(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” കിരണേട്ടാ.. നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു.. എനിക്ക് ഡേറ്റ് ആയിട്ടും പീരിയഡ്സ് ആയില്ലായിരുന്നു ഞാനിന്ന് മെഡിക്കൽ സ്റ്റോറിൽ ന്ന് ഒരു പ്രെഗ്നൻസി കിറ്റ് വാങ്ങി ചെക്ക് ചെയ്തു റിസൾട്ട് പോസിറ്റീവ് ആണ്. നമുക്ക് ഒരു കുഞ്ഞ് പിറക്കാൻ പോണു ”
വല്ലാത്ത ആഹ്ലാദവും സന്തോഷവും സങ്കടവും എല്ലാം ഇടകലർന്നിരുന്നു ദേവികയുടെ ശബ്ദത്തിൽ. അവളുടെ വാക്കുകൾ കേൾക്കെ ഏകദേശം അതേ അവസ്ഥയിൽ തന്നെയായിരുന്നു കിരണും.
” സത്യാണോ… ദൈവം കാത്തു.. ദേവി നാളെ തന്നേ നീ ഒരു ഡോക്ടറിനെ കാണണം കണ്ട് ഇത് കൺഫോം ആക്കണം. നമ്മളെ ട്രീറ്റ്മെന്റ് ചെയ്ത ജിഷ മേഡത്തിനെ തന്നെ പോയി കാണ്.”
അവന്റെ വാക്കുകളിൽ ആഹ്ലാദം അലയടിച്ചിരുന്നു കാരണം പ്രവാസിയായ കിരൺ ദേവികയെ വിവാഹം കഴിച്ചു വർഷം ആറായിട്ടും
ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമുണ്ടാകാതെ വന്നപ്പോൾ പലയിടത്തു നിന്നുമായി ഉയർന്ന കുത്തുവാക്കുകൾ അത്രത്തോളം അസ്വസ്ഥനക്കിയിരുന്നു അവനെ.
” അതെങ്ങനാ കൊച്ചുണ്ടാവുക.പെണ്ണ് കെട്ടീട്ട് അവൻ അങ്ങ് ഗൾഫിലും പെൺകൊച്ച് ഇവിടെ നാട്ടിലും.. ഇതിനൊക്കെ ഇച്ചിരി സാവകാശം ഒക്കെ വേണം..
അവൻ ഇവിടെ കൊച്ചിന്റെ കൂടെ നിന്ന് ഇച്ചിരി തഞ്ചത്തിൽ ഒക്കെ കാര്യം സാധിക്കേണ്ടതല്ലെ.. അല്ലേൽ അവളെ കൂടി അങ്ങ് കൊണ്ട് പോകാൻ പറയ് ”
മൂത്ത അമ്മാവന്റെ അഭിപ്രായം ഇതായിരുന്നുവെങ്കിൽ അടുത്ത ലീവിന് ഏതേലും ഡോക്ടർ നെ കാണിക്കണം എന്നാണ് ഇളയ അമ്മാവൻ അഭിപ്രായപ്പെട്ടത്. നാട്ടുകാരുടെ വക അഭിപ്രായങ്ങൾ വേറെയും.
” മോനെ.. ഈ കുടുംബത്തിന് ഒരു അനന്തരാവകാശി വേണം. നിന്നിലൂടെ നമ്മുടെ തലമുറ അവസാനിക്കരുത്. അമ്മയ്ക്ക് അതേ പറയാൻ ഉള്ളു.. അതിനു വേണ്ടി ഇനി വേറെ കെട്ടണമെങ്കിൽ അതും ആയിക്കോ..”
അവനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അമ്മ ശാരദ പറഞ്ഞ ഈ വാക്കുകൾ ആയിരുന്നു. അച്ഛനും അമ്മയുമില്ലാതെ അമ്മൂമ്മയ്‌ക്കൊപ്പം വളർന്ന ദേവികയെ താൻ പ്രണയിച്ചു സ്വന്തമാക്കിയത് അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല
” എത്രയൊക്കെ പറഞ്ഞാലും ബന്ധുക്കളൊന്നുമില്ലാത്ത ആ കൊച്ചിനെ കെട്ടണോ.. നമുക്ക് വേറെ നോക്കിക്കൂടെ മോനെ.. ”
കല്യാണം ഉറപ്പിച്ചത് മുതൽ തലേന്ന് വരെ ശാരദ ഇതും പറഞ്ഞു കിരണിന്റെ പിന്നാലെ നടന്നതാണ്. പക്ഷെ ഫലമുണ്ടായില്ല. ഒടുവിൽ കെട്ടിക്കേറി ചെന്നപ്പോ വേറെ ഗത്യന്തരമില്ലാതെ മരുമകളായി സ്വീകരിച്ചു. എങ്കിലും ഇഷ്ടക്കേടുകൾ തുടർന്നു.
അതിനു ശേഷം ഒരു കുഞ്ഞിക്കാല് കാണാൻ കഴിയാതായപ്പോൾ വീണ്ടും കുത്തുവാക്കുകളുമായി എത്തിയതാണ് അവർ. അങ്ങിനെയാണ് ഇത്തവണ ആറു മാസത്തെ നീണ്ട ലീവെടുത്ത് കിരൺ വന്നതും രണ്ടാളും ഒരു ഡോക്ടറെ കണ്ട് ട്രീറ്റ്മെന്റ് സ്വീകരിച്ചതും.
” ഇതൊരു വലിയ പ്രശ്നം ഒന്നുമല്ല.. ടെസ്റ്റ് ചെയ്തതിൽ കിരണിന് പ്രോബ്ലംസ് ഒന്നുമില്ല. ദേവികയ്ക്ക് പിസിഒഡി ഉണ്ട്. ബട്ട് അതിൽ ടെൻഷൻ വേണ്ട നമുക്ക് മെഡിസിൻസ് കഴിച്ചു ഓക്കേ ആക്കാം.. ”
ഡോക്ടർ ടെ വാക്കുകൾ കേൾക്കെ ചെറിയ ആശ്വാസം തോന്നിയെങ്കിലും തിരികെ പോകാറായിട്ടും ഫലം കാണാതെ വന്നപ്പോൾ വലിയ നിരാശയോടെയാണ് കിരൺ ഫ്ലൈറ്റിൽ കേറിയത്. പക്ഷെ അവൻ നാട്ടിൽ നിന്ന് പോയി രണ്ടാഴ്ച ആകുന്നതിനു മുന്നേ തന്നെ ഇപ്പോൾ ഈ ശുഭവാർത്തയും എത്തി.
” ദേവി നീ അമ്മയോട് കാര്യങ്ങൾ പറഞ്ഞോ.. കേൾക്കുമ്പോ വലിയ സന്തോഷം ആകും അമ്മയ്ക്ക് ”
“പറഞ്ഞില്ല ഏട്ടാ… ഇതറിഞ്ഞ പാടെ നേരെ ഏട്ടനെ വിളിക്കുവാ ചെയ്തെ.. ഇനി വേണം അമ്മയോട് പറയാൻ.. ”
ദേവികയുടെ വാക്കുകളിൽ നിറഞ്ഞ സന്തോഷം തൊട്ടറിഞ്ഞു കിരൺ.” വേഗം പോയി അമ്മയോട് പറയ് കേൾക്കുമ്പോ വലിയ സന്തോഷം ആകും.”
കോൾ കട്ട് ആകുമ്പോൾ ആനന്ദത്താൽ തന്റെ മിഴികളിൽ നീർ പൊടിഞ്ഞത് അറിഞ്ഞിരുന്നു അവൻ.
‘ ഈ സമയം അവളുടെ കൂടെ നിൽക്കുവാണ് എനിക്ക് കഴിഞ്ഞില്ലല്ലോ ഭഗവാനേ.. ‘ഈ ഒരു വിഷമം മാത്രമാണ് അവനെ അലട്ടിയത്.
പിന്നെ സന്തോഷത്തിന്റെ നാളുകളായിരുന്നു. പ്രഗ്നൻസി കാലയളവിലുള്ള ഛർദ്ദിയും ക്ഷീണവുമെല്ലാം ഏറെയുണ്ടായിരുന്നുവെങ്കിലും ഒന്നും കിരണിനെ അറിയിച്ചില്ല ദേവിക. മാത്രമല്ല ഈ സന്തോഷ വാർത്ത അറിഞ്ഞതിൽ പിന്നെ ശാരദയിലും മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു.
” ഏട്ടാ… കുഞ്ഞ് പിറക്കാൻ പോണു എന്നറിഞ്ഞതോടെ അമ്മ ആകെ മാറി. എന്നോട് ഇപ്പോൾ വലിയ സ്നേഹമാ.. ”
ഫോണിലൂടെയുള്ള ദേവികയുടെ ആ വാക്കുകൾ കിരണിനെയും ഏറെ സന്തോഷിപ്പിച്ചു.
പിന്നീടങ്ങോട്ട് അവളുമായി സംസാരിക്കുന്ന ഓരോ ദിവസവും സന്തോഷ വാർത്തകൾ മാത്രമായിരുന്നു അവൻ കേട്ടിരുന്നത്.
” മോനെ.. നിന്റെ കൂട്ടുകാര് ആരേലും നാട്ടിലേക്ക് വരുന്നുണ്ടേൽ ഇച്ചിരി കുങ്കുമപൂവ് വാങ്ങി കൊടുത്ത് വിടണേ.. അവിടാകുമ്പോ നല്ല സാധനം കിട്ടും ന്നാ കേൾക്കുന്നേ ”
കുഞ്ഞിന്റെ കാര്യങ്ങളിൽ ശാരദയും ഏറെ ശ്രദ്ധാലുവായിരുന്നു. ദിവസങ്ങളും മാസങ്ങളും പെട്ടെന്ന് കടന്നു പോയി.
കിരൺ ഒപ്പമില്ലാത്ത വിഷമം മാത്രമാണ് ആ സമയങ്ങളിൽ ദേവികയെ അലട്ടിയിരുന്നത്
” ഞാൻ വരും പൊന്നെ.. ഡെലിവറി ഡേറ്റിനു ഒരാഴ്ച മുന്നേ ഞാൻ എത്തും പത്തു ദിവസത്തെ ലീവ് തരാം ന്ന് ഇവിടുന്ന് പറഞ്ഞിട്ടുണ്ട്. അതിപ്പോ നാട്ടിൽ എത്തിയാൽ എങ്ങിനേലും പറഞ്ഞു ഇരുപത് ദിവസം ആക്കാം ”
കിരണിന്റെ ആശ്വാസ വാക്കുകൾ ഒരു പരിധി വരെ ദേവികയ്ക്ക് തുണയായി. ഡോക്ടറെ കാണാൻ പോകുന്നതൊക്കെ പലപ്പോഴും അവൾ ഒറ്റയ്ക്ക് തന്നെയായിരുന്നു.
” മോളെ ഞാൻ കൂടി വരാം.. ഇങ്ങനെ ഒറ്റയ്ക്ക് പോകാൻ നിൽക്കേണ്ട”
” വേണ്ടമ്മേ.. അമ്മയ്‌ക്ക് വയ്യാണ്ടിരിക്കുവല്ലേ.. ഞാൻ പൊയ്ക്കോളാം ഇപ്പോഴൊക്കെ വെറും ചെക്കപ്പ് മാത്രല്ലേ ഉള്ളു. ഇനീപ്പോ ഡെലിവറി ടൈമിൽ അമ്മയാണ് ഫുൾ ടൈം എനിക്കൊപ്പം നിൽക്കേണ്ടത് ”
പലപ്പോഴും കൂടെ ചെല്ലുവാൻ ശാരദ സന്നദ്ധത കാട്ടിയെങ്കിലും സ്നേഹപൂർവ്വം നിരസിച്ചു ദേവിക. കിരണിന്റെ ആത്മമിത്രം ആനന്ദും അവന്റെ കാറും വിളിപ്പാടകലെ തന്നെ ഉണ്ടായിരുന്നതിനാൽ ഹോസ്പിറ്റലിൽ പോക്ക് ഒക്കെ ബുദ്ധിമുട്ട് ഇല്ലാതെ നടന്നു.
” ഡോക്ടർ നെ കാണാൻ തോന്നിയത് വല്യ ഭാഗ്യമായി അല്ലെ കിരണേട്ടാ.. അതോണ്ടല്ലേ ഇത്ര വേഗത്തിൽ നമുക്ക് ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ഉണ്ടായത്. ”
“ഓ പിന്നെ.. അത് ഡോക്ടർ ടെ മാത്രം മിടുക്ക് ഒന്നുമല്ല അല്ല ക്രെഡിറ്റ് മുഴുവൻ കിങ് ഫിഷറിനുള്ളതാ.. ”
കിരണിന്റെ ആ മറുപടി കേട്ട
ദേവികയ്ക്ക് ഒന്നും മനസ്സിലായില്ല.” കിങ് ഫിഷറോ… അതെന്താ സാധനം “അതോടെ പതിയെ വിശദീകരിച്ചു അവൻ.
ടീ പൊട്ടി.. ഡോക്ടർ തന്ന മരുന്നും കഴിച്ചു പറഞ്ഞ ഡേറ്റുകളിൽ ഒക്കെ കൃത്യമായി നമ്മൾ ബന്ധപ്പെട്ടിട്ട് എന്തേലും ഫലം ഉണ്ടായോ..
അന്ന് ഉച്ചയ്ക്ക് രണ്ട് സ്ട്രോങ്ങ് ബിയർ അകത്താക്കിയതിന്റെ ആവേശത്തിൽ ഞാനൊന്ന് ബാലൻ കെ നായർ ആയപ്പോൾ കാര്യം നടന്നു. അപ്പോ ക്രെഡിറ്റ് ആർക്കാ..
ആ വിശദീകരണം കേട്ട് പൊട്ടിച്ചിരിച്ചു പോയി ദേവിക.” ഈ ഏട്ടനെ കൊണ്ട് ഞാൻ തോറ്റു.. പിന്നെ… ഡെലിവറി ഡേറ്റ് അടുക്കാറായി മോൻ എന്നാ നാട്ടിലേക്ക് ”
“ഞാൻ ഉടനെ എത്തും..ഇനിയും പത്ത് ദിവസം ഉണ്ടല്ലോ.. താൻ ഇപ്പോൾ കിടന്ന് ഉറങ്ങിക്കോ സമയം കുറെയായി ”
കോൾ കട്ട് ആക്കി ഉറങ്ങാൻ കിടന്ന ദേവിക പിറ്റേന്ന് വെളുപ്പിനെ ചറ പറാ ഉള്ള കോളിങ്ങ് ബെൽ ശബ്ദം കേട്ടാണ് ഉണർന്നത്.
” മോനെ.. നീ ഇങ്ങ് എത്തിയോ.. “ഡോർ തുറന്ന ശാരദയുടെ ശബ്ദം കേൾക്കെ പുറത്ത് കിരണാണോ എത്തിയത് എന്ന സംശയം അവളിൽ ഉദിച്ചു.
‘ ഏട്ടൻ പറയാണ്ടിങ്ങ് വന്നോ ‘ആ സംശയം സത്യമായിരുന്നു . വേഗത്തിൽ ചാടി പിടഞ്ഞെഴുന്നേൽക്കുമ്പോഴേക്കും കിരൺ റൂമിലേക്കെത്തിയിരുന്നു.
“സർപ്രൈസ്.. “അന്ധാളിച്ചു നോക്കിയിരുന്ന ദേവികയുടെ അരികിൽ ഇരുന്ന് സന്തോഷത്തോടെ വാരി പുണർന്നു കിരൺ.
” ഏട്ടാ…. ഇത്ര വേഗം ഇങ്ങെത്തിയോ.. ഒരു വാക്ക് പറഞ്ഞില്ലല്ലോ.. എന്നോട് “ആനന്ദത്താൽ മിഴി നീർ പൊടിച്ചു അവൾ.
” അതെങ്ങനാ മുത്തേ സർപ്രൈസ് ആയി വരുമ്പോ പറഞ്ഞിട്ട് വരാൻ പറ്റില്ലാലോ.. “സ്നേഹത്താൽ അവളുടെ നെറുകയിൽ ഒരു മുത്തം നൽകി കിരൺ.
” ഇതെന്ത് കോലമാ ദേവി… ആകെ വിറളി വെളുത്ത് ഭംഗിയെല്ലാം പോയല്ലോ നിന്റെ “ദേവികയിൽ വല്ലാത്ത മാറ്റം അനുഭവപ്പെട്ടു അവന്.
” അതങ്ങിനെയാ മോനെ.. പ്രെഗ്നൻസി ടൈമിൽ ഇങ്ങനെ കുറേ മാറ്റങ്ങൾ ഒക്കെ ഉണ്ടാകും. ഏട്ടനെ അറിയിച്ചില്ലെന്നേ ഉള്ളു.. ഛർദിച്ചു ഛർദിച്ചു മനുഷ്യന്റെ കുടലുമാല വരെ വെളീൽ വരും ന്ന അവസ്ഥ ആയാരുന്നു.”
അവൾ അനുഭവിച്ച കഷ്ടതകൾ കേൾക്കെ വല്ലാത്ത വിഷമം തോന്നി കിരണിന്.” സാരമില്ല ഏട്ടാ.. എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ.. ഈ വീടിന് ഒരു അനന്തരാവകാശി ഇല്ലാതെ പോകരുത്. അതിനു വേണ്ടി ഇച്ചിരി കഷ്ടപ്പെടേണ്ടി വന്നാലും എനിക്ക് പ്രശ്നം ഇല്ല. ”
ദേവികയുടെ വാക്കുകൾ കിരണിന്റെ മിഴികളിൽ നീർ പൊടിച്ചു. അവളെ വീണ്ടും വാരി പുണർന്നു അവൻ.
അങ്ങിനെ സന്തോഷത്തിന്റെ നാളുകൾ പിന്നെയും നീങ്ങി.” ഏട്ടാ.. ദേ നോക്ക്യേ.. കുഞ്ഞ് ചവിട്ടുന്നത് കണ്ടോ.. ”
ഇടയ്ക്കിടയ്ക്ക് ദേവികയുടെ വയറ്റിലെ ചലനങ്ങൾ അവരെ കൂടുതൽ സന്തോഷിപ്പിച്ചു.” അച്ഛന്റെ ശബ്ദം കേട്ടാൽ കുഞ്ഞ് തിരിച്ചറിയുമെന്നാ പറഞ്ഞു കേട്ടിട്ടുള്ളെ ”
ശാരദ പുഞ്ചിരിയോടെ പറയുമ്പോൾ കിരൺ ദേവികയുടെ വയറിൽ ഒരു മുത്തം നൽകി.ഒടുവിൽ ഡെലിവറി ഡേറ്റ് വന്നെത്തി. തലേന്ന് തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ദേവിക. ഹോസ്പിറ്റലിൽ എത്തിയത് മുതൽ എപ്പോഴും കിരൺ ഒപ്പം വേണമെന്നൊരു വാശി കാട്ടിയിരുന്നു അവൾ.
” സ്നേഹം കൊണ്ടല്ലേ മോനെ.. ഈ അവസരത്തിൽ അവൾക്ക് ഏറ്റവും ആശ്വാസം നിന്റെ സാമീപ്യം തന്നെയാണ്.. നീ വേറെങ്ങും പോകാതെ അവൾക്കൊപ്പം തന്നെ ഇരിക്ക് രണ്ട് ദിവസം ”
ശാരദയുടെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചു കിരൺ.” ദേവികയുടെ ഹസ്ബന്റിനെ ഡോക്ടർ വിളിക്കുന്നുണ്ട് കേട്ടോ.. പെട്ടെന്ന് ഒന്ന് ചെല്ലാൻ പറഞ്ഞു
ഡെലിവറി ഡേറ്റിന്റെ അന്ന് രാവിലെ നേഴ്സ് വന്ന് പറയുമ്പോൾ സംശയത്തോടെ എഴുന്നേറ്റു കിരൺ. ദേവികയുടെ മുഖത്തെ ചെറിയ നടുക്കവും പ്രകടമായി.
” എന്താ സിസ്റ്റർ… എന്തേലും പ്രശ്നമുണ്ടോ..”” എനിക്കറിയില്ല കേട്ടോ ക്യാബിനിലേക്ക് ചെല്ലാൻ ഡോക്ടർ പറഞ്ഞു ”
സംശയത്തോടെ തന്നെ അവൻ നോക്കുമ്പോൾ മറുപടി നൽകാൻ നഴ്സിനും കഴിഞ്ഞില്ല.
അല്പം തിരക്കിലായിരുന്നു ഡോക്ടർ കിരൺ ക്യാബിനിലേക്ക് എത്തിയതോടെ അവ മാറ്റി വച്ച് അവന് അഭിമുഖമായി ഇരുന്നു.
” എന്താ ഡോക്ടർ.. കാണണം ന്ന് പറഞ്ഞത്. എന്തേലും പ്രശ്നം ഉണ്ടോ “കിരണിന്റെ ചോദ്യം കേട്ട് സംശയത്തോടെ അവനെ നോക്കി ഡോക്ടർ.
” നിങ്ങൾക്ക് അപ്പോൾ കാര്യങ്ങൾ ഒന്നും അറിയില്ലേ.. ദേവിക ഒന്നും പറഞ്ഞിരുന്നില്ലേ “ആ ചോദ്യം അവനെ കൂടുതൽ കുഴച്ചു.” ഇല്ല… എന്താണ് ഡോക്ടർ എന്താണ് പ്രശ്നം ”
ജിജ്ഞാസയിൽ തന്നെ നോക്കുന്ന കിരണിനോട് കാര്യങ്ങൾ വിശദീകരിച്ചു ഡോക്ടർ.
” മിസ്റ്റർ കിരൺ. നിങ്ങളോട് എല്ലാം പറഞ്ഞു എന്നാണ് ദേവിക എന്നോട് പറഞ്ഞിരുന്നത്. ഈ പ്രഗ്നൻസിയുടെ ആരംഭം തൊട്ട് ദേവികയ്ക്ക് ചെറിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ പരമായ പ്രശ്നങ്ങൾ ആണ്.
ഒരുപക്ഷെ ഈ ഡെലിവറി തരണം ചെയ്യുവാനുള്ള ആരോഗ്യം അവളുടെ ശരീരത്തിനില്ല. അതുകൊണ്ട് തന്നെ ആദ്യ കാലങ്ങളിൽ അബോഷനെ പറ്റി ഞാൻ അവളോട് സംസാരിച്ചിരുന്നു പക്ഷെ ദേവിക തയ്യാറായില്ല.
കുഞ്ഞിനെ വേണം എന്ന് തന്നെ ഉറച്ചു നിന്നു അവൾ. നിങ്ങളോട് സംസാരിച്ചിരുന്നു എന്നും നിങ്ങൾക്കും അതേ അഭിപ്രായമാണ് എന്നുമാണ് ദേവിക എന്നോട് പറഞ്ഞത്. ”
ഡോക്ടറുടെ ഓരോ വാക്കുകളും നടുക്കമായിരുന്നു കിരണിൽ ഉളവാക്കിയത്.
” ഡോക്ടർ എന്നോട് അവൾ ഒന്നും പറഞ്ഞില്ല.. ഇപ്പോൾ.. ഇപ്പോൾ എന്താണ് അവസ്ഥ.. ഈ ഡെലിവറി കഴിഞ്ഞാൽ ദേവികയുടെയോ കുഞ്ഞിന്റെയോ ജീവന് എന്തേലും ആപത്ത് ഉണ്ടോ ”
അവന്റെ ചോദ്യത്തിന് മുന്നിൽ അല്പസമയം മൗനമായി ഡോക്ടർ..” കുഞ്ഞ് ഓക്കേ ആണ് കിരൺ.. പക്ഷെ ദേവിക… ആപത്ത് ഒന്നും ഉണ്ടാകരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം… അത്ര മാത്രമേ എനിക്ക് പറയാൻ ഉള്ളു ”
അത് കേട്ട് വല്ലാതെ തകർന്നു പോയി കിരൺ.’ സ്വന്തം ജീവൻ ആപത്തിൽ പെടുത്തിയാണോ ദേവികേ നീ… ‘അവന്റെ ഉള്ളം പിടഞ്ഞു
” ഡോക്ടർ ആ ദേവികയ്ക്ക് പെയിൻ വന്നു.. “നഴ്സ് ഓടിയെത്തുമ്പോൾ ചാടിയെഴുന്നേറ്റു ഡോക്ടർ..
” ഓക്കേ ക്വിക്ക്.. അവരെ ലേബർ റൂമിലേക്ക് മാറ്റു “കിരണിന്റെ ചുമലിൽ ഒന്ന് തട്ടി വേഗത്തിൽ പുറത്തേക്ക് പോയി ഡോക്ടർ. ഒരു പ്രതിമ കണക്കെ പിന്നാലെ അവനും.
ലേബർ റൂമിലേക്കു കയറുന്നതിനു തൊട്ട് മുൻപ് വേദനയാൽ പിടഞ്ഞു കൊണ്ട് കിരണിന്റെ അരികിലേക്ക് വിളിച്ചു ദേവിക.
” ഏ.. ഏട്ടാ.. ഡോക്ടർ പറഞ്ഞു അല്ലേ എ.. എല്ലാം.. ഒന്നും ഉണ്ടാകില്ല ഭഗവാൻ കാക്കും “അവളുടെ വാടി തളർന്ന മുഖത്തു ഒരു മുത്തം നൽകി കിരൺ.
” ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞാൻ ഇതിനു സമ്മതിക്കിലായിരുന്നു ദേവി.. കുഞ്ഞ് എനിക്കേറെ വലുതാണ്. പക്ഷെ അതിനേക്കാൾ വലുതാണ് നീ.. ”
മറുപടി പറഞ്ഞില്ല അവൾ.. പതിയേ ലേബർ റൂമിന്റെ മുന്നിലെ വാതിൽ അടഞ്ഞു. കാര്യങ്ങൾ അറിഞ്ഞ ശാരദയ്ക്കും വലിയ നടുക്കമായിരുന്നു
” എന്റെ ഭഗവാനേ.. എന്താ ഈ കുട്ടി കാട്ടിയെ.. ഒരു കുഞ്ഞിക്കാല് കാണാത്തത്തിൽ ഞാനും പലപ്പോഴും അവളെ കുറ്റപ്പെടുത്തി പക്ഷെ സ്വന്തം ജീവിതം അപകടപ്പെടുത്തി ആണോ.. ഇതിനാണോ ഒരു വട്ടം പോലും എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാതിരുന്നത് നീ ”
വേദനയോടെ പുറത്തെ ബെഞ്ചിലേക്കിരുന്നു അവർ. അല്പസമയം കഴിയവേ ഒരു പേപ്പറുമായി നേഴ്സ് പുറത്തേക്ക് വന്നു
” കിരൺ.. ഇതിലൊന്നു സൈൻ ചെയ്യണം..”അവരുടെ വാക്കുകൾ കേട്ട് സംശയത്തോടെ പരസ്പരം മുഖാമുഖം നോക്കി കിരണും ശാരദയും.
“പേടിക്കേണ്ട.. അല്പം റിസ്ക് കൂടുതൽ അല്ലേ സൊ.. ഹോസ്പിറ്റൽ ഫോർമാലിറ്റി ആണ്. “അവരുടെ മുഖഭാവം കണ്ട് ആ നേഴ്സ് വിശദീകരിച്ചു.
അവർ പറഞ്ഞ ഭാഗത്ത് സൈൻ ചെയ്യുമ്പോൾ കിരണിന്റെ മിഴികൾ തുളുമ്പുകയായിരുന്നു. മണിക്കൂറുകൾ പിന്നെയും ഇഴഞ്ഞു നീങ്ങി. പെട്ടെന്ന് ലേബർ റൂം വാതിൽ തുറക്കപ്പെട്ടു.
” ദേവികയ്ക്ക് പെൺകുഞ്ഞാണ് കേട്ടോ “നഴ്സിന്റെ വാക്കുകൾ കേട്ട് സന്തോഷത്താൽ ചാടിയെഴുന്നേറ്റു കിരണും ശാരദയും.
” ഭഗവാൻ കാത്തു..”തൊഴുകൈയ്യോടെ ശാരദ നിൽക്കുമ്പോൾ കിരണിന്റെ ഉള്ളിൽ മറ്റൊരു ആന്തൽ ഉണ്ടായി” അതേ.. ദേവിക.. അവൾക്ക് എങ്ങിനുണ്ട്.. ”
ആ ചോദ്യം കേൾക്കുന്നതിനു മുന്നേ തന്നെ വാതിൽ അടഞ്ഞിരുന്നു. അതോടെ വെപ്രാളമായി കിരണിന്
” അതേ.. ഒന്ന് തുറക്കണേ… ദേവികയ്ക്ക് എങ്ങിനുണ്ട്.. അവൾ ഓക്കേ ആണോ.. ഒന്ന് പറയണേ.. “വെപ്രാളത്തിൽ വാതിലിൽ ചറപറാ അടിച്ചു അവൻ.
“മോനെ നീ ബഹളം വയ്ക്കാതെ.. എന്ത് തന്നെയായാലും അവർ വന്ന് പറയും ഒന്ന് ക്ഷെമിക്കെടാ.. ”
ശാരദ തടുത്തെങ്കിലും കിരൺ ശാന്തനായില്ല. ദേവികയുടെ വിവരം അറിയാതെ അവൻ ശാന്തനാകില്ലായിരുന്നു.
അഞ്ചു വർഷങ്ങൾക്ക് ശേഷം ഒരു പ്രഭാതം.” അച്ഛാ.. ഇങ്ങട് വന്നേ ദേ മോള് സ്കൂളിൽ പോവാ ”
ശാരദയുടെ കയ്യും പിടിച്ചു കൊണ്ട് ജനനി മോൾ മുറ്റത്തേക്കിറങ്ങി.”ആ ഇറങ്ങിയോ ചക്കര.. സുന്ദരിയായിട്ടുണ്ടല്ലോ അച്ഛന്റെ മോള്… ”
പറമ്പിലെ ഒരു ഭാഗത്തായുള്ള കുഴിമാടത്തിൽ പടർന്നു കിടന്ന പുല്ലുകളും മറ്റു ചവറുകളും വൃത്തിയാക്കി നിന്ന കിരൺ പതിയെ മുറ്റത്തേക്ക് കയറി.
“അമ്മയോട് യാത്ര പറഞ്ഞോ ചക്കര… ഒന്നാം ക്ലാസിൽ ആദ്യമായി പോകുവല്ലേ പോയി യാത്ര പറഞ്ഞു അനുഗ്രഹം വാങ്ങിക്ക്.. ”
” അതൊക്കെ എപ്പോഴേ പറഞ്ഞു. അച്ഛമ്മ എന്നെ ഒരുക്കിയ ശേഷം മോള് ആദ്യം പോയത് അമ്മേടെ അടുത്തല്ലേ അമ്മയോട് അനുഗ്രഹവും വാങ്ങി…”
അവളുടെ മറുപടി കേട്ട് പുഞ്ചിരിയോടെ ആ കുഞ്ഞ് കവിളിൽ ഒരു മുത്തം നൽകി കിരൺ.” അപ്പോ ചക്കരക്ക് എല്ലാം അറിയാം അല്ലെ.. മോള് ഹാപ്പി ആയി പോയിട്ട് വാ. ”
” കിരണേ… അടുപ്പിൽ ചോറ് വേകുന്നുണ്ട് നീ ഒന്ന് നോക്കിക്കോണെ ഞാൻ മോളെ ബസ് കേറ്റി വിട്ടു വരാം.. ”
ശാരദ മോളുമായി ഗേറ്റിനരികിലേക്ക് പോകുമ്പോൾ പതിയേ വീടിനുള്ളിലേക്ക് കയറി അവൻ. ഒന്നുകൂടൊന്ന് തിരിഞ്ഞു നോക്കുമ്പോൾ ശാരദയ്‌ക്കൊപ്പം കളിച്ചു ചിരിച്ചു പോകുകയായിരുന്നു ജനനി മോള്.’എത്ര പെട്ടെന്നാ കാലങ്ങൾ കഴിഞ്ഞു പോണേ.. മോളിപ്പോ ഒന്നാം ക്ലാസ്സിലായി… ‘
അഞ്ചു വർഷങ്ങൾക്ക് മുൻപുള്ള ആ നടുക്കുന്ന ദിവസം വീണ്ടും മനസ്സിൽ ഓർത്തു കിരൺ. ശേഷം ചെറു പുഞ്ചിരിയോടെ പതിയേ പതിയെ ബെഡ് റൂമിലേക്ക് ചെന്നു അവൻ. അവിടെ ബെഡിൽ കിടക്കുകയായിരുന്നു ദേവിക.
അവൾക്കരികിലായി തങ്കക്കുടം പോലെ ഒരു കുഞ്ഞും. പത്തു ദിവസത്തോളം മാത്രം പ്രായമുള്ള അവരുടെ രണ്ടാമത്തെ മകൻ ജൈനവ്. കിരണിന്റെ മുഖഭാവം കാൺകെ തന്നെ അവൻ എന്താണ് ചിന്തിച്ചതെന്ന് മനസിലാക്കിയിരുന്നു ദേവിക
” മോള് സ്കൂളിൽ പോണ കണ്ടപ്പോ മോൻ ഇച്ചിരി പിന്നിലേക്ക് പോയി അല്ലേ.. ആ മുഖം കണ്ടാൽ അറിയാം.. “അത് കേട്ട് പുഞ്ചിരിയോടെ ബെഡിലേക്കിരുന്നു കിരൺ
” അതൊക്കെ ഓർക്കുമ്പോ ഇപ്പോഴും ഒരു നടുക്കമാടോ ഉള്ളിൽ… നിനക്ക് എന്ത് പറ്റി ന്ന് അറിയാതെ ഞാൻ അന്ന് എന്തോരം ടെൻഷൻ അടിച്ചു ന്ന് അറിയോ.. ഒടുക്കം ലേബർ റൂമിലേക്ക് ഇടിച്ചു കേറിയപ്പോ ആണ് ജിഷാ മേഡം നിന്നെ കാണിച്ചു തന്നത്. ”
ആ വാക്കുകൾ കേട്ട് പതിയെ അവന്റെ വലതു കരം കയ്യിലേക്കെടുത്ത് ഒരു മുത്തം നൽകി ദേവിക.
” എത്രത്തോളം നമ്മൾ ആഗ്രഹിച്ചതാ ഏട്ടാ ഒരു കുഞ്ഞിക്കാല് കാണാൻ.. അതാ ഞാൻ അന്ന് റിസ്ക് ആണെങ്കിലും കുഞ്ഞിനെ കളയുവാൻ സമ്മതിക്കാതിരുന്നത്. ഞാൻ ഇല്ലേലും ഏട്ടനും അമ്മയും നമ്മുടെ കുഞ്ഞിനെ പൊന്ന് പോലെ നോക്കും ന്ന് അറിയാം എനിക്ക് ”
അവളുടെ മറുപടി കേട്ട് കവിളിൽ ഒരു നുള്ള് കൊടുത്തു കിരൺ.” അമ്മേ.. “വേദനയോടെ മുഖം തിരിച്ചു ദേവിക.
“മ്.. ഈ പ്രസവത്തിനു എന്തായാലും ടെൻഷൻ ഒന്നും ഇല്ലാരുന്നല്ലോ.. നമ്മുടെ മോൻ സിമ്പിളായി ഇങ്ങ് പോന്നു. ”
അത്രയും പറഞ്ഞു കൊണ്ട് കിരൺ കുഞ്ഞിനൊരു മുത്തം കൊടുത്തു. ശേഷം ദേവികയുടെ നെറുകയിലും..