“അയാളെന്നെ ഉപദ്രവിക്കുവാൻ വന്നു.. അതും മോന്റെ മുന്നിൽ വച്ച്…”
“എന്നിട്ട്… ”
ഞെട്ടലോടുള്ള ശ്രീജിത്തിന്റെ ചോദ്യത്തിന് മുന്നിൽ ആ സംഭവം ഭീതിയോടെ ഓർത്തെടുത്തു രേവതി.
” പറയ് എന്നിട്ട് എന്താ ഉണ്ടായേ.. ”
അക്ഷമനായി അവൻ വീണ്ടും ചോദിക്കുമ്പോൾ രേവതിയുടെ മിഴികൾ തുളുമ്പിപ്പോയി..
” ഏട്ടാ.. ഞാൻ പറഞ്ഞതല്ലേ ഇനിയെനിക്ക് അയാൾക്കൊപ്പം ജീവിക്കാൻ പറ്റില്ല എന്ന്.. എന്നിട്ട് നിങ്ങൾ എല്ലാവരും കൂടി വീണ്ടും എന്നെ അയാൾക്കൊപ്പം നിർബന്ധിച്ചു വിട്ടതല്ലേ.. ”
പൊട്ടിക്കരഞ്ഞു പോയി രേവതി. കണ്ട് നിന്ന ശ്രീജിത്തിന്റെയും മിഴികൾ നനഞ്ഞു.
” മോളെ കരയല്ലേ.. പറ്റിപ്പോയി.. ജീവിതമല്ലേ.. അവൻ ദീപു… കള്ളുകുടിയൊക്കെ മതിയാക്കി നന്നായി എന്ന് പറഞ്ഞപ്പോ ഒരു ചാൻസ് കൂടി കൊടുക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നിപോയി ഞങ്ങൾക്ക്.. അതാണ് നിർബന്ധിച്ചു നിന്നെ അവന്റെ കൂടെ വിട്ടത്…”
” എന്നിട്ട്.. എന്നിട്ട് ഇപ്പോൾ എന്തായി ഏട്ടാ.. കള്ള് കുടിച്ചു വന്ന് ഉപദ്രവിച്ചില്ലേ അയാൾ എന്നെ.. മോന്റെ മുന്നിൽ വച്ചിട്ട് അയാൾ ശാരീരികമായി എന്നെ……. അലറി വിളിച്ചപ്പോ എന്റെ വായിൽ തുണി തിരുകി.. ഒരുപാട് ഉപദ്രവിച്ചു. ഒടുവിൽ സഹികെട്ടപ്പോഴാണ് ഞാൻ മരിക്കാൻ തീരുമാനിച്ചത്. ”
പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു രേവതി.
“അതേ.. ഇങ്ങനെ കരയാനൊന്നും പറ്റില്ല കേട്ടോ.. ഏട്ടനെ ഞാൻ വെളീൽ ഇറക്കി നിർത്തും ”
അപ്പോഴാണ് ഡോക്ടർ ഉമ പുഞ്ചിരിയോടെ അവർക്കരികിലേക്കെത്തിയത്. അവരെ കണ്ട മാത്രയിൽ മിഴികൾ തുടച്ചു രേവതി.
” മാഡം.. ഇതൊരു സൂയിസൈഡ് അറ്റെംപ്റ്റ് അല്ലെ.. അപ്പോ പോലീസ് കേസ് എന്തേലും.. ”
സംശയരത്തിൽ നോക്കി ശ്രീജിത്ത്..
” ഉറപ്പായും ഉണ്ടാകേണ്ടതാണ് പക്ഷെ.. രേവതിയുടെ കാര്യം തത്കാലം ഞാൻ ഹൈഡ് ചെയ്തു… ഇവൾ എന്നോട് പറഞ്ഞു കാര്യങ്ങൾ എല്ലാം.. ഇവിടുത്തെ സി ഐ എന്റെ ബന്ധുവാണ് കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് തത്കാലത്തേക്ക് കേസൊനും വരില്ല പക്ഷെ ഇനി മേലിൽ ഇങ്ങനൊരു ചിന്ത മനസ്സിൽ പോലും വരരുത്. അഞ്ചു വയസ്സ് മാത്രം പ്രായമുള്ള മോനുണ്ട് നിനക്ക് അവന്റെ കാര്യം ഓർമ വേണം.. ”
രേവതിയെ നോക്കിക്കൊണ്ടാണ് ഡോക്ടർ പറഞ്ഞു നിർത്തിയത്.
” ഇനി ഞങ്ങൾ ശ്രദ്ധിച്ചോളാം ഡോക്ടർ..”
ശ്രീജിത്തിന്റെ മറുപടി കേട്ട് ഒന്ന് പുഞ്ചിരിച്ച ശേഷം പതിയെ നടന്നകന്നു ഉമ..
അന്നത്തെ ദിവസം മുഴുവൻ ശ്രീജിത്ത് രേവതിയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇരുപത്തി നാല് മണിക്കൂറത്തെ ഒബ്സെർവേഷൻ കഴിഞ്ഞു പിറ്റേന്ന് ഉച്ചയോടെ അവളെ ഡിസ്ചാർജ് ചെയ്തു. തിരികെ വീട്ടിൽ ചെന്ന് കയറുമ്പോൾ ആകെ ആശ്വാസം തോന്നി രേവതിയ്ക്ക്.
“മോളിനി എവിടെയും പോകേണ്ട.. മരിക്കുവോളം ഞാൻ ഉണ്ടാകും നിന്റൊപ്പം ”
അച്ഛൻ നിറമിഴികളോടെ വന്ന് വാരി പുണരുമ്പോൾ കരഞ്ഞു പോയി അവൾ. അമ്മയും നിറകണ്ണുകളോടെ വാരി പുണർന്നു രേവതിയെ.
” മോള് പോയൊന്ന് ഉറങ്ങ്.. ക്ഷീണം കാണും ചെല്ല്.. ”
ശ്രീജിത്ത് പതിയെ അവളെ മുറിയിലേക്ക് കൊണ്ട് പോയി. ആ നിമിഷം വല്ലാത്തൊരു ധൈര്യവും മുന്നിട്ട് ജീവിക്കുവാനൊരു ആഗ്രഹവും തോന്നി രേവതിയ്ക്ക്.
അന്നത്തെ ദിവസം അവൾ സുഖമായുറങ്ങി.
പിറ്റേന്ന് ഉണരുവാനും അല്പം വൈകി.
” രേവതിയെ ഞാൻ എനിക്കൊപ്പം ദുബായ്ക്ക് കൊണ്ട് പോകുവാ അച്ഛാ. അവൾക്ക് നല്ലൊരു ജോലി അവിടെ ശെരിയാക്കിയിട്ടുണ്ട് ഒരു ഫ്രണ്ട് വഴി. കുറച്ചു നാള് ഇവിടുന്ന് മാറി നിൽക്കട്ടെ.. മോനിവിടെ നിങ്ങളോടൊപ്പം നിൽക്കുമല്ലോ… ”
” അത് നന്നായി മോനെ.. അവൾ സ്വന്തം കാലിൽ നിൽക്കണം അതാണ് ഞങ്ങടെയും ആഗ്രഹം. ഒന്ന് പോയി വന്ന ശേഷം കേസിന്റെ കാര്യങ്ങൾ നോക്കാം. മോൾക്കിപ്പോ ഒരു ചേഞ്ച് ആണ് വേണ്ടത്. ”
രാവിലെ ഉറക്കമുണരുമ്പോൾ രേവതി കേട്ടത് മുറിയ്ക്ക് പുറത്ത് അച്ഛന്റെയും ചേട്ടന്റെയും സംഭാഷണമാണ്. മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി അവൾക്ക് അത് കേട്ടപ്പോൾ വല്ലാത്ത ഉന്മേഷത്തോടെയാണ് അന്ന് മുറിവിട്ട് പുറത്തേക്ക് വന്നതും
” രേവതി.. നാളെ നമുക്ക് രാവിലെ നിനക്ക് പാസ്സ്പോർട്ട് അപ്ലൈ ചെയ്യാൻ പോണം കേട്ടോ.. ഇനി നിന്നെ ഒറ്റക്ക് വിടില്ല ഞങ്ങൾ.. എനിക്കൊപ്പം പോര് ഒരു ജോലി ശെരിയായിട്ടുണ്ട്.”
ശ്രീജിത്തിന്റെ വാക്കുകൾ അവളുടെ മനസ്സ് നിറച്ചു. ‘തനിക്കാരുമില്ല’ എന്ന ചിന്തയാണ് മരണത്തെ പറ്റി പോലും ചിന്തിപ്പിച്ചത് എന്നാൽ ഇപ്പോൾ താൻ ഒറ്റക്കല്ല എന്ന ഉത്തമബോധ്യമുണ്ടായി അവൾക്ക്.
” അമ്മേ… ”
സന്തോഷത്തിൽ ഓടി വന്ന് പുണർന്ന മോനെ എടുത്തു കൊണ്ട് രേവതി അടുക്കളയിലേക്ക് പോയി. അല്പം കഴിയവേ വീടിന് പുറത്തൊരു മുരടൻ ശബ്ദം മുഴങ്ങി.
” ഇവിടെ ആരുമില്ലേ…. രേവതി… ”
ആ ശബ്ദത്തിനുടമയെ തിരിച്ചറിയുവാൻ അധികം സമയം വേണ്ടി വന്നില്ല രേവതിക്ക് ഒരു നിമിഷം അവളുടെ ഉള്ളൊന്ന് കാളി
” അവനാണ് ദീപു.. മോള് പേടിക്കേണ്ട നമുക്ക് സംസാരിക്കാം.. ”
ശ്രീജിത്ത് അവൾക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് പുറത്തേക്ക് നടന്നു.
പുറത്ത് ദീപുവിനൊപ്പം അവന്റെ അച്ഛനും ഉണ്ടായിരുന്നു.
” ചേട്ടാ… ക്ഷമിക്കണം.. ഇന്നലെ.. എന്തൊക്കെയോ പറ്റിപ്പോയി എന്റെ കയ്യിൽ നിന്ന്. കുറെ നാളുകൾക്ക് ശേഷം കൂട്ടുകാരൊപ്പം ചേർന്ന് അല്പം കുടിച്ചതാ.. അബദ്ധമായി പോയി.. ”
ക്ഷമാപണത്തോടെ കൈകൂപ്പി ദീപു.
” മോനെ.. തെറ്റ് മനസിലാക്കിയാണ് ദീപു വന്നേക്കുന്നത്.. ഇനി അവൻ ഒന്നും ആവർത്തിക്കില്ല.. ഒരു അവസരം കൂടി കൊടുക്കണം നിങ്ങൾ.. ”
ദീപുവിന്റെ അച്ഛനും അവനെ പിന്തുണച്ചു. അതോടെ പതിയെ പുറത്തേക്ക് എത്തി രേവതി. അവളെ കണ്ട മാത്രയിൽ ദീപുവിന്റെ മിഴികൾ തിളങ്ങി.
” രേവതി… രേവതി.. നീ എന്നോട് ക്ഷമിക്ക്.. ഇന്നലെ എന്തൊക്കെയോ പറ്റിപ്പോയി.. ഇനി ഉണ്ടാകില്ല ഉറപ്പ്.. എന്നെ വെറുക്കരുത് ”
കെഞ്ചുകയായിരുന്നു അവൻ.
” എന്തൊക്കെയോ പറ്റിപ്പോയെന്നോ… നിങ്ങൾക്ക് ഓർമയില്ലേ എന്താണ് സംഭവിച്ചത് എന്ന്… ”
ആ ചോദ്യത്തിന് മുന്നിൽ ദീപു തല കുമ്പിട്ടു.
” മോളെ… നീ വാശി കളയണം. അവന് മാപ്പ് കൊടുക്ക്. ഒരു കൊച്ചൊക്കെ വളർന്നു വരുവല്ലേ.. ആൺതുണയില്ലാതെ ഒറ്റക്ക് ജീവിക്കാൻ അത്ര സുഖം കാണില്ല… കുറച്ചൊക്കെ നീയും കണ്ടില്ലെന്ന് നടിക്കണം… എന്നാലേ ജീവിതം മുന്നോട്ട് പോകുള്ളൂ.. ”
ദീപുവിന്റെ അച്ഛൻ ഉപദേശവുമായി എത്തിയപ്പോൾ വല്ലാത്ത പുച്ഛം തോന്നി രേവതിയ്ക്ക്.
” നിങ്ങൾക്ക് നാണമുണ്ടോ.. മോൻ ഒരുത്തിക്ക് വൃത്തികെട്ട മെസേജ് അയച്ചിട്ട് അവളുടെ ഭർത്താവ് തല്ലാൻ വന്ന് വലിയ പ്രശ്നമായപ്പോഴും നിങ്ങൾ ഇത് തന്നല്ലേ എന്നോട് പറഞ്ഞത്. കണ്ടില്ലെന്ന് നടിക്കുവാൻ.. അന്ന് ഞാനത് കേട്ടു പക്ഷെ എപ്പോഴും കേൾക്കണമെന്നില്ല… ”
ആ മറുപടി കേൾക്കെ ദീപുവിന്റെ മിഴികൾ കുറുകി
” ടീ.. അച്ഛനെ എതിർത്ത് പറയാനായോ നീ… വീണ്ടും തല്ല് വാങ്ങി കൂട്ടും നീ എന്റേന്ന്.. മര്യാദക്ക് കൊച്ചിനെയും വിളിച്ചു എനിക്കൊപ്പം വന്നേക്ക് അതാണ് നിനക്ക് നല്ലത്.”
ദേഷ്യത്തിൽ ഒരു ചുവട് മുന്നിലേക്ക് രേവതിയ്ക്കരികിലേക്ക് വച്ചു ദീപു എന്നാൽ പെട്ടെന്ന് ചെക്കിടടക്കം ഒരടി കിട്ടി പിന്നിലേക്ക് വേച്ചു പോയി അവൻ. അങ്ങനൊരു പ്രതികരണം രേവതിയും പ്രതീക്ഷിച്ചില്ല.. ഞെട്ടി തിരിഞ്ഞ അവൾ കണ്ടത് കലി തുള്ളി നിൽക്കുന്ന ശ്രീജിത്തിനെയാണ്.
” വീട്ടു മുറ്റത്ത് വന്ന് നിന്ന് കുരയ്ക്കുന്നോ…നായെ..
മര്യാദക്ക് ഇറങ്ങി പൊയ്ക്കോണം… ഒരിക്കൽ നിന്നേ വിശ്വസിച്ചു നിർബന്ധിച്ചു ഇവളെ ഒപ്പം വിട്ടതാ ഞങ്ങൾ.. എന്നിട്ടോ… ജീവനോടെ തിരിച്ചു കിട്ടിയത് ഞങ്ങടെ ഭാഗ്യം.. ഇനി ഇവളെ വച്ച് ഭാഗ്യപരീക്ഷണം ഇല്ല.. എന്റെ അനിയത്തിക്ക് നിന്നെ വേണ്ട… അത് അവിടെ കഴിഞ്ഞു ”
ആ മറുപടി ഒരു നടുക്കമായി ദീപുവിന്. അടിയുടെ വേദനയേക്കാൾ അവനെ ഞെട്ടിച്ചത് ദീപുവിന്റെ വാക്കുകൾ തന്നെയായിരുന്നു.
” അതേ.. ഈ കാണിക്കുന്നത് ഗുണ്ടായിസം ആണ് എന്റെ മോൻ അത്ര മോശക്കാരൻ ഒന്നും അല്ല…”
ദീപുവിന്റെ അച്ഛന് അവിടെ നടന്നതൊന്നും ദഹിച്ചിരുന്നില്ല
” കാരണവര് മോനെയും വിളിച്ചു വിട്ടോ.. ഇനി രേവതിയുടെയും കുഞ്ഞിന്റേയും കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ട്.. മോനുള്ള പേപ്പർ വീട്ടിലെത്തും വൈകാതെ.. അതിനായി കാത്തിരിക്ക്”
മറുപടി പറഞ്ഞു കൊണ്ട് രേവതിയെ ചേർത്തു പിടിച്ചു ശ്രീജിത്ത് ആ കരവലയത്തിൽ വല്ലാത്തൊരു സംരക്ഷണം തോന്നി അവൾക്ക്. ഇളിഭ്യനായ ദീപുവും അച്ഛനും മറുത്തൊന്നും പറയാതെ തിരികെ നടക്കുമ്പോൾ നിരകണ്ണുകളോടെ ശ്രീജിത്തിന്റെ മാറിലേക്ക് ചാഞ്ഞു രേവതി
” ചേട്ടാ…. താങ്ക്സ്.. ”
അത്ര മാത്രമേ പറയുവാൻ കഴിഞ്ഞുള്ളു അവൾക്ക് അറിയാതെ വിതുമ്പിപ്പോയി.
” മോളെ ഇതൊരു പ്രായശ്ചിത്തമാണ്. അന്ന് നിനക്കൊപ്പം നിൽക്കാതെ നിന്നെ കൊലയ്ക്ക് കൊടുക്കുവാൻ നോക്കിയതിനുള്ള പ്രായശ്ചിത്തം… ഇനി നീ തളരരുത് ജീവിച്ചു കാണിക്കണം.. പിന്നിൽ നിന്ന് കരുത്തായി ഞാനും അച്ഛനും അമ്മയുമെല്ലാമുണ്ട്.. ”
നിറമിഴികളോടെ തന്നെ ആ വാക്കുകൾ കേട്ടു നിന്നു രേവതി. ആ നിമിഷം മുതൽ അവളൊരു പുതിയ ജീവിതമാരംഭിച്ചു… തകർച്ചയിൽ നിന്നും തുടങ്ങുന്നത് കൊണ്ടാകും വല്ലാത്ത ഊർജ്ജം തോന്നി അവൾക്ക്. അതല്ലേലും പിന്നിൽ നിന്നും താങ്ങി നിർത്തുവാൻ വേണ്ടപ്പെട്ടവർ ഒപ്പമുണ്ടെങ്കിൽ പിന്നേ നമുക്ക് തളർച്ച തോന്നില്ല.. അതാണ് ജീവിതം
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു.