നിൻ്റെയൊരു ഭാഗ്യം! ഭർത്താവിനെയും മക്കളെയും എന്നും കാണാം,

ചിത്തിരപുരത്തേയ്ക്കൊരു ട്രാൻസ്ഫർ,

അതും , സർക്കാർ വകുപ്പ് ,

പണിഷ്മെൻ്റ് ട്രാൻസ്ഫർ കൊടുക്കുന്നിടത്തേയ്ക്ക് ,ഞാനൊരു അപേക്ഷ കൊടുത്തപ്പോൾ ,എല്ലാവരും

ചോദിച്ചു.

 

നീലിമേ ,,,നിനക്കെന്താ വട്ടുണ്ടോന്ന് ,

 

ആ ചോദ്യത്തിന് മറുപടിയായ് ഞാനൊന്ന് മന്ദഹസിക്കുക മാത്രമാണ് ചെയ്തത്

 

കാരണം മറ്റുള്ളോർക്കറിയില്ലല്ലോ ?

മടുപ്പിയ്ക്കുന്ന അന്തരീക്ഷത്തിൽ നിന്നും

ഒന്ന് മാറി നില്ക്കാൻ ഞാനെത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന്

 

വീട്ടിൽ നിന്നും ദിവസവും പോയി വരാവുന്ന ദൂരത്തിൽ ,ആറ് വർഷം മുമ്പ് ,എനിയ്ക്ക് പോസ്റ്റിങ് കിട്ടിയപ്പോൾ ,ഒപ്പം

കയറിയവർക്കൊക്കെ എന്നോട് അസൂയയായിരുന്നു

 

നിൻ്റെയൊരു ഭാഗ്യം! ഭർത്താവിനെയും മക്കളെയും എന്നും കാണാം, ജോലികഴിഞ്ഞ് സ്വന്തം വീട്ടിൽ വന്ന് വിശ്രമിക്കുകയോ കിടന്നുറങ്ങുകയോ ചെയ്യാം ? എന്താല്ലേ ?

 

എനിക്ക് കിട്ടിയ സൗഭാഗ്യമോർത്തിട്ട്

ഉള്ളിലെ കുശുമ്പ് ,അവർ പറഞ്ഞ് തീർത്തു.

 

സത്യത്തിൽ ജോലിയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ മുതൽ എൻ്റെ കഷ്ടപ്പാട് ഇരട്ടിയാവുകയായിരുന്നു

 

ജോലി കിട്ടുന്നതിന് മുമ്പൊക്കെ, രാവിലെ ആറ് മണിക്കെഴുന്നേറ്റ് , ഭർത്താവിനും കുട്ടികൾക്കും അദ്ദേഹത്തിൻ്റെ മാതാപിതാക്കൾക്കും വെച്ച് വിളമ്പിയും തുണി അലക്കിയും വീടും പരിസരവും വൃത്തിയാക്കിയും ഒരു സാധാരണ വീട്ടമ്മയെ പോലെ കഴിഞ്ഞിരുന്ന ഞാൻ എല്ലാവരുടെയും അത്താഴം കഴിയുന്നതോടെ ഏതാണ്ട് ഒൻപത് മണിയ്ക്ക് ഫ്രീയാകുമായിരുന്നു .

 

പിന്നെ ഭർത്താവും മക്കളുമായി കളിയും ചിരിയുമായി ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ഉറങ്ങിപ്പോകുന്ന മകളെയെടുത്ത് ,അടുത്ത മുറിയിൽ കൊണ്ട് കിടത്തിയിട്ട്, ഞങ്ങടെ സ്വകാര്യലോകത്ത് കുറച്ച് നേരം കൂടി ചിലവഴിക്കും ,അങ്ങനെ ഉറങ്ങിയും ഉണർന്നും ശീലിച്ച എൻ്റെ പതിവുകൾ തെറ്റിത്തുടങ്ങിയത് ഞാനൊരു ജോലിക്കാരിയായതിന് ശേഷമാണ് .

 

ഇപ്പോൾ ഞാനെഴുന്നേല്ക്കുന്നത് വെളുപ്പിന് നാല് മണിക്കാണ്, കാരണം അപ്പോഴെങ്കിലും ജോലി തുടങ്ങിയാലേ

9:30 നുള്ള ബസ്സിൽ എനിയ്ക്ക് ഓഫീസിലേയ്ക്ക് പോകാൻ കഴിയൂ വൈകിട്ട് അഞ്ചരയ്ക്ക് വീട്ടിലെത്തിയതിന് ശേഷമാണ് തുണി അലക്കുന്നതും ,വീടും പരിസരവും അടിച്ചുവാരുന്നതും. അതിന് ശേഷം അത്താഴത്തിനുള്ളത് ഉണ്ടാക്കാനായി അടുക്കളയിൽ കയറണം ,

 

എല്ലാവരും വയറ് നിറച്ചിട്ട് സുഖമായി പോയി കിടന്നുറങ്ങുമ്പോഴാണ് ഓഫീസിൽ നിന്നും കൊണ്ട് വന്ന പെൻ്റിങ്ഫയലുകളുടെ കെട്ടഴിക്കുന്നത് , അപ്പോഴേക്കും കോട്ട് വായ ഇടാൻ തുടങ്ങും, പക്ഷേ പിറ്റേന്ന് ഓഫീസിൽ ചെല്ലുമ്പോൾ ഫെയ്സ് ചെയ്യേണ്ടത് കർക്കശക്കാരനായ സൂപ്രണ്ടിനെയാണെന്നോർക്കുമ്പോൾ ഉറക്കത്തെ ആട്ടിയോടിച്ചിട്ട് ഫയലുകളിൽ മുഖം പൂഴ്ത്തും

 

ഒടുവിൽ ഏതാണ്ട് പൂർത്തിയാക്കിയ ഫയലുകൾ അടച്ച് വെച്ച് തിരിയുമ്പോഴേക്കും ഹസ്ബൻ്റിൻ്റെ കൂർക്കം വലിയെ ഭേദിച്ച് കൊണ്ട് , ഘടികാരത്തിലെ 12 ലെത്തിയ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും കെട്ടിപ്പിടിച്ച് മണി മുഴക്കുന്നുണ്ടാവും.

 

അങ്ങനെ, ഒന്ന് വിശ്രമിക്കാനും വീട്ടുകാരോടൊപ്പം ചിലവഴിക്കാനുമായി വീക്കെൻഡിൽ വരുന്ന ഞായറാഴ്ചകളെ ഞാൻ ,കാത്തിരിക്കാൻ തുടങ്ങി.

 

പക്ഷേ , ആ ഞായറാഴ്ചകളിലും എനിയ്ക്ക് വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വന്നു ,

ജോലിക്കാരിയായപ്പോൾ എന്നെയൊന്ന് കാണാനോ, മര്യാദയ്ക്ക് സംസാരിക്കാനോ കിട്ടുന്നില്ലെന്ന് പറഞ്ഞ്, എൻ്റെ ബന്ധുക്കളും പിന്നെ, അയൽക്കാരുമൊക്കെ അവധിദിവസങ്ങൾ നോക്കി വീട്ടിലേയ്ക്ക്

വരാൻ തുടങ്ങി,

 

വന്നവരെയൊക്കെ സൽക്കരിക്കാതെ വിടാൻ പറ്റില്ലല്ലോ? എന്തേലുമൊരു കുറവുണ്ടായാൽ,

കണ്ടോ? ജോലിക്കാരിയായപ്പോൾ ,അവള് വലിയ പത്രാസ്കാരിയായി എന്നവർ പറയില്ലേ ?

 

അതോർത്ത് ഞാനെൻ്റെ ഞായറാഴ്ചയും മറ്റുള്ളവർക്ക് വേണ്ടി സ്‌പെൻ്റ് ചെയ്തു

എല്ലാവരും പോയിക്കഴിഞ്ഞ് വൈകുന്നേരമാകുമ്പോൾ പുറത്ത് പോയിരിക്കുന്ന ഹസ്ബൻ്റിനെ ഞാൻ വിളിക്കും

 

ഏട്ടാ ഞാനും മക്കളും ഒരുങ്ങിയിരിക്കുവാണ് നമുക്കൊന്ന് പുറത്ത് പോകാം

 

അപ്പോൾ പുള്ളിക്കാരൻ നീരസത്തോടെ പറയും

 

നീയിപ്പോഴാണോ ഇത് പറയുന്നത് ? ഞാനിപ്പോൾ ഫ്രണ്ട്സുമായിട്ട് ഒന്ന് മിനുങ്ങാൻ പോകുവാ ,ആഴ്ചയിൽ ആറ് ദിവസവും, ലോറിയും കൊണ്ടുള്ള കഷ്‌ടപ്പാടല്ലേ? എനിയ്ക്കും വേണ്ടേടീ

ഒരു എൻജോയ്മെൻ്റൊക്കെ ?

 

അദ്ദേഹത്തിൻ്റെ മറുപടി കേൾക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറയും , അദ്ദേഹം പറഞ്ഞത് ശരിയാണ് ,ആഴ്ചയിൽ ആറ് ദിവസം കഷ്ടപ്പെടുമ്പോൾ, ഏഴാമത്തെ ഒരു ദിവസമെങ്കിലും ഒന്ന് സുഖിക്കണ്ടെ?

 

അത് പക്ഷേ, ആണുങ്ങൾക്ക് മാത്രം മതിയോ? പെണ്ണുങ്ങൾക്ക് അതൊക്കെ നിഷിദ്ധമാണോ ?

 

ആ ഒരു ചോദ്യത്തിൽ നിന്നാണ് ,ആണുങ്ങളെ പോലെ പെണ്ണുങ്ങൾക്കും ഇതൊക്കെ അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ്, എനിയ്ക്കുണ്ടായതും, വീട്ടിൽ നിന്ന് കുറച്ച് നാൾ ,മാറി നില്ക്കാനും ഞാൻ തീരുമാനിച്ചത്.

 

ഞാനില്ലെങ്കിൽ എൻ്റെ ഭർത്താവ്, മക്കളുടെ കാര്യവും, സ്വന്തം മാതാപിതാക്കളുടെ കാര്യവും നോക്കുമെന്ന് ,എനിയ്ക്കുറപ്പുണ്ട്.

 

എൻ്റെ അസാന്നിദ്ധ്യത്തിൽ ,മകൻ അടുക്കളപ്പണി തനിയെ ചെയ്യുന്നത് കാണുമ്പോൾ ,മുട്ട് വേദന പറഞ്ഞ് ,എപ്പോഴും മാറിയിരിക്കുന്ന ,അൻപത്തിയാറ്കാരിയായ എൻ്റെ അമ്മായിയമ്മ , അടുക്കള ജോലി സ്വയം ഏറ്റെടുക്കുമെന്നും എനിക്കറിയാം,

അല്ലേലും ,കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞാണല്ലോ?

 

അങ്ങനെ, അപേക്ഷ കൊടുത്ത്

കാത്തിരുന്ന പൊതു സ്ഥലം മാറ്റ

ഉത്തരവിറങ്ങിയപ്പോൾ ,അതിൽ

എൻ്റെ പേരും , ആവശ്യപ്പെട്ട പ്ളേസും കണ്ടപ്പോഴാണ്, എനിയ്ക്ക് ആശ്വാസമായത്.

 

വീട്ടിൽ നിന്നും

250 km അപ്പുറത്തുള്ള ,പൊതുവേ അസൗകര്യങ്ങൾ നിറഞ്ഞ,

നട്ടുച്ചയ്ക്ക് പോലും കുളിരുന്ന അന്തരീക്ഷമുള്ള ,ചെങ്കുത്തായ

ഇടുങ്ങിയ വഴികളുള്ള ,വനത്തിനുള്ളിലെ

ബ്രീട്ടീഷ് കാലത്ത് നിർമ്മിതമായ ആ ഓഫീസിൽ എത്തിപ്പെട്ട എനിയ്ക്ക്, അവിടവുമായൊന്ന് ഇണങ്ങിച്ചേരാൻ

ദിവസങ്ങൾ വേണ്ടി വന്നെങ്കിലും , ശാരീരികവും മാനസികവുമായി ഞാനൊന്ന് റിലാക്‌സ്ഡായി .

 

ഇന്നലെ ഭർത്താവ് വിളിച്ചിരുന്നു .

 

ഈ ഓണാവധിയ്ക്ക് എല്ലാവരും കൂടി ഇങ്ങോട്ട് വരുന്നുണ്ടന്ന് , അവർക്കൊക്കെ മൂന്നാറ് കാണണമെന്ന് ,എനിയ്ക്കും അത് സന്തോഷം പകരുന്ന കാര്യമായിരുന്നു, ഇവിടെയാകുമ്പോൾ, അതിഥികളൊരും വന്ന് ഞങ്ങടെ ഒഴിവ് സമയം വേയ്സ്റ്റാക്കില്ലല്ലോ?

 

ഇനി നിങ്ങൾ പറയൂ, ഞാൻ ചെയ്തത് തെറ്റാണോ ? നിങ്ങളിൽ ആരെങ്കിലും ഇങ്ങനൊരു സിറ്റുവേഷനിലൂടെ കടന്ന് പോകുന്നുണ്ടോ ?

 

തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *