ്ങി
”അമ്മേ .. വിശക്കുന്നു ” ഒരുങ്ങിവന്ന ശ്രീകല ഡൈനിംഗ് ടേബിളിന് മുന്നിലിരുന്ന് കൊണ്ട് പറഞ്ഞു.
” നിനക്ക് വന്നെടുത്തു കൂടെ … ഇനി തമ്പുരാട്ടിക്ക് വിളമ്പി തരണമായിരിക്കും ”ഡൈനിംഗ് ടേബിളിലിരിക്കുന്ന ശ്രീജിത്തിന്റെ പ്ളേറ്റിലേക്ക് ആവിപറക്കുന്ന പുട്ട് ഇട്ടുകൊണ്ട് ശശികല പറഞ്ഞതും ശ്രീകലയുടെ മുഖം വിളറി .
”അമ്മേ … ബ്രെക് ഫാസ്റ്റ് വേണ്ടായേ ”” പൊതിയെടുത്തോണ്ട് പോടീ പിള്ളേരേ ”’ഡ്രെസ് ചെയ്തിട്ടൊടിയിറങ്ങിയ ശ്രീജയുടെ പിന്നാലെ പൊതിച്ചോറുമായി ഓടിയെത്തുന്ന അമ്മയെ കണ്ടതും അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞ ശ്രീകല ബാഗുമെടുത്തു പുറത്തേക്കിറങ്ങി.
നേഴ്‌സിംഗ് കഴിഞ്ഞയുടനെ സൗദിയിലേക്ക് പോയതാണ്. മുച്ചൂടും കടത്തിലായിരുന്ന അച്ഛന്റെ ബാധ്യതകൾ തീർത്തു, അനിയനെയും അനിയത്തിയേയും പഠിപ്പിച്ചു. വീട് പുതുക്കി പണിതു. എല്ലാം കഴിഞ്ഞു ആലോചനകൾ വന്നു തുടങ്ങിയപ്പോൾ ജാതകദോഷവും!!
രണ്ടോ മൂന്നോ വർഷത്തിൽ രണ്ടാഴ്ച നീളുന്ന ആലോചനകൾ ഫലപ്രദമാകുന്നില്ലന്ന് തോന്നിയപ്പോഴാണ് നിർത്തി നാട്ടിലേക്ക് പോന്നത്. വീട്ടിലിരുന്ന് മുരടിച്ചപ്പോൾ അല്ല , കെട്ടാമങ്കയെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങളിൽ നിന്ന് രക്ഷനേടാനായാണ് ടൗണിലെ ഡിസ്പെൻസറിയിൽ ജോലിക്ക് ചേർന്നത്
”’ ശ്രീകലെ … ഇന്നെന്നാ താമസിച്ചേ ”
ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്ന ശ്രീകല പുറകിൽ നിന്നുള്ള ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്.
ജയശ്രീ !!അശ്രീകരത്തിന്റെ കൂട്ടത്തിൽ പോലും നടക്കരുതെന്നാ വീട്ടിൽ പറഞ്ഞേക്കുന്നത് .
പേരുദോഷമാകും പോലും !!. എന്നാൽ എങ്ങോട്ടേലും കാര്യസാദ്ധ്യത്തിന് പോകാനുണ്ടെങ്കിൽ അച്ഛൻ അവൾ ഇറങ്ങുന്നത് നോക്കി നിൽക്കാറുണ്ട്. പിന്നെ പുതുവർഷത്തിനും മറ്റും എന്തേലും പറഞ്ഞവളെ വീട്ടിലേക്കും വിളിക്കും . ഐശ്വര്യമാണത്രെ !!
” കിടന്നപ്പോൾ താമസിച്ചു ”ശ്രീകല ജയശ്രീ ഒപ്പമെത്താനായി നിന്നിട്ട് പറഞ്ഞു .ചെറുപ്പത്തിൽ ഒന്നിച്ചു കളിച്ചുവളർന്നതാണ്.
ഒപ്പം സ്‌കൂളിൽ പോയും , സ്‌കൂൾ വരാന്തയിൽ നിരന്നിരുന്ന് ചോറും കറികളും പങ്കുവെച്ചും സ്നേഹിച്ചിരുന്ന ആ ബാല്യം . അന്നൊന്നും വേശ്യയെന്നും ചൊവ്വാ ദോഷക്കാരിയെന്നും പണക്കാരനെന്നും പാമരനെന്നും വ്യത്യാസമില്ലായിരുന്നല്ലോ .
വളരേണ്ടിയിരുന്നില്ല !!”ഹ്മ്മ് … ” ജയശ്രീ ഒപ്പമെത്തി .” ഇന്നലെ കാണാൻ വന്നിട്ടെന്തായെടി ശ്രീ ?”” എന്താകാൻ … പതിവ് പല്ലവി തന്നെ . നാളിന്റെ ദോഷം ”
”’ നാളിന്റെ ദോഷം .. പോകാൻ പറയടി . പത്തിലെട്ടു പൊരുത്തമുണ്ടായിരുന്നു മഹേഷേട്ടനുമായി .എന്നിട്ടെന്തുണ്ടായി ? ”’ ജയശ്രീ നെടുവീർപ്പിട്ടു .
” ജയെ … ”” ഹ്മ്മ് . നീയെന്താ ചോദിയ്ക്കാൻ വന്നേ ? ” എന്തോ ചോദിക്കാൻ വന്ന ശ്രീകല ചോദ്യം വിഴുങ്ങിയപ്പോൾ ജയശ്രീ അവളെ നോക്കി.
” ഹേയ് ..അതുപിന്നെ ””എനിക്കറിയാം .. നിത്യേന ഞാൻ കേൾക്കുന്നതല്ലേ ഈ മുറുമുറുക്കലുകൾ ? ഞാൻ എങ്ങനെ ഇങ്ങനായി .. എന്ത് കൊണ്ട് ഇതുപേക്ഷിക്കുന്നില്ല എന്നൊക്കെയല്ലേ നിന്റെ മനസ്സിലെ ചോദ്യങ്ങളും ? ”
ജയശ്രീ അകലെ വയലിനപ്പുറത്തെ ചൂട് പൊങ്ങുന്ന റോഡിലേക്ക് നോക്കി” മടുത്തിട്ട് മോളെയും കൂട്ടി പോയതാണ് എന്റെ വീട്ടിലേക്ക് . അതിന് ഒരു രാത്രിയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ .
ഇക്കാലത്തും കെട്ടിച്ചു വിട്ടാൽ ബാദ്ധ്യതയൊഴിവായി എന്നതാണ് വീട്ടുകാരുടെ ചിന്ത .ഭർത്താവില്ലാതെ സ്വന്തം വീട്ടിലേക്കൊന്ന് ചെന്ന് നോക്കണം .അവിടെ നമ്മൾ വെറും വിരുന്നുകാരാണ് ശ്രീ .. കൂടിയാൽ ഒന്നോ രണ്ടോ ദിവസം മാത്രം വിരുന്നിനെത്തുന്നവർ!!. ആ ദിനങ്ങൾ കഴിഞ്ഞാൽ മുറുമുറുക്കലുകളും ഇരുണ്ട മുഖങ്ങളും കാണും. ”
അതിപ്പോ താനും അങ്ങനെ തന്നെയാണല്ലോ .. സ്വന്തം വീട്ടിൽ അപരിചിതയെ പോലെ !! സൗദിയിൽ നിന്ന് വന്ന നാളുകളിലൊക്കെ എല്ലാവർക്കും കാര്യമായിരുന്നു . ആലോചനകൾ ഒന്നൊന്നായി മുടങ്ങാൻ തുടങ്ങിയപ്പോൾ മുഖംകറുക്കൽ തുടങ്ങി.
അണിയനുമാനിയത്തിയും പോയിട്ട് , എന്തിന് അമ്മ വരെ ചുരുക്കമായി സംസാരം. വിവാഹം കഴിക്കാതെ ബാദ്ധ്യതയാകുമോ എന്നുള്ള ചിന്തയിലാവും അവർ
ചുരുക്കത്തിൽ പറഞ്ഞാൽ ഫീസ് കൊടുക്കാതെ ലേഡീസ് ഹോസ്റ്റലിലെന്ന പോലെ ഉണ്ണാനും ഉറങ്ങാനും പറ്റുമെന്ന് മാത്രം.ശ്രീകലയോർത്തു
” മഹേഷേട്ടനില്ലാതെ വീട്ടിൽ ചെന്നപ്പോൾ ചോദ്യമായി . അവസ്ഥ പറഞ്ഞിട്ടും കാര്യമില്ല . കെട്ടിച്ചുവിട്ട മക്കൾ വീട്ടിൽ വന്നു നിന്നാൽ വീട്ടിലുള്ളവരേക്കാൾ വിഷമവും കുറ്റപ്പെടുത്തലും അയൽവക്കത്തുള്ളവർക്കാണ് .
അന്ന് തീരുമാനിച്ചതാണ് ചാകുന്നത് തെരുവോരത്താണെങ്കിലും സ്വന്തം വീട്ടിലേക്കില്ലന്ന് . നിനക്കറിയോ ശ്രീ ? എനിക്കൊരിഷ്ടമുണ്ടായിരുന്നു .. ശെരിക്കും പറഞ്ഞാൽ എനിക്കല്ല, അയാൾക്കായിരുന്നു എന്നെ ഇഷ്ടമായിരുന്നത് .
വിവാഹമാലോചിച്ചു വന്നതുമാ, തൊഴിൽ ടാക്സി ഡ്രൈവർ ആയത് കൊണ്ട് വീട്ടിൽ എതിർത്തു . ഇന്നയാൾ കുടുംബത്തോടെ സന്തോഷമായി ജീവിക്കുന്നത് കാണുമ്പോൾ ഉള്ളിലൊരു വിങ്ങലാണ് ”
”’ മഹേഷേട്ടൻ പോയപ്പോൾ കുഞ്ഞിനേം കൊണ്ട് എവിടേക്കെങ്കിലും പോകാമെന്ന് കരുതിയതാണ്. സ്വന്തമല്ലെങ്കിലും ആ വീട്ടിലെക്കെന്നെ വിളക്കെടുത്തു സ്വീകരിച്ച ആ അമ്മയെ ഇട്ടേച്ചെങ്ങനെ ഞാൻ ? പെറ്റതള്ളയ്ക്കില്ലാത്ത സ്നേഹം എനിക്കവർ വേണ്ടുവോളം തന്നിട്ടുണ്ട് . ഇപ്പഴും എത്ര തെറ്റുചെയ്താലും ആ കയ്യിൽ അമർന്ന് ഞാൻ കിടക്കും കുറച്ചുനേരം ”
എനിക്കത് കൂടിയില്ലല്ലോ ഈശ്വരാ !!ആരോടും സ്വന്തം വിഷമങ്ങൾ ഒന്ന് പറയാനാവാതെ ഞാൻ!!
ശ്രീകലയുടെ ഹൃദയം പിടഞ്ഞു .” നിനക്കിത് നിർത്തിക്കൂടെ ജയെ ? ഹോട്ടലിലെ ശമ്പളം കൊണ്ട് ജീവിക്കത്തില്ലേ ?”
” ഹമ്മ് ..” ജയശ്രീയുടെ മൂളലിൽ പുച്ഛം ഉണ്ടായിരുന്നു” ഞാൻ എന്തിന് നിർത്തണം ? നിനക്കും ഞാൻ പറഞ്ഞത് വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെ തോന്നിയോ? ജോലി സ്ഥിരതക്ക് വേണ്ടിയാണ് ഞാൻ ആദ്യം തുടങ്ങിയത്.പിന്നെയത് പല ആവശ്യങ്ങൾക്കായി.
ഒരു മാസം എത്രരൂപ വേണം മരുന്നിനെന്ന് നിനക്കറിയുമോ ? പിന്നെ മോൾടെ ഫീസ് . വീട്ടുചിലവ്. ഞാനിപ്പോൾ അതോർത്തൊന്നും ദുഖിക്കുന്നില്ല ശ്രീ. മടുപ്പോ വിഷമമോ തോന്നിയാൽ എന്തിനും വിരക്തിയുണ്ടാകും.അതിപ്പോൾ വീട്ടു ജോലിയാണെങ്കിൽ കൂടിയും.”
”പിന്നെ ഒരു രാത്രിയെങ്കിൽ ഒരു രാത്രി ഒരാളുടെ നെഞ്ചിൽ കിടക്കുമ്പോൾ എനിക്കെന്നോരാൾ ഉണ്ടെന്നൊരു ഫീലാണ് . പുലർച്ചെ അയാൾ എണീറ്റ് പോകുമെന്ന് ഉള്ളിന്റുള്ളിലുണ്ടെങ്കിലും … ഒരു കണക്കിന് കല്യാണം കഴിഞ്ഞയന്ന് മുതൽ ഞാൻ അനുഭവിക്കുന്നതും ഇത് തന്നെയല്ലേ ? ഇതിപ്പോൾപ്രതിഫലം കിട്ടുന്നുണ്ടെന്ന് മാത്രം ”
ജയശ്രീ വിളറിയ പുഞ്ചിരിയോടെ ശ്രീകലയെ നോക്കി .” നമ്മുടെ കൂടെ പഠിച്ച ലിസിയും വിനോദുമില്ലേ ? . അവരെ ഞാൻ കഴിഞ്ഞ മാസം സിറ്റിയിൽ വെച്ചു കണ്ടിരുന്നു . അവർ വിവാഹിതരായത് നീയറിഞ്ഞിരുന്നോ ?
അവിടെ പൊരുത്തങ്ങളോ നാളുകളോ തടസ്സമായില്ല .. ശ്രീ .. നിനക്ക് ആരെയേലും സ്നേഹിക്കാൻ മേലായിരുന്നോ ? നാളും പൊരുത്തവും പണവുമൊക്കെ നോക്കിയിരുന്നാൽ ഒറ്റപ്പെടുന്നത് നമ്മളാകും. നാളെ ഈ കുറ്റം പറയുന്നവരൊന്നും കൂടെയുണ്ടാവില്ല “‘
ആ ചോദ്യം ഒരു നടുക്കമാണ് ശ്രീകലയുടെ മനസിൽ സൃഷ്ടിച്ചത്” പ്രണയിക്കാൻ ഇഷ്ടപോലെ ആളുകളുണ്ടാകും ശ്രീ . കൗമാരത്തിൽ മനസ്സിൽ തോന്നുന്നൊരിഷ്ടം മാത്രമാണ് പ്രണയം . അവിടെ നിറമോ വർണമോ പണമോ ഒന്നും നോക്കില്ല .സാഹസികതയാകും നമ്മളെ ചിലപ്പോൾ ആകർഷിക്കുക .
കുട്ടിക്കാലത്തു വളവും തിരിവും ഒരുകൈകൊണ്ട് അനായേസേനെ ബസ് ഓടിച്ചിരുന്ന ഡ്രൈവർമാരെയായിരുന്നു ഇഷ്ടം , അല്ലെങ്കിൽ ഒരു തോട്ടി കൊണ്ട് തന്റെ പതിന്മടങ്ങുവലിപ്പമുള്ള ആനയെ മെരുക്കുന്ന പാപ്പാൻ ..
ജീവിതമെന്നത് ഒരു സ്റ്റിയറിംഗ് കൊണ്ടോ തോട്ടികൊണ്ടോ നിയന്ത്രിക്കപ്പെടേണ്ടത് അല്ല . നമ്മളെ മനസിലാക്കുന്ന പരിഗണിക്കുന്ന ഒരു മനസ് ഉണ്ടാവണം പുരുഷന് . സ്വത്തോ പണമോ ഒന്നും നോക്കണ്ട ശ്രീ , രണ്ടാൾക്കും ജോലിയുണ്ടെങ്കിൽ ആരെയും ആശ്രയിക്കാതെ ജീവിതം കരുപ്പിടിക്കാം . ”
ജയശ്രീയുടെ സംസാരം കൊണ്ട് താൻ നടന്നു പോയ വഴിയിലൂടെയെല്ലാം ഒരു നിമിഷം കൊണ്ട് ശ്രീകല സഞ്ചരിച്ചിരുന്നു. ബസിലെ കണ്ടക്ടർ മുതൽ ബസ്റ്റോപ്പിൽ കാത്തുനിൽക്കാറുള്ള സ്ഥിരം വായിനോക്കികൾ വരെ അവളുടെ മനസ്സിലൂടെ ആനേരം കൊണ്ട് കടന്നു പോയി. .
”നിന്റെ മുഖഭാവത്തിൽ നിന്ന് ആരെയോ നിനക്ക് ഇഷ്ടമാണെന്ന് തോന്നുന്നുണ്ടല്ലോ ശ്രീ. പ്രണയിക്കുമ്പോൾ അവർ നമ്മുടെ ഇഷ്ടങ്ങൾക്കാണ് വില തരിക , വിവാഹത്തോടെ അതില്ലാതാകും .അവിടെ അഡ്ജസ്റ്റ്മെന്റുകൾ മാത്രമാണ് ഉള്ളത്. കുറച്ചെങ്കിലും നിന്നെ മനസിലാകുമെന്നുറപ്പുള്ള ഒരാളെ തപ്പ് ”
ഒരു കാർ അടുത്തുകൊണ്ടുവന്നു നിർത്തിയപ്പോൾ വന്നപ്പോൾ ജയശ്രീ അതിലേക്ക് കയറി. അവളെ നോക്കി ഡ്രൈവർ സീറ്റിലിരുന്ന് ചിരിക്കുന്ന ആളെ കണ്ടപ്പോൾ ശ്രീകലയുടെ മനസിൽ ആരോടൊക്കെയോ ഉള്ള അവജ്ഞ നിറഞ്ഞു.
രാവിലെ തന്റെ ഭാവി നോക്കിപ്പറഞ്ഞ കണിയാൻ !!” സാർ .. ചായ ”മേശപ്പുറത്ത് ഗ്ലാസ് വെച്ച ശബ്ദം കേട്ടപ്പോഴാണ് ശ്രീകല ചിന്തയിൽ നിന്നുണർന്നത് .ഉച്ച കഴിഞ്ഞു തിരക്കില്ലാതിരുന്നപ്പോൾ അവൾ ജയശ്രീയുടെ വാക്കുകളിലൂടെ ആയിരുന്നു
” മുരുകാ … പഴം പൊരി ഉണ്ടോ ?””’ തീർന്ന് പോയി സാർ .നല്ല ചൂടാ വട ഉണ്ട് ..വേണമാ ?”’
തമിഴ് കലർന്ന മലയാളം. ഡിസ്പെൻസറിയുടെ മുന്നിലുള്ള ചായക്കടയിലെ ജീവനക്കാരനാണ് . കൂടുതലായൊന്നുമറിയില്ല. മുന്നിലെ സ്റ്റാളിൽ ചായയടിക്കുന്നതിനിടെ തന്നെ ശ്രദ്ധിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട് .അങ്ങനെ എത്രയോ പേർ ?
സ്ത്രീയുടെ സൗന്ദര്യത്തിനെ വിലയുള്ളൂ , വിവാഹം ആലോചിക്കുമ്പോഴെല്ലാം മാറും, അവിടെ പണവും പൊരുത്തവും ദോഷങ്ങളും !!.
” മുരുകാ … ഒന്ന് നിന്നേ ?”’
അവന്റെ പിന്നാലെയോടുമ്പോൾ ശ്രീകലയുടെ മനസ് ശൂന്യമായിരുന്നു” നിന്റെ വീടെവിടെയാ ? വീട്ടിലാരൊക്കെയുണ്ട് ?”
”എന്തിന് സാർ ?” തിരിഞ്ഞു നിന്ന മുരുകന്റെ മുഖത്ത് ഒരേ സമയം അത്ഭുതവും ഭയവും നിറഞ്ഞിരുന്നു.” ഹേയ് .. വെറുതെ .. വെറുതെ ചോദിച്ചതാ “‘
”അറിയത്തില്ല സാർ ..വീട് ..നാട് … ജാതി … ഒന്നും അറിയത്തില്ല . എനിക്ക് ഓർമ്മ ഉള്ളപ്പോ പാലക്കാട് ഒരു ടീ കടയിലെ അണ്ണാച്ചിടെ കൂടെയാ. അപ്പാ അമ്മാ ആരുമില്ലെന്ന് അണ്ണാച്ചി പറഞ്ഞു . കോൺവെന്റ്കാർ സ്‌കൂളിൽ ചേർക്കതുക്ക് വന്തേ. അവരെനിക്ക് ജോസഫ് എന്ന് പേര് വെച്ചേ . പത്താം ക്‌ളാസ് വരെ പഠിച്ചത് ””അപ്പൊ നിന്റെ ജാതി ?”
”എന്ന സാർ ജാതി എല്ലാം ? കോൺവെന്റ് കാർ എനിക്ക് ജോസഫ് എന്ന് പേര് വെച്ചേ, യത്തീം ഖാനയിലായിരുന്താൽ മുഹമ്മദ് എന്നോ ഇബ്രാഹിം എന്നോ വെച്ചിരിപ്പേ .. ഹിന്ദു ആശ്രമത്തിൽ ആയിരുന്താ അവർ ഏതോ ഒരു പേര് കൊടുപ്പേ ” മുരുകന്റെ മുഖത്ത് പുച്ഛം
” പിന്നെ നിന്നെയിപ്പോൾ മുരുകനെന്ന് വിളിക്കുന്നതോ ?””അണ്ണാച്ചിക്ക് അറിഞ്ഞ പേര് മുരുകൻ. നാൻ പത്താം ക്‌ളാസ് മുടിഞ്ഞതും എന്നെ വന്ന് അണ്ണാച്ചി കൊണ്ട് പോയി . പത്തുവർഷം പോണ്ടിച്ചേരിയിൽ വേല ചെയ്തേ .”
” മുരുകാ ..നിനക്കെന്നെ കല്യാണം കഴിക്കാമോ ?”എടുത്ത വായിലെ ശ്രീകലയുടെ ചോദ്യം കേട്ട മുരുകന്റെ കണ്ണ് തള്ളി .അവൻ പുറകിലെ ഭിത്തിയിലേക്ക് ചാരി
”എന്നാ സാർ കളിയാക്കറയാ ? തിരുമണം എല്ലാം എങ്കളെ പോലെ ഇരുക്കർവർക്ക് വലിയ സ്വപ്നം മാതിരി . ലോട്ടറി അടിക്കറുത് ഇല്ലേ ..അത് പോലെ ”
” പിന്നെ നീയെപ്പോഴും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നല്ലോ . എല്ലാരേം പോലെ വൃത്തികെട്ട നോട്ടമല്ല . നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിട്ടുണ്ട്
” സാർ ..ഞാൻ പറഞ്ഞില്ലേ? കനവ് ആർക്ക് വേണമെങ്കിലും കാണാം . നീ ദേവത മാതിരി ഇറുക്കെ. നീ എന്നോടെ മനൈവി ആകറുതൊക്കെ എത്തന പ്രാവശ്യം സ്വപ്നം കണ്ടിറുക്ക്. ” മുരുകൻ തലകുനിച്ചു ലജ്ജയോടെ അവളെ പാളി നോക്കി.
” ”ആ കനവ് സത്യമാണ് എന്ന് കരുതിക്കോ?. എനിക്ക് നിന്നെ ഇഷ്ടമാണ്. നിനക്കെന്നെ വിവാഹം കഴിക്കാമോ? പക്ഷെ സ്ത്രീധനം തരാൻ എന്റെ കയ്യിലൊന്നുമില്ല മുരുകാ, ഇനി ജോലിചെയ്തുകിട്ടുന്ന പൈസ മാത്രം . എനിക്ക് ചൊവ്വ ദോഷം ഉണ്ട് …. അതുകൊണ്ട് നിനക്ക് വല്ല ദോഷവും ?”’
” എന്ന സാർ ചൊവ്വയും വ്യാഴവുമെല്ലാം.. പശി താൻ എല്ലാറ്റുക്കും മേലെ. തെരുവില് ജീവിക്കുന്ന എങ്കളെ പോലെ ഉള്ളവർക്ക് എന്ന നാളും ദോഷവും സാർ. പശിക്കുമ്പോ ശാപ്പിടണം .. തൂക്കം വരുമ്പോത് എങ്കെയാവത് കിടക്കണം” ‘ മുരുകൻ നിസ്സംഗതയോടെ പറഞ്ഞു
” അപ്പോൾ നീയെന്നെ വിവാഹം ചെയ്യുന്നതിൽ കുഴപ്പമില്ലല്ലോ അല്ലെ?”
ശ്രീകല വീണ്ടും ആവർത്തിച്ചപ്പോൾ മുരുകൻ ഒന്നും വിശ്വസിക്കാനാവാതെ അവളെ നോക്കി.
” എന്ന സാർ നിങ്ങൾ പറയുന്നത് ? തിരുമണം ഒക്കെ വിളയാട്ടാണോ. എന്നെ നോക്ക് .. ഞാൻ വന്ന് കറുപ്പ് .നീ വന്ന് വെളുത്തു അഴക് ദേവതൈ മാതിരി . പിന്നെ .. ഞാൻ ലോഡ്ജില് താമസം . എനിക്ക് എന്ത രേഖയും ഇല്ല .
പത്താം ക്‌ളാസ് സെർട്ടിഫിക്കറ് അല്ലാമേ . സർട്ടിഫിക്കറ്റ് ഇല്ലാമേ ഒരു റേഷൻ കാർഡ് കിടയത് ..ആധാർ കാർഡ് കിടയാത് .. ഒരു കോവിലിലും കല്യാണവും നടത്തമാട്ടേൻ ”
‘നീ പറഞ്ഞില്ലേ മുരുകാ … എല്ലാറ്റിലും വലുത് വിശപ്പ് ആണെന്ന് . അത് പോലെ തന്നെയാണ് മനസും . തന്നെ സ്നേഹിക്കുന്ന പരിഗണിക്കുന്ന ഒരു മനസ് ഉള്ള ആളാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ യഥാർത്ഥ പുരുഷൻ.
എനിക്കുറപ്പുണ്ട് നാളിന്റെ പേരിലോ ജാതകദോഷത്തിന്റെ പേരിലോ മറ്റൊരുവിധത്തിലുമോ നീ എന്നെ കുത്തിനോവിക്കില്ലന്ന്”
ശ്രീകല പറഞ്ഞതും മുരുകന്റെ മുഖത്ത് പ്രതീക്ഷയുടെ ആയിരം വർണങ്ങൾ വിരിഞ്ഞു .
ഒരു മാസം കഴിഞ്ഞൊരു ദിവസം നേരം പുലർന്നത് തമിഴ്നാട് സ്വദേശിയും ചായക്കട തൊഴിലാളിയുമായ യുവാവിനെയും അയാൾക്കൊപ്പം ഒളിച്ചോടിയ യുവതിയെയും വെട്ടിക്കൊന്ന ദുരഭിമാന കൊലക്കേസിലെ പ്രതികളായ , യുവതിയുടെ അച്ഛനെയും സഹോദരനെയും പിടികൂടിയ വാർത്തയുമായായിരുന്നു.