രചന: Pratheesh
കാമത്തിനു പ്രായപരിധിയുണ്ടോ ?
അവരുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് ആ ചോദ്യത്തിനു പിന്നാലെയായി,
ഞാൻ ആലോചിച്ചു അതിപ്പോൾ എത്ര വയസ്സിലായിരിക്കും ഇതിനുചിതമായ പ്രായം ?
അതൊരു വല്ലാത്ത ചോദ്യമായിരുന്നു,
ശരീരത്തിലെ ഹോർമോണുകളുടെ സ്വാധീനത്തിനനുസരിച്ച് ഒരോ മനുഷ്യരിലും അതു വ്യത്യസ്ഥപ്പെട്ടിരിക്കും എന്നൊരറിവല്ലാതെ വളരെ കൃത്യമായൊരറിവില്ലായിരുന്നു,
എന്റെ ചിന്തകൾ വല്ലാതെ കാടു കയറി പോവുകയാണെന്നു തോന്നിയതും അവർ എന്നോടു ചോദിച്ചു,
നീയെന്തു തേങ്ങയാടാ ഈ ആലോചിക്കുന്നതെന്ന് ?”അല്ലാ ?ഈ പ്രായപരിധിയെന്നു പറയുമ്പോൾ ? ”
ഞാൻ നിന്നു പരുങ്ങവേ അവർ എന്നെ നോക്കി,”തേങ്ങാക്കൊല !””എടാ വിവരംക്കെട്ടവനെ ?കൊച്ചു പിള്ളേരുടെ പ്രായമല്ല ചോദിച്ചത്, വലിയ ആൾക്കാരുടെ പ്രായമാ ചോദിച്ചേ ! ”
ഞാൻ പിന്നെയും എന്റെ ചിന്തകളുടെ പാളിച്ചയിൽ അവർക്കു മുന്നിൽ നാണം കെട്ടു, !എന്നാൽ ആ ചോദ്യവും എന്നിലെ കിളി പറത്തി !
പക്ഷെ അതിലെനിക്ക് വലിയ ആലോചനയുടെ ആവശ്യം വേണ്ടി വന്നില്ല ഉടനെ തന്നെ ഞാൻ അവരോടു പറഞ്ഞു,
അതിപ്പോൾ ചാവുന്നതിനു തൊട്ടു മുന്നേ പോലും അങ്ങിനൊരവസരം ലഭിച്ചാൽ ഒന്നു കേറി മേയാനോ കുറഞ്ഞപക്ഷം ഒരു ശ്രമം നടത്തി നോക്കാനെങ്കിലും മിക്കവരും ശ്രമിക്കും !
” ഉറപ്പാണല്ലോ ? ”
എന്നവരുടെ മറു ചോദ്യത്തിനു” അതിപ്പോൾ ? “എന്ന എന്റെ സംശയം കണ്ടതും അവർ,” നീ നിന്റെ കാര്യം പറഞ്ഞാൽ മതി പൊട്ടാ ! ”
ഒരു കള്ള ചിരിയോടെ ” ഞാനെന്തായാലും ശ്രമിക്കും !”
എന്നു പറഞ്ഞതും,
എന്നെ നോക്കി,
” ആഹാ അതു പറയുമ്പോൾ എന്താ അവന്റെ ഒരു ചിരി !”
” കള്ളത്തിരുമാലി ! ”
തുടർന്നവർ എന്നെ നോക്കി,
അതു തന്നെയാണ് എന്റെയും പ്രശ്നം !അവർ ആ പറഞ്ഞത് എനിക്കത്ര മനസിലായില്ലെന്നു കണ്ടതും,
എനിക്കിപ്പോൾ 52 വയസ്സുണ്ട് ! ”
മൂന്നു മക്കളുണ്ട് !
മൂന്നാളുടെയും വിവാഹം കഴിഞ്ഞ് അവർ കുടുംബവുമായി ജീവിക്കുന്നു,
എന്റെ ഭർത്താവു മരണപ്പെട്ടിട്ട് 16 വർഷമായി !
ഭർത്താവിന്റെ മരണശേഷമാണ് മക്കൾ മൂന്നു പേരേയും ഞാൻ വിവാഹം ചെയ്തു കൊടുത്തത് !
എല്ലാവരും ഇപ്പോൾ സുരക്ഷിതരും സംരക്ഷിതരും ആണ് !
അവർ പറഞ്ഞു നിർത്തിയെങ്കിലും
എനിക്കവർ പറഞ്ഞതിന്റെ കാരണങ്ങളൊന്നും മനസിലായതുമില്ല, അതാണു ഞാനവരോടു ചോദിച്ചത്,
അല്ല ചേച്ചി എന്താണീ പറഞ്ഞു വരുന്നതെന്ന് ?ചേദ്യം കേട്ട് അവരെന്നേ നോക്കി കൊണ്ട് ചോദിച്ചു,” ഇനിയെങ്കിലും എനിക്കെന്റെ ഇഷ്ടത്തിനു ജീവിച്ചൂടെന്ന് ?
അവരുടെ ആ ചോദ്യത്തിൽ ന്യായം ഉണ്ടായിരുന്നതു കൊണ്ടും,
അവർ അവരുടെതായ കടമകളും കർത്തവ്യങ്ങളും പൂർത്തിയാക്കിയ ഒരു വ്യക്തിത്വമായിരുന്നതു കൊണ്ടും,
അതോടൊപ്പം കഴിഞ്ഞ പതിനാറു വർഷങ്ങളായി തന്റെ ചുറ്റുമുള്ളവർക്കൊരു ജീവിതം
ഉണ്ടാകുന്നതിനു വേണ്ടി സ്വന്തം സുഖങ്ങളും സന്തോഷങ്ങളും മാറ്റി വെക്കുകയും ചെയ്ത ഒരു സ്ത്രീയെന്ന നിലക്കും ഞാനവരോട് ഇനിയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിൽ തെറ്റില്ലെന്നു പറഞ്ഞു,
ഞാനതു പറഞ്ഞതും അവരെന്നോടു ചോദിച്ച മറ്റൊരു ചോദ്യമാണ് എന്നെ ഏറെ സ്വാധീനിച്ചത് !അവർ എന്നോടു ചോദിച്ചു,
നിനക്കെന്നെ കുറച്ചെങ്കിലും മനസ്സിലാകുന്നുണ്ട് ,
പക്ഷേ എന്റെ മക്കൾക്കെന്താണ് എന്നെ മനസിലാകാത്തത് ??
ആ ചോദ്യം കേട്ട് ഞാനവരെ സൂക്ഷ്മമായി നോക്കിയതും,”അമ്മയോട് മക്കൾക്കു സ്നേഹമുണ്ടെന്നതു മനസിലാക്കാം,
പക്ഷേ എന്നു വെച്ച് അമ്മയുടെതായ എല്ലാ സ്വാതന്ത്ര്യത്തേയും അവകാശങ്ങളെയും അടച്ചു പിടിച്ചാണോ അമ്മയോടുള്ള സ്നേഹവും ഇഷ്ടങ്ങളും പ്രകടിപ്പിക്കേണ്ടത് ?
ഞാൻ പിന്നെയും അവരുടെ ചോദ്യങ്ങളിൽ കൺഫ്യൂഷനിലായി,
അതൊന്നും ശ്രദ്ധിക്കാതെ അവർ പിന്നെയും തുടർന്നു,
ഞാനൊന്ന് പുറത്തു പോകണമെന്നു പറഞ്ഞാൽ അപ്പോൾ തന്നെ വണ്ടിയുടുത്ത് അവരും കൂടെ വരും !
അവർ ഇല്ലെങ്കിൽ ഏതെങ്കിലും ഒട്ടോക്കാരനെ വിളിച്ച് കൊണ്ടു പോകുന്നതിനും തിരിച്ചു കൊണ്ടു വരുന്നതിനും ഏർപ്പാടാക്കി തരും !
ഒട്ടോക്കാരനാണെങ്കിൽ കാമുകിയുടെ പിന്നാലെ നടക്കുന്ന കാമുകനെ പോലെ മുന്നിലും പിന്നിലുമായി വിട്ടുമാറാതെ കൂടെ തന്നെ നടക്കുകയും ചെയ്യും !
എവിടെക്കെങ്കിലും ഒറ്റക്കു പോകാൻ തയ്യാറാവുകയാണെന്നു അറിഞ്ഞാൽ ഉടനെ മക്കൾ കൂട്ടിനു വരും അതല്ലെങ്കിൽ മരുമകളേയോ ഭാര്യയേയോ കൂട്ടിനു വിടും !
കൂടെ അമ്മയേ ഒറ്റക്കു വിടല്ലെ,
അമ്മയേ എപ്പോഴും ശ്രദ്ധിക്കണേ,
എപ്പോഴും അമ്മേടെ കൂടെ തന്നെ നിൽക്കണേ എന്നൊരു ഉപദേശവും !
അമ്മക്കെന്താ കൈകാൽ തളർച്ചയോ കാഴ്ച്ചകുറവോ ഉണ്ടോ ?
ഇങ്ങനെ ആനയേ കൂച്ചിവിലങ്ങിട്ടു പാപ്പാന്മാർ കൊണ്ടു നടക്കുന്ന പോലെ കൊണ്ടു നടക്കാൻ ?
ഇനി എപ്പോഴെങ്കിലും ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് ഒറ്റക്കൊന്നു പുറത്തു പോയാൽ പിന്നെ സെക്കന്റിനു സെക്കന്റിനു ഫോൺ കോളുകളുടെ ബഹളമാണ് !എന്തായി ?എവിടെയെത്തി ?കണ്ടോ ?കഴിഞ്ഞോ ?
നേരം വൈകോ ?
വണ്ടി വിടണോ ?
വിളിക്കാൻ വരണോ ?
തുടങ്ങി തിരിച്ചെത്തുന്നതു വരെ പിന്നെ സ്വസ്ഥത എന്നൊരു സാധനം കണി കാണാൻ പോലും കിട്ടില്ല !
ചിലപ്പോൾ ഫോൺ വലിച്ചെറിഞ്ഞു പൊട്ടിക്കാൻ വരെ തോന്നും !
എനിക്കെന്താ ഒറ്റക്കു പോയി തിരിച്ചു വരാൻ അറിയില്ലെ ?
ഇവരൊക്കെ വളരും മുന്നേ ഞാൻ ഒറ്റക്കു തന്നെയല്ലെ ഈ കണ്ടകാര്യങ്ങളെല്ലാം ചെയ്തോണ്ടിരുന്നത് ?
ഞാനെന്താ ആദ്യായിട്ടാണോ ഈ നാടും നഗരവും കാണുന്നത് ?
ഇവരെന്തിനാണ് സർക്കസ്സിലെ റിങ്മാസ്റ്ററേ പോലെ ഒരു വടിയും കൊണ്ട് എന്റെ പിന്നാലെ നടക്കുന്നത് ?
ഇവർക്കെല്ലാം വിദ്യാഭ്യാസം മാത്രേയുള്ളോ വിവരമില്ലെ ?
ഒരമ്മ എന്ന നിലയിലല്ലാതെ തന്നെ ഒരു സ്ത്രീയെന്ന നിലയിൽ ആഗ്രഹങ്ങളും, ആശകളും, ആവശ്യങ്ങളും ഇനി അവശേഷിക്കുന്ന ജീവിതനാളുകളിലും എനിക്കുണ്ടാകാമെന്ന് എന്റെ മകൻ മനസ്സിലാക്കിയില്ലെങ്കിലും ഒരു സ്ത്രീയെന്ന നിലയിൽ മകൾക്കും മരുമകൾക്കും അതു മനസിലാവില്ലെ ?
അതോ ഒരു പ്രായം കഴിഞ്ഞാൽ അതെല്ലാം വേണ്ടായെന്നാണോ ?
എന്റെ എല്ലാ കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിച്ച ശേഷവും എനിക്കതിനുള്ള അവകാശമില്ലെന്നാണോ ഇവരൊക്കെ മനസിലാക്കി വെച്ചിട്ടുള്ളത് ?
മക്കൾ നോക്കുന്നില്ലെന്നു പഴിക്കുന്ന അമ്മമാരുണ്ടാകും അത്തരമൊരു വിധി അവരുടെ അമ്മക്കുണ്ടാകരുതെന്ന് അവർ കരുതുന്നതിൽ തെറ്റില്ല,
എന്നാൽ സ്നേഹം ചങ്ങലയാക്കി മാറ്റി കൊണ്ടാണോ അതു പ്രകടിപ്പിക്കേണ്ടത് ?
അതെല്ലാം പറഞ്ഞ് ഒരു ഉത്തരത്തിനായി അവർ എന്നെ നോക്കിയതും ഞാൻ ഈ തവണ ശരിക്കും പെട്ടു !
എങ്കിലും വളരെ പതിഞ്ഞ സ്വരത്തിൽ ഞാൻ,ഒരു വിവാഹം കഴിച്ചാൽ ?
എന്നു ചോദിച്ചതും ഒരു നോട്ടമായിരുന്നു,
അതു വേണമോ ? വേണ്ടയോ ? എന്നുള്ളത് നീയെനിക്ക് പറഞ്ഞു തരേണ്ടതില്ല” എന്നതായിരുന്നു ആ നോട്ടത്തിനർത്ഥം !കൂടെ മറ്റൊരു നോട്ടം കൂടി നോക്കിയതിൽ നിന്നു മറ്റൊന്നു കൂടി എനിക്കു മനസിലായി,
“അതിനായിരുന്നെങ്കിൽ എനിക്ക് ഈ പതിനാറു വർഷം വരെ കാത്തിരിക്കേണ്ട കാര്യമില്ലായിരുന്നു എന്ന് ! ”
വീണ്ടും ഞാനവരോടു ചോദിച്ചു,
അപ്പോൾ ഇന്നു എന്റെ അടുത്ത് എങ്ങിനെ ഇങ്ങനെ എത്തിപ്പെട്ടെന്ന് ?
ഒന്നു ചിരിച്ചു കൊണ്ട് അവർ പറഞ്ഞു,
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ സ്വാഭാവികമായും അതിനെ മറികടക്കുന്നതിനുള്ള വഴികളും നമ്മൾ ആലോചിക്കുമല്ലോ ?
നിന്നെ ഇന്നു കാണണം എന്നു തീരുമാനിച്ചതു മുതൽ കഴിഞ്ഞ നാലു
ദിവസമായി ഇടക്കിടെ ഞാൻ അര മണിക്കൂർ ഫോൺ ഒാഫാക്കി വെക്കും,
പിന്നീട് അവർ വിളിക്കുമ്പോൾ ഫോണിനെന്തോ തകരാറുണ്ടെന്നും ഫോൺ ഇടക്കിടെ ഒാഫാവുന്നുണ്ടെന്നും അവരോടു പറഞ്ഞു,
ഇന്ന് ഇങ്ങോട്ടു പോരുന്നതിനു മുന്നേ ഫോൺ നന്നാക്കാൻ മൊബൈൽ ഷോപ്പിൽ കൊടുക്കുകയാണെന്നും വിളിച്ചാൽ കിട്ടില്ലെന്നും കൂടെ ഹോസ്പ്പിറ്റലിൽ കിടക്കുന്ന ഒരു ബന്ധുവുണ്ട് ആ ബന്ധുവിനെ കാണാൻ പോകാനുണ്ടെന്നും കൂടി എല്ലാവർക്കും വാട്ട്സാപ്പിൽ ഒരോ വോയ്സ് നോട്ട് അയച്ച ശേഷം നേരെ ഫോണങ്ങ് ഒാഫാക്കി വെച്ചു,
ഇനി തിരിച്ചു ചെല്ലുമ്പോൾ ഒാണാക്കി ഫോൺ കിട്ടിയെന്നും ശരിയായെന്നും പറയും അത്ര തന്നെ !
ഇങ്ങോട്ടു വരും മുന്നേ ഹോസ്പ്പിറ്റലിൽ കയറി ആ ബന്ധുവിനെയും കണ്ടു, പറഞ്ഞ കള്ളം പിന്നീട് പൊളിയരുതല്ലോ ?
അതുകേട്ട് ഞാനും ഒന്നു ചിരിച്ചു !
ഒരാൾ മനസ്സിലുറപ്പിച്ച കാര്യങ്ങളിലേക്കുള്ള വഴി അവർ തന്നെ ഏതെങ്കിലും വിധത്തിൽ കണ്ടെത്തി പിടിക്കുമെന്ന് അറിയാമെങ്കിലും ഇവർ ഇപ്പോൾ ചോദിച്ച ഈ ചോദ്യങ്ങൾ എന്നെ വല്ലാതെ വേട്ടയാടി !
മക്കൾ അമ്മക്ക് ഒരു കുറവും ഉണ്ടാവരുതെന്നു കരുതി അമ്മയുടെ കൂടെ നടന്ന് അമ്മക്ക് കരുതലും, സ്നേഹവും, സംരക്ഷണവും നൽകി അവരെ സംരക്ഷിച്ചു പിടിക്കുന്നത് എങ്ങിനെ തെറ്റാണെന്നു പറയും ?
അമ്മയുടെതായ സർവ്വ സ്വാതന്ത്ര്യങ്ങൾക്കും തടസ്സം സൃഷ്ടിച്ചു കൊണ്ടും അവരുടെതായ സർവ്വ സ്വകാര്യതയിലേക്കും അനുവാദം ചോദിക്കാതെ കടന്നു ചെല്ലുകയും അതുവഴി അതവർക്കു മാനസീകമായി വല്ലാത്ത ബുദ്ധിമുട്ടും പ്രയാസങ്ങളും അസ്വസ്ഥയും ഉണ്ടാക്കുന്നുണ്ടെങ്കിൽ അതും ഒരു ശരിയായ പ്രവണതയല്ലല്ലോ ?
സത്യത്തിൽ ഇതിപ്പോൾ ഒരു ക്രിസ്റ്റഫർ നോളന്റെ സിനിമ പോലെ ഒന്നും മനസിലാകാത്ത അവസ്ഥയായി !ആരുടെ ഭാഗത്താണു ശരി ?അമ്മയുടെയോ ?മക്കളുടെയോ ?
നീ ആലോചിച്ച് ഒരു തീരുമാനം പറ ” എന്ന മട്ടിൽ അവർ എന്റെ മുന്നിലങ്ങനെ ഇരുന്നതും എന്റെ ചിന്തകൾ കാടും കടലും കയറിയിറങ്ങി അവസാനം എനിക്കു തോന്നിയ ഒരു ശരിയിലേക്ക് പതിയേ ഞാൻ മടങ്ങിയെത്തി !
എനിക്കു തോന്നിയത് മക്കളുടെ ശരിയേക്കാൾ അമ്മയുടെ ശരിയാണ് ന്യായം അർഹിക്കുന്നതെന്നാണ് !
കാരണം മക്കൾ അമ്മയേ കാണുന്നത് അവർക്കു ജന്മം കൊടുക്കുകയും വളർത്തി വലുതാക്കുകയും ചെയ്ത അവർക്കു ഏറെ പ്രിയപ്പെട്ട ഒരായിട്ടാണ് !
എന്നാലവിടെ അവർ എന്നത് അമ്മ ഒരു സ്വതന്ത്ര വ്യക്തിയും വ്യക്തിത്വവുമാണെന്ന് പലപ്പോഴും മറന്നു പോകുന്നു !
അമ്മയേ അമ്മയായി കണ്ടു സ്നേഹിക്കുക മാത്രമാണവർ ചെയ്യുന്നത് അമ്മയിലെ സ്ത്രീയേയും അവരിലെ ചിന്തകളേയും മക്കൾ പരിഗണിക്കാൻ ശ്രമിക്കുന്നതേയില്ല !
അമ്മയേ ദേവതയാക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും അറിയുന്നില്ല അമ്മ ആഗ്രഹിക്കുന്നത് അതുവരേയും അമ്മ എന്തായിരുന്നോ അതെ സാധരണക്കാരിയായ സ്ത്രീയായി തന്നെയിരിക്കാനാണെന്ന കാര്യം !
മക്കളോടൊ മറ്റുള്ളവരോടൊ തുറന്നു പറയാനും അനുമതി വാങ്ങാനും കഴിക്കാത്ത ചില വികാരങ്ങളും വിചാരങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും ഒക്കെ ഈ പ്രായത്തിലും അവർക്കുണ്ടാവാം എന്നു മക്കളും മനസിലാക്കുന്നില്ല,
യാത്രകളും വിനോദങ്ങളും സ്വന്തം താൽപ്പര്യങ്ങളും ഇഷ്ടങ്ങളും ജീവിതത്തിന്റെ അവസാനത്തേക്ക് മാറ്റി വെക്കുന്ന ഒരുപാടു മനുഷ്യരുണ്ട് ഈ സമയങ്ങളിലെങ്കിലും അവർക്ക് അതിനു സാധ്യമായില്ലെങ്കിൽ പിന്നീട് അതിനൊരവസരം ഉണ്ടാകണമെന്നില്ലെന്നു കൂടി മറ്റുള്ളവർ മനസിലാക്കണം !
അവർ ഇതൊന്നും നിങ്ങളോടു നേരിട്ടു പറയുകയോ ആവശ്യപ്പെടുകയോ ചെയ്യണം എന്നില്ല,
പക്ഷേ അവരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചില സൂചനകൾ അവർ എന്തായാലും നിങ്ങൾക്കു തരും,
പണ്ട് നിങ്ങൾ കൈകുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ വിശപ്പിനും, സ്നേഹത്തിനും, സാമീപ്യത്തിനും സൂചനകൾ കൊടുത്തു കൊണ്ടിരുന്നത് നിങ്ങളുടെ അമ്മമാർ മാനസിലാക്കി നിങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടില്ലെ ?
അതു പോലെ അവരിലെ ആഗ്രഹങ്ങളിലൂന്നിയ അടയാളങ്ങൾ പ്രകടിപ്പിക്കുമ്പോൾ അതു മനസിലാക്കി എടുക്കാൻ നിങ്ങളും ശ്രമിക്കുക, കുഞ്ഞുങ്ങളെ മനസിലാക്കിയെടുക്കുന്ന അത്രയും ബുദ്ധിമുട്ട് എന്തായാലും അമ്മയേ മനസിലാക്കുന്നതിലുണ്ടാവില്ല !
പണ്ടു സ്ക്കൂളിൽ പഠിപ്പിച്ച ഒരു പദ്യമുണ്ട്
“ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ” എന്ന വരികൾ ആ ബന്ധുരക്കു മാത്രമുള്ളതല്ല എന്നു കൂടി നമ്മൾ മനസിലാക്കുക !
അമ്മയുടെ ആവശ്യങ്ങൾ അച്ഛനില്ലായതോടെ അവസാനിച്ചു എന്ന ചിന്തയും നിങ്ങളിൽ നിന്നു മാറേണ്ടിയിരിക്കുന്നു,
കാരണം മരണപ്പെട്ടത് അച്ഛനാണ് അമ്മയല്ല !
വേണമായിരുന്നെങ്കിൽ ഞങ്ങൾ തന്നെ അമ്മക്ക് മറ്റൊരു വിവാഹം നടത്തി കൊടുക്കുമായിരുന്നില്ലെ ?എന്നതാവാം നിങ്ങളിലെ ചിന്ത.എന്നാൽ ചായ കുടിക്കാൻ വേണ്ടി മാത്രം ഒരു തോട്ടം വാങ്ങാൻ അമ്മക്കും പ്ലാൻ ഉണ്ടാവണമെന്നില്ല ?
കേൾക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ചില സത്യങ്ങളൊക്കയും നഗ്നസത്യങ്ങൾ തന്നെയാണ് !
നിങ്ങൾ ഒറ്റക്കു പോകാൻ ശ്രമിക്കുന്നിടത്ത് ഭാര്യ കൂടി ഒപ്പം വരാൻ ശ്രമിച്ചാൽ ?അല്ലെങ്കിൽ നിങ്ങൾ പോകുന്നിടത്താ മക്കളെ ആരെയെങ്കിലും നിർബന്ധമായും കൂട്ടി കൊണ്ടു പോകണമെന്നൊരാശയം ആരെങ്കിലും മുന്നോട്ടു വെച്ചാൽ ?അവിടെ നിങ്ങളിലെ യദാർത്ഥ നിങ്ങൾ എത്രമാത്രം ആ കാര്യങ്ങളെ അനുവദിച്ചു കൊടുക്കും ?
അതിനുത്തരമായി എന്നെ പോലെയാണോ വീട്ടിലിരിക്കുന്ന അമ്മ ?
എന്നു ചോദിച്ചാൽ !അതെ !എന്നു തന്നെയാണു അതിനുത്തരം !കാരണംഅവകാശങ്ങൾ എല്ലാവർക്കും ഒരുപോലെയാണ് !
കാമം പോലുള്ള ആഗ്രഹങ്ങൾക്ക് അവർ ദുർലഭമായേ ശ്രമിക്കു,പക്ഷേ അവർ ബാക്കിവെച്ച അവർക്കൊറ്റക്ക് സ്വതന്ത്രമായി ചെയ്യാൻ കഴിയുന്നതൊക്കയും നിർബന്ധമായി തന്നെ അവരാഗ്രഹിക്കും !
അവരുടെ ഇത്തരം പ്രശ്നങ്ങളെ തിരിച്ചറിയാൻ നിങ്ങൾക്കൊരു എളുപ്പവഴിയുണ്ട്,അവരുടെ എത്രാമത്തെ വയസ്സു മുതലാണ് അവർക്ക് അവരുടെതായ നിർഭാഗ്യങ്ങൾ സംഭവിച്ചതെന്നു മനസിലാക്കി ആ പ്രായത്തിൽ നിങ്ങൾക്കാണു ഈ വിധിയുണ്ടാകുന്നതെങ്കിൽ നിങ്ങളുടെ എല്ലാം അവിടെ അവസാനിച്ചതായി നിങ്ങൾ കരുതുമോ എന്നൊന്നു ആലോചിച്ചാൽ മതി !
അത്തരത്തിൽ എല്ലാം അവിടെ അവസാനിച്ച് തുടർന്നുള്ള ജീവിതക്കാലം മുഴുവൻ നിർവികാരതയോടെ സന്ന്യാസിമാർക്കു സമമായി ജീവിതം തള്ളി നീക്കുന്ന ഒരാളായി നിങ്ങളെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ ?ഉണ്ടാവില്ല, അതുറപ്പാണ് !
ഇത്തരത്തിൽ ഒന്നു ചിന്തിച്ചാൽ തന്നെ നിങ്ങൾക്കു വേണ്ടി അവർ നഷ്ടപ്പെടുത്തിയ അവരുടെ സമയത്തിന്റെ വ്യാപ്തിയും ഉണർവുകളുടെ മൂല്യവും സ്വയം നിങ്ങൾക്കു മനസിലാകും !
അവർക്കായി നിങ്ങൾ എന്തു ചെയ്തു നൽകിയാലും അതധികമാവുകയില്ല കാരണം ആ ഗർഭപാത്രം ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഉണ്ടാകുമായിരുന്നില്ല !
നിങ്ങളിലെ വ്യക്തി സ്വാതന്ത്ര്യവും അമ്മയിലെ വ്യക്തി സ്വാതന്ത്ര്യവും ഒന്നാണെന്ന ബോധവും,അമ്മയിലെ സ്വതന്ത്ര വ്യക്തിയുടെ മരണം അമ്മയുടെ മരണത്തോടൊപ്പം മാത്രമേ ഇല്ലാതാകുന്നുള്ളൂ എന്നു കൂടി നിങ്ങൾ മനസിലാക്കണം !
ജീവിതത്തിലെ പ്രതിസന്ധികൾ നൽകിയ തളർച്ച 30 വയസ്സിൽ 60 വയസ്സായവരും പ്രതിസന്ധികളെ കരളുറപ്പോടെ നേരിട്ട് 60 ലും 30 ന്റെ ചെറുപ്പവും ഊർജ്ജസ്വലതയും കാത്തു സൂക്ഷിക്കുന്നവരുമുണ്ട് ഇരുവരിലും അവരുടെ ചിന്തയിലും കാഴ്ച്ചപ്പാടിലും ഉള്ള മാറ്റം തന്നെയാണ് അവരെ വ്യത്യസ്തരാക്കുന്നത്, ഇരുവരിലെ ആവശ്യങ്ങളും വിപിന്നമായിരിക്കും !
മക്കളായതു കൊണ്ട് നിങ്ങളെ എതിർത്തു ഒരോന്നു ചെയ്യാനും അവർക്കാവശ്യമായ പലതും വേണമെന്നു നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി നേടാനും അവർക്കു പ്രയാസമുണ്ടെന്നതു കൂടി നിങ്ങൾ മനസിലാക്കുക !
അമ്മയുടെ അവസാന ജീവിതനാളുകളിൽ അവർ ഇഷ്ടപ്പെടുന്ന വ്യക്തിത്വമായി അവർ മറന്നു വെച്ച സ്വപ്നങ്ങളെയൊക്കയും തേടി പിടിച്ച് ജീവിക്കാൻ അവർക്കൊരവസരം ലഭിക്കുന്നതിലും വലിയ സന്തോഷം മറ്റൊന്നുണ്ടാവണമെന്നില്ല !
നിങ്ങളുടെ വിവാഹത്തോടെ ഒരു സ്ത്രീയോ പുരുഷനോ നിങ്ങളുടെ ജീവിതത്തിലേക്കു കടന്നു വരുന്നതോടെ അവരിലെ വിഷമങ്ങളും ആഗ്രഹങ്ങളും നിങ്ങൾക്കു മനസിലാവുമെന്ന് അവർ കരുതുന്നുണ്ടെങ്കിലും
അവിടെയും നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ മാത്രം ഭംഗിയും അതു
എങ്ങിനെയെങ്കിലും നല്ല രീതിയിൽ നിലനിർത്തി കൊണ്ടു പോകണം എന്നുള്ള ചിന്തകളിലും പ്രവൃത്തികളിലും മുഴുകി പോവുക മാത്രമാണു ചെയ്യുന്നത്, എന്നതാണു ഒരു വലിയ സത്യം !
അവസാനമായി ഒന്നു കൂടി പറയാം,
നിങ്ങൾ മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം !,നിങ്ങളുടെ അമ്മയിൽ നിങ്ങൾ കാണുന്ന അഴകും, ഭംഗിയും,ആകൃതിയും,രൂപവും,സ്നേഹവും, ഇഷ്ടവും,അറിവും, ആരോഗ്യവും,സഹനശക്തിയും, അഭിനിവേശവും,
കായികശേഷിയും, ഊർജ്ജസ്വലതയും,
ആഗ്രഹങ്ങളും, ആഹ്ലാദവും, ആവേശവും
എല്ലാം അമ്മയായ അവർക്കും കൂടി അവകാശപ്പെട്ടതാണ് എന്ന വസ്തുത