ഭർത്താവ് മരിച്ചിട്ട് , നാല്പത്തൊന്ന് കഴിഞ്ഞതിൻ്റെ പിറ്റേന്നാണ്, 

ഭർത്താവ് മരിച്ചിട്ട് , നാല്പത്തൊന്ന് കഴിഞ്ഞതിൻ്റെ പിറ്റേന്നാണ്,

അദ്ദേഹത്തിൻ്റ ഓഫീസിൽ നിന്നും

കുറച്ച് ഉദ്യോഗസ്ഥർ എന്നെ കാണാൻ വന്നത്

 

വിരമിക്കാൻ രണ്ട് വർഷം കൂടിയുള്ളപ്പോഴാണ് ,ഹൃദയാഘാതത്തെ തുടർന്ന് ,അദ്ദേഹം മരണപ്പെട്ടത്.

 

വരു , അകത്തേയ്ക്ക് ഇരിക്കാം

 

ആതിഥ്യ മര്യാദയോടെ ,ഞാനവരെ സ്വീകരിച്ച് ,അകത്തെ സോഫയിലും

മറ്റുമായി ഇരുത്തി.

 

ചേച്ചി, ഞങ്ങൾ ശ്രീകുമാർ സാറിൻ്റെയൊപ്പം വർക്ക് ചെയ്യുന്നവരും പിന്നെ യൂണിയൻ്റെ പ്രതിനിധികളുമൊക്കെയാണ് ,ഞാൻ ദിലീപ് ,ഇത് ജയകുമാറ് ,അത് ജോസ്നമാഡം, ഞങ്ങടെ ഓഫീസ് സൂപ്രണ്ടാണ്,

 

കൂട്ടത്തിൽ ഉയരമുള്ളയാൾ മറ്റുള്ളവരെ പരിചയപ്പെടുത്തി

 

അപ്പോഴേക്കും എൻ്റെ പുറകിൽ അദ്ദേഹത്തിൻ്റെ സഹോദരി വന്ന് നിന്നു.

 

ഞങ്ങൾക്ക് രണ്ട് ആൺമക്കളായിരുന്നു മൂത്തയാൾക്ക് 26 വയസ്സും ഇളയവന് 24 വയസ്സുമായിരുന്നു പ്രായം,അവർ രണ്ടുപേരും ഇന്നലത്തെ ചടങ്ങ് കഴിഞ്ഞ് സ്വന്തം വീടുകളിലേക്ക് മടങ്ങി പോയിരുന്നു

 

ഇളയ മകൻ സന്ദീപ് കൂടെ വർക്ക്

ചെയ്യുന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നതുകൊണ്ട്

അവന്റെ വിവാഹമാണ് ആദ്യം നടന്നത്

 

പിറ്റേ വർഷം, മൂത്തമകനായ സുദേവന്റെ വിവാഹവും നടത്തി കൊടുത്തു

 

ആങ്ഹ് ചേച്ചി ,, ഇനി

കാര്യത്തിലേയ്ക്ക് കടക്കാം

ഞങ്ങൾ വന്നത് മറ്റൊന്നുമല്ല ,

സർവീസിലിരുന്നാണല്ലോ സാറ് മരണപ്പെട്ടത് ? അത് കൊണ്ട് ആശ്രിത നിയമനം ഉണ്ടെന്നറിയാമല്ലോ ? രണ്ട് ആൺമക്കൾ ഉള്ളത് കൊണ്ട് അവരിൽ ആർക്കാണ് ജോലി കൊടുക്കേണ്ടതെന്നറിയാനാണ് ഞങ്ങളിപ്പോൾ വന്നത്

 

വന്നു കയറിയവർ ആഗമനോദ്ദേശ്യം അറിയിച്ചപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല കാരണം ഞാനത് ഊഹിച്ചിരുന്നു

 

ഇളയ മകൻ സ്നേഹിച്ച് കല്യാണം

കഴിച്ചത് ,നാട്ടിലെ നല്ല സാമ്പത്തികശേഷിയുള്ള

തറവാട്ടിലെ, ഏകമകളായ പെൺകുട്ടിയെ ആയിരുന്നു .

 

അതുകൊണ്ടുതന്നെ, വിവാഹശേഷം പെണ്ണിൻ്റെ അപ്പൻ, മരുമകനെ അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു

മകനും അതാണ് താല്പര്യമെന്നറിഞ്ഞത് കൊണ്ട് അദ്ദേഹവും എതിർത്തിരുന്നില്ല

 

മൂത്ത മകൻ്റെ ഭാര്യയ്ക്ക്,

നഗരത്തിൽ ജോലി ഉള്ളതുകൊണ്ട്

അവൾക്ക് പോയി വരാനുള്ള സൗകര്യം നോക്കി , മൂത്തയാളും അങ്ങോട്ടേയ്ക്ക് താമസം മാറിപ്പോയപ്പോൾ, കുറേ നാളുകളായി തറവാട്ടിലെ അംഗ സംഖ്യ ,ഞങ്ങൾ രണ്ട് പേരിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോയിരുന്നു.

 

ചേച്ചി എന്താ ഒന്നും മിണ്ടാത്തത് ?

ഇപ്പോഴേ സർട്ടിഫിക്കറ്റുകളും മറ്റും കൊടുത്താൽ മാത്രമേ ഒരു ആറുമാസത്തിനുള്ളിലെങ്കിലും

നിയമനം ഉണ്ടാവുകയുളളു , മൂത്തയാൾക്കാണോ ള്ളയ ആൾക്കാണോ ജോലി വേണ്ടതെന്ന് ഉറപ്പിച്ചിട്ട്, അവരുടെ സർട്ടിഫിക്കറ്റുകളൊക്കെ ഒന്ന് എടുത്ത് വയ്ക്ക്

 

എൻ്റെ മൗനം നീളുന്നത് കണ്ട്

ദിലീപ് വീണ്ടും ചോദിച്ചു.

 

ജോലി വേണ്ടത് എനിയ്ക്കാണ്

അല്ലാതെ മക്കൾക്കല്ല

 

ഒടുവിൽ ഞാനത് തുറന്ന് പറഞ്ഞപ്പോൾ അമ്പരപ്പോടെ അവർ പരസ്പ്പരം നോക്കി .

 

മക്കൾക്ക് രണ്ടുപേർക്കും ജോലി ശരിയാക്കി കൊടുത്തത് അദ്ദേഹം തന്നെയായിരുന്നു , മൂത്തയാൾക്ക് ബിനിനസ്സ് ചെയ്യാൻ PFൽ നിന്നും വലിയൊരു തുക , NRA എടുത്ത് കൊടുത്തിരുന്നു , കൂടാതെ ഇളയവനെ അവനാഗ്രഹിച്ച കോഴ്‌സ് പഠിപ്പിച്ച്, ഒരു ചെറിയ പ്രൈവറ്റ് കമ്പനിയിൽ ജോലിയ്ക്ക് കയറ്റുകയും ചെയ്തു ,അപ്പോൾ പിന്നെ അവർക്ക് രണ്ടുപേർക്കും , ഈ ജോലിയുടെ ആവശ്യമില്ല ,എൻ്റെ സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഞാനത് എടുത്തോണ്ട് വരാം

 

എങ്കിൽ ചേച്ചിയുടെ ,ഡിഗ്രി സർട്ടിഫിക്കറ്റുകൾ എടുത്തോളു,

 

അയ്യോ എനിയ്ക്ക് ഡിഗ്രികളൊന്നുമില്ല ഞാൻ വെറും പത്താം ക്ലാസ് ആണ് , 93ലെ sslc ബുക്ക് വേണമെങ്കിൽ കൊണ്ടു തരാം

 

ങ്‌ഹേ സാറിൻ്റെ ഭാര്യ, SSLC വരെയേ പോയുള്ളോ?

 

കൂട്ടത്തിലുണ്ടായിരുന്ന ജോസ്‌ന മേഡം , അവിശ്വസനീയതയോടെ ചോദിച്ചു ,

 

ശരി ചേച്ചി ,അതിങ്ങെടുത്തോണ്ട് വന്നോളു ,

 

ജയകുമാറാണത് പറഞ്ഞത്

 

ഞാൻ വേഗം അകത്ത് ചെന്ന് കട്ടിലിന് താഴെയിരുന്ന പഴയൊരു ബാഗ് വലിച്ചെടുത്തിട്ട്, അതിൻ്റെ അറയിൽ നിന്നും കറപിടിച്ചിരുന്ന പഴയ SSLC ബുക്ക്, പൊടിതട്ടിയെടുത്ത് ,അവരുടെ കൈയ്യിൽ കൊണ്ട് കൊടുത്തു.

 

അയ്യോ ചേച്ചി, ഇത് ഫെയിൽഡാണല്ലോ ?ചേച്ചി രണ്ടാമത് എഴുതിയെടുത്ത സർട്ടിഫിക്കറ്റ് എവിടെ?

 

ദിലീപ് ആകാംക്ഷയോടെ എന്നോട് ചോദിച്ചു

 

ഞാനാകെ ഒറ്റ പ്രാവശ്യമേ എസ്എസ്എൽസി എഴുതിയിട്ടുള്ളൂ. അതിനുശേഷം അച്ഛൻ എന്നെ പഠിക്കാൻ വിട്ടില്ല ,വീട്ടിൽ നിറയെ പശുക്കളും മറ്റും ഉണ്ടായിരുന്നത് കൊണ്ട് ,അച്ഛൻ പറഞ്ഞു, നീയിനി പഠിക്കാനൊന്നും പോകണ്ടാന്ന്

 

ഞാൻ നിർവ്വികാരതയോടെ

അവരോട് പറഞ്ഞു

 

അല്ല , അപ്പോൾ സാറ് വിവാഹം കഴിച്ചതിനുശേഷം ,ചേച്ചിക്ക് എസ്എസ്എൽസി എഴുതിയെടുക്കാമായിരുന്നല്ലോ?

 

അത് കേട്ട് എനിയ്ക്ക് ആത്മനിന്ദ തോന്നി

 

നിങ്ങളുടെ സാറും ,എൻ്റെ അച്ഛനും

ഒരേ പ്രകൃതക്കാരായിരുന്നു ,

സ്ത്രീകളൊക്കെ ,വീട്ടു ജോലി ,ചെയ്യാൻ ജനിച്ചവരാണെന്നാണ് ,അവർ വിശ്വസിച്ചു പോന്നത് ,ചില അന്ധവിശ്വാസങ്ങൾ മാറ്റിയെടുക്കാൻ നമുക്ക് കഴിയില്ലല്ലോ?

 

അമർഷത്തോടെയാണെങ്കിലും

അവരുടെ മുഖത്ത് നോക്കാതെയാണ്

ഞാനത് പറഞ്ഞത്.

 

അങ്ങനെയെങ്കിൽ, ആൺകുട്ടികൾക്ക് ആർക്കെങ്കിലും ഈ ജോലി കൊടുക്കുന്നതല്ലേ നല്ലത് ?അവർക്കാവുമ്പോൾ ഡിഗ്രിയുണ്ട് ,

നല്ല പൊസിഷനിൽ ജോലി കിട്ടുകയും ചെയ്യുമല്ലോ?

 

അതെന്താ എസ്എസ്എൽസി

തോറ്റവർക്ക് സർക്കാർ സർവീസിൽ യാതൊരു ജോലിയുമില്ലേ?

 

നീരസത്തോടെയാണ് ഞാൻ

അവരോട് ചോദിച്ചത്

 

അല്ല ചേച്ചി, ജോലിയൊക്കെ ഉണ്ട് ,

അത് പക്ഷേ ,ഓഫീസ് അറ്റൻഡർ പോലുള്ള കുറഞ്ഞ ജോലി എന്തെങ്കിലുമായിരിക്കും

 

അതിനെന്താ ? അതും ശമ്പളം കിട്ടുന്ന

ജോലി തന്നെയല്ലേ ?ഉയർന്ന ഓഫീസേഴ്സ് ഒക്കെ ഒപ്പിടുന്ന അതേ അറ്റൻഡൻസ് ബുക്കിൽ തന്നെയല്ലേ അവരും ഒപ്പിടുന്നത് ? സർക്കാർ ഖജനാവിൽ നിന്നല്ലേ എല്ലാവർക്കും ശമ്പളം കൊടുക്കുന്നത് ?ഞാനത് സഹിച്ചു, എനിക്ക് അങ്ങനെ ഒരു ജോലി കിട്ടിയാൽ മതി,,

 

എൻ്റെ കാർക്കശ്യം നിറഞ്ഞ മറുപടി കേട്ട് അവരുടെ മുഖം വാടി.

 

ശരി, എങ്കിൽ ചേച്ചിയുടെ ഇഷ്ടം പോലെ നടക്കട്ടെ , ബാക്കി കാര്യങ്ങളൊക്കെ ,ഒന്ന് മൂവായിട്ട് ,ഞങ്ങൾ ചേച്ചിയെ അറിയിച്ചോളാം

 

#####################

 

അല്ല വിമലേ, നീ എന്തിനാ ആൺകുട്ടികൾക്ക് ജോലി കൊടുക്കേണ്ടെന്ന് പറഞ്ഞത്, ? അവർക്കാകുമ്പോൾ ഡിഗ്രി ഉള്ളത് കൊണ്ട് നല്ല ജോലിയും അതിന് തക്ക ശമ്പളവും കിട്ടില്ലായിരുന്നോ ? അങ്ങനെയെങ്കിൽ ജോലി കിട്ടുന്നയാൾ ഇങ്ങോട്ട് തിരിച്ച് വന്നിട്ട് നിന്നെ പൊന്ന് പോലെ നോക്കില്ലായിരുന്നോ? നിനക്കൊരു കൂട്ടും ആകുമായിരുന്നു

 

യാത്രപറഞ്ഞ് അവർ ഇറങ്ങുമ്പോൾ

പിന്നിൽ നിന്ന അദ്ദേഹത്തിൻ്റെ സഹോദരി എന്നോട് അതിശയത്തോടെ ചോദിച്ചു

 

എന്റെ മക്കളെന്നെ നോക്കുമെന്ന്

ചേച്ചിയ്ക്ക് എന്താ ഇത്ര ഉറപ്പ് ?

ചേച്ചിയ്ക്ക് ഒരു കാര്യം അറിയോ?

എൻ്റെ മക്കളെന്നല്ല ,ഭൂരിഭാഗം മക്കളും, വിവാഹ ശേഷം ഭാര്യയുടെയും സ്വന്തം മക്കളുടെയും കാര്യത്തിനാവും എപ്പോഴും മുൻഗണന കൊടുക്കുന്നത് ,അതിനിടയിൽ അമ്മയുടെയും അച്ഛന്റെയും കാര്യം ,അവർക്ക്, എന്നും ഒരു ബാധ്യത മാത്രമായിരിക്കും ,ചേച്ചി പറഞ്ഞത് പോലെ സന്ദീപിനോ , സുദേവനോ ജോലി കൊടുത്താൽ, അവർക്കല്ലേ ശമ്പളം കിട്ടൂ ?അവരുടെ അക്കൗണ്ടിൽ വരുന്ന ശമ്പളത്തിൽ നിന്നും , ഒരുപക്ഷേ എനിക്കവർ ആഹാരവും വെള്ളവുമൊക്കെ തന്നേക്കാം , മറ്റ് ഓരോ കാര്യങ്ങൾക്കും ,ഞാനെൻ്റെ മക്കളോട് കെഞ്ചി ചോദിക്കണ്ടെ ? ചെറുതാണെങ്കിലും ,എനിക്ക് സ്വന്തമായി ജോലിയും, സ്വന്തം വരുമാനവുമുണ്ടെങ്കിൽ ,ആരെയും ആശ്രയിക്കാതെ എനിക്ക് ജീവിക്കാമല്ലോ? ചേച്ചിക്കറിയാമല്ലോ ?വിവാഹത്തിന് മുമ്പ്, എൻ്റെ അച്ഛൻ, എനിക്ക് യാതൊരു സ്വാതന്ത്ര്യവും തന്നിട്ടില്ല, ചേച്ചിയുടെ സഹോദരനും അതേ സ്വഭാവക്കാരനായിരുന്നു ,

സ്വന്തം ജോലിയോ ,വരുമാനമോ ഇല്ലാത്തതുകൊണ്ട് , എന്നും ഒരു അടിമയെപ്പോലെ ജീവിക്കേണ്ടി വന്ന ഹതഭാഗ്യയായ സ്ത്രീയാണ് ഞാൻ, എൻ്റെ ബാല്യവും കൗമാരവും ,അച്ഛൻ ചൂണ്ടിയ വിരൽ തുമ്പിലും ,യൗവ്വനം ഭർത്താവിൻ്റെ ആജ്ഞാ സ്വരത്തിന് മുന്നിലും വിറങ്ങലിച്ച് നില്ക്കുകയായിരുന്നു ഇത് വരെ, ഇനിയെങ്കിലും ഞാനൊന്ന് ഭീതിയില്ലാതെ ആത്മാഭിമാനത്തോടെ ജീവിച്ചോട്ടെ ചേച്ചി ,

 

ഞാൻ പറഞ്ഞതൊക്കെയും കേട്ട് മറുപടിയൊന്നും പറയാതെ ചേച്ചി അകത്തേക്ക് മടങ്ങിപ്പോയപ്പോൾ വർഷങ്ങളായി പിടിച്ച് വച്ചിരുന്ന

ജീവശ്വാസം സ്വാതന്ത്ര്യത്തോടെ ഞാൻ പുറത്തേയ്ക്ക് വിട്ടു.

 

ഇനി നിങ്ങൾ പറയു ,ഞാൻ ചെയ്തത് അപരാധമാണോ ?

 

തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *